Home / slide / മഹാവിയോഗത്തിന് ഇരുപത്തഞ്ച് തികയുമ്പോള്‍

മഹാവിയോഗത്തിന് ഇരുപത്തഞ്ച് തികയുമ്പോള്‍

മത വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് മുസ്‌ലിം കേരളം ഏറെ മുന്നേറിയ ഇരുപതാം നൂറ്റാണ്ടില്‍ കളങ്കമറ്റ വിശുദ്ധി കൊണ്ടും കണക്കറ്റ പ്രയത്‌നം കൊണ്ടും അസാധാരണമായ സമര്‍പ്പണം കൊണ്ടും അതുല്യമായ പ്രവര്‍ത്തന ശൈലി കൊണ്ടും പൂര്‍ണമായും വേറിട്ടു നിന്ന പണ്ഡിത ശ്രേഷ്ഠനായിരുന്നു മൗലാനാ സി.എച്ച് ഹൈദറൂസ് മുസ്‌ലിയാര്‍. സംഘടനാ ശാക്തീകരണം, മത വിദ്യാ കേന്ദ്രങ്ങളുടെ സംസ്ഥാപനം, മഹല്ല് രൂപവല്‍ക്കരണം തുടങ്ങി ഐക്യ കേരളം സാക്ഷ്യം വഹിച്ച എല്ലാ മത പ്രവബോധന സംരംഭങ്ങളിലും അദ്ദേഹം അനിര്‍വചനീയമായ പങ്ക് വഹിച്ചു. ഗതാഗത വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ വേണ്ടത്രയില്ലാത്ത കാലത്ത് സൗകര്യങ്ങള്‍ക്ക് കാത്ത് നില്‍ക്കാതെ പ്രോത്സാഹനങ്ങല്‍ക്ക് കാതോര്‍ക്കാതെ ഇലാഹീ പ്രീതിയും സമുദായത്തിന്റെ ശോഭന ഭാവിയും മാത്രം കണ്ട് ഉസ്താദും സഹപ്രവര്‍ത്തകരും നടത്തിയ ടീം വര്‍ക്കാണ് രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മുസ്‌ലിം കേരളത്തെ വേറിട്ടു നിര്‍ത്തിയത്. ഇതിന് പുതിയ തലമുറ അവരോട് കടപ്പെട്ടിരിക്കുന്നു.
സൂഫീ വര്യനായ ചീരങ്ങല്‍ മുഹമ്മദ് മുസ്‌ലിയാരുടെയും മഹതി ഫാത്വിമയുടെയും പുത്രനായി 1930 ഡിസംബര്‍ 10 നായിരുന്നു ഉസ്താദിന്റെ ജനനം. മൗലനാ അബ്ദുല്‍ ബാരി മുസ്‌ലിയാരെ പോലെയുള്ള പണ്ഡിത സൂഫീവര്യനെ കൊണ്ട് അനുഗ്രഹീതമായ വാളകുളത്തെ പുതുപ്പറമ്പിലായിരുന്നു അത്. സി.കെ ക്ലാരി മുഹമ്മദ് കുട്ടി മുസ്‌ല്യാര്‍, പൊന്മള പൂവാടന്‍ മൊയ്തീന്‍ ഹാജി എന്നിവരായിരുന്നു ദര്‍സിലെ ഉസ്താദുമാര്‍.
1953 ല്‍ ഉപരി പഠനത്തിന് വെല്ലൂര്‍ ബാഖിയാത്തില്‍ എത്തിയ ഉസ്താദ് രണ്ട് വര്‍ഷത്തിന് ശേഷം ബാഖവി ബിരുദം നേടി പ്രബോധന രംഗത്തേക്കിറങ്ങി. അഭിവന്ദ്യ ഗുരു ശൈഖ് ആദം ഹസ്രത്തിന്റെ ‘മന്‍ കാത ലില്ലാഹി കാതല്ലാഹു ലഹു’ എന്ന ഉത്‌ബോധനം ജീവിതാന്ത്യം വരെ ഉസ്താദിന് ഊര്‍ജ്ജമായിരുന്നു.
