Home / കഥ / ബുദ്ധന്റെ വഴികള്‍

ബുദ്ധന്റെ വഴികള്‍

ഹൂഗ്ലിയുടെ തീരത്തിരിക്കുമ്പോഴാണ് അച്ഛന്റെ കത്തെനിക്ക് കിട്ടുന്നത്. ആരുടെയൊക്കെയോ കയ്യിലൂടെ കടന്ന് പോയി മുഷിഞ്ഞ നീല ലക്കോട്ടിനുള്ളിലെ അച്ഛന്റെ കൈപട കണ്ടപ്പോള്‍ ഓര്‍മ വന്നത് തൂതപ്പുഴയും അതിന്റെ തീരത്തുള്ള എന്റെ പഴയ തറവാടുമാണ്. വെളിച്ചത്തേക്കാള്‍ കൂടുതല്‍ ഇരുട്ട് നിറഞ്ഞ തറവാട്ടിലെ അകത്തളങ്ങളിലിരുന്ന് സന്ധ്യാനാമം ജപിക്കുന്ന എന്റെ തന്നെ ചിത്രം ഓര്‍മകളെ വേദനിപ്പിച്ചു.
ഡല്‍ഹിയിലെ അഡ്രസിലാണ് കത്തെഴുതിയിരുന്നത്. അവിടുത്തെ പരിചയക്കാരാരോ ആണ് ബംഗാളിലെ എന്റെ വിലാസത്തിലേക്കത് അയച്ചത്. അച്ഛന്റെ കത്തയച്ച് മാസങ്ങള്‍ കഴിഞ്ഞാണ് അതെന്റെടുത്ത് എത്തിയത്. എന്നാലും അവക്കുള്ളിലെ തറവാടിന്റെ
മണം ഇപ്പോഴും മങ്ങിയിട്ടില്ലായിരുന്നു. തൂതപ്പുഴയിലെ മീനിന്റെ ഗന്ധവും സന്ധ്യാസമയത്തെ വഞ്ചിക്കാരന്റെ കൂവിവിളിയും ആ ലക്കോട്ടിനുള്ളിലുണ്ടായിരുന്നു. വിറക്കുന്ന കൈകളോടെ ഞാനാ
ലക്കോട്ട് പൊട്ടിച്ചു.
ഉണ്ണീ,
നിന്റെയഡ്രസ് ഇനിയും കിട്ടാത്തത് കൊണ്ടാണ് ഡല്‍ഹിയിലെ വിലാസത്തിലേക്ക് ഞാനീ കത്തെഴുതുന്നത്. നിന്നെപ്പറ്റി ഒരു വിവരവുമില്ലാതെ എത്ര നാളാ ഞാന്‍ കഴിച്ചുകൂട്ടുക. രേവതി ഇന്നലെയും നിന്നെയന്വേഷിച്ച് വന്നു. നിന്റെയൊരു വിവരവുമില്ലെന്ന് ഞാനവളോട് പറഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ നിന്നൊഴുകിയ കണ്ണീര്‍, ഏത് ഗംഗയിലാ ഉണ്ണീ നീയാ പാപം കഴുകിക്കളയാന്‍ പോവുന്നത്. അവളുടെ കല്യാണമുറപ്പിച്ചു. നിനക്ക് വേണ്ടിയവള്‍ കാത്തിരുന്നു. എന്നെങ്കിലും നീ തിരികെ വരുമെന്ന് പറഞ്ഞവള്‍ കരഞ്ഞു.
