Home / 2019 / മുഹിയിദ്ദീന്‍ മാല: ഭാഷയുടെ ഊടും പാവും

മുഹിയിദ്ദീന്‍ മാല: ഭാഷയുടെ ഊടും പാവും

കേരളത്തിലേക്ക് വന്ന അറബികളെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള രേഖയായി ഗണിക്കപ്പെടുന്ന കൊല്ലം ചെമ്പുതകിട് രേഖകള്‍ പ്രകാരം അറബി ഭാഷ സംസാരിക്കുന്നവര്‍ ഒമ്പതാം നൂറ്റാണ്ട് മുതലേ കേരളത്തിലുണ്ട്. ഈ ബന്ധത്തില്‍ നിന്നാണ് കാലക്രമേണ അറബിയും മലയാളവും ചേര്‍ന്ന, അറബി ലിപിയിലെഴുതുന്ന അറബി മലയാളം എന്ന സമ്മിശ്ര ഭാഷ രൂപപ്പെടുന്നത്. 1607-ല്‍ കോഴിക്കോടുകാരനായ ഖാദി മുഹമ്മദ് രചിച്ച മുഹ്‌യിദ്ധീന്‍ മാലയാണ് അറബി മലയാളത്തിലെ അറിയപ്പെട്ട ആദ്യത്തെ രചന. കേരളത്തിലെ ഇസ്‌ലാമിക പാരമ്പര്യ ചരിത്രത്തിലും മലയാള ഭാഷയുടെ പ്രാദേശിക ചരിത്രത്തിലും നാഴികക്കല്ലായാണ് മുഹ്‌യിദ്ധീന്‍ മാല പരിഗണിക്കപ്പെടുന്നത്. കലയും മതവും പ്രമാണവും വ്യത്യസ്തങ്ങളായ, രണ്ട് പാരമ്പര്യങ്ങളോട് ഇണങ്ങുന്ന വിധത്തില്‍ നിര്‍വ്വഹിക്കപ്പെട്ടിട്ടുള്ള, സാമൂഹ്യ, സാംസ്‌കാരിക സംയോജനത്തിന്റെ പ്രതിനിധാനമാണ് മുഹ്‌യിദ്ധീന്‍ മാല എന്നതാണ് ഈ എഴുത്തിന്റെ പ്രമേയം.

കോസ്‌മോപൊളിറ്റനിസവും പ്രാദേശികവല്‍കരണവും

ഏഷ്യയില്‍ ഏറെ ജനകീയമായ ഖാദിരിയ്യ സൂഫി ത്വരീഖത്തിന്റെ സ്ഥാപകന്‍ ശൈഖ് മുഹ്‌യിദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ അല്‍-ജീലാനി (ക്രി. 1077-1166) എന്ന സൂഫിവര്യന് സ്‌ത്രോത്രങ്ങള്‍ പാടുന്ന ഭക്തികാവ്യമാണ് മുഹ്‌യിദ്ധീന്‍ മാല. ദേവീദേവന്മാര്‍ക്ക് സ്തുതി പാടുന്ന ഭക്തി സാഹിത്യപാരമ്പര്യം കുറഞ്ഞത് പതിനാലാം നൂറ്റാണ്ട് മുതല്‍ തന്നെ മലയാള ഭാഷക്ക് പരിചിതമായിരുന്നു. ആ ഗണത്തിലെ പ്രധാനപ്പെട്ട രചനയായ രാമചരിതമാല സംസ്‌കൃത ഹിന്ദു പാരമ്പര്യവും പ്രാദേശികമായ ദ്രാവിഡ ഗോത്രപാരമ്പര്യവും തമ്മിലുള്ള സാമൂഹികവും സാംസ്‌കാരികവുമായ കൂടിച്ചേരലിന്റെ ഉദാഹരണം കൂടിയാണ്. രാമചരിതത്തോടെ മലയാളത്തിലെ ഒരു കാലഘട്ടം അവസാനിക്കുകയും ‘സംസ്‌കൃതവല്‍കരണം’ കൂടുതല്‍ രൂക്ഷമാവുകയും അത് മലയാള ഭാഷയിലും സാഹിത്യത്തിലും സമൂലമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. രാമചരിതത്തിനും ഏറെക്കാലം കഴിഞ്ഞ്, ‘സംസ്‌കൃതവല്‍കരണം’ ഹിന്ദു സമുദായങ്ങള്‍ക്കിടയില്‍ വേരൂന്നിയിരുന്ന ഘട്ടത്തിലാണ് മുഹ്‌യിദ്ധീന്‍ മാല വിരചിതമാകുന്നത്. സംസ്‌കൃതീകരണത്തിനു സമാന്തരമായി അറബീകരണം (അറബിസൈസേഷന്‍) എന്ന കണ്‍സപ്റ്റ് രൂപപ്പെടാന്‍ തുടങ്ങിയ കാലമായിരുന്നു അത്.

