Home / 2017 / ആദ്ധ്യാത്മികതയുടെ റൂമി വഴികള്‍

ആദ്ധ്യാത്മികതയുടെ റൂമി വഴികള്‍

ജലാലുദ്ദീന്‍ റൂമിയുടെ പ്രശസ്തിക്കു പാശ്ചാത്യ പൗരസ്ത്യ ഭേദമില്ല. സാര്‍വലൗകികതയുടെ തേജസ്സാണു റൂമിയുടെ സത്ത. നാഗരികലോകത്തു റൂമിയുടേതു സവിശേഷമായൊരു സാംസ്‌കാരിക സ്വാധീനമാണ്.  സമീപകാലത്ത് ഒരു യു.എസ് പോപ് ഗായിക തന്റെ കുട്ടിക്ക് റൂമി എന്നാണു പേരിട്ടത്. നാഗരികതയുടെ  അലട്ടലുകളെ ശമിപ്പിക്കാന്‍ പോന്ന ഘടകങ്ങള്‍ റൂമിയുടെ കാവ്യങ്ങളിലുള്ളതിനാല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഒട്ടേറെ ഇംഗ്ലിഷ് പരിഭാഷകളാണു റൂമിയുടെ ഭാവഗീതങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളത്. ഈ പരിഭാഷകളുടെയും അതു തേടുന്ന വായനക്കാരുടെയും താല്‍പര്യങ്ങള്‍ മതപരമോ ആത്മീയമോ അല്ലെന്നതു കൗതുകകരമാണ്.  അങ്ങേയറ്റം മതാത്മകമായ ചേതനയില്‍നിന്ന് ഉടലെടുത്ത റൂമിയുടെ കാവ്യങ്ങള്‍ക്കു മതനിരപേക്ഷമായ സാഹചര്യങ്ങളിലും മനുഷ്യഹൃദയങ്ങളെ വിമലീകരിക്കാനുള്ള ശേഷിയുണ്ടെന്നതു തെളിയിക്കപ്പെട്ടു കഴിഞ്ഞു.   റൂമിയുടേതെന്ന് അവകാശപ്പെടുന്ന ഈരടികളും കാവ്യശകലങ്ങളും ഇക്കാലത്ത് ഇന്റര്‍നെറ്റില്‍ വ്യാപകമായിട്ടുണ്ട്. ഇതുമാത്രം വച്ചോ അതിലൂടെ മാത്രമോ നാം  റൂമിയുടെ  സത്യത്തിലേക്ക് എത്തുന്നില്ലെന്നു കൂടി തിരിച്ചറിയേണ്ടതുണ്ട്.  thelicham