നദിക്കളെപ്പോലെയാണുണ്ണീ ഓരോ മനുഷ്യരും, പുഴകള്‍ക്ക് നാം കാണാത്ത വേരുകളുണ്ട് അവ ഭൂമിക്കടിയിലൂടെയൊഴുകുന്നു. ഭൂമിക്കടിയില്‍ നദികള്‍ പരസ്പരം കണ്ടുമുട്ടുന്നു. ഒന്നുചേര്‍ന്ന് സംസാരിക്കുന്നു. മനുഷ്യരും അതു പോലെയാണ്. എത്ര വിദൂരത്താണെങ്കിലും ചില ബന്ധങ്ങള്‍ പൊക്കിള്‍കൊടി പോലെ നമ്മെ ചുറ്റിവരിയും, നൈര്‍മല്യമാര്‍ന്ന കെട്ടുകള്‍ പക്ഷെ നമുക്കവ പൊട്ടിച്ചെറിയാനാവില്ല. ഏതോ ജീവ ചക്രത്തില്‍ ഞാനും നീയും കറങ്ങുകയാണുണ്ണീ, വിധിയില്‍ നിന്നോടിപ്പോവാന്‍ നാം ശ്രമിക്കുന്നു. പക്ഷെ മുടിനാരുകള്‍ പോലെ അത് നമ്മുടെ കാലിനെ ചുറ്റി വരിയുന്നു. നിനക്കിപ്പോ അത് മനസ്സിലാവണമെന്നില്ല, പക്ഷേ മനസ്സിലാവുന്ന ഒരുകാലം വരും.
കണ്ണില്‍ നിന്നൊഴുകിയ കണ്ണീര്‍ തുടക്കാന്‍ കൂട്ടാക്കാതെ ഞാനാ കത്ത് മടക്കി, ഹൂഗ്ലി എന്റെ മൂന്നിലൂടെയൊഴുകി. ദുഃഖം നെഞ്ചിലൊതുക്കി വെച്ചപോലെ തേങ്ങി. ഹുഗ്ലിയുടെ തീരത്തിരുന്ന് ഫഖീര്‍ ദാദാ പറഞ്ഞതോര്‍മ വന്നു ബാബു, ഹൂഗ്ലി ഒരു കാമുകിയാണ് കാമുകനെ തേടുന്നവള്‍, ശ്രദ്ധിച്ച് കേട്ട് നോക്കൂ നിനക്ക് കേള്‍ക്കാം ഹൂഗ്ലിയില്‍ ഒരു പെണ്ണിന്റെ തേങ്ങലുകള്‍. നേരിയ തേങ്ങലുകള്‍ നെടുവീര്‍പ്പുകള്‍.
യാത്ര ചോദിക്കാന്‍ ഞാനവളുടെ അടുത്ത് ചെന്നതാണ് രേവതി, കൂമ്പിയ കണ്ണുകളില്‍ ഞാന്‍ കാണാതിരിക്കാന്‍ നിയന്ത്രിച്ചു വച്ച കണ്ണീര്‍ പുറത്തേക്കൊഴുകിയതറിയാതെ എന്നെ നോക്കി അവള്‍ ചോദിച്ചു
”ഉണ്ണിക്ക് എന്നെ തനിച്ചാക്കി പോവാതിരുന്നൂടെ…”
ഇല്ല പോണം എങ്ങോട്ടെന്നറിയില്ല, എങ്കിലും പോരണം, നാം പരസ്പരം സ്‌നേഹിക്കുന്തോറും പരസ്പരം തിരിച്ചറിയുവാന്‍ ശ്രമിക്കുന്നു. തിരിച്ചറിയുന്ന ഓരോ നിമിഷത്തിലും നാം പരസ്പരം വെറുത്തു കൊണ്ടേയിരിക്കും. വെറുക്കാന്‍ വിധിക്കപ്പെട്ടവരാണ് പെണ്ണേ നമ്മള്‍, ഈ യാത്ര ഒരു തീര്‍ത്ഥാടനമല്ല. ഒളിച്ചോട്ടമാണ് ബന്ധങ്ങളില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നും, എന്നില്‍ നിന്ന് തന്നെയുള്ളൊരൊളിച്ചോട്ടം, നിന്നെ വെറുക്കാതിരിക്കാന്‍ നിന്നെ ശക്തമായി സ്‌നേഹിക്കാന്‍ എനിക്ക് നിന്നില്‍ നിന്നകന്നേ പറ്റൂ…