വ്യത്യസ്ത സാഹിത്യ, ഭാഷാ പാരമ്പര്യങ്ങളുടെ സംയോജനം അതിന്റെ ഉച്ചസ്ഥായിയിലെത്തിയ ഘട്ടത്തില്‍ മലയാള ഭാഷയില്‍ ‘മണി പ്രവാളം’ (മാണിക്യവും പവിഴവും) എന്ന പേരില്‍ ഒട്ടേറെ സാഹിത്യ രൂപങ്ങള്‍ വികസിച്ചു വന്നതായി കാണാം. സാഹിത്യ രൂപങ്ങളിലെ മലയാള സാംസ്‌കൃത മിശ്രിതത്തെയാണ് മണിപ്രവാളം എന്ന പദം സൂചിപ്പിക്കുന്നതെന്ന് 14-ാം നൂറ്റാണ്ടിലെ ‘ലീലാതിലകം’ എന്ന പ്രബന്ധത്തില്‍ രേഖപ്പെടുത്തപ്പെട്ടതായി കാണാം. സംസ്‌കൃത, പ്രാദേശിക ഭാഷാ സങ്കരങ്ങള്‍ ഇന്ത്യയില്‍ പല കാലങ്ങളിലും ദേശങ്ങളിലും ഭാഷകളിലുമായി നടന്നിട്ടുള്ള ഒരു സര്‍വേന്ത്യാ (പാന്‍ ഇന്ത്യന്‍) പ്രതിഭാസമാണ്. അന്തര്‍-സാമുദായിക ബന്ധങ്ങള്‍, രാഷ്ട്രീയ നീക്കുപോക്കുകള്‍, സാംസ്‌കാരിക രൂപകങ്ങള്‍ തുടങ്ങിയ സാമൂഹ്യ-സാംസ്‌കാരിക പ്രക്രിയകളെക്കുറിച്ച് വിശേഷാല്‍ വിവരങ്ങള്‍ നല്‍കാന്‍ ഇവയെക്കുറിച്ചുള്ള പഠനങ്ങള്‍ക്കായിട്ടുണ്ട്.

‘സംസ്‌കൃതവല്‍കരണം’ എന്ന കണ്‍സപ്റ്റ് ആദ്യമായി പരിചയപ്പെടുത്തിയത് എം.എന്‍ ശ്രീനിവാസ് എന്ന നരവംശ ശാസ്ത്രജ്ഞനാണ്. സംസ്‌കൃതവല്‍കരണവും ഷെല്‍ഡന്‍ പൊള്ളോക്കിന്റെ ‘പ്രാദേശികവത്കരണം’ (വെര്‍ണാകുലറൈസേഷന്‍) എന്ന കണ്‍സെപ്റ്റും ഏറെക്കുറെ പരസ്പരവിരുദ്ധമാണെങ്കിലും ഇത്തരം സങ്കരങ്ങളെ പരിചയപ്പെടുത്താന്‍ ഇവ രണ്ടും ഉപയോഗിക്കാവുന്നതാണ്; കാരണം ഇത്തരം പ്രതിഭാസങ്ങളുടെ രൂപപ്പെടലില്‍ സംസ്‌കൃതവും പ്രാദേശിക ഭാഷകളും ഒരേ സമയം പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍വേന്ത്യന്‍ തലത്തില്‍ സംസ്‌കൃത വരേണ്യ ഭാഷാ പാരമ്പര്യം പ്രാദേശിക ഭാഷകളെ സ്വാധീനിക്കുകയും അതിലിടപെടുക വഴി സ്വയം മാറ്റങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യുകയാണിവിടെ. സംസ്‌കൃതം കേന്ദ്രമായിട്ടുള്ള ഭാഷാ സംസ്‌കാരങ്ങളുടെ ശൃംഖലയെ ‘സംസ്‌കൃത കോസ്‌മോപോളിസ്’ എന്നാണ് പൊള്ളോക്ക് വിളിക്കുന്നത്. അറേബ്യയില്‍ നിന്നും കിഴക്കോട്ടുള്ള ഇസ്‌ലാമിക വ്യാപനത്തെക്കുറിച്ചുള്ള തന്റെ പഠനത്തില്‍ റോനിത് റിക്‌സി ഉപയോഗിക്കുന്ന ‘അറബിക് കോസ്‌മോപോളിസ്’ എന്ന പ്രയോഗത്തിനു സമാന്തരമായ പ്രയോഗമാണിത്.

‘അറബിക് കോസ്‌മോപോളിസ്’, ‘സംസ്‌കൃത കോസ്‌മോപോളിസ്’ എന്നീ രണ്ട് അര്‍ത്ഥങ്ങളിലും അവയുടെ വൈവിധ്യമായ മേഖലകളുമായി ബന്ധപ്പെടുത്തി അറബി-മലയാളത്തെ കുറിച്ച് താരതമ്യേന കുറഞ്ഞ പഠനങ്ങളെ നടന്നിട്ടുള്ളൂ. സംസ്‌കൃതം, തമിഴ്, ചെറിയ അളവില്‍ പേര്‍ഷ്യന്‍ ഭാഷ എന്നിവയെ ഉള്‍കൊള്ളിക്കുന്ന ക്ലാസിക്കല്‍ അറബിയുടെയും മലയാളത്തിന്റെയും സങ്കരരൂപമാണ് അറബിമലയാളം. അറബിക് സാഹിത്യങ്ങളെ പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിരുന്ന ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ ഇടങ്ങളിലേക്ക് വരെ നീണ്ടു കിടക്കുന്ന അറബിക് കോസ്‌മോപോളിസില്‍ അറബി-മലയാളത്തെ കൃത്യമായി നമുക്ക് സ്ഥാനപ്പെടുത്താന്‍ സാധിക്കും.

