Home / 2017 / മസ്‌നവിയേ റൂമി: അനുരാഗം തീര്‍ത്ത അക്ഷയഖനി
thelicham

മസ്‌നവിയേ റൂമി: അനുരാഗം തീര്‍ത്ത അക്ഷയഖനി

മസ്‌നവി.

മരമായിരുന്നു ഞാന്‍ പണ്ടൊരു മഹാനദി

കരയില്‍ നദിയുടെ പേര് ഞാന്‍ മറന്നു പോയി-  വയലാര്‍ രാമവര്‍മ

ഭൗതിക ലോകത്തെ മനുഷ്യാവസ്ഥയുടെ അന്യഥാത്വത്തിന്റെ വ്യവഹാരങ്ങള്‍ മനുഷ്യനോളം തന്നെ പഴക്കമുള്ളതാണ്. മിലന്‍ കുന്ദേര പറയുന്നത് പോലെ മറവികള്‍ക്കെതിരെയുള്ള ഓര്‍മകളുടെ പോരാട്ട ചരിത്രം മനുഷ്യരാശിയുടെ അതിജീവനത്തിന്റെ വിഭിന്ന ദശാസന്ധികളെയെല്ലാം അടയാളപ്പെടുത്തുന്നുണ്ട്. അന്യഥാത്വത്തിന്റെ ആധുനിക വ്യവഹാരങ്ങള്‍ ഹെഗല്‍, മാര്‍ക്‌സ്, കാഫ്ക, വേര്‍ഡ്‌സ്‌വേര്‍ത്ത് തുടങ്ങിയവരിലൂടെ വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളെ ആശ്ലേഷിച്ച് കടന്നുപോയിക്കൊണ്ടിരിക്കുമ്പോള്‍ സ്വത്വ പ്രതിസന്ധിയുടെയും അസ്തിത്വ വാദത്തിന്റെയും പുതിയ ചക്രവാളങ്ങള്‍ ഉത്തരാധുനിക സാഹിത്യ ദര്‍ശനങ്ങളെ ആമൂലാഗ്രം ചൂഴുന്ന കാഴ്ചയാണ് നാം കാണുന്നത്.  പതിമൂന്നാം നൂറ്റാണ്ടില്‍ അഫ്ഗാനിസ്ഥാനിലെ ബല്‍ഖ് പ്രവിശ്യയില്‍ ജനിച്ച് മനുഷ്യ ചരിത്രത്തിലെ എക്കാലത്തേയും അതികായനായി നിലകൊള്ളുന്ന ആദ്ധ്യാത്മിക കവിയാണ് മൗലാനാ ജലാലുദ്ദീന്‍ മുഹമ്മദ് റൂമി. മനുഷ്യാവസ്ഥയുടെ പൂര്‍വാപര വൈരുദ്ധ്യത്തെ അതിന്റെ അഗാധവും തീവ്രവുമായ തലങ്ങളില്‍ വിശകലനം ചെയ്യുകയും അസ്തിത്വ ദുഖങ്ങളുടെ കാര്‍മേഘങ്ങളില്‍ നിന്ന് സ്ഥായിയായ ചിദാനന്ദത്തിന്റെ അമൃതവര്‍ഷം  ധാരയായി പ്രവഹിപ്പിക്കുകയും ചെയ്ത മഹാത്മാവാണ് അദ്ദേഹം. പുത്രന്‍ സുല്‍ത്താന്‍ വലദ് സാക്ഷ്യപ്പെടുത്തുന്നത് പോലെ സനാഇയുടെയും അത്താറിന്റെയും ആദ്ധ്യത്മിക പാരമ്പ്യത്തില്‍ കടന്നുവന്ന റൂമിയെ ആദ്ധ്യാത്മികതയുടെ സാര്‍വലൗകിക പ്രവാചകനായി ലോകം വാഴ്ത്തുകയുണ്ടായി.

വിഖ്യാത സൂഫി കൃതിയായ ‘ഹഫ്ത് ഔറംഗി’ ന്റെ കര്‍ത്താവ് പേര്‍ഷ്യന്‍ കവി നൂറുദ്ദീന്‍ ജാമി ‘മൗലാന’യെ വര്‍ണിക്കുന്നത് ‘ അദ്ദേഹം പ്രവാചകനല്ലെങ്കിലും വിശുദ്ധ ഗ്രന്ഥം നല്‍കപ്പെട്ട മഹാത്മാവാണെന്നാണ്.’ ക്രിസ്തീയ പാരമ്പര്യത്തിലെ ആദ്ധ്യാത്മിക ധൈഷണികത (mystical intellctual) യുടെ മുടിചൂടാ മന്നനായ ജര്‍മന്‍ തത്വ ചിന്തകന്‍ മെയിസ്റ്റര്‍ എക്കാര്‍ട്ട്  ലോകത്തെ എക്കാലത്തെയും വലിയ വിശുദ്ധരില്‍ വിശുദ്ധനായാണ് റൂമിയെ വിശേഷിപ്പിക്കുന്നത് തന്റെ (metaphysical sonnets) കളിലൂടെ വിശ്രുതനായ ആംഗലേയ കവി ജോണ്‍ ഡണ്‍ അമേരിക്കന്‍ കവി വാള്‍ട്ട് വിറ്റ്മാന്‍ തുടങ്ങി അനേകം പാശ്ചാത്യ ദാര്‍ശനികരുടെ ചിന്തകളെ റൂമി സ്വാധീനിച്ചിട്ടുണ്ടെന്ന് സമകാലിക താരതമ്യപഠനങ്ങള്‍ സൂചിപ്പിക്കുന്നു.മസ്‌നവി ആധുനിക ഇസ്‌ലാമിക തത്വചിന്തയുടെ പുനരുദ്ധാരണത്തിന് അമൂല്യ സംഭാവനകള്‍പ്പിച്ച അല്ലാമ മുഹമ്മദ് ഇഖ്ബാലിന്റെ ദാര്‍ശനിക പ്രപഞ്ചത്തിന്റെ ചക്രവാളങ്ങളില്‍ തെളിയുന്നതും ‘മൗലാന’ യുടെ മസ്‌നവി തന്നെയായിരുന്നു. ഇസ്‌ലാമിക മതചിന്തയുടെ പുന:സംരചന (Reconstruction of Religious Thoughts in Islam ) എന്ന ഗ്രന്ഥത്തില്‍ മനുഷ്യാത്മാവിന്റെ പുരോയാന ഘട്ടങ്ങള്‍ സമ്മാനിക്കുന്ന അനിഷേധ്യമായ അനുഭൂതി പ്രപഞ്ചത്തെ വിവരിക്കുന്നത് മസ്‌നവിയില്‍ ഊന്നി നിന്നു കൊണ്ടാണ്. പ്രമുഖ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റ് എ.ജെ ആര്‍ബറി (1905-1969) നിരീക്ഷിക്കുന്നത് പാശ്ചാത്യലോകത്തെ അതിന്റെ ആസന്നമായ വിനാശത്തില്‍ നിന്ന് രക്ഷിക്കുവാന്‍ മൗലാന റൂമിക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നാണ്. ജീവിതത്തിന്റെ അവസാന വര്‍ഷങ്ങള്‍ ‘മസ്‌നവി’യില്‍ മാത്രം നിക്ഷിപ്തമായിക്കാണാന്‍ അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. ആധുനിക ക്ലാസിക്കായി അറിയപ്പെടുന്ന പൗലോ കൊയ്‌ലോയുടെ ‘ആല്‍ക്കമിസ്റ്റ്’ എന്ന പ്രഖ്യാത നോവല്‍ ‘മസ്‌നവി’ യിലെ ” ബഗ്ദാദില്‍ കൈറോയുടെ സ്വപ്‌ന ദര്‍ശനം, കൈറോയില്‍ ബഗ്ദാദിന്റെ സ്വപ്‌ന ദര്‍ശനം’ എന്ന കവിതയുടെ പ്രചോദനത്താല്‍ ജന്മമെടുത്തതാണ് എന്ന് പലരും നിരീക്ഷിക്കുന്നുണ്ട്.  ജാമിയുടെ ഹഫ്ത് ഔറന്‍ഗി’ലെ ‘സുലൈഖയും യൂസുഫും’  എന്ന ഭാഗവും മസ്‌നവിയുടെ സ്വാധീന വലയത്തില്‍ നിന്ന് രൂപമെടുത്തതാണെന്ന് മനസ്സിലാക്കാന്‍ കഴിയും.

കാല-ദേശ-സംസ്‌കാരങ്ങള്‍ക്കതീതമായി ജീവിതത്തിന്റെ അനുഭവ യാഥാര്‍ഥ്യങ്ങളെ വ്യവഹരിക്കുന്നവയാണ് റൂമീ കവിതകള്‍. നിത്യജീവിതത്തിന്റെ അടരുകളില്‍ നമ്മുടെ അനുരാഗത്തിന്റെയും ആനന്ദത്തിന്റെയും ആത്മാര്‍ഥമായ അന്വേഷണങ്ങളെ ഗ്രഹിക്കാന്‍ അവ നമ്മെ സഹായിക്കുന്നു.

അടുത്തിടെ പുറത്തിറങ്ങിയ തുര്‍ക്കി നോവലിസ്‌ററ് ‘എലിഫ് ശഫക്കി’ന്റെ ഫോര്‍ട്ടി റൂള്‍സ് ഓഫ് ലവ് എന്ന കൃതിയും ‘മൗലാന’ യെന്ന മഹാസാഗരത്തില്‍ നിന്ന് നിവേശിതമായ ഊര്‍ജത്തിന്റെ ഹൃദ്യമായ പ്രസരണമാണ്. എട്ട് നൂറ്റാണ്ടുകള്‍ക്കിപ്പുറം. ഇന്ന് അമേരിക്കയില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന കവിയായി റൂമി മാറിയിരിക്കുന്നു. റെയ്‌നോള്‍ഡ് നിക്കള്‍സന്‍, ഫ്രാങ്ക്‌ലിന്‍ ലൂയി, ആന്‍മേരി ഷിമ്മേല്‍ എന്നീ മഹാത്രയത്തിന് ശേഷം അമേരിക്കന്‍ കവിയായ കോള്‍മാന്‍ ബാര്‍ക്‌സിന്റെ വിവര്‍ത്തനങ്ങളിലൂടെയാണ് റൂമി അമേരിക്കയുടെ പ്രിയപ്പെട്ട കവിയാകുന്നത്.കാല-ദേശ-സംസ്‌കാരങ്ങള്‍ക്കതീതമായി ജീവിതത്തിന്റെ അനുഭവ യാഥാര്‍ഥ്യങ്ങളെ വ്യവഹരിക്കുന്നവയാണ് റൂമീ കവിതകള്‍. നിത്യജീവിതത്തിന്റെ അടരുകളില്‍ നമ്മുടെ അനുരാഗത്തിന്റെയും ആനന്ദത്തിന്റെയും ആത്മാര്‍ഥമായ അന്വേഷണങ്ങളെ ഗ്രഹിക്കാന്‍ അവ നമ്മെ സഹായിക്കുന്നു. അമേരിക്കയിലെ കവികളുടെ കൂട്ടായ്മയായ പോയറ്റ് ഹൗസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ  ലീ ബ്രീഷെറ്റിയുടെ വാക്കുകളാണിവ. റൂമിയുടെയും ഷേക്‌സ്പിയറുടെയും ഭംഗിയും ആശയസമാനതകളും അവരെ വല്ലാതെ ഹരം കൊള്ളിക്കുന്നുണ്ട് (വില്യം ചിറ്റിക്ക്).

