Thelicham

ഫത്ഹുല്‍ മുഈന്‍: പ്രാധാന്യവും സ്വാധീനവും

കേരളത്തിന്റെ കര്‍മശാസ്ത്ര പാരമ്പര്യം കേരളത്തിന്റെ മുസ്്‌ലിം ചരിത്രത്തോളം വേരൂന്നിയതാണ്. കാരണം, കേരളത്തിലെ ഇസ്്‌ലാമിന്റെ ആവിര്‍ഭാവ കാലം മുതല്‍ക്കു തന്നെ ആരാധനകളിലും വിവിധ സാമൂഹിക ചടങ്ങുകളിലും മതനിയമങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയതായി കാണാം. മതപ്രബോധന ലക്ഷ്യവുമായി ഇവിടെയെത്തിയ മാലിക് ബ്‌നു ദീനാറും സംഘവും വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച പള്ളികളും പള്ളിദര്‍സുകളും കേരളത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന സ്ഥായിയായ സംരംഭങ്ങളായി മാറി. അവിടങ്ങളില്‍ പ്രസരണം ചെയ്യപ്പെട്ട വിജ്ഞാനീയങ്ങളില്‍ കര്‍മശാസ്ത്രം പ്രഥമസ്ഥാനത്ത് നില്‍ക്കുകയും കേരളീയ മുസ്്‌ലിം ജീവിതത്തിന്റെ വഴികളില്‍ നിര്‍ണായക ഘടകമായി മാറുകയും ചെയ്തു. കേരളത്തില്‍ രചിക്കപ്പെട്ട ചരിത്ര ഗ്രന്ഥങ്ങളിലും കര്‍മശാസ്ത്ര വിശകലനങ്ങള്‍ ദര്‍ശിക്കാന്‍ സാധിക്കും. ആദ്യ ചരിത്ര ഗ്രന്ഥം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തുഹ്ഫത്തുല്‍ മുജാഹിദീനിലും പിന്നീട് വിരചിതമായ മമ്പുറം തങ്ങളുടെ കൃതികളിലും കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തിട്ടുണ്ട്.
എന്നാല്‍ ഇത്തരം കര്‍മശാസ്ത്ര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ശാഫിഈ പണ്ഡിതരായതിനാല്‍ തന്നെ വിശകലനങ്ങളില്‍ മിക്കതും ശാഫിഈ ധാരയില്‍ അധിഷ്ഠിതമായിരുന്നു. കേരളത്തില്‍ നിലനിന്നിരുന്ന ശാഫിഈ കര്‍മശാസ്ത്ര പാരമ്പര്യം ശക്തി പ്രാപിക്കുന്നതും വ്യാപകമാകുന്നതും ഫത്ഹുല്‍ മുഈനിന്റെ ആഗമനത്തോടെയാണ്. മധ്യേഷ്യ കേന്ദ്രീകൃതമായി രചിക്കപ്പെട്ട ഇതര കര്‍മശാസ്ത്ര ഗ്രന്ഥങ്ങളേക്കാള്‍ മലബാറുകാരന്റെ ജീവിത രീതിയോടും സംസ്‌കാരത്തോടും ഇണങ്ങുന്ന ആവിഷ്‌കാര രീതിയും സമഗ്രതയും ഫത്ഹുല്‍ മുഈനിന്റെ വളര്‍ച്ച എളുപ്പമാക്കി. അതേസമയം പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീര ദേശ സമൂഹങ്ങളില്‍ ശക്തിയാര്‍ജ്ജിച്ച വൈജ്ഞാനിക നവോന്മേഷത്തിന്റെ സിംബലായും ഫത്ഹുല്‍ മുഈന്‍ എടുത്തുകാട്ടപ്പെട്ടു. കേരളേതര സമൂഹത്തിലും ശാഫിഈ ധാരയെ സജീവമാക്കുന്നതില്‍ ഫത്ഹുല്‍ മുഈനിന്റെ സ്വാധീനം നമുക്ക് കാണാന്‍ കഴിയും. തുഹ്ഫത്തുല്‍ മുജാഹിദീന്‍ അടക്കമുള്ള ഗ്രന്ഥങ്ങളിലൂടെ കേരളത്തിന്റെ സാമൂഹിക-ആധ്യാത്മിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമനാണ് ഫത്ഹുല്‍ മുഈന്റെ രചന നിര്‍വഹിക്കുന്നത്.

