Home / 2018 / ഒരു ‘സര്‍ജിക്കല്‍ അറ്റാക്ക്‌ , ഒരു കോടതി വിധി, മാധ്യമങ്ങളും
thelitcham

ഒരു ‘സര്‍ജിക്കല്‍ അറ്റാക്ക്‌ , ഒരു കോടതി വിധി, മാധ്യമങ്ങളും

ഈ ലക്കം ‘തെളിച്ചം’ ഇറങ്ങുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പുള്ള ഒരാഴ്ചയോ അതിലേറെയോ നീണ്ടുനിന്ന കാലം ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് കൊയ്ത്തുകാലമായിരുന്നു. ലേശം കടപ്പുറം ഭാഷയിലാണെങ്കില്‍ ചാകരയായിരുന്നു എന്നും പറയാം. ദേശസ്‌നേഹം വിജൃംഭിപ്പിക്കുന്ന, വായിക്കുന്നവരുടെ രോമം എഴുന്നേറ്റുനിര്‍ത്തുന്ന വാര്‍ത്തകള്‍ ധാരാളമായി എഴുതിപ്പിടിപ്പിക്കാനും പ്രക്ഷേപണം ചെയ്യാനും അങ്ങനെ തങ്ങളുടെ വില്‍പ്പനയും റേറ്റിങ്ങും ഒക്കെ കൂട്ടാനും അവര്‍ക്കെല്ലാം കിട്ടിയ സുവര്‍ണ്ണാവസരം. അവരവര്‍ക്ക് കഴിയുന്നത്ര നന്നായി മിക്ക പത്രങ്ങളും ചാനലുകളും ആ സമയം ‘ബുദ്ധിപൂര്‍വ്വം’ ഉപയോഗിക്കുകയും ചെയ്തു.
ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 5 വരെയുള്ള ഏഴ്, എട്ട് ദിവസങ്ങളിലെ കാര്യമാണ് ഞാനിവിടെ സൂചിപ്പിക്കുന്നത്. അതിന്റെ അപ്പുറവും ഇപ്പുറവുമുള്ള ഏതാനും ദിവസങ്ങളും വലിയ മോശമായിരുന്നില്ല. ആ സമയത്ത് പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വന്ന വാര്‍ത്തകളെപ്പറ്റി മാത്രമല്ല വരാതെ പോയ ചില വാര്‍ത്തകളെപ്പറ്റിയും കൂടിയാണ്.
2019 ഫെബ്രുവരി 14ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ പുല്‍വാമാ ജില്ലയിലെ അവന്തിപ്പോരയ്ക്കടുത്ത് ലേഥ്‌പോര എന്ന സ്ഥലത്തുവെച്ച് ഒരു സി.ആര്‍.പി.എഫ് വാഹനത്തിലേക്ക് 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കളുമായി ഇടിച്ചുകയറിയ ഒരു ‘സൂയിസൈഡ് ബോംബര്‍’ വാഹനം നാല്‍പ്പതിലേറെ സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ സംഭവമാണ് രാജ്യം ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന റഫേല്‍ യുദ്ധവിമാന അഴിമതി ഉള്‍പ്പെടെയുള്ള വിഷയങ്ങളെ താല്‍ക്കാലികമായെങ്കിലും