Home / 2018 / ജാതി, വംശം, ലിംഗപദവി: ലിബറല്‍ വയലന്‍സിന്റെ കീഴാള വിചാരണകള്‍

ജാതി, വംശം, ലിംഗപദവി: ലിബറല്‍ വയലന്‍സിന്റെ കീഴാള വിചാരണകള്‍

നിരീശ്വരവാദത്തിന്റെ ചരിത്രം വലിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. ലോകത്താകമാനം, പ്രത്യേകിച്ചും പാശ്ചാത്യ സമൂഹങ്ങളില്‍, മതങ്ങളെ പൊതുവിലും ഇസ്‌ലാമിനെ പ്രത്യേകിച്ചും ലക്ഷ്യം വെക്കുന്ന ഒരു നവനിരീശ്വരവാദം ഉയര്‍ന്നു വന്നിരിക്കുന്നു. മുസ്‌ലിം വിരുദ്ധ വംശീയതയെ പ്രചരിപ്പിക്കുകയും സാമ്രാജ്യത്വ രാഷ്ട്രീയത്തെ പിന്തുണക്കുകയും ചെയ്യുന്നതിന്റെ പേരില്‍ ഈ നവനിരീശ്വരവാദത്തിന് ലിബറല്‍ ലോകങ്ങളില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇസ്‌ലാമിനെയും മുസ്‌ലിമിനെയും അപരവല്‍ക്കരിക്കുന്ന സാഹിത്യങ്ങളെ പരിഭാഷകളായും നിരൂപണങ്ങളായും വരവേറ്റിട്ടുള്ള മലയാളി ബുദ്ധിജീവി വൃത്തങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ദലിത്-മുസ്‌ലിം സ്വത്വവുമായോ സ്വത്വരാഷ്ട്രീയവുമായോ ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിയോ-എത്തിസ്റ്റിക് വംശീയതയുടെ സാന്നിധ്യവും സ്വാധീനവും സജീവമായി വരുന്നത് ഇതിന്റെ അടയാളമായി കാണാം.
സംവരണവും ന്യൂനപക്ഷാവകാശങ്ങളും പോലെയുള്ള വിഷയങ്ങളില്‍ ജാതീയവും വംശീയവുമായ താല്‍പര്യങ്ങളോടെ ഇടപെടുന്ന യുക്തിവാദികളെ നാം കാണാറുണ്ട്. ജാതിയും മതവും ഉപേക്ഷിച്ച് മനുഷ്യരായി മാറുക എന്നുള്ള അതിലളിതമായ മുദ്രാവാക്യമാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കപ്പെട്ട ജാതി സ്വമേധയാ ഉപേക്ഷിക്കുന്നത് സാധ്യമല്ലെന്നും, സ്വമേധയാ തിരഞ്ഞെടുത്ത മതം നിര്‍ബന്ധിതാവസ്ഥയില്‍ ഉപേക്ഷിക്കുന്നത് നീതിയല്ലെന്നുമുള്ള സാമാന്യ യുക്തിയെപ്പോലും നിരാകരിക്കാന്‍ യുക്തിവാദത്തെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കും? ജാതിയുടെയും മതത്തിന്റെയും പേരില്‍ സ്വത്വപ്രതിസന്ധി നേരിടുന്ന സമുദായങ്ങളെ മനുഷ്യരായി പോലും പരിഗണിക്കാത്ത ഒരു പ്രത്യയശാസ്ത്രം ഏതു തരം മാനവ സങ്കല്‍പത്തെയാണ് മുന്നോട്ടു വെക്കുന്നത്? പുരോഹിതാധികാരത്തിന്റെ പേരില്‍ മതങ്ങളെ നിരസിക്കുന്നവര്‍ പലരും ജാതി-വംശ അധികാരങ്ങളോട് നിശ്ശബ്ദത പുലര്‍ത്തുന്നത് എന്ത് കൊണ്ടാണ്? ഈ ചോദ്യങ്ങളിലേക്ക് തിരിച്ചു വരുന്നതിന് മുമ്പ് മറ്റുചില സംഭവങ്ങളിലേക്ക് പോകാം.

