Thelicham

ഓറിയന്റലിസത്തിന്റെ നാല്പത്തിയഞ്ച് വര്‍ഷങ്ങള്‍

പോസ്റ്റ്‌കൊളോണിയല്‍ ചിന്താധാരയുടെ മൂലഗ്രന്ഥമെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള എഡ്വേഡ് സൈദിന്റെ ഓറിയന്റലിസം എന്ന പുസ്തകം പ്രസിദ്ധീകൃതമായിട്ട് നാല്പത്തിയഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ഈയൊരു സന്ദര്‍ഭത്തില്‍ സമകാലിക പ്രസക്തിയുള്ള നിലപാടുകള്‍ കൈക്കൊണ്ട സാമൂഹിക ചിന്തകനായിട്ടാണ് അദ്ദേഹം മനസ്സിലാക്കപ്പെടേണ്ടത്. ഫലസ്തീന്‍ വിമോചന പ്രസ്ഥാനങ്ങളെക്കുറിച്ച് പ്രത്യേകിച്ച് ഹമാസ് പോലുള്ള സംഘടനകളെക്കുറിച്ച് സുവ്യക്തമായ നിലപാടുകള്‍ സ്വീകരിച്ച സൈദ് പൊതുവേ ഇത്തരം പ്രസ്ഥാനങ്ങളുമായി ലൗ ആന്റ് ഹേറ്റ് ബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു. അദ്ദേഹമവരെ വിമര്‍ശിച്ചതുപോലെ അവര്‍ അദ്ദേഹത്തെ തിരിച്ചും വിമര്‍ശിച്ചിട്ടുണ്ട്.

അമേരിക്കയില്‍ താമസിക്കുന്ന താങ്കള്‍, ഞങ്ങളെ ദേശാഭിമാനം പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്ന് യാസര്‍ അറഫാത്ത് ഒരിക്കലദ്ദേഹത്തോട് പറഞ്ഞിട്ടുള്ളതാണ്. കേവലവിമര്‍ശനം എന്നതില്‍ ഉപരി സൈദിന്റെ തന്നെ മറ്റൊരു പുസ്തകമായ പീസ് ഡോക്കുമെന്റ്‌സ് വായിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറഫാത്തിന്റെ ഈ വിമര്‍ശനം. താനും ഫലസ്തീന്റെ മകനാണ്. ജന്മനാടിനെ കുറിച്ച് സംസാരിക്കാന്‍ തനിക്കും അവകാശമുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് അറഫാത്തിനദ്ദേഹം മറുപടി കൊടുത്തത്.1995 ല്‍ ഹമാസിന് രാഷ്ട്രീയ ദൃശ്യത ലഭിച്ചു തുടങ്ങുന്ന കാലഘട്ടത്തില്‍ തന്നെ, അതുവരെയുള്ള വിമോചന മുന്നണികളില്‍ നിന്ന് വ്യതിരിക്തമായ ശൈലി സ്വീകരിച്ച ഹമാസ് പോലുള്ള പ്രസ്ഥാനങ്ങള്‍ ഇസ്രായേലില്‍ ആവിര്‍ഭവിക്കുന്നതിനെ സംബന്ധിച്ച് അദ്ദേഹത്തിന് വ്യക്തമായൊരു കാഴ്ചപ്പാടുണ്ടായിരുന്നു. ആ കാലയളവില്‍ എഴുതിയ ഒരു ലേഖനത്തില്‍ ആത്മവിമര്‍ശനപരമായ ഒരുനിരീക്ഷണം സൈദ് മുന്നോട്ടുവെക്കുന്നുണ്ട്:

‘Although it now seems that many Palestinians have been demoralized by what faces them in reality, I believe the Palestinian people will continue to want thelr rights to be equal with those of their neighbors, the Israeli Jewish people. The emergence of Hamas and Islamic Jihad are part of the continuing protest and should be understood as that. Their suicide missions, bomb throwing and provocative slogans are acts of defiance principally, refusals to accept the crippling conditions of Israeli occupation and Palestinian collaboration. No matter how much secular people like myself lament their methods and their vision (such as It is), there is no doubting the truth that for many Palestinians these people express a furious protest against the humiliations, demeanments and denials imposed on all Palestinians as a people.(The Mirage of Peace, Oct 16, 1995).

ഇത്തരം വിമോചന പ്രസ്ഥാനങ്ങളോടുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കെ തന്നെ ഹമാസ് ഉള്‍പ്പടെയുള്ളവരുടെ ഇടപെടലുകള്‍ ഇസ്രായേലീ അധിനിവേശത്തിന്റെ സന്ദര്‍ഭത്തില്‍ മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ആ കാലഘട്ടത്തില്‍ പൊതുവേ ചെയ്യാറുള്ളതു പോലെ ഹമാസിനെ ഒരു തീവ്രവാദ സംഘടനയായി തള്ളിക്കളയാമായിരുന്നിട്ടും അദ്ദേഹം അതിന് സന്നദ്ധനാകുന്നില്ല. കൂടാതെ, അന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ ഒരിസ്രായേലി പട്ടാളക്കാരനെ ചൊല്ലിയുള്ള സംവാദം രൂക്ഷമാകുന്നതിടെ, നിങ്ങള്‍ ഇസ്രായേലീ പട്ടാളക്കാരനെ തട്ടിക്കൊണ്ടു പോയതിനെക്കുറിച്ച് വാചാലരാകുമ്പോള്‍, നൂറുകണക്കിന് സിവിലിയന്‍സിനെ കൊലചെയ്യുന്ന ഇസ്രായേലീ നരമേധത്തെക്കുറിച്ച് യാതൊന്നുംതന്നെ സംസാരിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് പൊതുബോധത്തിന്റെ ഇരട്ടത്താപ്പിനെ അദ്ദേഹം ചോദ്യംചെയ്യുന്നുണ്ട്. ഈ അര്‍ഥത്തില്‍, ഫലസ്തീന്‍ രാഷ്ട്രീയത്തിന്റെ സമഗ്രമായ ചിത്രം ഉള്ളില്‍വെച്ചു കൊണ്ടുമാത്രം സാമൂഹ്യശാസ്ത്ര രചനകള്‍ നടത്തിയ പണ്ഡിതനെന്നനിലയില്‍ കൂടിയാണ് നാം അദ്ദേഹത്തെ മനസ്സിലാക്കേണ്ടത്. ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം കലുഷമായിക്കൊണ്ടിരിക്കുന്ന സമകാലീന രാഷ്ട്രീയാവസ്ഥയില്‍പോലും ആ സംഘര്‍ഷത്തെ യഥാതഥമായി ഗ്രഹിക്കാനുള്ള സമീപനരീതി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സംഭാവന ചെയ്ത ധൈഷണികന്‍ കൂടിയാണ് എഡ്വേഡ് സൈദ്.

