Thelicham

ഹദീസില്‍ നിന്ന് ചരിത്രം പുനര്‍നിര്‍മിക്കും വിധം

കൊളോണിയലാനന്തര വൈജ്ഞാനിക വ്യവഹാരം എന്ന നിലക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് യൂറോപ്പ് ഹദീ്‌സ് പഠന മേഖലയിലേക്ക് കാലെടുത്തു വെക്കുന്നത്. പൊതുവെ ചരിത്രരചനയുടെ അക്കാദമിക തലത്തിലേക്കുള്ള വികാസം തന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രതിഭാസമായാണ് ഗണിക്കപ്പെടുന്നത്. ചരിത്രത്തെ കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിന് വേണ്ടി ചരിത്രകാരന്മാരായ പുതിയ ജ്ഞാനശാസ്ത്ര രൂപകങ്ങള്‍ തേടിപ്പോവുന്നതോടു കൂടെയാണ് വിമര്‍ശനാത്മകമായി ചരിത്രരചനയെ സമീപിക്കുന്ന രീതിശാസ്ത്രം പാശ്ചാത്യലോകത്ത് രൂപം കൊള്ളുന്നത്. അതുകൊണ്ട്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചരിത്രചിന്ത (ഹിസ്റ്റോറികല്‍ തോട്ട്) പലപ്പോഴും വ്യാഖ്യാനശാസ്ത്രത്തിന്റെയും(ഹെമന്യൂടിക്‌സ്) കാര്യകാരണസമീപനരീതിയുടെയും(കോസല്‍ അപ്രോച്ച്) ഇടയിലുള്ള സംഘട്ടനമായി ചിത്രീകരിക്കപ്പെടാറുണ്ട്. ചരിത്രത്തോടുള്ള ഭാഷാശാസ്ത്രത്തിന്റെയും(ഫിലോളജി) വ്യാഖ്യാനശാസ്ത്രത്തിന്റെയും രീതിശാസ്ത്ര ടൂളുകളെ അടിസ്ഥാനമാക്കി ജര്‍മന്‍ ചരിത്രകാരന്മാരാണ് സോഴ്‌സ് ക്രിറ്റിസിസം എന്ന ചരിത്ര സമീപനരീതി ആദ്യമായി രൂപപ്പെടുത്തുന്നത്.

ഇതില്‍പിന്നെ, മതങ്ങള്‍ പ്രാഥമിക സോഴ്‌സായി ഗണിക്കുന്ന ടെക്‌സ്റ്റുകളെ വിവിധ ചരിത്ര ഗവേഷണങ്ങള്‍ ചോദ്യ ചെയ്യുക പതിവായി. പാശ്ചാത്യലോകത്തെ ബൈബിള്‍ ക്രിറ്റിസിസം നിര്‍ണ്ണായകമായ വഴിത്തിരിവിലെത്തി നില്‍ക്കുമ്പോഴാണ് ചരിത്രകാരന്മാര്‍ ഇസ്‌ലാമിനെയും പ്രവാചകന്‍ മുഹമ്മദ്(സ)യെയും കുറിച്ചുള്ള ചരിത്രാന്വേഷണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