എന്ത് കൊണ്ട് റൂമി

800 വര്‍ഷങ്ങള്‍ക്കിപ്പുറം ഉത്തരാധുനിക മനസ്സിനെ ഇത്രയധികം വിസ്മയിപ്പിക്കുന്ന അത്ഭുത സിദ്ധി എന്താണെന്നതിന് കോള്‍മാന്‍ ബാര്‍ക്‌സ് നല്‍കുന്ന മറുപടി ഇങ്ങനെയാണ്.’ മതങ്ങള്‍ തമ്മില്‍ പടുത്തുയര്‍ത്തിയിട്ടുള്ള വിദ്വേഷത്തിന്റെ മതിലുകള്‍ ഭേദിച്ചു കൊണ്ട് വിഭാഗീയ ഹിംസയുടെ അറുതിയാഗ്രഹിക്കുന്ന ഒരു ആഗോള ചലനം തന്നെ രൂപപ്പെട്ടുവരുന്നുണ്ട്. 1273 ല്‍ സര്‍വ മത വിഭാഗങ്ങളും റൂമിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു നടത്തിയ പ്രസ്താവനയിതാണ് ‘ഞങ്ങളെവിടെയായിരുന്നാലും ഞങ്ങളുടെ വിശ്വാസത്തെ അഗാധമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം’. റൂമിയുടെ സന്ദേശത്തിലെ നിര്‍ണായകഘടകമായ ഈ സാര്‍വ ജനീനതയാണ് ഇന്ന് ഏറെ ആവശ്യമായിട്ടുള്ളത്.മസ്‌നവി

മസ്‌നവിയുടെ ആറ് വാല്യങ്ങളില്‍ മൂന്നും ആംഗലേയ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള റട്‌ഗേര്‍സ് യൂനിവേഴ്‌സിറ്റി സര്‍വകലാശാലാ പ്രഫസര്‍ ജാവീദ് മുജദ്ദിദിയുടെ അഭിപ്രായത്തില്‍’ ആധ്യാത്മിക സമ്പന്നതയും കാവ്യരൂപങ്ങളുടെ ധീരമായ പുനര്‍വിന്യാസവുമാണ് റൂമിയെ ഇത്രമേല്‍ ആകര്‍ഷണീയനാക്കുന്നത്. അനുവാചകരെ നേരിട്ട് സംബോധന ചെയ്യുന്ന സംവേദന രീതി സമകാലിക വായനാ ലോകത്തിന് ഏറെ പഥ്യമാണെന്നും അദ്ദേഹം കരുതുന്നു. ബാര്‍ക്‌സ് തുടര്‍ന്നു: യേശുവിന്റെ വചനങ്ങളെ പോലെ(തോമസിന്റെ സുവിശേഷമാണ് ഉദ്ദേശ്യം) അവ തമസ്‌കരിക്കപ്പെട്ടിരിക്കുകയായിരുന്നു. ഈജിപ്തിലെവിടെയോ അടക്കം ചെയ്ത കുടത്തിലായിരുന്നില്ല, മറിച്ച് ദര്‍വീശ് സമൂഹങ്ങളിലും ഇാറാനിലെയും തുര്‍ക്കിയിലെയും ഗ്രന്ഥാലയങ്ങളിലുമായിരുന്നു വെന്ന വ്യത്യാസം മാത്രം. കുറച്ച് വര്‍ഷങ്ങളായി വിജ്ഞാന കുതുകികള്‍ അവ കണ്ടെത്തുകയും ആംഗലേയത്തിലേക്ക് ഭാഷാന്തരം ചെയ്യുവാനും ആരംഭിക്കുകയുണ്ടായി.

റൂമിയുടെ പശ്ചാത്തലം

പതിമൂന്നാം നൂറ്റാണ്ടില്‍ മുസ്‌ലിം ലോകം നിരവധി നാടകീയ മാറ്റങ്ങള്‍ക്ക് രംഗവേദിയായി. ചെങ്കിസ്ഖാന്റെയും ഹുലാഖൂ ഖാന്റെയും അക്രമണങ്ങള്‍ മുസ്‌ലിം രാഷ്ട്രീയ ഭൂപടത്തെ മാറ്റി വരക്കുകയും സാമൂഹിക ഘടനയിലും സാംസ്‌കാരിക ജീവിതത്തിലും സമൂലമായ പരിവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിക്കുകയും ചെയ്തു. ഭരണകൂടങ്ങളുടെ പിന്തുണയോടെ അക്കാദമിക മണ്ഡലങ്ങളില്‍ ആധിപത്യം ഉറപ്പിച്ചിരുന്ന ദൈവശാസ്ത്ര വ്യവഹാരങ്ങളില്‍ നിന്നും കര്‍മശാസ്ത്ര വിഭാഗീയതകളില്‍ നിന്നും കൃത്യമായ അകലം പാലിച്ചുകൊണ്ടുള്ള ആദ്ധ്യാത്മിക ജ്ഞാന ധാരയുടെ വികാസം പൂര്‍ണത പ്രാപിക്കുന്നത് ഈ സന്ധിയിലാണ്. ബാര്‍ബേറിയന്‍ അക്രമണങ്ങള്‍ നിലം പരിശാക്കിയ ദൈവനഗരത്തിന്റെ അവശിഷ്ടങ്ങള്‍ സെന്റ് അഗസ്റ്റിനില്‍ കൊളുത്തിവിട്ട വിചാരക്രമങ്ങളുടെ ദൈവശാസ്ത്ര പരിസരം പിന്നീട് ഇബ്‌നു ഖല്‍ദൂനിലും ആവര്‍ത്തിക്കുന്നത് കാണാം. പറുദീസാ നഷ്ടത്തെ രാഷ്ട്രീയ ദര്‍പ്പണത്തിന്റെ സങ്കുചിത വലയത്തിലൊതുക്കാതെ മനുഷ്യാസ്തിത്വത്തിന്റെ അഗാധ മണ്ഡലങ്ങളിലേക്ക് വിന്യസിക്കുകയും സ്വത്വത്തിന്റെയും വിധിയുടെയും വിഷാദാത്മക ദൈവശാസ്ത്രത്തിന് പകരം പ്രതീക്ഷാ നിര്‍ഭരവും ആനന്ദാത്മകവുമായ ജീവിതാനുഭവത്തിലേക്ക്(lived experience) വഴി നടത്തുകയുമാണ് റൂമി ചെയ്തത്. 1207 സെപ്തംബര്‍ 30 ന് അഫ്ഗാനിസ്ഥാനിലെ ബല്‍ഖ് പ്രവിശ്യയില്‍ പണ്ഡിത കുലപതിയായിരുന്ന ബഹാഉദ്ദീന്‍ വലാദിന്റെ പുത്രനായിട്ടാണ് റൂമി ജനിക്കുന്നത്.

പുനഃസമാഗമത്തെ ആന്‍മേരി ഷിമ്മേല്‍ വിവരിക്കുന്നു: പരസ്പരം ആശ്ലേഷിച്ചുകൊണ്ടിരുന്ന ഇരുവരും പ്രാണേതാവ് ആരെന്നറിഞ്ഞില്ല. റൂമി ശംസില്‍ തന്റെ പ്രേമ ഭാജനത്തെ ദര്‍ശിക്കുമ്പോള്‍ ശംസ് റൂമിയില്‍ തന്റെ ഗുരുതുല്യനായ സുഹൃത്തിനെയും കണ്ടെത്തുകയായിരുന്നു. മസ്‌നവിയില്‍ പറയുന്നേപോലെ ദാഹിക്കുന്നവന്‍ വെള്ളമന്വേഷിക്കുന്ന പോലെ വെള്ളം ദാഹാര്‍ത്തനേയും കാത്തിരിക്കുന്നുണ്ട്‌

മംഗോള്‍ അക്രമണ ഭീതിയില്‍ കുടുംബ സമേതം ചെറുപ്രായത്തില്‍ തന്നെ പലായനം ചെയ്യാന്‍ മൗലാനാ നിര്‍ബന്ധിതനായി. മധ്യ പൗരസ്ത്യ ദേശവും മക്കയും മദീനയുമെല്ലാം കറങ്ങിയതിന് ശേഷം തുര്‍ക്കിയിലെ (അന്ന് അനാറ്റോലിയ) കൊന്‍യ എന്ന സ്ഥലത്ത് സ്ഥിരവാസമാക്കി. പതിനാലാം വയസ്സില്‍ പിതാവ് ലോകത്തോട് വിട പറയുന്നത് വരെ റൂമിയുടെ പഠനം പിതാവില്‍ നിന്ന് തന്നെയായിരുന്നു. ആദ്ധ്യാത്മിക മണ്ഡലത്തില്‍ ജ്വലിച്ചു നിന്നിരുന്ന പിതാവില്‍ നിന്ന് തന്നെയാണ് തസവ്വുഫിന്റെ ആദ്യ പാഠങ്ങള്‍ നുകര്‍ന്നെടുക്കുന്നത്. ബഹാഉദ്ദീന്‍ വലാദിന്റെ മആരിഫ് എന്ന ഗ്രന്ഥം സൂഫീ ചിന്തയിലെ അനര്‍ഘങ്ങളായ മൊഴിമുത്തുകളാല്‍ സമ്പന്നമാണ്. അല്‍പ കാലത്തിനു ശേഷം മാതാവു കൂടി ഇഹലോകവാസം വെടിയുന്നതോടെ വിരഹത്തിന്റെ മൂന്ന് തീവ്രാനുഭവങ്ങള്‍ കൗമാരത്തില്‍ തന്നെ അദ്ദേഹത്തെ ആശ്ലേഷിക്കുകയുണ്ടായി. ശേഷം പിതാവിന്റെ ശിഷ്യനായിരുന്ന ബുര്‍ഹാനുദ്ദീന്‍ മുഹഖ്ഖിഖ് തിര്‍മിദിയുടെ ശിഷ്യത്വം സ്വീകരിച്ച റൂമിയെ അദ്ദേഹം ഉപരിപഠനാര്‍ഥം അലപ്പോയിലേയും ദമസ്‌കസിലേയും പണ്ഡിതന്മാരുടെയടുത്തേക്ക് അയച്ചു.

