Home / 2018 / ഹാജി
theli

ഹാജി

ശറന്ദീബുകാരന്‍ ആദമിനെയും സൗദിക്കാരി ഹവ്വായെയും ഒന്നിപ്പിച്ച നാഥാ എനിക്കെന്റെ പ്രിയപ്പെട്ടവളെ തിരിച്ചു തരണേ… കഅ്ബയുടെ കല്‍ച്ചുമരില്‍ മുഖമമര്‍ത്തി കരച്ചിലിന്റെ രാഗമുള്ള സിറിയന്‍ അറബിയില്‍ ഹാജി പ്രാര്‍ത്ഥിച്ചത് ഇത്രമാത്രമായിരുന്നു. കണ്ണില്‍ കടലൊളിപ്പിച്ച പരസഹസ്രങ്ങള്‍ അലയടിക്കുന്ന മത്വാഫില്‍ നില തെറ്റാതെ നില്‍ക്കാന്‍ പാട്‌പെട്ട് ഹാജി അത് തന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
അപ്രതീക്ഷിതമായ വ്യോമാക്രമണത്തില്‍ ചരിത്രം നഷ്ടപ്പെട്ട് ചിത്രങ്ങളില്ലാതെ പോയ കിഴക്കന്‍ സിറിയയിലെ ഗ്രാമത്തില്‍ നിന്ന് ഇറങ്ങിയോടിയ രാത്രി സത്യം പറഞ്ഞാല്‍ അയാള്‍ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. കൂടെ അവളും. നിലവിളികളുടെ ബഹളത്തില്‍ ഇറങ്ങിയോടിയ അവള്‍ വിഛേദിക്കപ്പെട്ട വൈദ്യുതി തീര്‍ത്ത ഇരുട്ടില്‍ ലയിച്ചു. പേര് വിളിച്ച് പിന്നാലെ പാഞ്ഞെങ്കിലും ഗത്യന്തരമില്ലാതെ ഇനിയും തകര്‍ന്നിട്ടാല്ലാത്തൊരു കെട്ടിടത്തിന്റെ ചെരുവില്‍ അമര്‍ന്നു കിടന്നു. പിന്നെയും ബോംബു പെയ്യുന്നതിന്റെ ഇടിനാദങ്ങള്‍, മിന്നല്‍പിണരുകള്‍.
മുറ്റത്തെ പനിനീര്‍ചെടിയില്‍ നിന്ന് പറിച്ചെടുത്ത പൂവ് കാണിച്ച് അവള്‍ പറഞ്ഞിരുന്നു മനുഷ്യര്‍ യുദ്ധം ചെയ്ത് മരിക്കുന്നു, ഇതൊന്നുമറിയാതെ പിന്നെയും കൂറെ പൂക്കള്‍ ജനിക്കുന്നു. അന്നേ രാത്രി ആ പൂവിനോളം മൃദുലമായ കൈതലം തന്റെ കവിളില്‍ ചേര്‍ത്ത് കിടക്കുമ്പോഴാണ് വ്യോമാക്രമണമുണ്ടായത്. ഭീകരമായ ഇടിനാദത്തേ തുടര്‍ന്ന് ജനല്‍ ചില്ലുകള്‍ പൊട്ടിച്ചിരിച്ചത് കേട്ടാണ് ഒരു നില വിളിയോടെ അവള്‍ കിടക്ക വിട്ട് ഓടിയത്. പിന്നാലെ താനും.
ത്വവാഫിന്റെ ഒഴുക്കില്‍ ലബൈക്ക ചൊല്ലാന്‍ അയാള്‍ ഇബ്രാഹീമിന്റെ വിളി കേട്ടുവന്ന ദൈവത്തിന്റെ അതിഥിയായിരുന്നില്ല, നല്ല പാതിയെ നഷ്ടപ്പെട്ട് ഇന്ത്യയില്‍ നിന്നു നാല്‍പതു തവണ കഅ്ബായിലേക്ക് പ്രണയത്തിന്റെ പദയാത്രനടത്തിയ ആദമിന്റെ അപരനായിരുന്നു അയാള്‍.
വ്യോമാക്രമണം കഴിഞ്ഞതിന്റെ അടുത്ത ദിവസം പ്രതീക്ഷയോടെ മിഴിതുറക്കുന്ന പ്രഭാതസൂര്യന്റെ വെളിച്ചത്തില്‍ ഇറങ്ങിയോടിയ വീട്ടിലേക്ക് തന്നെ തിരിച്ചു നടന്നു. പൊളിഞ്ഞ വീടുകളില്‍ മറന്നുവെച്ച ബന്ധങ്ങളെ തിരയുന്നുണ്ടായിരുന്നു, അപ്പോഴും കുറെ അഭയാര്‍ത്ഥികള്‍. സഹായിക്കാന്‍ കുറെ സന്നദ്ധ സംഘങ്ങളും.
