Home / 2017 / റൂമിയുടെ പട്ടവും ഇസ്‌ലാമിന്റെ നൂലും
thelicham

റൂമിയുടെ പട്ടവും ഇസ്‌ലാമിന്റെ നൂലും

ബ്രിട്ടീഷ് റോക് ബാന്‍ഡ് കോള്‍ഡ്‌പ്ലേ ആര്‍ടിസ്റ്റ് ക്രിസ് മാര്‍ട്ടിനും ഹോളിവുഡ് നടി ഗ്വനിത്ത് പാള്‍ട്രോയും തമ്മിലുള്ള ബന്ധം വിഛേദനത്തിന്റെ വക്കിലെത്തിയ സമയം, ക്രിസ് മാര്‍ട്ടിന് സുഹൃത്ത് ഒരു പുസ്തകം സമ്മാനിക്കുന്നു. കോള്‍മാന്‍ ബാര്‍ക്‌സിന്റെ മസ്‌നവി വിവര്‍ത്തനമായിരുന്നു അത്. മാര്‍ട്ടിന്റെ പിന്നീടുള്ള ജീവിതത്തിന്റെ ഗതി തന്നെ മസ്‌നവി മാറ്റിയെഴുതി. കോള്‍ഡ്‌പ്ലേയുടെ പുതിയ ആല്‍ബത്തില്‍ ബാര്‍ക്‌സ് മസ്‌നവി വായിക്കുന്ന രംഗമുണ്ട്. സെലിബ്രിറ്റികളുടെ വരെ ആത്മീയാന്വേഷണങ്ങളെ പ്രചോദിപ്പിക്കാന്‍പോന്നതായിരുന്നു റൂമി രചനകള്‍. മഡോണയുടെയും ടില്‍ഡ സ്വിന്റണിന്റെയും വര്‍ക്കുകളില്‍ റൂമിയുടെ സാന്നിദ്ധ്യം പ്രകടമാണ്.
റൂമിയില്‍ നിന്നും കടമെടുത്ത ഊര്‍ജ്ജദായകമായ സുഭാഷിതങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ദിനേന വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘അനുനിമിഷം ഞാന്‍ എന്റെ വിധിയെ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്, എന്റെ ആത്മാവിന്റെ പെരുന്തച്ചനാണ് ഞാന്‍’ തുടങ്ങിയവ ഉദാഹരണം മാത്രം. ബാര്‍ക്‌സിന്റെ മൊഴിമാറ്റങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതിലേറെയും. അമേരിക്കന്‍ പുസ്തകശാലകളിലെ ഷെല്‍ഫുകളില്‍ നിറഞ്ഞു നില്‍ക്കുന്നതും വിവാഹവേദികളില്‍ നിരന്തരം വായിക്കപ്പെടുന്നതും ബാര്‍ക്‌സ് ഭാഷാന്തരം ചെയ്ത റൂമി കവിതകളാണ്. യു.എസിലെ ബെസ്റ്റ് സെല്ലിംഗ് കവിയാണ് ജലാലുദ്ദീന്‍ റൂമി. സൂഫി, അവബോധജ്ഞാനി, പരിത്യാഗി എന്നിങ്ങനെ റൂമിയുടെ വിശേഷണതലങ്ങള്‍ പലതാണ്. പ്രത്യുല്‍പന്നമതിയായ മുസ്‌ലിം പണ്ഡിതനായിരിക്കെ തന്നെ അദ്ദേഹത്തെ പടിഞ്ഞാറില്‍ മുസ്‌ലിം ലേബലില്‍ പരിചയപ്പെടുത്തുന്നതോ വളരെ വിരളവും.thelichamതന്റെ ജീവിതസായാഹ്നത്തിലാണ് ആറു ഭാഗങ്ങളിലായി അന്‍പതിനായിരത്തോളം വരികളില്‍ പരന്നുകിടക്കുന്ന പേര്‍ഷ്യന്‍ കാവ്യസമാഹാരമായ മസ്‌നവിക്കു വേണ്ടി റൂമി തൂലിക ചലിപ്പിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെ ആഖ്യാനങ്ങള്‍ ഭംഗിചോരാത്ത വിധം റൂമി മസ്‌നവിയില്‍ വിളക്കിച്ചേര്‍ക്കുന്നുണ്ട്. അപൂര്‍ണ്ണമെന്ന് ചില പണ്ഡിതരെങ്കിലും വാദിക്കുന്ന മസ്‌നവി പേര്‍ഷ്യന്‍ ഖുര്‍ആന്‍ ആയിട്ടാണ് വ്യാപകമായി വിശേഷിപ്പിക്കപ്പെടുന്നത്. ഖുര്‍ആന്‍ ഹൃദ്യസ്ഥമായതിനാലാവണം റൂമി കവിതകളില്‍ ദൈവിക സൂക്തങ്ങള്‍ അനല്‍പമായ തോതില്‍ ഇടംപിടിച്ചെതെന്ന് മേരിലാന്‍ഡ് യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഫാത്വിമ കെശാവര്‍സിന്റെ അഭിപ്രായം. ദൈവിക ഗ്രന്ഥത്തിന്റെ വ്യാഖ്യാനമായിട്ടാണ് റൂമി തന്നെ മസ്‌നവിയെ പരിചയപ്പെടുത്തുന്നത്. മതത്തിന്റെ വേരുകളും താഴ്‌വേരുകളുമാണ് മസ്‌നവിയെന്നും റൂമി പറയുന്നു. ‘ഇംഗ്ലീഷില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ള റൂമി ഗംഭീരമാണ്. പക്ഷെ, മതവും സംസ്‌കാരവും അതില്‍ തിരഞ്ഞാല്‍ കിട്ടില്ല എന്നു മാത്രം,” റട്‌ജേഴ്‌സ് യൂനിവേഴ്‌സിറ്റിയിലെ പ്രാചീന സൂഫിസ പണ്ഡിതനായ ജാവിദ് മുജദ്ദിദി പറയുന്നു.
പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അഫ്ഗാനില്‍ ജനിച്ച ജലാലുദ്ദീന്‍ റൂമിയുടെ കുടുംബം തുര്‍ക്കിയിലെ കോന്‍യയിലേക്ക് കുടിയേറി. പണ്ഡിതനും സാത്വികനുമായിരുന്ന പിതാവില്‍ നിന്നാണ് സൂഫിസത്തിന്റെ ആദ്യപാഠങ്ങള്‍ റൂമി നുകരുന്നത്. സിറിയയില്‍ നിന്ന് ദൈവശാസ്ത്രത്തിലും കര്‍മശാസ്ത്രത്തിലും നൈപുണ്യം നേടിയ റൂമി ജന്മനാട്ടിലെ മതപഠനശാലയില്‍ അധ്യാപകനായി നിയമിതനായി. കോന്‍യയില്‍ വെച്ചാണ് റൂമിയും ആത്മാന്വേഷണ യാത്രികനായ ശംസേ തബ്രീസിനെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ശംസ് റൂമിയുടെ വഴികാട്ടിയും പ്രണയഭാജനവുമായി മാറി. ഇരുവരുടെയും സൗഹൃദം വിവാദങ്ങള്‍ക്ക് വഴിവെച്ചെങ്കിലും ശംസേ തബ്രീസ് റൂമിയുടെ കവിതയിലും ജീവിതത്തിലും ചെലുത്തിയ സ്വാധീനം അനിഷേധ്യമായിരുന്നു. ബ്രാഡ് ഗൂച്ചിയുടെ റൂമി ജീവ ചരിത്ര ഗ്രന്ഥമായ റൂമീസ് സീക്രട്ട്, ഇരുവരുടെയും സൗഹൃദം ചിത്രീകരിക്കുന്നുണ്ട്. മതവിദ്യഭ്യാസത്തെയും ഖുര്‍ആനിക വചനങ്ങളെയും സംവാദാത്മകമായി സമീപിക്കാന്‍ റൂമിയെ സജ്ജീകരിച്ചത് ശംസേ തബ്രീസായിരുന്നു.