രചനാ പശ്ചാത്തലം
രചനാ പശ്ചാത്തലത്തിലേക്ക് വെളിച്ചം വീശുന്ന ഉദ്ദരണികളൊന്നും ഫത്ഹുല്‍ മുഈനില്‍ ദൃശ്യമല്ലെങ്കിലും തുഹ്ഫത്തുല്‍ മുജാഹിദീനിന്റെ ചില വരികളില്‍ നിന്നും തന്റെ നാട്ടുകാരുടെ വൈജ്ഞാനിക മൂല്യച്യുതിയെക്കുറിച്ചുള്ള ചിന്തകളില്‍ നിന്നാണ് ഫത്ഹുല്‍ മുഈനിന്റെ പിറവിയെന്ന് അനുമാനിക്കാന്‍ സാധിക്കും. ദൈവാനുഗ്രഹങ്ങളെ വിസ്മരിക്കുകയും ധാര്‍മിക മൂല്യങ്ങളെ കൈവെടിയുകയും സമൂഹത്തില്‍ അന്തഃചിദ്രത രൂപപ്പെടുകയും ചെയ്തപ്പോഴാണ് പോര്‍ച്ചുഗീസുകാരുടെ അധീശത്വം നമുക്കു മേല്‍ അല്ലാഹു സ്ഥാപിച്ചത് എന്നാണ് തുഹ്ഫത്തുല്‍ മുജാഹിദീനില്‍ ഗ്രന്ഥകാരന്‍ കുറിച്ച് വെക്കുന്നത്. അതുകൊണ്ട് തന്നെ, വൈജ്ഞാനികവും ധാര്‍മികവുമായ വീണ്ടെടുപ്പിന് ഫത്ഹുല്‍ മുഈനെയും മാധ്യമമാക്കിയതാവാനാണ് സാധ്യത. ആശയ വിനിമയം സുസാധ്യമാക്കുന്ന ഭാഷ പരിഗണിച്ചായിരിക്കാം രചനക്ക് അറബി ഭാഷ തെരഞ്ഞെടുത്തത്.
രചനാരംഭ വര്‍ഷം ഗ്രന്ഥകാരന്‍ വ്യക്തമാക്കിയിട്ടില്ല. ഹി 982 റമളാന്‍ 24 വെള്ളിയാഴ്ചയാണ് രചനയില്‍ നിന്നും വിരമിച്ചതെന്ന് ഗ്രന്ഥത്തിന്റെ അവസാന ഭാഗത്ത് പരാമര്‍ശിക്കുന്നുണ്ട്. ഹി 967 വരെ അദ്ദേഹം മക്കയിലായിരുന്നുവെന്ന വിശദീകരണ പ്രകാരം മക്കയില്‍ നിന്നും മടങ്ങി വന്ന ഉടനെ രചന ആരംഭിച്ചിട്ടുണ്ടാകാം. ആദ്യം രചന നിര്‍വഹിച്ചത് മൂലകൃതിയായ ഖുര്‍റത്തുല്‍ ഐന്‍ ആയിരുന്നു. പിന്നീട് ഖുര്‍റത്തുല്‍ ഐനിന്റെ സ്വീകാര്യതയിലും സ്വാധീനത്തിലും സന്തുഷ്ടനായ അദ്ദേഹം ഖുര്‍റത്തുല്‍ ഐനിന് വ്യാഖ്യാനം എഴുതുകയും പ്രസ്തുത ഗ്രന്ഥത്തിന് ഫത്ഹുല്‍ മുഈന്‍ ഫീ ശറഹി ഖുര്‍റത്തില്‍ ഐന്‍ ബി മുഹിമ്മാത്തിദ്ദീന്‍ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
ഉള്ളടക്കം,രചനാശൈലി