അറബി-മലയാളത്തിന്റെ സാഹിത്യ, ഭാഷാ ചരിത്രത്തെക്കുറിച്ച് ആദ്യമായി പഠനം നടത്തിയവരിലൊരാളാണ് കെ.ഒ ശംസുദ്ധീന്‍. അദ്ദേഹം അറബി മലയാളത്തെ മണിപ്രവാളത്തോട് താരതമ്യം ചെയ്യുകയും പ്രാദേശികതയയും കോസ്‌മോപോളിസും തമ്മിലുള്ള സംയോജനം എന്ന നിലയില്‍ അതിനെ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. ഖാദി മുഹമ്മദ് തന്നെ തന്റെ കൃതിയിലൊരിടത്ത് മാലയെ മണിപ്രവാളത്തോട് സാദൃശ്യപ്പെടുത്തി മാണിക്യത്തിന്റെയും മുത്തിന്റെ കോര്‍വ്വയാണിതെന്ന് ഉപമിക്കുന്നത് ഈ അര്‍ത്ഥത്തിലാകാം.
മുത്തും മാണിക്കവും ഒന്നായി കോത്തേപോല്‍
മുഹ്‌യിദ്ധീന്‍ മാലനെ കോത്തന്‍ ഞാന്‍ ലോകരെ

മലയാളം എന്ന ചുവന്ന മാണിക്യങ്ങളുടെയും (മണി) സംസ്‌കൃതം എന്ന ഓറഞ്ച് നിറത്തിലുള്ള പവിഴങ്ങളുടെയും (പ്രവാളം) തമ്മിലുള്ള നിറച്ചേര്‍ച്ചയാണ് മണിപ്രവാളത്തില്‍. ഇതില്‍ നിന്നു മാറി, ചുവന്ന മാണിക്യങ്ങളുടെയും അറബി എന്ന വെളുത്ത പവിഴങ്ങളുടെയും തമ്മിലുള്ള നിറവൈരുദ്ധ്യത്തെയാണ് അറബിമലയാളം പ്രതിനിധീകരിക്കുന്നത്. ഇതുപ്രകാരം, പരസ്പര വിരുദ്ധ ഭാഷകളുടെ സങ്കരമാണെങ്കില്‍കൂടി തന്റെ രചന മണിപ്രവാളത്തോളം സുന്ദരമായിരിക്കുമെന്ന് ഉറപ്പുനല്‍കുകയാണദ്ദേഹം ഈ വരികളിലൂടെ.

അറബി മലയാളവും മാപ്പിള മലയാളവും മതകീയ ഭാഷാഭേദങ്ങളും

കോസ്‌മോപോളിറ്റനും പ്രാദേശികമായതും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് പുറമെ അവയുടെയോരോന്നിന്റെയും സങ്കീര്‍ണതകളെക്കുറിച്ചുള്ള ആലോചന കൂടി ഏറെ പ്രധാനമാണ്. മാപ്പിളമാര്‍ സംസാരിച്ചിരുന്ന അറബി മലയാളം ഇസ്‌ലാമിക വിശുദ്ധ ഗ്രന്ഥങ്ങളിലൂടെയും ഇസ്‌ലാമിക നിയമ സംബന്ധിയായ രചനകളിലൂടെയും അറബി ഭാഷയുമായി തുടര്‍ച്ചയായ ബന്ധം നിലനിര്‍ത്തിപ്പോന്നിരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ തന്നെ കാലഹരണപ്പെട്ട സംസാര ഭാഷകളിലെ പല പ്രയോഗങ്ങളും ഇന്നും ഉപയോഗിക്കപ്പെടുന്നു എന്നതിനാല്‍ അറബിമലയാളത്തിലെ സാഹിത്യ രചനകള്‍ പിറവി കൊള്ളുന്നതിന് മുമ്പ് ഒരു പ്രത്യേക സംസാരഭാഷ മുസ്‌ലിംകളില്‍ക്കിടയില്‍ നിലനിന്നിരുന്നു എന്ന് നമുക്കനുമാനിക്കാം. ഭാഷകള്‍ തമ്മിലുള്ള ഇത്തരം ബന്ധങ്ങള്‍ ഒരു പ്രത്യേക മത സമുദായം മാത്രം ഉപയോഗിക്കുന്ന മാപ്പിള മലയാളം പോലോത്ത ഭാഷാ ഭേദങ്ങളുടെ(റിലീജിയോലെക്ട്‌സ്) രൂപപ്പെടലിലേക്ക് നയിക്കുന്നു. അറബി മലയാളത്തോടും മാപ്പിള മലയാളത്തോടും തുലനം ചെയ്യാവുന്ന ഏറ്റവും കുറഞ്ഞത് രണ്ട് മതകീയ ഭാഷാ ഭേദങ്ങളെങ്കിലും മലയാളത്തിലുണ്ട്; ഗര്‍ഷൂനി മലയാളവും ജൂത മലയാളവും.