റൂമി കവിതകളില്‍ നിന്ന് ഇസ്‌ലാമിനെ മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ കോള്‍ഡ്‌പ്ലേയുടെ ഇടപെടലിന് മുമ്പേ ആരംഭിച്ചുണ്ട്. മിസ്റ്റിക്കല്‍ പോയട്രിയുടെ ഇസ്‌ലാമിക വേരുകള്‍ അറുത്തുനീക്കാനുള്ള പടിഞ്ഞാറിലെ വായനക്കാരുടെ ശ്രമങ്ങള്‍ വിക്ടോറിയന്‍ കാലഘട്ടത്തില്‍ നിന്നും കണ്ടെടുക്കുന്നുണ്ട് ഡ്യൂക് യൂനിവേഴിസിറ്റി മിഡില്‍ഈസ്റ്റ് സ്റ്റഡീസ് പ്രൊഫസര്‍ ഒമിദ് സാഫി.

ഭക്തിയിലൂടെ ദൈവത്തിന്റെ ഏകത്വത്തില്‍ വിലയംപ്രാപിക്കാന്‍ റൂമിക്ക് ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിച്ചു അദ്ദേഹം. ശംസിന്റെ ആദ്ധ്യാത്മിക ദര്‍ശനങ്ങളും സ്വന്തം അവബോധജന്യമായ സ്‌നേഹവും ശരീഅത്തിലധിഷ്ടിതമായ സൂഫിസവും രൂപപ്പെടുത്തിയെടുത്ത റൂമിയുടെ വ്യക്തിത്വം തന്റെ സമകാലികരില്‍ അഗ്രിമസ്ഥാനത്തായിരുന്നു. സൂഫികളും ദൈവശാസ്ത്രപണ്ഡിതരടങ്ങുന്ന വലിയ അനുവാചക വൃന്ദത്തെ തന്നെ റൂമി സൃഷ്ടിച്ചെടുത്തിരുന്നു. മതത്തിന്റെ വേലിക്കപ്പുറത്തുള്ള ജൂതന്മാരും ക്രിസ്തുമതവിശ്വാസികളും അതിലുണ്ടായിരുന്നു. റൂമിയെ രൂപപ്പെടുത്തിയ മത, രാഷ്ട്രീയ ജീവിത പരിസരങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട് ബ്രാഡ് ഗൂച്ച്. മത കാര്യങ്ങളില്‍ അതീവ നിഷ്ഠ പുലര്‍ത്തിയിരുന്ന കുടുംബത്തിലാണ് അദ്ദേഹം ജനിച്ചതെന്ന് സൂചിപ്പിക്കുമ്പോള്‍ തന്നെ മതത്തിന് അതീതമായിട്ടായിരുന്നു റൂമിയുടെ ജീവിതമെന്ന് വരച്ചിടാനുള്ള ശ്രമങ്ങള്‍ പുസ്തകത്തില്‍ കാണാം. വ്യവസ്ഥാപിത വിശ്വാസസംഹിതകള്‍ക്കപ്പുറം റിലീജ്യണ്‍ ഓഫ് ലവ് എന്ന സംജ്ഞയെ റൂമി എടുത്തുകാട്ടിയിരുന്നെന്നാണ് ഗൂച്ചിന്റെ കണ്ടെത്തല്‍. റൂമിയുടെ ഇസ്‌ലാം പഠനങ്ങളും പാണ്ഡിത്യവുമാണ് അദ്ദേഹത്തിന്റെ ചിന്താലോകത്തെ വരെ രൂപപ്പെടുത്തിയതെന്ന വസ്തുതയാണ് ഇത്തരം വായനകള്‍ അവഗണിക്കുന്നത്. ജാവിദ് മുജദ്ദിദി നിരീക്ഷിക്കുന്നതിങ്ങനെയാണ്: ‘ക്രിസ്ത്യ ജൂത വിശ്വാസി സമൂഹങ്ങളെ വേദഗ്രന്ഥത്തിന്റെ ആളുകള്‍ (അഹ്‌ലുല്‍ കിതാബ്) എന്നാണ് ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത്. സാര്‍വ്വലൗകിക വീക്ഷണത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി ഇതിനെ കണക്കാക്കാം. റൂമിയില്‍ പലരും കണ്ടെടുക്കുന്ന സാര്‍വ്വലൗകിക സ്വഭാവം അദ്ദേഹത്തിന്റെ മുസ്‌ലിം പശ്ചാത്തലത്തിന്റ തുടര്‍ച്ചയും പ്രതിഫലനവുമാണ്.’
റൂമി കവിതകളില്‍ നിന്ന് ഇസ്‌ലാമിനെ മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ കോള്‍ഡ്‌പ്ലേയുടെ ഇടപെടലിന് മുമ്പേ ആരംഭിച്ചുണ്ട്. മിസ്റ്റിക്കല്‍ പോയട്രിയുടെ ഇസ്‌ലാമിക വേരുകള്‍ അറുത്തുനീക്കാനുള്ള പടിഞ്ഞാറിലെ വായനക്കാരുടെ ശ്രമങ്ങള്‍ വിക്ടോറിയന്‍ കാലഘട്ടത്തില്‍ നിന്നും കണ്ടെടുക്കുന്നുണ്ട് ഡ്യൂക് യൂനിവേഴിസിറ്റി മിഡില്‍ഈസ്റ്റ് സ്റ്റഡീസ് പ്രൊഫസര്‍ ഒമിദ് സാഫി. തികച്ചും അസാധാരണവും വിചിത്രവുമായ ധാര്‍മ്മിക നിയമ വ്യവസ്ഥകളുള്ള ഇസ്‌ലാമെന്നൊരു മരുഭൂമതത്തെ (ഡെസേര്‍ട്ട് റിലീജിയന്‍) കുറിച്ചുള്ള തങ്ങളുടെ ധാരണകളെ റൂമി, ഹാഫിസ് തുടങ്ങിയ മഹാരഥന്മാരായ കവികളുടെ രചനകളുമായി രജ്ഞിപ്പിലെത്തിക്കാന്‍ പരിഭാഷകര്‍ക്കോ ദൈവശാസ്ത്രപണ്ഡിതര്‍ക്കോ സാധിച്ചിട്ടില്ല. റൂമിയും ഹാഫിസും മിസ്റ്റിക്കലായത് ഇസ്‌ലാം കാരണമല്ല. മറിച്ച്, ഇസ്‌ലാമിന് അതീതമായ എന്തോ ഒന്നുകൊണ്ടാണെന്ന് അവര്‍ വിശദീകരിക്കുന്നു.
മുസ്‌ലിം സമൂഹം നിയമപരമായ വിവേചനം നേരിടുന്ന സമയമായിരുന്നു അത്.thelicham

