Home / ആമുഖം / ഫത്ഹുല്‍ മുഈന്‍ വായനയുടെ വൈവിധ്യങ്ങള്‍

ഫത്ഹുല്‍ മുഈന്‍ വായനയുടെ വൈവിധ്യങ്ങള്‍

ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അതീവപ്രാധാന്യത്തോടെ ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഗവേഷണ മേഖലയാണ് കര്‍മശാസ്ത്രം. ഒരു മുസ്‌ലിമിന്റെ മാനുഷിക ഇടപെടലുകളുടെ സര്‍വ മേഖലകളിലും വഴി തെറ്റാതെ സഞ്ചരിക്കാന്‍ പ്രാപ്തമായ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശ്വാസികള്‍ക്ക് മുമ്പില്‍ വരഞ്ഞുവെക്കുന്നുണ്ട്. യുക്തിഭദ്രവും സാമൂഹിക പ്രതിബദ്ധതയില്‍ അതിഷ്ടിതവുമായ ഇസ്‌ലാമിക കര്‍മശാസ്ത്ര നിലപാടുകളെ യഥാവിധം അനുധാവനം ചെയ്യുക വിശ്വാസിയുടെ ബാധ്യതകളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കര്‍മശാസ്ത്ര സംബന്ധിയായി നടക്കുന്ന അനന്തമായ ചര്‍ച്ചകളും സംവാദങ്ങളും തദ്‌വിഷയത്തില്‍ വിരചിതമായ അസംഖ്യം ആഖ്യാനങ്ങളും ഇക്കാര്യം അടിവരയിട്ടുറപ്പിക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ഇസ്‌ലാമിക ലോകത്ത് രചിക്കപ്പെട്ട അസംഖ്യം കര്‍മശാസ്ത്ര ആഖ്യാനങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ അപഗ്രഥിക്കപ്പെടേണ്ട ഗ്രന്ഥമാണ് ഇമാം സൈനുദ്ദീന്‍ മഖ്ദൂം രചന നിര്‍വഹിച്ച ഫത്ഹുല്‍ മുഈന്‍.
കേരളീയ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഒരു ഗ്രന്ഥം എന്നതിനപ്പുറം ശാഫിഈ മദ്ഹബിലെ ഒരു അവലംബനീയ ഗ്രന്ഥമായി ആഗോള തലത്തില്‍ തന്നെ ഇടം പിടിക്കാന്‍ ഫത്ഹുല്‍ മുഈനിന് സാധിച്ചു. അതിവിശാലമായ ചര്‍ച്ചകള്‍ കൊണ്ട് സമ്പന്നമായ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ക്കിടയില്‍ വളരെ സംക്ഷിപ്തവും സരളവും വ്യക്തവുമായി ശാഫിഈ കര്‍മശാസ്ത്ര വിധികളെ ക്രോഡീകരിക്കുക വഴി ഫിഖ്ഹീ ചരിത്രത്തില്‍ തന്നെ ഒരു ദിശാമാറ്റത്തിന് ഫത്ഹുല്‍ മുഈന്‍ വഴി തുറന്നു. കേവല വായന എന്നതിനപ്പുറം ഫത്ഹുല്‍ മുഈനിനെ ആഴത്തില്‍ മനസ്സിലാക്കാനും അടുത്തറിയാനും ശ്രമിച്ച പണ്ഡിതരൊക്കെയും ഫത്ഹുല്‍ മുഈന്‍ പ്രധാനം ചെയ്യുന്ന ഈ അനുഭവങ്ങള്‍ അടുത്തറിഞ്ഞവരാണ്. ഫത്ഹുല്‍ മുഈനിനെ അധികരിച്ച് കേരളത്തിനകത്തും പുറത്തും രചിക്കപ്പെട്ട അനേകം ശറഹുകളും ഹാശിയകളും പണ്ഡിതര്‍ക്കിടയില്‍ ഫത്ഹുല്‍ മുഈനിന് ലഭിച്ച പ്രാധാന്യത്തെയാണ് അടയാളപ്പെടുത്തുന്നത്. പുതിയ കാലത്ത് ഫത്ഹുല്‍ മുഈനിനെ അധികരിച്ച് വിവിധ യൂനിവേഴ്‌സിറ്റികളില്‍ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളും വിശകലനങ്ങളും വ്യത്യസ്ഥ ഭാഷകളിലേക്കുള്ള പരിഭാഷകളുമെല്ലാം ആദ്യകാല പണ്ഡിതര്‍ നടത്തിയ വ്യാഖ്യാനങ്ങളുടെ തുടര്‍ച്ചകളായി തന്നെ വായിക്കാം.