‘ഓറിയന്റലിസ’ത്തിന്റെ പ്രാരംഭത്തില്‍ ”അയാം ദി ചൈല്‍ഡ് ഓഫ് ഓറിയന്റ്” എന്നെഴുതിയ സൈദ് ആ വാചകം ഇങ്ങനെ വിശദീകരിക്കുന്നു; ഞാന്‍ ഫലസ്തീന്റെയും ഈജിപ്റ്റിന്റെയും സന്തതിയാണ്. ആയിരക്കണക്കിന് ഫലസ്തീനികള്‍ക്ക് ദേശാന്തരഗമനം നടത്തേണ്ടിവന്ന 1948-ലെ നക്ബാ (Catastrophe) അത്യാഹിതത്തെ തുടര്‍ന്നാണ് സൈദ് അമേരിക്കയിലേക്ക് പലായനം ചെയ്യുന്നത്. അതിനാല്‍തന്നെ, പശ്ചിമേഷ്യയും ഫലസ്തീനും ഇസ്ലാമും അദ്ദേഹത്തിന് കേവലം അമൂര്‍ത്തമായ വിഷയങ്ങളല്ല. മറിച്ച്, തന്റെ ധൈഷണിക – വൈയക്തിക ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന രാഷ്ട്രീയ സംഭവങ്ങള്‍ നടന്നുകൊണ്ടിരുന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഇടങ്ങളാണ്.
സാംസ്‌കാരിക-രാഷ്ട്രീയ വിമര്‍ശനുമായി അടുത്തിടപഴകിയവര്‍ക്ക് ഒരു സുപരിചിതമാണ് ഓറിയന്റലിസം എന്ന പരികല്പന. കിഴക്കന്‍ പ്രദേശങ്ങളെ ആകമാനം യുറോപ്പ് നോക്കിക്കാണാന്‍ ശ്രമിക്കുന്ന ഈ അധീശവ്യവഹാരത്തിന് ആദ്യമായി മൂര്‍ത്തരൂപം നല്‍കുന്നത് സൈദ് അല്ലെങ്കിലും, പ്രസ്തുത വ്യവഹാരിക പ്രക്രിയക്ക് നിയതമായ അന്താരാഷ്ട്ര ദൃശ്യത നല്‍കുന്നത് അദ്ദേഹമാണ്.

പാരസ്ത്യരെ വിശേഷിപ്പിക്കാനും, അവരെ അപരവത്കരിക്കാനും, സ്വന്തം അക്രമങ്ങള്‍ക്ക് സാധൂകരണം ചമക്കാനുമുള്ള പാശ്ചാത്യരുടെ പ്രത്യയശാസ്ത്രപരമായ ചട്ടക്കൂടാണ് ഓറിയന്റലിസം എന്ന വാക്കുകൊണ്ട് യഥാര്‍ത്ഥത്തില്‍ വിവക്ഷിക്കപ്പെടുന്നത്. ആഗോളതലത്തില്‍ ഇസ്ലാമിനെയും മിഡില്‍ ഈസ്റ്റിനെയും മനസ്സിലാക്കുവാനുള്ള വിചാരമാതൃകയിലുണ്ടായ വിച്ചേദമായി നിലകൊണ്ടുവെന്നതാണ് (paradigmatic shift) ഓറിയന്റലിസത്തിന്റെ പ്രസക്തി. മൂന്ന് കാര്യങ്ങളാണ് ഈ പ്രഭാഷണത്തില്‍ ഞാന്‍ സൂചിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന്, എഡ്വേഡ് സൈദ് ഓറിയന്റലിസത്തിന്റെ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നതിന് മുന്‍പുതന്നെ റാണജിത് ഗുഹ ഇതുമായി ബന്ധപ്പെട്ട് ചില സുപ്രധാന നിഗമനങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. രണ്ട്, ഓറിയന്റലിസത്തില്‍ സൈദ് നടത്തുന്ന മാര്‍ക്‌സ് വിമര്‍ശനത്തെയും അതിനെ സമകാലിക സാഹചര്യത്തില്‍ ഏതര്‍ഥത്തിലാണ് വിലയിരുത്തേണ്ടതെന്നുമാണ്. അവസാനമായി സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് അഭിനവ ഹിന്ദുത്വവാദികള്‍ അവരുടെ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കുവേണ്ടി ഓറിയന്റലിസ്റ്റ് വ്യവഹാരത്തെ ദുരുപയോഗം ചെയ്യുന്നതിനെ സംബന്ധിച്ചാണ് .

ഇന്ത്യയിലെയോ ചൈനയിലേയോ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി എഴുതപ്പെട്ട പുസ്തകമല്ല ഓറിയന്റലിസം. മറിച്ച്, ഏതാണ്ട് പരിപൂര്‍ണ്ണമായും ഇസ്ലാമിന്റെയും മിഡില്‍ ഈസ്റ്റിന്റെയും കൊളോണിയല്‍ സന്ദര്‍ഭത്തിനകത്ത് എഴുതപ്പെട്ടതാണ്. കോളനിവത്കരണത്തിന്റെ ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഉരുവംകൊണ്ട വ്യവഹാരമായതിനാല്‍ പൗരസ്ത്യ ദേശങ്ങളിലേക്ക് അധിനിവേശം നടത്തിവന്ന വെള്ളക്കാര്‍ക്ക് തങ്ങള്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ജനങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാല്‍ അവര്‍ സ്വയം സ്വരൂപിച്ച ധാരണകളുടെ സമുച്ചയമാണ് യഥാര്‍ത്ഥത്തില്‍ പൗരസ്ത്യവാദം.

നമ്മുടെ സ്വത്വത്തെ നിര്‍വചിക്കാന്‍ കഴിയാത്തവിധം നാം നിസ്സഹായമാകണമെങ്കില്‍ ഒരധികാരശക്തിയുടെ ബലതന്ത്രം നമ്മില്‍ പ്രവര്‍ത്തിച്ചിരിക്കണം. അത്തരത്തില്‍ ഒരധികാരശക്തിയെ ചെറുക്കാന്‍ കഴിയാതെ വരികയും അതു നിര്‍മ്മിക്കുന്ന പ്രത്യയശാസ്ത്ര വീക്ഷണത്തെ നമ്മുടേതായി തെറ്റിദ്ധരിക്കുകയും ചെയ്ത ചരിത്രപ്രക്രിയയെ കുറിക്കാനാണ് പൗരസ്ത്യവാദം എന്ന സംജ്ഞ ഉപയോഗിക്കുന്നത്. ഇസ്ലാമിന്റെയും മിഡില്‍ ഈസ്റ്റിന്റെയും കാര്യത്തില്‍ ഈയൊരു വസ്തുത വളരെ സംഗതമാണ്. അധിനിവേശ സന്ദര്‍ഭത്തില്‍ ഇസ്ലാമിനെക്കുറിച്ചും മിഡില്‍ ഈസ്റ്റിനെക്കുറിച്ചും യുറോപ്പ് ഉത്പാദിപ്പിച്ച പ്രതിനിധാനങ്ങളെയാണ് ലോകസമൂഹം ഇപ്പോഴും പിന്തുടരുന്നത്. അത്തരം വാര്‍പ്പുമാതൃകകളെ അപനിര്‍മിക്കാന്‍ ശ്രമിച്ചുവെന്നിടത്താണ് ഓറിയന്റലിസം എന്ന കൃതി സവിശേഷമാകുന്നത്.