അവിടെ വെച്ചാണ് ഹനഫീ കര്‍മശാസ്ത്രം, ഖുര്‍ആന്‍, ഹദീസ്, ദൈവശാസ്ത്രം എന്നിവയില്‍ റൂമി അവഗാഹം നേടുന്നത്. 1237ല്‍ ബുര്‍ഹാനുദ്ദീന്റെ അടുക്കലേക്ക് വീണ്ടു തിരിച്ചുവന്ന് ശിഷ്യത്വം സ്വീകരിക്കുകയും കൂടുതല്‍ വിജ്ഞാനീയങ്ങളില്‍ വ്യുല്‍പത്തി നേടുകയും ചെയ്തു. അവസാനം ബുര്‍ഹാന്‍ റൂമിയോട് പറഞ്ഞു മോനേ, രണ്ടു സൂര്യന്മാര്‍ ഒരാകാശത്ത് ആവശ്യമില്ല. മസ്‌നവിഎന്റെ നിര്‍ദേശം നിനക്കിനി ആവശ്യമില്ല. അതോടെ കൊന്‍യയിലെ പ്രഭാഷണ പീഠങ്ങളിലെയും വിജ്ഞാന സദസ്സുകളിലെയും നിറസാന്നിധ്യമായി റൂമി മാറി. അങ്ങനെയിരിക്കെയാണ് 1244 നവംബര്‍ 29ന് അബൂബകര്‍ സല്ലാഫ് എന്ന കൊട്ട വില്‍പനക്കാരന്‍ കൊന്‍യയിലെത്തുന്നത്. അബൂബകര്‍ റൂമിയോട് ചോദിച്ചു ‘എന്റെ വസ്ത്രത്തിനുള്ളില്‍ അല്ലാഹുവല്ലാതെ മറ്റൊന്നുമില്ല എന്ന് പറയുന്ന അബൂയസീദ് അല്‍ ബിസ്ത്വാമിയാണോ അതോ എനിക്കിനിയും ജ്ഞാനം വര്‍ധിപ്പിച്ചു നല്‍കണേ എന്നു പറയുന്ന റസൂലാ(സ്വ)ണോ ഉത്തമന്‍? ധിഷണാശാലിയായ റൂമിക്ക് ചോദ്യത്തിന്റെ പൊരുള്‍ നിനക്കിനിയും ജ്ഞാനം ആവശ്യമുണ്ടോ എന്നാണെന്ന് മനസ്സിലായി. പ്രവാചകരാ(സ്വ)ണ് ഉത്തമരെന്ന് മറുപടി നല്‍കിയതിലൂടെ ഇനിയും ജ്ഞാനം ആവശ്യമുണ്ടെന്ന് റൂമി സൂചിപ്പിച്ചു. ശംസുദ്ദീന്‍ തിബ്‌രീസിയെന്ന അപരനാമത്തില്‍ പ്രസിദ്ധനായ ആ കൊട്ട വില്‍പനക്കാരനാണ് ദിവ്യാനുരാഗത്തിന്റെ അചുംബിതാകാശങ്ങളിലേക്ക് റൂമിയുടെ കൈ പിടിച്ചു കൊണ്ടു പോയത്. റൂമിയുടെയും ശംസ് തബ്‌രീസിന്റെയും സമാഗമത്തെ മറജല്‍ ബഹറൈനി (ഇരു സാഗരങ്ങളുടെ സംയോജനം) എന്നാണ് ആദ്ധ്യാത്മിക ഭാഷയില്‍ വിശേഷിപ്പിക്കപ്പെടാറുള്ളത്. നിയമവും ദൈവശാസ്ത്രവും സാഹിത്യവുമെല്ലാം വഴിഞ്ഞൊഴികിയിരുന്ന റൂമി അധ്യായനം നടത്തിയിരുന്ന കലാലയത്തിന്റെ വാതിലുകള്‍ മെല്ലെ അടഞ്ഞു. കോക്കസസ് ഭാഗത്തു നിന്ന് വന്ന ഒരു വിദേശി കൊന്‍യ വാസികളുടെ ഇഷ്ടഭാജനത്തെ അവരില്‍ നിന്ന് അപഹരിച്ചെടുത്തിരിക്കുന്നു. ക്ഷുഭിതരായ നിവാസികള്‍ ശംസ് തബ്‌രീസിയെ ഭീഷണിപ്പെടുത്താന്‍ വരെ തുനിഞ്ഞു. ഗത്യന്തരമില്ലാതെ ശംസ് കൊന്‍യ വിട്ടു വിദൂരതയില്‍ അപ്രത്യക്ഷനായി. വിരഹ ദുഃഖം താങ്ങാനാവാതെ റൂമി വിലപിക്കുകയും അനുരാഗ വിവശനാവുകയും ചെയ്തു. ശംസ് കൊന്‍യ വിട്ടത് റൂമിയെ ഫിറാഖിന്റെ അനുഭവം പരിശീലിപ്പിക്കാനായിരുന്നുവെന്നും ചിലര്‍ കരുതുന്നു.

ശംസിനെയന്വേഷിച്ച് രാവും പകലും റൂമി കാത്തിരുന്നു. അദ്ദേഹത്തെ എവിടെയെങ്കിലും കണ്ടുവെന്ന് വാര്‍ത്തയുമായി വരുന്നവര്‍ക്കെല്ലാം അദ്ദേഹം പാരിതോഷികങ്ങള്‍ നല്‍കി. അപ്പോള്‍ ചിലര്‍ പറഞ്ഞു അവര്‍ പാരിതോഷികങ്ങള്‍ക്കു വേണ്ടി നുണകളുമായി വരുന്നതാണ്. റൂമി പ്രതിവചിച്ചത് ഇപ്രകാരമായിരുന്നു അവര്‍ വാസ്തവങ്ങളായ വാര്‍ത്തകളുമായി വന്നിരുന്നെങ്കില്‍ ഞാനവര്‍ക്ക് എന്റെ ആത്മാവ് തന്നെ നല്‍കിയേനെ. ശംസ് ദമസ്‌കസിലുണ്ടെന്ന് വിവരം ലഭിച്ചയുടനെ റൂമി പുത്രന്‍ സുല്‍ത്താന്‍ വലാദിനെ അദ്ദേഹത്തെ കൊന്‍യയിലേക്ക് തിരിച്ചു കൊണ്ടുവരാനയച്ചു. അങ്ങനെ 1247 ഏപ്രിലില്‍ ശംസ് ഒരിക്കല്‍ കൂടി കൊന്‍യയിലെത്തി. പുനഃസമാഗമത്തെ ആന്‍മേരി ഷിമ്മേല്‍ വിവരിക്കുന്നു: പരസ്പരം ആശ്ലേഷിച്ചുകൊണ്ടിരുന്ന ഇരുവരും പ്രാണേതാവ് ആരെന്നറിഞ്ഞില്ല. റൂമി ശംസില്‍ തന്റെ പ്രേമ ഭാജനത്തെ ദര്‍ശിക്കുമ്പോള്‍ ശംസ് റൂമിയില്‍ തന്റെ ഗുരുതുല്യനായ സുഹൃത്തിനെയും കണ്ടെത്തുകയായിരുന്നു.

മസ്‌നവിയില്‍ പറയുന്നേപോലെ ദാഹിക്കുന്നവന്‍ വെള്ളമന്വേഷിക്കുന്ന പോലെ വെള്ളം ദാഹാര്‍ത്തനേയും കാത്തിരിക്കുന്നുണ്ട്. വീണ്ടും ഇരുവരും തമ്മിലുള്ള ആനന്ദാനുരാഗത്തിന്റെ സംഭാഷണങ്ങള്‍ ആരംഭിച്ചു. ആഴ്ചകളും മാസങ്ങളും ദീര്‍ഘിക്കുന്ന സംഭാഷണങ്ങള്‍ കൊന്‍യ നിവാസികളില്‍ അനിഷ്ടം പടര്‍ത്തി. ശംസിനെ വധിക്കാനുള്ള ഗൂഢ പദ്ധതികള്‍ വരെ തയാറായി. അങ്ങനെയൊരു രാത്രി റൂമിയും ശംസും സംസാരിച്ചുകൊണ്ടിരിക്കെ ഒരാള്‍ വാതിലില്‍ മുട്ടുകയും ശംസിനോട് പുറത്തേക്ക് വരാനാവശ്യപ്പെടുകയും ചെയ്തു. പുറത്ത് പോയ ശംസിനെ പിന്നീട് ഒരാളും കണ്ടില്ല. ആഗതന്‍ ശംസിനെ വധിച്ചുവെന്ന് ചിലര്‍ കരുതുമ്പോള്‍ ശംസ് ദൂരേക്ക് സ്വയം അപ്രത്യക്ഷനായിരിക്കുമെന്ന് മറ്റു ചിലര്‍ നിരീക്ഷിക്കുന്നു. ശംസിന്റെ തിരോധാനത്തിന് ശേഷം അഗാധ ദുഃഖത്തിലാണ്ട മൗലാനാ വിരഹ വ്യഥയില്‍ നിന്ന് മോചിതനായില്ല. എങ്കിലും ശംസ് പകര്‍ന്നു നല്‍കിയ ദിവ്യനുരാഗത്തിന്റെ ആനന്ദ സുധ നുകര്‍ന്നു കൊണ്ട് ശിഷ്ട ജീവിതം കഴിച്ചു കൂട്ടി. അങ്ങനെയിരിക്കെ ഒരിക്കല്‍ അസ്‌റ് നിസ്‌കാരം കഴിഞ്ഞ് വരുകയായിരുന്നു മൗലാന കൊന്‍യയിലെ തെരുവുകളിലൊന്നിലൂടെ നടന്നു വരുമ്പോള്‍ സ്വര്‍ണപ്പണിക്കാരുടെ ചുറ്റികയുടെ ശബ്ദം കേള്‍ക്കാനിടയായി. താളാത്മകമായ ആ ശബ്ദം കേട്ട മാത്രയില്‍ മൗലാന ആനന്ദ നൃത്തം ചവിട്ടുകയും ചുഴി കണക്കെ കറങ്ങിയാടുകയും ചെയ്തു. കറങ്ങുന്ന ദര്‍വീശുകളുടെ (whirling Dervishes) )പാരമ്പര്യം ഈ സംഭവത്തോടെയാണ് ആരംഭം കുറിക്കുന്നത്.

മൗലാന കൊന്‍യയിലെ തെരുവുകളിലൊന്നിലൂടെ നടന്നു വരുമ്പോള്‍ സ്വര്‍ണപ്പണിക്കാരുടെ ചുറ്റികയുടെ ശബ്ദം കേള്‍ക്കാനിടയായി. താളാത്മകമായ ആ ശബ്ദം കേട്ട മാത്രയില്‍ മൗലാന ആനന്ദ നൃത്തം ചവിട്ടുകയും ചുഴി കണക്കെ കറങ്ങിയാടുകയും ചെയ്തു

ശംസിന്റെ വിരഹം സൃഷ്ടിച്ച ശ്യൂന്യതയിലേക്ക് സര്‍ഖൂബി എന്ന മൗലാനയുടെ ശിഷ്യന്‍ കടന്നുവന്നെങ്കിലും അധിക കാലം ആ ബന്ധത്തിന് ആയുസുണ്ടായിരുന്നില്ല. സര്‍ഖൂബിയുടെ ആകസ്മിക മരണം ഹുസാമുദ്ദീന്‍ ശലബിയെന്ന അടുത്ത ശിഷ്യനുമായുള്ള ബന്ധത്തിന് വഴി തെളിച്ചു. സര്‍ഖൂബിയുടെ മരണത്തോടെ വീണ്ടുമൊരു വേര്‍പാട് തീര്‍ത്ത വ്യഥകള്‍ മൗലാനയില്‍ ആദ്ധ്യാത്മികതയുടെ ഉത്തുംഗ വിചാരങ്ങള്‍ ഉണര്‍ത്തിവിട്ടു. ഇനി അവ വാക്കുകളുടെ മൂടുപടങ്ങളണിഞ്ഞ് പുറത്ത് വരണം, ഹുസാമുദ്ദീന്‍ ശലബിയുടെ ശ്രദ്ധയോടെയുള്ള പരിചരണത്തില്‍ അങ്ങനെ ‘മസ്‌നവി’യും ‘ദീവാനെ ശംസ് തബ്‌രീസി’യും ‘ഫീഹി മാഫീഹി’യും ജന്‍മമെടുത്തു. സനാഇയുടെയും അത്താറിന്റെയും കൃതികളെപ്പോലെ മൗലാനയുടെ അനുഭവങ്ങളും ഒരു കൃതിയിലേക്കാവാഹിച്ചു കൂടെയെന്ന ഹുസാമുദ്ദീന്‍ ശലബിയുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം തന്റെ കീശയില്‍ നിന്ന് ഒരു കടലാസുതുണ്ട് ശിഷ്യന്റെ കൈയിലേല്‍പച്ചു. പതിനെട്ടുവരികളുണ്ടായിരുന്ന ആ കവിത മസ്‌നവിയുടെ ആരംഭത്തിലേക്കുള്ള പുല്ലാങ്കുഴലിന്റെ രോദനമായിരുന്നു.