പ്രബലമായ ശാഫിഈ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ സ്വീകരിച്ച പരമ്പരാഗത രീതി തന്നെയാണ് ഫത്ഹുല്‍ മുഈനും പിന്തുടരുന്നത്. ആധുനിക അറബി സാഹിത്യ ശൈലിയില്‍ നിന്നും വ്യത്യസ്തമായി പാരമ്പര്യമായി രൂപം പ്രാപിച്ച കിതാബീ ശൈലിയായിരുന്നു അത്. സാഹിത്യത്തിന് ഊന്നല്‍ നല്‍കാത്ത ഇത്തരം ഗ്രന്ഥങ്ങളിലും സാഹിത്യ ഭംഗി ത്രസിക്കുന്ന ഉദ്ധരണികളും പ്രയോഗങ്ങളും കണ്ടെത്താന്‍ സാധിക്കും. സാഹിത്യ രചനകളെ അല്‍ അദബുല്‍ ഫന്നി എന്ന വിഭാഗത്തിലും ഇത്തരം ഗ്രന്ഥങ്ങളെ അല്‍ അദബുല്‍ ഇല്‍മി എന്ന വിഭാഗത്തിലുമാണ് സാധാരണ ഗണിക്കപ്പെടാറുള്ളത്. മലബാരിക്ക് പരിചിതമായ ഉദാഹരണങ്ങളും പദങ്ങളും പ്രയോഗിക്കുക വഴി സ്വദേശികളുടെ ജീവിത പരിസരത്തേക്ക് ഫത്്ഹുല്‍ മുഈന്‍ ഇറങ്ങിവരുന്നുണ്ട്. മഖ്ദൂമിന്റെ പ്രധാന ഗുരുവര്യനായ ശിഹാബുദ്ധീന്‍ ഇബ്‌നു ഹജറില്‍ ഹൈതമിയുടെ ഗ്രന്ഥങ്ങളെയാണ് ഫത്ഹുല്‍ മുഈനിന്റെ രചനക്ക് കാര്യമായി ആധാരമാക്കിയത്. നൂറ്റിപതിനഞ്ചിലധികം പണ്ഡിതന്മാരെയും മുപ്പത്തി ഒമ്പതോളം വ്യത്യസ്ത ഗ്രന്ഥങ്ങളെയും ആവര്‍ത്തിച്ചും അല്ലാതെയും ഫത്ഹുല്‍ മുഈനില്‍ പരാമര്‍ശിച്ചതായി കാണാം.
തുഹ്ഫയുടെ Indirect Progeny എന്നാണ് ഫത്ഹുല്‍ മുഈനിനെ വിശേഷിപ്പിക്കാറുള്ളത്. പല കാര്യങ്ങളിലും ഫത്ഹുല്‍ മുഈനില്‍ ദൃശ്യമാകുന്ന തുഹ്ഫയുടെ ബൗദ്ധിക സമാനതകള്‍ ഈ വിശേഷത്തെ അനിവാര്യമാക്കുന്നു. തുഹ്ഫയുടെ വിശകലനരീതിയും, വാക്പ്രയോഗങ്ങളും കര്‍മശാസ്ത്ര നിലപാടുകളും ഫത്ഹുല്‍ മുഈനില്‍ പല സ്ഥലങ്ങളിലും പ്രതിഫലിക്കുന്നതായി കാണാം. എന്നാല്‍ ലളിതവും സുഗ്രാഹ്യവുമായ ഉദ്ധരണികളും, ഉപകാരപ്രദമായ നിരവധി അനുബന്ധങ്ങളും ഉപ അദ്ധ്യായങ്ങളും ഫത്ഹുല്‍ മുഈനിനെ തുഹ്ഫയില്‍ നിന്നും വ്യത്യസ്തമാക്കുന്നു.