മറവിയിലേക്ക് തള്ളിവിട്ടുകൊണ്ട് അടുത്ത കാലത്ത് രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ ‘രാജ്യസ്‌നേഹ’ തരംഗം കത്തിപ്പടരുന്നതിന് തുടക്കമിട്ടത്. (അതുപോലെ ഒരു സുരക്ഷാ വീഴ്ച എങ്ങനെ സംഭവിച്ചു, ഒരു കിലോഗ്രാം ബീഫുമായി നടന്നാല്‍ പിടിക്കപ്പെടുന്ന ഈ രാജ്യത്ത് ഏറ്റവുമധികം സുരക്ഷയുള്ള പട്ടാള വാഹനങ്ങളിലേക്ക് ഇത്രയധികം സ്‌ഫോടകവസ്തുക്കളെ വഹിച്ചുകൊണ്ട് ഒരു വാഹനം എങ്ങനെ എത്തി എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അധികമാരും ചോദിക്കാന്‍ ധൈര്യപ്പെട്ടില്ല. ചോദിച്ചവര്‍ ദേശദ്രോഹികളായി മുദ്ര കുത്തപ്പെടുകയും ചെയ്തു.)
മേല്‍പ്പറഞ്ഞ ആക്രമണം നടന്ന് 12 ദിവസങ്ങള്‍ക്കു ശേഷം ഫെബ്രുവരി 26 ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് കശ്മീരിലെ ആക്രമണമാണത്രേ നിയന്ത്രണരേഖ കടന്നുചെന്ന് പാകിസ്താന്റെ ഭാഗത്തുള്ള ബാലക്കോട്ടില്‍ നടത്തിയ മിസൈല്‍ ‘ദേശീയത’യുടെ ചോരത്തിളപ്പില്‍ യുദ്ധത്തിനുവേണ്ടിയുള്ള മുറവിളികള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് പകരം ഒരാഘോഷത്തിന് തിരി കൊളുത്തിയത്. മാധ്യമങ്ങളും സിനിമാക്കാരും മാത്രമല്ല ഇന്ത്യന്‍ ഭരണകൂടവും ഭരിക്കുന്ന പാര്‍ട്ടിയും പല പ്രതിപക്ഷ പാര്‍ട്ടികളും എല്ലാം ‘രണ്ടാം സര്‍ജിക്കല്‍ സ്‌െ്രെടക്ക്’ എന്ന് കൊട്ടിഘോഷിക്കപ്പെട്ട ആ ആഘോഷത്തിന്റെ പങ്കുപറ്റുകയുണ്ടായി.
(യാദൃച്ഛികമായിരിക്കാം പുല്‍വാമയില്‍ സൈനികര്‍ക്കുനേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധം ഒന്നിനും പരിഹാര മാര്‍ഗമല്ല എന്നും ഇക്കാര്യത്തില്‍ ഇന്ത്യ പാകിസ്താനുമായി യുദ്ധത്തിന് പോകുന്നതില്‍ അര്‍ത്ഥമില്ല എന്നും ഒരു ടി വി ചര്‍ച്ചയില്‍ പറഞ്ഞതിന് ഒഡീഷയിലെ കലിംഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി എന്ന കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന മധുമിതാ റായ് എന്ന അധ്യാപികയെ ആ കോളേജ് പുറത്താക്കിയ വാര്‍ത്ത വന്നതും ഫെബ്രുവരി 26ന് തന്നെയായിരുന്നു.)