ഇസ്‌ലാമില്‍ ഖുര്‍ആന്‍ കഴിഞ്ഞാല്‍ പിന്നെ വാലിഡ് ആയി ഗണിക്കപ്പെടുന്ന ജ്ഞാനസ്രോതസ്സ് പ്രവാചക വചനങ്ങളാണ്. ഇവയെ വിശാലാര്‍ഥത്തില്‍ ‘ഹദീസ്’ എന്ന് വിളിക്കുന്നു. ഇസ്‌ലാമിന്റെ ആദ്യകാല ചരിത്രത്തെയും മുഹമ്മദ് നബി(സ)യുടെ ജീവചരിത്രത്തെയും പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാശ്ചാത്യന്‍ ചരിത്രകാരന്മാര്‍ സോഴ്‌സ് ക്രിറ്റിസിസം ഉപയോഗപ്പെടുത്തിയാണ് ഹദീസ് പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഹിജ്‌റ ആദ്യ നൂറ്റാണ്ടിലെ പ്രവാചകട്രെഡീഷന്റെ ഉള്ളടക്കം പ്രക്ഷേപണം ചെയ്തത് വാചിക രൂപത്തിലായത് കാരണം പ്രസ്തുത സമയത്തെ ചരിത്രം തിരിച്ചറിയാന്‍ മൂന്നാം നൂറ്റാണ്ടില്‍ പൂര്‍ണ്ണാര്‍ഥത്തില്‍ ശേഖരിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങള്‍ അവലംബമായി സ്വീകരിക്കേണ്ടതായി വരുന്നുണ്ട്. പ്രവാചക ജീവിതത്തിനും അത് ലിഖിതമായി രേഖപ്പെടുത്തുന്നതിനുമിടയില്‍ സ്വാഭാവികമായും നിലനിന്നിരുന്ന ഈ വിടവ് ആയിരുന്നു വിമര്‍ശനാത്മക ചരിത്രകാരന്മാര്‍ ഉന്നയിച്ച ആദ്യപ്രശ്‌നം. പിന്നീട്, അവര്‍ തന്നെ മൂന്നാം നൂറ്റാണ്ടില്‍ വ്യാപിച്ച ഹദീസുകള്‍ പലകാരണങ്ങളാല്‍ പിന്നീട് നിര്‍മിതമായതാണെന്ന(ഫോര്‍ജ്ഡ്) ഊഹത്തിന്റെ അടിസ്ഥാനത്തില്‍ പ്രവാചക ട്രെഡീഷന് ഇസ്‌ലാമിക ചരിത്രരചനയുടെ അടിസ്ഥാനമാവാന്‍ യോഗ്യതയില്ലെന്ന് വിധിച്ചു.
ഹംഗേറിയന്‍ ഗവേഷകനായ ഗോള്‍ഡ്‌സിഹര്‍ ആണ് ഇവരില്‍ പ്രധാനി. മൂന്നാം നൂറ്റാണ്ടിലെ ഇസ്‌ലാമിക വികാസം ഹദീസുകള്‍ നിര്‍മിക്കുന്നതില്‍ സ്വാധീനിച്ചു എന്ന് വിലയിരുത്തിയ ഗോള്‍ഡ്‌സിഹര്‍ രാഷ്ട്രീയം, വിവിധ മതാന്തര വിഭാഗീയ താല്‍പര്യങ്ങള്‍ എന്നിവ ഹദീസ് കെട്ടിച്ചമക്കുന്നതിനുള്ള പ്രേരകമായെന്ന് അനുമാനിച്ചു. ഉമവീ, അബ്ബാസീ ഭരണകൂടങ്ങള്‍ ഭരണ താല്‍പര്യങ്ങള്‍ക്കു വേണ്ടിയും മതവിഭാഗീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയും പ്രവാചക വചനങ്ങള്‍ നിര്‍മിക്കാന്‍ പ്രോത്സാഹനം നല്‍കിയതായി ഗോള്‍സിഹര്‍ വാദിച്ചു.

ഗോള്‍സിഹറിന്റെ പഠനങ്ങള്‍ സ്വാധീനിച്ച മറ്റൊരു ചരിത്രകാരനായിരുന്നു ജോസഫ് ഷാഖ്ത്. ഇസ്‌ലാമിലെ നിയമ നിര്‍മാണത്തിന്റെ ചരിത്രം പരിശോധിച്ച് അദ്ദേഹം എഴുതുന്നു, ‘പ്രവാചകന്റെ സമയത്തേക്ക് ചേര്‍ത്തിപ്പറയുന്ന അറിവിന്റെ സത്ത പ്രസ്തുത സമയത്ത് നിലനിന്നിരുന്നു എന്ന അനുമാനം ഒഴിവാക്കേണ്ടതാണ്. അദ്ദേഹം അനുമാനിക്കുന്ന മറ്റൊരു കാര്യം പ്രവാചക കാലഘട്ടത്തില്‍ ഉല്‍ഭവിക്കുന്നതായി മനസ്സിലാക്കപ്പെടുന്ന മുഴുവന്‍ നിയമസംബന്ധിയായ ഹദീസുകളും പില്‍കാലത്ത് നിര്‍മിക്കപ്പെട്ടതാണ് എന്നാണ്. എന്നാല്‍, ആദ്യകാല കര്‍മശാസ്ത്ര വൃത്തങ്ങളില്‍ രൂപപ്പെട്ട അടിസ്ഥാനനിയമസംഹിത പ്രവാചക ട്രെഡീഷണില്‍ നിന്ന് എടുത്തതല്ല, മറിച്ച ഇന്‍ഡിവിജല്‍ റീസണിംഗിനെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതായിരുന്നു. പിന്നീടാണ് അത് സഹാബയുടെ കാലഘട്ടത്തിലേക്ക് ചേര്‍ത്തി ആധികാരികത ഉറപ്പുവരുത്താന്‍ പണ്ഡിതര്‍ ശ്രമിച്ചത്. അതിനാല്‍തന്നെ, മദ്ഹബുകളുടെ സജീവ പാരമ്പര്യത്തെ(ലിവിംഗ് ട്രഡീഷന്‍) രണ്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ വ്യാപകമായ ഹദീസുകള്‍ ചോദ്യം ചെയ്യുന്ന സ്വഭാവം കണ്ടുതുടങ്ങി. പക്ഷെ, ഈ എതിര്‍പ്പുകളെ ഇമാം ശാഫി(റ) മുന്നോട്ട് വച്ച തിയറികളുടെ സ്വാധീനത്താല്‍ മറികടക്കാന്‍ പണ്ഡിത ലോകത്തിന് സാധിച്ചു. ഈ വിശദീകരണങ്ങളില്‍ നിന്നാണ് ഷാഖ്ത് കര്‍മശാസ്ത്ര സംബന്ധിയായ ഹദീസുകള്‍ രണ്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ നിര്‍മിതമായതാണെന്ന് ഊഹിക്കുന്നത്.