മുന്‍പ് സൂചിപ്പിച്ചതു പോലെ, എഡ്വേഡ് സൈദിന്റെ പുസ്തകം പുറത്തു വരുന്നതിനു പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വ്യവഹാരത്തെ റണജിത് ഗുഹ തന്റെ എ റൂള്‍ ഓഫ് പ്രോപര്‍ട്ടി ഫോര്‍ ബംഗാള്‍ (Ranajit Guha: A rule of property for Bengal: An essay on the idea of permanent settlement. Paris, La Haye: Mouton & Co., 1963) എന്ന ബംഗാള്‍ സെറ്റില്‍മെന്റിനെക്കുറിച്ചുള്ള പഠനത്തില്‍ പരിചയപ്പടുത്തുന്നുണ്ട്. സാബാള്‍ട്ടേന്‍ സ്റ്റഡീസ് എന്ന വിജ്ഞാനശാഖ രൂപപ്പെടുന്നതിന് മുമ്പ് തന്നെ എഴുതപ്പെട്ട ഈ ഗ്രന്ഥത്തില്‍ പൗരസ്ത്യവാദത്തിന്റെ നിര്‍വചനം, രാഷ്ട്രീയസ്വഭാവം, ലക്ഷ്യം എന്നിവയെ വിശകലനം ചെയ്തു കൊണ്ട് ഗുഹ എഴുതുന്നു:

The end product of it all was the making of a Western myth about an undifferentiated Orient characterized by the rectilinear simplicity of its social structure, the immutability of its laws and customs, the primitive innocence of its people: a myth taken over from the philosophes and imaginatively enriched by the nineteenth-century romantics, and uncritically absorbed into much of later oriental research in the form of nostalgic nonsense about the glory that was. Alexander Dow’s Dissertation on the Origin and Nature of Despotism in Hindostan is a highly representative specimen of such orientalism. (A role of property for Bengal, 1963)

ഓറിയന്റലിസത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പുസ്തകത്തിന്റെ പല ഭാഗങ്ങളില്‍ റണജിത് ഗുഹ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍, ഇതുമായി ബന്ധപ്പെടുത്തി യാതൊന്നുംതന്നെ സൈദ് തന്റെ കൃതിയില്‍ പറയുന്നില്ല. ഈ കൃതിയെക്കുറിച്ച് സൈദ് സൂചിപ്പിക്കുന്നതേയില്ല. ഓറിയന്റലിസത്തിന്റെ 1995-ല്‍ പുറത്തിറങ്ങിയ പതിപ്പിലാണ് കുറച്ചെങ്കിലും സാബാള്‍ട്ടേന്‍ സ്റ്റഡീസിനെ അംഗീകരിച്ചുകൊണ്ടുള്ള പരാമര്‍ശമുള്ളത്. അതുതന്നെയും ഈയൊരു കാര്യത്തിന്റെ പേരിലല്ല. മറിച്ച്, ഇത്തരമൊരു പഠനശാഖ സാധ്യമായത് ഓറിയന്റലിസത്തെ ചുവടുപിടിച്ചാണെന്ന് വിനീതമായി സൈദ് സൂചിപ്പിക്കുന്നിടത്താണ് ഇതിനെക്കുറിച്ച് പറയുന്നത്.

റണാജിത് ഗുഹയുടെ ചിന്താപദ്ധതിയുടെ ഉത്കണ്ഠ യഥാര്‍ത്ഥത്തില്‍ ഇന്ത്യയായിരുന്നു. എന്നാല്‍, ഇസ്ലാമും പടിഞ്ഞാറും തമ്മിലുള്ള സംഘര്‍ഷം, വാസ്തവത്തില്‍, ദാര്‍ശനികവും മതപരവും സാംസ്‌കാരികവുമായ അടരുകളുള്ളതാണെന്നും അതിനെ നിലനിര്‍ത്തുന്ന പ്രധാന ഘടകം പാശ്ചാത്യ പൗരസ്ത്യ വാദമാണെന്നും സമര്‍ഥിക്കുകയായിരുന്നു എഡ്വേര്‍ഡ് സൈദ്. ഓറിയന്റലിസം ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നത് അതെഴുതപ്പെട്ട കാലത്തേക്കാള്‍ കൂടുതല്‍ 1990 കള്‍ മുതല്‍ക്കാണ്. എന്തുകൊണ്ടാണ് അതു മുതല്‍ ഓറിയന്റലിസം ചര്‍ച്ചയായത്?. 1950 മുതല്‍ 1990 വരെ ലോകത്തെ രണ്ടായി വീതിക്കാന്‍ അമേരിക്ക സ്വീകരിച്ചിരുന്ന നയം, സോവിയറ്റ് യൂണിയന്‍ അല്ലെങ്കില്‍ കമ്യൂണിസവുമായുള്ള വൈരുദ്ധ്യമായിരുന്നു. ശീതയുദ്ധം എന്ന പേരില്‍ അന്ന് ലോകത്ത് നിലനിന്നിരുന്നത് പരസ്പരസഹകരണത്തിന്റെയും പരസ്പരധാരണയുടെയും സംവിധാനമാണെന്ന് ഇ.പി തോംസണ്‍ നിരീക്ഷിക്കുന്നുണ്ട്. അത് ഏക്ഷീയമായി അമേരിക്ക സോവിയറ്റ് യൂണിയന്റെ മുകളിലോ, സോവിയറ്റ് യൂണിയന്‍ ഏകപക്ഷീയമായി അമേരിക്കയുടെ മുകളിലോ അടിച്ചേല്‍പ്പിച്ചതോ ആയിരുന്നില്ല.