ചില്ലുതകര്‍ന്ന ജനലിലൂടെ പറന്നുവന്ന പൊടിപടലങ്ങള്‍, അന്തിയുറങ്ങിയ കിടക്കവിരി കണ്ടപ്പോഴേ മനസ്സിലായി അവള്‍ തിരിച്ചുവന്നിട്ടില്ലെന്ന്. വരുമായിരുക്കുമെന്ന പ്രതീക്ഷയില്‍ ടൈലുകള്‍ പൊട്ടിയ പടിക്കെട്ടില്‍ കാത്തിരുന്നു. ഭാഗികമായോ പൂര്‍ണമായോ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് പരിക്കേറ്റവരെയും മറ്റും പുറത്തെടുക്കുന്നത് നോക്കി മരിച്ച മനസോടെ അയാള്‍ ഇരുന്നു.
ഇന്ന് സുബ്‌ഹോടെ കുറെ ആളുകളെ ഏതോ സന്നദ്ധ സംഘം ദൂരെയെങ്ങോ ഉള്ള അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ടെന്നറിഞ്ഞത് അങ്ങാടിയില്‍ പുസ്തകക്കട നടത്തിയിരുന്ന അയല്‍ക്കാരന്‍ ചെറുക്കന്‍ പറഞ്ഞപ്പോഴാണ്. അവന്റുമ്മയും അനിയത്തിയും അങ്ങനെപോയെന്ന് ഒരു ശൈഖ് പറഞ്ഞാണ് അവന്‍ അറിഞ്ഞത്, ഉപ്പ എവിടെയാണെന്ന് തിരിഞ്ഞു നടക്കുകയാണ് അവന്‍. തന്റെ ബീബിയും അവരോടൊപ്പം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് പോയിട്ടുണ്ടാകുമെന്ന അവന്റെ നിരീക്ഷണത്തോട് യോജിക്കാനോ വിയോജിക്കാനോ ആകാതെ അയാളിരുന്നു വിയര്‍ത്തു.
അഭയാര്‍ത്ഥികള്‍ക്ക് ഹജ്ജിന്റെ ക്വോട്ട തീരുമാനിച്ച് സൗദി ഗവര്‍മെന്റിന്റെ വിജ്ഞാപനം വാര്‍ത്തയില്‍ കണ്ട ദിവസമാണ് കിടക്കക്കടിയില്‍ അപ്പോഴും ഭദ്രമായിരുന്ന പാസ്‌പ്പോര്‍ട്ടെടുത്ത് അയാള്‍ ഹജ്ജിന് പോകാന്‍ തീരുമാനിച്ചത്.
അവളുടെ മാന്‍മിഴി പോലെ വെളുപ്പില്‍ കറുത്തിരിക്കുന്ന ഹജറുല്‍ അസ്‌വദില്‍ ചുണ്ടമര്‍ത്തുമ്പോഴും അവളെ തിരിച്ചു കിട്ടണേ എന്ന് മാത്രം ഹാജ്ജി പ്രാര്‍ത്ഥിച്ചു. പിന്നെയും പിന്നെയും ചുംബിക്കാന്‍ കുനിഞ്ഞപ്പോള്‍ ഏതോ സുഡാനി തള്ളി മാറ്റി.
തന്നതൊക്കെ തിരിച്ചെടുക്കാനും എടുത്തതൊക്കെ തിരിച്ച് തരാനും കഴിയുന്ന പടച്ചോന്റെ വീട്ടുപടിക്കല്‍ തലവെച്ച് പിന്നെയും പിന്നെയും പ്രാര്‍ഥിച്ച് കൊണ്ടേയിരുന്നു.… മൂകമായൊരു സുജൂദായ് അയാള്‍ മഖാമില്‍ വീണു. കണ്ണീരിന്റെ സംസമുറവകള്‍ മാര്‍ബിള്‍ നിലത്ത് ഒഴുകിപ്പരന്നു.
സ്വഫാ കുന്നില്‍ നിന്ന് മര്‍വായിലേക്കും തിരിച്ചും നെട്ടോട്ടമോടുമ്പോള്‍ ഹാജറിന്റെ ദാഹജലം കണക്കെ അയാളുടെ മനസ് അവളെ മാത്രം തേടിക്കൊണ്ടിരുന്നു. നടന്നും ഓടിയും ഏഴു ചാല്‍ തീര്‍ത്തിട്ടും അവളെയും കൊണ്ട് ഒരു ജിബ്‌രീല്‍ മാലാഖയും വരാത്തതിന് അയാള്‍ ദൈവത്തോട് പരാതിപ്പെട്ടു.