ശാഫിഈ മദ്ഹബിലെ ഇമാമുകളുടെ മുന്‍ഗണനാ ക്രമത്തിലും ഇബ്‌നു ഹജറിന്റെ രീതി തന്നെയാണ് മഖ്ദൂം പിന്തുടര്‍ന്നത്. നിയമ പണ്ഡിതര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുള്ള വിഷയങ്ങളില്‍ ഇമാം നവവിയും ഇമാം റാഫിഇയും ഐകകണ്‌ഠ്യേന യോജിച്ച തീരുമാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. അവര്‍ രണ്ടു പേരും എതിരാവുന്ന പക്ഷം ഇമാം നവവി, ഇമാം റാഫിഈ എന്നിവര്‍ക്ക് യഥാക്രമം പ്രാമുഖ്യം നല്‍കും. മഖ്ദൂമിന്റെ മുന്‍ഗണനാ ക്രമത്തില്‍ ഇബ്‌നു ഹജര്‍ അല്‍ ഹൈതമിയും ഉള്‍പ്പെടുന്നുണ്ട്. ഖാതിമുല്‍ മുഹഖിഖീന്‍ (സൂക്ഷ്മാന്വേഷകരുടെ അവസാനകണ്ണി) എന്നാണ് അദ്ദേഹത്തെ മഖ്ദൂം വിശേഷിപ്പിക്കുന്നത്. ഫത്ഹുല്‍ മുഈനിലെ ശൈഖുനാ എന്ന പ്രയോഗം ഇബ്‌നു ഹജറുല്‍ ഹൈതമിയെയും ശൈഖുശൈഖിനാ എന്നത് ശൈഖുല്‍ ഇസ്്‌ലാം സകരിയ്യല്‍ അന്‍സ്വാരിയെയും ശൈഖു ശുയൂഖിനാ എന്നത് അബുല്‍ ഹസന്‍ ബക്‌രിയെയും ബഅഌ അസ്ഹാബിനാ എന്നത് അബ്ദു റഊഫ് അല്‍ മക്കിയെയും സൂചിപ്പിക്കുന്നു. ഗുരു ഇബ്‌നു ഹജര്‍ ഹൈതമിയുടെ അഭിപ്രായങ്ങളോട് വിയോജിക്കുന്ന വേളയില്‍ ഖിലാഫന്‍ ലി ശൈഖിനാ എന്ന് പ്രയോഗിക്കുന്നു.
സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഊന്നി പറയുന്ന ഫത്ഹുല്‍ മുഈന്‍ ചില തെറ്റായ ആചാരങ്ങളെ വിമര്‍ശിക്കാനും മുന്നോട്ട് വരുന്നുണ്ട്. വിവാഹ സദ്യയുടെ മഹത്വം ചര്‍ച്ചചെയ്യുന്ന വേളയില്‍ വിവാഹ സദ്യകള്‍ ആര്‍ഭാടമുക്തമാക്കുന്നതിനോടൊപ്പം ധനിക ദരിദ്ര വിവേചനം കാണിക്കാത്തതുമാകണം എന്ന പരാമര്‍ശം ഉള്ളവനെയും ഇല്ലാത്തവനെയും തുല്യമായി കാണേണ്ടതിന്റെ അനിവാര്യതയാണ് ബോധ്യപ്പെടുത്തുന്നത്.