പരസ്പരമുള്ള സൈനിക ഇടപെടലുകളില്ലാതെ സ്വച്ഛന്ദമായി ലോകത്തെ വിഭജിക്കാന്‍ സഹായിക്കുന്ന ഒരു സിമ്പയോട്ടിക്ക് സംവിധാനമായിരുന്നു ഇവര്‍ക്കിടയില്‍ ശീതയുദ്ധകാലത്ത് നിലനിന്നിരുന്നത്. എന്നാല്‍, ശീത യുദ്ധകാലത്ത് അമേരിക്കയും യുറോപ്പും വിസ്മരിച്ച ഒരു കാര്യം സോവിയറ്റ് പതനാനന്തരം അവര്‍ പൊടിതട്ടിയെടുക്കുകയായിരുന്നു. 1990 ല്‍ ഇറാഖ് യുദ്ധ പശ്ചാത്തലത്തിലായിലാണ് ഈയൊരു പദ്ധതിക്ക് ആദ്യമായി ശ്രമിക്കുന്നത്. ഇറാഖ് എന്താണ് എന്ന ചോദ്യത്തിന് അമേരിക്കന്‍ – യുറോപ്യന്‍ മാധ്യമങ്ങള്‍ നല്‍കുന്ന ചിത്രങ്ങളല്ലാതെ മറ്റൊന്നും ലഭ്യമല്ലാതിരുന്ന വിധത്തില്‍ ലോകമാധ്യമ മേഖലയെ ആകെത്തന്നെ കഴുത്ത് ഞെരിച്ചുപിടിച്ച ഒരു സന്ദര്‍ഭമായിരുന്നു തൊണ്ണൂറുകള്‍ക്ക്‌ശേഷം ഉണ്ടായിക്കൊണ്ടിരുന്നത്. ആ സമയത്താണ് ഇസ്ലാമെന്നാല്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ ശത്രുസ്ഥാനത്ത് നില്‍ക്കുന്ന സംസ്‌കാരമാണെന്ന തീസിസ് സാമുവല്‍ ഹണ്ടിങ്ങ്ടണ്‍ സിദ്ധാന്തിക്കുന്നത്. നാഗരികതകളുടെ സംഘട്ടനമെന്ന (Clash of Civilizations) തന്റെ പുസ്തകത്തില്‍ ഇനിയുള്ള കാലം ലോകത്ത് ‘സംസ്‌കാരങ്ങള്‍’ തമ്മിലായിരിക്കും ഏറ്റുമുട്ടലുകള്‍ ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു. കമ്യൂണിസത്തിന്റെ അവസാനത്തോടെ ‘പ്രത്യയശാസ്ത്ര’സംഘര്‍ഷത്തിന്റെ കാലം കഴിഞ്ഞു. ഇനി പാശ്ചാത്യ സംസ്‌കാരവും മറ്റു സംസ്‌കാരങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ് പ്രധാനം. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ യുദ്ധമോഹത്തിനും ആയുധക്കച്ചവടത്തിനുമുള്ള പ്രത്യയശാസ്ത്രം മുന്‍കൂട്ടി നിര്‍ണ്ണയിച്ചു കൊടുക്കുകയാണ് അക്ഷരാര്‍ഥത്തില്‍ ഹണ്ടിങ്ങ്ടണ്‍ ചെയ്തത്.

ഇന്ത്യയുള്‍പടെ പതിനഞ്ച് സംസ്‌കാരങ്ങളെ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അദ്ദേഹം രണ്ട് വൈരുദ്ധ്യങ്ങളെയാണ് അമേരിക്കന്‍ ഇംപീരിയലിസത്തിനു മുമ്പാകെ വെക്കുന്നത്. ഒന്ന്, പാശ്ചാത്യ ലോകവും ഇസ്ലാമും എന്ന വൈരുദ്ധ്യം. രണ്ട്, പാശ്ചാത്യ ലോകവും ചൈനയും എന്ന വൈരുദ്ധ്യം. സാമ്രാജ്യത്വത്തിന്റെ താത്പര്യങ്ങള്‍ക്കപ്പുറം ഈ വൈരുദ്ധ്യങ്ങള്‍ക്ക് നിലനില്‍പോ അസ്തിത്വമോ ഇല്ല. അപ്പോള്‍ കരിശുയുദ്ധത്തിന്റെ കാലം മുതല്‍ക്കുള്ള പഴയ ശത്രുവിനെ വീണ്ടും ആക്രമണത്തിനായി തെരഞ്ഞെടുക്കുകയാണ് സാമ്രാജ്യത്വം സ്വീകരിക്കുന്ന സമീപനം.

മിഡില്‍ ഈസ്റ്റിന്റെ ചരിത്രം, അവിടുത്തെ മനുഷ്യരുടെ ചരിത്രം, അവരുടെ ജീവിതരീതി, മതം പ്രചരിപ്പിച്ച മാര്‍ഗങ്ങള്‍ എന്നിവയെ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഏതെങ്കിലും തരത്തില്‍ മറ്റുള്ളവരോട് ശത്രുതാപരമായി വൈരുദ്ധ്യമുണ്ടാകേണ്ട ഒന്നും തന്നെ ഇസ്ലാമിലോ മിഡില്‍ ഈസ്റ്റിലോ ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. അത്തരമൊരു സ്ഥലകാലത്തിലേക്കാണ് ഹണ്ടിങ്ങ്ടണ്‍ തന്റെ സിദ്ധാന്തം ഒരു തിട്ടൂരം പോലെ അമേരിക്കക്ക് എഴുതിക്കൊടുക്കുന്നത്. അങ്ങനെ, നൂറ്റാണ്ടുകളായി പാശ്ചാത്യ ലോകം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്ന ഇസ്ലാമിനെക്കുറിച്ചുള്ള പ്രതിനിധാന ആഖ്യാനങ്ങള്‍ ക്ലാഷ് ഓഫ് സിവിലൈസേഷനിലൂടെ ഹംന്‍ടിംടന്‍ പുന:സ്ഥാപനവത്കരിക്കുകയായിരുന്നു. സൈദിന്റെ ഓറിയന്റലിസം അതിന്റെ പുസ്തകത്തിന്റെ മുഖ്യപ്രമേയമാക്കിയ ഇസ്ലാമിനെ പ്രശ്‌നവത്കരിക്കുക എന്നത് ഹണ്ടിങ്ങ്ടണ്‍ തീസിസിന്റെ കാലമായപ്പോള്‍ കൂടുതല്‍ പ്രസക്തമായിത്തത്തീര്‍ന്നു.

1990 കളില്‍ പുനര്‍വിചിന്തനം ചെയ്യപ്പെട്ട ഇസ്ലാമിനെ കുറിച്ചാണ് ദീര്‍ഘവീക്ഷണത്തോടെ സൈദ് പ്രതിപാദിക്കുന്നത്. മാത്രവുമല്ല, ഇസ്ലാമിക് ടെററിസം എന്ന വാക്കുപോലും രൂപപ്പെടുന്നത് ഹണ്ടിങ്ങ്ടണ്‍ന്റെ പുസ്തകത്തെ തുടര്‍ന്നാണ്. കാരണം, ഇല്ലാത്ത ഒരു തീവ്രവാദത്തെ അമേരിക്ക കണ്ടെടുക്കുകയാണ്. 9/11 പോലുള്ള, ഇസ്ലാമിക ടെററിസം എന്ന പേരില്‍ ഇന്നറിയപ്പെടുന്ന പ്രവൃത്തികള്‍ അഭൂതപൂര്‍വ്വമാണെന്നല്ല ഞാന്‍ പറയുന്നത്. പ്രത്യുത, അത്തരം പ്രശ്‌നങ്ങള്‍ ആദ്യമായിട്ടല്ല ലോകത്തുണ്ടാകുന്നത് എന്നാണ്. ചെറിയ ചെറിയ സംഘങ്ങള്‍ ആക്രമണത്തിന്റെ വാന്‍ഗാര്‍ഡ് ആയി വരികയും നിരവധി സിവിലിയന്‍ മരണങ്ങളില്‍ കലാശിക്കുകയും ചെയ്ത സംഭവങ്ങള്‍ രണ്ടാം ലോകയുദ്ധശേഷംതന്നെ ഉണ്ടായിട്ടുണ്ട്.