”ഞാന്‍ കാത്തിരിക്കും, ഉമ്മറക്കോലായീല്‍…” അവള്‍ പറഞ്ഞു. അവളുടെ വാക്കുകള്‍ ഹൂഗ്ലിയില്‍ ആയിരം വട്ടം പ്രതിഫലിച്ചു കേട്ടു. വേണമെന്നോ വേണ്ടെന്നോ മറുപടി പറഞ്ഞില്ല. തിരിഞ്ഞ് നോക്കണമെന്ന് മനസ്സൊരുപാട് വട്ടം പറഞ്ഞിട്ടും നോക്കിയില്ല. അവളുടെ കണ്ണില്‍ നിന്നുള്ള കണ്ണീരിന്റെ ചൂടെനിക്കനുഭവപ്പെട്ടു. കുലങ്ങളെ മുടിക്കാന്‍ പോന്ന സ്ത്രീയുടെ കണ്ണീര്‍, എന്റെ നെഞ്ചില്‍ ഞാനേറ്റ് വാങ്ങി. കണ്ണീരേറ്റ് വാങ്ങി ഞാന്‍ നടന്നു ഏകാകിയായ് ദൂരത്തേക്ക്.
ഞാന്‍ നടന്ന വഴികള്‍ എന്റേത് മാത്രമായിരുന്നില്ല. എന്റെ മുമ്പ് ഒരുപാട് സിദ്ധാര്‍ത്ഥന്മാര്‍ നടന്ന് തീര്‍ത്ത വഴികളായിരുന്നു. അതില്‍ ഒരുപാട് ഗൗതമിമാരുടെ കണ്ണീരിന്റെ പാടുകളുണ്ടായിരുന്നു. സഹസ്രാബ്ദങ്ങളായി പലരും നടന്നുകൊണ്ടേയിരുന്ന ആ വഴികളില്‍ കാലടയാളങ്ങള്‍ കുഴികള്‍ തീര്‍ത്തു. കണ്ണീരുകള്‍ ആ കുഴികള്‍ നിറച്ചു. എന്നിട്ടും കണ്ണീര് കാണാതെ പലരും പിന്നെയും അതിലൂടെ നടന്നു. ഞാന്‍ നടന്നു തീര്‍ത്ത വഴികളിലും ഞാന്‍ കണ്ണീര്‍ കണ്ടു. എന്നിട്ടും പിന്‍വാങ്ങിയില്ല. നടന്നു ബനാറസ്, കാശി, ഡല്‍ഹി, ഹരിദ്വാര്‍…
ഹൂഗ്ലിയുടെ തീരത്ത് ഞാനെത്തി, ഹൂഗ്ലിയുടെ ഒഴുക്കുകള്‍ക്കിടയിലെവിടെയോ ഞാന്‍ തൂതയുടെ ഓളങ്ങള്‍ കണ്ടു. തൂതപ്പുഴയുടെ തീരത്തെ പഴയ തറവാട് കണ്ടു. പക്ഷേ ആ വെള്ളത്തില്‍ പ്രതിഫലിച്ച എന്റെ മുഖം പഴയതായിരുന്നില്ല. തലമുടി ചപ്രപിടിച്ച്, താടിവളര്‍ന്ന് കണ്ണുകള്‍ കുഴിയില്‍ പോയി, മുഖം ചുളിഞ്ഞ ആ രൂപം എന്റെതാണെന്ന് വിശ്വസിക്കാന്‍ എനിക്ക് പ്രയാസം തോന്നി. ആ രൂപം ഹൂഗ്ലിയുടെ വെള്ളത്തില്‍ നിന്ന് എന്നെ തിരിച്ച് നോക്കി. അത് കാണാനാവാതെ ഞാന്‍ കൈകള്‍ കൊണ്ട് ഞാന്‍ മുഖം പൊത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം പ്രതിഭിംഭം കണ്ട ഞാന്‍ അമ്പരന്നു.