മതകീയ ഭാഷാഭേദം (റിലീജിയോലെക്ട്) എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത് ബെഞ്ചമിന്‍ ഹാരി തന്റെ ജൂത-അറബിക് ഭാഷയെക്കുറിച്ചുള്ള പഠനത്തിലാണ്. ഒരു പ്രാദേശിക ഭാഷ സംസാരിച്ചു കൊണ്ടിരിക്കെ തന്നെ വിശുദ്ധ, മതകീയ ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ട മറ്റൊരു ഭാഷയുമായി ദിനേനയെന്നോണം ഇടപഴകുകയും ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന ഒരു മത സമുദായത്തില്‍ രൂപം കൊള്ളുന്ന രണ്ടും കൂടിയുള്ള പുതിയ ഭാഷയെയാണ് ‘മതകീയ ഭാഷാ ഭേദം’ എന്ന് പറയുന്നത്. ലോകത്തുള്ള മിക്ക ജൂത സമുദായങ്ങളിലും ഇത്തരം മതകീയ ഭാഷാ ഭേദങ്ങള്‍ കാണാം. യിഡ്ഡിഷ്, ലോഡിനോ, ജൂദിയോ-അറബിക് എന്നിവ യഥാക്രമം സ്ലാവിക്, റോമന്‍, അറബിക് ഭാഷകള്‍ ഹിബ്രു ഭാഷയുമായി ചേര്‍ന്നുണ്ടായ പുതിയ ജൂത ഭാഷാ വകഭേദങ്ങളാണ്.

പദവായ്പ, പദരൂപസാമ്യതകള്‍, പദ ഘടനയിലുള്ള സാദൃശ്യങ്ങള്‍ തുടങ്ങി കൂടിയതും കുറഞ്ഞതുമായ പല തലങ്ങളില്‍ ഒരു പ്രാദേശിക ഭാഷ മറ്റൊരു മതകീയ/വിശുദ്ധ ഭാഷയാല്‍ സ്വാധീനിക്കപ്പെടാറുണ്ട്.

വിശുദ്ധ ഭാഷയുടെ എഴുത്തുലിപി തന്നെ കടമെടുക്കലാണ് ഈ ശൃംഖലയിലെ ഏറ്റവും ആഴത്തിലുള്ള ഭാഷാ സങ്കരമായി കണക്കാക്കപ്പെടുന്നത്. മലയാളത്തില്‍ കൃത്യമായി വേര്‍തിരിച്ചു കാണിക്കാന്‍ പ്രയാസമെങ്കില്‍ കൂടി, മലയാളത്തിലെ മുസ്‌ലിം ഭാഷാ ഭേദങ്ങളെ മാപ്പിള മലയാളം, അറബി മലയാളം എന്നിങ്ങനെ എണ്ണാം. ആദ്യത്തേത് മുസ്‌ലിംകളുടെ പ്രത്യേക സംസാര ഭാഷയെയും രണ്ടാമത്തേത് പത്രങ്ങളും രചനകളുമടക്കം അറബിക് ലിപിയില്‍ എഴുതുന്ന മലയാള രചനകളെയും സൂചിപ്പിക്കുന്നു.

മാപ്പിള മലയാളവും അറബി മലയാളവും ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങളാണ്; മാപ്പിള മലയാളം അറബിക് പദങ്ങളും പ്രയോഗങ്ങളും ദൈനംദിന വീട്ടു സംസാരങ്ങളില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അറബിമലയാളം മാപ്പിള സംസാര ഭാഷയെ രചനകളില്‍ പ്രതിഫലിപ്പിക്കുന്നു. അതിനാല്‍ തന്നെ, അറബിക്, പേര്‍ഷ്യന്‍ പദങ്ങള്‍ക്കു പുറമെ മാപ്പിള മലയാളത്തിന്റെ വ്യതിരിക്തമായ സംസാര രീതികളാലും സമ്പുഷ്ടമാണ് അറബിമലയാളം. ഉദാഹരണത്തിന്, മുഹ്‌യിദ്ധീന്‍ മാലയുടെ ആദ്യ വരിയെടുക്കുക:
അല്ലാ തിരിഫേരും തുദിയും സ്വലവാതും
അതിനാല്‍ തുടങ്ങുവാന്‍ അരുള്‍ ചെയ്ത ബേദാമ്പര്‍