അതില്‍നിന്നും വിഭിന്നമായി, ഇത് ലോകം മുഴുവന്‍ സംഘടിതമായി ചെറുക്കേണ്ടതാണെന്നും, ഇതിന് അറുതിവരുത്തേണ്ടത് ലോകത്തിന്റെതന്നെ ഉത്തരവാദിത്തമാണെന്നും, അത്തരത്തിലുള്ള ഒരു ശത്രുവായ ഇസ്ലാമില്‍നിന്നാണ് തീവ്രവാദം ഉത്ഭവിക്കുന്നതെന്നുമുള്ള വ്യവഹാരം വ്യാപകമാകുന്നത് ക്ലാഷ് ഓഫ് സിവിലിസേഷനു ശേഷമാണ്.
ഇസ്ലാമിക ദൈവശാസ്ത്രത്തെ സമ്പൂര്‍ണമായി പ്രതിരോധിക്കാനായി എഴുതിയ പുസ്തകമല്ല, ഓറിയന്റലിസം. എഡ്വേഡ് സൈദ് തന്നെ ഈ കാര്യം വ്യക്തമാക്കിക്കൊണ്ട് പറയുന്നു: ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ചില കാര്യങ്ങള്‍ സത്യസന്ധമായി തുറന്നു പറയുന്നത്, പ്രതിരോധിക്കണമെന്ന ഉദ്ദേശത്തോടെയല്ല. മറിച്ച്, കാര്യങ്ങളുടെ നിജസ്ഥിതി അറിയാനുള്ള വസ്തുതാപരമായ ചീത്രീകരണമാണ് അയാള്‍ നല്‍കാന്‍ ശ്രമിക്കുന്നത്. ഒരര്‍ഥത്തില്‍, ഇസ്ലാമെന്ന മതത്തെ, സംസ്‌കാരത്തെ, ജീവിതരീതിയെ പാശ്ചാത്യലോകം കഴിഞ്ഞ ഇരുന്നൂറ് വര്‍ഷംകൊണ്ട് വികലമായ രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതിന്റെ ചരിത്രപരമായ വിവരണം കൂടിയാണ് സൈദ് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഈ വ്യവഹാരത്തിന്റെ പ്രാധാന്യം പുസ്തകത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങുന്നതോ, പുസ്തകം കൈകാര്യം ചെയ്യുന്ന ചരിത്ര കാലഘട്ടത്തില്‍ പരിമിതപ്പെടുന്നതോ അല്ല. മറിച്ച്, പ്രസ്തുത ആഖ്യാനത്തിനുമുമ്പും ശേഷവും നിലനിന്നിരുന്ന ലോകരാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെക്കൂടി ഉള്‍ക്കൊള്ളിക്കുന്നതാണ്.

ഈ ചര്‍ച്ചയില്‍ ഞാന്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു പ്രശ്‌നം സൈദിന്റെ മാര്‍ക്‌സ് വിമര്‍ശനത്തെ എങ്ങനെ മനസ്സിലാക്കണം എന്നതാണ്. കാള്‍ മാര്‍ക്‌സിന്റെ ഓറിയന്റലിസ്റ്റ് സമീപനത്തെക്കുറിച്ച് സൈദ് തന്റെ പുസ്തകത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. മാര്‍ക്‌സിന്റെ സാമ്പത്തിക വിശകലനം ലക്ഷണമൊത്ത ഓറിയന്റലിസ്റ്റ് ഉദ്യമമാണെങ്കില്‍പോലും, അദ്ദേഹത്തിന് യാതനകള്‍ അനുഭവിക്കുന്നവരോട് അലിവുതോന്നുന്ന ഒരു മാനവിക ബോധമുണ്ടായിരുന്നെന്ന്, സൈദ് എടുത്തുപറയുന്നുണ്ട്. മാര്‍ക്‌സിനെക്കുറിച്ച് നടത്തുന്ന ഒരു വിമര്‍ശനമാണിത്. കംയുനിസ്‌റ് മാനിഫെസ്റ്റോയില്‍ കോളനിവത്കരണത്തിന് രണ്ടുതരം സാധ്യതകളുണ്ടെന്ന് മാര്‍ക്‌സ് നിരീഷിച്ചിട്ടുണ്ട്. അതിലൊന്ന്, കോളനിവത്കരണത്തിന് വിധേയമാകുന്ന സമൂഹങ്ങള്‍ വിവിധങ്ങളായ പ്രത്യാഘാതങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നു.

മറ്റൊന്ന്, നിശ്ചലമായ(static) ഇത്തരം സമൂഹങ്ങള്‍ കോളണിവാഴ്ചയെത്തുടര്‍ന്ന് ചലനാത്മകമാകുന്നു(dynamic). കൊളോണിയലിസത്തില്‍ ഉള്ളടങ്ങിയിരിക്കുന്ന ഒരു സവിശേഷതയായി മാര്‍ക്‌സ് ഈ ചലനാത്മകതയെ കണ്ടിരുന്നു. ഗായത്രി സ്പിവാക്കിനെ പോലെയുളളവര്‍ കൊളോണിയലിസത്തില്‍ നിയോഗിക ശക്തിയുണ്ടെന്ന് (enabling power) പ്രസ്താവിച്ചിട്ടുണ്ട്. ഈയൊരു ധാരണ മാര്‍ക്‌സിനുണ്ടായിരുന്ന കാലത്ത് മാര്‍ക്‌സ് എഴുതിയ കൃതികള്‍ വായിച്ചിട്ടാണ് സൈദ് പ്രസ്തുത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍, അതിനു ശേഷം 1973 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട മാര്‍ക്‌സിന്റെ നരവംശ ശാസ്ത്ര കുറിപ്പുകളിള്‍ (Ethnological Notebooks) ചലനാത്മല്ലാത്ത സമൂഹങ്ങളുടെ സമുച്ചയമാണ് ഓറിയന്റ് എന്ന തന്റെ മുന്‍ധാരണയെ പൂര്‍ണ്ണമായും മാര്‍ക്‌സ് തള്ളിക്കളയുന്നുണ്ട്. എന്നുമാത്രമല്ല ഗോത്രസമൂഹങ്ങളിലും മറ്റു പൗരസ്ത്യ സമൂഹങ്ങളിലും നിലനിന്നുരുന്ന ചലനാത്മകതയെയും അവിടങ്ങളില്‍ കാണപ്പെട്ട ജനാധിപത്യ പ്രക്രിയകളെയും അംഗീകരിച്ചുകൊണ്ട് , ആധുനിക മുതലാളിത്വത്തിന്റെ മാധ്യസ്ഥതയില്ലാതെ രാഷ്ട്രീയ പരീക്ഷണങ്ങളിലേക്ക് പോകാന്‍ പ്രാപ്തിയുള്ള സമൂഹങ്ങളായി ഇവയെ മാര്‍ക്‌സ് നോക്കിക്കാണുകയും ചെയ്തിരുന്നു.

