Thelicham

മലയാളിയുടെ സാഹിതീയ പൊതുമണ്ഡലത്തിലെ സവര്‍ണ്ണ മുദ്രകളും കര്‍തൃത്വ നിഷേധങ്ങളും

മ്രിത്തോളജീസ് എന്ന ഗ്രന്ഥത്തില്‍ (പേ.115,116) ഫ്രഞ്ച് സാഹിത്യ വിമര്‍ശകനായ റോളാങ്് ബാര്‍ത്ത് (Roland Barthes)
ആധുനിക മാധ്യമങ്ങള്‍ സാംസ്‌കാരിക പൊതുമണ്ഡലത്തെ എങ്ങനെ നിര്‍മ്മിക്കുന്നുവെന്നതിന് ഒരു സംഭവം വിവരിക്കുന്നുണ്ട്. ‘ ഒരു ദിവസം എനിക്ക് ഫ്രഞ്ച് വാരികയായ പാരീസ് മാച്ചിന്റെ ഒരു കോപ്പി കിട്ടി. തുറന്ന ഉടനെ ശ്രദ്ധയില്‍പെട്ടത് മാഗസിനിലെ കവര്‍ചിത്രമായിരുന്നു. ത്രിവര്‍ണ്ണ നിറമുള്ള ഫ്രഞ്ച് പതാകയിലേക്ക് വിടര്‍ന്ന കണ്ണുകളോടെ സല്യൂട്ട് ചെയ്യുന്ന ഒരു നീഗ്രോ വംശജന്റെ ചിത്രമായിരുന്നു അത്. വര്‍ണവിവേചനമില്ലാത്ത, ഭയപ്പാടുകളില്ലാത്ത സുന്ദരമായ രാജ്യമാണ് ഫ്രാന്‍സ് എന്ന് വായനക്കാരനെ തോന്നിപ്പിക്കുന്നതായിരുന്നു പ്രസ്തുത ഫോട്ടോയുടെ ചിഹ്ന തന്ത്രം. ചിഹ്ന വിജ്ഞാനീയത്തില്‍ നിപുണനായ ബാര്‍ത്ത് മര്‍ദ്ദനത്തിന്റെയും അധിനിവേശത്തിന്റെയും ചരിത്രമുള്ള ഫ്രഞ്ച് ഭരണകൂടത്തിന് കീഴില്‍ ഒരു നീഗ്രോ വംശജന്റെ കര്‍തൃത്വം എങ്ങനെ നിഷേധിക്കപ്പെടുന്നുവെന്ന് പ്രസ്തുത ചിത്രത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

ആഗോളവത്കരണത്തിന്റെയും സാങ്കേതിക വിദ്യയുടെയും പശ്ചാത്തലത്തില്‍ വികസിച്ച സിനിമ, നാടകം, പെയ്ന്റിംഗ്, ഫോട്ടോ, അച്ചുകൂടം തുടങ്ങിയ നവ വിനിമയോപാധികള്‍ എങ്ങനെ സാംസ്‌കാരിക പൊതുമണ്ഡലത്തെ തന്ത്രപൂര്‍വ്വം ഉല്‍പാദിപ്പിക്കുന്നുവെന്നതിന്റെ ലളിതമായ ഉദാഹരണമാണ് മേല്‍ സൂചിപ്പിച്ചത്. സംസ്‌കാരം, സാഹിത്യം, പൊതുമണ്ഡലം, ബുദ്ധിജീവി എന്നീ സംജ്ഞകള്‍ എന്താണ്? അവയുടെ സാമൂഹിക രൂപീകരണം ജ്ഞാന-അധികാര വ്യവസ്ഥയുമായി ബന്ധപ്പെട്ട് എങ്ങനെ സാധ്യമാവുന്നു? തുടങ്ങിയ സൈദ്ധാന്തിക സമീപനങ്ങള്‍ ആധുനികവും ഉത്തരാധുനികവുമായ സാമൂഹികശാസ്ത്രപഠനങ്ങളില്‍ പ്രബലമാണ്. സമൂഹത്തിന്റെ മൗലിക ഉല്‍പാദനഘടനയായ സമ്പത്ത് എന്ന അടിത്തറയെ തുടര്‍ന്നാണ് സംസ്‌കാരം എന്ന മേല്‍പ്പുര ഉണ്ടാവുന്നതെന്ന ക്ലാസിക്കല്‍ മാര്‍ക്‌സിയന്‍ സമീപനവും, സമ്പദ്ഘടനയെ ആശ്രയിച്ചല്ല മറിച്ച് സ്വയം അധികാര ശേഷിയുള്ള അടിത്തറയായി സംസ്‌കാരം നിലനില്‍ക്കുന്നുവെന്ന ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂള്‍ ചിന്തകരുടെ വാദവും സംസ്‌കാരത്തെക്കുറിച്ചുള്ള ബൗദ്ധിക വ്യവഹാരങ്ങളിലെ രണ്ട് ശ്രദ്ധേയ വാദങ്ങളാണ്. എന്നാല്‍ രണ്ടാം വാദത്തിന്റെ ഭാഗമായി രൂപപ്പെട്ട ‘സാംസ്‌കാരിക വ്യവസായം ‘ (Cultural Industry) എന്ന സങ്കല്‍പ്പനത്തില്‍ നിന്നാണ് സാംസ്‌കാരിക പൊതുമണ്ഡലത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അക്കാദമിക് വായനകള്‍ ഉദയം ചെയ്യുന്നത്. കലാസൃഷ്ടിയുടെ ആധികാരികത, വരേണ്യത, പ്രതിനിധാനം എന്നിവയെക്കുറിച്ച് തിയോഡോര്‍ അഡോര്‍ണോയും വാള്‍ട്ടര്‍ ബഞ്ചമിനും ജ്ഞാനത്തിന്റെ അധികാരം, കര്‍തൃത്വം, സ്വത്വം, മേല്‍കൊയ്മ, പൊതുമണ്ഡലം എന്നിവയെ കുറിച്ച് അന്റോണിയോ ഗ്രാംഷിയും ജര്‍ഗന്‍ ഹെബര്‍മാസും മിഷേല്‍ ഫൂക്കോയും നടത്തിയ വിമര്‍ശനാത്മക ചിന്തകള്‍ ഈ വിഷയത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പ്രസ്തുത സൈദ്ധാന്തിക ആലോചനകളുടെ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് തന്നെ മലയാളിയുടെ നിലവിലെ സാഹിതീയ പൊതുമണ്ഡലം ചരിത്രത്തിലൂടെയും ദൃശ്യപരമായ ആഖ്യാന മണ്ഡലങ്ങളിലൂടെയും എങ്ങനെ രൂപപ്പെട്ടുവെന്നും അവ എങ്ങനെ ജാതി, സ്വത്വം, മതം, ലിംഗം എന്നീ സംജ്ഞകളെ ഉള്‍ചേര്‍ത്തും പുറംതള്ളിയും ഉപജീവിതം നയിക്കുന്നുവെന്നും ഇതിന്റെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുന്നുണ്ട്. വിശിഷ്യാ കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്ന ഡിസി, മാതൃഭൂമി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ സാഹിത്യോല്‍സവങ്ങളുടെ രൂപവും ഉള്ളടക്കവും പ്രശ്‌നവത്കരിക്കേണ്ട മലയാളിയുടെ സാഹിതീയ പൊതുമണ്ഡലത്തില്‍ നിന്ന് പുറത്തല്ല എന്ന് വേണം കരുതാന്‍.

