Home / SLIDER / ദേശീയത കല്‍പിക്കുന്ന പൗരത്വ ബോധങ്ങള്‍

ദേശീയത കല്‍പിക്കുന്ന പൗരത്വ ബോധങ്ങള്‍

പൗരത്വം എന്നത് ആധുനിക ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ച് ജീവികള്‍ക്ക് ഓക്‌സിജന്‍ എന്ന പോലെ പ്രധാനമാണ്. രാജവാഴ്ച കാലത്ത് മനുഷ്യര്‍ പ്രജകള്‍ എന്നര്‍ഥത്തിലായിരുന്നു അവരുടെ അസ്ഥിത്വം അനുഭവിച്ചിരുന്നത്. രാജാവ് കല്‍പിക്കുകയും പ്രജകള്‍ അനുസരിക്കുകയും ചെയ്യും എന്നതിനപ്പുറം അക്കാലത്ത് യാതൊരുവിധത്തിലുമുള്ള സാമൂഹിക ഇടപെടലുകളും സാധ്യമായിരുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് വിവിധങ്ങളായ ആശയ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും തുടര്‍ച്ചയായി രാജവാഴ്ചക്കാലം അവസാനിക്കുകയും പരിമിതികളോടെയാണെങ്കിലും ജനാധിപത്യം പ്രയോഗത്തില്‍ വരികയും ചെയ്തു. അതിനെ തുടര്‍ന്നാണ് ഒരു പുതിയ കര്‍തൃത്വം എന്നര്‍ഥത്തില്‍ പൗരന്‍, പൗരത്വം തുടങ്ങിയവ രൂപംകൊള്ളുന്നത്. അതോടെ, കല്‍പിക്കുന്ന രാജാവും അനുസരിക്കുന്ന പ്രജയും എന്നതിന് പകരം ഭരണകാര്യങ്ങളിലടക്കം താത്വികതലത്തിലെങ്കിലും പരസ്പരം കൂടിയാലോചിക്കുന്നവര്‍, ഇടപെടുന്നവര്‍, വിമര്‍ശിക്കാന്‍ കഴിയുന്നവര്‍ എന്നര്‍ഥത്തില്‍ ഒരു പുതിയ കര്‍തൃപദവി ജനങ്ങള്‍ക്ക് ലഭിക്കുകയാണുണ്ടായത്. പൗരന്‍ എന്ന ആ കര്‍തൃപദവി ആരും മുകളില്‍ നിന്ന് ജനങ്ങള്‍ക്ക് ഔദാര്യമായി നല്‍കിയതായിരുന്നില്ല, മറിച്ച് രാജാധിപത്യത്തിനും നാടുവാഴ്ച്ചക്കുമെതിരെ നാളുകള്‍ നീ
ണ്ട പോരാട്ടങ്ങളിലൂടെ ജനങ്ങള്‍ പിടിച്ചെടുത്തതായിരുന്നു.
ഒരിക്കല്‍ പ്രജകളായിരുന്ന ജനങ്ങള്‍ നിരവധി പോരാളികളുടെ വിപ്ലവച്ചോരകള്‍ ഒഴുക്കി നേടിയെടുത്ത ഒരു പുതിയ അവകാശമാണ് ആധുനിക ഭരണകൂടങ്ങള്‍ പതുക്കെ അപഹരിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരര്‍ഥത്തില്‍, ജനാധിപത്യം എന്ന ഒരു ജീവിത വ്യവസ്ഥ വെറും ഒരു ഭരണ സംവിധാനം മാത്രമായി സങ്കോചിച്ചപ്പോള്‍ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളാണ് അപഹരിക്കപ്പെട്ടത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പൗരര്‍ എന്ന കര്‍തൃപദവിയില്‍ നിന്ന് മാറി ഇരകള്‍ എന്ന മറ്റൊരു തലത്തിലുള്ള കര്‍തൃപീഡനത്തിന്റെ പുതിയ രൂപം പിറവി കൊള്ളുന്നത്്.