യു.എസിലേക്ക് പ്രവേശിക്കുന്നതിന് മുസ്‌ലിംകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ 1790ലെ ഒരു നിയമവും, ഇതു കഴിഞ്ഞൊരു നൂറ്റാണ്ടിനു ശേഷം യു.എസ് സുപ്രീം കോടതി നടത്തിയ ”ഇസ്‌ലാം വിശ്വാസികള്‍ ഇതരമതസ്ഥരോട് വിശേഷിച്ച് ക്രിസ്ത്യാനികളോട് വര്‍ധിച്ച തോതില്‍ വിദ്വേഷം പുലര്‍ത്തുന്നുണ്ടെന്ന” നിരീക്ഷണവും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. 1898ല്‍ സര്‍ ജെയ്ംസ് റെഡ്ഹൗസ് തന്റെ മസ്‌നവി വിവര്‍ത്തന ഗ്രന്ഥത്തിന്റെ ആമുഖത്തിലെഴുതുന്നു: ”ഇഹലോകം ത്യജിച്ച് പരിത്യാഗികളായി, ദൈവത്തെ അന്വേഷിക്കുകയും ദിവ്യസാമീപ്യം തേടിനടക്കുകയും, സ്വത്വത്തെ മായ്ച്ചു കളഞ്ഞ് ആദ്ധ്യാത്മിക വിചാരങ്ങളില്‍ സമര്‍പ്പിതരായി മുഴുകുകയും ചെയ്യുന്നവരെയാണ് മസ്‌നവി അഭിസംബോധന ചെയ്യുന്നത്. അഥവാ പടിഞ്ഞാറിനെ സംബന്ധിച്ചിടത്തോളം റൂമിയും ഇസ്‌ലാമും വിപരീത ദ്രുവങ്ങളിലാണ്.

ആര്‍.എ നിക്കോള്‍സണ്‍, എ.ജെ ആര്‍ബെറി, ആന്‍മേരി ഷിമ്മേല്‍ തുടങ്ങിയ പ്രശസ്തരായ വിവര്‍ത്തകരാണ് ഇരുപതാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ റൂമി സാന്നിദ്ധ്യം സമ്പന്നമാക്കിയത്. എന്നാല്‍, റൂമിയുടെ ആസ്വാദകവൃന്ദത്തെ കൂടുതല്‍ വിപുലമാക്കിയത് ബാര്‍ക്‌സിന്റെ സൃഷ്ടികളായിരുന്നു. പേര്‍ഷ്യന്‍ ഭാഷ വശമല്ലാതിരുന്ന അദ്ദേഹം, ഒരു വിവര്‍ത്തകനപ്പുറം വ്യാഖ്യാതാവ് ആയിരുന്നു എന്നുപറയുന്നതാണ് കൂടുതല്‍ ശരി. പത്തൊമ്പതാം നൂറ്റാണ്ടിലെ വിവര്‍ത്തനങ്ങളെ അമേരിക്കന്‍ ശീലുകളാക്കി പരിവര്‍ത്തിപ്പിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ഗത്തില്‍ സത്യസന്ധരായ വിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന കന്യകകളാണ് ‘ഹൂറി’ എന്ന പദത്തിന്റെ വിവക്ഷ. പ്രസ്തുത പദത്തിന് കേവല ഭാഷാര്‍ത്ഥം കൂടി ബാര്‍ക്‌സ് തന്റെ വിവര്‍ത്തനത്തില്‍ നല്‍കുന്നില്ല. റൂമിയുടെ കവിതാ ശകലത്തിന്റെ മതപരമായ പശ്ചാത്തലവും അര്‍ത്ഥതലങ്ങളും ഇത്തരത്തില്‍ തന്ത്രപരമായി ഒഴിവാക്കപ്പെടുന്നു.

1937ല്‍ യു.എസിലെ ടെന്നിസി സംസ്ഥാനത്തെ ചാറ്റനൂഗയിലാണ് ബാര്‍ക്‌സ് ജനിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി നേടിയ അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാ സമാഹാരം ദി ജ്യൂസ് 1971ല്‍ പ്രകാശിതമായി. റൂമിയെ ആദ്യമായി അദ്ദേഹം പരിചയപ്പെടുന്നത് മറ്റൊരു കവി റോബര്‍ട്ട് ബ്‌ളൈയുടെ പക്കല്‍ നിന്നായിരുന്നു. ആര്‍ബെറിയുടെ വിവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് കൈമാറിയ ബ്‌ളൈ ”ഈ വരികള്‍ കെട്ടുപാടുകളില്‍ നിന്നും മോചനം തേടുന്നുണ്ടെന്നുകൂടി” പറഞ്ഞു. ബാര്‍ക്‌സ് ഇസ്‌ലാമിക സാഹിത്യത്തില്‍ ഒട്ടും അവഗാഹമുള്ള വ്യക്തിയല്ല. ബാര്‍ക്‌സ് ഈയിടെ ഒരു ഫോണ്‍ സംഭാഷണത്തില്‍, പ്രസ്തുത സംഭവത്തിന് തൊട്ടുടനെ അദ്ദേഹം കണ്ടൊരു സ്വപ്‌നത്തെക്കുറിച്ച് വിവരിക്കുകയുണ്ടായി. പുഴക്കരയിലെ പാറയില്‍ ഉറങ്ങുകയായിരുന്ന ബാര്‍ക്‌സിന്റെ അടുത്തേക്ക് പ്രകാശം ചുറ്റും വലയംതീര്‍ത്ത ഒരു അപരിചിതന്‍ കടന്നുവന്ന് പറഞ്ഞു ‘ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നു’. മുന്‍പൊരിക്കലും താന്‍ കണ്ടിട്ടില്ലാത്ത ആ അപരിചിതനെ പിന്നീടൊരിക്കല്‍ ഫിലാഡല്‍ഫിയയിലെ സൂഫീ കേന്ദ്രത്തില്‍ വെച്ച് ബാര്‍ക്‌സ് കണ്ടുമുട്ടുന്നുണ്ട്. ഒരു സൂഫി സരണിയുടെ നേതാവാണ് സ്വപ്‌നത്തില്‍ കണ്ട അപരിചിതനെന്ന് ബാര്‍ക്‌സ് തിരിച്ചറിയുന്നു. റോബര്‍ട്ട് ബ്‌ളൈ നല്‍കിയ റൂമിയുടെ വിക്ടോറിയന്‍ വിവര്‍ത്തനങ്ങളെ പഠനവിധേയമാക്കിയും പുനക്രമീകരിച്ചും ഡസനിലധികം റൂമി പുസ്തകങ്ങള്‍ ബാര്‍ക്‌സ് പിന്നീട് രചിക്കുകയുണ്ടായി.”ഹൃദയം തുറക്കുന്നതിന്റെ നിഗൂഢത”യായാണ് ബാര്‍ക്‌സ് റൂമിയുടെ കവിതകളെ കാണുന്നത്. ”ഭാഷയുടെ വിന്യാസപരിധിക്കപ്പുറത്തുള്ള” ഒന്നാണ് റൂമി കവിതാ ശകലങ്ങളെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. റൂമി കവിതകളിലെ അത്തരം പ്രകടിപ്പിക്കാന്‍ കഴിയാത്ത ആശയങ്ങളെ സുഗ്രാഹ്യമായി ഉള്‍ചേര്‍ക്കാന്‍ വേണ്ടി അദ്ദേഹം തന്റെ വിവര്‍ത്തനത്തില്‍ ചില സ്വാതന്ത്ര്യങ്ങള്‍ എടുക്കുന്നുണ്ട്.thelicham