ഈജിപ്റ്റിലും ഇസ്ലാമിക രാജ്യങ്ങളിലും അള്‍ജീരിയയിലും ഫ്രാന്‍സ് നടപ്പാക്കിയ അധിനിവേശത്തെക്കുറിച്ച് മാര്‍ക്‌സ് എഴുതിയിട്ടുണ്ട്. കൂടാതെ, ഫ്രാന്‍സ് ഭേദഗതി ചെയ്ത ഭൂനിയമങ്ങള്‍ അധിനിവേശ പ്രദേശങ്ങളിലേക്കുള്ള ഫ്രഞ്ച് അധിവാസികളുടെ കുടയേറ്റങ്ങള്‍ എളുപ്പമാക്കാന്‍ വേണ്ടിയാണെന്നും അറബികളില്‍നിന്നുള്ള ഭാവി പ്രതിരോധങ്ങള്‍ക്കുള്ള വിഭവശേഷി ഇല്ലാതാക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. യാതനകള്‍ കണ്ടാല്‍ വേദനിക്കുന്ന ഒരു ഹൃദയമുണ്ടായിരുന്നതുകൊണ്ടു മാത്രമല്ല, കൊളോണിയലിസമെന്നാല്‍ താന്‍ മുന്‍പ് ധരിച്ചുവെച്ചിരുന്നതുപോലെ ചലനാത്മകത സൃഷ്ടിക്കുന്നില്ലെന്നു മാത്രമല്ല, ആദിമ സമൂഹങ്ങളുടെ ചലനാത്മകതയെ സംഹരിക്കുന്ന പ്രത്യയശാസ്ത്ര കടന്നുകയറ്റമാണെന്ന തിരിച്ചറിവില്‍നിന്നാണ് മാര്‍ക്‌സ് ആദ്യകാല ഓറിയന്റലിസ്റ്റ് വിമര്‍ശകരില്‍ ഒരാളായി നരവംശശാസ്ത്ര കുറിപ്പുകളുടെ കാലത്തു ധൈഷണികമായ മാറി ചിന്തിക്കുന്നത് . ഇക്കാര്യം ഞാന്‍ എന്റെ ”നരവംശശാസ്ത്ര കുറിപ്പുകളിലെ കാള്‍ മാര്‍ക്‌സ്” (പ്രോഗ്രസ്സ് കോഴിക്കോട്, 2023) എന്ന പുസ്തകത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

ഓറിയന്റലിസത്തിലെ പരിമിതികള്‍കളെക്കുറിച്ചുള്ള വിമര്‍ശനംപോലെ പ്രധാനമാണ് അതിനെ സ്വാംശീകരിക്കാനുള്ള വലതുപക്ഷ ശ്രമങ്ങളെ പ്രതിരോധിക്കുക എന്നതും. ഇതുപോലെ തന്നെ പ്രധാനമാണ്, ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയാവസ്ഥയെ വിമര്‍ശിക്കാന്‍ സഹായിക്കുന്ന ഓറിയന്റലിസം എന്ന വിചാരമാതൃകയെ അഭിനവ ഹിന്ദുത്വവാദികള്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ്. അതാണ് നാം സംസ്‌കൃത ഭാഷയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ കണ്ടുകൊണ്ടിരിക്കുന്നതും. ഓറിയന്റലിസ്റ്റുകള്‍ എങ്ങനെയാണോ ഓറിയന്റിനെക്കുറിച്ചുള്ള ചിത്രം രൂപീകരിച്ചത്, അതുപോലെ സംസ്‌കൃതത്തെ ആക്രമിക്കാന്‍ വരുന്ന ഒരു കൂട്ടം ആളുകളുടെ ഭാവനാത്മകമായ ചിത്രം സൃഷ്ടിക്കുകയാണ് ബാറ്റില്‍ ഫോര്‍ സാന്‍സ്‌ക്രിറ്റ് (Battle for Sanskrit)എന്ന പുസ്തകത്തില്‍ രാജീവ് മല്‍ഹോത്രയെ പോലുള്ള ഹിന്ദുത്വവാദികള്‍ ചെയ്യുന്നത്.

ഇന്ത്യയുടെ പാരമ്പര്യം, ആദ്യകാല ഭരണകൂടങ്ങള്‍, സാഹിത്യം, ജാതി വ്യവസ്ഥ എന്നിവയെ ആഴത്തില്‍ പഠിക്കാന്‍ സംസ്‌കൃത ഗ്രന്ഥങ്ങളെ ആധാരമാക്കുന്ന ഷെള്‍ഡണ്‍ പൊള്ളോക്കിനെപോലുള്ള ആധുനിക സംസ്‌കൃത പണ്ഡിതന്മാരെയാണ് അമേരിക്കന്‍ ഓറിയന്റലിസ്റ്റുകളെന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇവര്‍ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുന്നത്. ചുരുക്കത്തില്‍, ഇസ്ലാമിനെ എങ്ങനെയാണോ പാശ്ചാത്യര്‍ പ്രതിനിധാനം ചെയ്യാനായി ഓറിയന്റലിസമെന്ന പ്രത്യയശാസ്ത്രം നിര്‍മ്മിച്ചത്, അതേ പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടുപയോഗിച്ച് ഹിന്ദുത്വയെ സാധൂകരിക്കാന്‍ ശ്രമിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ കാണുവാന്‍ കഴിയുന്നത്.