സാഹിത്യവും പൊതുമണ്ഡലവും: ചില മൗലിക സംഘര്‍ഷങ്ങള്‍

സംസ്‌കാരത്തെക്കുറിച്ചുള്ള നാനാതരം നിര്‍വചനങ്ങളിലാണ് സാഹിത്യം, കല, വിദ്യാഭ്യാസം എന്നീ സങ്കല്‍പ്പനങ്ങളുടെ പ്രമേയങ്ങളുള്ളത്. കലക്കും സാഹിത്യത്തിനും ജനാഭിപ്രായത്തെ രൂപീകരിക്കാനും നിലവിലെ അധികാരവ്യവസ്ഥയെ അട്ടിമറിക്കാനും ശേഷിയുണ്ടെന്നതായിരുന്നു ആധുനികതയും അധിനിവേശവും നേരിട്ട പ്രധാനപ്പെട്ട വെല്ലുവിളികള്‍. ജാതി ശ്രേണീകരണം പ്രബലമായ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ അറിവ് നേടാനുള്ള അവസരം ബ്രഹ്മണന് മാത്രം അനുവദിക്കപ്പെട്ടത് പ്രസ്തുത പേടിയില്‍ നിന്നാണ്. ഗോപാല്‍ ഗുരുവും സുന്ദര്‍ സറൂകായും ചേര്‍ന്നെഴുതിയ ദ ക്രാക്ഡ് മിറര്‍ എന്ന പുസ്തകത്തില്‍ അവരെ വിളിക്കുന്നത് തിയറ്ററിക്കല്‍ ബ്രഹ്മണ്‌സ് എന്നാണ്. ചിന്തിക്കാനും വ്യാഖ്യാനിക്കാനുമുള്ള കഴിവ് ബ്രഹ്മണന് മാത്രമേയുള്ളൂ എന്ന് പ്രത്യയശാസ്ത്രപരമായ ഉപാധികളോടെ സമര്‍ഥിക്കുകയായിരുന്നു അവര്‍ ചെയ്തത്. ഇതേ പേടി ഫാസിസ്റ്റ് ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ക്കും ഉണ്ടായിരുന്നു. സംസ്‌കാരം എന്ന് കേട്ടാല്‍ എനിക്ക് തോക്ക് എടുക്കാന്‍ തോന്നുമെന്നാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ പറഞ്ഞത്. അതേ ഹിറ്റ്‌ലര്‍ തന്നെയാണ് പൊതുമണ്ഡലരൂപീകരണത്തിന്റെ ഭാഗമായി ഫാസിസ്‌ററ് നയങ്ങളെ അനുകൂലിക്കുന്ന സിനിമകള്‍ക്ക് പ്രചാരണം നല്‍കിയത്. അത് കൊണ്ട് തന്നെ സാഹിത്യം, കല എന്നീ മേഖലകളില്‍ ബൂര്‍ഷ്വ, ഫ്യൂഡല്‍, ഫാസിസ്റ്റ് അനുകൂല ശക്തികള്‍ നുഴഞ്ഞുകയറിയ സന്ദര്‍ഭത്തിലാണ് കലയുടെയും സാഹിത്യത്തിന്റെയും സമ്പൂര്‍ണ്ണമായ വിമോചനം അനിവാര്യമാണെന്ന ആവശ്യം സാമൂഹിക ചിന്തകര്‍ ഉന്നയിച്ചത്. പ്രസ്തുത സാംസ്‌കാരിക വിമര്‍ശനത്തില്‍ ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂള്‍ ചിന്തകനായ ജര്‍ഗണ്‍ ഹെബര്‍മാസിന്റെ പൊതുമണ്ഡല രൂപീകരണത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളാണ് ഏറെ പ്രസിദ്ധം. 