ഇസ്‌ലാമിലെ കര്‍മശാസ്ത്ര നിയമങ്ങള്‍ വിശദീകരിക്കുന്ന ഒരു ഗ്രന്ഥമെന്നതിനപ്പുറം കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലും ഫത്ഹുല്‍ മുഈന്‍ സൃഷ്ടിച്ച അനുരണങ്ങള്‍ വ്യക്തമാണ്. കച്ചവട സംഘങ്ങളെ അനുഗമിച്ച് കേരളക്കരയിലെത്തിയ പണ്ഡിതരിലൂടെയും യമനില്‍ നിന്ന് മലബാറിലേക്ക് ചേക്കേറിയ ആത്മീയ നായകരിലൂടെയും കേരളത്തില്‍ പ്രചാരം നേടിയ ശാഫിഈ മദ്ഹബിന്റെ വ്യത്യസ്തമായ കര്‍മശാസ്ത്ര ആഖ്യാനങ്ങളെ ഏകീകരിക്കുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു ഫത്ഹുല്‍ മുഈന്‍ നിര്‍വഹിച്ചത്. കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന മുസ്‌ലിം സംസ്‌കാരം രൂപപ്പെടുത്തിയതില്‍ ഫത്ഹുല്‍ മുഈനിന് നിര്‍ണായക പങ്കുണ്ട്. മുന്‍കാല ഗ്രന്ഥങ്ങളിലെ നിയമങ്ങള്‍ പകര്‍ത്തി എഴുതുകയോ പുതിയ രീതിയില്‍ അവതരിപ്പിക്കുകയോ ചെയ്യുന്നതിന് പകരം രചനാ കാലത്തെ സാമൂഹിക സാംസ്‌കാരിക പരിസരങ്ങളെ കൂടി വിമര്‍ശനാത്മകമായി വായിക്കാനാണ് മഖ്ദും ശ്രമിക്കുന്നത്. കേരള മുസ്‌ലിം ജീവിതത്തിലെ പ്രശ്‌നബദ്ധമായ നിമിഷങ്ങളിലെല്ലാം ഫത്ഹുല്‍ മുഈന്‍ വിശദീകരിക്കുന്ന നിയമവിധികളിലൂടെയായിരുന്നു അവര്‍ പരിഹാരം കണ്ടിരുന്നത്. എന്നാല്‍ കേരളീയ സാഹചര്യത്തില്‍ മാത്രം ഒതുങ്ങുന്നതുമായിരുന്നില്ല ഫത്ഹുല്‍ മുഈനിന്റെ വായനാനുഭവങ്ങള്‍. ആഗോള തലത്തില്‍ ശ്രദ്ധേയമായ ഇസ്‌ലാമിക സര്‍വകലാശാലകളിലടക്കം ഫത്ഹുല്‍ മുഈന്‍ ഒരു പഠ്യ വിഷയമായി അംഗീകരിക്കപ്പെടുകയും വിവിധ രാജ്യങ്ങളിലെ മുസ്‌ലിം ജീവിത രീതികളെ നിര്‍ണയിക്കുന്നതില്‍ ഫത്ഹുല്‍ മുഈന്‍ അവസാന വാക്കായി ഗണിക്കപ്പെടുകയും ചെയ്യുന്നു എന്നത് വാക്കുകളുടെ മതില്‍ക്കെട്ടുകള്‍ക്കപ്പുറത്ത് ഫത്ഹുല്‍ മുഈന്‍ സമ്മാനിക്കുന്ന വായനാ വൈവിധ്യങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. കര്‍മശാസ്ത്ര സംബന്ധിയായ നിയമങ്ങള്‍ മാത്രം പ്രതിപാദിക്കുന്ന മറ്റു കിതാബുകളെ ശൈലിയില്‍ നിന്ന് മാറി സാമൂഹിക വിഷയങ്ങളിലും ഫത്ഹുല്‍ മുഈന്‍ സക്രിയമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെ ബുദ്ധിമുട്ടേറി മസ്അലകള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം സാമൂഹിക മൂല്യങ്ങള്‍, മാനുഷിക മര്യാദകള്‍, സമൂഹത്തില്‍ നിലനിന്നിരുന്ന തെറ്റായ ആചാരങ്ങള്‍ തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യാന്‍ സൈനുദ്ദീന്‍ മഖ്ദൂം ഈ ഗ്രന്ഥത്തില്‍ ശ്രമിക്കുന്നുണ്ട്. കിതാബുകള്‍ ശറഹുകളും ഹാശിയകളും സഹിതം ആഴത്തിലുള്ള വിശകലനങ്ങള്‍ക്ക് വിധേയമാക്കിയിരുന്ന പഴയ കാല പഠനസംവിധാനങ്ങള്‍ അന്യം നില്‍ക്കുകയും ഉപരിപ്ലവ വായനകള്‍ സജീവമാകുകയും ചെയ്യുന്ന പുതിയ കാലത്ത് ഫത്ഹുല്‍ മുഈനില്‍ ഉള്‍ക്കൊള്ളുന്ന വിഷയ വൈവിധ്യങ്ങളെക്കുറിച്ചും ഫത്ഹുല്‍ മുഈനിനോട് കേരളക്കര പുലര്‍ത്തുന്ന സമീപനങ്ങളെക്കുറിച്ചുമുള്ള ആലോചനകള്‍ പ്രധാന്യമര്‍ഹിക്കുന്നുണ്ട്.

About മുഹസിനുല്‍ ഖര്‍നി നീരുട്ടിക്കല്‍

Leave a Reply