മസ്‌നവി   

മസ്‌നവിയെ മഅ്‌നവിയെ മൗലവി

ഹസ്ത് ഖുര്‍ആന്‍ ദര്‍ സബാനെ പഹ്‌ലവി

മൗലവി റൂമിയുടെ ആദ്ധ്യാത്മിക കവിതാ സമാഹാരം പേര്‍ഷ്യന്‍ ഭാഷയിലെ ഖുര്‍ആനാണ് എന്ന് സാരം. ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളിലെ പ്രാസബദ്ധമായ ഈരടികള്‍ എന്നാണ് മസ്‌നവിയുടെ അര്‍ഥം. നാലുവരികളുണ്ടാകുമ്പോള്‍ റുബാഇയ്യാത്ത് എന്നാണ് ഇവ വിളിക്കപ്പെടാറ്. ഉമര്‍ ഖയ്യാമിന്റെ റുബാഇയ്യാത്ത് ഈ ഗണത്തില്‍ വരുന്നതാണ്. മസ്‌നവിയുടെ ഗണത്തില്‍ വരുന്ന കൃതിയാണ് ജാമിയുടെ ഹഫ്ത് ഔറന്‍ഗ്(സപ്ത സിംഹാസനങ്ങള്‍ എന്നര്‍ഥം). സുന്നീ ഇസ്‌ലാമിക പാരമ്പര്യത്തില്‍ ശരീഫ്(വിശിഷ്ട) എന്ന വിശേഷണം മൂന്ന് ഗ്രന്ഥങ്ങള്‍ക്ക് മാത്രമാണ് പൊതുവെ അവകാശപ്പെടാനുള്ളത്. ബുഖാരി ശരീഫ്, ശിഫാ ശരീഫ്(ഖാദി ഇയാദ്), മസ്‌നവി ശരീഫ് എന്നിവയാണവ. സൂഫീ പാരമ്പര്യത്തിലെ അനിഷേധ്യ ഗ്രന്ഥമായ അദ്ദുറതുല്‍ ഫാഖിറയുടെ കര്‍ത്താവ് നുറുദ്ദീന്‍ ജാമി മസ്‌നവിയെ പ്രാചകന്മാര്‍ക്ക് നല്‍കപ്പെടുന്ന ഗ്രന്ഥത്തോടുപമിക്കുന്നത് ഈ കൃതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.

ഒട്ടോമന്‍ സുല്‍ത്താന്‍ സലീം ഒന്നാമന്റെ കൂടെ മധ്യപൗരസ്ത്യ ദേശങ്ങളിലെ സൈനിക മുന്നേറ്റങ്ങള്‍ക്ക് സാക്ഷിയായിരുന്ന അന്നത്തെ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു കമാല്‍ ഒരു രാത്രി പ്രവാചകരെ സ്വപ്‌നത്തില്‍ ദര്‍ശിച്ചു. മസ്‌നവിയുടെ ഒരു കോപ്പി കയ്യില്‍ പിടിച്ചുകൊണ്ട് തിരുമേനി അരുളി ‘ബാഹ്യ ജ്ഞാനത്തെ ആന്തരികജ്ഞാനമായി പരിവര്‍ത്തിപ്പിക്കേണ്ടത് ഇങ്ങനെയാണ്. ഞാനിത് ഇഷ്ടപ്പെടുന്നു’. മസ്‌നവിദിനേനെ 2000 ലധികം ഫത്‌വകള്‍ കൈകാര്യം ചെയ്തിരുന്ന ശൈഖുല്‍ ഇസ്‌ലാമിന്റെ നിര്‍ദേശപ്രകാരം ഒട്ടോമന്‍ ഖലീഫമാര്‍ മസ്‌നവിക്ക് അര്‍ഹിച്ച പരിഗണന നല്‍കി. യുദ്ധങ്ങള്‍ക്ക് പുറപ്പെടുന്നതിനു മുമ്പ് സ്വഹാബിവര്യനായ അബൂ അയ്യൂബ് അല്‍ അന്‍സാരി(റ)യുടെ ഖബ്‌റിടത്തു ചെന്ന് മൗലവീ ദര്‍വീശുകളുടെ നായകരായിരുന്ന ശലബിയുടെ കരങ്ങളില്‍ നിന്ന് വാള്‍ കൈപറ്റി അനുഗ്രഹം വാങ്ങുക പതിവായിരുന്നു. മൗലവിയ്യ സൂഫീ സരണിക്കുപുറമെ നഖ്ശബന്ദി സരണിയിലും തസവ്വുഫിന്റെ വിശുദ്ധ ഗ്രന്ഥമായി ഇന്നും മസ്‌നവി പരിഗണിക്കപ്പെടുന്നു.

ഘടനയും ശൈലിയും

ജര്‍മന്‍ ഇസ്‌ലാമോളജിസ്റ്റ് ആന്‍മേരി ഷിമ്മേല്‍ മസ്‌നവിയെ പരിചയപ്പെടുത്തി എഴുതുന്നു: ആധ്യാത്മിക മേഖലയിലെ പഠിതാക്കളെയുദ്ദേശിച്ചുള്ള ഗ്രന്ഥമാണിത്. തന്റെ അനുരാഗ പ്രഖ്യാപനത്തിനും അതിന്റെ ആവിഷ്‌കാരങ്ങള്‍ക്കുമപ്പുറം റൂമി ബോധവല്‍ക്കരണത്തിലാണ് ശ്രദ്ധയൂന്നുന്നത്. അനിതര സാധാരാണവും മാതൃകായോഗ്യവുമായ ജീവിതത്തിനു വേണ്ട സമ്പൂര്‍ണ ജ്ഞാനം ഇരുള്‍കൊള്ളുന്നു. കാവ്യസപര്യയുടെ ദിവ്യാനുരാഗത്തില്‍ മൃതിപൂണ്ട് പുനര്‍ജനിക്കുന്നതിന്റെ പണ്ഡിതോചിതമായ കഥ കൂടി ഇതിലുണ്ട്. വേദനയിലും അനുഭവത്തിലും അഗാധ വേരുകളില്ലാത്ത ഒരു വരി പോലും ഇതിലിലില്ല. ഇതൊരു വിസ്മയാവഹമായ മരം കണക്കെയാണ്. അത്യപൂര്‍വ പുഷ്പങ്ങളും ഫലങ്ങളും വിരിയിക്കുന്ന വിസ്മയാവഹമായ മരം കണക്കെയാണ് അത്യപൂര്‍വ പുഷ്പങ്ങളും ഫലങ്ങളും വിരിയിക്കുന്ന ബഹുശാഖിയായ വടാവൃക്ഷം. വൈവിധ്യമാര്‍ന്ന കളകൂജനങ്ങളോടെ പക്ഷികള്‍ കൂടുകൂട്ടിയിരിക്കുന്നു അതിന്റെ ചില്ലകളില്‍. അവസാനം വാക്കിന്റെ കൂടുകളില്‍ നിന്ന് അഴ വീണ്ടും തങ്ങളുടെ ആദിമ ഗേഹത്തിലേക്ക് തിരിച്ചു പറക്കുന്നത് വരെ അവ പാടിക്കൊണ്ടിരിക്കുന്നു’ (i am wind you are fire).

ഒന്ന് ഞാന്‍ അസംസ്‌കൃത പതാര്‍ഥമായിരുന്നു. രണ്ട് ഞാന്‍ പാചകം ചെയ്യപ്പെട്ടു. മൂന്ന് ഞാന്‍ വെന്തു പാകമായി. ആല്‍ക്കെമിയുടെ പ്രതീകാത്മക ഭാഷയിലാണ് റൂമി സംസാരിക്കുന്നത്. അസംസ്‌കൃതമായ മനുഷ്യാത്മാവ് അനുരാഗത്തിന്റെ ചൂടില്‍ വെന്തു പാകമായി അനുരാഗം വര്‍ഷിക്കുന്ന ത്രിതല പ്രക്രിയ

ആധ്യാത്മിക യാത്രയുടെ രാജവീഥിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശിയായി രചിക്കപ്പെട്ടത് എന്നതിലുപരി വിശുദ്ധ ഖുര്‍ആന്റെ സര്‍വതല സ്പര്‍ശിയായ വ്യാഖ്യാനമാണ് മസ്‌നവി. സര്‍വേ ഓഫ് പേര്‍ഷ്യന്‍ ലിറ്ററേച്ചര്‍ എന്ന കൃതിയില്‍ ഹുസൈന്‍ നസ്‌റും ജെ. മാട്ടിനിയും എഴുതുന്നു. ഖുര്‍ആന്റെ ഒരു ആന്തരികാര്‍ഥ വ്യാഖ്യാനമാണ്(മസ്‌നവി). അന്തരാര്‍ഥ ശാസ്ത്രങ്ങള്‍ ഗുണപാഠകഥകളുടെയും പ്രതീകങ്ങളുടെയും ഭാഷയില്‍ അയത്‌ന ലളിതമായി വിവരിക്കുന്ന ഗ്രന്ഥം. മസ്‌നവിയിലെ ചില വരികള്‍ പൂര്‍ണമായും നിഗൂഢങ്ങളാണെന്നതും യാഥാര്‍ഥ്യം തന്നെ. മനുഷ്യാത്മാവിന്റെ ഉത്ഥാന പതനങ്ങള്‍, അസ്തിത്വത്തിന്റെ അര്‍ഥ തലങ്ങള്‍, ദൈവം, മനുഷ്യന്‍, പ്രപഞ്ചം എന്നിവരുടെ രഹസ്യങ്ങള്‍, വെളിപാടുകളുടെ വൈവിധ്യത്തില്‍ തന്നെയുള്ള സത്യത്തിന്റെ ഐകഭാവം തുടങ്ങിയ മൗലിക പ്രശ്‌നങ്ങള്‍ അനല്‍പമായ ചമല്‍ക്കാരത്തോടെയുള്ള കാവ്യഭാഷയില്‍ ചര്‍ച്ച ചെയ്യുന്ന മറ്റൊരു ഗ്രന്ഥവും പേര്‍ഷ്യന്‍ സൂഫീ സാഹിത്യത്തില്‍ ദര്‍ശിക്കാനാവില്ല’.