ഒരു ഉദാഹരണം പറഞ്ഞാല്‍, റൂമിയുടെ മഹാകാവ്യമായ മസ്‌നവിയുടെ  ആദ്യകാല ഇംഗ്ലിഷ് പരിഭാഷകളില്‍ അതിലെ ഖുര്‍ആനിക ബിംബകല്‍പനങ്ങളും ദൃഷ്ടാന്തങ്ങളും വിശദീകരിക്കപ്പെട്ടിരുന്നില്ല. അല്ലെങ്കില്‍ അവ അപ്രധാനമായ രീതിയില്‍ പരിഭാഷപ്പെടുത്തിയിരുന്നു. മസ്‌നവിയുടെ ഏറ്റവും വലിയ സവിശേഷത, ലളിതമായി പറഞ്ഞാല്‍,  ഖുര്‍ആന്‍ ദര്‍ശനങ്ങളുടെ കാവ്യാത്മകമായ വ്യാഖ്യാനമാണെന്നതാണ്.  മസ്‌നവിയിലെ ഓരോ കഥയും ഖുര്‍ആന്‍ പകരുന്ന തത്വചിന്തയും ജീവിതദര്‍ശനവും വ്യാഖ്യാനിക്കുന്നു. ഖുര്‍ആനിനെയും  ഇസ്‌ലാമിനെയും മാറ്റിനിര്‍ത്തിയാല്‍ റൂമിയില്‍ കവിതയില്ല. കവിത ജനിക്കുന്നത് ആ ദര്‍ശനത്തിന്റെ അപാരതയില്‍നിന്നാണ്. റൂമിയുടെ ഭാവകാവ്യങ്ങളില്‍ ഈ സൂഫിചേതനയുണ്ടെങ്കിലും മസ്‌നവി പോലെ ഗഹനമോ സങ്കീര്‍ണമോ  അല്ല അവയൊന്നും.  മസ്‌നവിയില്‍ പ്രവേശിക്കുക അസാധ്യമാണ്, നിങ്ങള്‍ക്ക് അതിലെ ഖുര്‍ആനിക സൗന്ദര്യ-ആത്മീയദര്‍ശനം ഗ്രഹിക്കാനാകുന്നില്ലെങ്കില്‍.  ‘ഈ ചുവപ്പ് ഒരു രക്തക്കറയല്ല, ഇതൊരു റോസ് ആണ്’എന്ന് മസ്‌നവി.    വെള്ളം, പച്ചപ്പ്, വെളിച്ചം എന്നിങ്ങനെ  നാം ചുറ്റുപാടും കാണുന്ന പ്രപഞ്ച സത്യങ്ങളില്‍നിന്നാണു റൂമി ദൈവത്തെ എഴുതുന്നത്. മസ്‌നവിയില്‍ ഒരിടത്ത് പറയുന്നുണ്ട്,  ‘ഒരു ജലചക്രം  ആകുക!’ എന്ന്.  ഒരു ജലചക്രം വെള്ളം തേകുമ്പോള്‍, പരിസരത്തു പുല്ലുകള്‍ തളിര്‍ക്കുംപോലെ,   ദുഃഖിക്കുന്നവന്റെ കണ്ണീര്‍ ആത്മീയതയുടെ നാമ്പുകള്‍ മുളപ്പിക്കുന്നു. അങ്ങനെ കണ്ണീരു തേകിയ ഹൃദയം ദൈവകൃപയ്ക്കു പരിലസിക്കാനുള്ള ഇടമായിത്തീരുന്നു.  ലളിതമെന്നു തോന്നിപ്പിക്കുമ്പോഴും നമ്മുടെ ആധികളിലും വ്യഥകളിലും നമ്മെ പിന്തുര്‍ന്നു സമാധാനം പകരുന്നതാണു മസ്‌നവിയിലെ കാവ്യകല്‍പനകള്‍. വിശ്വാസിയായ ഒരാള്‍ക്ക് മുന്നോട്ടുള്ള വഴി അതു പതിന്മടങ്ങു പ്രകാശമാക്കിക്കൊടുക്കുന്നു.  മസ്‌നവിയിലെ ഒന്നു രണ്ടു കാവ്യസന്ദര്‍ഭങ്ങള്‍ ഉദാഹരണമായി ഞാന്‍  പറയാന്‍ ആഗ്രഹിക്കുന്നു. അതിനു മുന്‍പായി  മസ്‌നവിയുടെ രചനയിലേക്കു റൂമി എത്തിയതിന്റെ പശ്ചാത്തലം നാം ഓര്‍ക്കേണ്ടതുണ്ട്.

മസ്‌നവിയില്‍ ഒരിടത്ത് പറയുന്നുണ്ട്, ‘ഒരു ജലചക്രം ആകുക!’ എന്ന്. ഒരു ജലചക്രം വെള്ളം തേകുമ്പോള്‍, പരിസരത്തു പുല്ലുകള്‍ തളിര്‍ക്കുംപോലെ, ദുഃഖിക്കുന്നവന്റെ കണ്ണീര്‍ ആത്മീയതയുടെ നാമ്പുകള്‍ മുളപ്പിക്കുന്നു. അങ്ങനെ കണ്ണീരു തേകിയ ഹൃദയം ദൈവകൃപയ്ക്കു പരിലസിക്കാനുള്ള ഇടമായിത്തീരുന്നു.

