Home / 2018 / ഘാതകരെ സമുദായം വെറുതെ വിടില്ല’
thyeli

ഘാതകരെ സമുദായം വെറുതെ വിടില്ല’

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍ഗോഡ് ജില്ല പ്രസിഡന്റും മംഗലാപുരം ഖാസിയുമായ ത്വാഖാ അഹ്മദ് അസ്ഹരിയുമായി തെളിച്ചം പ്രതിനിധികള്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍

സമസ്തയുടെ ഉത്തരകേരളത്തിലെ വളര്‍ച്ചയില്‍ സി.എം ഉസ്താദ് വഹിച്ച പങ്ക് എന്തായിരുന്നു?
കാസര്‍കോഡ്, ദക്ഷിണ കന്നഡ മേഖലകളില്‍ സമസ്തക്ക് വളക്കൂറുണ്ടാവുന്നത് തന്നെ സി.എം ഉസ്താദിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായാണ്. വിശിഷ്യാ, എണ്‍പതുകളില്‍ സമസ്തയില്‍ നിന്ന് വിഘടിച്ചുപോയി സമാന്തരമായൊരു സംഘടനക്ക് രൂപം നല്‍കിയ ഉള്ളാള്‍ തങ്ങളുടെ സ്വാധീനവലയത്തിലായിരുന്നു എണ്‍പതുകളിലെ കാസര്‍കോഡ്, ദക്ഷിണ കന്നഡ പ്രദേശങ്ങള്‍. വിഘടിത വിഭാഗത്തിന്റെ മുശാവറയിലെ പതിമൂന്നിലധികം പേര്‍ ഈ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു, പ്രസിഡണ്ട് ഉള്ളാള്‍ തങ്ങളും. അവരില്‍ പലരും അതത് പ്രദേശങ്ങളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നവരുമായിരുന്നു. അന്ന് ഉത്തര കേരളത്തില്‍ സമസ്തക്ക് മേല്‍വിലാസമുണ്ടാക്കിയ പണ്ഡിതനായിരുന്നു സി.എം ഉസ്താദ്. വിദ്യാഭ്യാസ ബോര്‍ഡിന്റെ ചെയര്‍മാനായിരുന്ന ഖാളി ബാവ മുസ്‌ലിയാരായിരുന്നു ഉത്തരകേരളത്തിലെ സമസ്തയുടെ മറ്റൊരു പ്രമുഖ വ്യക്തിത്വം. വലിയ പണ്ഡിതനായിരുന്നു അദ്ദേഹമെങ്കിലും സി.എം ഉസ്താദിനെ പോലെ മികച്ചൊരു സംഘാടകനായിരുന്നില്ല. അന്ന് സ്വന്തമായി കാറുണ്ടായിരുന്ന വിരളം വ്യക്തികളിലൊരാളായിരുന്നു സി.എം ഉസ്താദ്. അദ്ദേഹം സ്വയം താത്പര്യമെടുത്ത് കാസര്‍കോടിന്റെ മുക്കുമൂലകളിലേക്ക് സമസ്ത കെട്ടിപ്പടുക്കാന്‍ ഓടിനടന്ന് യോഗങ്ങള്‍ വിളിച്ചും പ്രഭാഷണങ്ങള്‍ നടത്തിയും സമസ്തയുടെ ഔദ്യോഗിക ധാരയെ അദ്ദേഹം സജീവമായി നിലനിര്‍ത്തി. വിഘടിത പ്രമുഖരെ ഒന്നടങ്കം നിഷ്പ്രഭമാക്കാന്‍ ഉസ്താദിലെ ഊര്‍ജ്വസ്വലനായ സംഘാടകന് സാധിച്ചു. സമസ്തക്ക് ഇന്ന് ഉത്തരകേരളത്തിലും ദക്ഷിണ കന്നടയിലുമുള്ള ജന പിന്തുണ ഉസ്താദ് കെട്ടിപ്പടുത്തതായിരുന്നു പറയാം! നിറപാണ്ഡിത്യവും അത്യപൂര്‍വമായ സംഘാടക മികവും സമ്മേളിച്ച അത്ഭുത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

ഉസ്താദിന്റെ ജീവിതത്തെ കുറിച്ച്?