സംസ്‌കൃതം ആരുടെയും വിനിമയ ഭാഷയല്ല എന്നിരിക്കിലും, മറ്റും ഭാഷകളെ അവഗണിക്കുകയോ നാമമാത്ര സഹായങ്ങള്‍മാത്രം അനുവദിക്കുകയോ ചെയ്ത, കേന്ദ്ര സര്‍ക്കാര്‍ സംസ്‌കൃതത്തിനായി 650 കോടിയാണ് കഴിഞ്ഞാണ് വര്‍ഷങ്ങളില്‍ മാറ്റിവച്ചത്. മാത്രമല്ല, സംസ്‌കൃതം അമേരിക്കന്‍ പണ്ഡിതന്മാര്‍ കൈവശപ്പെടുത്താന്‍ പോകുന്നു എന്നൊരു ഭീതിയും അവര്‍ സൃഷ്ടിയ്ക്കുന്നുണ്ട്. പഴയ യൂറോപ്യന്‍ ഓറിയന്റലിസത്തെക്കാള്‍ അപകടകാരിയായ ഒന്നാണ് അവര്‍ ‘അമേരിക്കന്‍ ഓറിയന്റലിസം’ എന്ന് വിളിക്കുന്ന, സംസ്‌കൃതത്തെ രാഷ്ട്രീയമായി സമീപിക്കാനുള്ള അക്കാദമിക് നിലപാടുകള്‍ എന്നൊരു തെറ്റായ വാദം അവര്‍ ഉയര്‍ത്തുന്നു. ഇതാവട്ടെ കൃത്യമായ അര്‍ത്ഥത്തില്‍ സൈദിന്റെ ഓറിയന്റലിസ്‌റ് സങ്കല്‍പ്പത്തെത്തന്നെ അട്ടിമറിക്കുന്ന വലതുപക്ഷ സമീപനമാണ്. ഓറിയന്റലിസത്തിനെതിരെയുള്ള വിമര്‍ശനം ഇത്തരത്തിലുള്ള വിഭാഗീയശക്തികള്‍ അവരുടെ സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി വളച്ചൊടിക്കുകയാണോ എന്ന് ചിന്തിക്കേണ്ട രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുന്നു. മുന്‍പ് സൂചിപ്പിച്ചതുപോലെ, ഓറിയന്റലിസത്തെക്കുറിച്ചുള്ള ചര്‍ച്ച അദ്ദേഹമെഴുതിയ ഒരു പുസ്തകമെന്ന പേരില്‍മാത്രം നടത്താന്‍ സാധിക്കില്ല. കാരണം, ഓറയന്റലിസം എന്ന പുസ്തകം അതിന്റെ 45-ാം വാര്‍ഷികത്തില്‍ എടുത്തെറിയപ്പെട്ടിരിക്കുന്നത് പ്രശ്‌നകലുഷിതമായ ഒരു സമകാലിക രാഷ്ട്രീയ സന്ദര്‍ഭത്തിലേക്കാണ്.

നേരത്തെ പരാമര്‍ശിച്ചതുപോലെ ഓറിയന്റലിസ്റ്റുകളെ അമേരിക്കന്‍ എന്നും യൂറോപ്യന്‍ എന്നും രണ്ടായി തരംതിരിക്കുന്നുണ്ട് മല്‍ഹോത്ര എന്നത് കൂടുതല്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. അതില്‍ അമേരിക്കന്‍ ഓറിയന്റലിസത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട ആവശ്യമെന്നും മെല്‍ഹോത്ര പറയുന്നു എന്നത് വലതുപക്ഷ സമീപനത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്ര ദൗത്യവും വെളിവാക്കുന്നുണ്ട്. 9/11, ഇറാഖ് യുദ്ധം, ഫലസ്തീന്‍ പ്രശ്‌നം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ ഇസ്ലാമിനെ വീണ്ടും പൈശാചികവത്കരിക്കനുള്ള ശ്രമം ഔദ്യോഗിക അമേരിക്കന്‍ ഓറിയന്റലിസം നടത്തുന്നുണ്ട്. അതിനോട് യാതൊരു വിധത്തിലുള്ള എതിര്‍പ്പും പ്രകടിപ്പിക്കാത്ത ഹിന്ദുത്വവാദികളുടെ ഏക വേവലാതി അമേരിക്കയിലെ സംസ്‌കൃത പണ്ഡിതര്‍ സംസ്‌കൃതം പഠിക്കുന്നതും ഹാര്‍വാര്‍ഡ്, കൊളംബിയ സര്‍വകലാശാലകളില്‍ സംസ്‌കൃത പഠനത്തിനായി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതുമാണ്. അതിനെയാണ് അവര്‍ അമേരിക്കന്‍ ഓറിയന്റലിസമായി വ്യാഖ്യാനിക്കുന്നത്.
ഓറിയന്റലിസം ഒരു പരികല്പന എന്നതിലുപരി ഫുക്‌ളഷ്യന്‍ അര്‍ത്ഥത്തിലുള്ള ഒരു വ്യവഹാരമാണ് എന്ന് സൈദ് പറയുന്നുണ്ട്.

വ്യവഹാരമായതിനാല്‍ത്തന്നെ നിരന്തരം കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമാകുന്ന ആശ്യമാണത്. അതിനാല്‍ ഏതുതരം കൂട്ടിച്ചേര്‍ക്കലുകളാണ് എഡ്വേഡ് സൈദിന്റെ രാഷ്ട്രീയത്തോട് പ്രതിബദ്ധമായിട്ടുള്ളതെന്നും അതിന്റെ വിപ്ലവാത്മകത ചോര്ത്തുന്ന പ്രതിലോമ സമീപനമായിട്ടുള്ളതെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. ശീതയുദ്ധത്തിന്റെ ഇടവേളക്കുശേഷം അമേരിക്കയും യൂറോപ്പും ഇസ്ലാമിനെ ‘വീണ്ടും’ അയാഥാര്‍ത്ഥ്യമായി പ്രതിനിധീകരിക്കാന്‍ തുടങ്ങി. ‘വീണ്ടും’ എന്ന് എടുത്തുപറയാനുള്ള കാരണം ഇതിനു സമാനമായ പ്രവൃത്തികളാണ് കുരിശുയുദ്ധകാലം മുതല്‍ രണ്ടാം ലോകയുദ്ധംവരെ യുറോപ്പിന്റെ ഭാഗത്തുനിന്നുമുണ്ടായത് . ശീതയുദ്ധകാലത്തെ സംയമനം രാഷ്ട്രീയമായ ഒരു തന്ത്രം മാത്രമായിരുന്നു.

