Home / 2017 / ബശീര്‍ മുസ്‌ലിയാര്‍ വിപ്ലവം നയിച്ച ജീവിതം
CH USTHAD

ബശീര്‍ മുസ്‌ലിയാര്‍ വിപ്ലവം നയിച്ച ജീവിതം

വ്യത്യസ്ഥമായ മേഖലകളില്‍ ഓരോ സമൂഹവും തകര്‍ന്നു തുടങ്ങുമ്പോള്‍ അല്ലാഹു അവരിലേക്ക് ഒരു മുജദ്ദിദി( പരിഷ്‌കര്‍ത്താവ്)നെ അയക്കുമെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പറയുന്നത്. ചരിത്രം പരതി നോക്കിയാല്‍ രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്, ഇമാം ശാഫി, ഇമാം ഗസാലി തുടങ്ങിയ നിരവധി ആളുകള്‍ സാമൂഹ്യ സംസ്‌കരണത്തിനായി കടന്നുവന്നതായി നമുക്ക് കാണാനാകും. അത്തരം ഒരു നീണ്ട പണ്ഡിത നിരയുടെ ഭാഗമെന്നോണം സാമൂഹ്യപരിഷ്‌കരണത്തിനായി  ഇരുപതാം നുറ്റാണ്ടിന്റെ  പൂര്‍വാര്‍ദ്ധഘട്ടത്തില്‍ ഉദം ചെയ്ത മഹാനായ പണ്ഡിതനായിരുന്നു എം.എം ബശീര്‍ മുസ്‌ലിയാര്‍. പാരമ്പര്യ ആശയാടിത്തറകളെ ഉള്‍കൊണ്ട് തന്നെ കേരള മുസ്‌ലിംകളുടെ സാമൂഹിക വിദ്യാഭ്യാസ കാര്യങ്ങളിലെല്ലാം പരിഷ്‌കരണ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹാനവര്‍കള്‍ തന്റെ കൂര്‍മ ബുദ്ധിയും മുര്‍ച്ചയേറിയ ധിഷണവും സമൂഹത്തിനായി സമര്‍പ്പിക്കുകയായിരുന്നു.
പാരമ്പര്യത്തില്‍ നിന്ന് അണുകിട വ്യതിചലിക്കാതെ സുന്നത്ത് ജമാഅത്തിന്റെ മഹിതമായ പാതയില്‍ വിശ്വസിച്ച് പോന്നിരുന്ന കേരളക്കരയില്‍ ഇസ്‌ലാമികാശയാദര്‍ശങ്ങളെ തങ്ങളുടെ കേവല യുക്തിയുടെ അളവുകോല്‍ കൊണ്ട് അളന്നെടുത്ത് സുന്നത്ത് ജമാഅത്തിനെ തകര്‍ക്കാന്‍ ബിദഈ കക്ഷികള്‍ കിണഞ്ഞുപരിശ്രമിക്കുന്ന കാലത്താണ് ബഷീര്‍ മുസ്‌ലിയാര്‍ കടന്നുവരുന്നത്. കാലങ്ങളായി സുന്നത്ത് ജമാഅത്തിന്റെ അനിഷേധ്യ കേന്ദ്രമായി വര്‍ത്തിച്ചിരുന്ന ചേറൂര്‍ ജുമുഅത്ത് പള്ളിയില്‍ തന്റെ  പിതാവ് മാങ്ങോട്ടില്‍ വലിയ അഹ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ബിദ്ഈ പ്രവര്‍ത്തനങ്ങള്‍ പച്ചപിടിച്ച് വന്നു. വെള്ളിയാഴ്ച മിമ്പറില്‍ കയറി മലയാളത്തില്‍ ഖുത്ബ നടത്താന്‍ വരെ പണ്ഡിതനും ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ  ശിഷ്യനും കൂടിയായ അദ്ദേഹം ധൈര്യം കാട്ടി. അതുകൊണ്ട് തന്നെ ജനങ്ങള്‍ അദ്ദേഹത്തിന് ബല്‍ആം അഹ്മദ് മുസ്‌ലിയാര്‍ എന്ന പേരും നല്‍കി.