ഇതിന്റെ തുടര്‍ച്ചയായി ഇസ്‌ലാം സംബന്ധിയായ സൂചനകളും ചരിത്രങ്ങളുമെല്ലാം വിരളമാണെന്നു കാണാം. റൂമി കവിതയിലെ പ്രസിദ്ധമായ ”ഇതു പോലെ” എന്ന കവിത ഉദാഹരണത്തിന് പരിശോധിച്ചു നോക്കാം. ആര്‍ബെറി മൊഴിമാറ്റവും ബാര്‍ക്‌സിന്റെ മൊഴിമാറ്റവും വ്യത്യസ്തമാണ്. ”ഹൂറികളാരാണെന്ന് നിന്നോട് ചോദിക്കുന്നവരോട് (നിന്റെ) മുഖം കാണിച്ച് (പറയുക) ‘ഇതു പോലെ,’ ആര്‍ബെറിയുടെ വിവര്‍ത്തനമാണിത്. ബാര്ക്‌സിന്റെ വിവര്‍ത്തനം ഇങ്ങനെയാണ്, ”ലൈംഗിക ചോദനകളുടെ സമ്പൂര്‍ണ്ണ സാക്ഷാത്കാരം എങ്ങനെയിരിക്കും എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കില്‍ നീ (നിന്റെ) മുഖമുയര്‍ത്തുക, എന്നിട്ട് പറയൂ ‘ഇതു പോലെ’ എന്ന്.” സ്വര്‍ഗത്തില്‍ സത്യസന്ധരായ വിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന കന്യകകളാണ് ‘ഹൂറി’ എന്ന പദത്തിന്റെ വിവക്ഷ. പ്രസ്തുത പദത്തിന് കേവല ഭാഷാര്‍ത്ഥം കൂടി ബാര്‍ക്‌സ് തന്റെ വിവര്‍ത്തനത്തില്‍ നല്‍കുന്നില്ല. റൂമിയുടെ കവിതാ ശകലത്തിന്റെ മതപരമായ പശ്ചാത്തലവും അര്‍ത്ഥതലങ്ങളും ഇത്തരത്തില്‍ തന്ത്രപരമായി ഒഴിവാക്കപ്പെടുന്നു. എന്നാല്‍ പ്രസ്തുത കവിതയില്‍ തന്നെ ചിലയിടങ്ങളില്‍ യേശുവിനെയും ജോസഫിനെയും സൂചിപ്പിക്കുന്നുണ്ട്. ഇസ്‌ലാമിക സൂചനകളും പരാമര്‍ശങ്ങളും നീക്കം ചെയ്യാന്‍ ബോധപൂര്‍വ്വം ശ്രമിച്ചതായി ഓര്‍ക്കുന്നില്ലെന്ന് ഇതേകുറിച്ച് ചോദിച്ചപ്പോള്‍ ബാര്‍ക്‌സ് പ്രതികരിക്കുകയുണ്ടായി. ”പ്രസ്‌ബൈറ്റേറിയന്‍ പ്രൊട്ടസ്റ്റന്റ് കുടുംബത്തില്‍ വളര്‍ന്ന എനിക്ക് ബൈബിള്‍ വചനങ്ങള്‍ ഒരുപാട് മനപാഠമുണ്ട്. പുതിയ നിയമവും നന്നായിയറിയാം. എന്നാല്‍ ഖുര്‍ആനുമായി എനിക്ക് പരിചയം കുറവാണ്. ഖുര്‍ആന്‍ വായിക്കാന്‍ ഇത്തിരി പ്രയാസമുള്ള ഗ്രന്ഥമാണ്” എന്നും അദ്ദേഹം പറയുന്നു.
യുഎസിലെ വലിയൊരു വായനാവൃന്ദത്തിന് റൂമിയെ പരിചയപ്പെടുത്തിയത് ബാര്‍ക്‌സാണെന്നാണ് ഒമിദ് സാഫിയടക്കം പലരുടെയും പക്ഷം. അമേരിക്കന്‍ റൂമിയെ ഉണ്ടാക്കിയെടുക്കാന്‍ വേണ്ടി റൂമിയുടെ ജീവിതവും രചനകളും ദീര്‍ഘകാലം ആഴത്തില്‍ പഠിച്ചതിന്റെ പരിചയം ബാര്ക്‌സിന് കൈമുതലായുണ്ട്. മൂലകൃതിയുമായി നൂലിഴബന്ധം മാത്രമുള്ള മൊഴിമാറ്റങ്ങളും റൂമീ കവിതകള്‍ക്ക് ഇറങ്ങിയിട്ടുണ്ട്. ദീപക് ചോപ്രയുടെയും ഡാനിയല്‍ ലാഡിന്‍സ്‌കിയുടെയും ന്യൂ എയ്ജ് പുസ്തകങ്ങള്‍ ഉദാഹരണങ്ങളാണ്. ആത്മീയരചനകളില്‍ കേന്ദ്രീകരിക്കുന്ന ദീപക് ചോപ്ര തന്നെ തന്റെ കവിതകള്‍ റൂമിയുടേതല്ല എന്ന് അടിവരിയിടുന്നുണ്ട്. ദ ലവ് പോയംസ് ഓഫ് റൂമിയുടെ ആമുഖത്തില്‍ പറയുന്നതിപ്രകാരമാണ്, ”ദി ലൗ പോയംസ് ഓഫ് റൂമി പേര്‍ഷ്യന്‍ ഭാഷയിലെ ചില പ്രയോഗങ്ങളില്‍ നിന്നും കണ്ടെടുത്ത സവിശേഷ ഭാവങ്ങളാണ്. മൂല കൃതിയുടെ ആത്മാവ് ചോര്‍ന്നുപോകാത്ത പുതിയ ആവിഷ്‌കാരവുമാണത്.”

