Thelicham

മാധ്യമം എന്ന സന്ദേശം; അഥവാ അപദാന സാഹിത്യത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍

 

എപ്പോള്‍ മുതലാണ് മൗലിദുകള്‍ ചൊല്ലി തുടങ്ങിയത് എന്നോര്‍മയില്ല. ഒരര്‍ഥത്തില്‍ നോക്കുമ്പോള്‍ ആരും ആദ്യമായി മൗലിദുകള്‍ ചൊല്ലിത്തുടങ്ങുന്നില്ല. അതവസാനിപ്പിക്കുന്നുമില്ല. മൗലിദുകളോടെയാണ് ഓരോ വിശ്വാസിയുടെയും സൃഷ്ടിപ്പ് തന്നെ. അതു പിന്നീട് വന്നു ചേരുന്നതോ തിരിച്ചു പോകുന്നതോ അല്ല. വിശ്വാസവും വിശ്വാസിയും ഉണ്ടാകുന്നത് മൗലിദിലൂടെയാണ്. അവയെ പരസ്പരം വേര്‍തിരിക്കാനാകില്ല. ‘അല്ലാഹുവും അവന്റെ മാലാഖമാരും ഈ തിരുനബിയുടെ മേല്‍ അപദാനങ്ങള്‍ ചൊല്ലുന്നു. നിങ്ങളും അതു ചെയ്യൂ’ എന്ന ദൈവീക കല്പനയില്‍ പ്രപഞ്ചത്തിന്റെ പൂര്‍ത്തീകരണം എങ്ങിനെയാണ്/ എപ്പോഴാണ് സാധ്യമാകുന്നത് എന്നതിന്റെ കൂടി സൂചനയുണ്ട്. തിരുനബിയുടെ പ്രകാശത്തില്‍ തുടങ്ങി, അതിലേക്കു തന്നെ മടങ്ങുന്ന ഒന്നാണല്ലോ ഈ പ്രപഞ്ചം തന്നെ. അതുകൊണ്ടു തന്നെ, ഒരാള്‍ ശ്രമിച്ചാല്‍ പോലും അയാള്‍ക്ക് മൗലിദുകളെ ഉപേക്ഷിക്കാന്‍ കഴിയില്ല. കാരണം ഒരു വിശ്വാസി ഉണ്ട് എന്ന സ്ഥിതി തന്നെ ഉണ്ടാകുന്നത് മൗലീദോടെയാണ്, സത്താപരമാണത്. മൗലിദില്‍ ഉപേക്ഷ കാണിക്കാന്‍ കഴിയാത്ത വിധമാണ് വിശ്വാസിയുടെ പടപ്പ്. ലോകാനുഗ്രഹി എന്നതിനേക്കാള്‍ വലിയൊരു മൗലിദ് ഇല്ലല്ലോ. ആ അനുഗ്രഹം ഒരു വിശ്വാസിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ വിശ്വാസി ഉണ്ടാവുകയുമില്ലല്ലോ.
സന്തോഷത്തിലും സങ്കടത്തിലുമെല്ലാം ഒരു വിശ്വാസി തിരയുന്നത് ആ തിരുനബിയുടെ അപദാനങ്ങളിലേക്കാണല്ലോ. ആ അപദാനങ്ങള്‍ വിശ്വാസിയുടെ അവസ്ഥകളില്‍ പ്രവര്‍ത്തിക്കുന്നു. അതോടെ സന്തോഷവും സങ്കടവുമെല്ലാം വേറൊരു തലം കൈവരിക്കുന്നു. ഒരാള്‍ മന്‍ഖൂസ് മൗലിദ് പാരായണം ചെയ്യുന്നത് എന്തിനാണ്? മന്‍ഖൂസ് മൗലിദ് തന്നെ ഉണ്ടായത്, അതിന്റെ എഴുത്തിലൂടെയും പാരായണത്തിലൂടെയും അതില്‍ ഭാഗവാക്കായവരുടെ, അതിന്റെ കാരണക്കാരുടെ ജീവിതത്തില്‍, ആ ജീവിതത്തിന്റെ ഭാഗമായ ആലോചനകളില്‍ മാറ്റങ്ങള്‍ ഉണ്ടാകാനാണ്/ ഉണ്ടാക്കാനാണ്. ഈ അപദാനങ്ങള്‍ മനുഷ്യരുടെ ജീവിതത്തില്‍ സാരമായ പണിയെടുക്കുന്നുണ്ട് എന്നര്‍ഥം. മന്‍ഖൂസ് മൗലിദ് പാരായണം ചെയ്തതുമായുള്ള എന്റെ ഒരു പ്രധാന ഓര്‍മ്മ ഉമ്മാമയുടെ മരണമാണ്. മരണം നടന്ന വീടുകളില്‍ മൗലിദ് പാരായണം ചെയ്യുക എന്നത് ഇവിടെ വ്യാപകമായ ഒരാചാരമാണല്ലോ. ഉമ്മാമയുടെ മരണത്തിനു ശേഷമുള്ള നാല്‍പത് ദിവസം പല കോലത്തിലും രൂപത്തിലും മന്‍ഖൂസ് മൗലിദ് വീട്ടില്‍ നിറഞ്ഞു നിന്നു. കുട്ടികള്‍ക്കൊക്കെ മന്‍ഖൂസ് മൗലിദ് മനഃപാഠമായി. എന്തായിരിക്കും ആ പാരായണം ഉമ്മാമയുടെ മരണാനന്തര ജീവിതത്തില്‍ ചെയ്തത്? എന്തായിരിക്കും പാരായണത്തില്‍ ഭാഗവാക്കായവരുടെ ജീവിതത്തില്‍ അത് ചെയ്തിട്ടുണ്ടാവുക?