1955 മുതല്‍ 1969 വരെ ഊരകത്തും പിന്നീട് 1977 വരെ എടക്കുളത്തും ഏറെ മാതൃകാപരമായ ദര്‍സ് നടത്തി. നിരവധി പ്രതിഭാധനരായ പണ്ഡിതന്മാരെ അദ്ദേഹം സുന്നീ കേരളത്തിന് സമര്‍പ്പിച്ചു. ഇതര ദേശങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്കു പുറമെ നാട്ടിലെ മുതിര്‍ന്നവരും ഇളയവരുമായ നിരവധി പേര്‍ക്ക് പ്രധാനപ്പെട്ട കിതാബുകള്‍ ഓതികൊടുക്കുന്ന ഒരു സവിശേഷ മുഖവും ഉസ്താദിന്റെ ദര്‍സുകള്‍ക്കുണ്ടായിരുന്നു.
കേരളത്തിലെ സുന്നി പ്രസ്ഥാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുശാവറയിലേക്ക് തന്റെ മുപ്പതാം വയസ്സില്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ട ഉസ്താദ് 1969 ല്‍ സമസ്തയുടെ ഓര്‍ഗനൈസറായി നിയമിക്കപ്പെടുകയായിരുന്നു. യഥാര്‍ഥത്തില്‍ അത് ചരിത്രത്തിലേക്കൊരു നടത്തമായിരുന്നു. ഇതിനകം സമസ്ത ജനഹൃദയങ്ങളില്‍ വലിയ അംഗീകാരം നേടിയിരുന്നെങ്കിലും കര്‍മ്മ മണ്ഡലം പണ്ഡിത വൃത്തത്തില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു. ഉസ്താദിന്റെ രംഗ പ്രവേശം സമസ്തയെ ജനകീയമാക്കുകയും മദ്രസാ പ്രസ്ഥാനവും സുന്നി യുവജന സംഘവും വേരുറപ്പിക്കുകയും ചെയ്തു. സമസ്തയുടെ ആദര്‍ശം നെഞ്ചേറ്റുകയും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്യാന്‍ മുസ്‌ലിം പ്രദേശങ്ങളിലെല്ലാം സജീവ പ്രവര്‍ത്തകരുണ്ടായത് ഇതിന് ശേഷമാണ്. പ്രബോധന പ്രവര്‍ത്തനം ദര്‍സിലും പാതിരാ വയഅളിലും ഒതുക്കിയിരുന്ന നിരവധി പണ്ഡിതന്മാരെ പൊതു രംഗത്തേക്കിറക്കി അവരുടെ അറിവും കഴിവും സമുദായത്തിന് കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ ഉസ്താദിന് കഴിഞ്ഞു.
പുതിയ തലമുറിയിലെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് ഏറെ ജീവിത പാഠങ്ങള്‍ സമ്മാനിച്ച് കൊണ്ടാണ് ഇരുപത്തഞ്ച് വര്‍ഷം മുമ്പ് ഉസ്താദ് വിടവാങ്ങിയത്. പൊതുരംഗത്തും മതരംഗത്തുമുള്ളവര്‍ക്ക് പ്രയോജനപ്പെടുമെന്നതിനാല്‍ ചിലത് വിവരിക്കാം.
1. സമര്‍പ്പണം: ആദ്യ നൂറ്റാണ്ടുകളിലെ മതപ്രബോധകരോട് കിടപിടിക്കാവുന്ന രൂപത്തിലുള്ള സ്വയം സമര്‍പ്പണമാണ് ഉസ്താദ് നടത്തിയത്. നീണ്ട പതിനാല് വര്‍ഷം സേവനം ചെയ്ത ഒരു മഹല്ലത്തില്‍ നിന്ന് സ്വാഭാവികമായും ലഭ്യമാകുന്ന ആനുകൂല്യങ്ങളെല്ലാം നഷ്ടപ്പെടുത്തി ഒരു മഹല്ലുകാര്‍ക്കും പ്രത്യേക പ്രതിബദ്ധതയില്ലാത്ത സമസ്തയുടെ ഓര്‍ഗനൈസര്‍ എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് ലഭ്യമായികൊണ്ടിരിക്കുന്ന ഭൗതിക ആനുകൂല്യങ്ങല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വേണ്ടെന്നുവെക്കുകയെന്ന അതുല്യ സമര്‍പ്പണമായിരുന്നു അത്. പിന്നീട് മലബാറിന്റെ വിശിഷ്യാ മലപ്പുറത്തിന്റെ നഗരാന്തരങ്ങളിലേക്കും ഗ്രാമാന്തരങ്ങളിലേക്കും അദ്ദേഹം നടത്തിയ കാല്‍നടയാത്രകള്‍ സമയനിഷ്ടമായ ഭക്ഷണ-വിശ്രമങ്ങളില്ലാതെ സഹയാത്രികര്‍ നിര്‍ബന്ധമില്ലാതെ എല്ലാം അല്ലാഹുവിലര്‍പ്പിച്ച് നടത്തിയ രാപ്പകല്‍ പ്രയാണങ്ങള്‍.
ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക പ്രവര്‍ത്തന ചരിത്രത്തിലെ സവിശേഷ അധ്യായമാണെന്ന് പറയാം. കടുങ്ങാത്തുകുണ്ടില്‍ നിന്ന് തിരൂരിലേക്കും കൊണ്ടേട്ടിയില്‍ നിന്ന് എടവണ്ണപ്പാറയിലേക്കും തിരിച്ചും ഇരുപത്തഞ്ചു കിലോമീറ്ററൊക്കെ നടന്നതും സുന്നീ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാന്‍ ഭാരതപ്പുഴക്കു കുറുകെ നീന്തിയതും ആ സമര്‍പ്പിത ജീവിതത്തിലെ സംഭവങ്ങളായിരുന്നില്ല. എന്നിട്ടു തന്നെ ഉത്തരവാദിത്വമേല്‍പിച്ചവരോട് പരിഭവം പറയാനോ വാഹനമാവശ്യപ്പെടാനോ തയ്യാറായില്ല. സമ്പത്തില്‍ നിന്ന് മുഖം തിരിച്ചുള്ള ഈ നടത്തും അഭിമാനകരമായ കുടംബ ജീവിതത്തിന് യാതൊരു തടസ്സവുമുണ്ടാക്കിയില്ല എന്നത് മറ്റൊരു സത്യം. ‘ ‘നിങ്ങള്‍ അല്ലാഹുവെ സഹായിക്കുകയാണെങ്കില്‍ അല്ലാഹു നിങ്ങളെ സഹായിക്കുമെന്ന’ ഖുര്‍ആനിക വചനത്തിന്റെ നല്ലൊരുദാഹരണമായിരുന്നു ആ ജീവിതം.
2. ദീനീകാര്യങ്ങളിലെ ജാഗ്രത: സദാസമയം സമുദായത്തിന്റെ ഇസ്‌ലാമിക പശ്ചാത്തലങ്ങളെ കുറിച്ച് ചിന്തിച്ച് വേണ്ട കാര്യങ്ങല്‍ നേരത്തെ ചെയ്തുവെക്കുകയായിരുന്നു അദ്ദേഹം. മതബിരുദം നേടി മതേതര രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരാളെ മതത്തിന് വേണ്ടി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചിന്തിച്ച് പകുതി ശമ്പളം നല്‍കി തിരിച്ചു കൊണ്ടുവന്നിട്ടുണ്ട് അദ്ദേഹം. മസ്ജിദുകളുടെയും മദ്രസകളുടെയുമൊക്കെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന ജനറല്‍ ബോഡി യോഗത്തിന് കൃത്യസമയത്തിനു മുമ്പേ എത്തി യോജിച്ച ഭാരവാഹികളെ കണ്ടെത്തി യോഗത്തിനു മുമ്പേ തന്നെ തയ്യാറാക്കി വെച്ചിരുന്ന അദ്ദേഹം.
3. അനുഷ്ടാനങ്ങളിലെ നിഷ്ഠ: മസ്ജിദുകള്‍ക്കും മതസ്ഥാപനങ്ങള്‍ക്കുമപ്പുറത്തെ സംഘടനാ പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് മതാനുഷ്ഠാനങ്ങളില്‍ നിഷ്ഠ പുലര്‍ത്തുന്നതില്‍ വീഴ്ച വരുത്താറുണ്ട്. എന്നാല്‍ ഉസ്താദിന്റെ ആത്മീയ ലോകത്തിന്റെ വികാസത്തിന് മതരംഗത്തെ പൊതു പ്രവര്‍ത്തനം തടസ്സമായില്ല. നടത്തത്തിലും വാഹനത്തിലുമെല്ലാം അദ്ദേഹത്തിന്റെ വിര്‍ദ്ദുകള്‍ തുടര്‍ന്നു.