സോഴ്‌സ് ക്രിറ്റിക്കല്‍ അപ്രോച്ചിന്റെ മറ്റൊരു വായനയായിരുന്നു ജയ്ന്‍ബോള്‍ നടത്തിയത്. ഹദീസുകള്‍ പ്രവാചകന്റെ കാലത്ത് തന്നെ നിലനിന്നിരുന്നു. പക്ഷെ, ഫോര്‍മല്‍ ആയ സംപ്രേക്ഷണം ആദ്യ നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളിലായിരുന്നു നടന്നത്. അതുകൊണ്ടുതന്നെ ഹദീസുകള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ചരിത്രാടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം നിരീക്ഷിച്ചു. സോഴ്‌സ് ക്രിറ്റിക്കല്‍ പഠനങ്ങള്‍ക്കു പുറമെ മൂന്നാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ഹദീസ് വിമര്‍ശന രീതികളിലെ കുറവുകള്‍ കാണിച്ച് പാട്രീഷിയ കോണിനെപ്പോലുള്ള റിവിഷനിസ്റ്റ് ചരിത്രകാരന്മാര്‍ 1970-കളോടെ പ്രത്യക്ഷപ്പെട്ടു. അവര്‍ ഇസ്‌ലാമിന്റെ ഉത്ഭവത്തില്‍ തന്നെ സംശയം പ്രകടിച്ചു. ഗോള്‍ഡ്‌സിഹര്‍, ഷാഖത്, ജയ്ന്‍ബോള്‍, റിവിഷനിസ്റ്റ് ചരിത്രകാരന്മാര്‍ എന്നിവര്‍ രേഖപ്പെടുത്തിയ ഹദീസ് പഠനങ്ങള്‍ ചോദ്യം ചെയ്തത് ഹദീസിനെ ഒരു ചരിത്ര സ്രോതസ്സായി പരിഗണിക്കുന്ന വലിയ സാധ്യതയെയായിരുന്നു.

ആദ്യകാല പാശ്ചാത്യ ചരിത്രകാരന്മാരില്‍ കണ്ട വിമര്‍ശനാത്മക ചരിത്രരചനയുടെ ആധിപത്യസ്വഭാവത്തിന് മാറ്റം വരുന്നത് പ്രവാചക ചരിത്രസാഹിത്യം എന്ന ഗണത്തില്‍ വരുന്ന വന്ന വില്ല്യം മോണ്ട്‌ഗോമറി വാട്ടിന്റെ പുതിയ വായനകളിലൂടെയായിരുന്നു. അദ്ദേഹം ട്രഡീഷനുകളുടെ ടെന്റന്‍ഷ്യസ് ഷെയ്പ്പിങിന്റെ സ്വഭാവം അംഗീകരിക്കുന്നതോടൊപ്പം വിമര്‍ശനാത്മക ബുദ്ധി ഉപയോഗിച്ചാല്‍ തന്നെ ചരിത്രത്തിന്റെ യഥാര്‍ത്ഥ സ്വഭാവം കണ്ടെത്താന്‍ സാധിക്കുമെന്ന് വാദിച്ചു. വാട്ടിന്റെ പ്രസ്താവനകളെ പിന്തുണക്കുന്നതായിരുന്നു റൂഡി പാരറ്റിന്റെയും മാക്‌സിം റോഡിന്‍സിന്റെയും പഠനങ്ങള്‍. ഷാഖ്തിന്റെയും ഗോള്‍സിഹറിന്റെയും ഹദീസ് വിമര്‍ശന പഠനങ്ങളിലെ വൈരുൃദ്ധ്യാത്മക പരിസരങ്ങളെ വ്യക്തമാക്കി റോഡിന്‍സണ്‍ തന്റെ മഹോമദില്‍ പ്രവാചക ചരിത്രം പുനര്‍നിര്‍മിക്കാനുള്ള സാധ്യതയെ വിപുലീകരിച്ചു. പക്ഷെ, റിവിഷണിസ്റ്റ് ചരിത്രരചനാ രീതിയില്‍ പല ചരിത്രകാരന്മാരും ഖുര്‍ആന്റെ ചരിത്രസാധുത പോലും ചോദ്യം ചെയ്തത് കാരണം പ്രവാചക ചരിത്രം പുനര്‍നിര്‍മിക്കാനുള്ള സാധ്യത തന്നെ ഇല്ലായിരുന്നു.