ഒരു സമൂഹത്തില്‍ ഏതൊരു ജനവിഭാഗമാണോ അധികാര പ്രക്രിയകളില്‍ നിന്ന് ഒഴിച്ചുനിര്‍ത്തപ്പെടുന്നത്, ഏതൊരു സാമൂഹ്യവിഭാഗമാണോ ജീവിതത്തിന്റെ കേന്ദ്രത്തില്‍ കാലുകുത്താന്‍ പോലും ഇടം ലഭിക്കാതെ പുറമ്പോക്കുകളിലേക്ക് ദയാരഹിതമായി വലിച്ചെറിയപ്പെടുന്നത്, തങ്ങളുടെ ആത്മാഭിമാനം പോലും ആവിഷ്‌കരിക്കാന്‍ അനുവദിക്കപ്പെടാത്ത വിധം ഏതൊരു സാമൂഹ്യവിഭാഗമാണോ ആത്മനിന്ദക്കും ആത്മപീഡനത്തിനും വിധേയമാകുന്ന തരത്തില്‍ പരോക്ഷ പീഡനങ്ങള്‍ക്ക് വിധേയമാകുന്നത്, നിരപരാധികളായിരുന്നിട്ടും നിയമപരിരക്ഷയും നീതിയും ലഭിക്കാതെ ഏതൊരു ജനവിഭാഗങ്ങളാണോ അപരാധികളായി മുദ്രചാര്‍ത്തപ്പെടുന്നത് ആ സമൂഹ്യ വിഭാഗത്തെ സൂചിപ്പിക്കാനാണ് ഇരകള്‍ (്ശരശോ,െ ാമൃഴശിമഹശലെറ) എന്നൊക്കെയുള്ള പദാവലികള്‍ പൊതുവെ ഉപയോഗപ്പെടുത്തപ്പെടുന്നത്്. ഈയര്‍ഥത്തില്‍, ഇന്ത്യയില്‍ പൗരത്വത്തെ പിളര്‍ത്തിക്കൊണ്ട് ഭരണകൂട നേതൃത്വത്തില്‍ ഇരകളുടെ നിര്‍മാണമാണ് അതിവേഗം നടന്നുകൊണ്ടിരിക്കുന്നത്.
വ്യാവസായികമായി ഇന്ത്യ കടുത്ത പ്രതിസന്ധി നേരിടുന്ന പുതിയ സാഹചര്യത്തിലും ഇരകളുടെ നിര്‍മാണം മുടക്കുകളും ഉടക്കുകളുമില്ലാതെ ഭരണകൂടനേതൃത്വത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. മത-ജാതി-വംശ-ലിംഗ വൈജാത്യങ്ങളുടെ പേരില്‍ ഇരകളാക്കപ്പെടുന്നവരുടെ സംഖ്യ അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു. 2014 ലെ പതിനാറാം ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി അധികാരത്തില്‍ വന്നതോടെ ഇന്ത്യയില്‍ സംഘപരിവാര്‍ ഭരണത്തില്‍ ഇസ്്‌ലാമും ക്യസ്ത്യാനിറ്റിയടക്കമുള്ളവ നിരന്തര പീഡനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മര്‍ദിത മതങ്ങളായി മാറിക്കഴിഞ്ഞിരിക്കുകയാണ്. മതമെന്ന അര്‍ഥത്തില്‍ തന്നെ ഇസ്്‌ലാം, ക്രൈസ്തവ മതങ്ങള്‍ ഇരവല്‍ക്കരണത്തിന് വിധേയമായിക്കഴിഞ്ഞു. ആദിവാസികള്‍, ദളിതര്‍, മറ്റു കീഴാള വിഭാഗങ്ങള്‍, സ്ത്രീകള്‍, മൂന്നാം ലിംഗക്കാര്‍ തുടങ്ങിയവരല്ലാം പല തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയമാകുന്നു.
ദേശീയതയാണ് അപകടകരമാം വിധം ദുര്‍വ്യാഖ്യാനിക്കപ്പെടുന്ന മറ്റൊരുഘടകം. ചരിത്രപരമായി തന്നെ വേറിട്ടു നിന്നിരുന്ന ജനതയെ ഐക്യപ്പെടുത്താന്‍ സഹായിച്ച ഏറ്റവും വലിയ ഒരു ഘടകമായിരുന്നു സത്യത്തില്‍ ദേശീയത. വിവിധ മത-ജാതി വിഭാഗങ്ങളെ പ്രതിനിധീകരിച്ചിരുന്ന ജനങ്ങള്‍ ഞങ്ങള്‍ ഭിന്നിക്കുകയല്ല ഒന്നിക്കുകയാണ് എന്നായിരുന്നു ദേശീയതയുടെ കീഴില്‍ പ്രഖ്യാപിച്ചത്. ആയുധബലം ഉപയോഗിച്ച് കായികമായി ഇവിടുത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ സാമ്രാജത്വ ശക്തികള്‍ കിണഞ്ഞു പരിശ്രമിച്ചപ്പോയാണ്, ഇവിടുത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിഭാഗീയതയുടെ വിത്ത് പാകാന്‍ ഒരുമ്പെട്ടപ്പോയാണ് ഒരുമയുടെ തകര്‍ക്കാനാവാത്ത മുദ്രാവാക്യങ്ങള്‍ അവര്‍ ഉറക്കെ മുഴക്കിയത്.