ബംഗാളില്‍ ബാവുളുകളുടെയൊപ്പം ഞാന്‍ സഞ്ചരിച്ചു. പാട്ട് പാടി ഭിക്ഷ യാചിച്ചു ആരെങ്കിലും തരുന്നത് മാത്രം തിന്നു. എല്ലാം സഹിച്ച് എന്തോ ഒന്നിനെ മാത്രം ഞാനന്വേഷിച്ചു. ഒരിക്കലും എനിക്ക് മനസ്സിലാവാത്ത ആ ഒന്നിനെ തേടി ഞാന്‍ നടന്നു. ചാവാലിപ്പട്ടികള്‍ക്കൊപ്പം രാത്രി കിടന്നു.
ഫഖീര്‍ ദാദ എന്നെ കാണുമ്പോഴെല്ലാം പറയുമായിരുന്നു
”ബാബൂ, നാമിങ്ങനെ വെറുതെ ലക്ഷ്യമില്ലാതെ സഞ്ചരിക്കുകയാണ്, ബന്ധങ്ങളില്‍ നിന്ന് മുക്തി നേടിയെന്ന് നാം വിശ്വസിക്കും പക്ഷേ നാം കാണാത്ത നമ്മെ വരിഞ്ഞ് മുറുക്കുന്ന കെട്ടുകളാണ് നമുക്ക് ചുറ്റും. കടലിലെ ശംഖു പോലെയാണത്. കടല്‍കരയില്‍ നിന്ന് പെറുക്കിയെടുത്ത് നാം വീട്ടില്‍ കൊണ്ടു പോയി വെക്കാറില്ലേ. ബാബു ആ ശംഖ് ചെവിയോട് ചേര്‍ത്ത് പിടിച്ച് നോക്കിയിട്ടുണ്ടോ ഞാന്‍ നോക്കാറുണ്ട്. ആ ശംഖിനുള്ളില്‍ കടലിന്റെ ഇരമ്പം കേള്‍ക്കാം നെഞ്ചിനകത്ത്. എത്ര ദൂരെപ്പോയാലും നാടിന്റെ ഓര്‍മകള്‍ ഈ നെഞ്ചില്‍ കാണും നമുക്കതൊരിക്കലും മറക്കാനാവില്ല”.
പൂര്‍വ ബംഗാളില്‍ നിന്ന് യുദ്ധ സമയത്ത് ഇന്ത്യയിലേക്ക് കുടിയേറിയവരില്‍ പെട്ടയാളാണ് ഫഖീര്‍ ദാദ. യുദ്ധ സമയത്ത് ബോംബ് പൊട്ടിത്തെറിച്ച് നഷ്ടപ്പെട്ട ഇടത്കാല്‍ വേച്ച് വേച്ച് അയാള്‍ നടക്കും. ഹൂഗ്ലിയെ അയാളെക്കാള്‍ നന്നായറിയുന്ന മറ്റാരുമുണ്ടാവില്ല.
ഈ നദികളും നമ്മളെപ്പോലെയാണ് ബാബൂ. അലയും സംസാരിക്കും. പക്ഷേ, ശ്രദ്ധിച്ച് കേള്‍ക്കണമെന്ന് മാത്രം. പുഴകള്‍ നമ്മോടതിന്റെ ഭാഷയില്‍ സംസാരിക്കും. ചങ്ങാടത്തിന്റെ നീണ്ട കോല്‍ ഹൂഗ്ലിയില്‍ കുത്തി വലത് കാലില്‍ ബലമേല്‍പിച്ച് ചങ്ങാടം തുഴയുമ്പോള്‍ അയാള്‍ പറയും. ഞാനത് കേട്ട് വെറുതെ പുഞ്ചിരിക്കും. നെഞ്ചിനുള്ളിലെവിടെയോ ഒരു വിങ്ങലനുഭവപ്പെട്ടു.