ഈ ചരിത്രസമീപന രീതികളുടെയെല്ലാം പരിമിതിയെ ചൂണ്ടിക്കാണിച്ചാണ് റെവല്യൂഷനിസ്റ്റ് ചരിത്രകാരന്മാര്‍ രംഗത്തുവരുന്നത്. ഹറാള്‍ഡ് മോസ്‌കി, ഗ്രിഗര്‍ ഷോളര്‍, ആന്‍ഡ്രിയാസ് ഗോര്‍മക്, ഫൂആദ് സെസ്ഗിന്‍, ജൊനാതന്‍ ബ്രൗണ്‍ എന്നിവര്‍ റെവലൂഷ്യനിസ്റ്റ് ചരിത്രരചനാ രീതിയിലൂടെ അവതരിപ്പിച്ചത് ഇസ്‌ലാമിന്റെയും പ്രവാചകരുടെയും ചരിത്രത്തെ പുനര്‍നിര്‍മിക്കുന്ന വലിയ സാധ്യതയെയായിരുന്നു. സോഴ്്‌സ് ക്രിറ്റിസിസം നടത്തേണ്ട യഥാര്‍ത്ഥ വഴികളെ പുനര്‍നിര്‍ണയിച്ച്, മുമ്പ് കഴിഞ്ഞ പഠനങ്ങളുടെ പരിമിതികള്‍ മുന്നോട്ടുവെച്ചവരില്‍ പ്രധാനിയായ ഹറാള്‍ഡ് മോട്‌സ്‌കിയുടെ ചരിത്രരചനാരീതി തീര്‍ത്തും വ്യതിരക്തമായിരുന്നു. ആദ്യകാല മുസ്‌ലിം ഹദീസ് വിമര്‍ശനശാസ്ത്രജ്ഞര്‍ തന്നെ, ഹദീസുകളുടെ ആധികാരികത ഉറപ്പുവരുത്താന്‍ രൂപപ്പെടുത്തിയ രീതികള്‍ വികസിപ്പിച്ച് അതിന് പുതിയ തലങ്ങള്‍ നല്‍കി മോട്‌സ്‌കി ഹദീസുകളെ വായിച്ചു. ഹദീസുകള്‍ പൂര്‍ണ്ണമായും ഇസ്‌ലാമിന്റെ ആദ്യകാല ചരിത്രത്തെ പുനര്‍നിര്‍മിക്കാന്‍ അവലംബമാക്കാന്‍ യോഗ്യമാണെന്നും ഹദീസുകള്‍ ഹിജ്‌റ ആദ്യ നൂറ്റാണ്ടില്‍ തന്നെ നിലനിന്നിരുന്നു എന്ന നിരീക്ഷണവും മോട്‌സ്‌കി അവതരിപ്പിച്ചു.

ഒരു ഹദീസില്‍ വന്ന വ്യത്യസ്ത വഴികളും, വ്യത്യസ്ത രൂപങ്ങളും ആദ്യകാല സ്രോതസ്സുകളില്‍ നിന്ന് ശേഖരിച്ച് ഹദീസുകള്‍ സംപ്രേക്ഷണം ചെയ്ത വ്യക്തികളുടെ പ്രൊഫൈല്‍ പരിശോധിച്ച് സ്വഭാവാടിസ്ഥാനത്തില്‍ വിലയിരുത്തി അവരുടെ കാലഘട്ടം കണ്ടെത്തി ഹദീസുകളുടെ ആധികാരികത പരിശോധിക്കലാണ് ഒരു രീതി. പിന്നീട് ഹദീസിന്റെ വ്യത്യസ്ത രൂപങ്ങള്‍ വിശലനം ചെയ്യുന്നു. ഈ രീതിയെ ‘ഇസ്‌നാദ് കം മത്ന്‍ അനാലിസിസ്’ എന്നു വിളിക്കുന്നു. പുതിയ രീതിയിലൂടെ മോട്‌സ്‌കി അവതരിപ്പിക്കുന്നത് ചരിത്രത്തെ അപഗ്രഥിക്കാന്‍ ഉപയോഗിക്കുന്ന രീതിയെ ഏകരൂപത്തിലേക്ക് മാത്രം ഒതുകുന്നന്റെ പരിമിതിയെയാണ്.
ചരിത്ര വിശകലനത്തില്‍ വ്യത്യസ്ത രീതികള്‍ സ്വീകരിക്കുന്നതിന്റെ ഗുണം നിഷ്പക്ഷമായ ചരിത്ര ജ്ഞാനം ശേഖരിക്കലാണ്. ഇസ്‌നാദ് കം മത്‌ന് അപഗ്രഥനത്തിലൂടെ മോട്‌സ്‌കി ഗോള്‍സിഹറിന്റെയും ഷാഖ്തിന്റെയും ജയ്ന്‍ബോളിന്റെയും പഠനങ്ങളെ നിരാകരിച്ചു. ഇവര്‍ ചരിത്ര വിശകലനത്തിനുപയോഗിച്ച രീതികള്‍ തമ്മിലുള്ള വൈരുദ്ധ്യം ആയിരുന്നു പ്രഥമ പ്രശ്‌നം. അപ്രകാരം അവരുടെ വിശകലനങ്ങളിലെ പൊതുന്യൂനതകളിലൊന്നാണ് തെറ്റായ ജനറലൈസേഷന്‍ എന്നും മോട്‌സ്‌കി തെളിവുകള്‍ സഹിതം വ്യക്തമാക്കി.