കേരളവും ഫത്ഹുല്‍ മുഈനും
കേരളത്തിലെ പാഠ്യസിലബസുകളില്‍ ഫത്ഹുല്‍ മുഈന്‍ അവിഭാജ്യ ഘടകമാണ്. പള്ളി ദര്‍സുകളിലും മത ഭൗതിക സമന്വയ കലാലയങ്ങളിലും വലിയ പ്രാധാന്യത്തോടെ തന്നെ ഫത്ഹുല്‍ മുഈന്‍ പഠിപ്പിക്കപ്പെടുന്നു. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഫത്ഹുല്‍ മുഈന്‍ പഠനം പൂര്‍ത്തിയാകുന്നതോടെ സാമാന്യ മുസ്്‌ലിംകളുടെ കര്‍മശാസ്ത്ര സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പണ്ഡിതര്‍ പ്രാപ്തരാകുന്നു. ശാഫിഈ ധാരയിലെ ഉന്നത റഫറന്‍സ് ഗ്രന്ഥങ്ങളിലേക്ക് ഓരോ പഠിതാവും സഞ്ചരിക്കുന്നത് ഫത്ഹുല്‍ മുഈനിലൂടെയാണ്. ചില പള്ളി ദര്‍സുകളില്‍ നിയമ വിദ്യാര്‍ത്ഥി മൂന്ന് തവണ വരെ ഫത്ഹുല്‍ മുഈന്‍ പഠിച്ചിരുന്നു. ആദ്യം ഗ്രന്ഥത്തിന്റെ ടെക്സ്റ്റ് ഗുരുവില്‍ നിന്നും പഠിക്കുന്നു. രണ്ടാം തവണ ഇആനത്ത്, തര്‍ശീഹ് തുടങ്ങിയ ഗ്രന്ഥങ്ങളെ ആസ്പദമാക്കി പഠനം ആവര്‍ത്തിക്കുന്നു. മൂന്നാം തവണ തുഹ്ഫ, മഹല്ലി തുടങ്ങിയ പ്രബല ഗ്രന്ഥങ്ങളെ കൂടി ഉള്‍പ്പെടുത്തി പഠന രീതി വിപുലമാക്കുന്നു.
കേരളത്തിലെ മുസ്്‌ലിം പൊതു ബോധത്തിലും ഫത്ഹുല്‍ മുഈന്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയതായി കാണാം. കേരളീയ മുസ്്‌ലിംകളുടെ കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് മിക്ക പണ്ഡിതരും പ്രതിവിധി നിര്‍ദേശിച്ചത് ഫത്ഹുല്‍ മുഈന്‍ അടിസ്ഥാനമാക്കിയായിരുന്നു. ആ വിഷയത്തില്‍ ഫത്ഹുല്‍ മുഈന്‍ എന്ത് പറയുന്നു എന്നായിരുന്നു മുസ്്‌ലിം പൊതു ബോധം പലപ്പോഴും തേടിയിരുന്നത്. പള്ളി ദര്‍സുകള്‍ മുഖേന പൊതു ജനങ്ങളിലേക്ക് വ്യാപിച്ച സ്വാധീനമായിരുന്നു മറ്റൊന്ന്. ഒഴിവു സമയങ്ങള്‍ നോക്കി പള്ളികളില്‍ വന്ന് ഫത്ഹുല്‍ മുഈന്‍ ഓതിയിരുന്ന സാധാരണക്കാരിലൂടെയാണ് ഇത് സാധ്യമായത്. മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന പാതിരാ വഅളുകളും മതപഠന ക്ലാസുകളും ഈ സ്വാധീനത്തിന് ശക്തി പകര്‍ന്നതായി കാണാം.