ബൈബിളില്ലാതെ മില്‍ട്ടണെ വായിക്കുന്നതും വിലയിരുത്തുന്നതും പോലെയാണ് ഖുര്‍ആനില്ലാതെ റൂമിയെ വായിക്കുന്നതും വിലയിരുത്തുന്നതെന്നുമാണ് ഒമിദ് സാഫിയുടെ പക്ഷം. റൂമി മതവിരുദ്ധനായിരുന്നെങ്കില്‍ തന്നെ അദ്ദേഹം മുസ്‌ലിം പശ്ചാത്തലത്തിലുള്ള മതവിരുദ്ധനായിരുന്നു

റൂമി രചനകളുടെ ന്യൂ ഏജ് വിവര്‍ത്തനങ്ങളിലെല്ലാം പ്രത്യേകതരത്തില്‍ ആദ്ധ്യാത്മിക അധിനിവേശം (സ്പിരിച്വല്‍ കൊളോണിയലിസം) പ്രവര്‍ത്തിക്കുന്നതായി ഒമിദ് സാഫി ചൂണ്ടിക്കാട്ടുന്നുണ്ട്. ”ബോസ്‌നിയ, ഇസ്താംബൂള്‍ മുതല്‍ കോന്‍യ വരെയും, ഇറാന്‍ മുതല്‍ മദ്ധ്യതെക്കന്‍ ഏഷ്യകള്‍ വരെയും പരന്നുകിടക്കുന്ന അനേകം മുസ്‌ലിംകള്‍ ആര്‍ജ്ജിച്ചെടുക്കുകയും ജീവിക്കുകയും ചെയ്ത ആത്മീയ പരിസരങ്ങളെ പിടിച്ചടക്കാനും ഉന്മൂലനം ചെയ്യാനും ശ്രമിക്കുന്ന ആത്മീയ അധിനിവേശത്തെക്കുറിച്ച്” സൂചിപ്പിക്കുന്നുണ്ട് അദ്ദേഹം. മതപരിസരങ്ങളില്‍ നിന്ന് ആത്മീയതയെ വേര്‍പ്പെടുത്തുന്നത് ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പുണ്ട്. ഇസ്‌ലാമിനെ ഒരു കാന്‍സറായി അവതരിപ്പിക്കുന്നത് ഇപ്പോള്‍ പതിവു പല്ലവിയാണ്. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫഌന്‍ ഈയിടെ അത്തരമൊരു പ്രസ്താവനയിറക്കുകയുണ്ടായി. പടിഞ്ഞാറിതര സമൂഹങ്ങളോ, വെള്ളക്കാരല്ലാത്ത വിഭാഗങ്ങളോ നാഗരികതയുടെ വളര്‍ച്ചയില്‍ പങ്കുവഹിച്ചില്ലെന്ന് യു.എസിലെ നയരൂപീകര്‍ത്താക്കള്‍ ഇപ്പോള്‍ പറയുന്നുണ്ട്.
ബാര്‍ക്‌സ് റൂമിയില്‍ മതത്തെ രണ്ടാം സ്ഥാനത്താണ് പ്രതിഷ്ടിക്കുന്നത്. ”മതം ഭൗതികതക്ക് വേണ്ടിയുള്ള മത്സരമാണ്. എനിക്ക് എന്റെ സത്യം ലഭിച്ചു, നിങ്ങള്‍ക്ക് നിങ്ങളുടേതും എന്നു പറയുന്നത് അസംബന്ധമാണ്. ഈ ഉദ്യമത്തില്‍ നാമെല്ലാവരും ഒന്നാണ്. ഞാന്‍ എന്റെ ഹൃദയം തുറക്കാന്‍ ശ്രമിക്കുകയാണ്. അതിന് റൂമി കവിതകളില്‍ സഹായം കണ്ടെത്തുന്നെന്ന് മാത്രം.” ബാര്‍ക്‌സിന്റെ വാക്കുകളാണിവ. ബാര്‍ക്‌സ് പറയുന്ന ഈ ഫിലോസഫിയില്‍ കവിതയെഴുത്തിലെ റൂമിയുടെത്തന്നെ സവിശേഷ രീതിയുടെ സ്വാധീനം കാണാം. ഖുര്‍ആനിക വചനങ്ങള്‍ പേര്‍ഷ്യന്‍ കവിതയുടെ ഭാവത്തിനും പ്രാസത്തിനുമനുസൃതമായി റൂമി ശൈലിയില്‍ മാറ്റം വരുത്തിയിരുന്നു. റൂമിയുടെ പേര്‍ഷ്യന്‍ വായനക്കാര്‍ അതിലെ ഇസ്‌ലാമിക മുദ്രകള്‍ തിരിരച്ചറിയുന്നു. പക്ഷെ, അമേരിക്കന്‍ വായനക്കാര്‍ അവയെക്കുറിച്ച് അജ്ഞാണ്.thelicham ബൈബിളില്ലാതെ മില്‍ട്ടണെ വായിക്കുന്നതും വിലയിരുത്തുന്നതും പോലെയാണ് ഖുര്‍ആനില്ലാതെ റൂമിയെ വായിക്കുന്നതും വിലയിരുത്തുന്നതെന്നുമാണ് ഒമിദ് സാഫിയുടെ പക്ഷം. റൂമി മതവിരുദ്ധനായിരുന്നെങ്കില്‍ തന്നെ അദ്ദേഹം മുസ്‌ലിം പശ്ചാത്തലത്തിലുള്ള മതവിരുദ്ധനായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഇസ്‌ലാമിക സംസ്‌കാരത്തില്‍ തന്നെ ഇത്തരം വിയോജിപ്പുകള്‍ക്ക് അവസരമുണ്ടായിരുന്നെന്നാണ് മനസ്സിലാക്കേണ്ടത്. മതം അടരുകളായി ചേര്‍ത്തുവെച്ച ഒന്നായിരുന്നില്ല റൂമി സാഹിത്യം. മുസ്‌ലിം പണ്ഡിത വൃന്ദത്തിലുണ്ടായിരുന്ന ചരിത്രപരമായ ചലനാത്മകതയെക്കൂടി അത് പ്രതിഫലിപ്പിക്കുന്നുണ്ട്.
വ്യവസ്ഥാപിതമായ വായനാരീതികള്‍ക്കപ്പുറത്ത്, അന്വേഷണാത്മകമായ രീതിയിലായിരുന്നു റൂമി ഖുര്‍ആനിനെയും, ഹദീസിനെയും, മതത്തെതന്നെയും സമീപിച്ചത്. ബാര്‍ക്‌സിന്റെ ഒരു പോപ്പുലര്‍ വ്യാഖ്യാനം ഇങ്ങനെയാണ്. ”നന്മയുടെയും തിന്മയുടെയും സങ്കല്‍പരൂപങ്ങള്‍ക്കപ്പുറത്ത് ഒരു ഇടമുണ്ട്, നമുക്ക് അവിടെ വെച്ച് കണ്ടു മുട്ടാം.” റൂമിയുടെ ഈമാന്‍ (മതവിശ്വാസം), കുഫ്ര്‍ (അവിശ്വാസം) എന്നീ പദങ്ങളെയാണ് ബാര്‍ക്‌സ് നന്മയിലേക്കും തിന്മയിലേക്കുമായി ചുരുട്ടികെട്ടിയത്. വിശ്വാസത്തിന്റെ അടിസ്ഥാനം വ്യവസ്ഥാപിത നിയമ വ്യവസ്ഥകളല്ല, അനുരാഗത്തിന്റെയും സ്‌നേഹത്തിന്റെയും ഉന്നത സ്ഥലികളാണെന്നുമുള്ള , ഇന്നാണെങ്കില്‍ റാഡിക്കലെന്ന് ആരോപിക്കപ്പെട്ടേക്കാനിടയുള്ള, ദര്‍ശനങ്ങളും ആഖ്യാനങ്ങളുമാണ് ഏഴു നൂറ്റാണ്ടു മുമ്പ് റൂമി മുന്നോട്ട് വെച്ചത്.
മതാത്മക ആത്മീയതയും സ്ഥാപനവത്കൃത വിശ്വാസവും തമ്മിലുള്ള വടംവലികള്‍ റൂമി കൃതികളില്‍ നന്നായി പ്രതിഫലിക്കുന്നുണ്ട്. ചരിത്രപരമായിത്തന്നെ, ഖുര്‍ആനെ മാറ്റി നിര്‍ത്തിയാല്‍ റൂമിയുടെയും ഹാഫിസിന്റെയും കവിതകളുടെയത്ര മുസ്‌ലിം ഭാവനകളെ രൂപപ്പെടുത്തിയ മറ്റൊരു ഗ്രന്ഥവുമില്ല. ഇതുകൊണ്ടൊക്കെ ത്തന്നെയാണ് കൈയെഴുത്തിന്റെ കാലത്തെയും അതിജീവിച്ച് വാള്യങ്ങളോളം വരുന്ന റൂമി സാഹിത്യങ്ങള്‍ നില കൊള്ളുന്നത്.