സബ്ജക്ടിവിറ്റി/ ഒബ്ജക്ടിവിറ്റി

ലിയോ പോള്‍ വാന്‍ റാങ്കെ സോഴ്‌സ് ക്രിറ്റിസിസം മുന്നോട്ടുവെച്ചത് നിഷ്പക്ഷമായ ജ്ഞാനോല്‍പ്പാദനം എന്ന ലക്ഷ്യം വെച്ചായിരുന്നു. പക്ഷെ, ഈ സമീപനത്തിന്റെ പരിമിതികളുടെ ആധിക്യം നിമിത്തം പല മതത്തിങ്ങളുടെയും ചരിത്രവും പാരമ്പര്യവും ചോദ്യംചെയ്യപ്പെട്ടു. വാചികമായി മാത്രം ജ്ഞാനോല്‍പ്പാദനത്തിലേര്‍പ്പെടുന്ന സമൂഹത്തിന്റെ ചരിത്രം ഇതുവഴി നിരാകരിക്കപ്പെട്ട ഒന്നാണ്. എന്നാല്‍ സോഴ്‌സ് ക്രിറ്റിസിസം വഴി ഇതുവരെ ചരിത്രം രേഖപ്പെടുത്തിയ വിധം നിഷ്പക്ഷമായിരുന്നോ എന്നത് ഇവിടെ ഉയരുന്ന ചോദ്യമാണ്. ചരിത്രം തെളിവുകളെ യാഥാര്‍ത്ഥ്യങ്ങളായി ഭാഷാന്തരം ചെയ്യുന്ന ഒരു പ്രക്രിയ ആണെന്ന് വെക്കുമ്പോള്‍ ഒരു ശാസ്ത്രജ്ഞനപ്പോലെ ഒരു ചരിത്രകാരന്‍ തേടുന്നതും രൂപപ്പെടുത്താന്‍ ശ്രമിക്കുന്നതും മൂര്‍ത്തമായ സത്യത്തെയാണ്. എന്നാല്‍ നിഷ്പക്ഷമായ ഒരു ചരിത്രരേഖ സൂചിപ്പിക്കുന്നത് സത്യഭാഷിത്വത്തെയല്ല. കാരണം യാഥാര്‍ത്ഥ്യം ഗ്രാഹ്യശക്തിക്കുമപ്പുറത്ത് നിലകൊള്ളുന്ന ഒന്നാണ്. അഥവാ, ഭാഷയുടെയും പരിപ്രേക്ഷ്യത്തിന്റെയും പരിമിതികള്‍, പൂര്‍ണ്ണാര്‍ത്ഥത്തില്‍ നിഷ്പക്ഷത സാധ്യമാവാതിരിക്കുക എന്നിവ പാസ്റ്റിനെ അതുപോലെ പുനര്‍നിര്‍മിക്കുക എന്ന ഉദ്യമത്തില്‍ ചരിത്രകാരന് തടസ്സം സൃഷ്ടിക്കുന്നു. ഡെങ്കിന്‍സ് ചരിത്രത്തിന് പ്രാപഞ്ചികമായ/നിഷ്പക്ഷമായ സത്യത്തെ സംഭരിച്ചു കൊടുക്കാന്‍ സാധ്യമല്ലെന്ന് സൂചിപ്പിച്ചത് ഇവിടെ പ്രസക്തമാണ്.