ദേശീയത എന്ന ആ ഐക്യ ബോധത്തിന്മേലാണ് സംഘപരിവാര്‍ ഇപ്പോള്‍ കത്തിവെക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി ഒരു ഐക്യരൂപം എന്ന രീതിയില്‍ തുടക്കം കുറിക്കപ്പെട്ട ദേശീയത സൗഹൃദത്തിലധിഷ്ടിതമായ അടുപ്പം എന്നതിനെയാണ് ഉയര്‍ത്തിപ്പിടിച്ചിരുന്നത്, എന്നാല്‍ തല്ലിപ്പിരിയുക എന്നര്‍ഥത്തിലേക്ക് സംഘപരിവാര്‍ ദേശീയതയെ പരാവര്‍ത്തനം ചെയ്തിരിക്കുന്നു. ‘വരൂ നമുക്കൊത്ത് ചേരാം’ എന്ന ആഹ്വാനത്തില്‍ നിന്ന് ”ഓ പോ” എന്ന ആക്രോശമാണ് ദേശീയതയായി അവതരിപ്പിക്കപ്പെടുന്നത്.
സത്യത്തില്‍ ദേശീയത ഒരു ചരിത്രനിര്‍മിതിയാണ്. പഴയ കാലത്ത് ആര്‍ക്കും ദേശീയതയുണ്ടായിരുന്നില്ല. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ദേശീയത നിലനിന്നിരുന്നില്ല. നാടോടി ജീവിതമായിരുന്നു ആദ്യകാലങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നത്. ഒരു സ്ഥലത്ത് താമസിക്കുകയും അവിടെ കൃഷി ചെയ്ത് ജീവിക്കുകയും വിവിധ ദേശങ്ങളിലേക്ക് നിരന്തരമായി തങ്ങളുടെ ജീവിതം പറിച്ചു നടുകയും ചെയ്തിരുന്ന അവരെ സംബന്ധിച്ച് ദേശരാഷ്ട്രങ്ങളുടെയോ ദേശീയതയുടയോ പ്രശ്‌നങ്ങളില്ലായിരുന്നു. 19ാം നൂറ്റാണ്ടില്‍ പോലും ദേശീയത ഒരു സങ്കല്‍പമായി വളര്‍ന്നിരുന്നില്ല എന്ന് ംല ീൃ ിമശേീി വീീറ റലളശിലറ എന്ന പുസ്തകകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.
സാമ്രാജത്വ വിരുദ്ധതയുടെ ഭാഗമായാണ് ദേശീയത രൂപപ്പെടുന്നത്. ഇന്ത്യന്‍ ദേശീയതയുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഓരോ നാട്ടുരാജ്യവും സ്വയമൊരു ദേശീയതപോലുമായിരുന്നില്ല. രാജാവെന്നാല്‍ ദൈവമാണെന്ന് പ്രഖ്യാപിക്കപ്പെട്ട കാലഘട്ടമായിരുന്നു അത്. കല്‍പിക്കലിനും അനുസരിക്കലിനുമിടയില്‍ അവസാനിച്ചുപോയ ഒരു ജീവിതമായിരുന്നു അന്ന് മനുഷ്യനുണ്ടായിരുന്നത്. അവിടെ നിന്നും സാമ്രാജ്യത്വവിരുദ്ധ സമരങ്ങളിലൂടെ നാട്ടുരാജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ യൂനിയന്‍ എന്ന് ആത്മാഭിമാനത്തോടെ എഴുതിവെക്കാന്‍ ഇന്ത്യന്‍ ഭരണഘടനക്ക് സാധിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യ ദേശരാഷ്ട്രമായി ഉയര്‍ന്നത്. അല്ലാതെ ഇതിനെല്ലാം മുമ്പ് തന്നെ ഇന്ത്യന്‍ ദേശീയത നിലവിലുണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ ഇവിടുത്തെ ചെറിയ കുട്ടികള്‍ പോലും ചിരിച്ച് മണ്ണ് കപ്പും.