******
പര്‍ദ്ദ, ശരീഅത്ത് എന്നീ വാക്കുകള്‍ക്ക് ശേഷം മലയാളി മതേതര പൊതുബോധത്തെ ഏറ്റവും കൂടുതല്‍ അസ്വസ്ഥമാക്കിയിട്ടുള്ളത് ഫത്‌വ എന്ന പദമായിരിക്കാം. മുസ്‌ലിം പെണ്‍കുട്ടികളുടെ ആവിഷ്‌കാര സ്വാതന്ത്യത്തിനു വേണ്ടി ഒരു പുരോഗമന വിദ്യാര്‍ഥി സംഘടന നടത്തിയ നൃത്ത പരിപാടിയുടെ ആപ്തവാക്യം ”മതതീവ്ര ഫത്‌വകള്‍ക്കെതിരെ മാനവിക പ്രതിരോധം” എന്നായിരുന്നു. അടുത്ത കാലത്ത് നടന്ന ഒരു സോഷ്യല്‍ മീഡിയ സംവാദത്തില്‍ ഏതാനും ഇടതുപക്ഷ അനുഭാവികള്‍ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങളെ വിശേഷിപ്പിക്കാന്‍ ഒരു പ്രമുഖ ബുദ്ധിജീവി ഉപയോഗിച്ച പദവും ഫത്‌വ എന്നായിരുന്നു.
ഇസ്‌ലാമിന്റെ വിശ്വാസ വ്യവസ്ഥയെയോ മുസ്‌ലിംകളുടെ സാമുദായിക സംഘാടനത്തെയോ ഔദ്യോഗികമായി പ്രതിനിധാനം ചെയ്യാത്ത ഏതാനും ഫെയ്‌സ്ബുക്ക് പ്രൊഫൈലുകളില്‍ നിന്നുള്ള കമന്റുകളെ വിശേഷിപ്പിക്കാന്‍ ഇസ്‌ലാമിന്റെ പദാവലികളിലേക്ക് ചെന്ന് വാക്കുകള്‍ തിരയുന്നത് എന്ത് കൊണ്ടാണെന്ന് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. കമ്മ്യൂണിസ്റ്റ് പുരുഷന്റെ ആള്‍ക്കൂട്ട അക്രമത്തെ സൂചിപ്പിക്കാന്‍ ഇസ്‌ലാമിന്റെ സാങ്കേതിക പദങ്ങള്‍ ഉപയോഗിക്കുന്നതിലെ രാഷ്ട്രീയവും ഈ ലേഖനത്തിന്റെ വിഷയമല്ല. മറിച്ച് മാനവികതയുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയുമൊക്കെ വിപരീത പദങ്ങളായി മതം, ഫത്‌വ തുടങ്ങിയ വാക്കുകളെ പ്രതിഷ്ഠിക്കുന്ന പൊതുബോധത്തെ കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
മറ്റൊരു ഉദാഹരണം നോക്കാം. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ ഒരു സഹസ്ഥാപനത്തിലെ സാഹിത്യ ശില്‍പശാലയിലേക്ക് ക്ഷണിക്കാനെത്തിയ വിദ്യാര്‍ഥികളോട് കേരളത്തിലെ ഒരു പ്രമുഖ സാഹിത്യകാരന്‍ ഇസ്‌ലാമിഫോബിക്കായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുകയും ആ ആരോപണം തന്നെ വലിയൊരു വിവാദത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. സാഹിത്യം, ആവിഷ്‌കാരം, മതേതരത്വം തുടങ്ങിയ സങ്കല്‍പങ്ങളെ ഒരു ഭാഗത്തും അറബിക് കോളേജ്, വെള്ളത്തലപ്പാവ് എന്നിങ്ങനെയുള്ള ഇമേജുകളെ മറുഭാഗത്തും നിര്‍ത്തുന്ന ഒരു സംവാദ മാതൃക തന്നെ ഇതേ തുടര്‍ന്ന് രൂപപ്പെട്ടു. സ്വതന്ത്രമായ ആവിഷ്‌കാരങ്ങളെ അടിച്ചമര്‍ത്തുന്ന പൗരോഹിത്യമതമാണ് ഇസ്‌ലാം എന്ന ലിബറല്‍ കണ്ടുപിടുത്തത്തിന്റെ പശ്ചാത്തലങ്ങളാണ് ഈ ലേഖനം അന്വേഷിക്കാന്‍ ശ്രമിക്കുന്നത്.