ആധുനിക ചരിത്രകാരന്മാര്‍ വാദിക്കുന്നത് മുന്‍ഗാമികളെക്കാളും അധികം വിമര്‍ശനാത്മകബോധമുള്ളവരും(ക്രിറ്റിക്കല്‍) സ്വയാവബോധമുള്ളവരുമായിരുന്നു(സെല്‍ഫ് കോണ്‍ഷ്യസ്) തങ്ങള്‍ എന്നായിരുന്നു. എന്നാല്‍ ഇവിടെ ബാക്കിനില്‍ക്കുന്ന ഒരു ചോദ്യമിതാണ്, കഴിഞ്ഞുപോയ എല്ലാ ചരിത്രകാരന്മാരും തങ്ങള്‍ സെല്‍ഫ് ക്രിറ്റിക്കലും തങ്ങളുടെ മുന്‍ഗാമികളേക്കാള്‍ ആധുനികരുമായിരുന്നെന്ന് ചിന്തിച്ചിട്ടുണ്ടാവില്ലേ?. അതിലാല്‍ തന്നെ, കഴിഞ്ഞ എല്ലാ ചരിത്രങ്ങളും റാങ്കെ സൈദ്ധാന്തികമായി മുന്നോട്ടുവെച്ച നിഷ്പക്ഷമായ ചരിത്രജ്ഞാനം (ഒബ്ജക്ടീവ് ഹിസ്റ്റോറിക്കല്‍ നോളജ്) ഉത്പാദിപ്പിച്ചില്ല എന്നാണ് എന്റെ നിരീക്ഷണം. ഹദീസുകള്‍ പൂര്‍ണ്ണമായി ഇസ്‌ലാമിന്റെ ചരിത്രം പുനര്‍നിര്‍മിക്കാന്‍ സ്രോതസ്സാവാന്‍ യോഗ്യമല്ലെന്ന പാശ്ചാത്യ ചരിത്രകാരന്മാരുടെ ദീര്‍ഘകാലം നിലനിന്നിരുന്ന തീര്‍പ്പ് തന്നെ ഇസ്‌ലാമിക ചരിത്രത്തെ കുറിച്ചുള്ള ജ്ഞാനോല്‍പ്പാദനത്തില്‍ വെസ്റ്റ് നിഷ്പക്ഷത കൈക്കൊണ്ടില്ല എന്നതിന്റെ തെളിവാണ്. ഗോള്‍ഡ്‌സിഹര്‍, ഷാഖ്ത്, ജയന്‍ബോള്‍ എന്നീ ചരിത്രകാരന്മാര്‍ ഇസ്‌നാദ്, മത്‌ന് എന്നിവ പഠനത്തില്‍ അടിസ്ഥാനമാക്കിയിരുന്നുവെങ്കിലും പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള വിശകലന രീതിയിലേക്ക് എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. മോട്‌സ്‌കി ഇസ്‌നാദിനെയും മത്‌നിനെയും അടിസ്ഥാനമാക്കി അപഗ്രഥനം നടത്തിയപ്പോള്‍ വൈരുദ്ധ്യങ്ങളില്ലാതെ ഇസ്‌ലാമിക ചരിത്രത്തെ പുനര്‍നിര്‍മിക്കാന്‍ സാധിച്ചു. അഥവാ, മുന്‍കഴിഞ്ഞ പഠനങ്ങള്‍ക്ക് നിഷ്പക്ഷത പൂര്‍ണ്ണമായി കൈകൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍/ഇതുവരെയുള്ളത് ആത്മനിഷ്ഠ പ്രവണതയുള്ളതാണെന്ന് വരുമ്പോള്‍, ചരിത്രം പുനര്‍നിര്‍മിക്കാന്‍ ചെയ്യേണ്ടത് ഈ സബ്ജക്ടിവിറ്റിയെ നിര്‍വീര്യമാക്കാനുള്ള സാമഗ്രികള്‍ ചരിത്ര വിശകലന രീതിയില്‍ ഉപയോഗിക്കുക എന്നത് മാത്രമാണ്. ഈ ദൗത്യമാണ് ഹറാള്‍ഡ് മോട്‌സ്‌കി ഇസ്‌നാദ്, മത്ന്‍ അപഗ്രഥനത്തിലൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