ഇപ്പോഴത്തെ അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിര്‍ത്തിയില്‍ വരുന്ന ബല്‍ഖ് പ്രവിശ്യയിലാണു 1207ല്‍ ജലാലുദ്ദീന്‍ റൂമിയുടെ ജനനം. പിതാവ് ബഹാഉദ്ദീന്‍ വലദ് അറിയപ്പെടുന്ന സൂഫി പണ്ഡിതനും പ്രഭാഷകനുമായിരുന്നു. റൂമിക്കു പത്തു വയസ്സുള്ളപ്പോഴാണു കുടുംബം അനാട്ടോലിയയിലേക്കു കുടിയേറുന്നത്. ഇന്നത്തെ തുര്‍ക്കിയുടെ ഭൂപ്രദേശപരിധിയില്‍ വരുന്നതും ഏഷ്യാ മൈനര്‍ എന്നറിയപ്പെടുന്നതുമായ മേഖലയാണിത്. മധ്യേഷ്യയില്‍നിന്ന് പേര്‍ഷ്യയിലൂടെ ബഗ്ദാദ് വരെ നീണ്ട ജെംങ്കീസ് ഖാന്‍ നേതൃത്വത്തിലുള്ള മംഗോളിയന്‍ അധിനിവേശത്തിന്റെ കലുഷിതമായ കാലത്തായിരുന്നു റൂമിയുടെ ജീവിതം. 1220കളില്‍  കോന്‍യയില്‍ സ്ഥിരതാമസമാക്കി. 1231ല്‍ റൂമിയുടെ പിതാവ് മരിച്ചു. 1224ലായിരുന്നു റൂമിയുടെ വിവാഹം. മതവിദ്യാഭ്യാസത്തിനും മതശാസ്ത്രപഠനത്തിനുമായി ഇക്കാലത്ത് സിറിയയിലെ അലെപ്പോയിലേക്കു റൂമി പോയി. ദമാസ്‌ക്കസിലെ താമസകാലത്ത് റൂമി, വിഖ്യാതനായ അറബ് കവിയും പണ്ഡിതനുമായ ഇബ്ന്‍ അറബിയുടെ പ്രഭാഷണങ്ങള്‍ കേട്ടു.1237ലാണു റൂമി കോന്‍യയില്‍ തിരിച്ചെത്തുന്നത്.  മതപണ്ഡിതന്‍ എന്ന നിലയില്‍ സകല ആദരവും ഒട്ടേറെ ശിഷ്യന്‍മാരും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ റൂമി നേടി. 1244 നവംബറില്‍ റൂമിയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ കൂടിക്കാഴ്ച സംഭവിച്ചു. ഈ കൂടിക്കാഴ്ചയെ സംബന്ധിച്ചു പരസ്പരവിരുദ്ധമായ കഥകളാണു പ്രചാരത്തിലുള്ളത്. എങ്കിലും ഇക്കൂട്ടത്തില്‍ താരതമ്യേന പ്രശസ്തമായ ഒരു കഥ ഇതാണ്: കാഴ്ചയില്‍ നിരക്ഷരന്‍ എന്നു തോന്നിക്കുന്ന ഒരു അപരിചിതന്‍ റൂമിയെ കാണാനെത്തി. റൂമിയുടെ പുസ്തകങ്ങളെപ്പറ്റി ചോദിച്ചു. ‘അതു നിനക്കു ഗ്രഹിക്കാനാകുകയില്ല’ എന്നാണു റൂമി എടുത്തടിച്ചതുപോലെ മറുപടി നല്‍കിയത്. പൊടുന്നനെ ആ പുസ്തകങ്ങള്‍ക്കു തീപിടിച്ചു. സ്തബ്ധനായ റൂമി എന്താണു സംഭവിച്ചതെന്നു വിശദീകരിക്കാന്‍ അപരിചിതനോട് ആവശ്യപ്പെട്ടു. ഉടന്‍ അപരിചിതന്റെ മറുപടി: ‘അത് അങ്ങേക്കു ഗ്രഹിക്കാന്‍ കഴിയാത്ത ഒന്നാണ്.’  വടക്കു പടിഞ്ഞാറന്‍ പേര്‍ഷ്യയിലെ തബ്രിസില്‍ നിന്നുള്ള അലയുന്ന യോഗി ആയ ഷംസുദീന്‍ ആയിരുന്നു ആ അപരിചിതന്‍ (ഷംസ് എന്നോ തബ്രിസിലെ ഷംസ് എന്നോ അദ്ദേഹം അറിയപ്പെട്ടു).  