ബ്രിട്ടീഷ്-ഇന്ത്യന്‍ എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദിയുടെ സാത്താനിക് വേഴ്‌സസ് എന്ന നോവലിനെതിരെ ഇറാനിയന്‍ ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനി നടത്തിയ പ്രതികരണവുമായി ബന്ധപ്പെട്ടാണ് ഫത്‌വ എന്ന വാക്ക് ലിബറലുകളും നിരീശ്വരവാദികളും ഏറ്റെടുക്കുന്നത്. പിന്നീട് ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്‌റിന്റെ ലജ്ജ എന്ന നോവലിനെതിരായ പ്രതികരണങ്ങളെ തുടര്‍ന്ന് ഫത്‌വ എന്ന പദം അസഹിഷ്ണുതയുടെ പര്യായമായി ഉറപ്പിച്ചെടുത്തു. വിമര്‍ശനങ്ങളെ വച്ചുപൊറുപ്പിക്കാത്ത മതമാണ് ഇസ്‌ലാം എന്ന് വരുത്തിത്തീര്‍ക്കുന്ന പല വേദികളിലും ഈ വാക്ക് ഉപയോഗിക്കപ്പെട്ടിരുന്നു.
യഥാര്‍ഥത്തില്‍ ഇത്രയേറെ ഹിംസാത്മകമാണോ ഇസ്‌ലാം? സുദീര്‍ഘമായ ഒരു വിമര്‍ശന പാരമ്പര്യത്തെയാണ് ഇസ്‌ലാം പ്രതിനിധാനം ചെയ്യുന്നതെന്ന് ഇര്‍ഫാന്‍ അഹ്മദ് പറയുന്നുണ്ട്. മനുഷ്യനിര്‍മിതമായ അധികാര വ്യവസ്ഥകളോട് വിമര്‍ശനാത്മകമായി ഇടപെട്ടുകൊണ്ട് നിലവിലുള്ള മൂല്യവ്യവസ്ഥകളെ ദൈവികമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പുനഃസംഘടിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകന്‍മാരെ ഇസ്‌ലാമിക ചരിത്രത്തില്‍ നാം കണ്ടുമുട്ടുന്നു. ദൈവദത്തമായ ജ്ഞാനത്തെ പരിപൂര്‍ണമായി ആശ്രയിക്കുകയും, അതിന്റെ വ്യാഖ്യാനങ്ങളില്‍ മനുഷ്യയുക്തിയെ പൂര്‍ണമായി നിരാകരിക്കാതിരിക്കുകയും ചെയ്യുന്ന ആന്തരിക സംവാദങ്ങള്‍ ഇസ്‌ലാമിന്റെ വിമര്‍ശന പാരമ്പര്യത്തെ സജീവമായി നിലനിര്‍ത്തിയതായി കാണാം.
മുസ്‌ലിംകള്‍ വിമര്‍ശനങ്ങളോട് സഹിഷ്ണുത പുലര്‍ത്താന്‍ തയ്യാറല്ലെന്ന് വാദിക്കുന്ന യുക്തിവാദികള്‍ക്കും, ഇസ്‌ലാം തന്നെ ഒരു വിമര്‍ശന പദ്ധതിയാണെന്ന് വാദിക്കുന്ന ഇര്‍ഫാന്‍ അഹ്മദിനുമിടയില്‍ നിന്ന് കൊണ്ട് മതനിന്ദ(ബ്ലാസ്ഫമി) എന്ന പ്രശ്‌നത്തെ നാം എങ്ങനെയാണ് സമീപിക്കുക? ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായിട്ടാണ് ലിബറലുകള്‍ മതനിന്ദാരോപണത്തെ വിലയിരുത്താറുള്ളത്. എന്നാല്‍ തലാല്‍ അസദ് അവരോട് വിയോജിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കേവല അതിക്രമമായി ലളിതവല്‍ക്കരിച്ചാല്‍ മതനിന്ദാരോപണത്തെക്കുറിച്ച് മനസ്സിലാക്കാനാവില്ലെന്നാണ് അസദ് പറയുന്നത്. മറിച്ച്, ഓരോ കാലത്തും ഓരോ ദേശത്തും ‘ആവിഷ്‌കാര സ്വാതന്ത്ര്യം’ ഏതെല്ലാം രൂപത്തില്‍ ഉപയോഗിക്കപ്പെടാമെന്നതിലേക്കുള്ള ചൂണ്ടുപലകയായിട്ടാണ് മതനിന്ദാരോപണങ്ങളെ വിലയിരുത്തേണ്ടതെന്ന് അദ്ദേഹം വാദിക്കുന്നു.
മതനിന്ദക്കെതിരെ മതവിശ്വാസികള്‍ നടത്തിയിട്ടുള്ള അക്രമാസക്തമായ പ്രതികരണങ്ങള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മതനിന്ദകരെ ശിക്ഷിക്കാന്‍ മതാത്മക ഭരണകൂടങ്ങള്‍ നടത്തുന്ന അധികാരപ്രയോഗങ്ങളെയും നാം പ്രശ്‌നവല്‍ക്കരിക്കാറുണ്ട്. എന്നാല്‍, മതങ്ങളുടെ വിശ്വാസത്തിനും വിജ്ഞാനത്തിനും നേരെ യുക്തിവാദികള്‍ നടത്തുന്ന അതിരൂക്ഷമായ അധിനിവേശങ്ങളെക്കുറിച്ച് പഠിക്കുന്ന വ്യവഹാരങ്ങള്‍ ഇനിയും സജീവമായിട്ടില്ല. ഇവിടെയാണ് ക്രിസ്റ്റോഫ് ബോംഗാര്‍ട്‌നറുടെ നിരീക്ഷണങ്ങള്‍ പ്രസക്തമാകുന്നത്. സല്‍മാന്‍ റുഷ്ദിക്കും മുഹമ്മദ് നബിയെ അധിക്ഷേപിച്ച ഡാനിഷ് കാര്‍ട്ടൂണുകള്‍ക്കുമെതിരെ മുസ്‌ലിംകള്‍ നടത്തിയ നേരിയ വിമര്‍ശനങ്ങളെ പോലും പ്രാകൃതവും അപരിഷ്‌കൃതവുമായി കാണുന്ന വാദങ്ങളെ ബോംഗാര്‍ട്‌നര്‍ നിരാകരിക്കുന്നു. വ്യക്തികളുടെ വൈകാരികതയെ മാത്രമല്ല, സമൂഹത്തിന്റെ അടിസ്ഥാനപരമായ ധാര്‍മികമൂല്യങ്ങളെത്തന്നെ ആക്രമിക്കാന്‍ മതനിന്ദകര്‍ക്ക് സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. വിശ്വാസികള്‍ക്ക് മേല്‍ മാനസികമായ ആഘാതങ്ങള്‍ ഏല്‍പ്പിക്കുന്നതോടൊപ്പം, സാമൂഹികജീവിതത്തിന്റെ സന്തുലിതാവസ്ഥ തന്നെ ഇതിലൂടെ അപകടത്തിലാവുന്നു. മതനിന്ദയില്‍ അന്തര്‍ലീനമായ ഹിംസയെക്കുറിച്ചാണ് ബോംഗാട്‌നര്‍ ഇവിടെ സംസാരിക്കുന്നത്.
മതചിഹ്നങ്ങള്‍ മതവിശ്വാസികളെ പ്രതിനിധാനം ചെയ്യുന്നുവെന്നും മതചിഹ്നങ്ങള്‍ക്ക് നേരെയുള്ള അധിക്ഷേപം വിശ്വാസി സമൂഹങ്ങളെകുറിച്ച് അപമാനകരമായ വാര്‍പ്പ് മാതൃകകള്‍ നിര്‍മിക്കുന്നുവെന്നും വാദിക്കുന്ന താരിഖ് മൊദൂദിനെ ഇതോടൊപ്പം ചേര്‍ത്ത് വായിക്കാം. ചില പ്രത്യേക ജനവിഭാഗങ്ങളെക്കുറിച്ച് അപമാനകരമായ വാര്‍പ്പ് മാതൃകകള്‍ നിര്‍മിക്കുന്നത് ആ ജനതകളെ സാമൂഹികമായി അപരവല്‍ക്കരിക്കുന്നതിലേക്ക് നയിക്കുന്നു. ഇത്തരം അപരവല്‍കൃത സമുദായങ്ങളാണ് ചരിത്രത്തിലെവിടെയും ഏറ്റവും എളുപ്പത്തില്‍ ആക്രമിക്കപ്പെടാറുള്ളത്. മുസ്‌ലിംകള്‍ക്കും ജൂതന്മാര്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കുമെതിരെ നടന്ന വംശഹത്യകള്‍ക്ക് മുന്നോടിയായി ആ സമുദായങ്ങളെ അധിക്ഷേപകരമായ സ്റ്റീരിയോടൈപ്പിംഗിനും അപരവല്‍ക്കരണത്തിനും വിധേയമാക്കിയിരുന്നു.
മതങ്ങള്‍ക്കെതിരെ നവനിരീശ്വരവാദികള്‍ നടത്തുന്ന ബൗദ്ധികവും മനഃശാസ്ത്രപരവുമായ ഹിംസയെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടുത്തി നീതീകരിക്കാനാവുമോ? ഏതെല്ലാം ലോകബോധങ്ങളും അധികാര താല്‍പര്യങ്ങളുമാണ് ഇവിടങ്ങളില്‍ ആവിഷ്‌കരിക്കപ്പെടുന്നതെന്ന് അന്വേഷിച്ച് കൊണ്ട് മാത്രമാണ് ഈ ചോദ്യത്തെ നേരിടാനാവുക. വ്യാപിച്ചുകൊണ്ടിരിക്കുന്ന മതവിരുദ്ധ വംശീയതയുടെ, വിശിഷ്യാ ഇസ്‌ലാം വിരുദ്ധ വംശീയതയുടെ, പ്രതിഫലനമായിട്ടാണ് താരിഖ് മൊദൂദിനെ പോലുള്ളവര്‍ ഇത്തരം പ്രവൃത്തികളെ കാണുന്നത്.
ഇസ്‌ലാമിനെ ഒരു മധ്യകാല (മെഡീവല്‍) മതമായിട്ടാണ് ലിബറലുകളും യുക്തിവാദികളും പരിഗണിക്കുന്നത്. ആധുനികതയുടെ മേധാവിത്വം ഉറപ്പിച്ചെടുക്കുന്നതിനായി നിര്‍മിക്കപ്പെട്ട ഒരു പരികല്‍പ്പനയാണ് മധ്യകാലം എന്ന് ഷഹ്‌സാദ് ബാഷിര്‍ വാദിക്കുന്നുണ്ട്. യൂറോപ്പിന്റെ ഭൂതകാലത്തെ യൂറോപ്പിതരുടെ വര്‍ത്തമാന കാലത്തോടും, യൂറോപ്പിന്റെ വര്‍ത്തമാനത്തെ യൂറോപ്പിതരരുടെ ഭാവിയോടും സമീകരിക്കുന്ന യൂറോ കേന്ദ്രീകൃത സ്ഥലകാല ബോധങ്ങളിലൂടെയാണ് ഇത്തരമൊരു പരികല്‍പ്പന സാധ്യമാകുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്നേ കാലാഹരണപ്പെട്ട പ്രാകൃതബോധമാണ് ഇസ്‌ലാം എന്നതാണ് ഇത്തരം ആഖ്യാനങ്ങളുടെ ചുരുക്കം. എന്നാല്‍ മുസ്‌ലിംകളാകട്ടെ, സ്ഥലകാലങ്ങളുടെ കൃത്രിമവിഭജനങ്ങളെയെല്ലാം തിരസ്‌കരിച്ചു കൊണ്ടും പ്രവചനാതീതമായ ദൈവനിശ്ചയത്തിന്റെ ആകസ്മികതകളില്‍ വിശ്വസിച്ചുകൊണ്ടും അവരുടെ ജീവിതം തുടരുന്നു. അങ്ങനെ, ചരിത്രപരിണാമത്തിന്റെ രേഖീയമായ സങ്കല്‍പ്പങ്ങള്‍ക്കുമുന്നില്‍ ഒരു വെല്ലുവിളി പോലെ നിലകൊള്ളുകയാണ് ഇസ്‌ലാം. അതിനെ സംസ്‌കരിക്കുകയോ സംഹരിക്കുകയോ ചെയ്യാതെ പാശ്ചാത്യ ആധുനികതയുടെ ദൗത്യം പൂര്‍ത്തിയാവില്ല. നവനിരീശ്വരവാദികളുടെ അക്രമാസക്തമായ ഇസ്‌ലാം വിരോധത്തില്‍ അലിഞ്ഞുചേര്‍ന്ന ഹിംസയെ ഈ വൈരുദ്ധ്യത്തില്‍ നിന്ന് കണ്ടെടുക്കാം. മതം എത്രമാത്രം ഹിംസാത്മകമാണ് എന്നതല്ല ഇപ്പോള്‍ നമുക്ക് മുന്നിലുള്ള ചോദ്യം. തിരിച്ച്, യുക്തിവാദം എത്രമാത്രം സമാധാനപരമാണ് എന്നാണ് നാം അന്വേഷിക്കുന്നത്.
കലാപകാരികളായ മതവിശ്വാസികളും സമാധാനപ്രിയരായ യുക്തിവാദികളും എന്നുള്ള വ്യാജദ്വന്ദത്തെ തിരിച്ചറിയാന്‍ ആശിഷ് നന്ദി നമ്മെ സഹായിച്ചേക്കും. മതാത്മകമായ ഹിംസകള്‍ പോലും മതത്തിന്റെ സൃഷ്ടിയല്ല, മറിച്ച് ആധുനികതയുടെ ഉല്‍പ്പന്നമാണെന്ന് അദ്ദേഹം പറയുന്നു. ആധുനിക ശാസ്ത്രത്തിന്റെ ഉല്‍പന്നമായ സമ്പൂര്‍ണ വസ്തുവല്‍ക്കരണം (ടോട്ടല്‍ ഒബ്ജക്റ്റിഫിക്കേഷന്‍) സംഘടിതമായ അക്രമങ്ങള്‍ക്ക് പ്രചോദനമാകുന്നു. കേവലമായ വൈകാരികതക്കപ്പുറം യുക്തിപൂര്‍വ്വമായ കണക്കുകൂട്ടലുകളും വസ്തുനിഷ്ഠമായ കാഴ്ചപ്പാടുകളുമാണ് കലാപങ്ങളിലേക്ക് നയിച്ചിട്ടുള്ളത്. യുക്തിചിന്തയാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഹിംസയെ നീതീകരിക്കാനുള്ള കേവല ഉപാധി മാത്രമായാണ് മതവൈകാരികത ഉപയോഗിക്കപ്പെടുന്നതെന്നും 1984 ലെ സിഖ് വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആശിഷ് നന്ദി നിരീക്ഷിക്കുന്നു.
സ്വതന്ത്ര ചിന്തയുടെ ഏറ്റവും വികസിതമായ രൂപം എന്ന നിലയിലാണ് നിരീശ്വരവാദം ആഘോഷിക്കപ്പെടാറുള്ളത്. എന്നാല്‍ സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്പിലെയും നിരീശ്വര രാഷ്ട്രങ്ങള്‍ സ്വതന്ത്ര ചിന്തയെയോ വിമര്‍ശനങ്ങളെയോ അനുവദിച്ചിരുന്നില്ല. സര്‍വ മതങ്ങളെയും സംഹരിക്കാനൊരുമ്പെട്ട സമാന്തര മതമായിട്ടാണ് അവിടങ്ങളിലെല്ലാം യുക്തിവാദം പ്രവര്‍ത്തിച്ചത്. യുക്തിവാദത്തിന്റെ ജീനുകളില്‍ സംഭരിക്കപ്പെട്ടിട്ടുള്ള അക്രമാസക്തിയെ അവഗണിച്ചുകൊണ്ടാണ് മതങ്ങള്‍ കലാപത്തിന്റെ ഉറവിടങ്ങളാണെന്ന പ്രാചാരണം ശക്തി പ്രാപിക്കുന്നത്. ഇസ്‌ലാമിനെ ഭീകരതയുടെ മതമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളിലും നവനിരീശ്വരവാദികളുടെ മുസ്‌ലിം വിരുദ്ധ വംശീയ താല്‍പര്യങ്ങള്‍ മറച്ചുവെക്കപ്പെടുന്നതായി കാണാം.