ഹദീസുകളുടെ പ്രാഥമിക ലക്ഷ്യം പ്രവാചക ജീവിതം ജനങ്ങളിലേക്കെത്തിക്കുക എന്നതായിരുന്നു. ഹദീസിന്റെ അവതരണരീതികളും ഭാഗികമായ ഉള്ളടക്കങ്ങളും ആത്മനിഷ്ഠമായൊരു പ്രകൃതം പ്രധാനം ചെയ്യുന്നുവെങ്കിലും ഹദീസുകള്‍ പൂര്‍ണ്ണമായും പക്ഷീയമായ സ്രോതസ്സാണെന്ന് വിലയിരുത്തുക അസാധ്യമാണ്. ഹദീസിനെ ചരിത്രസ്രോതസ്സാക്കി വന്നിട്ടുള്ള പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ലേഖകന്‍ ഈ അനുമാനത്തിലെത്തുന്നത്. പക്ഷെ, മുമ്പ് കഴിഞ്ഞ പഠനങ്ങള്‍ എത്രത്തോളം സോഴ്‌സ് ക്രിറ്റിക്കല്‍ ആണെന്ന് വിലയിരുത്തി,. ഇതേ മെത്തേടിലെ പല ഘടകങ്ങളും പ്രവര്‍ത്തന രീതികളും കടമെടുത്ത്, ഈ ഘടകങ്ങളെ ഹദീസ് എന്ന ചരിത്ര സ്രോതസ്സിന്റെ സവിശേഷ സ്വഭാവവിശേഷങ്ങളായ ഇസ്‌നാദ്, മത്‌ന് എന്നിവയുമായി ചേര്‍ത്തുനോക്കി, പുതിയ അപഗ്രഥനരീതിക്ക് രൂപം കൊടുക്കുന്നത് ഹദീസ് ചരിത്ര പഠനങ്ങളിലെ സബ്ജക്ടിവിറ്റിയുടെ സാന്ദ്രത കുറക്കാന്‍ വലിയൊരളവോളം സഹായിക്കുമെന്നാണ് മോട്‌സ്‌കി തെളിയിക്കുന്നത്.

നിര്‍ദ്ദേശങ്ങള്‍

വ്യവസ്ഥാപിതമായ ചരിത്ര വിശകലന രീതികളുടെ രൂപീകരണം വസ്തു നിഷ്ഠമായ ജ്ഞാനോല്‍പാദനത്തെ ലക്ഷീകരിച്ചാണ്. പക്ഷെ, ഫൂക്കോ തന്റെ ആര്‍കിയോളജി ഓഫ് നോളിജിലും ജെനോളജി ഓഫ് മോറല്‍സിലും ആവിഷ്‌കരിക്കുന്നത് സകല വിജ്ഞാനങ്ങളുടെയും സബ്ജക്ടീവ് നാച്ചറിനെയാണ്. അധികാര-ജ്ഞാന ബന്ധത്തെ അപഗ്രഥനത്തില്‍ ഫൂക്കോ വരച്ചുകാട്ടുന്ന ഹിസ്‌റ്റോറികല്‍ പ്രിയറെയാണ് ഇവിടെ ലേഖകന്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ശാസ്ത്രീയമായതും അശാസ്ത്രീയവുമായതിനിടയില്‍ വേര്‍തിരിച്ച് ഒരു പ്രത്യേക കാലഘട്ടത്തിനിടയില്‍ ജ്ഞാനോല്‍പ്പാദനത്തെ നിയന്ത്രിക്കുന്ന ഒരു ചരിത്ര ക്രമമാണ് ഫൂക്കോ മുന്നോട്ട് വെച്ചത്. ഇതില്‍ നിന്ന് ഫൂക്കോ അനുമാനിച്ചത് സാമൂഹിക സ്ഥാപനങ്ങളുടെ ചരിത്രം അധികാര-ജ്ഞാന ബന്ധങ്ങളുടെ ചരിത്രമായാണ്.

ഈ അനുമാനങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് ഇസ്‌ലാമിന്റെ അസാധ്യമായ ഒരു ചരിത്രപുനര്‍നിര്‍മിതിയെയാണോ? ഈ ചോദ്യത്തെ അഭിസംബോധനം ചെയ്താണ് ഉത്തരാധുനിക ചരിത്രകാരന്മാര്‍ ചരിത്ര നിര്‍മാണത്തിലെ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തിക്കാണിച്ചത്. ചരിത്രാനന്തര കാലഘട്ടത്തിലെ ചരിത്ര രചനകളിലെ വ്യവഹാര വിന്യാസങ്ങളിലേക്കൊന്നും ഈ ലേഖനം പ്രവേശിക്കുന്നില്ല. ചരിത്രാനന്തര കാലത്ത് ഏഴാം നൂറ്റാണ്ടിന്റെ പുനര്‍വായനയുടെ സാധ്യത വക വെച്ച് കൊടുക്കുന്ന ചരിത്രകാരന്മാരിലെ ശുഭാപ്തി വിശ്വാസ പ്രവണത വസ്തു നിഷ്ടമായ ചരിത്ര ജ്ഞാനോല്‍പ്പാദനത്തിന് വഴിയൊരുക്കുമെന്നു തന്നെയാണ്.