1750-1830 കാലഘട്ടങ്ങളില്‍ യൂറോപ്പില്‍ സജീവമായ അച്ചടി കേന്ദ്രീകൃതമായ പൊതുമണ്ഡലം എങ്ങനെ കുത്തകമുതലാളിത്തത്തിന്റെയും ഉപഭോഗസംസ്‌കാരത്തിന്റെയും കീഴിലായി എന്ന് അന്വേഷിക്കുന്ന ഗ്രന്ഥമാണ് ഹെബര്‍മാസ് എഴുതിയ The Structural Transformation of the Public Sphere : an Inquiry in to a Category of Bourgeois Society. പൊതുമണ്ഡലത്തെ സവിശേഷമായി അപഗ്രഥിക്കുന്ന ഹെബര്‍മാസ് കോഫിഹൗസുകളും ക്ലബുകളും സാഹിത്യനാടകവേദികളും ഒന്നിച്ച് സാഹിതീയ പൊതുമണ്ഡല രൂപീകരണത്തില്‍ എങ്ങനെ പങ്കാളിയാവുന്നുവെന്ന് സൂചിപ്പിക്കുന്നുണ്ട്. ഉല്‍പാദിപ്പിക്കുന്ന ജ്ഞാനം, പങ്കുവെക്കുന്ന അനുഭവങ്ങള്‍, വായനകള്‍, വിമര്‍ശനങ്ങള്‍ ചില സവിശേഷ സമൂഹങ്ങളുടേതോ വ്യക്തികളുടേതോ ആകുമ്പോള്‍ രൂപപ്പെട്ടുവരുന്ന ജനാഭിപ്രായത്തിന് (Public Opinion) മൗലികമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുവെന്ന് അദ്ദേഹം വാദിക്കുന്നു. Discipline and Punishment എന്ന ഗ്രന്ഥത്തില്‍ മിഷേല്‍ ഫൂക്കോ നടത്തുന്ന അറിവ്-അധികാര ബന്ധങ്ങളുടെ പരസ്പര ബന്ധം ഇതിനോട് ചേര്‍ത്തിവായിക്കാവുന്നതാണ്. അധികാരം അറിവിനെയും അറിവ് അധികാരത്തെയും പല അടരുകളിലായി പരസ്പരം ഉല്‍പാദിപ്പിക്കുന്നുവെന്ന് ആധുനിക വൈദ്യശാസ്ത്രവും വിക്ടോറിയന്‍ സദാചാരവും അടിസ്ഥാനമാക്കി ഫൂക്കോ വിശദീകരിക്കുന്നുണ്ട്. ജ്ഞാനോല്‍പാദനത്തില്‍ എല്ലാവര്‍ക്കും കര്‍തൃത്വം എന്ന ആശയമാണ് വാസ്തവത്തില്‍ ഫൂക്കോ ഉന്നയിച്ച വാദത്തിന്റെ ഉള്ളടക്കം. ഇതിന് സമാനമായ ഉളളടക്കം തന്നെയാണ് റൊളാങ് ബാര്‍ത്തിന്റെ കര്‍ത്താവിന്റെ മരണം (Death of Author and Birth of reader), ഗ്രാംഷിയുടെ പ്രതി മേല്‍ക്കോയ്മ (Counter Hegemony) തുടങ്ങിയ രണ്ട് സങ്കല്‍പ്പനങ്ങളിലുമുളളത്. സാഹിത്യവും കലയും സമ്പന്നന്റെയോ പ്രഭുവിന്റേതോ ജന്മിയുടേതോ പുരോഹിതന്റേതോ എന്ന് മാത്രം നിര്‍വചിക്കുന്നതിനപ്പുറം ദളിതന്റെയും മുസ്്‌ലിമിന്റേതും മറ്റു കീഴാള ന്യൂനപക്ഷ സമൂഹങ്ങളുടേതുമാണെന്ന് തീര്‍ച്ചപ്പെടുത്തുകയാണ് പ്രസ്തുത സൈദ്ധാന്തിക സമീപനങ്ങള്‍ ചെയ്യുന്നത്. അത് കൊണ്ട് മലയാള സാഹിതീയ പൊതുമണ്ഡലം ജാതിശ്രേണീകരണത്തിന്റെയും കീഴാള ന്യൂനപക്ഷ ജനതയുടെയും കര്‍തൃത്വനിഷേധത്തിന്റെ വേദിയാണോ എന്ന് കൂടി പരിശോധിക്കല്‍ അനിവാര്യമായി വരുന്നു.