രണ്ടാം ‘സര്‍ജിക്കല്‍ അറ്റാക്ക്‌’ അഥവാ ആകാശത്തുനിന്നുള്ള വെടി : അവിടെ അങ്ങനെ, ഇവിടെ ഇങ്ങനെ

ഫെബ്രുവരി 26-ാം തിയ്യതി ഉച്ചയോടെയാണ് അന്നുരാവിലെ ബാലക്കോട്ടില്‍ നടന്ന എയര്‍ ഫോഴ്‌സ് അക്രമണത്തെക്കുറിച്ച് ‘സ്ഥിരീകരിക്കപ്പെട്ട’ വാര്‍ത്തകള്‍ വന്നുതുടങ്ങിയത്. റോയിറ്റേഴ്‌സ് ഇന്ത്യ കൊടുത്ത വാര്‍ത്ത ഇങ്ങനെ : India Air Strike in Bal­akot kills 300 Mil­i­tants: gov­ern­ment source. അതേസമയം റോയിറ്റേഴ്‌സ് അഫ്ഗാനിസ്താന്‍ അതേ സംഭവം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ: Pak­istani Vil­lagers say one per­son wound­ed in Indi­an air strike ‘സത്യമെന്താണെന്ന് ദൈവത്തിനറിയാം, ദൈവമില്ലാത്തതുകൊണ്ട് ആര്‍ക്കും അറിയില്ല, ‘ഹരി ഓം’ എന്നായിരുന്നു ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഇട്ട എഫ് ബി പോസ്റ്റ്.
അന്ന് ടെലിവിഷന്‍ ചാനല്‍ വാര്‍ത്തകളും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും പിറ്റേ ദിവസം അച്ചടിച്ചുവന്ന പത്രങ്ങളും ഏതാണ്ട് ഇതേ പാറ്റേണ്‍ തന്നെയാണ് പിന്തുടര്‍ന്നത്. (എണ്ണത്തില്‍ ചില്ലറ ഏറ്റക്കുറച്ചിലുകള്‍ ഒഴിച്ചാല്‍) 200 മുതല്‍ 300 വരെ ആളുകള്‍ മരിച്ചതായി ന്യൂസ് 18 ടി വി റിപ്പോര്‍ട്ട് ചെയ്തു. 12 മിറാഷ് 2000 ഫൈറ്റര്‍ ജെറ്റുകളില്‍ നിന്ന് വായുസേന നടത്തിയ ആക്രമണത്തില്‍ ബാലക്കോട്ടെ ജെയ്‌ഷെ മുഹമ്മദിന്റെ ടെറര്‍ ക്യാമ്പുകള്‍ തകര്‍ന്നു, ആകെ 1000 കിലോഗ്രാം വരുന്ന 6 ബോംബുകള്‍ ഇട്ടതായി കരുതപ്പെടുന്നു, ഉറക്കത്തിലായിരുന്ന 350 ഭീകരവാദികള്‍ കൊല്ലപ്പെട്ടു (sources said) എന്നായിരുന്നു ഡെക്കാന്‍ ഹെറാള്‍ഡ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യ ഓണ്‍ലൈന്‍ ആകട്ടെ മരിച്ചവരുടെ എണ്ണം പറയാതെ വിട്ടു, “The sources said sig­nif­i­cant dam­age has been inflict­ed on the Pak­istan side’ എന്നുമാത്രമേ ആ റിപ്പോര്‍ട്ടില്‍ പറഞ്ഞുള്ളൂ. ‘പാകിസ്താനിലെ ഭീകരവാദികള്‍ക്ക് കാര്യമായ ക്ഷതമുണ്ടാക്കാന്‍ സാധിച്ചു’ എന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ സെക്രട്ടറി വി.കെ ഗോഖലെ പറഞ്ഞത് അതുതന്നെയായിരുന്നു.
27ന് രാവിലെ പല ഭാഷകളിലായി പത്രങ്ങളില്‍ അച്ചടിച്ചു വന്ന പ്രധാന തലവാചകങ്ങള്‍ കുറേക്കൂടി നിറം കലര്‍ന്നതും വിജയലഹരിയിലും ‘പ്രതികാരം ചെയ്ത സന്തോഷ’ത്തിലും ഒക്കെ മുങ്ങിയതും ആയിരുന്നു.
“India’s Aveng­ing Force” (‘ഇന്ത്യയുടെ പ്രതികാര സേന’) എന്ന് തലക്കെട്ട് കൊടുത്ത ‘ടൈംസ് ഓഫ് ഇന്ത്യ’ പത്രം ”Azhar’s Broth­er-in-Law, 300 Jihad is Believed Killed’ എന്നുകൂടി പറഞ്ഞു, ഓണ്‍ലൈനില്‍ എണ്ണം പറയാതെ വിട്ടിരുന്നവരായിട്ടു കൂടി വായിക്കുന്നവര്‍ക്ക് വേണ്ടത്ര ലഹരി കിട്ടാതെ പോവണ്ട എന്ന് അവര്‍ കരുതിക്കാണണം. ജിഹാദികള്‍ എന്ന വാക്കാണ് അവരുപയോഗിച്ചത് എന്നതും ശ്രദ്ധേയമാണ്.