ആദ്യവരികളിലെ അല്ലാഹ്, സ്വലവാത് (അറബിക്) തിരി, തുദി (സംസ്‌കൃതം-ശ്രീ, സ്തുതി) ബേദാമ്പര്‍ (പേര്‍ഷ്യന്‍-പൈഗംമ്പര്‍) തുടങ്ങിയ പദങ്ങളില്‍ നിന്ന് തന്നെ ഈ രചനയില്‍ എത്രമാത്രം അന്യ ഭാഷാ പദങ്ങള്‍ കടമെടുക്കപ്പെട്ടിരിക്കുന്നു എന്ന് സുതരാം വ്യക്തമാണ്. എടുത്തു പറയാനെന്നവണ്ണം, ഇതിലെ സംസ്‌കൃത പദങ്ങളെല്ലാം കൃത്യമായ ഇസ്‌ലാമിക കണ്‍സപ്റ്റുകളെയാണ് അര്‍ഥമാക്കുന്നത്. പില്‍ക്കാലത്ത് വന്ന അറബി-മലയാള രചനകളിലധികവും ഈ രീതിയില്‍ നേര്‍ വിവര്‍ത്തനങ്ങള്‍ക്ക് പകരം അറബി പദങ്ങള്‍ കൂടുതലായി കടമെടുത്തതായി കാണാം. ഇത് കാരണത്താല്‍ തന്നെയാവാം മുഹ്‌യുദ്ധീന്‍ മാലയുടെ രചനാരീതി ലളിതമെന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഉദാഹരണത്തിന് 20-ാം നൂറ്റാണ്ടില്‍ നാലകത്ത് കുഞ്ഞി മൊയ്തീന്‍ കുട്ടി രചിച്ച നഫീസത്ത് മാലയുടെ ആദ്യ വരികളില്‍ ഈ സ്വഭാവം ഇല്ലാത്തത് കാണാം.
ബിസ്മിയും ഹംദും സ്വലാത്തും നല്‍ സലാമും മുന്നെ
ബിള്ളി നഫീസത്ത് മാല ഞാന്‍ തുടങ്ങിടുന്നെ

പദങ്ങള്‍ കടമെടുക്കുക എന്നതിലുപരിയായി മുഹ്‌യുദ്ധീന്‍ മാലയുടെ ആദ്യ വരി മാപ്പിള സംസാര ഭാഷയുടെ വൈവിധ്യത്തില്‍ ആഴ്ന്നുകിടക്കുന്നതാണ്. ‘ചെയ്ത’ എന്നതിന് പകരം ‘ചെയ്‌തെ’ എന്ന ‘എ’ കാര പ്രയോഗം മാപ്പിള-മലയാള രൂപമാണ്; വിശേഷണമായി ഉപയോഗിക്കുന്ന പദത്തിന്റെ അവസാന അക്ഷരം ‘അ’ എന്നതിന് പകരം ‘എ’ എന്ന് ഉച്ചരിക്കാറുള്ള ഈ രീതി ചരിത്രപരമായും സാംസ്‌കാരികമായും അറബി മലയാളത്തോട് ഏറെ ബന്ധം പുലര്‍ത്തുന്ന ജൂത മലയാളത്തിന്റെയും രീതിയാണ്. സംസ്‌കൃത പദങ്ങളുടെ ഉപയോഗത്തിലും ഈ മൊഴിമാറ്റം കാണാം. ‘സൂക്ഷ്മം’ എന്നത് ‘ദുഷ്‌ക്കം’ എന്നായും ‘വിശേഷം’ എന്നത് വിശേലം എന്നായും ഉപയോഗിച്ചത് ഇതിനുദാഹരണമാണ്. നഫീസത്ത് മാലയിലെ തുടക്കത്തില്‍ കാണുന്ന ബിള്ളി (പറഞ്ഞു) എന്ന പദമാണെങ്കില്‍ മലയാളത്തിലെ മാറ്റൊരു വാമൊഴിയിലും കാണാനാകാത്ത മാപ്പിളമാരുടേതു മാത്രമായ പദവുമാണ്.

വാചിക ലിഖിത രൂപങ്ങളിലെ അറബിയും മലയാളവും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം, ഭാഷാ സങ്കരങ്ങള്‍, പ്രയോഗങ്ങള്‍, മതകീയ ഭാഷാ വകഭേദങ്ങള്‍ തുടങ്ങി അനേകം വിഷയങ്ങളുമായി ബന്ധപ്പെടുന്ന പല ചോദ്യങ്ങളുമുയര്‍ത്തുന്നുണ്ട്. മതഭേദങ്ങളുടെ വികാസവും സാമൂഹിക സാംസ്‌കാരിക തലത്തില്‍ അതിന്റെ ദൗത്യവും അവഗണിക്കാനാവാത്തതാണ്. യിഡ്ഡിഷ്, ലാഡിനോ, ജുദിയോ അറബിക് തുടങ്ങിയ ജുത ഭാഷാ മേഖലകള്‍ ജൂയിഷ് മലയാളം എന്ന ഭാഷാരൂപത്തിന് കൂടി സാധ്യത നല്‍കുന്നു. ഹിബ്രുവില്‍ നിന്ന് പദം കടമെടുക്കല്‍, ഹിബ്രു ഗ്രന്ഥങ്ങളുടെ പരിഭാഷപ്പെടുത്തലുകള്‍ തുടങ്ങി സാഹിത്യ സംസാര രൂപങ്ങളിലെ ഹിബ്രുവിന്റെ സാന്നിധ്യമാണ് ജൂയിഷ് മലയാളത്തെ രൂപപ്പെടുത്തുന്നത്. മതഭേദങ്ങള്‍ പ്രാദേശികതയുമായി ചേര്‍ന്ന് പുതിയ സങ്കര ഭാഷയുടെ രൂപപ്പെടുന്ന സവിശേഷത ജൂയിഷ് ഭാഷക്കു മാത്രമേ കാണാനാവൂ എന്ന ചിലരുടെ വാദത്തെ അറബി-മലയാളം പോലോത്ത മുസ്‌ലിം ക്രിസത്യന്‍ ഭാഷാ വൈവിധ്യങ്ങള്‍ പൊളിക്കുന്നുണ്ട്. അതിനാല്‍ തന്നെ ജൂത ഭാഷ എന്നതിലുപരി