സാഹിതീയ മണ്ഡലത്തിലെ തെരഞ്ഞെടുപ്പും പുറംതള്ളലുകളും

ഭാഷയും സമൂഹവും തമ്മിലുള്ള ബന്ധം മൗലികമായ നിലനില്‍പിന്റേതാണ്. എന്നെ അറിയാനും നിന്നെ അറിയാനും എല്ലാവര്‍ക്കും പരസ്പരം അറിയാനും ഭാഷ കൊണ്ടേ സാധ്യമാവൂ എന്നതാണതിന്റെ അര്‍ഥം. മാര്‍ട്ടിന്‍ ഹൈഡഗര്‍ Language is the House of Being എന്ന് പറഞ്ഞത് എനിക്ക് പുറത്തുള്ള കോടാനുകോടി മനുഷ്യരുമായി ഞാന്‍ ഭാവനാത്മകമായ ബന്ധം പുലര്‍ത്തുന്നത് എന്റെ ഉണ്മയുടെ ഭാഗമാണ് എന്ന അര്‍ഥത്തിലാണ്. ലളിതമായി പറഞ്ഞാല്‍ സ്വന്തം ശരീരത്തിന് പേര് ലഭിക്കുന്നത് പോലും മറ്റുള്ളവര്‍ ആദ്യം തിരിച്ചറിഞ്ഞ് പിന്നീട് ആ പേര് വിളിക്കുന്നതിലൂടെയാണ്. അത് കൊണ്ട് മറ്റുള്ളവനില്ലാതെ ഭാഷക്ക് തനതായ അസ്തിത്വമില്ല എന്നതാണ് കാര്യം. എങ്കില്‍ നാം പരിചയപ്പെട്ടുവന്ന മലയാളഭാഷാസാഹിത്യത്തിന്റെ ഉദയത്തിലും വളര്‍ച്ചയിലും എത്ര മനുഷ്യരുടെ ഭാഗധേയം ഉണ്ടാവും. അവയെ എത്രമാത്രം ഇന്നും വികസിച്ചുവരുന്ന നമ്മുടെ സാഹിതീയ പൊതുമണ്ഡലം ഉള്‍കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന മൗലിക പ്രശ്‌നമാണ് ഭാഷയും സമൂഹവും തമ്മിലുള്ള ബന്ധത്തിലൂടെ നാം ഉന്നയിക്കാന്‍ ശ്രമിക്കുന്നത്. അധിനിവേശവും ജാതിയും തീര്‍ത്ത സാംസ്‌കാരിക വേലിക്ക് അകത്ത് തന്നെയാണ് മലയാളിയുടെ സാഹിതീയ പൊതുമണ്ഡലവും ഉദയം ചെയ്യുന്നത്. മാര്‍ക്‌സിയന്‍ നിരീക്ഷകനായ പി.ജി ഗോവിന്ദപിള്ള എഴുതിയ ‘മലയാള സാഹിത്യത്തിലെ ജാതീയ പ്രവണതകള്‍’ എന്ന ലേഖനത്തില്‍ പറയുന്നത് നാടുവാഴിത്ത മേല്‍ക്കോയ്മയുടേതും മറ്റുമായ മധ്യകാലയുഗത്തിലും അതിന് മുമ്പും കീഴ്ജാതിക്കാര്‍ക്കും മേല്‍ജാതിക്കാര്‍ക്കും പ്രത്യേകം കലാസാഹിത്യങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്. മേല്‍ജാതിക്കാരുടേതായിരുന്നു അംഗീകൃത സാഹിത്യവും സംസ്‌കാരവും. കീഴ് ജാതിക്കാരുടേത് മിക്കവാറും വാമൊഴിയായി മാത്രം പ്രചരിച്ചുപോന്നതായിരുന്നു (ഭാഷാപോഷിണി-1990-ഫെബ്രുവരി, മാര്‍ച്ച് ). കുമാരനാശാന്റെ ‘ദുരവസ്ഥ’യും വള്ളത്തോളിന്റെ ‘കാട്ടരുവിയുടെ കത്തു’ ലീലാതിരകക്കാരന്റെ ‘ശ്രേഷ്ഠ ഭാഷാ വിധിയും’ മുസ്്‌ലിം വിരുദ്ധതയുടെയും ജാതി വിരുദ്ധതയുടെയും ഭാഗമായി എണ്ണുന്ന പി.ജി ഗോവിന്ദപിള്ള സവര്‍ണ്ണ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി മുസ്ലിമിന്റെയും കീഴാള ന്യൂനപക്ഷത്തിന്റെയും എഴുത്തുകളെ സാഹിത്യബാഹ്യമാക്കുന്ന പ്രവണതയെ പ്രസ്തുത ലേഖനത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇത്തരം സവര്‍ണ്ണ സാഹിത്യം ഉല്‍പാദിപ്പിക്കുന്നവരെ പൂജാരി വൃന്ദം എന്നാണ് അദ്ദേഹം വിളിക്കുന്നത്. സാഹിതീയ മണ്ഡലത്തില്‍ കാണുന്ന വരേണ്യം/ നികൃഷ്ടം എന്നീ വിരുദ്ധോക്തികളെ സുനില്‍ പി ഇളയിടം പ്രശ്‌നവത്കരിക്കുന്നത് ഇങ്ങനെയാണ്. മലയാളത്തിന്റെ ചരിത്രമെടുത്താല്‍ ഭാഷയുടെ വ്യാകരണം ഉണ്ടാക്കിയത് കേരള പാണിനിയാണ്. അദ്ദേഹം തമ്പുരാനാണ്. കേരള പാണിനി വിഭക്തി രൂപങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അദ്ദേഹം നിര്‍ദ്ദേശിച്ച വിഭക്തി ‘ഇല്‍’ എന്നാണ്. ‘മരത്തില്‍ നിന്ന് ഇറങ്ങി’, ‘കാറില്‍ നിന്ന് ഇറങ്ങി’ എന്നൊക്കെ പറയുമ്പോള്‍ നാം പറയുന്ന ‘ഇല്‍’. ജോര്‍ജ് മാത്തന്‍ മലയാണ്മയുടെ വ്യാകരണം എഴുതിയപ്പോള്‍ ‘ഇല്‍’ എന്ന വിഭക്തിക്കൊപ്പം ‘ഏല്‍’ എന്ന വിഭക്തിയും ചേര്‍ത്തിട്ടുണ്ട്. കോട്ടയത്തെ ആരും ‘കാറില്‍ നിന്ന് ഇറങ്ങി’ എന്നല്ല പറയുക, ‘കാറേല്‍ന്ന് ഇറങ്ങി’ എന്നാണ്. കേരളപാണിനിക്ക് അധികാരം ഉള്ളത് കൊണ്ട് നമ്മുടെ നാട്ടില്‍ ‘കാറേല്‍ നിന്നിറങ്ങി’ എന്ന് പറഞ്ഞിട്ട് പരീക്ഷക്ക് ചോദ്യം വരുമ്പോള്‍ ‘ഇല്‍’ ആണ് വിഭക്തി എന്ന് എഴുതണം. അല്ലെങ്കില്‍ മാര്‍ക്ക് കിട്ടുകയില്ല. ഇവിടെ ഭാഷയെ കുറിച്ചും സാഹിത്യത്തെക്കുറിച്ചും നിലവില്‍ നിര്‍ണയിക്കപ്പെട്ട സവര്‍ണ അധികാരമാനദണ്ഡങ്ങളെയാണ് സുനില്‍ പി ഇളയിടം ചോദ്യം ചെയ്യുന്നത്. ഇത് പോലെ തന്നെയാണ് സാമാന്യയുക്തിയില്‍ പാട്ടെന്ന് നാം പറയുമ്പോള്‍ മുഖ്യധാരയിലെ പാട്ടും കവിതയും നമ്മുടെ മനസ്സിലേക്ക് ഓടിവരുമ്പോഴും മാപ്പിളപ്പാട്ടും കപ്പപ്പാട്ടും പടപ്പാട്ടും നമ്മുടെ ദൈനംദിന ബൗദ്ധിക വ്യവഹാരങ്ങളില്‍ കടന്നുവരാത്തത്. ചില പാഠങ്ങളെ മാത്രം ഉള്‍കൊള്ളുന്ന നമ്മുടെ മലയാള പാഠ്യപദ്ധതികളും ഇതേ ഗണത്തിലാണ് വരുന്നത്. ലക്ഷണമൊത്ത നോവല്‍ ഇന്ദുലേഖ എന്ന് നാം നമുക്ക് ലഭിച്ച പാഠപുസ്തകങ്ങളില്‍ പഠിക്കുമ്പോഴും പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീ വിജയം, കോളിന്‍സിന്റെ ഘാതകവധം എന്നീ നോവലുകള്‍ നമ്മുടെ ദൈനംദിന ബോധ്യങ്ങളുടെ ഭാഗമാവുന്നില്ല എന്നതാണ് സത്യം. അടിമജീവിതങ്ങളുടെ സൂക്ഷ്മാനുഭവവും ഭരണഘടനയും മനുസ്മൃതിയും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്ന രംഗങ്ങളും വിശദീകരിക്കുന്ന സരസ്വതീവിജയം മുഖ്യധാരാ സാഹിത്യത്തിന്റെ സങ്കേതങ്ങളില്‍ ഉള്‍പ്പെടാതെ പോകുന്നത് എന്ത് കൊണ്ടാണ് . മാപ്പിള സാഹിത്യവും അറബി മലയാളവും മലയാളിയുടെ സാഹിത്യസംവാദങ്ങളുടെ വേദികളില്‍ പ്രത്യക്ഷപ്പെടാത്തത് എന്ത് കൊണ്ടാണ്. ഇത്തരം ചോദ്യങ്ങളെ ഉന്നയിക്കുക തന്നെയാണ് പ്രദീപന്‍ പാമ്പിരിക്കുന്ന് തന്റെ ദളിത് സൗന്ദര്യശാസ്ത്രം എന്ന പഠനത്തില്‍ നടത്തുന്നത്. അദ്ദേഹം പറയുന്നു ‘ പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയും അവരുടെ കൃതികളും വിപരീതമായിത്തീരുന്നത് ചരിത്രരചനയുടെ വിവിധ തരത്തിലുള്ള വിഭജനശാസ്ത്രരീതികളിലൂടെയാണ്. ആഖ്യാനങ്ങളില്‍ ചരിത്രം ഒരാശയത്തെയോ മൂല്യബോധത്തെയോ മുഖ്യധാരയായി സ്വീകരിക്കുന്നുവെന്നതാണ് ചരിത്രം. പ്രസ്തുത മുഖ്യധാരയുടെ നിര്‍മ്മാണത്തിലാണ് ദളിത്, മുസ്്‌ലിം കീഴാള ന്യൂനപക്ഷ സാഹിത്യങ്ങളെയും അവരുടെ എഴുത്തുകളെയും പിന്തള്ളുന്നത്. ബഷീറിനെയും പാറപ്പുറത്തെയും ടി.കെ.സി വടുതലയെയും മക്തി തങ്ങളെയും മോയിന്‍കുട്ടി വൈദ്യരെയും ജോര്‍ജ് മാത്തനെയും ഭാഗികമായി നമ്മുടെ സാംസ്‌കാരിക വേദികള്‍ ഉള്‍കൊള്ളുന്നുവെങ്കിലും കീഴാളം, ന്യൂനപക്ഷം എന്നീ മേഖലകളില്‍ നിന്ന് ഉല്‍പാദിപിക്കപ്പെടുന്ന മറ്റനേകം ജ്ഞാന വ്യവഹാരങ്ങള്‍ക്കും സാഹിത്യകൃതികള്‍ക്കും എന്ത് കൊണ്ട് ജനപ്രിയത ലഭിക്കുന്നില്ല എന്നത് പ്രധാന ചോദ്യമാണ്. മലയാളിയുടെ സാഹിതീയ പൊതുമണ്ഡലം മധ്യവര്‍ഗത്തിന്റെയും ഉപരിവര്‍ഗ ഘടനയുടെയും രസങ്ങളും താല്‍പര്യങ്ങളും കൊണ്ട് മൂടപ്പെട്ടതാണ് ഒരു കാരണം. സിനിമയുടെയും കഥയുടെയും മറ്റനേകം ഉള്ളടക്കങ്ങളില്‍ പ്രമേയപരമായി ഗുണം ചെയ്യുന്നവ പുറത്തിറങ്ങുന്നത് ഈയടുത്ത കാലത്താണ്. അവ തന്നെ എത്രമാത്രം പൊതു സംവാദവേദികളുടെ, സാഹിത്യ കാര്‍ണിവലുകളുടെ ഭാഗമാവുന്നു എന്നതാണ് പ്രശ്‌നം. പ്രദീപന്‍ പാമ്പരിക്കുന്നിന്റെ ‘എരിയും’ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയും പൊതുവേദികളിലെ ചര്‍ച്ചയായി എപ്പോള്‍, എത്ര പ്രാവശ്യം വന്നു എന്നതാണ്. അത് കൊണ്ട് കേരളത്തിലെ മലയാള സാഹിത്യത്തിലെ പൊതുബോധം ജാതി, സ്വത്വ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തമാവല്‍ സങ്കീര്‍ണ്ണമാണെന്നാണ് കരുതുന്നത്. പേരിന് വേണ്ടിയും അല്ലാതെയും ബോധപൂര്‍വ്വവും അല്ലാതെയും ഉള്‍കൊള്ളലും പുറംതള്ളലും നമ്മുടെ സാഹിതീയ മണ്ഡലത്തിന്റെ സവിശേഷ ഗുണമായി ഇന്നും തുടരുകയാണ് ചെയ്യുന്നത്.