കത്ത് കിട്ടിയന്ന് രാത്രിയും ഞാനും ഫഖീര്‍ ദാദയും ഹൂഗ്ലിയുടെ തീരത്തുള്ള ചെറിയ കുടിലിലിരുന്നു. പുറത്ത് ഹൂഗ്ലി തേങ്ങുന്നത് കേള്‍ക്കാം. നന്നായി കവിത പാടാറുള്ള ദാദ അന്നും രബീന്ദ്ര സംഗീതത്തിലെ നാല് വരികള്‍ കൂടി മൂളി

”അറിയാതിരുന്ന സുഹൃത്തുക്കള്‍ക്ക് അങ്ങെന്നെ പരിചയപ്പെടുത്തി
എന്റെതല്ലാത്ത ഭവനങ്ങളില്‍ അങ്ങെനിക്ക് ഇരിപ്പിടം നല്‍കി
പരിചിത താവളം വിട്ടുപോവാന്‍ എനിക്കസ്വസ്ഥതയാണ്”

വാക്കുകളിലെ അര്‍ത്ഥം മനസ്സിലായിട്ടും പുഴയിലേക്ക് വെറുതെ നോക്കിയിരിക്കുന്ന എന്നെ നോക്കി ദാദ തന്റെ പോക്കറ്റിനുള്ളില്‍ നിന്ന് മടക്കി മടക്കി കീറാറായൊരു കത്തെടുത്തു. ”ബാബൂനറിയോ, എന്റെ ഫാതിമ ബാനു എനിക്കവസാനമയച്ച കത്താണിത്. അവള്‍ ബംഗ്ലാദേശിലാണ്. യുദ്ധം ക്രൂരപൂര്‍വ്വം അറുത്ത് മാറ്റിയത് രണ്ട് ഹൃദയങ്ങളെ കൂടിയായിരുന്നു. വിടപറയുമ്പോള്‍ അവളെന്റെ കയ്യില്‍ മുറുക്കിപ്പിടിച്ചു. പക്ഷേ വിഭജനം ഞങ്ങളെയറുത്തു മാറ്റി. എന്തിനായിരുന്നു ബാബൂ… പശ്ചിമ ബംഗാള്‍ പൂര്‍വ ബംഗാള്‍ എല്ലാം നാം വരച്ച അതിര്‍ത്തികളല്ലേ. ഹൂഗ്ലിയെ കണ്ടില്ലേ… അതിര്‍ത്തികളില്ലാതെ അതൊഴുകുകയാണ് അതിന്റെ കാമുകനെത്തേടി. എന്തിന് മനഷ്യനിടയില്‍ ഈ അതിര്‍ത്തികളും ഭിത്തികളും. എന്റെ ഫാതിമയും അതിര്‍ത്തികള്‍ക്കപ്പുറത്തിരുന്ന് എന്നെ ഓര്‍ക്കുന്നുണ്ടാവും. ബാബൂ ആ പക്ഷികളെക്കണ്ടോ സൈ്വര്യമായവ സഞ്ചരിക്കുന്നു. എന്നിട്ടും എന്തേ മനുഷ്യന് മാത്രം സഞ്ചാര സ്വാതന്ത്രമില്ല, ബാബൂനറിയോ ഫഖീറിന്റെ അര്‍ത്ഥമെന്തെന്ന്, ഒന്നിമില്ലാത്തവന്‍, അതെന്റെ പേരല്ല അതെന്റെ അവസ്ഥയാണ് ഒന്നുമില്ലാത്തവനാണ് ഞാന്‍, പ്രിയപ്പെട്ടത് നഷ്ടപ്പെടുത്തി ഒരുവന്‍ എത്രനേടിയിട്ടെന്ത് കാര്യം”
കത്ത് മടക്കി പോക്കറ്റിലേക്ക് വച്ച് അയാള്‍ എഴുന്നേറ്റു. കണ്ണീര്‍ മറച്ചുവെക്കാനായി അയാള്‍ എഴുന്നേറ്റുപോയി. ഞാനവിടെ തന്നെയിരുന്നു. ഹൂഗ്ലി എന്റെ മുന്നിലൂടെ ശാന്തമായോഴുകി. എത്ര സമയം ഇരുന്നെന്ന് ഓര്‍മയില്ല, ഹൂഗ്ലിയുടെ തേങ്ങല്‍ കൂടുതല്‍ ശക്തമായി കേള്‍ക്കാന്‍ തുടങ്ങി. അതെന്നോട് സംസാരിക്കുന്ന പോലെയെനിക്ക് തോന്നി. എന്തോ ഒന്ന് പറയാനായി അത് വിമ്മിഷ്ടപ്പെടുന്ന പോലെ. ഞാന്‍ നോക്കിനില്‍ക്കെ ഹൂഗ്ലിയില്‍ നിന്നൊരു സ്ത്രീയുടല്‍ ഉയര്‍ന്നു വന്നു.