4. പ്രവര്‍ത്തിക്കുന്നതു മാത്രം പറയുക: ഇസ്‌ലാമിക പ്രവര്‍ത്തകന്റെ വാക്കും ജീവിതവും വഴി പിരിഞ്ഞു പോകാന്‍ അദ്ദേഹം അനുവദിച്ചില്ല. നബിചര്യം ജീവിത ചര്യയാക്കുകനന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയ അദ്ദേഹം വിദ്യാര്‍ഥികളുടെ കൂടെ നിന്ന് തിരുചര്യ ശീലമാക്കി. എന്നാല്‍ താന്‍ ജീവിതത്തില്‍ പുലര്‍ത്താത്തതൊന്നും അദ്ദേഹം ചെയ്യിപ്പിച്ചില്ല.
5. മത സ്പര്‍ശിയായ വാക്ചാതുരി: വാക്കുകള്‍ നാക്കില്‍ നിന്ന് ചെവിയിലേക്ക് പ്രസരണം ചെയ്യുന്ന പ്രബോധനരീതിയല്ല ഉസ്താദ് സ്വീകരിച്ചത്. തീര്‍ത്തും മനസ്സില്‍ നിന്നും മനസ്സിലേക്കുള്ള പ്രവാഹമായിരുന്നു ആ വാക്കുകള്‍. അതിനാല്‍ തന്നെ പ്രബോധന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ പലപ്പോഴും വാക്കുകള്‍ ആവശ്യമായിരുന്നില്ല. ഉസ്താദിന്റെ സ്പര്‍ശനമോ തലോടലോ ആംഗ്യമോ പ്രബോധിതന്റെ മനസ്സില്‍ മാറ്റങ്ങളുണ്ടാക്കിയ എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. അലക്കിത്തേച്ച വാക്കുകളേക്കാള്‍ കറ പുരളാത്ത മനസ്സാണ് പ്രബോധകന് വേണ്ടതെന്ന് ഉസ്താദിന്റെ ജീവിത പാഠം.
6. നസ്വീഹത്ത്: എല്ലാവര്‍ക്കും ഗുണം കാംക്ഷിക്കുക ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പ്രധാന ഭാഗമാണ്. പ്രവാചകന്മാരുടെ സവിശേഷ ഗുണങ്ങളിലൊന്നായി ഖുര്‍ആന്‍ ഇത് പരിചയപ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളോടും സഹപ്രവര്‍ത്തകരോടും പ്രബോധിതരോടും ഗുണകാംക്ഷയോടെയല്ലാതെ അദ്ദേഹം ഇടപെടുമായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തോട് ബന്ധപ്പെടാന്‍ യാതൊരു ഔപചാരികതയുമുണ്ടായിരുന്നില്ല. സംഘടനാപരമായി അഭിപ്രായ വ്യത്യാസമുള്ളവരുടെ നന്മകള്‍ ഉള്‍ക്കൊള്ളാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. പ്രായം കൊണ്ടും അറിവുകൊണ്ടും ഏറെ ചെറിയവരെ പോലും പരിഗണിക്കുകയെന്നതു കാരണം സാധാരണക്കാരെ ആഴത്തില്‍ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പരസ്യമായ വിമര്‍ശനങ്ങളെക്കാള്‍ സ്വകാര്യമായ സ്‌നേഹ സംഭാഷണത്തിനാണ് മുന്‍ഗണന നല്‍കിയത്. സ്വന്തം നാട്ടില്‍ നവീന വാദവുമായി വന്ന ഒരു യുവാവിനെ നേരില്‍ കണ്ട് സംസാരിച്ച് മിനുട്ടുകള്‍ കൊണ്ട് തന്റെ ആദര്‍ശത്തിലേക്ക് കൊണ്ടു വരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