ഫത്ഹുല്‍ മുഈനിലെ കേരളത്തിന്റെ സ്വാധീനമാണ് ചര്‍ച്ചയുടെ മറ്റൊരു തലം. കേരളീയരുടെ ജീവിത വ്യവസ്ഥയെയും ആചാരാനുഷ്ടാനങ്ങളെയും പരിഗണിച്ചു തന്നെയായിരുന്നു മഖ്ദൂമിന്റെ ഗ്രന്ഥ രചന. ഫത്ഹുല്‍ മുഈനിലെ നിരവധി പ്രയോഗങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും നമുക്കിത് സ്ഥാപിക്കാന്‍ സാധിക്കു. നജസിന്റെ അധ്യായത്തില്‍ മഴയില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ വേണ്ടി വീടുകളുടെ മേല്‍ക്കൂരയായി ഉപയോഗിക്കുന്ന തെങ്ങോലകളില്‍ കാണുന്ന നജസ് പ്രശ്‌നമില്ല എന്ന വാക്യം കേരളത്തിലെ വീടുകളുടെ രൂപത്തിലേക്ക് സൂചന നല്‍കുന്നുണ്ട്. 16ാം നൂറ്റാണ്ടില്‍ മലബാറിലെ മിക്ക ഭവനങ്ങളുടെയും മേല്‍ക്കൂരകള്‍ തെങ്ങോലകളായിരുന്നു എന്ന പ്രമുഖ പോര്‍ച്ചുഗീസ് അപ്പോത്തിക്കരി ടോമി പിവ്‌സിന്റെ വിശദീകരണം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഖളാഇന്റെ അധ്യായത്തില്‍ ഒരു ഭരണാധികാരിയോ പ്രമാണിയോ വിധിന്യായത്തിന് അര്‍ഹനെ നിയമിച്ചാല്‍ അത് നടപ്പാകും എന്ന് പറയുന്ന വേളയില്‍ പ്രസ്തുത ഭരണാധികാരി അമുസ്ലിമാണെങ്കിലും(നടപ്പാകും) എന്ന പ്രയോഗം മലബാറിലെ സാമൂതിരി ഭരണാധികാരികളെക്കൂടി പരിഗണിച്ചുകൊണ്ടാവണം. നിരവധി സ്ഥലങ്ങളില്‍ പ്രതിപാദിക്കുന്ന അമുസ്ലിംകളെ സംബന്ധിച്ച വിധികള്‍ മുസ്ലിം അമുസ്ലിം വേര്‍ത്തിരിവില്ലാതെ ഇഴചേര്‍ന്ന് ജീവിച്ച കേരളീയ പശ്ചാത്തലത്തിലാണ് വായിക്കേണ്ടത്. ചുവപ്പ് നിറം മൂലം പകര്‍ച്ചയായ ഉമിനീര്‍ വിഴുങ്ങിയാല്‍ നോമ്പ് മുറിയും എന്ന പ്രയോഗവവുമായി കേരളീയരില്‍ സാധാരണ കണ്ടുവരുന്ന വെറ്റില മുറുക്കുന്ന സ്വഭാവം ചേര്‍ത്ത് വെച്ചാല്‍ ഈ സ്വാധീനത്തിന്റെ ആഴം ഒന്നുകൂടി വ്യക്തമാവും. ഏറ്റവും നല്ല ജോലി കാര്‍ഷിക വൃത്തിയാണെന്ന് പറയുന്ന ഫത്ഹുല്‍ മുഈന്‍ കൃഷിയിലെ സകാത്ത് സംബന്ധിച്ച് ദീര്‍ഘമായി തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്. കേരളീയരുടെ ജീവിതോപാദികളില്‍ കാര്‍ഷിക വൃത്തി മുന്നില്‍ നിന്ന പശ്ചാത്തലത്തില്‍ ഇതിനെ വായിക്കാവുന്നതാണ്.

ഇതര രാഷ്ട്രങ്ങളില്‍
ഫത്ഹുല്‍ മുഈനിന്റെ ഖ്യാതിയും സ്വീകാര്യതയും കേരളത്തില്‍ മാത്രമൊതുങ്ങുന്നതായിരുന്നില്ല. കാലക്രമേണ ഇതര രാഷ്ട്രങ്ങളിലേക്കും അത് വ്യാപിച്ചു. വിവിധ രാഷ്ട്രങ്ങളില്‍ നിന്നും മലബാറിലെത്തിയ വ്യാപാരികളും പഠിതാക്കളുമാണ് ഫത്ഹുല്‍ മുഈനെ പുറം ലോകത്തേക്ക് പരിചയപ്പെടുത്തിയത്. കിഴക്കനാഫ്രിക്കയിലെയും മധ്യേഷ്യയിലെയും നിരവധി പാഠശാലകളില്‍ ഫത്ഹുല്‍ മുഈന്‍ പാഠ്യവിഷയമാണ്.