മതകീയ ഭാഷാ ഭേദങ്ങളുടെ പരിണാമം എന്ന സാമാന്യ പ്രയോഗമാണ് ഉത്തമം. ഇത് ന്യൂനപക്ഷ സമുദായങ്ങളുടെ സാമൂഹ്യ-സാംസ്‌കാരിക ചരിത്രം രാഷ്ട്രാതീത ഘടകങ്ങളുമായി ഇഴകി ചേര്‍ന്നതാണെന്ന് വ്യക്തമാക്കിയും തരുന്നു.
‘മതകീയ ഭാഷാവകഭേദം’ (റിലീജിയലെക്ട്) എന്ന കണ്‍സെപ്റ്റ് ഭാഷകളെ കോസ്‌മോപോളിറ്റന്‍, പ്രാദേശികം എന്നിങ്ങനെ രണ്ടു വിരുദ്ധ ചേരികളായി മാറ്റുന്നതിനെ നിരാകരിക്കുന്നുണ്ട്. വിവിധ ഭാഷകളെയും അവ സംസാരിക്കുന്നവരെയും തട്ടുകളാക്കുന്നതിനും പരസ്പരം മത്സരിക്കുന്നതായി കാണുന്നതിനും ബദലായി ഭാഷാ സമൂഹങ്ങളെ പരസ്പര ബന്ധിതരായും ദേശാതീതമായും മനസ്സിലാക്കുന്നതിന് ഈ പ്രയോഗം നമ്മെ സഹായിക്കുന്നു. സൂക്ഷ്മ നിരീക്ഷണത്തില്‍ മുഹ്‌യിദ്ധീന്‍ മാല, ഭാഷയുടെ അത്തരമൊരു ക്രിയാത്മക ലോകത്തെക്കുറിച്ച് പറയാതെ പറയുന്നുണ്ട്.

സാഹിത്യ മികവും സാമുദായിക സ്വത്വവും

മാലയുടെ രചനാ പ്രേരകങ്ങളായ അറബി ഭാഷാ സ്രോതസ്സുകളെ കുറിച്ച് പരാമര്‍ശിക്കുന്നതിന് തൊട്ടു പിന്നാലെ ഗ്രന്ഥകാരന്റെ പേരും ജന്മനാടും പ്രസ്താവ്യമാവുന്നുണ്ട്. വളര്‍ന്നു വരുന്ന ഒരു വ്യവസ്ഥാപിത മുസ്‌ലിം ഭാഷാ ഭേദം എങ്ങനെയിരിക്കുമെന്നും വര്‍ത്തിക്കുമെന്നും വിവരിക്കുന്നതും കാണാം.
പാലിലെ വെണ്ണപോല്‍ ബൈത്താക്കി ചൊല്ലുന്നെന്ന്
പാകിയം (ഭാഗ്യം) ഉള്ളോവര്‍ ഇതിനെ പഠിച്ചോവര്‍
കണ്ടന്‍ അറിവാളന്‍ കാട്ടിത്തരുമ്പോലെ
ഖാദി മുഹമ്മദ് അതെന്ന് പേരുള്ളോവര്‍
കോഴിക്കോട് അത്തുറാ (തുറമുഖം) തന്നില്‍ പിറന്നോവര്‍
കോര്‍വ ഇതൊക്കെയും നോക്കിയെടുത്തോവര്‍
അവര്‍ ചൊന്നെ ബൈത്തിന്നും ബഹ്ജ കിതാബിന്നും
അങ്ങിനെ തക്മില തന്നിന്നും കണ്ടോവര്‍

പാലു പോലെ ഒഴുകുന്ന അറബി കവിതകളെ വെണ്ണ പോലെ കട്ടിയുള്ള മലയാളത്തിലേക്ക് മാറ്റല്‍ എത്ര മാത്രം ശ്രമകരമായ ദൗത്യമാണ്.