ദിവ്യാനുരാഗത്തിന്റെ അനുഭവ മുഹൂര്‍ത്തങ്ങള്‍ വിവരിക്കുന്നതോടൊപ്പം ദിവ്യാത്മാവുയുള്ള സമാഗമത്തിന്റെ വഴിയിലെ പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങളുടെ സാര്‍വത്രിക പ്രസരണം കൂടിയാണ് മസ്‌നവി നിര്‍വഹിക്കുന്നത്. ഇതിനായി റൂമി വിന്യസിക്കുന്നത് കഥകളാണ്. മത സംസ്‌കാര ഭാഷാ പശ്ചാതലങ്ങള്‍ക്കപ്പുറത്തേക്ക് സാര്‍വത്രികതയുടെ മാനം നല്‍കുന്നുവെന്നതുകൊണ്ടാണ്  മൗലാനാ കഥകളെ ആശ്രയിക്കാന്‍ കാരണം. പ്രധാന കഥയില്‍ നിന്ന് ശാഖോപശാഖകളായി ഉരുത്തിരിയുന്ന കഥകള്‍ കൃതിക്ക് വായനാക്ഷമത നല്‍കുന്നു. കഥകളില്‍ നിന്ന് പഴഞ്ചൊല്ലുകളിലേക്കും ആപ്തവാക്യങ്ങളിലേക്കും ഖുര്‍ആനിലേക്കും ഹദീസിലേക്കുമെല്ലാം മാറിമാറി സഞ്ചരിക്കുന്ന ആഖ്യാനം കൃതിയുടെ ക്രമബദ്ധതയെ ചോദ്യം ചെയ്യാന്‍ ചിലരെയെങ്കിലും പ്രേരിപ്പിച്ചേക്കാം. എന്നാല്‍ ക്രമാനുഗത പുരോഗമനത്തിനുപകരം ക്രമരഹിതമായ ഇത്തരമൊരു വിന്യാസത്തിനു പിന്നിലെ ഉദ്ദേശപരമായ ലക്ഷ്യം ഭാഷയുടെയും മനുഷ്യാവസ്ഥയുടെയും അടിസ്ഥാന സ്വഭാവങ്ങളെ അനുവാചകന് അനുഭവവേദ്യമാക്കി നല്‍കുകയെന്നതാണ്. ഹാമിദ് ദബാശി നിരീക്ഷിക്കുന്നതനുസരിച്ച് ഇത്തരം വഴിവിട്ട ആഖ്യാനം വിവരണാത്മകതക്കും ഭാഷ്യതക്കും അതീതമായ പ്രവാചക ശൈലി (Prophetic Mode) യിലേക്ക് ചേക്കേറുവാന്‍ അനുവാചകനെ നിര്‍ബന്ധിക്കുന്നതാണ്. പ്രവാചക രീതികൊണ്ടര്‍ത്ഥമാക്കുന്നത് രചയിതാവിന്റെ വൈയക്തിക ഭാവങ്ങളെയാണ്. ഈ സംബോധന രീതിയില്‍ രചയിതാവ് എഴുത്തുകാരനിലപ്പുറം സംഭാഷകനായിരിക്കും.  ക്രമരഹിതമായ ആഖ്യാന രീതി കൃതിക്ക് ദോഷമൊന്നും ചെയ്യുകയില്ലെന്നും മറിച്ച് ആധ്യാത്മികാനുഭവങ്ങളുടെ അപാരത ഭാഷയുടെ സങ്കേതങ്ങളെ നിസ്സഹായമാക്കുകയാണ് ചെയ്യുന്നതെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാനാവും.a-kv\hn

ദബാശി പറയുന്നു: ‘ആധ്യാത്മിക മതകീയ ഗ്രന്ഥമെന്ന അടിസ്ഥാന സ്വഭാവം കൊണ്ടുതന്നെ മസ്‌നവി സ്വീകരിക്കുന്ന വ്യവഹാരിക ശൈലിയും ഭാഷയും സൂഫികള്‍ക്ക് തിരിച്ചടിയാകുന്നില്ല, സാധാരണ അനുവാചകന് അരോചകമായി തോന്നാമെങ്കിലും. സൂഫികള്‍ക്ക് തങ്ങളുടെ ദിവ്യാനുഭവത്തിന്റെ ആവിഷ്‌കാരം ഭാഷയുടെ സങ്കേതങ്ങളായ കവിത, കത്തുകള്‍, പ്രതീകാത്മക ഗുണപാഠ കഥകള്‍ തുടങ്ങിയവയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ലോറന്‍സ് ലിപ്കിംഗ്‌സ് അഭിപ്രായപ്പെടുന്നതനുസരിച്ച് കവിതയെന്ന സങ്കേതത്തിന്റെ പരിമിതി തന്നെയാണ് കവിയെ ഇത്തരമൊരു ശൈലി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.  ചുരുക്കത്തില്‍ ഭാഷയുടെയും സംഗീതത്തിന്റെയുമെല്ലാം പരിമിതികളുടെ നഗ്ന പ്രകടനമാണ് റൂമി തന്റെ കൃതികളിലുടനീളം അനുവാചകനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. തോമ് കീറ്റിംങ് പറയുന്നതു പോലെ ദൈവം സംസാരിക്കുന്ന ഭാഷ മൗനമാണ്. മറ്റുള്ളതെല്ലാം തെറ്റായ വിവര്‍ത്തനങ്ങളാണ്. കുറച്ചു കഴിഞ്ഞാല്‍ സംസാരം വ്യര്‍ത്ഥമാണെന്നും മൗനമാണ് കരണീയമെന്നും റൂമി തന്നെ കൃത്യമായി പറയുന്നു. കേംബ്രിജ് സര്‍വ്വകലാശാല പ്രൊഫസര്‍ ശൈഖ്  അബ്ദുല്‍ഹകീം മുറാദിന്റെ നിരീക്ഷണത്തില്‍ ഖുര്‍ആനെയും ഹജ്ജിനെയും പോലെ ഇസ്‌ലാമിലെ രസതന്ത്ര നിഗൂഢതകളിലൊന്നായി മസ്‌നവിയും കടന്നു വരുന്നു.

മസ്‌നവിയുടെ ഊര്‍ജ്ജ സ്രോതസ്സ്

റൂമി; പാസ്റ്റ് ആന്‍ഡ് പ്രസന്റ്, ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ഫ്രാങ്ക്‌ലിന്‍ ലൂയി റൂമിയുടെ മുസ്‌ലിം അസ്തിത്വത്തെ അര്‍ഥശങ്കക്കിടയില്ലാത്ത വിധം സ്ഥിരീകരിക്കുന്നുണ്ട്.

ന്യൂ ഏജ് ആത്മീയതയുടെ ന്യൂനീകരണങ്ങളിലൊതുങ്ങുന്നതല്ല റൂമിയുടെ അചുംബിതാകാശമെന്ന് നിക്കള്‍സണും ഷിമ്മേലുമെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ലൂയി പറയുന്നു; സംഘടിത മതത്തിന്റെയോ പരമ്പരാഗത ഇസ്‌ലാമിന്റെയോ വൃത്തത്തില്‍ നിന്നു പുറത്തു കടന്നിട്ടല്ല റൂമി തന്റെ സര്‍വ്വാശ്ലേഷിയായ ആധ്യാത്മികതയിലും സഹിഷ്ണുതയുടെ ദൈവശാസ്ത്രത്തിലുമെത്തുന്നത്. മറിച്ച് ആ പാരമ്പര്യത്തിലുള്ള അഗാധജ്ഞാനമാണ്  അതിന് വഴിതെളിച്ചത്. പ്രവാചകരുടെ മാതൃകയിലൂന്നി സമ്പൂര്‍ണ മനുഷ്യനെന്ന ഗുണ വിശേഷത്തെ സാക്ഷാല്‍കരിക്കാനുള്ള തന്റെ അദമ്യമായ അഭിവാഞ്ഛയാണ് ഇതിലേക്ക് റൂമിയെ നയിച്ചത്.ഖുര്‍ആന്‍, ഹദീസ്, ദൈവശാസ്ത്രം, എന്നിവക്കു പുറമെ തന്റെ പിതാവ് ബഹാഉദ്ധീന്‍ വലാദ്, സനാഇ, അത്താര്‍ തുടങ്ങിയ സൂഫി ഗുരുക്കന്മാരില്‍ നിന്നുതന്നെയാണ് തന്റെ സഹിഷ്ണുതാ ദൈവശാസ്ത്രം റൂമി സ്വാംശീകരിച്ചെടുക്കുന്നത്. തന്റെ ചുറ്റുമുള്ളവരുടെ ക്ലേശങ്ങള്‍ ദൂരീകരിക്കാന്‍ ബദ്ധശ്രദ്ധനായിരുന്നു മൗലാന. കഷ്ടതയനുഭവിക്കുന്ന തന്റെ ശിഷ്യര്‍ക്ക് സമ്പന്നരായ ശിഷ്യരില്‍ നിന്നും പ്രമാണിമാരില്‍ നിന്നും സഹായമെത്തിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആരെങ്കിലും ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിച്ചാല്‍ മനുഷ്യകുലത്തിന്റെ ഒന്നടങ്കം ജീവന്‍ രക്ഷിക്കുന്നതിനു തുല്യമാണ് അതെന്ന് ഖുര്‍ആനിക സൂക്തം അദ്ദേഹം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉണര്‍ത്താറുണ്ടായിരുന്നു.