മുഖ്യധാര ഫെസ്റ്റിവലുകളില്‍ ‘ഇല്ലാത്തവ’എന്ത്

മലയാളിയുടെ സാംസ്‌കാരിക ചരിത്രത്തില്‍ സാഹിതീയ ഫെസ്റ്റിവലുകള്‍ നിര്‍ണായക ഘടകമാവുന്നത് അവ ഒരു ജനതയുടെ ചരിത്ര, ഭാഷ, സ്വത്വം, ലിംഗം എന്നിവ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു എന്നര്‍ഥത്തിലാണ്. മാര്‍ക്‌സിയന്‍ നിരീക്ഷണമായ സാമ്പത്തിക ഘടകമല്ല നമ്മുടെ സാഹിതീയ മണ്ഡലത്തിലെ അസമത്വങ്ങള്‍ക്ക് കാരണം, മറിച്ച് പിയറി ബോര്‍ദ്യൂ പറയുന്നത് പോലെ സംസ്‌കാരിക മൂലധനത്തിന്റെ വിതരണത്തിലെ ഏറ്റകുറച്ചില്‍ കാരണമായിട്ടാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന സമയം വരെ കേരളത്തിലെ സാംസ്‌കാരിക മൂലധനം രൂപപ്പെടുന്നത് ബ്രാഹ്മണ്യ ഭാഷയും സവര്‍ണ്ണ മധ്യവര്‍ഗ താല്‍പര്യങ്ങളും അവരുടെ കലാപരമായ ഉല്‍പാദനങ്ങളും കൂട്ടിചേര്‍ത്താണ്. അതില്‍ ദളിതനും മുസ്്‌ലിമും ഇതര കീഴാള ന്യൂനപക്ഷ ജനതയും അവരുടെ സാഹിത്യവും ചരിത്രോല്‍പാദന രീതികളും മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിലും നടന്ന നവോത്ഥാന സമരങ്ങളെയും അക്കാലത്ത് ഉല്‍പാദിപ്പിച്ച സാഹിതീയ മണ്ഡലത്തിന്റെ വിമോചാനാത്മക സ്വഭാവത്തെയും ലംഘിച്ചല്ല ഈ പ്രസ്താവന നടത്തുന്നത്. മറിച്ച് പ്രസിദ്ധീകരണങ്ങളും പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും നിര്‍വഹിച്ച കേരളീയ നവോത്ഥാനത്തിലും സൂക്ഷ്മമായ പുറംതള്ളലുകള്‍ ഉണ്ടായിരുന്നുവെന്നതാണ്. അത്തരം പുറംതള്ളലുകളിലും സവര്‍ണ സാംസ്‌കാരിക മൂലധനം ഉല്‍പാദിപ്പിക്കുന്നതിലും ഡിസി, മാതൃഭൂമി പോലെയുള്ള പ്രസിദ്ധീകരണങ്ങള്‍ക്ക് ശക്തമായ പങ്കുള്ളതായി കാണാം. മാതൃഭൂമി എന്ന പ്രസിദ്ധീകരണ സ്ഥാപനം പുലര്‍ത്തിയ സവര്‍ണ്ണ നയങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അല്‍ അമീന്‍ എന്ന പത്രം കോഴിക്കോട് ആരംഭിക്കുന്നത്. അത് കൊണ്ട് മാറ്റിനിര്‍ത്തലുകളെ പ്രതിരോധിച്ചു കൊണ്ടാണ് പലപ്പോഴും ഇവിടത്തെ മുഖ്യധാരയുടെ സാസ്‌കാരിക മൂലധനത്തെ ന്യൂനപക്ഷ സമൂഹം നേരിട്ടത്. കേരളത്തില്‍ പിന്നീട് വന്ന മുസ്്‌ലിം, ദളിത്, ഇതര ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രസിദ്ധീകരണങ്ങളും ഉദയം ചെയ്തത് ഇത്തരം പ്രതിനിധാനത്തിന്റെയും സ്വത്വ വീണ്ടെടുപ്പിന്റെയും ഭാഗമായിട്ടാണ്. എന്നാല്‍ പൊതുബോധത്തിന്റെ ഭാഗമായി മുഖ്യധാരാ പ്രസിദ്ധീകരണ വിഭാഗം സൃഷ്ടിച്ച സാംസ്‌കാരിക മൂലധനത്തിന് എത്രമാത്രം കീഴാള മുസ്്‌ലിം ന്യൂനപക്ഷങ്ങളുടെ അടയാളപ്പെടുത്തലുകള്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടുണ്ട് എന്നതാണ് നാം ഉന്നയിക്കേണ്ട മൗലികമായ ചോദ്യം. വിവാദങ്ങളും വിമര്‍ശനങ്ങളും ഉണ്ടാവുമ്പോള്‍ നാമമാത്രമായി മറുപടി പറയാനും തിരുത്താനും തയ്യാറായത് കൊണ്ട് മാത്രം പ്രബലമായ സാംസ്‌കാരിക മൂലധനത്തിന് അഴിച്ചുപണി സംഭവിക്കുമോ എന്നതാണ്. സാംസ്‌കാരിക മൂലധനത്തിലെ ഇത്തരത്തിലുള്ള അസമത്വ മനോഭാവങ്ങള്‍ സാധാരണക്കാരന്റെ പൊതുബോധത്തെ സവര്‍ണ്ണമാക്കുന്നത് എങ്ങനെയെന്ന്് സുനില്‍ പി ഇളയിടം വിശദീകരിക്കുന്നുണ്ട്്. കഥകളിയും കര്‍ണാടിക് സംഗീതവും നല്ല ആസ്വാദന ശേഷിയുടെ ഭാഗമായും മാപ്പിളപ്പാട്ടിലെന്തിരിക്കുന്നു എന്ന ചോദ്യവും പാട്ടിന്റെ രണ്ട് അധികാരവഴികളാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഇത്രയും വിശദീകരിച്ചത് നമുക്കിടയില്‍ ദൃശ്യമായ മുഖ്യധാരാ ഫെസ്റ്റിവലുകള്‍ ഉല്‍പാദിപ്പിക്കുന്ന സാംസ്‌കാരിക മൂലധനം നമ്മുടെ ദൈനംദിന ബോധങ്ങളെ പോലും ആഴത്തില്‍ ജാതീയവും കീഴാള വിരുദ്ധവുമാക്കുന്നു എന്നത് ബോധ്യപ്പെടുത്താനാണ്.