വൈവിധ്യമാണ് ഇന്ത്യന്‍ ദേശീയതയുടെ ഉള്ളടക്കം. ഒരൊറ്റക്കല്ലില്‍ കൊത്തിയ ഒരു രാഷ്ട്രം എന്നതിനു പകരം നിരവധി ദേശീയതകളുടെ ഒരു സമാഹാരമാവണം രാഷ്ട്രം. അപ്പോള്‍ മാത്രമാണ് ദേശീയത നിറപ്പകിട്ടുള്ള ചിത്രശലഭം പോലെ മനോഹരമാകുന്നത്
ഈ വ്യത്യസ്ഥതകളെ വിരോധികളാക്കുകയാണ് പുതിയ ഭരണകൂടം ചെയ്യുന്നത്. ഏതെങ്കിലും മതങ്ങളുടെ താല്‍പര്യങ്ങളുടെ പേരുപറഞ്ഞ് സമൂഹത്തിനു മുകളില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് അനുസരിപ്പിക്കാനാണ് ഇപ്പോള്‍ നീക്കങ്ങള്‍ നടക്കുന്നത്. മതങ്ങള്‍ തമ്മിലുള്ള ഐക്യമാണ് ദേശീയതയുടെ വളര്‍ച്ചക്ക് വേണ്ടത്, അതിനു പകരമുള്ള ഭരണകൂട കല്പനകള്‍ സ്വാഭാവികമായും സംഘര്‍ഷങ്ങള്‍ക്കു വഴിവെയ്ക്കും. നിരോധനങ്ങളല്ല അംഗീകരിക്കലുകളാണ് ആവശ്യം. ഓരോ മതസ്ഥര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ പുലര്‍ത്താനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. ഐക്യത്തിന്റെയും ഒരുമയുടെയും ഒത്തൊരുമയുടെയും ഇടമായിരുന്ന ദേശീയതയെ ഒരു വിരട്ടല്‍ ദേശീയതയായി വളര്‍ത്തനാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ പരിചയപ്പെടുത്തുന്ന മേല്‍ക്കോയ്മ ദേശീയതയുടെ അട്ടഹാസങ്ങള്‍ക്കിടയില്‍ ജനകീയ ദേശീയതയുടെ ചെറിയ ശബ്്ദങ്ങള്‍ പോലും മുങ്ങിപ്പോകുന്നു.പോത്തിറച്ചി തിന്നാല്‍ തകര്‍ന്നു പോകുന്ന, പാക്കിസ്ഥാന്‍ എന്ന് പറഞ്ഞാല്‍ പറന്നുപോകുന്ന ഒരു ദേശീയത മാത്രമായി ഇന്ത്യന്‍ ദേശീയത സങ്കുചിതമാകുകയും അതിന്റെ പേരില്‍ നിരവധിയാളുകള്‍ ഇരകളാക്കപ്പെടുകയും ചെയ്യുന്നു എന്നത് ഫാസിസം എത്രത്തോളം ഭയാനകമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ അടയാളങ്ങളാണ്. സംഘപരിവാറിന്റെ സൈദ്ധാന്തിക ഗ്രന്ഥമായ ംല ീൃ ിമശേീി വീീറ എന്ന ഗ്രന്ഥത്തില്‍ ജര്‍മനിയില്‍ സെമിറ്റിക് മതങ്ങളെ ഹിറ്റ്‌ലര്‍ വംശ ശുദ്ധി വരുത്തിയതില്‍ ഇന്ത്യക്ക് ഒരുപാട് പാഠങ്ങള്‍ പഠിക്കാനുണ്ട് എന്ന് രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ ശത്രുക്കള്‍ സാമ്രാജ്യത്വവും മുതലാളിത്വവും നാടുവാഴിത്തവുമല്ല മറിച്ച് മുസ്്‌ലിംകളും ക്രിസ്ത്യാനികളും ദലിതരും കമ്മ്യൂണിസ്റ്റുകളുമാണെന്ന സംഘപരിവാര്‍ സമീപനത്തില്‍ നിന്നാണ് പീഡിതരായ ഒരു സമൂഹത്തെ പിന്നെയും കടന്നാക്രമിക്കാനുള്ള പ്രവണതകള്‍ പിറക്കുന്നത്.