സ്ത്രീയുടല്‍, പക്ഷേ അവള്‍ക്ക് പല മുഖങ്ങളായിരുന്നു. ഹൂഗ്ലിയുടെ മുഖം, തൂതയുടെ മുഖം, ഗൗതമിയുടെ മുഖം ഒടുവില്‍… രേവതിയുടെ മുഖം. അവളെന്റെയടുത്ത് വന്നു ഞാനൊന്നും പറഞ്ഞില്ല. അവളെന്നെ അവളുടെ മാറിലേക്ക് ചേര്‍ത്ത് പിടിച്ചു. ഹൂഗ്ലിയുടെ തണുപ്പ് ഞാനറിഞ്ഞു. തൂതയുടെ ഗൃഹാതുരത്വം. ഞാനവളോട് ചേര്‍ന്നിരുന്നു. കാലുകള്‍ ഹുഗ്ലിയുടെ വെള്ളത്തില്‍ ആണ്ട് പോകുന്നത് ഞാനറിഞ്ഞു. ഞാനനങ്ങിയില്ല. ഓര്‍മകള്‍ മങ്ങാന്‍ തുടങ്ങി പക്ഷേ ഏതോ വന്യമായ വികാരം എന്നെ ഗ്രസിച്ചു. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാനാഗ്രഹിച്ചുമില്ല, ഹൂഗ്ലിയുടെ ഓളങ്ങള്‍ എനിക്ക് ചുറ്റും തിരയടിച്ചു. അതില്‍ തൂതപ്പുഴയുടെ ഓളങ്ങളുടെ സ്‌നേഹം ഞാനനുഭവിച്ചു. ഞാനൊരു നദിയായി മാറുന്ന പോലെ… നദിയെപ്പോലെ ഞാനൊഴുകുന്നു ഹൂഗ്ലിയുടെ നെഞ്ചിലൂടെ… അവയ്ക്കുള്ളില്‍ പഴയ തറവാടിന്റെ തണുപ്പ്… അവയ്ക്കുള്ളില്‍ എന്റെ പഴയ മുഖം ഞാന്‍ കണ്ടു.

About കഥ: സാജിദ് വര: സാലിഹ്. സി.എച്ച്

Check Also

സൂസന്റെ മരണം

’12:54 ന് മുമ്പായി ഫ്‌ലോറ പാര്‍ക്കിലെത്തിച്ചേരുകയാണെങ്കില്‍ നിങ്ങള്‍ക്ക് സൂസനെ രക്ഷിക്കാം. ഇല്ലെങ്കില്‍ സൂസന്‍ വെടിയേറ്റ് മരിച്ചിട്ടുണ്ടാകും. സമയം ഓര്‍ക്കുക. 12:54 …

Leave a Reply