അത് കൊണ്ട് ഡിസിയും മാതൃഭൂമിയും സാഹിതീയ ഫെസ്റ്റിവലുകളിലൂടെ ഉല്‍പാദിപ്പിക്കുന്ന സാംസ്‌കാരിക മൂലധനത്തില്‍ കീഴാള മുസ്്‌ലിം ന്യൂനപക്ഷ വിരുദ്ധ ഭാഷയുടെ, കലയുടെ , ചരിത്രത്തിന്റെ ശ്രേണീകരിക്കപ്പെട്ട അടരുകളുള്ളതായി കാണാം. ഏത് ഉള്ളടക്കം കൂടുതല്‍ സമയത്തില്‍, കുറഞ്ഞ ഇടത്തില്‍ എത്രമാത്രം ചരക്കുവത്കരിക്കാം എന്നതാണ് അച്ചടി കേന്ദ്രീകൃതമായ വ്യാപാര മുതലാളിത്തം ഉല്‍പാദിപ്പിച്ച പൊതുമണ്ഡലത്തിന്റെ യുക്തിയെന്ന് ഹെബര്‍മാസ് നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ മതം, സ്വത്വം, സദാചാരം, ഭാഷ, ലിംഗം, സമൂഹം, കല, സാഹിത്യം എന്നീ സംജ്ഞകളെ ബോധപൂര്‍വ്വം പുറംതള്ളിയും ഉള്‍പ്പെടുത്തിയുമാണ് സാഹിത്യഫെസ്റ്റിവലുകളുടെ ഉള്ളടക്കം രൂപപ്പെടുത്തുന്നത്. വിശിഷ്യാ ഈ കഴിഞ്ഞ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മതജീവിതത്തില്‍ നിന്ന് മതരഹിത ജീവിതത്തിലേക്ക് എന്ന ശീര്‍ഷകത്തില്‍ നല്‍കപ്പെട്ട പാനലിസ്റ്റുകള്‍ മുഴുവന്‍ എക്‌സ് മുസ്്‌ലിംസ് ആയിരുന്നുവെന്നത് സാമൂഹികമാധ്യമങ്ങളില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. നമ്മുടെ നാട്ടില്‍ എക്‌സ് ഹിന്ദുക്കള്‍ ഉണ്ടായിരിക്കെ എന്ത് കൊണ്ട് എക്‌സ് മുസ്്‌ലിം മാത്രം, ഇരവാദം പറഞ്ഞ് ജസ്്‌ല മാടശ്ശേരിക്കും റഫീക്ക് മംഗലശ്ശേരിക്കും ലഭിക്കുന്ന അതേ ദൃശ്യത തന്നെയല്ലേ ഹാദിയക്കും നല്‍കേണ്ടിയിരുന്നത്? എന്ന തിരുത്തല്‍ ചോദ്യങ്ങളും പലരുടെയും വാളുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഫെസ്റ്റിവലുകള്‍ അക്കാദമിക് സ്‌പേസ് എന്ന നിലക്ക് അവ വര്‍ഷങ്ങളായി പുലര്‍ത്തിപ്പോരുന്ന നയങ്ങളും അതിന്റെ രൂപങ്ങളും ഉള്ളടക്കങ്ങളും സൂക്ഷ്മമായി വിലയിരുത്തുന്ന വായനാ നിരൂപണ സമൂഹം ഇന്ന് കേരളത്തിലുണ്ട്. അത് കൊണ്ട് വിമര്‍ശകരെയും കൂടി ഉള്‍കൊള്ളുന്നതാവണം നമ്മുടെ സാഹിത്യ ഫെസ്റ്റിവലുകള്‍. ജാതിക്കെതിരെയുള്ള പോരാട്ടങ്ങളും കീഴാള ന്യൂനപക്ഷത്തോട് ചേര്‍ന്നുള്ള കൂടെനില്‍ക്കലുകളും മലയാളി ബുദ്ധജീവിയുടെ പ്രബന്ധങ്ങളിലും പ്രഭാഷണങ്ങളിലും കാണുമെങ്കില്‍ പിന്നെന്തിന് സ്ഥാപനവത്കൃതമായ ഒരു പ്രസിദ്ധീകരണത്തിന്റെ സാഹിത്യവേദികള്‍ അവര്‍ക്ക് അന്യമാകണം. ദളിത് ചര്‍ച്ചകളും മാപ്പിളസാഹിത്യവും മറ്റനേകം കീഴാള ന്യൂനപക്ഷ വിഷയങ്ങളും സാഹിത്യവേദികളുടെ മുഖ്യ അജണ്ടയായി എന്ത് കൊണ്ട് മാറിക്കൂടാ?