പുത്തനാശയം തലക്ക് പിടിച്ച ബശീര്‍ മുസ്‌ലിയാരുടെ പിതാവ് തന്റെ മകനെ ബിദ്അത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ തന്നാലാവും വിധം പരിശ്രമിച്ചു. അക്കാലത്തെ മതപഠന ദര്‍സുകളിലേക്കയക്കാതെയും ഭൗതിക വിദ്യാഭ്യാസത്തിന് അമിത പ്രാധാന്യം നല്‍കിയും പുത്തനാശയക്കാരുടെ കൂടാരമായ ജെ.ഡി.ടി സെന്ററിലേക്കയച്ചുമെല്ലാം  മകനെ തന്റെ ആശയങ്ങളില്‍ തന്നെ പിടിച്ചുകെട്ടാമെന്നായിരുന്നു അഹ്മദ് മുസ്‌ലിയാര്‍ കരുതിയിരുന്നത്.  എന്നാല്‍ 1938 ല്‍ പിതാവ് മരണപ്പെട്ടതോടെ സുന്നത്ത് ജമാഅത്തിന്റെ കാവല്‍ ഭടനായി ബശീറുസ്താദ് മാറുകയായിരുന്നു.
ചേറൂര്‍ എല്‍.പി സ്‌കൂള്‍, വേങ്ങര യു.പി സ്‌കൂള്‍, ജെ.ഡി.ടി തുടങ്ങിയവയില്‍ നിന്ന് ഭൗതിക വിദ്യാഭ്യാസം നേടിയ മഹാനവര്‍കള്‍ പിന്നീട് പൊന്മുണ്ടം അവറാന്‍ മുസ്‌ലിയാര്‍, കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖരും പ്രശസ്തരുമായ പണ്ഡിതവര്യരില്‍ നിന്ന് മതവിദ്യ നുകര്‍ന്നു. പഠിക്കുന്ന കാലത്ത് തന്നെ അസാമാന്യ പാടവം തെളിയിച്ചിരുന്ന ബശീര്‍ മുസ്‌ലിയാര്‍ ഉസ്താദുമാരുടെ സ്‌നേഹവും അനുഗ്രഹവും പിടിച്ച് പറ്റിയിരുന്നു. കേരളത്തിലെ സാമൂഹിക ചുറ്റുപാടിനെക്കുറിച്ചും പണ്ഡിതരുടെ ധര്‍മത്തെക്കുറിച്ചും നിരന്തരം തന്റെ ശിഷ്യരെ ഉണര്‍ത്തിയിരുന്ന കോട്ടുമല ഉസ്താദിന്റെ ദര്‍സില്‍ നിന്നാണ് ബശീര്‍ മുസ്‌ലിയാരിലെ സാമൂഹിക പരിഷ്‌കര്‍ത്താവ് ഉദയം ചെയ്യുന്നത്. സാമൂഹിക  ഇടപെടലുകളില്‍ നിന്ന് മാറിനില്‍ക്കുന്ന ദര്‍സ് വിദ്യാര്‍ഥി സ്വഭാവത്തോട് ശക്തമായ വിയോജിപ്പുണ്ടായിരുന്ന അദ്ദേഹം ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ എന്ന സംഘടന രൂപീകരിച്ച സാമൂഹ്യ സേവന രംഗത്ത് തന്റേതായ ഇടം രേഖപ്പെടുത്തി.