ഈ കൂടിക്കാഴ്ച പുതിയ സൗഹൃദത്തിന്റെയും റൂമിയുടെ ജീവിതത്തിലെ പുതിയ ആത്മീയ സഞ്ചാരത്തിന്റെയും തുടക്കമായിരുന്നു. റൂമിയിലെ കവി ജനിക്കുന്നത് ഇതിനുശേഷമാണ്. ഇരുവരും മണിക്കൂറുകളോളം ഏകാന്തതയില്‍ കഴിച്ചുകൂട്ടി. thelicham അവര്‍ തനിച്ചിരുന്ന നേരങ്ങളില്‍ അവര്‍ തമ്മില്‍ സംസാരിച്ചതും പങ്കുവച്ചതുമായ കാര്യങ്ങള്‍ നിഗൂഢതയായി തുടര്‍ന്നു.    ഷംസുമായുള്ള സൗഹൃദത്തിന്റെ അനുഭവങ്ങള്‍ ഒരിടത്തും റൂമി തുറന്നുപറഞ്ഞിട്ടില്ല. എന്നാല്‍, താനെഴുതിയ ഭാവകാവ്യങ്ങളില്‍ സ്വന്തം പേരിനു പകരം തബ്രിസിലെ ഷംസ് എന്നാണ് അദ്ദേഹം എഴുതിയത്. മസ്‌നവിയിലും ഷംസിന്റെ പരാമര്‍ശങ്ങളുണ്ടെങ്കിലും ഇരുവര്‍ക്കുമിടയിലെ സൗഹൃദം വിശദീകരിക്കാന്‍ റൂമി വിസമ്മതിച്ചു. അദ്ദേഹത്തിന്റെ അടുത്ത ശിഷ്യന്‍മാര്‍ക്ക് ഇക്കാര്യമറിയാന്‍ വലിയ ജിജ്ഞാസയുണ്ടായിരുന്നു. മസ്‌നവി പകര്‍ത്തിയെഴുതിയ ഹൊസാമുദീന്‍ ഷലാബി, ഇക്കാര്യം ആരാഞ്ഞപ്പോള്‍ റൂമി നല്‍കിയ മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു: ‘നിനക്കു താങ്ങാനാവാത്തതിനുവേണ്ടി അപേക്ഷിക്കാതിരിക്കുക. പുല്‍ക്കൊടിക്കു പര്‍വതത്തെ ചുമക്കാനാവില്ല’.  ഒന്നരവര്‍ഷമാണു ഷംസ് കോന്‍യയില്‍ റൂമിക്കൊപ്പം ചെലവഴിച്ചത്.  റൂമിയുടെ അനുയായികളെയും ശിഷ്യന്‍മാരെയും ഷംസിന്റെ സാന്നിധ്യം അസ്വസ്ഥമാക്കി. വലിയ അസൂയയ്ക്കും അപവാദങ്ങള്‍ക്കും ഇതിടയാക്കി. താമസിയാതെ ഷംസിനെ കാണാതായി.  മതപാണ്ഡിത്യത്തിന്റ വരണ്ട സ്ഥലികളില്‍നിന്ന് യോഗാത്മക കവിതയിലേക്ക് റൂമിയുടെ ശ്രദ്ധ തിരിഞ്ഞു.  ആത്മീയാനന്ദത്തിന്റെ ഉന്മാദകരമായ ധ്യാനാവസ്ഥയില്‍ വട്ടം ചുറ്റുന്ന അവസ്ഥയിലേക്ക് അദ്ദേഹം മാറി. ഷംസില്‍ സമ്പൂര്‍ണമായ ദൈവികപ്രകാശനമാണു റൂമി കണ്ടത്. അതുകൊണ്ടാണു തന്റെ കാവ്യസമാഹരത്തിനു റൂമി ഷംസിന്റെ സമാഹരങ്ങള്‍ എന്നു പേരു നല്‍കിയത്.  ഷംസിനെ കാണാതായി 15 വര്‍ഷത്തിനുശേഷമാണു റൂമി മസ്‌നവിയുടെ രചന ആരംഭിച്ചത്. കവിതകള്‍ക്കു പുറമേ മൂന്നു ഗദ്യരചനകള്‍ കൂടി റൂമിയുടേതായി നമുക്കു ലഭിച്ചിട്ടുണ്ട്. റൂമിയുടെ ജീവിതം സംബന്ധിച്ച ഒട്ടേറെ വിവരങ്ങള്‍ അവയില്‍നിന്നാണു നമുക്കു ലഭിക്കുന്നതെന്ന്  മസ്‌നവിയുടെ ഏറ്റവും മികച്ച ഇംഗ്ലിഷ് വിവര്‍ത്തനം നടത്തിയ ജാവിദ് മൊജദ്ദിദി പറയുന്നു.  മനുഷ്യന്റെ ഹൃദയത്തിലാണ് അവനെതിരായ എല്ലാ ആപത്തുകളും സംഭവിക്കുന്നതെന്ന് റൂമി ആവര്‍ത്തിക്കാറുണ്ട്.