“India Draws New Ter­ror Red Line” എന്നും 350 ഭീകരവാദികള്‍ കൊല്ലപ്പെട്ടു എന്നും The New Indi­an Express റിപ്പോര്‍ട്ട് ചെയ്തു. ‘ജെയ്ഷിന് എങ്ങനെയുണ്ട്?’ ‘തകര്‍ന്നു തരിപ്പണമായി സര്‍’ എന്നായിരുന്നു ഹിന്ദി പത്രം ‘നവഭാരത് ടൈംസി‘ന്റെ തലവാചകം. ‘പുല്‍വാമയുടെ കണക്ക് തീര്‍ത്തു’ എന്ന് മറ്റൊരു ഹിന്ദി പത്രമായ ‘ദൈനിക് ജാഗര’ണും പറഞ്ഞു. ‘പ്രതികാരം!’ എന്ന് മഹാരാഷ്ട്രാ ടൈംസ്. ‘കണക്കുതീര്‍ത്ത് പാകിസ്ഥാനില്‍ പറന്നുകയറി ബോംബ് വര്‍ഷം, 3 ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു, 350 ഭീകരരെ വധിച്ചു, 1000 കിലോഗ്രാം വീതമുള്ള ബോംബുകള്‍ വര്‍ഷിച്ചു’ എന്നൊക്കെ ഇതെല്ലാം നേരിട്ട് കണ്ടതുപോലെയാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തത്. (‘എന്ന് കരുതപ്പെടുന്നു’ എന്നോ ‘എന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു’ എന്നോ ഒന്നുമല്ല). ആക്രമണത്തിന്റെ രേഖാചിത്രം എന്തോ അവര്‍ വിട്ടുകളഞ്ഞു. ’21 മിനിറ്റ്, തരിപ്പണം’ എന്ന തലക്കെട്ടില്‍ വാര്‍ത്ത കൊടുത്ത മാതൃഭൂമി ആകട്ടെ ആസൂത്രണത്തിന്റെ വിശദാംശങ്ങള്‍ കൂടി മുകളില്‍ ബുള്ളറ്റ് പോയിന്റുകളില്‍ കൊടുത്തു.
The Hin­du, The Tele­graph എന്നിവ ഒരു ഗ്രാമവാസിക്ക് പരിക്കേറ്റതായി ബാലക്കോട്ടു ഗ്രാമനിവാസികള്‍ പറയുന്നു എന്ന ‘പാകിസ്താന്‍ The Tele­graph’ കൂടി റിപ്പോര്‍ട്ട് ചെയ്തു. ‘തിരിച്ചടിക്കാനുള്ള ദാഹത്തിന് ശമനം, ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കാനുള്ള സമയം’ ((Strike Thirst Met, Time to Choose Wise­ly)) എന്നായിരുന്നു ഠവല ഠലഹലഴൃമുവ നല്‍കിയ തലവാചകം എന്നത് ശ്രദ്ധേയമായിരുന്നു. ബോംബിട്ടു, എന്നാല്‍ ആരെയെങ്കിലും കൊന്നോ എന്നുറപ്പില്ല (Bombs? ‘Yes’, Deaths, ‘No’) എന്നും അവര്‍ വ്യക്തമായിത്തന്നെ പറഞ്ഞു.
ഉറപ്പില്ലാത്ത ഒരു കാര്യം എന്ന സൂചന നല്‍കുന്ന വിധത്തില്‍ ഉദ്ധരണികള്‍ക്കുള്ളില്‍ കിറശമി Indi­an ‘air strikes’ എന്നായിരുന്നു ബി ബി സി പോലുള്ള മാധ്യമങ്ങള്‍ ഈ സംഭവത്തെ റിപ്പോര്‍ട്ട് ചെയ്തത്.
എഫ്. ബിയിലെ ‘സംഘി വിരുദ്ധ / ഫാസിസ്റ്റ് വിരുദ്ധ’ ഗ്രൂപ്പുകളാവട്ടെ, ‘തിരിച്ചടിച്ചത് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ആണ് . അല്ലാതെ അണ്ടി മുക്ക് ശാഖാ അംഗങ്ങള്‍ അല്ല’ എന്ന ലൈനായിരുന്നു പ്രധാനമായും സ്വീകരിച്ചത്. അത് ‘ദേശത്തിന്റെ’ വിജയമാണ്, ‘നിങ്ങള്‍ സംഘികളുടെ’ അല്ല എന്ന്. യഥാര്‍ത്ഥ രാജ്യസ്‌നേഹികളായ ഞങ്ങളുള്ളപ്പോള്‍ ബി ജെ പി ഇതങ്ങനെ ആഘോഷിക്കണ്ട എന്നതിനപ്പുറം ഈ ആഘോഷങ്ങളെ നേരിടാന്‍ വലിയ കോപ്പൊന്നും അവരുടെ കയ്യിലുണ്ടായിരുന്നില്ല.