കേരളത്തിലെ പാരമ്പര്യ മതപഠന സംവിധാനമായിരുന്ന ദര്‍സ് സംവിധാനങ്ങള്‍ പഴമയുടെ പെരുമയും പ്രൗഢിയും നശിച്ച് കേവലം ഉപജീവന മാര്‍ഗമോ മഹല്ലത്തുകളുടെ അഭിമാന പ്രശ്‌നമോ മാത്രമായി തരം താഴ്ന്നപ്പോള്‍ കൃത്യമായ സിലബസും സമയബന്ധിത പഠന സംവിധാനവുമായി അതിന് പരിഹാരം കാണാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി.

1955 ല്‍ വെല്ലൂര്‍ ബാഖിയ്യാത്തില്‍ നിന്ന് രണ്ടാം റാങ്കോടെ ബിരുദം വാങ്ങി കേരളത്തില്‍ മടങ്ങിയെത്തിയ ബശീര്‍ മുസ്‌ലിയാര്‍ പിന്നീട് തന്റെ ജീവിതം തന്നെ സമൂഹത്തിന് സമര്‍പ്പിക്കുകയായിരുന്നു. പള്ളിയുടെ നാല് മതില്‍കെട്ടുകളില്‍ ജീവിതം ഹോമിക്കേണ്ടവരല്ല മുദരിസുമാര്‍ എന്ന് പറഞ്ഞിരുന്ന മഹാനവര്‍കള്‍ ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാനാണ് താല്‍പര്യപ്പെട്ടത്.
കേരളത്തിലെ പാരമ്പര്യ മതപഠന സംവിധാനമായിരുന്ന ദര്‍സ് സംവിധാനങ്ങള്‍ പഴമയുടെ പെരുമയും പ്രൗഢിയും നശിച്ച് കേവലം ഉപജീവന മാര്‍ഗമോ മഹല്ലത്തുകളുടെ അഭിമാന പ്രശ്‌നമോ മാത്രമായി തരം താഴ്ന്നപ്പോള്‍ കൃത്യമായ സിലബസും സമയബന്ധിത പഠന സംവിധാനവുമായി അതിന് പരിഹാരം കാണാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. കിതാബുകളിലെ ഇബാറത്ത് അര്‍ഥം വെക്കാന്‍ അറിയുന്നവര്‍ മാത്രമായി പണ്ഡിതര്‍ ചുരുങ്ങിപ്പോകരുതെന്ന അദ്ദേഹത്തിന്റെ കണിശത മതപഠന രംഗത്ത് ഒട്ടനവധി പരിഷ്‌കരണങ്ങള്‍ കൊണ്ട് വരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. എന്നാല്‍ പാരമ്പര്യരീതിയില്‍ വരുന്ന ഏത് പരിഷ്‌കരണത്തെയും പുത്തന്‍ വാദത്തിന്റെ പട്ടികയില്‍ പെടുത്താന്‍ തിടുക്കം കാണിച്ച ചിലര്‍ക്ക് ബശീറുസ്താദിന്റെ ആശയങ്ങളെ ഉള്‍ക്കൊള്ളാനാകത്തത് കൊണ്ട് അദ്ദേഹത്തിന്റെ പല പദ്ധതികളും പൂര്‍ണ വിജയത്തിലെത്താതെ പോയി. പള്ളി ദര്‍സുകളില്‍ വെച്ച് കൂടുതല്‍ പരിഷ്‌കരണം നടത്തുന്നത് മുന്നോട്ട് പോകില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹം മത സമന്വയ വിദ്യാഭ്യാസ രീതികള്‍ക്ക് തുടക്കം കുറിച്ചു. അങ്ങനെയാണ് കടമേരി റഹ്മാനിയ്യയും ചെമ്മാട് ദാറുല്‍ ഹുദയുമൊക്കെ ജന്മമെടുക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് സമൂഹത്തില്‍ ആഴത്തില്‍ വേരിറക്കിയിരുന്ന സങ്കുചിത നിഷ്‌ക്രിയ കാഴ്ചപ്പാടുകളെ പൊളിച്ചെഴുതി മതം മതേതരം എന്ന വേര്‍തിരിവിനെതിരെ രംഗത്ത് വന്ന അദ്ദേഹം എല്ലാ വിദ്യാഭ്യാസവും ഇസ്‌ലാമികമാണെന്ന് സമൂഹത്തെ പറഞ്ഞുബോധ്യപ്പെടുത്തി.