ഭൂരിപക്ഷത്തിന്റെ ദയാദാക്ഷിണ്യത്തില്‍ ന്യൂനപക്ഷം ജീവിക്കുമ്പോഴല്ല, മറിച്ച് ന്യൂനപക്ഷം നിര്‍ഭയരായി ജീവിക്കുമ്പോഴാണ് മതേതരത്വം ഒരു സത്യമാകുന്നത്. ഇന്ത്യയില്‍ ശക്തിപ്പെടുന്ന മുസ്്‌ലിം-ക്രിസ്ത്യന്‍-ദലിത് വിരുദ്ധത വിവേചന ഭീകരത എന്നൊരു രാഷ്ട്രീയ സംവര്‍ഗത്തെ അനിവാര്യമാക്കുന്നു. നീളന്‍ കുപ്പായം, തലപ്പാവ്, ളോഹ, താടി, അഗ്രം ഛേദിച്ച ലിംഗം എന്നിവ കലാപകാലങ്ങളില്‍ ആക്രമിക്കപ്പെടാനും ഇരകളാകാനും കാരണങ്ങളായിത്തീരുന്നു. ഇരകളെ സംരക്ഷിക്കേണ്ട നിയമപാലകരില്‍ വലിയൊരു വിഭാഗം വേട്ടക്കാരുടെ സില്‍ബന്തികളായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു. ഭരണകൂട ഭീകരത, രാഷ്ട്രീയ ഭീകരത എന്നിവക്കൊപ്പം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അത്യന്തം ഭീതിദമായി ന്യൂനപക്ഷം അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാതെ ഇന്ത്യന്‍ മതേതരത്വത്തിനു നിവര്‍ന്നുനില്‍ക്കാനാവില്ല. ഗാന്ധിയെ പോലും ഇന്ത്യന്‍ ദേശീയതയുടെ ഭാഗമായി അംഗീകരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ചാണക്യന്‍ മുതല്‍ സവര്‍ക്കര്‍ വരെയുള്ളവരുടെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ ഗാന്ധിയെ അവര്‍ സൗകര്യപൂര്‍വം തമസ്‌കരിക്കുന്നുണ്ട്.
ഇന്ത്യ അനുഭവിക്കുന്ന വിവിധ തലങ്ങളിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി ദേശീയത അവതരിപ്പിക്കപ്പെടുന്നു. എന്നാല്‍ ദേശീയതയുടെ അനുഷ്ടാനങ്ങളായ ദേശീയ ഗാനം ദേശീയ പതാക തുടങ്ങിയവയാണ് ദേശീയതയുടെ ഉള്ളടക്കമായി അവര്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. യഥാര്‍ഥത്തില്‍ ദേശീയബോധത്തിന്റെ അകപ്പൊരുളുകളായ സ്വാതന്ത്ര്യം, സുരക്ഷിതത്വം, സാഹോദര്യം തുടങ്ങിയവ ലഭിക്കുമ്പോള്‍ മാത്രമാണ് അതിന്റെ പൊരുളുകള്‍ക്കും പ്രകടനങ്ങള്‍ക്കും സ്ഥാനമുള്ളത്. വ്യക്തികളുടെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തില്‍ നിന്നാണ് ദേശീയബോധം ഉണ്ടാകേണ്ടത്.
