Thelicham

ഖാസി വധം നീതി പുലരുക തന്നെ ചെയ്യും

ഉത്തരകേരളത്തിലെ മഹാപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രമുഖ നേതാക്കളിലൊരാളും ജാതി മത വേലിക്കെട്ടുകള്‍ക്കപ്പുറത്ത് എല്ലാവരാലും സര്‍വ്വാദരണീയരുമായിരുന്ന ഖാസി സി.എം അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം ഇന്നും കാസര്‍ഗോഡ് ജനതയുടെ മനസാക്ഷിക്കേറ്റ മുറിവായി തുടരുകയാണ്. ഇതിനൊരു പരിഹാരം കണ്ടെത്തിയേ തീരൂ എന്നുള്ള ദൃഢനിശ്ചയത്തോട് കൂടിയാണ് പൊതുസമൂഹത്തെ പ്രതിനിധീകരിക്കുന്ന സി.എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും ഒന്നിച്ച് രംഗത്ത് വന്നത്. കേരളത്തിലെ സാമൂഹ്യ രംഗത്തുള്ള പ്രമുഖരായ വി.എം സുധീരന്‍, പി.ടി തോമസ് എം.എല്‍.എ, സി.ആര്‍ നീലകണ്ഠന്‍, അഡ്വ. പി.എ പൗരന്‍ തുടങ്ങിയവരേയും ഏറ്റവും ഒടുവില്‍ ദേശീയ തലത്തില്‍ ജനകീയ സമരങ്ങള്‍ക്കു ഉജ്ജ്വലമായ നേതൃത്വം കൊടുക്കുന്ന മേധാ പട്കര്‍, ജിഗ്നേഷ് മേവാനി, എസ്.പി ഉദയകുമാര്‍ എന്നിവരെയുമടക്കം പങ്കെടുപ്പിച്ച് കൊണ്ട് അനിശ്ചിത കാല സഹനസമരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങി ഇപ്പോഴും മുന്നോട്ട് പോകുന്നു.
സി.എം ഉസ്താദിന്റെ 2010 ഫെബ്രുവരി പതിനഞ്ചിനു നടന്ന മരണം ആസൂത്രിത കൊലപാതകമായിരുന്നെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ ജീവിതവും നിലപാടുകളും അടുത്തറിയുന്ന ആര്‍ക്കും സംശയമില്ല. എന്നാല്‍ ലോക്കല്‍ പോലീസും പിന്നീട് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും യാഥാര്‍ഥ്യം പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ലെന്ന് മാത്രമല്ല, അതൊരു ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചരട് വലിക്കുക കൂടി ചെയ്തപ്പോള്‍ ജനകീയ രോഷം അണപൊട്ടി ഒഴുകിയതിന്റെ ഫലമായാണ് കേസ് സി.ബി.ഐയെ സര്‍ക്കാര്‍ ഏല്‍പ്പിച്ചത്.
കേസ് ഏറ്റെടുത്ത സി.ബി.ഐ ആദ്യം കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും അറസ്റ്റ് നടക്കുമെന്ന വാര്‍ത്ത പരക്കുകയും ചെയ്തുവെങ്കിലും അന്വേഷണത്തിനു നേതൃത്വം കൊടുത്ത ഓഫീസറെ അപ്രതീക്ഷിതമായി ചെന്നൈയിലേക്കു സ്ഥലം മാറ്റിയത് തിരിച്ചടിയായി. പിന്നീട് വന്ന ടീമിന്റെ നീക്കങ്ങള്‍ സംശയാസ്പദമായിരുന്നു. ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് എറണാകുളം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോട് കൂടി പൂച്ച പുറത്തുചാടി.
സി.എം ഉസ്താദിനെ പോലെ സര്‍വ്വാദരണീയനായ മനുഷ്യനെ കൊന്ന് കടലില്‍ തള്ളിയിട്ട് കുറ്റവാളികള്‍ക്ക് ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടാന്‍ സാധിക്കുമെന്ന് വന്നാല്‍ ഇവിടെ ആര്‍ക്കുണ്ട് സുരക്ഷിതത്വം എന്ന ചോദ്യം പ്രസക്തമാണ്. പണവും അധികാരവും സ്ഥാപിത താല്‍പര്യങ്ങളും മിക്ക അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തെയും വിധിയെയും സ്വാധീനിക്കുന്നുവെന്ന കാര്യം ആരെയും ഭയപ്പെടുത്തുന്നതാണ്. കാസര്‍ഗോഡ് പ്രദേശത്തെ വിവിധ സംഘടനകളും സി.എം ഉസ്താദിനെ സ്‌നേഹിക്കുന്ന പരശ്ശതം ജനങ്ങളും കടുത്ത ആശങ്കയിലാണ്. ഖാസിയുടെ മകന്‍ ശാഫി കോടതിയില്‍ ഫയല്‍ ചെയ്ത കേസും ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സഹന സമരവും നീതിക്കു വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവര്‍ക്കു ആശ്വാസം നല്‍കുന്നു.
ഈ കുറിപ്പ് തയ്യാറാക്കുന്നതിനിടയിലാണ് സി.ബി.ഐ സമര്‍പ്പിച്ച രണ്ടാമത്തെ റിപ്പോര്‍ട്ടും കോടതി തള്ളിയെന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നത്. ആരൊക്കെ കളിച്ചാലും അന്തിമമായി നീതി തന്നെ പുലരുമെന്ന് ഉറക്കെ പറയാന്‍ നമുക്ക് സാധിക്കും. കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു സ്‌പെഷ്യല്‍ ടീം ഈ കേസ് അന്വേഷിച്ചിച്ചു സത്യം കണ്ടെത്തണമെന്ന ആവശ്യവുമായി സി.എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും സഹനസമരവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും.

ഡോ. ഡി. സുരേന്ദ്രനാഥ്
(ചെയര്‍മാന്‍, ഖാസി
സി.എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മിറ്റി)

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.