ഏകാന്തതയില്‍ നിരാശയിലേക്ക് ആപതിക്കുന്ന വേളയില്‍ സുഹൃത്തിന്റെ തണലില്‍ കഴിയുന്നെങ്കില്‍ നിനക്ക് സൂര്യനെ പോലെ പ്രഭയാര്‍ജിക്കാം. വരൂ, ദൈവത്തിന്റെ സ്‌നേഹിതനെ അന്വേഷിക്കൂ. ദൈവം അപ്പോള്‍ നിങ്ങളുടെ സുഹൃത്താവുംമസ്‌നവി

ചുരുക്കത്തില്‍, ഖുര്‍ആനും പ്രവാചക ജീവിതവും സൂഫി ഗുരുക്കളും തെളിച്ച പാതയില്‍ തന്നെയാണ് റൂമിയും സഞ്ചരിക്കുന്നത്.ഉള്ളടക്കവും ഘടനയും അനുരാഗത്തിന്റെയും അതിന് തടസം നില്‍ക്കുന്ന അഹംബോധത്തിന്റെയും കഥയാണ് മസ്‌നവിക്ക് പറയാനുള്ളത്. ഭാഷയുടെ സാധ്യതകള്‍ക്ക് പ്രാപ്യമല്ലാത്ത അഭൗമമായ ആനന്ദത്തിന്റെ രസതന്ത്രം മസ്‌നവിയില്‍ പീലിവിടര്‍ത്തുന്ന അന്യഥാത്വത്തിന്റെ വ്യഥകളില്‍ നിന്ന് മോചനം നേടുന്ന മനുഷ്യാത്മാവിന്റെ ഉന്‍മാദലഹരിയാണ് റൂമി ആഘോഷിക്കുന്നത്. ദിവ്യാനുരാഗത്തിന്റെ വിവരണം പൂര്‍ണമാകണമെങ്കില്‍ അനന്തകോടി വിധി ദിനങ്ങള്‍ കഴിഞ്ഞു കടക്കേണ്ടി വരുമെന്ന് റൂമി വ്യക്തമാക്കുന്നുണ്ട്. അനുരാഗത്തിന്റെ തീക്ഷ്ണമായ അഗ്നിയില്‍ വെന്തുരുകന്ന ആത്മാവിനെ റൂമി തന്റെ വൈയക്തികാനുഭവത്തിലൂടെ പ്രകാശിപ്പിക്കുന്നു. അദ്ദേഹം പറയുന്നു, മൂന്ന് പ്രയോഗങ്ങളാണ് എന്റെ തത്വ സംഹിതയുടെ സംക്ഷിപ്തം. ഒന്ന് ഞാന്‍ അസംസ്‌കൃത പതാര്‍ഥമായിരുന്നു. രണ്ട് ഞാന്‍ പാചകം ചെയ്യപ്പെട്ടു. മൂന്ന് ഞാന്‍ വെന്തു പാകമായി. ആല്‍ക്കെമിയുടെ പ്രതീകാത്മക ഭാഷയിലാണ് റൂമി സംസാരിക്കുന്നത്. അസംസ്‌കൃതമായ മനുഷ്യാത്മാവ് അനുരാഗത്തിന്റെ ചൂടില്‍ വെന്തു പാകമായി അനുരാഗം വര്‍ഷിക്കുന്ന ത്രിതല പ്രക്രിയ. ഈ പരിപ്രേക്ഷ്യത്തിലാണ് മസ്‌നവി ആരംഭിക്കുന്നതും.

അസംസ്‌കൃതമായ ചില്ല മാത്രമായിരുന്നു മരക്കഷ്ണം ചൂടേറ്റ് ഉണങ്ങുകയും ദ്വാരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അനുഭവിക്കുന്ന വേദനയുടെ തീക്ഷ്ണതക്ക് ശേഷം സംഗീതത്തിന്റെ തേന്‍മഴ പെയ്യിക്കുകയും ചെയ്യുന്നു. പുല്ലാങ്കുഴലിന്റെ രൂപകം ദൈവിക സന്നിധിയില്‍ നിന്ന് കുടിയിറക്കപ്പെട്ട മനുഷ്യാത്മാവിനെ പ്രതിനിധാനം ചെയ്യുന്നു. റൂമി ചോദിക്കുന്നുണ്ട്: ‘ഞാനെവിടെയാണ്? എവിടെയാണ് ജയിലറ? ശരീരത്തിന്റെ തടവറയില്‍ ബന്ധനസ്ഥനാക്കപ്പെടാന്‍ മാത്രം ഞാനാരുടെ മുതലാണ് അപഹരിച്ചത്?. അതുകൊണ്ട് തന്നെ മരണത്തെ ദിവ്യാത്മാവുമായുള്ള സംഗമം മാത്രമായി കാണുകയും മരണത്തിന്റെ ആശങ്കകളെ ആട്ടിയകറ്റുകയുമായിരുന്നു റൂമി. ഞാന്‍ മരിക്കുന്ന ദിവസം എന്റെ ശവമഞ്ചം ചുമന്നു കൊണ്ടുപോവുമ്പോള്‍ ഐഹിക ലോകത്തിന്റെ വേദനകള്‍ വല്ലതും അലോസരപ്പെടുത്തുന്നുണ്ടെന്ന് നിങ്ങള്‍ ധരിക്കരുത്. തന്റെ മരണം നടന്ന രാത്രി അറിയപ്പെടുന്നത് തന്നെ ശബേ അറൂസ് (വിവാഹ രാത്രി) എന്നാണ്. പറുദീസാ നഷ്ടത്തിന്റെ സ്മരണകള്‍ റൂമിയുടെ മാനസത്തെ എന്നും നോവിച്ചുകൊണ്ടിരുന്നു. ഒരു വസന്തകാല പ്രഭാതത്തില്‍ പൂന്തോട്ടത്തിലൂടെ ഉലാത്തുന്ന അദ്ദേഹം ശൈത്യകാലത്ത് മൃത സമാനമായിരുന്ന ചില്ലകളെ പൂര്‍വ ചൈതന്യം വീണ്ടെടുത്തിരിക്കുന്നതായി കാണുന്നു. കട്ടിയുള്ള തോടുകള്‍ ഭേദിച്ച് മൊട്ടുകള്‍ പുറത്തുവരുന്നത് വിജയാനന്ദത്തില്‍ ഉയര്‍ത്തപ്പെടുന്ന കൊടിക്കുറകള്‍ പോലെ തോന്നിച്ചു. അദ്ദേഹം ഇലകളോടായി ചോദിച്ചു ‘ചില്ലകളെ ഭേദിച്ചു പുറത്തുതരാന്‍ മാത്രം ഊര്‍ജം നിങ്ങള്‍ക്കെവിടുന്നു കിട്ടി ? തടവറയില്‍ നിന്ന് മോചിതരാവാന്‍ നിങ്ങളെന്താണ് ചെയ്തത്? പറയൂ. പറയൂ. ഞങ്ങള്‍ക്കും ഈ തടവറയില്‍ നിന്ന് രക്ഷനേടാന്‍ അതു ചെയ്യാമല്ലോ?’ മസ്‌നവിഈ വിരഹദുഃഖത്തിന്റെ കഥയും പുനഃസമാഗമത്തിന്റെ പ്രതീക്ഷകളും അതിനിടയിലെ മനുഷ്യാവസ്ഥയുടെ അസ്തിത്വ പ്രശ്‌നങ്ങളുടെ പരിഹാരങ്ങളുമാണ് മസ്‌നവി നിര്‍ദ്ദേശിക്കുന്നത്. ആദ്യത്തെ പതിനെട്ട് വരികളില്‍ മൗലാന മസ്‌നവിയുടെ ദൗത്യത്തെ സംക്ഷേപിക്കുന്നുണ്ട്. 1. വേര്‍പാടില്‍ കഥകളോതുന്ന പുല്ലാങ്കുഴലിന്റെ വാക്കുകള്‍ കേള്‍ക്കുക. 2. മുളങ്കാട്ടില്‍ നിന്നെന്നെ വെട്ടിമാറ്റിയല്ലോ.

അന്നു മുതല്‍ തുടങ്ങിയ എന്റെ രോദനം കേട്ട് കണ്ണീര്‍ വാര്‍ക്കുകയാണ് ആണ്‍ പെണ്‍ ഭേദമന്യെ സര്‍വരും. 3. പ്രേമ വേദന വിവരിക്കാന്‍ വിരഹത്താല്‍ തുണ്ടം തുണ്ടമായിപ്പോയൊരു ഹൃദയമാണെനിക്കാവശ്യം. 4. തന്റെ യഥാര്‍ഥ സ്രോതസ്സുകളില്‍ നിന്നാര് ദൂരത്തായോ അവിടെയെത്തിച്ചേരാനുള്ള അവസരം തേടുക സ്വാഭാവികം. 5. ഞാന്‍ ഏതാള്‍ക്കൂട്ടത്തിലും കരഞ്ഞിട്ടുണ്ട്. സജ്ജനങ്ങളോടും ദുര്‍ജനങ്ങളോടും കൂട്ടുകൂടിയിട്ടുണ്ട്. 6. ഓരോരുത്തരും അവനവന്റെ ഭാവനയ്ക്കനുസരിച്ച് എന്നോട് സൗഹാര്‍ദം പുലര്‍ത്തുന്നു. എന്നാല്‍ ആരും എന്നിലന്തര്‍ലീനമായിക്കിടക്കുന്ന രഹസ്യമന്വേഷിക്കുന്നില്ല. 7. എന്റെ രഹസ്യം എന്റെ വിലാപ സ്വരത്തില്‍ നിന്ന് ദൂരെയല്ല. പക്ഷേ, കണ്‍കാതുകള്‍ക്കതിനെ തിരിച്ചറിയാനുള്ള പ്രഭയില്ലല്ലോ. 8. ശരീരം ആത്മാവില്‍ നിന്നോ ആത്മാവ് ശരീരത്തില്‍ നിന്നോ ഗുപ്തമല്ല. പക്ഷേ ആത്മാവിനെ കാണാനാര്‍ക്കുമാവില്ല. 9. പുല്ലാങ്കുഴലിന്റെ ഈ ശബ്ദം കാറ്റല്ല, അഗ്നിയാണ്. ഈ അഗ്നിയില്ലാത്തവന്‍ നിശ്ശൂന്യമായി മാറട്ടെ. 10. പ്രേമാഗ്നിയാണ് പുല്ലാങ്കുഴലിലാളുന്നത്. വീഞ്ഞിലലിഞ്ഞത് പ്രേമോന്‍മാദവും. 11. കൂട്ടുകാരില്‍ നിന്ന് വേര്‍പെട്ടിരിക്കുന്നവര്‍ക്ക് കൂട്ടാണ് പുല്ലാങ്കുഴല്‍. അതിന്റെ രാഗ സ്വരങ്ങള്‍ നമ്മുടെ ഹൃദയമറകളെ പൊട്ടിച്ചെറിഞ്ഞിരിക്കുന്നു.

ആ അനുഭൂതി ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്ന ബുദ്ധി ചതുപ്പിലകപ്പെട്ട കഴുതക്കു തുല്യമാണെന്നും അതു വാക്കുകളിലേക്ക് പടര്‍ത്താന്‍ ശ്രമിക്കുന്ന പേന തുണ്ടം തുണ്ടമായിഛിന്നുമെന്നും റൂമി പറയുന്നു

12. പുല്ലാങ്കുഴല്‍ പോലൊരു വിഷവും വിഷൗഷധവും കണ്ടവരാര്? അതുപോലൊരനുരാഗിയും കൂട്ടുകാരനെയുമാരു കണ്ടു?. 13.നിണമണിഞ്ഞ വഴിത്താരയുടെ കഥ പറയുകയാണ് പുല്ലാങ്കുഴല്‍. മജ്‌നുവിന്റെ പ്രേമഗാഥകളോതിടുകയാണ്. 14. പുല്ലാങ്കുഴലിനെ പോലെ നമുക്കുണ്ട് രണ്ട് വായകള്‍. ഒരു വായ അവന്റെ ചുണ്ടുകള്‍ക്കുള്ളിലൊളിഞ്ഞിരിക്കയാണ്. 15. മറുവായ നിന്റെ ഭാഗത്തു നിന്ന് കരഞ്ഞുകൊണ്ടിരിക്കുന്നു. മാനത്തെ ശബ്ദ മുഖരിതമാക്കുന്നു. 16. എന്നാല്‍ നേര്‍കാഴ്ചയുള്ളവനറിയാം ഈ വിലാപ സ്വരങ്ങളെല്ലാം അവന്റെ ഭാഗത്തു നിന്നാണെന്ന്. 17. ഈ പുല്ലാങ്കുഴലിന്റെ ശബ്ദങ്ങളെല്ലാം അവന്റെ ഊത്ത് കാരണമാണെന്ന്. ആത്മാവിന്റെ ആര്‍പ്പുവിളികള്‍ അവന്റെ ഉണര്‍ത്തലുകള്‍ മൂലമാണെന്ന്.

