Home / 2018 / മലയാളം സോഷ്യല്‍ മീഡിയ: അന്തര്‍ധാര സജീവമാണ്‌

മലയാളം സോഷ്യല്‍ മീഡിയ: അന്തര്‍ധാര സജീവമാണ്‌

കമ്മ്യൂണിസം പോലെ ലോകം തിരസ്‌കരിച്ചതും മലയാളികള്‍ ഏറ്റെടുത്തതുമായ സംരംഭമായിരുന്നു ഗൂഗിളിന്റെ ബസ്സ് (buzz). 23 മാസത്തെ പരീക്ഷണത്തില്‍ പരാജയമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഗൂഗിളിന് പിന്‍വലിക്കേണ്ടി വന്നെങ്കിലും, മലയാളിയുടെ പില്‍ക്കാല ഇന്റര്‍നെറ്റ് ശീലങ്ങള്‍ക്ക് അടിത്തറയിട്ടത് ബസ്സ് ആണെന്നു പറയാം. ഓര്‍കുട്ട് ഏറെക്കുറെ അസ്തമിക്കുകയും ഫേസ്ബുക്ക് വ്യാപകമായിത്തുടങ്ങുകയും ചെയ്യുന്നതിനിടയിലെ മലയാളിയുടെ ബസ്സ് ജീവിതം കൗതുകമായിരുന്നു. തുറസ്സായ ഒരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം നമ്മള്‍ ആദ്യമായാണ് അന്ന് അനുഭവിച്ചറിയുന്നത്. ബ്ലോഗിംഗില്‍, പോസ്‌റ്റെഴുതുന്ന ബ്ലോഗറും കമന്റ് ചെയ്യുന്ന പ്രേക്ഷകനും എന്ന വ്യത്യാസം പ്രകടമായിരുന്നെങ്കില്‍ ബസ്സ് ഒരു തുറന്ന ചര്‍ച്ചയുടെ അന്തരീക്ഷമാണ് പ്രദാനം ചെയ്തത്. രാഷ്ട്രീയം, യാത്രാവിവരണം, സാമ്പത്തികം, നര്‍മം എന്നുവേണ്ട ലോകത്തുള്ള എല്ലാ വിഷയങ്ങളിലുമുള്ള ചര്‍ച്ചകളും സംവാദങ്ങളും വാഗ്വാദങ്ങളുമൊക്കെയായി മലയാളികള്‍ (മാത്രം) ബസ്സിനെ ആഘോഷമാക്കി.
ഗൂഗിള്‍ ബസ്സില്‍ വിരിഞ്ഞ മലയാളം സോഷ്യല്‍ മീഡിയയുടെ ആദ്യത്തെ പൂര്‍ണരൂപം, പില്‍ക്കാലത്ത് നമ്മുടെ സൈബര്‍വല്‍കൃത മുഖ്യധാരയെ ചലിപ്പിക്കുന്ന രാഷ്ട്രീയ – സാമൂഹ്യ പക്ഷങ്ങള്‍ ഏതൊക്കെ ആയിരിക്കുമെന്നതിലേക്കുള്ള കൃത്യമായ ചൂണ്ടുപലകയായിരുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമോ അല്ലാത്തതോ ആയ ഇടതുപക്ഷം തുടക്കം മുതല്‍ക്കേ ആധിപത്യം പുലര്‍ത്തി. ബസ്സ് പോവുകയും അതിനു പകരം വന്ന ഗൂഗിള്‍ പ്ലസ്സിനെ ഫേസ്ബുക്ക് അപ്രസക്തമാക്കുകയും ചെയ്‌തെങ്കിലും മലയാളത്തില്‍ അന്നു നിര്‍ണയിക്കപ്പെട്ട മുഖ്യധാര അതേപടി നിലനില്‍ക്കുന്നു. മലയാളിയുടെ സോഷ്യല്‍ മീഡിയാ ജീവിതം ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ പ്രകടമായി നില്‍ക്കുന്നത് പ്രഖ്യാപിത ഇടതുപക്ഷത്തിന്റെ ആധിപത്യമാണ്. വേരുറപ്പിച്ച