ചുരുക്കത്തില്‍ സാഹിതീയ ഇടങ്ങളുടെ ഉള്ളടക്കം മൂന്ന് പ്രശ്‌നങ്ങളിലൂന്നിയതാണ്. ഒന്ന്, സാഹിതീയ മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ ജാതീയ ശക്തിയെ തോല്‍പ്പിക്കുന്ന ആഖ്യാന ധാര പ്രബലമാവുന്നില്ല എന്നതാണ്. ഉള്ളവ തന്നെ സവര്‍ണ്ണ തലോടലുകളോടെ കാര്യം മറക്കാന്‍ ശ്രമിപ്പിക്കുന്നു. രണ്ട്, സാഹിത്യ വേദികളില്‍ നിരന്തരം അവര്‍ ഉല്‍പാദിപ്പിക്കാന്‍ ശ്രമിക്കുന്നത് അവര്‍ക്ക് പരിചിതമായ മത ഇടങ്ങളെയും സാസ്‌കാരിക അനുഭവങ്ങളെയുമാണ്. അത് ഒരു പക്ഷേ ഒരു സമുദായത്തെയോ, സമൂഹത്തെയോ കുറിച്ച് തിരുത്താനാവാത്ത വാര്‍പ്പുമാതൃകകള്‍ സ്ഥാപിച്ചെടുക്കാന്‍ കാരണമാവുന്നു. മൂന്ന്, മുസ്്്‌ലിം, ഇസ്്‌ലാം, ദളിത്, ഇതര കീഴാളാനുഭവങ്ങളെ സൂക്ഷ്മാര്‍ഥത്തില്‍ വിശകലനോപാധിയായി സ്വീകരിക്കുന്നതിനപ്പുറം സെലക്ടീവ് മതലിബറല്‍, ഇടത് ബോധങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുകയും സാമ്പ്രദായികം എന്ന ചട്ടക്കൂടില്‍ മതത്തിന്റെ, സ്വത്വത്തിന്റെ സൂക്ഷമാനുഭവങ്ങളെ റദ്ദ് ചെയ്യുകയും ചെയ്യുന്നു. പ്രസ്തുത മൂന്ന് കാരണങ്ങളും മലയാളിയുടെ സാഹിതീയ പൊതുമണ്ഡലത്തിന്റെ പ്രശ്‌നമല്ല, പൊതുജനാഭിപ്രായമായി ആഖ്യാനിക്കപ്പെടുന്ന ഭരണകൂട-ഉപരിവര്‍ഗ-രാഷ്ട്രീയ ശക്തികളുടെ നാട്ടാചാര ബോധത്തിന്റെ പ്രശ്‌നമാണ്. നമുക്ക് പരിചിതമായ മതേതര, ലിബറല്‍ ഇടങ്ങളിലെ വ്യവഹാരങ്ങള്‍ ഏറെ കുറ്റമറ്റതും മാറ്റാന്‍ പാടില്ലാത്തതുമാണെന്ന ധാരണയാണ് പ്രധാനമായും വിമര്‍ശനം ഉന്നയിക്കുന്നവരെ മതമൗലികവാദികളായും സാമ്പ്രദായികവാദികളായും തീവ്രസ്വത്വവാദികളായും ബ്രാന്‍ഡ് ചെയ്യുന്നവര്‍ തിരുത്തേണ്ടത്. ചരിത്രത്തിലും സാഹിത്യത്തിലും മാറ്റിനിര്‍ത്തപ്പെട്ട കീഴാള ന്യൂനപക്ഷങ്ങള്‍ക്ക് അത്മബോധം ഉണര്‍ന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നതും എന്തിനേറെ അവര്‍ക്കിടിയിലെ മൗലിക പ്രശ്‌നങ്ങളെ വിമര്‍ശനത്തിന്റെ ഭാഗമായി ഉള്‍കൊള്ളാന്‍ അവര്‍ പോലും സന്നദ്ധരാവുന്നതും. സ്ലോവേനിയന്‍ ചിന്തകനായ സാല്‍വോജ് സിസെക് പറയുന്നുണ്ട്; ‘യാഥാര്‍ഥ്യത്തിന്റെയും പ്രതീകാത്മകതയുടെയും സന്ധിമുഖത്താണ് കര്‍തൃത്വം രൂപപ്പെടുന്നത്. നിങ്ങള്‍ ഒരു മണിക്കൂര്‍ കാര്‍ ഡ്രൈവ് ചെയ്യുന്ന നേരമത്രയും നിങ്ങള്‍ക്ക് ഡ്രൈവ് ചെയ്യുന്നു എന്ന ഉറച്ച ബോധം ഉണ്ടാവണമെന്നില്ല, മറിച്ച് എതിരെ ഒരു ട്രക് വരുമ്പോള്‍ നിങ്ങള്‍ ബ്രൈക്ക് ചവിട്ടുകയും വണ്ടി നിയന്ത്രിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് നിങ്ങള്‍ െൈഡ്രവറാണെന്ന കര്‍തൃത്വം നിങ്ങള്‍ക്ക് ഉണരുക. അത് കൊണ്ട് അടിച്ചമര്‍ത്തലുകളില്‍ നിന്ന്, മാറ്റിനിര്‍ത്തലുകളില്‍ നിന്ന് ആത്മ ബോധമുണര്‍ന്ന് മലയാളിയുടെ സാഹിതീയ പൊതുമണ്ഡലത്തെയും അവിടത്തെ സംവാദവേദികളെയും ക്രിയാത്മകമായി വിമര്‍ശന വിധേയമാക്കിയാണ് കീഴാള മുസ്്‌ലിം ന്യൂനപക്ഷ സാഹിത്യ മണ്ഡലം സൂക്ഷ്മാര്‍ഥത്തില്‍ പ്രതിവ്യവഹാരമായി നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്. അത് ഒരര്‍ഥത്തില്‍ നിലവിലെ സാഹിതീയ മണ്ഡലത്തെ ജനാധിപത്യവത്കരിക്കാ നോ അല്ലെങ്കില്‍ മുഖ്യധാര സവര്‍ണ്ണ സാഹിത്യമണ്ഡലവുമായി സംവാദാത്മക കലഹത്തിലേര്‍പ്പെടാനോ പ്രാപ്തമാണെന്നാണ് നിലവിലെ ദളിത്, മുസ്്‌ലിം ന്യൂനപക്ഷ സാഹിത്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്.

റഫറന്‍സ്:

Roland Barthes (1991), Mythologies , US : The Noonday Press.
Jurgen Hebermas (1991), The Structural Transformation of the Public Sphere: An Inquiry into a Category of Bourgeois Society, US: MIT Press
Gopal Guru & Sundar Sarukai, The Cracked Mirror an Indian Debate on experience and theory, UK: Oxford University Press
ഡി. ശ്രീധരന്‍ നായര്‍ (2013), പി.ജി സാഹിത്യം സംസ്‌കാരം ദര്‍ശനം, തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷന്‍സ്.
ബി. രാജീവന്‍ (2014), വാക്കുകളും വസ്തുക്കളും, കോട്ടയം : ഡിസി ബുക്‌സ്
സുനില്‍ പി. ഇളയിടം (2016), അപരം അധിനിവേശം, കോഴിക്കോട് : അയ് ബുക്‌സ്
ഡോ വി. ഹിക്മത്തുല്ല, ഇസ്്‌ലാമോഫോബിയ പ്രതിവിചാരങ്ങള്‍, കോഴിക്കോട് : ഐപിഎച്ച്.
പ്രദീപ് പാമ്പിരികുന്ന് (2011), ദലിത് സൗന്ദര്യശാസ്ത്രം, കോട്ടയം : ഡിസി ബുക്‌സ്
ഷാജി ജേക്കബ് (2014), പൊതുമണ്ഡലവും മലയാള ഭാവനയും, കൈരളി ബുക്‌സ്
കെ കെ കൊച്ച് (2005), വായനയുടെ ദലിത് പാഠം, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌

 


സാലിഹ് അമ്മിനിക്കാട്‌

സ്വാലിഹ് അമ്മിനിക്കാട്

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.