18. ഈ ബോധത്തിന്റെ രഹസ്യം പിടികിട്ടുന്നവര്‍ അബോധവാനല്ലാതെ മറ്റാരുമല്ല. ചെവിയെ പോലെ നാവിന്റെ ഉപഭോക്താവായി മറ്റൊന്നുമില്ല. ശിഷ്യന്‍ ഹുസാമുദ്ദീന്‍ ശലബിക്ക് ആദ്യമായി കൈമാറിയ കടലാസുതുണ്ടില്‍ കുറിച്ചിരുന്ന പതിനെട്ടു വരികള്‍ ഇവയായിരുന്നു. തുടര്‍ന്നുള്ള വരികളില്‍ മഅ്‌രിഫതിനെയും ദിവ്യാനുരാഗത്തെയും വിശകലനം ചെയ്തുകൊണ്ട് റൂമി മുന്നോട്ടു പോകുന്നു. ഭൗതിക പ്രമത്തതയില്‍ നിന്ന് നിര്‍മുക്തമായ മനസിനേ ആദ്ധ്യാത്മിക യാത്ര സംഗതമാവുകയുള്ളൂ എന്നതുകൊണ്ട് ആത്മാവിനെ സ്ഫുടം ചെയ്‌തെടുക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് പറയുന്നു: ”അറിയുമോ? എന്തുകൊണ്ടാണ് നിന്റെ കണ്ണാടി ഒന്നിനെയും പ്രതിഫലിപ്പിക്കാത്തതെന്ന്? അതിന്‍ മുഖത്ത് നിന്ന് തുരുമ്പ് നീക്കം ചെയ്യാത്തതാണ് പ്രശ്‌നം” അനുരാഗിയുടെ ഹൃദയാന്തരങ്ങളില്‍ നിറഞ്ഞുനില്‍ക്കേണ്ട ശുഭാപ്തി വിശ്വാസവും മനോധൈര്യവും സൃഷ്ടിക്കുന്നതാണ് പിന്നീടുള്ള വരികള്‍. ‘നിനക്ക് വിവേകമുണ്ടെങ്കില്‍ ഹൃദയത്തിന് വഴി കൊടുക്കുക. ശേഷം തീവ്രാഭിലാശത്തോടെ ആ പാതയില്‍ പാദമൂന്നുക”. ആറ് പുസ്തകങ്ങളിലായി വിഭജിതമാവുന്ന മസ്‌നവി ആത്മാവിന്റെ തീര്‍ത്ഥയാത്രയുടെ വ്യത്യസ്ത പടവുകളെ അടയാളപ്പെടുത്തുന്നു. ഒന്നാം പുസ്തകം ഗുരുവുമായുള്ള സമാഗമത്തെയാണ് ചര്‍ച്ചക്കെടുക്കുന്നത്. പുല്ലാങ്കുഴലിന്റെ രൂപകമാണ് ഈ ഘട്ടത്തിന്റെ പ്രതീകമായെത്തുന്നത്.

പുല്ലാങ്കുഴലിന്റെ സംഗീതം ശ്രവിക്കാന്‍ തയ്യാറാവുന്നതോടെ സാലിക് (അന്വേഷി) ഗുരുവിനെ കണ്ടെത്തുകയായി. അതിന്റെ സംഗീതം ശ്രവിക്കണമെങ്കില്‍ തടസ്സങ്ങള്‍ നീക്കം ചെയ്യണമെന്ന് മുകളില്‍ നിര്‍ദേശിക്കപ്പെടുകയുണ്ടായി.മസ്‌നവി രണ്ടാം പുസ്തകം അല്‍പ കാലത്തേക്കുള്ള വിരഹത്തെയും സമാഗമത്തിന്റെ ആനന്ദാനുഭൂതിയെയും മനസിലാക്കാന്‍ സഹായിക്കുന്നു. സൂഫീ ചിന്തയില്‍ അനുരാഗത്തിന് അനിഷേധ്യ സ്ഥാനമുണ്ടെങ്കിലും അതിലുപരി റൂമിയില്‍ നിത്യഭാവനയായി അത് വിളങ്ങിനില്‍ക്കുന്നു. ദൈവത്തോളം പുരാതനമായ ചിരന്തനവികാരമായ സ്‌നേഹം സര്‍വതിനെയും ദൈവത്തിലേക്ക് വലിച്ചടുപ്പിക്കുന്നു. ഇഷ്ടഭാജനമായ ദൈവത്തിന്റെ പ്രതിബിംബനം സാധിക്കുന്നതോടെ മനുഷ്യന്‍ യഥാര്‍ഥ സത്തയെ പരിചയപ്പെടുന്നു.

റൂമിയുടെ വീക്ഷണത്തില്‍ അനുരാഗം അതിന്റെ ദ്വിമാനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് കാണാം. ഇഷ്ടഭാജനവുമായുള്ള സമാഗമം (വിസാല്‍), വേര്‍പ്പാട് എന്നീ വിരുദ്ധ മാനങ്ങളാണവ. വേര്‍പാടിന്റെ ഏകാന്തത നിരാശയുടെ അന്ധകാരം  തീര്‍ക്കുന്നുവെങ്കില്‍ എന്തുചെയ്യണമെന്ന് റൂമി നിര്‍ദ്ദേശിക്കുന്നു. ‘ഏകാന്തതയില്‍ നിരാശയിലേക്ക് ആപതിക്കുന്ന വേളയില്‍ സുഹൃത്തിന്റെ തണലില്‍ കഴിയുന്നെങ്കില്‍ നിനക്ക് സൂര്യനെ പോലെ പ്രഭയാര്‍ജിക്കാം. വരൂ, ദൈവത്തിന്റെ സ്‌നേഹിതനെ അന്വേഷിക്കൂ. ദൈവം അപ്പോള്‍ നിങ്ങളുടെ സുഹൃത്താവും”. ആത്മാവിന്റെ യാത്ര അവസാനിക്കുന്നത് സത്യദര്‍ശനത്തോട് കൂടിയാണ്. വിജ്ഞാനമോ ജ്ഞാനമോ ആ അവസ്ഥയെ വിശദീകരിക്കാവുന്ന അവസ്ഥകളല്ല. മറിച്ച്, അനുരാഗവും സ്വത്വനിഷേധവുമാണ് ആ അനുഭവ ഘട്ടത്തെ അടയാളപ്പെടുത്തുന്നത്. ‘ആരോ ചോദിച്ചു. എന്താണ് സ്‌നേഹം. നീ എന്നില്‍ സ്വയം ഇല്ലാതാവുമ്പോള്‍ അതറിയാമെന്ന് ഞാന്‍ പ്രതിവചിച്ചു’. മൂന്നാം പുസ്തകം അയാഥാര്‍ഥ സ്‌നേഹ (ഇശ്‌ഖെ മജാസി) മാണ് ചര്‍ച്ച ചെയ്യുന്നത്. ഈ ഘട്ടത്തില്‍ ഗുരുവും ശിഷ്യനും തമ്മിലുളള അന്തരങ്ങള്‍ അപ്രത്യക്ഷമാവുകയും പ്രാണേതാവും പ്രേയസിയും അനന്യരായി ഐക്യപ്പെടുകയും ചെയ്യുന്നു. പുസ്തകത്തിന്റെ മുഖവുരയില്‍ എല്ലാവരും തങ്ങളുടെ ബുദ്ധിയുടെയും കഴിവിന്റെയും പരിമിതിയുടെയും അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കുകയെന്ന് വ്യക്തമാക്കുന്നു. ലക്ഷ്യപ്രാപ്തി സാധ്യമാകില്ല എന്ന ഭയം യാത്രയില്‍ നിന്ന് ഒരിക്കലും പിന്തിരിപ്പിക്കാന്‍ ഇടവരുത്തരുതെന്നും പാഠങ്ങള്‍ ഗ്രഹിച്ചെടുക്കുന്നതോടെ ആ സന്ദേശം മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കണമെന്നും ഇവിടെ നിര്‍ദേശിക്കുന്നു. എന്നു മാത്രമല്ല ഈ പാത യാത്രികരില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുമെന്നു കൂടി ഈ പുസ്തകത്തില്‍ പറയുന്നു. നാലാം പുസ്തകം ദിവ്യാനുരാഗത്തെയാണ് ചര്‍ച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നത്.

ആറാം വാല്യം സംശയത്തിന്റെയും സന്ദേഹത്തിന്റെയും അന്ധാളിപ്പിന്റെയും ഭാവനയുടെയും അന്ധകാരത്തില്‍ പ്രകാശം പരത്തുന്ന ഒരു വിളക്കാണ്. മൃഗീയ ബോധത്തില്‍ ഒരിക്കലും ഈ വിളക്കിനെ മനസിലാക്കാന്‍ സാധ്യമല്ല

പ്രാണേതാവും പ്രണയഭാജനവും ഒന്നായി ഐക്യപ്പെടുന്ന ഈ ഘട്ടം തന്നെയാണ് മസ്‌നവിയുടെ പരമകാഷ്ഠ. മൂന്നാമത്തെയും നാലാമത്തെയും പുസ്തകങ്ങള്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത് പ്രേമഭാജനത്തെ കണ്ടുമുട്ടുന്ന അനുരാഗിയുടെ കഥ കൊണ്ടാണ്. ”നീ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ലേലും ഇക്കാര്യം അറിയുക എന്തെന്നാല്‍ വിതക്കുന്നതെല്ലാം ഒരു നാള്‍ നീ കൊയ്യുക തന്നെ ചെയ്യും. സ്‌നേഹിതനെ അനുരാഗി കാണുന്നതിന് മുമ്പ് മൂന്നാം പുസ്തകം അവസാനിക്കുകയും ഉടന്‍ അടുത്ത പുസ്തകത്തിലേക്ക് നീങ്ങാന്‍ നിര്‍ദേശം നല്‍കുകയും ചെയ്യുന്നു. ഈ പുസ്തകത്തിന്റെ മുഖവുരയില്‍ വഴിയും വഴികാട്ടിയും, ലക്ഷ്യവുമെല്ലാം ഒന്നായിത്തീരുന്നു. മറ്റു പുസ്തകങ്ങളുടെ മുഖവുരകളില്‍ നിന്നു ഭിന്നമായി ഇതില്‍ ഏതെങ്കിലും മതസിദ്ധാന്തമോ മതാചാരമോ വിവരിക്കുന്നില്ല. ബോധനപരമെന്നതില്‍ കവിഞ്ഞ് ഇത് അനുഭവപരവും പരിവര്‍ത്തനാത്മകവുമാണ്. ശിഷ്യനും നാലാം പുസ്തകവും സൂര്യനെന്നാണ് ഇതില്‍ വിശേഷിക്കപ്പെടുന്നത്. ദിവ്യപ്രഭയുടെയും പ്രൗഢിയുടെയും രൂപകമാണ് സൂര്യന്‍. മസ്‌നവിയിലെ മറ്റു പുസ്തകങ്ങളില്‍ ആധ്യാത്മികസത്യവും അനുഭവങ്ങളും ഭാഷയുടെ മാധ്യമത്തിലൂടെ വിവരിക്കാനുദ്യമിക്കുമ്പോള്‍ ഇവിടെ അത്തരം ക്ലേശങ്ങള്‍ അസ്ഥാനത്തായിത്തീരുന്നു. അഞ്ചാം പുസ്തകം വിവരിക്കുന്നത് ഹ്രസ്വകാല വേര്‍പാടിനെയും പ്രേമഭാജനത്തിന്റെ വര്‍ണനയുമാണ്. പ്രേമഭാജനം സ്വയം വെളിപ്പെടുത്തി നല്‍കുന്ന ബിംബങ്ങള്‍ ദര്‍ശിക്കുന്നവര്‍ക്കെല്ലാം വാക്കുകളില്‍ തങ്ങളുടെ അനുഭവം വര്‍ണിക്കാന്‍ കഴിയാറില്ല. കഴിയുന്ന അല്‍പം ചിലര്‍ കവികളായി മാറുന്നു. അനുരാഗത്തിന്റെ അനുഭൂതി വാക്കുകളില്‍ പൂര്‍ണമായി ആവാഹിക്കുക അസാധ്യമായതുകൊണ്ട് തന്നെ അതിന്റെ ആവിഷ്‌ക്കാര ക്ലേശങ്ങളെ കുറിച്ച് റൂമി വാചാലനാവുന്നുണ്ട്.