ഹദീസിനെ ചരിത്ര സ്രോതസ്സായി പരിഗണിക്കുന്നതിന്റെ സാധ്യതയെ ചോദ്യം ചെയ്ത് വന്ന പഠനങ്ങളില്‍ മോട്‌സ്‌കി മുന്നോട്ടു വെക്കുന്ന ന്യൂനതകള്‍ ഏറെയുണ്ട്. വ്യവസ്ഥാപിതമായ സോഴ്‌സ് ക്രിറ്റികല്‍ പഠനങ്ങള്‍ കുറയുന്നു എന്ന വസ്തുത ഇവിടെ പ്രസക്തമാണ്. കാരണം, നിലവിലെ പഠനങ്ങള്‍ ആധാരപ്പെടുത്തിയത് സബ്ജക്ടീവ് സ്വഭാവമുള്ള സ്രോതസ്സുകലെയാണ്. എന്നാല്‍ ഒരു ചരിത്രകാരന്‍ യഥാര്‍ഥ ജ്ഞാനോല്‍പ്പാദനത്തിലേര്‍പ്പെടുന്നത് അവന് ലഭ്യമായ സകല സ്രോതസുകളും താരതമ്യപഠനത്തിന് വിധേയമാക്കുമ്പോള്‍ മാത്രമാണ്. ബയോഗ്രഫികല്‍ ഹദീസുകളുടെ പ്രമാണികത തിട്ടപ്പെടുത്താന്‍ നിലവിലുള്ള അപഗ്രഥനരീതികള്‍ അപര്യാപ്തമാണ്. ആദ്യകാല മുസ്‌ലിം ഹദീസ് പണ്ഡിതവൃത്തം തിരുവചനങ്ങളുടെ താരതമ്യ പഠനത്തിന് പ്രമാണങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യം ചരിത്ര പ്രാമാണികത ആയിരുന്നില്ല എന്നനുമാനിക്കാം. ഇവിടെയാണ് മോട്‌സ്‌കിയുടെ പഠനങ്ങള്‍ പ്രസക്തമാവുന്നത്. മാത്രമല്ല, വ്യക്തിപരമായ ഉദാഹരണങ്ങളെടുത്ത് പൊതുപ്രാബല്യം കൊടുക്കുന്ന പ്രവണത മോട്‌സ്‌കിയുടെ പഠനങ്ങള്‍ക്ക് മുമ്പ് വ്യാപകമായിരുന്നു താനും.

ചുരുക്കത്തില്‍, ഇസ്‌ലാമിന്റെ ആദ്യ രണ്ട് നൂറ്റാണ്ടിലെ ചരിത്ര ജ്ഞാനം ഉല്‍പ്പാദിപ്പിക്കപ്പെട്ടത് മൂന്നാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയ ഹദീസ് സ്രോതസ്സുകളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ വെസ്റ്റിലെ ചരിത്രപുനര്‍നിര്‍മാണത്തിന്റെ ഘട്ടത്തില്‍ ഹദീസിന്റെ ചരിത്ര പ്രമാണികതയെ പാശ്ചാത്യലോകം ചോദ്യം ചെയ്തു. ആത്മനിഷ്ഠമായ പല ഘടകങ്ങളും ഈ തീര്‍പ്പില്‍ ഉള്ളടങ്ങിയത് കാരണം, ആധുനിക ചരിത്രരചനക്ക് പുതിയ രീതികള്‍ സ്വീകരിക്കേണ്ടി വന്നു. എന്നാല്‍, മോട്‌സ്‌കി മുന്നോട്ടു വെക്കുന്ന പുതിയ അപഗ്രഥനരീതികള്‍ നിഷ്പക്ഷമായ സ്വഭാവത്തോട് കൂടെ, ചലനാത്മകമായ ജ്ഞാനോല്‍പ്പാദനത്തില്‍ പങ്കുകൊണ്ടു. ഇസ്‌നാദ് കം മത്ന്‍ അപഗ്രഥനത്തിലൂടെ മോട്‌സ്‌കി തെളിയിച്ചത് ഹദീസിനെ സ്രോതസ്സാക്കി ഇസ്‌ലാമിക ചരിത്രത്തെ പുനര്‍നിര്‍മിക്കാനുള്ള സാധ്യതയാണ്. ചരിത്രരചനയില്‍ അവലംബമാക്കാന്‍ മാത്രം ഹദീസ് എന്ന സ്രോതസ്സ് നിഷ്പക്ഷമാണെന്നും ഹദീസ് പാരമ്പര്യത്തിന്റെ മാത്രം സവിശേഷ ഘടകങ്ങളായ സനദും മതനും ഈ പ്രാമാണികതക്ക് മാറ്റ്കൂട്ടുന്ന ഘടകങ്ങളാണെന്നും ഇതിലൂടെ വ്യക്തമായി.

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.