***
മതങ്ങളെയെല്ലാം ഒരൊറ്റ കാറ്റഗറിയായും യുക്തിവാദത്തെ കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു കാറ്റഗറിയായും കാണുന്ന നെഹ്രൂവിയന്‍ മതേതതര ഭാവനയുടെ മുന്‍വിധികളില്‍ നിന്ന് മലയാളിയുടെ മത-യുക്തിവാദ സംവാദങ്ങള്‍ അധികമൊന്നും മുന്നോട്ടു പോയിട്ടില്ല. സത്യത്തെയും അസത്യത്തെയും വേര്‍തിരിക്കാനുള്ള ആധികാരിക മാനദണ്ഡമായിട്ടാണ് യുക്തി അവതരിപ്പിക്കപ്പെടുന്നത്. അതിലൂടെ യുക്തിവാദികള്‍ക്ക് മേല്‍ക്കോയ്മയുള്ള ഒരു സംവാദരീതി രൂപപ്പെടുന്നു. യുക്തിയിലുള്ള വിശ്വാസത്തേക്കാള്‍ ദുര്‍ബലമല്ല ദൈവത്തിലുള്ള വിശ്വാസം എന്ന് സ്ഥാപിച്ചുകൊണ്ടാണ് ഈ മേല്‍ക്കോയ്മയെ അതിജീവിക്കാനാവുക. എന്നാല്‍ വിശ്വാസത്തെ വികാരമായും മതത്തെ വൈകാരികതയായും ചുരുക്കുന്ന ലിബറല്‍ ധാരണകളില്‍ നിന്ന് പുറത്തുകടക്കാന്‍ പലപ്പോഴും മതവിശ്വാസികള്‍ക്ക് പോലും കഴിയാറില്ല.
പൊതു ഇടങ്ങളില്‍ നിന്ന് മതത്തെ അകറ്റിനിര്‍ത്തല്‍ മാത്രമല്ല, തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മതത്തിന്റെ പുനര്‍വ്യാഖ്യാനങ്ങള്‍ നിര്‍മിക്കല്‍ കൂടിയാണ് പാശ്ചാത്യ ലിബറല്‍ സമൂഹങ്ങളുടെ ലക്ഷ്യമെന്ന് സബാ മഹ്മൂദ് പറയുന്നുണ്ട്. പാരമ്പര്യ ഇസ്‌ലാമിന്റെ പരിഷ്‌കൃത ലിബറല്‍ പതിപ്പുകള്‍ നിര്‍മിക്കാന്‍ സാമ്രാജ്യത്വം നടത്തുന്ന ശ്രമങ്ങള്‍ ഇതിന്റെ ഉദാഹരണമാണ്. യുക്തിയുടെ ഭാഷയില്‍ സംസാരിക്കാന്‍ മതങ്ങളെയും വിശ്വാസികളെയും നിര്‍ബന്ധിക്കുന്നതും ഇതിന്റെ മറ്റൊരു തുടര്‍ച്ചയായിക്കാണാം. മതദര്‍ശനങ്ങളുടെ വിശ്വാസ്യത തെളിയിക്കാന്‍ ശാസ്ത്രത്തിന്റെ പദാവലികളെ അമിതമായി ഉപയോഗിക്കുന്ന പ്രവണതയെയും ഈ പശ്ചാത്തലത്തില്‍ വിലയിരുത്തേണ്ടതുണ്ട്.
ലേഖനത്തിന്റെ തുടക്കത്തിലെ ചോദ്യത്തിലേക്ക് തിരിച്ചുപോകാം. ജാതിവാദികളും വംശീയവാദികളുമാകാന്‍ യുക്തിവാദികളില്‍ പലര്‍ക്കും പ്രയാസമില്ലാത്തത് എന്ത് കൊണ്ടാണ്? മറ്റൊരു തരത്തില്‍ ചോദിച്ചാല്‍, യുക്തിവാദികള്‍ ജാതീയവും വംശീയവുമായ ബോധങ്ങളില്‍ നിന്ന് വിമുക്തരായിരിക്കുമെന്ന് പ്രതീക്ഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് എന്താണ്? ദൈവ വിശ്വാസികളേക്കാള്‍ ധാര്‍മിക നിലവാരം പുലര്‍ത്തുന്നവരാണ് യുക്തിവാദികള്‍ എന്ന ധാരണയില്‍ നിന്നാണ് ഇതുപോലെയുള്ള അമിത പ്രതീക്ഷകള്‍ ഉണ്ടാകുന്നത്. യുക്തി ചിന്തക്ക് വിശ്വാസത്തേക്കാള്‍ ധാര്‍മികമൂല്യം ഉണ്ടെന്ന സങ്കല്‍പ്പം ജ്ഞാനോദയത്തിന്റെ (എന്‍ലൈറ്റ്‌മെന്റ്) സൃഷ്ടിയാണ്. ജ്ഞാനോദയം യഥാര്‍ഥത്തില്‍ ഒരു വംശീയ പദ്ധതിയായിരുന്നുവെന്ന് വാദിക്കുന്ന ഇര്‍ഫാന്‍ അഹ്മദിലേക്ക് നാം തിരിച്ചെത്തുകയാണ്. അപ്പോള്‍, വിശ്വാസത്തിനു മേലുള്ള യുക്തിയുടെ അധിനിവേശത്തിന് പിന്നിലെ വംശീയ താല്‍പര്യങ്ങള്‍ നാം തിരിച്ചറിയുന്നു.