ഇടങ്ങളിലെല്ലാം കമ്മ്യൂണിസം ചെയ്തത് എന്താണോ അതുതന്നെ ഇടതുപക്ഷം നമ്മുടെ സൈബര്‍ ഇടത്തിലും ചെയ്യുന്നു. അവര്‍ നിര്‍ണയിക്കുന്നു, അവര്‍ അവതരിപ്പിക്കുന്നു, അവര്‍ വിശദീകരിക്കുന്നു, അവര്‍ ന്യായീകരിക്കുന്നു, എതിര്‍ക്കുന്നവരെയും തിരുത്താന്‍ ശ്രമിക്കുന്നവരെയും ശിക്ഷിക്കുകയും ചെയ്യുന്നു.
അധ്വാനവും ആധിപത്യവും
നിരവധി സന്നദ്ധ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥവും സങ്കീര്‍ണവുമായ ശ്രമങ്ങളുടെ ഫലമായാണ് സോഷ്യല്‍ മീഡിയയിലും ഇന്റര്‍നെറ്റിലെ മറ്റ് ഇടങ്ങളിലും നാം അനായാസേന മലയാളം ഉപയോഗിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക് അച്ചടിക്കുവേണ്ടി തയ്യാറാക്കിയ (എം.എല്‍ രേവതി തുടങ്ങിയ) ആസ്‌കി ഫോണ്ടുകള്‍ ആണ് ആദ്യകാലത്ത് ഇന്റര്‍നെറ്റില്‍ മലയാളം ദൃശ്യമാക്കിയിരുന്നത്. പിന്നീടിത് വെബ്ബിന്റെ ഭാഷയായ യൂണികോഡിലേക്ക് മാറ്റി. ‘എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ’ എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മലയാളം മാത്രമറിയാവുന്നവര്‍ക്കു കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ‘സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്’ അടക്കം ഈ ഉദ്യമത്തില്‍ പങ്കാളിയായവര്‍ നിരവധിയാണ്. മലയാളഭാഷയെ കമ്പ്യൂട്ടറിന്റെ ഭാഷയുമായി ഇണക്കുക, ആകര്‍ഷകമായ ഫോണ്ടുകള്‍ രൂപകല്‍പ്പന ചെയ്ത് സൗജന്യമായി ലഭ്യമാക്കുക തുടങ്ങി ഇവര്‍ ചെയ്ത സേവനങ്ങള്‍ തുല്യതയില്ലാത്തതാണ്. കെ.എച്ച് ഹുസൈന്‍, ബൈജു, സുറുമ സുരേഷ്, അനിവര്‍ അരവിന്ദ്, സി.കെ രാജു, പ്രവീണ്‍ എ, സുദീപ് കെ.എസ് എന്നിവര്‍ ഈ രംഗത്തു പ്രവര്‍ത്തിച്ച അനേകരില്‍ ചിലരാണ്. 2001-ല്‍ ആരംഭിച്ച സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയ തിരുവനന്തപുരം സ്വദേശി വിനോദ് എം.പിയുടെ പരിശ്രമഫലമായി തൊട്ടടുത്ത വര്‍ഷം തന്നെ മലയാളത്തിലെത്തിക്കഴിഞ്ഞിരുന്നു. സൗജന്യമായി സേവനം ചെയ്യാന്‍ സന്നദ്ധരായി ഒരുപറ്റം വെബ് കുതുകികള്‍ ഉണ്ടായിരുന്നതിനാല്‍ മലയാള സൈബര്‍ ഭാഷയും മലയാളം വിക്കിയും പെട്ടെന്നുതന്നെ വളര്‍ന്നു.