എണ്ണത്തെപ്പറ്റി ചോദ്യങ്ങള്‍, ഉത്തരങ്ങള്‍

പതുക്കെ കാര്യങ്ങള്‍ മാറിമറിഞ്ഞു, 300/350 ഭീകരവാദികള്‍ കൊല്ലപ്പെട്ട വാര്‍ത്ത എവിടെ നിന്നു വന്നു എന്നത് ദുരൂഹമായി തുടര്‍ന്നു, പലരും വരും ദിവസങ്ങളില്‍ ഇന്ത്യക്കകത്തുതന്നെ ആ ചോദ്യം ഉന്നയിക്കുകയും ചെയ്തു. ഇന്ത്യന്‍ ഗവണ്മെന്റ് ആകട്ടെ ഞങ്ങള്‍ അങ്ങനെ ഒരു സംഖ്യ പറഞ്ഞിട്ടില്ലെന്ന് അവകാശപ്പെട്ടു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 400 ഭീകരവാദികള്‍ കൊല്ലപ്പെട്ടതായി അവകാശപ്പെട്ടു. മാര്‍ച്ച് 3 ന് ബി. ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആവട്ടെ 250 ഭീകരവാദികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട് എന്നുറപ്പിച്ചു പറഞ്ഞു. മാര്‍ച്ച് 5ന് ഈ വാദപ്രതിവാദങ്ങള്‍ക്ക് ഒരു താല്‍ക്കാലിക അറുതി കുറിച്ചുകൊണ്ട് എയര്‍ഫോഴ്‌സ് മേധാവി ബി. എസ് ധനോവ പറഞ്ഞത് തങ്ങളുടെ സേന മരിച്ചവരുടെ എണ്ണമെടുക്കാന്‍ നില്‍ക്കാറില്ല, എണ്ണമൊക്കെ സര്‍ക്കാര്‍ പിന്നീട് പറയും എന്നാണ്. അതിനുശേഷം സര്‍ക്കാര്‍ ഇതുവരെ കൊല്ലപ്പെട്ട ഭീകരവാദികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. ഇരുഭാഗത്തുനിന്നും ആക്രമണം നടന്നു / നടന്നില്ല എന്നതിനുള്ള ‘തെളിവുകള്‍’ എന്നോണം ചില സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു എന്നല്ലാതെ. അങ്ങനെയിരിക്കെ ആരായിരിക്കും പത്രങ്ങള്‍ക്കും ടി വി ചാനലുകള്‍ക്കും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ക്കും 300, 350 എന്നിങ്ങനെയുള്ള സംഖ്യകള്‍ എത്തിച്ചുകൊടുത്ത ‘ഴീ്‌ലൃിാലി േീൌൃരല’ എന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു.