7. സാമ്പത്തിക വിശുദ്ധി: മതസ്ഥാപനങ്ങള്‍ക്കും മറ്റും ശേഖരിച്ച ഭീമമായ തുക കൈകാര്യം ചെയ്ത ഉസ്താദ് അതുല്യമായ സൂക്ഷമതയാണ് പുലര്‍ത്തിയത്. ഒരു രക്ഷകര്‍തൃ യോഗത്തില്‍ ദാറുല്‍ഹുദാക്ക് വേണ്ടി പിരിച്ചെടുത്ത തുകയില്‍ നിന്ന് ഒരാള്‍ ചില്ലറ മാറ്റിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉസ്താദ് അനുവദിച്ചില്ല. ചുരുങ്ങിയ ചിലവില്‍ സംഘട്ടനാ പ്രവര്‍ത്തനം നടത്തുന്നതില്‍ നിഷ്‌കര്‍ശത പുലര്‍ത്തിയ ഉസ്താദ് ജീവിതത്തിന്റെ സായം സന്ധ്യയില്‍ പോലും പരിപാടികള്‍ക്ക് സംഘാടകര്‍ കൊണ്ടു പോകാന്‍ വരുന്നത് ഇഷ്ടപ്പെട്ടില്ല. ദാറുല്‍ ഹുദായിലെ മസ്ജിദ് നിര്‍മാണത്തിന് വേണ്ടി കൂട്ടിയിട്ട മെറ്റല്‍ കൂനയില്‍ നിന്ന് ഒന്നോ രണ്ടോ മെറ്റല്‍ കഷ്ണം ഗ്രൗണ്ടിലേക്ക് കുട്ടികളാരോ വലിച്ചെറിഞ്ഞതറിഞ്ഞ് മുഴുവന്‍ വിദ്യാര്‍ഥികളെയും ഗൗരവപൂര്‍വ്വം ഉദ്‌ബോദിപ്പിച്ചത് ഓര്‍ക്കണം. ഉസ്താദും മര്‍ഹൂം ഡോ.യു ബാപ്പുട്ടിഹാജിയും ദാറുല്‍ഹുദാക്ക് വേണ്ടി ഫണ്ട് പിരിച്ചു നടത്തി തിരിച്ചുവരികയായിരുന്നു. വഴിയില്‍ ഹാജിയാരുടെ കാറിലെ ഇന്ധനം തീര്‍ന്നു. ദാറുല്‍ഹുദയുടെ പണമല്ലാതെ പെട്രോളടിക്കാന്‍ തികയുന്ന പണമുണ്ടായിരുന്നില്ല. യാത്ര ദാറുല്‍ ഹുദാക്കു വേണ്ടിയായിട്ടു പോലും ആ പണം ഉപയോഗിക്കാതെ രാത്രിയില്‍ സ്വന്തം വാച്ച് ഊരിക്കൊടുത്ത് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
8. സമുന്നതനായ ലാളിത്യം: സമുന്നതരായ പണ്ഡിതനു നേതാവുമായിരുന്നിട്ടും ലാളിത്യം നിറഞ്ഞ പെരുമാറ്റവും ജീവിത ശൈലിയുമാണ് അദ്ദേഹം സ്വീകരിച്ചത്. പുഴുങ്ങിയ പൂള കൊണ്ട് നോമ്പ് തുറന്നും ചുട്ടമീനും കഞ്ഞിയും കഴിച്ചു കഴിഞ്ഞ് ഗൗരവം കുറഞ്ഞ ഭൗതിക ജീവിതവും യാത്രയില്‍ പോലും സുന്നത്ത് നിസ്‌കാരങ്ങള്‍ ഒഴിവാക്കാതെ ഗൗരവം നിറഞ്ഞ ആത്മീയ ജീവിതവുമായിരുന്ന ഉസ്താദിന്റേത്. സമസ്തയുടെ വൈസ് പ്രസിഡന്റ് എന്ന വിശ്രമ വേളയിലെ പദവിയിലെത്തിയിട്ടും സംഘാടകന്റെ റോളില്‍ നിന്ന് അദ്ദേഹം മാറിയില്ല. നിര്‍മലമായ മനസ്സും നിഷ്‌കളങ്കമായ ഇടപെടലും നടത്തിയ ആ ജീവിതം നമുക്ക് പകര്‍ത്താം.

About ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്

Check Also

കൊറോണ കാലത്തെ സറ്റേറ്റും അഗമ്പന്റെ വാദങ്ങളും

യൂജിന്‍ താക്കര്‍ അദ്ദേഹത്തിന്റെ ‘In the dust of this Planet’ എന്ന കൃതി ആരംഭിക്കുന്നത് ഇപ്രകാരമാണ് ‘നാം ജീവിക്കുന്ന …