യൂണിവേഴ്‌സാലിറ്റിയെന്നും പര്‍ട്ടികുലാരിറ്റിയെന്നുമുള്ള ബൈനറി സൃഷ്ടിച്ചു കൊണ്ടാണ് പശ്ചാത്യ ആധുനകത അതിന്റെ അധീശാധികാരം നിലനിര്‍ത്തുന്നത്. അത് സ്വയം യൂണിവേഴ്‌സല്‍ ആയും മറ്റുള്ളതിനെയെല്ലാം പര്‍ട്ടിക്കുലര്‍ ആയും അവതരിപ്പിക്കുന്നു. ഇങ്ങനെ, സ്വയം യൂണിവേഴ്‌സല്‍ ആയി സ്ഥാപിക്കുന്നതിലൂടെ പടിഞ്ഞാറ് അതിന്റെ പര്‍ട്ടിക്കുലാരിറ്റിയെ സമര്‍ത്ഥമായി മറച്ചു വെക്കുന്നുവെന്ന് സല്‍മാന്‍ സയ്യിദ് വാദിക്കുന്നുണ്ട്.
വംശവും വര്‍ണവുമില്ലാത്ത പരിശുദ്ധ തത്വങ്ങളായിട്ടാണ് യുക്തിചിന്തയും മറ്റു ജ്ഞാനോദയ മൂല്യങ്ങളും വിശേഷിക്കപ്പെടാറുള്ളത്. എന്നാല്‍ ജ്ഞാനോദയത്തിലും അതിന്റെ ഉപജ്ഞാതാക്കളിലും പ്രവര്‍ത്തിച്ചിരുന്ന വംശീയതയെ കുറിച്ച് ഇന്ന് നമുക്കറിയാം. കടുത്ത മര്‍ദ്ദനങ്ങളിലൂടെ ആഫ്രിക്കന്‍ അടിമകളെ അനുസരണ പഠിപ്പിക്കണമെന്ന് ഇമ്മാനുവല്‍ കാന്റ് നിര്‍ദേശിച്ചിരുന്നതായി ക്രിസ്റ്റിയന്‍ ന്യൂഗബോവര്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരിലെ സകല വൈവിധ്യങ്ങളെയും നിരാകരിച്ചു കൊണ്ട് കൃത്രിമവും അപകടകരവുമായ ഏകശിലാത്മകത നിര്‍മിക്കുകയായിരുന്നു കാന്റിയന്‍ നരവംശശാസ്ത്ര സിദ്ധാന്തങ്ങളുടെ ലക്ഷ്യമെന്നാണ് ഫ്രെഡറിക് ജെന്റ്‌സിന്റെ വാദം. കാന്റിന്റെയും ലോക്കിന്റെയുമെല്ലാം വംശീയ ബോധങ്ങളുടെ അടിസ്ഥാനത്തില്‍ ലിബറലിസം എങ്ങനെയാണ് വംശീയമായ അടിച്ചമര്‍ത്തലുകളെ പ്രോല്‍സാഹിപ്പിച്ചതെന്ന് നിരവധി പഠനങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
യൂറോ കേന്ദ്രിതമായ വംശീയതക്കു പുറമെ ശക്തമായ പുരുഷാധിപത്യത്തെയും യുക്തിചിന്തയില്‍ നിന്ന് കണ്ടെടുക്കാനാകും. ആധുനിക യുക്തിചിന്തയുടെ രൂപകങ്ങളും സങ്കല്‍പങ്ങളും രൂപപ്പെടുന്നത് പുരുഷ ഭാവനയുടെ ഫ്രെയ്മുകളിലാണ്. യുക്തിയുടെ രാഷ്ട്രീയം സ്ത്രീയുടെ ശബ്ദത്തെയും കര്‍തൃത്തത്തെയും നിഷേധിക്കുന്നുവെന്ന് ഫിലിസ് റൂണി പറയുന്നു. യുക്തിയുടെയും പുരുഷത്വത്തിന്റെയും ഒത്തുചേരല്‍ പാശ്ചാത്യ തത്വചിന്തയുടെ അടിസ്ഥാന പാരമ്പര്യങ്ങളിലൊന്നാണെന്ന് ജെനവീവ് ലോയ്ഡും വാദിക്കുന്നു.
വെളുത്ത വര്‍ഗക്കാരനായ യൂറോപ്യന്‍ പുരുഷന്റെ വംശാധികാരവും പുരുഷാധികാരവുമാണ് യുക്തിവാദത്തില്‍ സ്വാംശീകരിക്കപ്പെട്ടിരിക്കുന്നത് എന്നിരിക്കെ, തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും യുക്തിയുടെ ഭാഷയില്‍ വിശദീകരിക്കാന്‍ മതങ്ങള്‍ക്ക് ബാധ്യതയുണ്ടോ? യുക്തിവാദികള്‍ നിര്‍മിച്ചെടുത്ത യുക്തിവാദ വ്യവഹാരത്തിനകത്തു നിന്നുകൊണ്ട് സംവദിക്കാന്‍ ശ്രമിക്കുന്നത് മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ജ്ഞാനശാസ്ത്രപരമായ ഒരു കീഴടങ്ങലാണ്. മനുഷ്യയുക്തിയുടെ പരമാധികാരത്തെ ചോദ്യം ചെയ്ത് കൊണ്ടും, വിശ്വാസത്തിന്റെ നൈതികതയെ കേന്ദ്രീകരിച്ച് പുതിയ വ്യവഹാര രൂപങ്ങള്‍ നിര്‍മിച്ചുകൊണ്ടുമാണ് മത-നിരീശ്വര സംവാദങ്ങള്‍ക്ക് ഇനി വികസിക്കാനുള്ളത്.