വളരെ ലളിതമായ ജീവിതമായിരുന്നു ഉസ്താദിന്റേത്. എല്ലാ വിഷയത്തിലും തികഞ്ഞ കരുതലുള്ള ആള്‍. അതു തന്നെയാണല്ലോ തഖ്‌വ. ഉസ്താദിന്റെ കുടുംബ പാരമ്പര്യം തന്നെ മഹോന്നതമാണ്. പിതാമഹത്തുക്കളുടേതായിട്ട് പല കറാമത്തുകളും കേട്ടിട്ടുണ്ട്. സി.എം ഉസ്താദിന്റെ പിതാവ് ഖാദി മുഹമ്മദ് മുസ്‌ലിയാര്‍ ആത്മീയ ചികിത്സയില്‍ പ്രസിദ്ധനായിരുന്നു. അദ്ദേഹം മന്ത്രിച്ചൂതിയ വെള്ളത്തിന്റെ ഫലസിദ്ധി പ്രസിദ്ധമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ രജിസ്റ്റര്‍ ഓഫീസില്‍ പോയപ്പോള്‍ അവിടുത്തെ ഓഫീസര്‍ പറഞ്ഞു. ‘എന്റെ അച്ചനും അമ്മയും ചെറുപ്പത്തില്‍ എല്ലാ കാര്യത്തിനും എന്നെ കൊണ്ടുപോയിരുന്നത് സി.എം ഉസ്താദിന്റെ പിതാവിന്റെ അടുത്തേക്കായിരുന്നു’ ചികിത്സക്കായി പ്രത്യേകം സമയമൊക്കെ അദ്ദേഹം നീക്കിവെച്ചിരുന്നു. പക്ഷെ, സി.എം ഉസ്താദ് മുഴുസമയ പ്രവര്‍ത്തകനായിരുന്നല്ലോ! ഇത്തരം കാര്യങ്ങള്‍ക്കൊന്നും അദ്ദേഹം സമയം കണ്ടെത്തിയിരുന്നില്ല. പക്ഷെ, വല്ലപ്പോഴും അദ്ദേഹം മന്ത്രിച്ചു നല്‍കിയിരുന്നതിന് വലിയ ഫലങ്ങളുണ്ടായതായി പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ ഉസ്താദിനുണ്ടായിരുന്ന പാണ്ഡിത്യമായിരുന്നു വളരെ ശ്രദ്ധേയം. ഗോളശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ അഗാധ ജ്ഞാനം എടുത്തുപറയേണ്ടതാണ്.

സി.എം ഉസ്താദ് ആത്മകഥക്ക് നല്‍കിയ ശീര്‍ഷകം ‘എന്റെ കഥ, വിദ്യാഭ്യാസത്തിന്റെയും’ എന്നാണല്ലോ? ഉസ്താദ് നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?
കാസര്‍ഗോഡിന്റെ വൈജ്ഞാനിക വികാസത്തിലായിരുന്നു ഉസ്താദ് ജീവിതത്തിലുടനീളം ശ്രദ്ധ പതിച്ചിരുന്നത്. ബാഖിയാത്തിലെ പഠന ശേഷം സമാനമായൊരു സ്ഥാപനം കാസര്‍കോട് ജില്ലയില്‍ കെട്ടിപ്പടുക്കുക എന്നത് അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. നിറയൗവ്വനത്തില്‍ ഈ സ്വപ്‌നത്തിന്റെ ചുവട് പിടിച്ച് ഉസ്താദ് കെട്ടിപ്പടുത്തതാണ് ജാമിഅ സഅദിയ്യ: യുവത്വത്തിന്റെ മുഴുവന്‍ ഊര്‍ജ്ജവും ഇതിന്റെ സംസ്ഥാപനത്തിനായി അദ്ദേഹം വിനിയോഗിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഖാളി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരും കല്ലട്ര അബ്ദുല്‍ഖാദര്‍ ഹാജിയും ഉസ്താദിനോട് കൂടെ നിന്നു. ഉത്തരകേരളത്തിന്റെ വൈജ്ഞാനിക സ്രോതസ്സായി മാറിയ സഅദിയ്യയില്‍ നിന്ന് അദ്ദേഹത്തിന് പുറത്തുപോവേണ്ടി വന്നു പിന്നീട്. തന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി രൂപപ്പെട്ട ഒരു സ്ഥാപനത്തില്‍ നിന്ന് പുറത്തുപോവുക അത്ര എളുപ്പമൊന്നുമല്ലായിരുന്നു. പക്ഷെ, തന്റെ സാന്നിധ്യമില്ലെങ്കിലും സ്ഥാപനം സുഗമമായി നടക്കണമെന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തിന്. സഅദിയ്യയില്‍ നിന്ന് പുറത്തുവന്ന് വീട്ടിലിരിക്കുന്ന വേളയിലാണ് മൂലയില്‍ മൂസഹാജി ഒരു സ്ഥാപനം തുടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഉസ്താദിനെ സമീപിക്കുന്നത്. ഉസ്താദിന് അറുപതിനോടടുത്ത പ്രായമുണ്ട്. വാര്‍ധക്യത്തെ അമ്പരപ്പിക്കുന്ന ഊര്‍ജ്വസ്വലതയോടെ അദ്ദേഹം മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് (എം.ഐ.സി) കെട്ടിപ്പടുത്തു. ആ സ്ഥാപനത്തിന് ഉസ്താദിന്റെ സാന്നിധ്യം എത്രത്തോളം ആവശ്യമുണ്ടെന്നറിയാന്‍ നിലവിലെ സ്ഥാപനത്തിന്റെ ശോചനീയാവസ്ഥ വിലയിരുത്തിയാല്‍ മതി. ഉസ്താദിന്റെ മരണശേഷം എം.ഐ.സി. ശോചനീയമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. അടുത്തിടെ സ്ഥാപനത്തിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ നിങ്ങള്‍ അറിഞ്ഞുകാണുമല്ലോ? നിലവില്‍ അതിന്റെ പ്രസിഡണ്ടാണ് ഞാന്‍. പക്ഷെ, മനം മടുത്ത് ഒരു തവണ രാജിവെച്ചു. സമസ്ത നേതാക്കളുടെ നിര്‍ബന്ധത്തില്‍ തല്‍സ്ഥാനത്ത് തുടരുന്നു.