തിരുനബിയുടെ അപദാനങ്ങള്‍ നമുക്ക് പരിചയവും അനുഭവവുമുള്ള ആധുനിക സാഹിത്യത്തിലെ പല രൂപങ്ങളും കൈവരിച്ചിട്ടുണ്ട്. മന്‍ഖൂസ് മൗലിദ് ഉള്‍പ്പടെയുള്ള അപദാന ഗദ്യ-കവിതകള്‍ അത്തരം സാഹിത്യ പാരമ്പര്യങ്ങളുടെ കൂടി ഭാഗമാണ്. എന്നാല്‍ അവ സാഹിത്യം മാത്രമോ, പലപ്പോഴും അതു പോലുമോ അല്ല. അങ്ങിനെ നോക്കുമ്പോള്‍ ജനനത്തിനും മുന്നേയും ജനനത്തിനും മരണത്തിനും ഇടയിലും മരണത്തിനു ശേഷവുമുള്ള മുസ്ലിംകളുടെ സാമൂഹിക ജീവിതത്തില്‍ എഴുത്തും വായനയും എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ചുള്ള ചില മൗലികമായ ആലോചനകള്‍ ഈ മന്‍ഖൂസ് മൗലിദ് പാരായണം മുന്നോട്ടുവെക്കുന്നുണ്ട്. എഴുത്തും വായനയും അറിയാത്ത ഉമ്മാമയുടെ മരണാനന്തര ജീവിതത്തില്‍ ആണ് ‘സാഹിത്യം’ പ്രവര്‍ത്തിക്കുന്നത്. മരണ വീടുകളില്‍ എന്ന പോലെ കുട്ടി ജനിക്കാനിരിക്കുന്ന വീടുകളിലും ഇത്തരം ‘സാഹിത്യ പാരായണങ്ങള്‍’ ഉണ്ടാകാറുണ്ടല്ലോ. ഇനിയും ജനിക്കാനിരിക്കുന്ന ആ കുട്ടികളുടെ ജീവിതത്തില്‍ ‘സാഹിത്യത്തിന്’ എന്തു പണിയാണ് എടുക്കാനുണ്ടാവുക? മുസ്ലിം സാമൂഹിക ജീവിതത്തിലെ എഴുത്തും വായനയും ഏറ്റെടുത്ത ഇത്തരം ചുമതലകളുടെ പശ്ചാത്തലത്തില്‍ നിന്നു നോക്കുമ്പോള്‍ എന്താണ് സാഹിത്യം?
സാമൂഹിക ജീവിതത്തില്‍ നിന്ന് ഈ അപദാന സാഹിത്യങ്ങളെ ഉപേക്ഷിക്കുന്നതിലൂടെ മാത്രമേ വിശ്വാസം കൈവരികയുള്ളൂ എന്ന് വാദിക്കുന്നവരും മുസ്ലിംകള്‍ക്കിടയില്‍ ഉണ്ട്. എന്തായിരിക്കും എഴുത്തിനും വായനക്കും അവരുടെ ജീവിതത്തില്‍ ചെയ്യാനുള്ള പണി? സാഹിത്യത്തെ കുറിച്ചുള്ള അവരുടെ സാമൂഹിക ഭാവന എന്താണ്? സാഹിത്യം ഒരാളുടെ ജീവിതത്തില്‍ എപ്പോള്‍ തുടങ്ങി-എപ്പോള്‍ വരെയാണ് പ്രവര്‍ത്തിക്കുക? ഇനിയതല്ല, ഈ ധാരണ പ്രകാരം സാഹിത്യത്തിന് ഒരാളുടെ ജീവിതത്തില്‍ വല്ല പണിയും എടുക്കാന്‍ കഴിയുമോ? ജനിക്കാനിരിക്കുന്ന കുട്ടിയിലോ, മരിച്ചു കഴിഞ്ഞ ആളിലോ ഇവിടെ ‘സാഹിത്യത്തിന്’ ഒന്നും പ്രവര്‍ത്തിക്കാനില്ല/പ്രവര്‍ത്തിക്കാനാവുകയുമില്ല. മുസ്ലിം സാമൂഹിക ജീവിതത്തില്‍ എഴുത്തും വായനയും കയ്യൊഴിഞ്ഞ ഇത്തരം ചുമതലകളുടെ, അതല്ലെങ്കില്‍ എഴുത്തിന്റെയും വായനയുടെയും ബലഹീനതകളുടെ പശ്ചാത്തലത്തില്‍ നിന്നു നോക്കുമ്പോള്‍ എന്താണ് സാഹിത്യം?