സമസ്തയുടെ കമ്പ്യൂട്ടര്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന ബശീറുസ്താദിന്റെ രംഗപ്രവേശത്തോടെയാണ് കേവലം ആള്‍ക്കൂട്ടങ്ങളും ശക്തിപ്രകടനങ്ങളും മാത്രമായി അവശേഷിച്ചിരുന്ന നമ്മുടെ സമ്മേളനങ്ങള്‍ക്ക് ക്രിയാത്മക മുഖം കൈവരുന്നത്. ക്യാമ്പുകളും സെമിനാറുകളും മതപഠന ക്ലാസുകളുമെല്ലാം സമ്മേളനങ്ങളിലുള്‍പ്പെടുത്തി ഒരു വിജ്ഞാനവേദിയായി സമസ്തയുടെ സമ്മേളനങ്ങള്‍ മാറിയത് മഹാനവര്‍കളുടെ പ്രവര്‍ത്തന ഫലം കൊണ്ടായിരുന്നു. തിരൂര്‍ താലൂക്ക് എസ്.വൈ.എസ് പ്രസിഡണ്ട്, വേങ്ങര റെയ്ഞ്ച് മുഅല്ലിം കൗണ്‍സില്‍ പ്രസിഡണ്ട്, എസ്.വൈ.എസ് സംസ്ഥാന അധ്യക്ഷന്‍, പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍, സുന്നീ മഹല്ല് ഫെഡറേഷന്‍ സ്ഥാപകന്‍, സമസ്ത മുശാവറാ മെമ്പര്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖ്യകാര്‍മികന്‍ തുടങ്ങിയ ഏറ്റെടുത്ത മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് ബശീര്‍ മുസ്‌ലിയാര്‍ ജീവിതത്തില്‍ നിന്ന് പടിയിറങ്ങിയത്.
സൂദീര്‍ഘമായ കാലം മുസ്‌ലിം കൈരളിക്ക് നേതൃത്വം നല്‍കി കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് സമൂഹത്തെ പ്രേരിപ്പിച്ച് ക്രിയാത്മക നേതൃത്വം നല്‍കിയ ബശീറുസ്താദിന്റെ ചിന്തകളും ആശയങ്ങളും ഇന്നും നമ്മെ വഴി നടത്തുന്നുണ്ട്. മദ്രസാസംവിധാനങ്ങള്‍ പിച്ചവെച്ചു തുടങ്ങുന്ന കാലത്തുതന്നെ ആഗോളതലത്തില്‍ ശ്രദ്ധേയമായ ഒരു സ്ഥാപനമെന്ന സ്വപ്നം നെഞ്ചേറ്റി നടന്നിരുന്നു ബശീര്‍ മുസ്‌ലിയാരുടെ  വിദ്യാഭ്യാസ സാമൂഹിക രംഗത്തെ ചിന്തകളുടം ആശയങ്ങളും പുനരുജ്ജീവിപ്പിക്കാനും അതിലൂടെ മുസ്‌ലിം സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുമുള്ള ശ്രമങ്ങള്‍ നമ്മില്‍ നിന്നുണ്ടാവേണ്ടതുണ്ട്.

About മുഹ്‌സിനുല്‍ ഖര്‍നി

Check Also

കൊറോണ കാലത്തെ സറ്റേറ്റും അഗമ്പന്റെ വാദങ്ങളും

യൂജിന്‍ താക്കര്‍ അദ്ദേഹത്തിന്റെ ‘In the dust of this Planet’ എന്ന കൃതി ആരംഭിക്കുന്നത് ഇപ്രകാരമാണ് ‘നാം ജീവിക്കുന്ന …

2 comments

  1. എഴുത്തുകാരന്‍റെ ബ്ലോഗിന്‍റെ ലിങ്ക് താരാമോ……….

Leave a Reply