റഫറന്‍സസ്

1. Irfan Ahmad, Reli­gion as Cri­tique: Islam­ic Crit­i­cal Think­ing from Mec­ca to the Mar­ket­place, The Uni­ver­si­ty of North Car­oli­na Press, Chapel Hill (2017)

2. Talal Asad, Free Speech, Blas­phe­my, and Sec­u­lar Crit­i­cism. In Is Cri­tique Sec­u­lar? Blas­phe­my, Injury, and Free Speech, The Townsend Papers in the Human­i­ties No. 2

3. Christoph Baum­gart­ner, Blas­phe­my As Vio­lence: Try­ing to Under­stand the Kind of Injury That Can Be Inflict­ed by Acts and Arte­facts That Are Con­strued As Blas­phe­my, Jour­nal of Reli­gion in Europe 6 (2013) 35–63

4. Tariq Mod­ood, Mul­ti­cul­tur­al Pol­i­tics: Racism, Eth­nic­i­ty, and Mus­lims in Britain, Min­neapo­lis: Uni­ver­si­ty of Min­neso­ta Press (2005)

5. Shahzad Bashir, Euro­cen­trism, Islam, and the intel­lec­tu­al pol­i­tics of civ­i­liza­tion­al fram­ing

6.Ashis Nandy, An anti-Sec­u­lar­ist Man­i­festo, India Inter­na­tion­al Cen­tre Quar­ter­ly, Vol. 22, No.1

7.Saba Mah­mood, Sec­u­lar­ism, Hermeneu­tics, and Empire: The Pol­i­tics of Islam­ic Ref­or­ma­tion

8. Salman Sayyid, Anti-essen­tial­ism and Uni­ver­sal­ism, Inno­va­tion: The Euro­pean Jour­nal of Social Sci­ence Research 11 (4): 377–89

9. Phyl­lis Rooney, Gen­dered Rea­son: Sex Metaphor and Con­cep­tions of Rea­son, Hypa­tia 6 (2): 77–103.

10. Genevieve Lloyd, The Man of Rea­son: “Male” and “Female” in West­ern Phi­los­o­phy, Min­neapo­lis: Uni­ver­si­ty of Min­neso­ta Press (1984)

Comments

com­ments

About ഹിഷാം അഷ്‌റഫ്‌

Check Also

കൊളോണിയലാനന്തര വിദ്യാഭ്യാസത്തിന്റെ പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍

ശൈഖ് ഹാമിദ് ഖാന്റെ ‘ആംബിഗസ് അഡ്വഞ്ചര്‍’ എന്ന നോവല്‍ ശ്രദ്ധേയമാകുന്നത് കൊളോണിയല്‍ വിദ്യാഭ്യാസത്തെ അധിനിവേശത്തിന്റെ ആയുധമെന്ന് വ്യാഖ്യാനിക്കുന്നതിലാണ്. യുദ്ധവും അധിനിവേശവും …