മരണം ഉള്‍പ്പടെയുള്ള മുസ്ലിം സാമൂഹിക ജീവിതത്തില്‍ എന്താണ് എഴുത്തിനെയും വായനയേയും ജീവസ്സുറ്റതാക്കി, ആയുര്‍ ദൈര്‍ഘ്യമുള്ളതാക്കി മാറ്റുന്നത്, അതിലുപരി എന്താണ് സാഹിത്യം എന്ന അടിസ്ഥാനപരമായ ആലോചനകളിലേക്കാണ് ഈ ചോദ്യങ്ങള്‍ നമ്മെ നയിക്കുക. എഴുത്തും വായനയും അറിയാത്ത ആള്‍ (ഉമ്മിയ്യ്) എന്നത് തിരുനബിയുടെ പ്രധാനപ്പെട്ട വിശേഷണങ്ങളില്‍ ഒന്നാണ്. ആ തിരുനബിയുടെ ഏറ്റവും ആശ്ചര്യ ജനകമായ പ്രവര്‍ത്തി (മുഅജിസത്ത്) ആകട്ടെ ഖുര്‍ആന്‍ എന്ന അല്ലാഹുവിന്റെ കലാമും. എന്തുകൊണ്ടാണ് തിരുനബിയുടെ പ്രത്യേകതയെ വെളിപ്പെടുത്താന്‍ അല്ലാഹു ഒരു സാഹിത്യ രൂപം സ്വീകരിച്ചത് എന്നതിനെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഇസ്ലാമിക ചരിത്രത്തില്‍ എമ്പാടും കാണാം. അതിനുള്ള ഒരുത്തരം ഓരോ സമൂഹത്തിന്റെയും കാലത്തിന്റെയും പ്രബലമായ പ്രത്യേകതകളിലൂടെയാണ് അല്ലാഹു തന്റെ സന്ദേശ വാഹകരെ അതാതു സമൂഹങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് എന്നാണ്. അന്ത്യപ്രവാചകരായ തിരുനബിയെ വെളിപ്പെടുത്താന്‍ അല്ലാഹു തിരഞ്ഞെടുത്തത് അറേബ്യന്‍ കവിത അതിന്റെ ഉത്തുംഗതയില്‍ എത്തിയ കാലമാണ്. അതുകൊണ്ടാണ് സാഹിതീയ രൂപത്തില്‍ ഉള്ള ഏറ്റവും വലിയ അത്ഭുത പ്രവര്‍ത്തിയായ ഖുര്‍ആനുമായി ഉമ്മിയ്യായ തിരുനബി വന്നത്. അതായത് എഴുത്തും വായനയുമായുള്ള, സാഹിത്യവുമായുള്ള വിശ്വാസികളുടെ നിലപാടും ബന്ധവും ഈ മതത്തിന്റെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്ന അടിസ്ഥാന ഘടകങ്ങളില്‍ ഒന്നായാണ് കരുതപ്പെടുന്നത്. അല്ലാഹു തന്റെ ഹബീബിനെ അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്ത മാധ്യമം എന്ന നിലക്കാണ് മുസ്ലിം സാമൂഹിക ജീവിതത്തില്‍ ഈ ബന്ധം പ്രവര്‍ത്തിക്കുന്നത്. ആ ഹബീബിനെ സാഹിത്യം എങ്ങനെ അവതരിപ്പിക്കുന്നു, ആ സാഹിത്യത്തെ വിശ്വാസികള്‍ എങ്ങിനെ സ്വീകരിക്കുന്നു, ആ സാഹിത്യം എന്തായാണ്, എന്തായല്ല തങ്ങളുടെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്ന അവബോധം വിശ്വാസിയെ സംബന്ധിച്ചടുത്തോളം പ്രധാനപ്പെട്ടതാണ്.
ആറാം നൂറ്റാണ്ടിലിരുന്ന് ഉമ്മിയ്യായ ഈ തിരുനബി നമ്മുടെ എഴുത്തുകളിലും വായനകളിലും എന്തൊക്കെ അത്ഭുത പ്രവര്‍ത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നത്?

നുഐമാന്‍ കീപ്രാത്

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.