Home / 2017 / ഓര്‍മകളില്‍ അക്ഷരസാന്നിധ്യമായി

ഓര്‍മകളില്‍ അക്ഷരസാന്നിധ്യമായി

ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ആ നാമം ഓര്‍മ്മകള്‍ മാത്രം സമ്മാനിക്കാന്‍ തുടങ്ങിയിട്ട് രണ്ടാണ്ട് തികയുകയാണ്. ജീവിതം തന്നെ സന്ദേശമാക്കിയവരെക്കുറിച്ചെഴുതുമ്പോള്‍ പലപ്പോഴും അക്ഷരക്കൂട്ടങ്ങള്‍ അപര്യാപ്തമായിവരാറുണ്ട്. ശൈഖുനായുടെ ഓര്‍മ്മകള്‍ക്ക് നിറം പകര്‍ന്നുകൊണ്ടേയിരിക്കുമ്പോഴും അത് അപൂര്‍ണ്ണമായിത്തന്നെ നിലനില്‍ക്കുന്നു. ശൈഖുനായെ ഓര്‍ത്തെടുക്കു മ്പോള്‍ വാചാലമാവുന്ന ചില ചിത്രങ്ങളുണ്ട്. പാണ്ഡിത്യത്തിന്റെ ഗരിമയിലും വിനയം നിഴലായി നിന്ന വിസ്മയച്ചിത്രങ്ങള്‍ കാലാതിവര്‍ത്തിയായി അയവിറക്കപ്പെടുമെന്ന് തീര്‍ച്ച.
ശൈഖുനായുടെ സാന്നിധ്യം സൗരഭ്യമേകിയിരുന്ന ഇടങ്ങളിലെല്ലാം ആ അസാന്നിധ്യം വലിയ വിടവായിത്തന്നെ നിലനില്‍ക്കുന്നു. ആദര്‍ശധീരതയും നിലപാടുകളിലെ കാര്‍ക്കശ്യവും നര്‍മ്മത്തിന്റെ മേമ്പൊടിയോടുകൂടിയ വാക്ചാതുരിയും ആ ജീവിതത്തെ ശ്രദ്ധേയമാക്കി. സമന്വയവിദ്യാഭ്യാസ സംസ്‌കാരം സമൂഹം ആശങ്കയോടെ നോക്കിക്കണ്ട കാലം മുതല്‍ ദാറുല്‍ഹുദാ വിഭാവനം ചെയ്ത പാഠ്യപദ്ധതിയോടൊപ്പം സഹസഞ്ചാരം നടത്തിയ ആ മഹാമനീഷി യുഗപ്രഭാവനായി ആയിരങ്ങളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടുകയായിരുന്നു.
കര്‍മ്മശാസ്ത്ര വിഷയങ്ങളിലെ ശൈഖുനായുടെ അഗാധ പാണ്ഡിത്യം പ്രത്യേകം പ്രസ്താവ്യം തന്നെ. കൂര്‍മ്മബുദ്ധിയും നിരീക്ഷണപാടവവും ചേരുമ്പോള്‍ ആ വെളിച്ചത്തിന് തെളിച്ചം കൂടുന്നു. ആത്മീയതയുടെ അത്യുന്നതിയില്‍ വിരാചിക്കുന്നതോടൊപ്പം തന്നെ പ്രാസ്ഥാനിക നേതൃവ്യവഹാരങ്ങളിലും തന്റേതായ മുദ്രകള്‍ അടയാളപ്പെടുത്താന്‍ ശൈഖുനാക്ക് സാധിച്ചു. തിരക്ക് പിടിച്ച ജീവിതത്തിനിടയിലും താളം തെറ്റാതെയുള്ള ശൈഖുനായുടെ ജീവിതക്രമങ്ങളില്‍ എല്ലാവര്‍ക്കും മാതൃകയുണ്ട്.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ സാത്വികരായ പണ്ഡിതനേതൃനിരയില്‍ ഉന്നതസ്ഥാനീയനായിരുന്നു ശൈഖുനാ. ശൈഖുനാ ശംസുല്‍ ഉലമയുടെ പിന്‍ഗാമിയായി വന്ന ആ മഹാനുഭാവന് സമസ്തയുടെ വളര്‍ച്ചയിലും മുന്നേറ്റത്തിലും നിസ്തുലമായ പങ്ക് വഹിക്കാന്‍ സാധിച്ചു.
അസംഖ്യം വിശേഷണങ്ങള്‍ ചാര്‍ത്തിനല്‍കാനുണ്ടെങ്കിലും അവക്കെല്ലാമപ്പുറമായിരുന്നു ശൈഖുനാ. ചിലരുടെ വിയോഗങ്ങള്‍ തീര്‍ക്കുന്ന വിടവുകള്‍ അങ്ങനെയാണ്. എത്രയെത്ര കാലം കടന്ന് പോയാലും അത് വിണ്ട് തന്നെ കിടക്കും. അവരുടെ കൂടെ നാഥന്‍ നമ്മെയും സ്വര്‍ഗത്തിലൊരുമിച്ചുകൂട്ടട്ടെ. ആമീന്‍

About editor thelicham

Thelicham monthly

Check Also

ശേയൂര്‍ പാപ്പ

കഴിഞ്ഞ ക്ലാസിലെ ചോദ്യത്തിലായിരുന്നു ഇന്നത്തെ ക്ലാസ്. നിസ്‌കരിക്കാത്ത ഔലിയാക്കന്മാരെക്കുറിച്ചായിരുന്നു ചോദ്യം. പിരാന്തായ ഔലിയാക്കള്‍ക്ക് നിസ്‌കാരം നിര്‍ബന്ധമില്ലെന്ന് ഉസ്താദ് . ഔലിയാക്കള്‍ക്ക് …