‘ഭാഷ ആശയവിനിമയത്തിന്റെ ഉപാധി മാത്രമല്ല, ചരിത്രം, ഓര്‍മ്മ, പൈതൃകം തുടങ്ങിയവയുടെ കലവറ കൂടിയാണ്’. വിവര്‍ത്തകനും എഴുത്തുകാരനുമയ സിനാണ്‍ അന്റൂണിന്റെ വാക്കുകളാണിവ. സംസ്‌കാരങ്ങള്‍ക്കും സംസ്‌കൃതികള്‍ക്കുമിടയില്‍ അന്യോന്യം പാലമിടുക വഴി ഒരു രാഷ്ട്രീയ കര്‍ത്തവ്യമാണ് വിവര്‍ത്തകര്‍ നിറവേറ്റുന്നത്. പതിമൂന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവിതയെ പുതിയ കാലത്തെ പ്രേക്ഷകരുടെ അഭിരുചിക്കനുസൃതമായി അവതരിപ്പിക്കുന്നത് ഇത്തരത്തിലുള്ള ഒരു ഉദ്യമമാണ്. അതേസമയം തന്നെ മൂല കൃതിയോട് എല്ലാ അര്‍ത്ഥത്തിലും നീതി പുലര്‍ത്താന്‍ വിവര്‍ത്തകര്‍ ബാധ്യസ്ഥരാണ്. അപ്പോഴേ, ഒരു ശരീഅത്ത് പണ്ഡിതനും ലോകത്തറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന സ്‌നേഹകാവ്യമെഴുതാന്‍ കഴിയുമെന്ന വസ്തുത വായനക്കാര്‍ മനസ്സിലാക്കൂ.
റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ജാവിദ് മുജദ്ദിദി മസ്‌നവിയുടെ ആറ് ഭാഗങ്ങളും ഭാഷാന്തരം ചെയ്യാനുള്ള ഉദ്യമത്തിലാണ്. ആദ്യ മൂന്ന് ഭാഗങ്ങള്‍ പുറത്തുവന്ന വിവര്‍ത്തനത്തിന്റെ നാലാം ഭാഗം അണിയറയിലാണ്. ഖുര്‍ആനിക സൂക്തങ്ങളും അറബി വാചകങ്ങളും വ്യക്തമായി മുജദ്ദിദി സൂചിപ്പിച്ചിട്ടുണ്ട്. അത്യാവശ്യമുള്ളിടത്തൊക്കെ വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്. പക്ഷെ, മുജദ്ദിദിയുടെ വിവര്‍ത്തനങ്ങള്‍ വായിക്കാന്‍ മുന്‍ധാരണകള്‍ മാറ്റിവെച്ച് വായിക്കാനുള്ള ത്വരയും അല്പം അദ്ധ്വാനവും ആവശ്യമാണെന്നു മാത്രം. വിവര്‍ത്തനത്തില്‍ മറുഭാഷയെ മനസ്സിലാക്കല്‍ നിര്‍ബന്ധമാണ്.ഫാത്വിമ കെശാവര്‍സ് പറഞ്ഞതു പോലെ, എല്ലാത്തിനും അതിന്റേതായ രൂപവും ഭാവവും ചരിത്രവും സംസ്‌കാരവുമുണ്ടെന്ന് വിവര്‍ത്തനങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്, മുസ്‌ലിമിന്ന് അതുപോലെയാവാമെന്നും.

About റോസിന അലി വിവ: ഫസല്‍ കോപിലാന്‍

Thelicham monthly

Check Also

പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളും വിദേശ നയങ്ങളും

യു.എ.ഇ ബഹ്‌റൈന്‍ തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ ദീര്‍ഘകാല വൈരികളായ ഇസ്രായേലുമായി നയതന്ത്ര ഉഭയകക്ഷീ ബന്ധങ്ങള്‍ സ്ഥാപിക്കുന്ന അബ്രഹാം അക്കോര്‍ഡ് മേഖലയെയും …

Leave a Reply

Your email address will not be published. Required fields are marked *