ചെറിയ ജിഹാദില്‍നിന്നു വലിയ ജിഹാദിലേക്കു നാം എത്തിയിരിക്കുന്നു എന്ന പ്രവാചകവചനത്തിലും സൂചിതമായത് ഹൃദയത്തില്‍, ആത്മാവിനുള്ളില്‍ നടക്കുന്ന യുദ്ധമാണ്. അതു ജയിക്കുക എളുപ്പമല്ല. പക്ഷേ അതാണ് ഏറ്റവും വലിയ ജിഹാദ്. ഹൃദയത്തിനു ജലം നല്‍കുക. അങ്ങനെ അതിനെ പച്ചപ്പണിയിക്കുക. അതിലൂടെ മോക്ഷം പ്രാപിക്കുക. ജലമാര്‍ഗം തേടി പോകുക എന്ന പദമൂലം ജിഹാദിന് ഉണ്ട് എന്നതും നാം സ്മരിക്കുക.

ഹൃദയത്തിനേല്‍ക്കുന്ന മുറിവുകളിലെ വിഷം പടര്‍ന്നാണു അവന് ആത്മീയനാശം സംഭവിക്കുന്നത്.  ഇതാകട്ടെ എളുപ്പം കണ്ടെത്താനോ ശുശ്രൂഷിക്കാനോ ആകാത്ത മുറിവുകളാണ്. നിങ്ങളുടെ കാലില്‍ ഒരു മുള്ളു തറച്ചാല്‍ ഉടന്‍ നിങ്ങള്‍ നില്‍ക്കുന്നു. എന്താണു തറച്ചതെന്നു നോക്കുന്നു. ഒരു സൂചിയുടെ മുന കൊണ്ട് അതെടുക്കാന്‍ നോക്കുന്നു.  നിങ്ങളുടെ കാല്‍പാദത്തിലെ ഒരു മുള്ളെടുക്കല്‍ പോലും ശ്രമകരമാണെങ്കില്‍, ഹൃദയത്തിലും മനസിലും തറഞ്ഞുകയറിയതെന്താണെന്ന് കണ്ടുപിടിക്കുക എളുപ്പമാണോ എന്നാണു റൂമി ചോദിക്കുന്നത്.  ചെറിയ ജിഹാദില്‍നിന്നു വലിയ ജിഹാദിലേക്കു നാം എത്തിയിരിക്കുന്നു എന്ന പ്രവാചകവചനത്തിലും സൂചിതമായത് ഹൃദയത്തില്‍, ആത്മാവിനുള്ളില്‍ നടക്കുന്ന യുദ്ധമാണ്. അതു ജയിക്കുക എളുപ്പമല്ല. പക്ഷേ അതാണ് ഏറ്റവും വലിയ ജിഹാദ്. ഹൃദയത്തിനു ജലം നല്‍കുക. അങ്ങനെ അതിനെ പച്ചപ്പണിയിക്കുക. അതിലൂടെ മോക്ഷം പ്രാപിക്കുക. ജലമാര്‍ഗം തേടി പോകുക എന്ന പദമൂലം ജിഹാദിന് ഉണ്ട് എന്നതും നാം സ്മരിക്കുക.  ആത്മാവിന്റെ തലം ബഹുമുഖമല്ലെന്നും റൂമി ഓര്‍മിപ്പിക്കുന്നു. നിത്യജീവിതത്തിലാണു ബഹുസ്വരതകളും ഭിന്നതകളുമെല്ലാം. വ്യക്തിവിഭജനങ്ങളില്ലാത്ത ഒരിടം ആത്മാവിന്റേതാണ്. ഇതാകട്ടെ ഹൃദയത്തിന്റെ കാഠിന്യം ഉരുകിമാറുന്നതിലൂടെ മാത്രമേ നിങ്ങള്‍ക്ക് പ്രാപ്യമാകൂ. ആത്മാവിന്റെ ഏകതയെ, ഒന്നായിത്തീരുന്ന കമിതാക്കളുടെ സംഗമത്തോടാണ് ഒരിടത്ത് ഉപമിക്കുന്നത്. ഖനിയില്‍ ഒളിഞ്ഞുകിടക്കുന്ന സ്വര്‍ണം പോലെ, നിങ്ങള്‍ ഈ ഏകത്വം തിരഞ്ഞുചെന്നാലേ കണ്ടെത്തൂ.  