ശ്രീലങ്കയിലെ മതപാഠ ശാലകളില്‍ ശാഫിഈ ധാര പിന്തുടരുന്നവര്‍ ഫത്ഹുല്‍ മുഈന്‍ അവലംബിച്ചിരുന്നുവെന്ന് അമീര്‍ അലി തന്റെ ദ ജനസിസ് ഓഫ് മുസ്്‌ലിം കമ്യൂണിറ്റി ഇന്‍ സിലോണ്‍ എന്ന തന്റെ പഠനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ശ്രീലങ്കന്‍ ഹെറിറ്റേജ് ലൈബ്രറിയില്‍ നിന്നും കണ്ടെത്തിയ ഫത്ഹുല്‍ മുഈനിന്റെ തമിഴ് പരിഭാഷ ഇതിന് ശക്തി പകരുന്നു. 1880 കളില്‍ ജാവയിലെ സര്‍കാര്‍ ഉദ്യോഗസ്ഥാനായി ജോലി ചെയ്ത എല്‍ ഡബ്ല്യു സി വാന്‍ടന്‍ ബെര്‍ഗ് ജാവനീസ് പാഠശാലകളില്‍ പഠിപ്പിക്കപ്പെട്ടിരുന്ന ഗ്രന്ഥങ്ങളെ ലിസ്റ്റ് ചെയ്തപ്പോള്‍ ഫത്ഹുല്‍ മുഈനെയും ഉള്‍പ്പെടുത്തിയതായി കാണാം. ഏറെ ജനകീയമായ ഗ്രന്ഥം എന്നാണ് അദ്ദേഹം ഫത്ഹുല്‍ മുഈനിനെ വിശേഷിപ്പിച്ചത്. സുമാത്രന്‍ പാഠശാലകളിലും സമാനമായ അവസ്ഥ നിലനിന്നതായി നെവ്ക് ഹര്‍ഗ്രോഞ്ച് നിരീക്ഷിക്കുന്നുണ്ട്.
കിഴക്കന്‍ ആഫ്രിക്കന്‍ പാഠശാലകളില്‍ ഫത്ഹുല്‍ മുഈന്‍ വര്‍ധിച്ച സ്വാധീനം നേടിയിരുന്നു. സാര്‍സിബാര്‍, ലാമുലൊമോറെ ഐലാന്റ്, മൊംബാസ എന്നിവിടങ്ങളില്‍ ഫത്ഹുല്‍ മുഈന്‍ വ്യാപകമായിരുന്നുവെന്ന് കിഴക്കനാഫ്രിക്കന്‍ ശാഫിഈ പണ്ഡിതരുടെ ജീവചരിത്രം എഴുതിയ അബ്ദുല്ലാ സ്വാലിഹ് ഫാരിസി വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രവിശ്യയില്‍ നിന്നും അബ്ദുല്ലാ ബഖാത്തിര്‍ എന്ന പ്രമുഖ ശാഫിഈ പണ്ഡിതന്‍ ഇആനത്തിന്റെ രചന കഴിഞ്ഞ് 5 വര്‍ഷത്തിന് ശേഷം സയ്യിദ് ബക്‌രിയില്‍ നിന്നും ഫത്ഹുല്‍ മുഈന്‍ പഠനം നടത്തിയതായി കാണാം. സോമാലിയയില്‍ ഫത്ഹിനേക്കാള്‍ പ്രചാരം നേടിയത് ഖുര്‍റത്തുല്‍ ഐനായിരുന്നു. സഈദ് ബ്‌നു മുഅല്ലിഫ് എന്ന സോമാലിയന്‍ പണ്ഡിതന്‍ 444 പേജ് വരുന്ന ഒരു വ്യാഖ്യാന ഗ്രന്ഥം ഖുര്‍റത്തുല്‍ ഐനിന് എഴുതിയതായി സോമാലിയയിലെ ശാഫി മദ്ഹബ് എന്ന ഗ്രന്ഥത്തില്‍ ശൈഖ് അഹ്മദ് വ്യക്തമാക്കുന്നുണ്ട്. കൂടാതെ ജാവനീസ്, ബനസ, ഇന്തോനേഷ്യന്‍, മലായി തുടങ്ങിയ ഭാഷകളിലേക്ക് ഫത്ഹുല്‍ മുഈന്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു എന്നത് പ്രചാരണത്തിനുള്ള മതിയായ തെളിവാണ്.