വാഷിംഗ്ടണ്‍ പോസ്റ്റിന്റെ അടി

പുല്‍വാമ ആക്രമണവും അതിനെത്തുടര്‍ന്ന് ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ‘തിരിച്ചടി‘യും ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അവര്‍ കേവലം ബി.ജെ.പിയുടെ പ്രൊപ്പഗന്‍ഡാ മെഷീനായിട്ടാണ് പ്രവര്‍ത്തിച്ചത് എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് മാര്‍ച്ച് 4ന് റിപ്പോര്‍ട്ട് ചെയ്തു. ഏകപക്ഷീയവും എരിതീയില്‍ എണ്ണയൊഴിക്കുന്ന വിധത്തിലുമായിരുന്നു അത് എന്ന് തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി എന്നും മിക്ക മാധ്യമങ്ങളും സ്വതന്ത്രമായ അന്വേഷണമൊന്നും നടത്താതെ ‘sources’, ഇന്റലിജന്‍സ് വൃത്തങ്ങള്‍, അനൗദ്യോഗിക വൃത്തങ്ങള്‍, ‘ഫോറന്‍സിക് വിദഗ്ധര്‍’ എന്നിവരെയൊക്കെ ഉദ്ധരിച്ച് വാര്‍ത്ത കൊടുത്തുവെന്നും പുല്‍വാമ ആക്രമണം സംബന്ധിച്ച ഇന്റലിജന്‍സ് പരാജയങ്ങളെക്കുറിച്ച് ചോദ്യങ്ങളുന്നയിക്കാന്‍ പോലും ആരും തയ്യാറായില്ലെന്നും ആ റിപ്പോര്‍ട്ട് പറഞ്ഞു. ഇന്ത്യയിലെ വിദേശകാര്യ സെക്രട്ടറിയും ആഭ്യന്തര വക്താവും ഇതിനിടെ രണ്ടുവീതം വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയെങ്കിലും ചോദ്യങ്ങള്‍ അനുവദിച്ചതേയില്ല എന്നും അവരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സൈനിക യൂണിഫോമണിഞ്ഞ് കന്നടയിലും മലയാളത്തിലുമൊക്കെ വാര്‍ത്താ അവതാരകര്‍ പ്രത്യക്ഷപ്പെട്ടതിനെപ്പറ്റിയും വാര്‍ത്തകളിലെ ‘യുദ്ധമുറി‘കളെപ്പറ്റിയും വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഇന്ത്യന്‍ മാധ്യമങ്ങളെപ്പറ്റി

ഇതിനിടെ അഭിനന്ദന്‍ വര്‍ത്തമാന്‍ എന്ന ഇന്ത്യന്‍ വായുസേനാ പൈലറ്റ് ഫെബ്രുവരി 27ന് പാകിസ്താനകത്തുവച്ച് പാകിസ്താന്റെ പിടിയിലാവുകയും പിന്നീട് മാര്‍ച്ച് 1 ന് അദ്ദേഹത്തെ പാകിസ്താന്‍ മോചിപ്പിക്കുകയും ചെയ്തു. മോചിതനായ അദ്ദേഹം ഇന്ത്യന്‍ മീഡിയയെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. ഇന്ത്യന്‍ മാധ്യമങ്ങള്‍ എപ്പോഴും കാര്യങ്ങളെ പെരുപ്പിച്ച് കാണിക്കുന്നു എന്നും ചെറിയ ചെറിയ കാര്യങ്ങളെ പോലും അത്രയേറെ തീ പിടിപ്പിച്ച്, എരിവ് ചേര്‍ത്ത് ജനങ്ങളില്‍ വിഭ്രാന്തിയുണ്ടാക്കുന്ന രീതിയിലാണ് സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യസ്‌നേഹ വാരത്തില്‍ മുങ്ങിപ്പോയ ഒരു വിധി, 25 കൊല്ലങ്ങളും