ഉസ്താദിന്റെ മരണം ഇന്നും ഒരു നിഗൂഢതയായി തുടരുകയാണല്ലോ. സി.ബി.ഐ പറഞ്ഞത് അതൊരു ആത്മഹത്യയാണെന്നായിരുന്നു. താങ്കള്‍ സി.എം ഉസ്താദിനെ അനുഭവിച്ചറിഞ്ഞ വ്യക്തിയാണല്ലോ? ആ മരണത്തെ പറ്റി എന്ത് പറയുന്നു?
ഉസ്താദിന്റെ മരണം ആസൂത്രിതമായ കൊലപാതകമായിരുന്നു എന്നതില്‍ ഒരു സംശയവുമില്ല. നൂറ് ശതമാനം ഉറപ്പ്. ഉസ്താദിന്റെ ഘാതകര്‍ ഇവിടെ പലയിടത്തുമുണ്ട്. ഉസ്താദിനെ പോലൊരു മഹാന്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നത് തന്നെ മഹാപാതകമല്ലേ?. തുറന്ന പുസ്തകമായിരുന്നല്ലോ ഉസ്താദ്. സദാസമയം വിശുദ്ധ ദീനിനായി യത്‌നിച്ചിരുന്ന ആ മഹാന്‍ കടുത്ത പാതകമായ ആത്മഹത്യ ചെയ്യുമോ? ആ വലിയ പാറക്കെട്ട് പരസഹായമില്ലാതെ കയറാന്‍ പോലും ആ വയോധികന് സാധിക്കില്ലെന്നത് എന്തിനാണ് സൗകര്യപൂര്‍വം വിസ്മരിക്കുന്നത്? പലരും ആരോപിക്കുന്നത് പോലെ അതൊരു ആത്മഹത്യയായിരുന്നുവെങ്കില്‍ മരണത്തിന്റെ തൊട്ടുടനെ ആരംഭിച്ച കാമ്പയിനുകള്‍ എന്തിനായിരുന്നു? എന്തിനായിരുന്നു അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരും മുമ്പേ ഇതൊരു ആത്മഹത്യയാണെന്ന് സമസ്ത നേതാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമങ്ങള്‍ നടത്തിയത്? ഇത്തരം ശ്രമങ്ങള്‍ തന്നെ ഈ കേസിന്റെ ദുരൂഹമായ സ്വഭാവത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഇത് ആത്മഹത്യയല്ല എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ബോധപൂര്‍വമായ അക്രമങ്ങളുണ്ടാവുന്നു. അവരെ അപായപ്പെടുത്താന്‍ പലരും ആസൂത്രിതമായി ശ്രമിക്കുന്നു. എന്റെ വാഹനത്തിന് നേരെ രണ്ട് തവണ അക്രമങ്ങള്‍ നടന്നിട്ടുണ്ട്.

