Home / 2017 / എം.എം ബശീര്‍ മുസ് ലിയാര്‍; സമസ്തയുടെ കംബ്യൂട്ടര്‍ എന്ന വിശേഷണം ആലങ്കാരികമല്ല
mm basheer musliyar

എം.എം ബശീര്‍ മുസ് ലിയാര്‍; സമസ്തയുടെ കംബ്യൂട്ടര്‍ എന്ന വിശേഷണം ആലങ്കാരികമല്ല

കേരളീയ മുസ് ലിം നവോഥാന പരിസരങ്ങളില്‍ കൃത്യമായ വ്യക്തിമുദ്ര പതിപ്പിക്കുകയും എന്നാല്‍ വേണ്ടരീതിയില്‍ ചര്‍ച്ചചെയ്യപ്പെടാതെ പോവുകയും ചെയ്ത അധ്യായമാണ് എം.എം ബശീര്‍ മുസ്‌ലിയാരുടേത്. അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും ദര്‍ശനങ്ങള്‍ക്കും നാള്‍ക്കുനാള്‍ പ്രസക്തിവര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വൈജ്ഞാനിക ലോകത്തെ എം.എം ബശീര്‍ മുസ്‌ലിയാര്‍ ഒരാവര്‍ത്തി വീണ്ടും വായിക്കപ്പെടേണ്ടതുണ്ട്.
കേരളത്തിലെ മതവിദ്യാഭ്യാസം ചുരുക്കം ചിലദര്‍സുകളില്‍ മാത്രം ഒതുങ്ങുകയും അവ തന്നെ പലതും നിഷ്‌ക്രിയമാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അന്തര്‍ദേശീയ തലത്തില്‍ വരെ മാതൃകയാക്കാവുന്ന രീതിയില്‍ ശാസ്ത്രീയമായ പാഠ്യപദ്ധതിയെക്കുറിച്ച് ബഹുമാനപ്പെട്ടവര്‍ സംവദിച്ചത്. ശക്തമായ ധൈഷണികപാടവത്തോടെ ബഹുമാനപ്പെട്ടവര്‍ ആസൂത്രണം ചെയ്ത വിജ്ഞാന സങ്കല്‍പ്പമാണ് ഇന്നത്തെ സമന്വയ വിപ്ലവത്തിന് അടിത്തറ പാകിയത്.

കേരളത്തില്‍ സമന്വയ വിദ്യാഭ്യാസം വിജയകരമായി പ്രയോഗവത്കരിച്ച ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴ്‌സിറ്റിയുടെ ബിരുദദാന സമ്മേളനം നടക്കുന്ന ഈ സൂവര്‍ണ്ണാവസരത്തില്‍ എം.എം ബശീര്‍ മുസ് ലിയാരുടെ ലേഖനത്തില്‍ അടര്‍ത്തിയെടുത്ത് ചുവടെ കൊടുക്കുന്ന അല്‍പഭാഗം പ്രസക്തമാണെന്ന് മനസ്സിലാക്കുന്നു.

”ഇമാം ഗസ്സാലി(റ) മുതലായ തത്വചിന്തകരായ പോയ നൂറ്റാണ്ടുകളിലെ മഹാരഥന്മാരില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നമ്മുടെ പാഠ്യപദ്ധതി പരിഷ്‌കരിക്കേണ്ടതുണ്ട്. മനുഷ്യന്റെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ എല്ലാം വ്യക്തമായ സമീപനങ്ങള്‍ കാഴ്ചവെക്കുക വഴി സുന്ദരവും പ്രവിശാലവുമായ മതമെന്ന് ഖ്യാതി നേടിയ ഇസ് ലാമിന്റെ വിജ്ഞാന ശാഖ ഇന്ന് വളരെ സങ്കുചിതമാണ്. ഇതിനെതിരെ പ്രവിശാലമായ ഒരു സിലബസ് തയ്യാറാക്കി ശക്തമായ ചെറുത്ത് നില്‍പ്പ് അത്യന്താപേക്ഷിതമാണ്. 
മതവിജ്ഞാനം അല്‍പം ചില അധ്യയങ്ങളിലൊതുക്കി നിര്‍ത്താതെ അതിന്റെ വിശാലമായ രംഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നാം തയ്യാറാവണം. ഇസ് ലാം സാര്‍വ്വജനീനമാണ്, പ്രവിശാലമാണ്. കൃഷി, എഞ്ചിനീയറിംഗ്, ഗതാഗതം, മരാമത്ത്, വ്യവസായം തുടങ്ങിയവ സമുദായത്തിലൊരാളും അഭ്യസിക്കാതിരിക്കുക എന്നത് കുറ്റകരമാണെന്നാണ് ഇസ് ലാമിക നിര്‍ദ്ദേശം. പക്ഷെ, ഇസ് ലാമിക കലാലയങ്ങളില്‍ ഇവ പഠിപ്പിക്കാനുള്ള സൗകര്യങ്ങള്‍ കാണുന്നില്ല. ഇസ് ലാമിക വിദ്യാഭ്യാസം സങ്കുചിതമോ? വിരോധാഭാസമല്ലേ ഇത്?
നമ്മുടെ പള്ളികള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ ഒരു പ്ലേന്‍ തയ്യാറാക്കാനോ ഇത് പോലെയുള്ള വല്ല സാങ്കേതിക പ്രശ്‌നമോ തൊഴില്‍ മേഖലയോ നമുക്ക് മുന്നില്‍ വരുമ്പോള്‍ സമുദയാത്തില്‍ നിന്ന് തന്നെ വിദഗ്ദരുണ്ടാവേണ്ടത് ഫര്‍ള് കിഫായ ആണല്ലോ. അപ്പോള്‍ മന്‍ത്വിഖ് മുതലായ വിഷയങ്ങളെപോലെയോ അതിലുപരിയായോ മേല്‍പ്രസ്താവിച്ച കലകളെ നാം കണക്കിലെടുക്കേണ്ടതും ഇത്തരം വിഷയങ്ങള്‍ മറ്റു ആരാധനാപരമായ വിഷയങ്ങള്‍ക്ക് ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഒരു സമഗ്രമായ പാഠ്യപദ്ധതി ഉലമാക്കളുടെ സാന്നിധ്യത്തില്‍ തയ്യാറാക്കേണ്ടതുണ്ട്”.

#അബ്ദുല്ലത്തീഫ്_പാലത്തുങ്കര

About അബ്ദുല്ലത്തീഫ്_പാലത്തുങ്കര

Check Also

കൊറോണക്കാലത്ത് ദൈവത്തെ തിരയുന്നവർ

ചൈനയിലെ വുഹാനിൽ നോവൽ കൊറോണ വൈറസിൻറെ സാന്നിധ്യം കണ്ടെത്തിയപ്പോൾ കേവലം ഭൌതികതലങ്ങളിൽ കേന്ദ്രീകരിച്ച് മാത്രമായിരുന്നു ചർച്ചകൾ പുരോഗമിച്ചത്. വൈറസിൻറെ സ്വാഭാവം, …

Leave a Reply