പരമ്പരാഗത ഹിന്ദു മലയാള എഴുത്തു രീതികളിലെ നിംനോന്നതികളെ മുന്‍നിര്‍ത്തി ഖാളി മുഹമ്മദ് തന്റെ രചനയെ വിശകലനം ചെയ്യുന്നുണ്ട്. മലയാള ഭക്തികാവ്യങ്ങളിലെ പൊതുവായ മെറ്റാപോയറ്റിക് സ്‌റ്റേറ്റുമെന്റുകളില്‍ നിന്ന് വിഭിന്നമാണെങ്കിലും അവയോട് മറ്റൊരര്‍ത്ഥത്തില്‍ താദാത്മ്യം പുലര്‍ത്തുന്നുണ്ട്. ഉദാഹരണത്തിന്, പതിനാലാം നൂറ്റാണ്ടിലെ ഒരു ഹിന്ദു കവി രാമചരിതത്തില്‍ തന്റെ തന്നെ സംസാരത്തെ അഭിസംബോധനം ചെയ്ത് അവ പാനും തേനും പോലെ ഒഴുകണേ എന്ന് പ്രാര്‍ത്ഥിക്കുന്നുണ്ട്.
നായികെ (വാക്കുകളെ) പറവയില്‍ത്തിരകള്‍ നേര്‍ ഉടന്‍ ഉടന്‍
തേന്‍ ഉളാവിനെ പദങ്ങള്‍ വന്നു തിങ്ങി നിയതം

ഒഴുകുന്ന ദ്രാവക രൂപകങ്ങളുമായി കവിതയെ ഉപമിക്കുന്ന രീതി എഴുത്തച്ചന്റെ ആദ്യത്മിക രാമായണമടക്കമുള്ള പില്‍കാല ഗ്രന്ഥങ്ങളില്‍ കാണാനാവും.
വാരിധി തന്നില്‍ തിരമാലകള്‍ എന്നപോല്‍
ഭാരതി പദാവലി തോന്നണം കാലേകാലേ

അറബിക് ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി ഇസ്്‌ലാമിക ഭക്തി കാവ്യങ്ങള്‍ രചിക്കുന്ന ഖാളി മുഹമ്മദില്‍ നിന്നും വിഭിന്നമായി ഹൈന്ദവ കവികളുടെ മൂല സമ്പത്ത് കവിത്വം തുളുമ്പുന്ന വരികളാണ്. രചനയുടെ അവസാന ഭാഗത്ത് തന്റെ ശ്രമകരമായ കാവ്യ രചനയെ അദ്ദേഹം ഒരു തട്ടാന്റെ ജോലികളോടാണുപമിക്കുന്നത്.
തലയെല്ലാം കൊത്തന്‍ ഞാന്‍ തൊത്തുള്ളെ പൊന്‍ പോലെ
തടിയെല്ലാം പൊന്‍ പോലെ പിരിത്തെന്‍ അറവീരെ

അറബിക് കോസ്‌മോ പോളിസ്, സംസ്‌കൃത കോസ്‌മോപോളിസ് എന്നീ രണ്ട്് സാഹിത്യ പാരമ്പര്യങ്ങളെയും സമ്മേളിപ്പിച്ച് മാല രൂപത്തിലുളള ഒരു പുതിയ സാഹിത്യ ഭേദമായിട്ടവതരിപ്പിക്കാനാണ് ഖാളി മുഹമ്മദ് ശ്രമിക്കുന്നത്.

ആചരണവും പുണ്യവും

പ്രവാചകരുടെ ജന്മ ദിനത്തില്‍ പാരായണം ചെയ്യപ്പെടുന്ന അറബി ഗ്രന്ഥത്തെ സൂചിപ്പിക്കുന്ന മൗലിദ് എന്ന അറബി പദത്തില്‍ നിന്നാണ് മാല എന്ന പദത്തിന്റെ ഉത്ഭവം. സാങ്കല്‍പിക ശ്രോതാക്കളെ അഭിസംബോധനം ചെയ്യുന്നതിലൂടെ തന്റെ കൃതിയുടെ മഹത്വം അറിയിക്കാനാണ് അദ്ദേഹം താല്‍പര്യപ്പെടുന്നത്. തന്റെ കേള്‍വിക്കാരോട് നേരിട്ട് സംസാരിക്കുന്നതിലൂടെ, ഈ കൃതി എന്നെന്നും പാരായണം ചെയ്യപ്പെടണമെന്നും അങ്ങനെ ഒട്ടേറെപ്പേര്‍ അത് ശ്രവിക്കണമെന്നും അദ്ദേഹം അര്‍ഥമാക്കുന്നുവെന്ന് വ്യക്തം.
കേപ്പാന്‍ വിശേലം (വിഷേയം) നമക്കവര്‍ പോരിഷ
കേപ്പീനെ (കേള്‍ക്കൂ) ലോകരെ മുഹ്‌യിദ്ധീന്‍ യെന്നോവര്‍

