Home / slide / സാമ്പത്തിക സംവരണം, സംവരണ യുക്തിക്ക് വിരുദ്ധം

സാമ്പത്തിക സംവരണം, സംവരണ യുക്തിക്ക് വിരുദ്ധം

‘സുന്ദര സമത്വ’ ത്തിന്റെ മറപറ്റി കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മുന്നാക്ക/സാമ്പത്തിക സംവരണ ബില്‍ ഭരണഘടനയുടെ അടിസ്ഥാന പ്രകൃതിക്ക് തന്നെ തുരങ്കം വെക്കുന്നതാണ്. ഈ വസ്തുത സൗകര്യപൂര്‍വ്വം വിസ്മരിച്ചാല്‍ തന്നെ, ബില്ലിലെ നിര്‍ദ്ദിഷ്ട വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ തെളിയിക്കുന്ന പ്രായോഗിക തെളിവുകളുടെ അഭാവം ഈ ബില്ലിന്റെ ആവശ്യകതാവാദത്തിന്റെ പൊള്ളത്തരത്തെ തുറന്നു കാട്ടുന്നു. സംവരണ നയത്തിന്റെ ആത്യന്തിക യുക്തിയെ മനപൂര്‍വ്വം തിരസ്‌കരിക്കുന്ന ഇത്തരം കടന്നുകയറ്റങ്ങള്‍ നിയമ നിര്‍മാണ സഭകളില്‍ കുടികൊള്ളുന്ന നിക്ഷിപ്ത താല്‍പര്യങ്ങളിലേക്കൊരു പ്രത്യക്ഷ ചൂണ്ടുപലകയാണ്.
പിന്നാക്ക വിഭാഗങ്ങളുടെ ഭരണപ്രാതിനിധ്യം ഉറപ്പുവരുത്തുകയെന്ന സംവരണ യുക്തിയെ ദാരിദ്ര്യ നിര്‍മാര്‍ജനമാണെന്ന് തെറ്റിദ്ധരിപ്പിച്ച്, സുപ്രീം കോടതിയുടെ നിയന്ത്രണ രേഖയും മറികടന്ന് നിലവില്‍വന്ന ബില്‍ ഭരണഘടന അനുശാസിക്കുന്ന ആനുപാതിക സമത്വത്തെ സന്തുലിക സമത്വവുമായി വെച്ചു മാറിയിരിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഒരു സമൂഹം അനുഭവിച്ച സാമൂഹികാധമത്വവും തുല്യാവകശാങ്ങള്‍ വകവെച്ചുനല്‍കിയെങ്കിലും മാത്സര്യബുദ്ധിയോടെ മുന്നോട്ട് വരുന്നതില്‍ ഈ ദീര്‍ഘ കാല അടിമത്തത്തിന്റെ ഫലമായുണ്ടായ ആത്മവിശ്വാസക്കുറവും പരിഹരിക്കുക ലക്ഷ്യമിട്ടാണ് സംവരണം പിന്നാക്ക വിഭാഗങ്ങളില്‍ ഒതുക്കിയത്. സാമ്പത്തിക പിന്നാക്കാവസ്ഥ എന്ന താത്കാലിക പ്രതിഭാസത്തിനപ്പുറം സാമൂഹികാധമത്വം എന്ന അടിച്ചേല്‍പ്പിക്കപ്പെട്ട ബാധ്യത കുടഞ്ഞ് കളയാനാണ് സംവരണങ്ങള്‍ ശക്തിപകരേണ്ടത്. എന്നാല്‍, നിലവിലെ സവര്‍ണബോധ്യങ്ങളെയും വലിയൊരു പക്ഷം അവര്‍ണരെയും തന്നെ ആശയക്കുഴപ്പത്തിലകപ്പെടുത്തി മുന്നാക്ക സംവരണം നടപ്പിലാക്കുന്നതില്‍ രാജ്യത്തെ നിലവിലെ ഭരണകൂടം വിജയിച്ചിരിക്കുന്നു.
ഉപര്യുക്ത ബില്‍ നിലവിലെ സാമൂഹിക വ്യവസ്ഥയിലെ പ്രബലരെ കൂടുതല്‍ പ്രബലരാക്കുകയും അധസ്ഥിത ന്യൂനപക്ഷങ്ങളെ കൂടുതല്‍ ദുര്‍ബലരാക്കുകയും ചെയ്യും. ഇതുപ്രകാരം ഭരണഘടനാ ശില്‍പികള്‍ വിവേചനരഹിത ഇന്ത്യയെന്ന ദര്‍ശനത്തിനു മേല്‍ കെട്ടിപ്പടുത്ത രാജ്യത്തിന്റെ സംവരണനയം എതിര്‍ഗുണസിദ്ധിയായി മാറിയേക്കും. അനുവദനീയ സംവരണ നിരക്ക് തന്നെ അര്‍ഹിക്കും വിധം ഉപകാരപ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലാത്ത പിന്നാക്ക വിഭാഗങ്ങള്‍ക്ക്, അര്‍ഹിച്ചതും അതിലധികവും കൈപ്പറ്റിയും മോഷ്ടിച്ചും ശീലമുള്ളവര്‍ക്കായൊരുക്കിയ പുതിയ ബില്‍ ഒരു ബാധ്യതയാവാതിരിക്കട്ടെ!
ഇതും ഇതിനു സമാനവുമായ ‘നിയമവല്‍കൃത കൊള്ള’കള്‍ക്കു തടയിടാന്‍ പ്രാപ്തിയുള്ള ഏക പ്രായോഗിക മാര്‍ഗം രാജ്യത്തെ അധസ്ഥിതര്‍ കൂടുതല്‍ നിര്‍മാണാത്മകമായി നിയമ നിര്‍മാണ സഭകളെ കൈകാര്യം ചെയ്യല്‍ മാത്രമാണ്.

About editor thelicham

Check Also

കൊറോണ കാലത്തെ സറ്റേറ്റും അഗമ്പന്റെ വാദങ്ങളും

യൂജിന്‍ താക്കര്‍ അദ്ദേഹത്തിന്റെ ‘In the dust of this Planet’ എന്ന കൃതി ആരംഭിക്കുന്നത് ഇപ്രകാരമാണ് ‘നാം ജീവിക്കുന്ന …