ഈ രാജ്യസ്‌നേഹ ആഘോഷങ്ങള്‍ക്കിടെ ഏതാണ്ട് മുഴുവനായും ‘മുങ്ങിപ്പോയ’ ഒന്നായിരുന്നു 25 വര്‍ഷത്തെ ജാമ്യമില്ലാത്ത ജയില്‍വാസത്തിനു ശേഷം നിരപരാധികളെന്നു കണ്ടെത്തി പതിനൊന്നു മുസ്ലീം ചെറുപ്പക്കാരെ (ഇപ്പോള്‍ മധ്യവയസ്‌കരും വൃദ്ധജനങ്ങളും) കോടതി വെറുതെ വിട്ട വാര്‍ത്ത. 1994ല്‍ നാസിക്കിലെ ടാഡ കോടതിയായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്. ബാബരി മസ്ജിദ് തകര്‍ത്തതിന് പ്രതികാരം ചെയ്യാന്‍ ഗൂഢാലോചന നടത്തി എന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്. 2019 ഫെബ്രുവരി 27 ന് ബുധനാഴ്ച ഇവരെ വെറുതെ വിട്ടുകൊണ്ട് നാസിക്കിലെ ടാഡ കോടതി ജസ്റ്റിസ് എസ്. സി ഖാതയുടെ ഉത്തരവുണ്ടായി. ഇവര്‍ ടാഡ നിയമം ദി ടെററിസ്റ്റ് ആന്‍ഡ് ഡിസ്‌റപ്റ്റീവ് ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് ലംഘിച്ചതിന് തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 1994 മെയ് 28 നാണ് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഈ 11 പേരെ പൊലീസ് പിടികൂടുന്നത്. 1992 ലെ ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തിന് പ്രതികാരം ചെയ്യാന്‍ ഗൂഢാലോചന നടത്തുകയായിരുന്നു ഇവരെന്ന് പൊലീസ് ആരോപിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ വകുപ്പ് 120 (ആ) പ്രകാരവും ടാഡ നിയമത്തിന്റെ വകുപ്പുകള്‍ 3(3)(4)(5), 4(1)(4) എന്നിവ പ്രകാരവും ഇവര്‍ക്കെതിരെ കുറ്റം ചുമത്തപ്പെട്ടു. ഇവര്‍ക്ക് ഭീകരരുടെ പരിശീലനം ലഭിച്ചിരുന്നതായും പൊലീസ് ആരോപിച്ചിരുന്നു. ഇതൊന്നും തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. മഹാരാഷ്ട്രയിലെ ഭൂസ്വാളില്‍ ഒരു പവര്‍ പ്ലാന്റിനും ഒരു റെയില്‍വേ സ്‌റ്റേഷനും തകര്‍ക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് ആരോപിക്കുകയുണ്ടായി. ഇതും തെളിയിക്കപ്പെട്ടില്ല.
ഈ പതിനൊന്നു പേരില്‍ ഒരാള്‍ ഡോക്ടറേറ്റ് ബിരുദധാരിയും മറ്റൊരാള്‍ ആറുതവണ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നിട്ടുള്ള ആളുമായിരുന്നു. മൂന്നുപേര്‍ ഡോക്ടര്‍മാരും ഒരാള്‍ എന്‍ജിനീയറുമായിരുന്നു. ഇവരുടെ ജീവിതത്തിലെ നഷ്ടപ്പെട്ട വിലയേറിയ ഇരുപത്തിയഞ്ച് വര്‍ഷങ്ങളെപ്പറ്റിയോ അവര്‍ക്ക് അതിന് നഷ്ടപരിഹാരം ലഭിക്കുമോ എന്നതിനെപ്പറ്റിയോ ഒന്നും ദേശീയ മാധ്യമങ്ങളിലും മലയാള മാധ്യമങ്ങളിലും ഒന്നും കാര്യമായ വാര്‍ത്തകകളായില്ല, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവ ഒഴികെ. ശ്രീ. നമ്പി നാരായണന്‍ മൂന്നുമാസം ജയില്‍വാസം അനുഷ്ഠിച്ചതിന് അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാന്‍ കോടതിവിധി വന്നതും അദ്ദേഹത്തിന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ആ തുക കൈമാറിയതും ഏറെക്കാലം മുമ്പായിരുന്നില്ലല്ലോ.

ആവശ്യമില്ലാത്ത കാര്യം അന്വേഷിക്കാതിരിക്കാന്‍ : കുറച്ച് രാജ്യസ്‌നേഹം

മൂക്കില്ലാ രാജ്യത്ത് എന്ന സിനിമയില്‍ തിലകന്‍ : ‘നീ ചുമ്മാ ആവശ്യമില്ലാത്ത കാര്യം അന്വേഷിക്കാന്‍ വരണ്ട. എടാ കുറച്ചൊക്കെ രാജ്യസ്‌നേഹം വേണം.’
മുകേഷ് : ‘ആ.. ഷോക്കടിപ്പിക്കാന്‍ സമയമായി..’

Comments

com­ments

About editor thelicham

Check Also

ബൗദ്ധിക അപചയമെന്ന മിത്ത്: ഹംസ യൂസുഫിനൊരു വിമര്‍ശനക്കുറിപ്പ്

ഫിലോസഫി, വിശ്വാസം, നാഗരികത എന്നിവ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഹംസ യൂസുഫ് എഴുതിയ ലേഖനം മെറ്റാഫിസിക്ക്‌സിനെ സംബന്ധിുള്ള പഠനങ്ങളെ മുസ്‌ലിം …