144ാം വരിയില്‍ സൂചിപ്പിക്കുന്നത് പ്രകാരം മാലാ പാരായണം ചെയ്യുന്നവര്‍ക്കും ശ്രോതാക്കള്‍ക്കും അതുവഴി, പകര്‍പ്പെഴുത്തുകാര്‍ക്കും പുണ്യലബ്ധിക്ക് ഹേതുകമാവുന്നു. പകര്‍പ്പെഴുത്തിനിടയില്‍ പാലിക്കേണ്ട സൂക്ഷ്മതയെ കുറിച്ചദ്ദേഹം പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്.
മോളെ ഒന്നും കളയാതെ പിളയാതെ ചൊന്നേര്‍ക്ക്
മണിമാതം സ്വവര്‍ഗത്തില്‍ നായല്‍ കൊടുക്കുമേ
ദുഷ്‌കം കൂടാതെ ഇതനെ എഴുതുകില്‍
ദോഷം ഉണ്ടാമെന്ന് നന്നായി അറിവീരെ
അല്ലാടെ റഹ്മത്ത് ഇങ്ങനെ ചൊന്നോര്‍ക്കും
ഇതിനെ പാടുന്നോര്‍ക്കും മേലേ കേള്‍ക്കുന്നോര്‍ക്കും

ശൈഖ് മുഹ്‌യിദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി എന്ന സൂഫിവര്യന്റെ അമാനുഷിക കഴിവുകള്‍ മുഖേനയുള്ള പല അത്യത്ഭുത ശേഷികളും കവി തന്റെ രചനയില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. മാലയുടെ വാമൊഴിയായിട്ടുള്ള കൈമാറ്റം ഉന്നത സ്വര്‍ഗ്ഗീയ സ്ഥാനങ്ങള്‍ക്ക് വഴിയൊരുക്കുന്നു.

ഇതര സമുദായങ്ങളുടെ മലയാള-സാഹിത്യ രചനകള്‍ പോലെ തന്നെ മുഹ്‌യിദ്ധീന്‍ മാല പ്രത്യേക ശേഷികളാര്‍ന്ന ഒരു ആചര്യ കാവ്യമാണ്. പാരായണ വേളകളില്‍ മനസ്സാലും ശരീരത്താലും നിമഗ്നനായിരിക്കേണ്ട മാലകളുടെയും മൗലിദുകളുടെയും ആചര സ്വഭാവം കേരളത്തിലെ മാപ്പിളകളുടെ തനതു സ്വത്വത്തെ തുറന്നു കാട്ടുന്നു എന്ന് മുനീര്‍ അരംകുഴിയന്‍ പറയുന്നു. പുത്രജന്മം, ആണ്ടുനേര്‍ച്ച തുടങ്ങി മാല പാരായണം നടത്തപ്പെടുന്ന സാഹചര്യങ്ങള്‍ അനവധിയാണ്. പ്രസ്തുത ശൈഖിന്റെ സവിശേഷ ദിവ്യശേഷി ശാരീരിക മാനസികാസ്വാസ്ഥ്യങ്ങളില്‍ നിന്നുള്ള മുക്തിക്ക് കാരണമാവുകയും ചെയ്യുന്നു.

മുഹ്‌യിദ്ധീന്‍ മാല കേരള മുസ്‌ലിംകളുടെ സാമൂഹ്യ-സാംസ്‌കാരിക ചരിത്രത്തില്‍ എങ്ങനെ ഒരു നാഴികക്കല്ലാവുന്നു എന്ന് എടുത്തു കാണിക്കാനാണ് അറബി, സംസ്‌കൃതം എന്നീ രണ്ട് കോസ്‌മോപോളിസുകള്‍ക്കിടയില്‍ ഒരു പാലമായി വര്‍ത്തിച്ച പ്രസ്തുത കാവ്യത്തിന്റെ ഭാഷാ, സാഹിത്യ, ആചാര തലങ്ങളെ ഞാന്‍ പരിശോധനാവിധേയമാക്കിയത്.

അറബി, സംസ്‌കൃതം എന്നീ സാഹിത്യ പാരമ്പര്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുഹ്്‌യിദ്ധീന്‍ മാലക്ക് കേരളീയ മുസ്്‌ലിംകളുടെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തിലുള്ള പ്രാധാന്യത്തെ നിരീക്ഷിക്കാനുള്ള എന്റെ എളിയ ശ്രമമാണിത്. കേരളത്തിലെ സാഹിതീയ പാരമ്പര്യങ്ങളെ സംബന്ധിച്ച അക്കാദമിക വിശകലനങ്ങള്‍ക്ക് എന്റെ ഈ ശ്രമം ഒരു മുതല്‍കൂട്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

 

 

About ഒഫീറ ഗംലിയേല്‍, വിവര്‍ത്തനം: ഇസ്മാഈല്‍ ചുഴലി

Thelicham monthly

Check Also

സ്വപ്നത്തെ കുറിച്ച് ചില ഇസ്‌ലാമിക മാനങ്ങള്‍: നരവംശശാത്രത്തിന്റെ സാധ്യതകള്‍

പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്ന കാലത്ത് ഉണര്‍ന്നിരിക്കുന്ന ജീവിതത്തെക്കാള്‍ എന്നെ മഥിച്ചിരുന്നത് ഉറക്കത്തിലെ സ്വപ്‌നങ്ങളെ കുറിച്ചുള്ള ആലോചനകളായിരുന്നു. ഇസ്്‌ലാമിക …