theli
ഗൂഗിളിന്റെ ‘ബ്ലോഗര്‍’ സംവിധാനത്തിലൂടെ വളര്‍ച്ച പ്രാപിച്ച ഇന്റര്‍നെറ്റിലെ മലയാളം പിന്നീട് വിക്കി, ഓര്‍കുട്ട്, ഗൂഗിള്‍ ബസ്സ്, പ്ലസ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ വളരെ വേഗത്തില്‍ മുന്നേറി. ഇതിനു പിന്നിലും കഠിനമായ മനുഷ്യാധ്വാനമുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ വിവിധ വിഷയങ്ങളില്‍ ബ്ലോഗ് ചെയ്യുന്നവര്‍ താരങ്ങളും സ്വാധീനശക്തിയുള്ള വ്യക്തിത്വങ്ങളുമായി. സ്വാഭാവികമായും ഇടതുപക്ഷ രാഷ്ട്രീയത്തോടും ആശയങ്ങളോടും ആഭിമുഖ്യമുള്ളവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെ ഭൂരിപക്ഷവും. ബ്ലോഗെഴുത്തിലും ബസ്സ് ചര്‍ച്ചകളിലും പ്ലസ്സിലും ഫേസ്ബുക്കിലുമെല്ലാം ആ മുന്‍തൂക്കം അവര്‍ നിലനിര്‍ത്തുന്നു എന്നുമാത്രമല്ല, സി.പി.എം കക്ഷിയായി വരുന്ന ചര്‍ച്ചകളിലെല്ലാം പലരും അവിശ്വസനീയമാംവിധം നിലവാരം കുറഞ്ഞ സ്വഭാവം കാണിക്കുകയും ചെയ്യുന്നു. ഇടത് ആഭിമുഖ്യമുള്ള സംഘടനകള്‍ ഫാസിസത്തിനെതിരെ നടത്തിയ ‘മനുഷ്യ സംഗമ’ത്തിനു ബദലായി സംഘടിപ്പിക്കപ്പെട്ട ‘അമാനവ സംഗമ’ത്തോട് മലയാളം സൈബര്‍ മുഖ്യധാര എങ്ങനെയാണ് പെരുമാറിയതെന്ന കാര്യം ഓര്‍ക്കുക.
സൈബര്‍ മുഖ്യധാരയുടെ ഏറെക്കുറെ എല്ലാ ഇടങ്ങളും ഇടത് ആഭിമുഖ്യമുള്ളവര്‍ അതിവിദഗ്ധമായാണ് കൈക്കലാക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മലയാളിയുടെ അഭിപ്രായ രൂപീകരണത്തെ കമ്മ്യൂണിസത്തിനും രാഷ്ട്രീയ ഇടതുപക്ഷത്തിനും അനുകൂലമായി സ്വാധീനിക്കാന്‍ അവര്‍ക്കു കഴിയുന്നു. ചലച്ചിത്ര, കായിക ചര്‍ച്ചാ ഗ്രൂപ്പുകള്‍, ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ (ഐ.സി.യു) പോലുള്ള ട്രോള്‍ ഗ്രൂപ്പുകള്‍, ഫ്രീ തിങ്കേഴ്‌സ് പോലുള്ള സാമൂഹ്യ ചര്‍ച്ചാഗ്രൂപ്പുകള്‍, വിവിധ സൈബര്‍ മാധ്യമങ്ങള്‍ എന്നിവയെല്ലാം സൈബര്‍ ഇടതിന്റെ ഇരിപ്പിടങ്ങളാണ്. മതങ്ങളെയും സി.പി.എം അല്ലാത്ത രാഷ്ട്രീയ കക്ഷികളെയും കണക്കറ്റു പരിഹസിച്ചും മതനിരാസ-യുക്തിവാദങ്ങള്‍ പ്രചരിപ്പിച്ചും അവര്‍ വിളയാടുന്നു. അതേസമയം, അതിനെതിരായ വാദമുഖങ്ങള്‍ ഉന്നയിക്കുന്ന – പ്രത്യേകിച്ചും മുസ്‌ലിം, പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ള – ആളുകളെ സംഘടിതമായി ആക്രമിക്കുകയും വിവിധയിനം ചാപ്പകള്‍ പതിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ സ്വാഭാവിക മേല്‍വിലാസം അതിലെ പ്രകടമായ സവര്‍ണ, ബ്രാഹ്മണ്യ മനോഭാവമാണ്. സ്വാഭാവികമായും അത് മലയാളത്തിലെ സമൂഹമാധ്യമ മുഖ്യധാരയെയും ഗ്രസിച്ച അസുഖമാണ്. മലയാളത്തിലെ ജനപ്രിയ ബ്ലോഗെഴുത്തുകാരിലും സോഷ്യല്‍ മീഡിയാ സെലിബ്രിറ്റികളിലും സിംഹഭാഗവും ഉന്നത വിദ്യാഭ്യാസം നേടിയവരും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കുന്നവരുമാണ്. ടെലികോം രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കു കൂടി സാമൂഹ്യ മാധ്യമങ്ങളിലേക്കു പ്രവേശം അനുവദിച്ചിട്ടുണ്ടെങ്കിലും അവരുടെ ജീവിതവും അനുഭവങ്ങളും മുഖവിലക്കെടുക്കാന്‍ മുഖ്യധാര സമ്മതിക്കാറില്ല. സംഘ് പരിവാര്‍ വിരുദ്ധത തുടങ്ങിയ ഗ്ലാമര്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്ത് മുസ്‌ലിം – ദളിത് പിന്നാക്ക വിഭാഗങ്ങളുടെ കൈയടി വാങ്ങുന്ന സൈബര്‍ ഇടതുപക്ഷം, തങ്ങള്‍ക്കെതിരെ ഉയരുന്ന ചോദ്യങ്ങളെ ഒട്ടും സഹിഷ്ണുതയോടെയല്ല നേരിടാറുള്ളത്. മാത്രമല്ല, സവര്‍ണത രൂഢമൂലമായ മലയാളി പൊതുബോധത്തെ അസ്വസ്ഥപ്പെടുത്തുന്ന വിഷയങ്ങളിലെല്ലാം അവര്‍ കുറ്റകരമായ തരത്തിലുള്ള നിലപാടാണ് സ്വീകരിക്കാറുള്ളത്. ഹാദിയ-ഷഫിന്‍ ജഹാന്‍ വിവാഹത്തെ കൈകാര്യം ചെയ്ത രീതി ഇതിനുള്ള ഉറച്ചു തെളിവാണ്. സ്വന്തം വീട്ടില്‍ തടവിലാക്കപ്പെട്ട ഹാദിയയുടെ മനുഷ്യാവകാശം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അച്ഛന്‍ അശോകന്റെ ഹൃദയവേദന മുതല്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ യുദ്ധതന്ത്രങ്ങള്‍ വരെ ഉന്നയിച്ചിരുന്നത് ഇടതുപക്ഷമെന്ന് അഭിമാനിക്കുന്നവരാണ്. പിണറായി വിജയന്‍ സര്‍ക്കാറിന്റെ പൊലീസ് നയം ശക്തമായ മാധ്യമ വിചാരക്ക് വിധേയമാകുമ്പോഴും കമ്മ്യൂണിസ്റ്റ് എം.എല്‍.എ സ്ത്രീപീഡന കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോഴും തന്ത്രപരമായ മൗനം പാലിക്കുന്നവര്‍ സി.പി.എമ്മിന് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന കാര്യങ്ങള്‍ക്കു വേണ്ടി നിസ്സങ്കോചം പടവെട്ടും. കേരളം നേരിട്ട പ്രളയത്തിലും അതിനുശേഷവും സര്‍ക്കാര്‍ സംവിധാനങ്ങളിലുണ്ടായ കെടുകാര്യസ്ഥതകള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ‘അത് ഇപ്പോള്‍ പറയേണ്ടതല്ല’ എന്ന പൊതുബോധം സൃഷ്ടിക്കുന്നവര്‍, ദുരിതഘട്ടം കഴിഞ്ഞയുടന്‍ പിണറായി വിജയനെ കേരളത്തിന്റെ രക്ഷകനായി അവതരിപ്പിച്ചത് ഓര്‍ത്തു നോക്കുക.
യഥാര്‍ത്ഥ ജീവിതത്തിലെന്ന പോലെ സോഷ്യല്‍ മീഡിയയിലും, മുഖ്യധാരയും പൊതുബോധവും തീര്‍ത്തും സ്വാഭാവികമായി സംഭവിക്കുന്നതല്ല. ഗ്രൗണ്ട് വര്‍ക്കിലെ കഠിനാധ്വാനവും അജണ്ടയ്ക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളും അവയ്ക്കു പിന്നിലുണ്ട്. എന്തെല്ലാം വെളിപ്പെടുത്തണം, എന്തെല്ലാം മറയ്ക്കണം എന്ന കൃത്യമായ ധാരണ പൊതുബോധത്തെ സ്വാധീനിക്കുന്നവര്‍ക്കുണ്ട്. നിരന്തരമായ ഇടപെടലുകളിലൂടെയും ചോദ്യം ചെയ്യലിലൂടെയും മാത്രമേ അനാരോഗ്യകരമായ ഈ അപ്രമാദിത്വത്തെ ഇളക്കാനും സ്വാഭാവികമായ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കുകയുള്ളൂ. ഇടതുപക്ഷം കല്‍പ്പിക്കുന്നതു പോലെ മതവും സ്വത്വവുമെല്ലാം മറച്ചുവെക്കേണ്ടതാണെന്ന ധാരണ നിസ്സങ്കോചം ഉപേക്ഷിക്കുകയാണ് അതിനുള്ള ആദ്യപടി. മുഖ്യധാരാ വിധേയത്വം വെടിഞ്ഞ് സ്വന്തം വഴിയിലൂടെ സഞ്ചരിക്കാനുള്ള ധൈര്യവും ഊര്‍ജവും സംഭരിക്കണം. ആ രംഗത്ത് മതസംഘടനകള്‍ക്കും പ്രബോധകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏറെ ചെയ്യാനുണ്ട്.

About കെ പി മുഹമ്മദ് ശാഫി

Check Also

കൊറോണക്കാലത്ത് ദൈവത്തെ തിരയുന്നവർ

ചൈനയിലെ വുഹാനിൽ നോവൽ കൊറോണ വൈറസിൻറെ സാന്നിധ്യം കണ്ടെത്തിയപ്പോൾ കേവലം ഭൌതികതലങ്ങളിൽ കേന്ദ്രീകരിച്ച് മാത്രമായിരുന്നു ചർച്ചകൾ പുരോഗമിച്ചത്. വൈറസിൻറെ സ്വാഭാവം, …