മുസ്തലിഫയില്‍ പാര്‍ത്ത രാത്രി നാട്ടിലെ മക്തബില്‍ വെച്ച് ആദമിന്റെ കഥ പഠിപ്പിച്ച ശൈഖിനെ ഹാജി സ്വപ്‌നം കണ്ടു. മുന്‍പല്ലുകള്‍ കൊഴിഞ്ഞ മോണ കാട്ടിച്ചിരിക്കുമ്പോള്‍ അയാളുടെ നിറം മങ്ങിയ കണ്ണുകള്‍ ഒത്തിരി കൂടി ചെറുതായി. സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കാപ്പെട്ട ശേഷം ഹവ്വായെ തേടിനടന്ന ആദമിന് അവരെ തിരിച്ചുകിട്ടിയത് അറഫയില്‍ വെച്ചായിരുന്നുവെന്ന് മാത്രം പറഞ്ഞ് ശൈഖ് നിന്നിടം ശൂന്യമായി.
അറഫ; മനുഷ്യ ചരിത്രത്തിലെ പ്രഥമ സമാഗമത്തിന്റെയിടം, പരകോടി വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ചരിത്രാവര്‍ത്തനമാകുമോ എന്ന പ്രത്യാശയില്‍ ഹാജി അറഫയിലേക്ക് തിരിച്ചു. ഒന്നുമില്ലാതിരിക്കുമ്പോഴുള്ളത് പോലെ തന്നെ ഭീകരമായ ശൂന്യതയാണ് എല്ലാമുണ്ടാകുമ്പോഴും തേടിയത് മാത്രമില്ലാതിരിക്കുമ്പോള്‍ അനുഭവപ്പെടുക. അതിര്‍ത്തികള്‍ മായിച്ച ലോകത്തിന്റെ ഭൂപടം പോലെ പരന്ന് കിടന്ന അറഫയിലെ ഭക്ത ജനങ്ങള്‍ക്കിടയില്‍ തന്റെ പ്രിയപ്പെട്ടവളെ തേടി നടന്ന് ഒടുക്കം നിരാശയുടെ ഭാരം കൊണ്ട് താഴ്ന്ന തലയുമായി ഒരു പാറക്കല്ലില്‍ ഇരിക്കുമ്പോള്‍ ഈ ശൂന്യതയാണ് അയാളെ ചുറ്റിയത്. നടന്ന വഴികളില്‍ പിന്നെയും നടന്ന് വിയര്‍ത്തു വിളറിയ മെയ്യും തളര്‍ന്ന മനസ്സുമായി പുറക്കല്ലിലിരിക്കുമ്പോള്‍ ദിവാസ്വപ്‌നത്തിലെന്നോണം മക്തബിലെ ശൈഖിനെ വീണ്ടും കണ്ടു. അദ്ദേഹം പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗം പഠിപ്പിക്കുകയായിരുന്ന്ു. അറഫയിലാണ് പ്രവാചകരതു നടത്തിയത്…
രക്തവും സമ്പത്തും അഭിമാനവും കയ്യേറല്‍ നിഷിദ്ധമാണെന്ന പ്രഖ്യാപനത്തിന്‍ മേലെ ഏതോ സിറിയക്കാരന്റെ ചോര ചിന്തുന്ന ക്ലും ശബ്ദം കേട്ട് ഹാജിയുണര്‍ന്നു. അറഫയില്‍ കൂടിയവര്‍ പിരിഞ്ഞു തുടങ്ങിയിരുന്നു. ദൂരെ കരഞ്ഞു ചുവന്ന മുഖത്തോടെ സൂര്യനും. അവസാനത്തെ പ്രതീക്ഷയും അസ്തമിക്കുന്നത് കണ്ട് അയാള്‍ തന്റെ മുറിയിലേക്ക് നടന്നു.
പിറ്റേന്ന്, യുദ്ധത്തിന് കാരണമാകുന്ന എല്ലാ പിശാചുക്കളും ഭൂമിയില്‍ നിന്ന് ഓടിപ്പോകട്ടെ എന്ന് നിയ്യത്ത് ചെയ്ത് ജംറയിലേക്ക് അയാള്‍ കല്ലെറിഞ്ഞു.

Comments

com­ments

About ജലീല്‍ അയ്യായ

Check Also

thelitcham

ഒരു ‘സര്‍ജിക്കല്‍ അറ്റാക്ക്‌ , ഒരു കോടതി വിധി, മാധ്യമങ്ങളും

ഈ ലക്കം ‘തെളിച്ചം’ ഇറങ്ങുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പുള്ള ഒരാഴ്ചയോ അതിലേറെയോ നീണ്ടുനിന്ന കാലം ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് കൊയ്ത്തുകാലമായിരുന്നു. …