ആത്മാവു വസിക്കാത്ത ഒരു ശരീരം, വാളുറയില്‍ വച്ച മരക്കമ്പ് പോലെയാണെന്നും റൂമി പറയുന്നു. വാളുറയില്‍ മറഞ്ഞിരിക്കുമ്പോള്‍ അത് കുഴപ്പമില്ലാത്ത ഒന്നായി, യഥാര്‍ഥ വാളാണെന്നു തന്നെ തോന്നാം. പക്ഷേ അതു കൊണ്ട് നിങ്ങള്‍ക്കു യുദ്ധം ചെയ്യാനാവില്ല. അതിനാല്‍ യുദ്ധത്തിനൊരുങ്ങും മുന്‍പ്, നിങ്ങളുടെ കയ്യിലുള്ളത് യഥാര്‍ഥ വാളാണോ എന്ന് പരിശോധിക്കുക. അല്ലെങ്കില്‍ സര്‍വനാശമാകും ഫലം.  ആത്മാവിന്റെ സ്ഥിതി ഇതാണ്.  യഥാര്‍ഥ ആത്മാവ് നിങ്ങളുടെ അകത്തു വസിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താതെ ദൈവത്തെ തിരഞ്ഞിട്ടു കാര്യമില്ല.  പുറം കണ്ട് മതിമറക്കാതെ,  ആഴമേറിയ കാര്യങ്ങള്‍ക്കു  തിരയുക. ആത്മാവാണു ശരീരത്തിനു ചിറകുകള്‍ നല്‍കുന്നതെന്ന് റൂമി ഓര്‍മിപ്പിക്കുന്നു. അതിനായി ആത്മീയത ഉള്ളവരുമായി, കൂട്ടുകൂടുക. അതിലൂടെയാണു നാം അനുഗ്രഹീതരായി തീരുന്നത്. റൂമിയുടെ ഖുര്‍ആന്‍ പാഠങ്ങളാണു മസ്‌നവിയില്‍ നാം കാണുന്നത്. അതുപക്ഷേ നാം കേട്ടുശീലിച്ച ശൈലിയിലോ പൊരുളിലോ അല്ല വിനിമയം ചെയ്യുന്നത്. അതിനായി നാം പ്രത്യേകം തയാറെടുക്കേണ്ടതുണ്ട്. ഒരു ദിവസത്തേക്കുള്ളതല്ല. ജീവിതത്തിനു മുഴുവനുമാണത്.  ഖുര്‍ആന്‍ നല്‍കിയ പ്രകാശമാണു റൂമിയുടെ കാവ്യസൗന്ദര്യത്തെ നിര്‍മിച്ചത്. മസ്‌നവിയെയും റൂമിയുടെ കാവ്യങ്ങളെയും  വാഴ്ത്തുമ്പോള്‍ അല്ലെങ്കില്‍  റൂമിയെ ഇഷ്ടപ്പെടുമ്പോള്‍ നാം അറിയാതെ ചെന്നെത്തുന്നത് ഇസ്‌ലാമിന്റെ ആത്മീയ സമൃദ്ധിയുടെ വഴിത്താരയിലാണ്. ഇത് അധികം പേരും ഓര്‍ക്കാറില്ലെന്നു മാത്രം.

 

About അജയ് പി. മങ്ങാട്‌

Check Also

കൊറോണ കാലത്തെ സറ്റേറ്റും അഗമ്പന്റെ വാദങ്ങളും

യൂജിന്‍ താക്കര്‍ അദ്ദേഹത്തിന്റെ ‘In the dust of this Planet’ എന്ന കൃതി ആരംഭിക്കുന്നത് ഇപ്രകാരമാണ് ‘നാം ജീവിക്കുന്ന …

Leave a Reply