ജനാധിപത്യ വിരുദ്ധമായ ഘടകങ്ങളാണ് ഇന്ത്യന്‍ ദേശീയതയുടെ വികാസത്തിന് നിര്‍ലോഭം ഉപയോഗിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. ഗുജറാത്ത് വംശഹത്യയിലെ ആയിരക്കണക്കിനാളുടെ ചോരക്കടലിലൂടെ നീന്തിയാണ് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയിലെത്തിയത്. യു.പിയില്‍ യോഗി ആദിത്യനാഥ് വിദ്വേഷ പ്രസ്താവനകളുടെ ചോരപ്പുഴകള്‍ സൃഷ്ടിച്ചാണ് മുഖ്യമന്ത്രിക്കസേരയിലെത്തുന്നത്. വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും തോടും കുളവുമെല്ലാം താണ്ടി ഇനിയുമൊരുപാടാളുകള്‍ അധികാരക്കസേരയിലെത്തുന്നതായിരിക്കും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി എന്ന് തോന്നുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കി ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഉത്തര്‍പ്രദേശ് ജനത അധികാരം കയ്യില്‍ കൊടുത്തിട്ടും ഒരിറ്റ് മനുഷ്യത്വത്തിന്റെ നനവുള്ള ഒരു മുഖ്യമന്ത്രിയെ കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചില്ല എന്നത് ജനാധിപത്യബോധത്തിന് തന്നെ തീര്‍ച്ചയായും പരാജയമാണ്.
ക്ലാസിക്കല്‍ ഫാസിസത്തെക്കാള്‍ കൂടുതല്‍ അപകടരമാണ് ഇന്ത്യന്‍ ഫാസിസം. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെയും ഇറ്റലിയില്‍ മുസ്സോളിനിയുടെയും സ്‌പെയിനില്‍ ഫ്രാങ്കോയുടെയും നേതൃത്വത്തില്‍ നടന്ന ഫാസിസ്റ്റ് അധികാരങ്ങളൊക്കെയും കാല്‍നൂറ്റാണ്ട് മാത്രമേ നീണ്ട് നിന്നുള്ളൂവെങ്കില്‍ കാല്‍നൂറ്റാണ്ടുകൊണ്ടോ അരനൂറ്റാണ്ട് കൊണ്ടോ ഇന്ത്യന്‍ ഫാസിസത്തെ പിടിച്ചുകെട്ടുക അത്ര എളുപ്പമുള്ള ജോലിയല്ല. രാഷ്ട്രീയമായി തോല്‍ക്കുമ്പോള്‍ പോലും സാംസ്‌കാരികമായി വിജയിക്കാന്‍ ഇന്ത്യന്‍ ഫാസിസത്തിന് സാധിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. രാഷ്ട്രീയ രംഗത്ത് വിജയം വരിക്കുന്നതിന് മുമ്പ് തന്നെ സാംസ്‌കാരിക തലത്തില്‍ അത് സ്വാധീനം ചെലുത്തിയിരുന്നു. ചരിത്രത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള ഈ ഫാസിസ്റ്റ് മുന്നേറ്റത്തിന് എതിരാളികള്‍ക്കിടയില്‍ നിന്ന് പോലും സ്തുതി പാടകരെ സൃഷ്ടിക്കാന്‍ സാധിക്കുന്നുണ്ട്. ആത്മബോധമുള്ള പൗരന്മാരുടെ ഒത്തൊരുമയോടെയും വര്‍ഗീയതക്കെതിരെ ഒന്നിച്ച് ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുന്ന ജനാധിപത്യ വിശ്വാസികളുടെ ആഴത്തിലുള്ള ഐക്യപ്പെടലുകളിലൂടെയും മാത്രമേ രാജ്യത്തെ ജനകീയ ജനാധിപത്യത്തിന്റെ ആത്മാവിനെ കാര്‍ന്നു തിന്നുന്ന വര്‍ഗീയ ഫാസിസ്റ്റ് ചിന്തകള്‍ക്ക് ചിതയൊരുക്കാനാകൂ. അപ്പോള്‍ മാത്രമേ ഇരകള്‍ എന്ന കര്‍തൃപീഡനത്തില്‍ നിന്ന് പൗരത്വം എന്ന സ്വാതന്ത്ര്യത്തിലധിഷ്ടിതമായ കര്‍തൃപദവിയിലേക്ക് നമുക്ക് നടന്നടുക്കാനാകൂ.

About കെ.ഇ.എന്‍

Check Also

പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളും വിദേശ നയങ്ങളും

യു.എ.ഇ ബഹ്‌റൈന്‍ തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ ദീര്‍ഘകാല വൈരികളായ ഇസ്രായേലുമായി നയതന്ത്ര ഉഭയകക്ഷീ ബന്ധങ്ങള്‍ സ്ഥാപിക്കുന്ന അബ്രഹാം അക്കോര്‍ഡ് മേഖലയെയും …

Leave a Reply

Your email address will not be published. Required fields are marked *