കേരളീയരും അല്ലാത്തവരുമായ അനേകം പണ്ഡിതന്മാര്‍ ഖുര്‍റത്തുല്‍ ഐനിനും ഫത്ഹുല്‍ മുഈനിനും വ്യാഖ്യാന ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നിഹായത്തു സൈന്‍ ഫീ ഇര്‍ഷാദില്‍ മുബ്തദിഈന്‍, ശറഹു സഈദ് ബ്‌നു മുഅല്ലിഫ്, ഇആനത്തുല്‍ മുസ്തഈന്‍, ഇആനത്തു ത്വാലിബീന്‍ അലാ ഹല്ലി അല്‍ഫാളി ഫത്ഹില്‍ മുഈന്‍,തര്‍ശീഹുല്‍ മുസ്തഫീദീന്‍ ബി തൗശീഹി ഫത്ഹില്‍ മുഈന്‍,തഹ്ശീത്വുല്‍ മുത്വാലിഈന്‍, ഹാശിയത്തു ശീറാസി,ഹാശിയത്തു ഫത്ഹില്‍ മുന്‍ഹിം ഖുര്‍റത്തുല്‍ ഐനിനെ കാവ്യ രൂപത്തില്‍ അവതരിപ്പിക്കുന്ന അന്‍വര്‍ അബ്ദുല്ല ഫദ്ഫരിയുടെ അന്നദ്മുല്‍ വഫി ഫില്‍ ഫിഖ്ഹിശ്ശാഫിഈ, ഫത്ഹുല്‍ മുഈനിലെ അനന്തരാവകാശ നിയമങ്ങള്‍ പ്രതിപാദിക്കുന്ന വാടാന പള്ളി മുഹമ്മദ് മുസ്ലിയാരുടെ മന്‍ളൂമത്തു ഫറാഇളി ഖുര്‍റത്തില്‍ ഐന്‍, അരീക്കല്‍ മുഹമ്മദ് മുസ്്‌ലിയാരുടെ നള്മു ഖുര്‍റത്തില്‍ ഐന്‍, ഫത്ഹൂല്‍ മുഈനിനെ സംഗ്രഹിക്കുന്ന കോടമ്പുഴ ബാവ മുസ്്‌ലിയാരുടെ ഖുലാസത്തുല്‍ ഫിഖ്ഹില്‍ ഇസ്ലാമി, ഫത്ഹുല്‍ മുഈനില്‍ പരാമര്‍ശിക്കപ്പെട്ട പണ്ഡിതന്മാരുടെ ജീവിതം വിവരിക്കുന്ന ചേലക്കാട് കുഞ്ഞ് അലവി മുസ്്‌ലിയാരുടെ അല്‍ മുഹിമ്മ ഫീ ബയാനില്‍ അഅിമ്മ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അവയില്‍ ചിലതാണ്.

Editor Thelicham

Thelicham monthly

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.