താങ്കളെ അപായപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചുവെന്നാണോ? സി.എം ഉസ്താദിന് ലഭിച്ചുവെന്ന് പറയപ്പെടുന്നത് പോലെ വധ ഭീഷണിയുണ്ടായിരുന്നോ ഉസ്താദിന്?
വധഭീഷണിയുള്ള കത്തുകളൊന്നും ലഭിച്ചിട്ടില്ല. പക്ഷെ, രണ്ടു തവണ വധശ്രമങ്ങളുണ്ടായി. സി.എം ഉസ്താദ് കേസില്‍ ഉത്തരവാദപ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ കുടുംബം നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഞാന്‍ രംഗത്ത് വന്ന സന്ദര്‍ഭങ്ങളിലായിരുന്നു രണ്ടും. ഒരു തവണ തീര്‍ത്തും വിജനമായ പ്രദേശത്ത് വെച്ച് എന്റെ വാഹനത്തെ ചിലര്‍ പിന്തുടര്‍ന്നു. അവസാനം ആള്‍ക്കൂട്ടമുള്ളിടത്ത് വാഹനം നിര്‍ത്തിയിടേണ്ടി വന്നു. ഈ കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പലരും ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചിട്ടുണ്ട് എന്നത് ഇവിടെ ചേര്‍ത്തുവായിക്കണം. മുല്ലക്കോയ തങ്ങള്‍ എന്ന പേരുള്ള, രിയാളകള്‍ ഒരുപാട് ചെയ്തിരുന്ന ഒരു വ്യക്തി സി.എം ഉസ്താദ് കൊല്ലപ്പെട്ടതിന് ശേഷം എന്റെ പക്കലെത്തി. കൊലപാതകികള്‍ ഉപയോഗിച്ച വണ്ടിയുടേതാണ് എന്ന് പറഞ്ഞ് ഒരു വാഹനത്തിന്റെ നമ്പര്‍ കൈമാറി. അന്ന് ഉസ്താദിന്റെ മരുമകന്‍ അബ്ദുല്‍ ഖാദര്‍ എന്റെ കൂടെയുണ്ട്. ഞാന്‍ നമ്പര്‍ ഉസ്താദിന്റെ മകന്‍ ശാഫിക്ക് കൈമാറി. ഒരു പാലക്കാട് രജിസ്‌ട്രേഷന്‍ വാഹനമാണ് അതെന്ന് മനസ്സിലാക്കിയ ശാഫി തന്റെ സുഹൃത്ത് വഴി പാലക്കാട്ടെ ഒരു പോലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെടുകയും വാഹനത്തിന്റെ വിവരങ്ങള്‍ കൈമാറാമെന്ന് അദ്ദേഹം ഉറപ്പ് നല്കുകയും ചെയ്തു. പക്ഷെ, അന്നു രാത്രി കഴിഞ്ഞതില്‍ പിന്നെ ശാഫിയുടെ സുഹൃത്തിന്റെയും പോലീസ് ഉദ്യോഗസ്ഥന്റെയും യാതൊരു വിവരവുമില്ല. നിരന്തരമായി വിളിച്ചിട്ടും കാള്‍ സ്വീകരിക്കുന്നുമില്ല. ഈ സംഭവത്തിന് ശേഷം, രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മുല്ലക്കോയ തങ്ങള്‍ക്ക് അര്‍ധ രാത്രി അദ്ദേഹത്തിന്റെ മകളുടെ വീട്ടിലെക്കെത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു ഫോണ്‍കോള്‍. വിളിച്ചത് ആരാണെന്നതിനെ പറ്റി ഇന്നും വിവരമില്ല. തന്റെ ബൈക്കെടുത്ത് പുറപ്പെട്ട തങ്ങളെ പിറ്റേന്ന് കാണുന്നത് വിജനമായ സ്ഥലത്ത് റോഡരികില്‍ മരണപ്പെട്ട് കിടക്കുന്നതായാണ്. എന്റെ വാഹനത്തെ ചിലര്‍ പിന്തുടര്‍ന്ന അതേ സ്ഥലത്തു തന്നെ! സി.എം ഉസ്താദിന്റെ ഫോണിലേക്ക് അവസാനമായി ബന്ധപ്പെട്ടത് കാണിയാന്‍ മഹ്മൂദ് എന്ന വ്യക്തിയായിരുന്നു. ഇത് സി.ബി.ഐ റിപ്പോര്‍ട്ടിലുള്ള കാര്യമാണ്. എന്നാല്‍ അയാളുടെ ഫോണ്‍ മറ്റൊരാള്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിരുന്നു. കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ഉച്ചക്ക് വന്ന് ഒരു നഴ്‌സ് എന്തോ കുത്തിവെക്കുകയും രാത്രിയോടെ അയാള്‍ മരണപ്പെടുകയും ചെയ്തു. രായ്ക്കുരാമാനം ബന്ധുക്കള്‍ കൂടി ഇദ്ദേഹത്തെ മറമാടി. ഇതെല്ലാം അദ്ദേഹത്തിന്റെ മകള്‍ എന്നോട് പറഞ്ഞതാണ്. സി.എം ഉസ്താദുമായി അവസാനം സംസാരിച്ച വ്യക്തിയെ ഇദ്ദേഹത്തിന് അറിയുന്നത് കൊണ്ടുതന്നെയായിരിക്കാം ഇത്തരമൊരു ദുരൂഹ മരണം നടന്നതും ഒരു അന്വേഷണത്തിനും ഇട നല്‍കാതെ മറമാടിയതും!

ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്? കൊല്ലപ്പെടുമ്പോള്‍ സമസ്തയുടെ വൈസ് പ്രസിഡണ്ടായിരുന്നല്ലോ സി.എം ഉസ്താദ്?
സി.എം ഉസ്താദ് വധത്തില്‍ സമസ്തയെ പഴി ചാരുന്നതില്‍ അര്‍ഥമുണ്ടെന്ന് കരുതുന്നില്ല. സമസ്തയുടെ കേന്ദ്ര നേതാക്കള്‍ നീതിക്ക് വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ കുടുംബത്തിന്റെ കൂടെയുണ്ട്. നിയമപരമായി മുന്നോട്ട് പോവാന്‍ തന്നെയാണ് സമസ്തയുടെ തീരുമാനം. നീതിക്കായി പ്രക്ഷോഭം ശക്തമാക്കാന്‍ വേണ്ടിയുള്ള സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ആഹ്വാനം പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നതാണ്. ഈ വധത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരും. പല ആരോപണങ്ങള്‍ക്കും വിധേയമായവരെ പുറത്താക്കിയ ചരിത്രം സമസ്തക്കുണ്ട്. സമസ്തയുടെ കേന്ദ്ര നേതാക്കളാണ് ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടത്. സി.എം ഉസ്താദെന്ന മഹാമനീഷിയുടെ ജീവിതം അനുഭവിച്ചറിഞ്ഞവരാണ് ഉത്തരകേരളത്തിലെ സമസ്തയുടെ അണികള്‍. അവര്‍ക്ക് സമസ്ത ഖാദിയാര്‍ച്ചയായിരുന്നു. ആ സാന്നിധ്യത്തിലായിരുന്നു പ്രതീക്ഷ. അതിനെ ബോധപൂര്‍വം ഇല്ലാതാക്കിയതില്‍ പങ്ക് പറ്റിയവര്‍ക്ക് അവര്‍ മാപ്പ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നത് വലിയ അബദ്ധമാവും.

Comments

com­ments

About ഉസ്താദ് ത്വാഖാ അഹ്മദ് അസ്ഹരി

Check Also

കൊളോണിയലാനന്തര വിദ്യാഭ്യാസത്തിന്റെ പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍

ശൈഖ് ഹാമിദ് ഖാന്റെ ‘ആംബിഗസ് അഡ്വഞ്ചര്‍’ എന്ന നോവല്‍ ശ്രദ്ധേയമാകുന്നത് കൊളോണിയല്‍ വിദ്യാഭ്യാസത്തെ അധിനിവേശത്തിന്റെ ആയുധമെന്ന് വ്യാഖ്യാനിക്കുന്നതിലാണ്. യുദ്ധവും അധിനിവേശവും …