ആ അനുഭൂതി ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്ന ബുദ്ധി ചതുപ്പിലകപ്പെട്ട കഴുതക്കു തുല്യമാണെന്നും അതു വാക്കുകളിലേക്ക് പടര്‍ത്താന്‍ ശ്രമിക്കുന്ന പേന തുണ്ടം തുണ്ടമായിഛിന്നുമെന്നും റൂമി പറയുന്നു.  അഞ്ചാം പുസ്തകത്തില്‍ ദിവ്യാനുരാഗത്തിന്റെ അനുഭവസാക്ഷിത്വത്തിനു ശേഷം വീണ്ടും വ്യക്തിനിഷ്ഠതകളുടെയും വേര്‍പാടിന്റെ ഘടത്തിലേക്ക് വഴിമാറുകയാണ് അന്വേഷിയായ യാത്രികന്‍. അനുരാഗം നേരിട്ടുള്ള അനുഭവത്തിലൂടെ അറിയുകമാത്രമേ സാധ്യമൊള്ളൂ, വിവരണം അസാധ്യമാണെന്നാണ് ഈ പുസ്തകം ബോധിപ്പിക്കുന്നത്. വാക്കുകള്‍ കൊണ്ട് മാത്രം സത്യത്തെ പ്രാപിക്കാന്‍ അസാധ്യമാണെന്ന ചര്‍ച്ചയിലൂടെ മാത്രമാണെന്ന അനുരാഗത്തെയും പ്രേമഭാജനത്തെയും ആവിഷ്‌കരിക്കാനുള്ള ഭാഷയുടെ ശ്രമം അല്‍പമെങ്കിലും വിജയം കാണുന്നത്.നാലാം പുസ്തകത്തിലെ സൂര്യന്റെ ബിംബത്തോട് ഇവിടെ താരതമ്യം ചെയ്യുന്നത് മെഴുകുതിരിയെയാണ്. മസ്‌നവിയുടെ സൂര്യഭാവം വിനഷ്ടമായി വെറുമൊരു മെഴുകുതിരിയായി മാറിയിരിക്കുന്നു. ആത്മാവിന്റെ ഉത്ഥാനപതനങ്ങളുടെ ആഖ്യാനം അതിമനോഹരമായി ഈ രൂപകം കാഴ്ചവെക്കുന്നു. റൂമി പറയുന്നു: ”ഈ അഞ്ചാം പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്,മസ്‌നവി മതനിയമങ്ങള്‍ മെഴുകുതിരിയെ പോലെ വഴികാണിക്കുന്നവയാണെന്നാണ്. മെഴുകുതിരി സ്വന്തമാക്കാനാവുന്നില്ലെങ്കില്‍ യാത്രയും ഇല്ല. വഴിയിലേക്ക് (ത്വരീഖ്) നിങ്ങള്‍ എത്തുന്നതോട് നിങ്ങളുടെ യാത്ര തന്നെ വഴിയായും യാത്രയുടെ അവസാനം സത്യമായും (ഹഖീഖ) മാറുന്നു. ഈ പുസ്തകത്തിന്റെ മുഖവുരയില്‍ ശരീഅ, തരീഖ, ഹഖീഖ എന്നിവ തമ്മിലെ വ്യത്യാസങ്ങളെ കുറിച്ച ചിരപരിചിത വ്യവഹാരം ആവര്‍ത്തിക്കുന്നതു കാണാം. റൂമി ഇവിടെ രണ്ട് ഉദാഹരണങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഒന്ന് ആല്‍ക്കെമിയുടെ ചെമ്പ് സ്വര്‍ണമാക്കുന്ന വിദ്യയുടെയും മാറ്റൊന്ന് മരുന്നിന്റെയും സിദ്ധാന്തബദ്ധമായ അറിവും അനുഭവയാഥാര്‍ഥ്യവും തമ്മിലെ അന്തരങ്ങള്‍ വരച്ചുകാട്ടുന്നവയാണ് ഈ ഉദാഹരണങ്ങള്‍.” അവസാനത്തെയും ആറാമത്തെയുമായ പുസ്തകം പ്രേമഭാജനത്തിന്റെ അല്ലെങ്കില്‍ ഗുരുവിന്റെ തിരോധാനത്തെയാണ് ചര്‍ച്ച ചെയ്യുന്നത്. ശംസുദ്ദീന്‍ തബ്‌രീസിയുടെ രണ്ടാമത്തെ തിരോധാനത്തോടെ റൂമിയുടെ ഗുരു നഷ്ടമാവുന്നു. ശംസിന്റെ ഭൗതിക സാന്നിധ്യം മാത്രമേ അപ്രത്യക്ഷമായിട്ടുള്ളൂ എന്ന് റൂമി പിന്നീട് പറയുന്നുണ്ട്. ഈ പുസ്തകത്തില്‍ ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു. നഗരവും അതിലെ അപരിചിത ഭാഷയും ബാഹ്യ രൂപങ്ങളെ അതിവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നു. ഈ ബന്ധവിച്ഛേദനത്തെക്കുറിച്ച് പുസ്തകത്തിന്റെ ആരംഭത്തില്‍ പ്രതിപാദിച്ചിട്ടില്ലെങ്കിലും ചര്‍ച്ചക്കിടെ പെട്ടെന്നവസാനിക്കുന്ന പാഠഭാഗം ദ്യോതിപ്പിക്കുന്നത് മറ്റൊന്നുമല്ല. യാത്രയുടെ അന്തിമ ഘട്ടങ്ങളില്‍ കൂടെയുണ്ടായിരിക്കേണ്ട സ്‌നേഹഭാജനത്തോടുള്ള അനുരാഗം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ആഖ്യാനരീതിയാണ് ഇവിടെ സംഭവിക്കുന്നത്. മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹബന്ധമാണ് സത്യത്തിന്റെ പടിവാതില്‍ക്കലേക്ക് നയിക്കുന്ന പാലമെങ്കിലും അവസാന ഘട്ടങ്ങളില്‍ ദിവ്യ സത്യത്തെ മാത്രമന്വേഷിച്ചുള്ള യാത്രക്കായി ഈ ബന്ധങ്ങളെല്ലാം വിച്ഛേദിച്ചേ മതിയാവൂ.

മസ്‌നവി അവസാനിക്കുന്നതുപോലെ അപ്രതീക്ഷിതമായി അത്തരം ബന്ധം അവസാനിപ്പിക്കണമെന്നു തന്നെയാണ് മൗലാന നല്‍കുന്ന സന്ദേശം. അവസാനത്തെ പുസ്തകത്തെ ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നു. ആറാം വാല്യം സംശയത്തിന്റെയും സന്ദേഹത്തിന്റെയും അന്ധാളിപ്പിന്റെയും ഭാവനയുടെയും അന്ധകാരത്തില്‍ പ്രകാശം പരത്തുന്ന ഒരു വിളക്കാണ്. മൃഗീയ ബോധത്തില്‍ ഒരിക്കലും ഈ വിളക്കിനെ മനസിലാക്കാന്‍ സാധ്യമല്ല.ശേഷം റൂമി സത്യം ഗ്രഹിക്കാനാഗ്രഹമുള്ളവരോട് തന്റെ ഈ ഗ്രന്ഥം വായിക്കാനാവശ്യപ്പെടുന്നു.ആത്മീയ സാഗരത്തിനായി നിങ്ങള്‍ ദാഹിക്കുന്നുവെങ്കില്‍ മസ്‌നവിയിലെ ദ്വീപില്‍ നിങ്ങളൊരു ചാലു കീറുവിന്‍. മസ്‌നവിയെ ആത്മീയമായി  മാത്രം സദാസമയം ദര്‍ശിക്കാനുതകുന്ന വണ്ണം വലിയതായിക്കോട്ടെ അത്… മസ്‌നവിയെന്ന മഹാ സാഗരത്തെയും വാക്കുകള്‍ കൊണ്ട് വിവരിക്കുകയെന്നത് അസാധ്യമാണ്. ബഹുശാഖിയായി ത്രികാലങ്ങളിലേക്കും പ്രവഹിക്കുന്ന അതിന്റെ വേരുകള്‍ മനുഷ്യാസ്തിത്വത്തെ അതിന്റെ സാകല്യത്തില്‍ ഉപാധികളില്ലാതെ ആശ്ലേഷിക്കുകയും ശരീരവും ഹൃദയവും ആത്മാവുമെല്ലാം സമഞ്ജസമായി സമ്മേളിക്കുന്ന അനശ്വരവിതാനത്തിലേക്ക് മനുഷ്യനെ ആനയിക്കുകയും ചെയ്യുന്നു. മസ്‌നവിയില്‍ റൂമി പറഞ്ഞതു തന്നെയാണ് ആ ഗ്രന്ഥത്തെ കുറിച്ച് നമുക്ക് പറയാനുള്ളത്ഗര്‍ ബെറേസീ ബഹ്‌റ് റാ ദര്‍ കൂസയെസാഗരത്തെ ഒരു കൂജയിലൊഴിച്ചാലെത്ര കൊള്ളുമോ..  (തുടരും)

 

About ഷമീറലി ഹുദവി പള്ളത്ത്‌

Thelicham monthly

Check Also

പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളും വിദേശ നയങ്ങളും

യു.എ.ഇ ബഹ്‌റൈന്‍ തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ ദീര്‍ഘകാല വൈരികളായ ഇസ്രായേലുമായി നയതന്ത്ര ഉഭയകക്ഷീ ബന്ധങ്ങള്‍ സ്ഥാപിക്കുന്ന അബ്രഹാം അക്കോര്‍ഡ് മേഖലയെയും …

Leave a Reply

Your email address will not be published. Required fields are marked *