ഉദാഹരണത്തിന്, മഗ്രിബിലുണ്ടായ വൈജ്ഞാനിക ഇടപെടലുകളില്‍നിന്ന് ഊര്‍ജ്ജമാര്‍ജിച്ചാണ് യുറോപ്യന്‍ നവോത്ഥാനംപോലും ഉരുവം കൊള്ളുന്നത്. എന്നാല്‍, ആ വൈജ്ഞാനിക ധാരയുടെ സംക്രമണത്തെ സമ്പൂര്‍ണ്ണമായും മൂടിവെച്ചുകൊണ്ട് വൈജ്ഞാനിക കൃതികളൊക്കെത്തന്നെയും യുറോപ്പിന്റെ സംഭാവയാണെന്നാണ് യുറോപ്പ് പ്രചരിപ്പിക്കുന്നത്. മലയാളിയും ഗണിത ശാസ്ത്രത്തിന്റെ ചരിത്രകാരനുമായ ജോര്‍ജ് ജീവര്‍ഗീസ് ജോസഫ് രചിച്ച ക്രെസ്റ്റ് ഓഫ് പീക്കോക്ക് എന്നൊരു പുസ്തകമുണ്ട് (Crest of Peacock: Non-European Roots of Mathematics). ഗണിതശാസ്ത്രത്തിന്റെ യൂറോപ്പിതര വേരുകളെന്നാണ് അതിന്റെ ഉപശീര്‍ഷകം. കാല്‍ക്കുലസ്, ഇന്‍ഫിനിറ്റ് സീരീസ് എന്നീ സിദ്ധാന്തങ്ങള്‍ ഇന്ത്യയിലും (കേരളം അതിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു) മറ്റു പൗരസ്ത്യനാടുകളിലും (ചൈന ഉദാഹരണം) യൂറോപ്പിനു മുന്‍പോ, സമകാലികമായോ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം സമര്‍ഥിക്കുന്നു.
മാര്‍ട്ടിന്‍ ബര്‍നാലിന്റെ ബ്ലാക്ക് അഥീന (Black Athena)എന്ന പുസ്തകത്തെക്കുറിച്ച് സൈദ് 1995-ല്‍ എഴുതിയ ഓറിയന്റലിസത്തിന്റെ ആഫ്റ്റര്‍വേഡില്‍ പരാമര്‍ശിക്കുന്നുണ്ട്.

യുറോപ്പും അമേരിക്കയും തങ്ങളുടെ കുത്തകയെന്ന് അവകാശപ്പെടുന്ന അറിവുകളുടെ ഉപാദാനം യഥാര്‍ഥത്തില്‍ ഈജിപ്ഷ്യന്‍ നാഗരികതയില്‍നിന്ന് ദാര്‍ശനികമായും വൈജ്ഞാനികമായും കടംകൊണ്ട ഗ്രീക്ക് സംസ്‌കാരമാണെന്ന് രേഖാസഹിതം വിശദീകരിക്കുന്ന രണ്ടു വാല്യങ്ങളുള്ള കൃതിയാണ് ബര്‍ണന്റേത്. വൈജ്ഞാനികമായി മിഡില്‍ ഈസ്റ്റ് സൃഷ്ടിച്ച വിപുലമായ ജ്ഞാനസ്രോതസ്സുകളെ തമസ്‌കരിച്ചുകൊണ്ട്, അവയെല്ലാം യുറോപ്യന്‍ നിര്‍മ്മിതിയാണെന്ന തെറ്റുധാരണ നമുക്കിടയില്‍ രൂഢമൂലമാക്കുന്ന പ്രക്രിയയെക്കൂടിയാണ് സൈദ് ഓറിയന്റലിസം എന്ന് വിളിക്കുന്നത് .

ധൈഷണികപ്രവൃത്തി എന്ന തലത്തില്‍ മാത്രം പരിമിതപ്പെടാതെ, ആ ധൈഷണിക വൃത്തത്തിന്റെ വിപുലമായ രാഷ്ട്രീയ അനുരണനങ്ങളെക്കൂടി ഉള്‍കൊള്ളുന്നിടത്താണ് സൈദിന്റെ സമീപനം പ്രസക്തിയാര്‍ജ്ജിക്കുന്നത്. മാര്‍ക്‌സിന്റെ ലൂയി ബോണപ്പാര്‍ത്തിന്റെ ബ്രൂമയര്‍ 18 (18th Brumaire of Louis Bonaparte) എന്ന പുസ്തകത്തില്‍നിന്നുമുള്ള ഒരു ഉദ്ധരണി ഓറിയന്റലിസത്തിന്റെ എപിറ്റെഫായി എഡ്വേഡ് സൈദ് ഉപയോഗിക്കുന്നുണ്ട്. ‘They cannot represent themselves, they must be represented’ എന്നതാണത് . പ്രതിനിധാനശേഷിയില്ലാത്ത ഒരു വിഭാഗത്തെ പ്രതിനിധാനം ചെയ്യേണ്ടത് നമ്മുടെ കര്‍ത്തവ്യമാണെന്ന് ധ്വനിപ്പിക്കുന്ന ഈ വാചകം ഫ്രാന്‍സിലെ വര്‍ഗ സമരവുമായി ബന്ധപ്പെട്ട് മാര്‍ക്‌സ് എഴുതിയതാണ്. അവിടുത്തെ ചെറുകിട കര്‍ഷകര്‍ഷകരുടെ വര്‍ഗ്ഗസ്ഥാനം നിര്‍ണ്ണയിക്കുന്നതിന് ഈയൊരു പ്രതിനിധാനം അനിവാര്യമായിരുന്നു. ഇതേരീതിയില്‍, ഇസ്ലാമിന്റെയും അറബ് ജനതയുടെയും കര്‍തൃത്വം നിഷേധിച്ചുകൊണ്ട്, അവരെ പ്രതിനിധാനം ചെയ്യാനുള്ള കര്‍ത്തവ്യം യൂറോപ്പ് ഏറ്റെടുക്കുകയുമായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ഉള്ളടക്കം തുറന്നു കാണിക്കാന്‍ വേണ്ടിക്കൂടിയാണ് പ്രാരംഭത്തില്‍തന്നെ സൈദ് ഈ വാചകം ഉദ്ധരിക്കുന്നത്.

പ്രതിനിധാനശേഷി നഷ്ടപ്പെട്ട ഒരു ജനവിഭാഗമാണ് ഇസ്ലാമും മിഡില്‍ ഈസ്റ്റും എന്ന ധാരണ പ്രചരിപ്പിക്കുകവഴി, തങ്ങളുടെ അധിനിവേശങ്ങള്‍ക്ക് ആധികാരികത ലഭിക്കാനുള്ള രാഷ്ട്രീയ മിച്ചമൂല്യം സൃഷ്ടിക്കുകയാണ് വാസ്തവത്തില്‍ യുറോപ്പും അമേരിക്കയും ചെയ്യുന്നത്. ഈയൊരു യാഥാര്‍ത്ഥ്യം നേരത്തേ തിരിച്ചറിയുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്തുവെന്നിടത്താണ് സൈദിന്റെ ഓറിയന്റലിസം പ്രസക്തമാകുന്നത്. പാശ്ചാത്യലോകത്തിന്റെ ശത്രുവെന്ന് പറഞ്ഞാല്‍ അവരെ സംബന്ധിച്ചിടത്തോളം ലോകത്തിന്റെതന്നെ ശത്രുവെന്നാണ്. ‘ഒന്നുകില്‍ ഞങ്ങളോടൊപ്പം അല്ലെങ്കില്‍ അവരോടൊപ്പം’ എന്ന് ഇറാഖ് യുദ്ധവേളയില്‍ ജോര്‍ജ് ബുഷ് പറയുന്നത് ചൈനയേയോ ഇന്ത്യയേയോ മുന്‍നിര്‍ത്തിയല്ല. നേരെമറിച്ച്, ഇസ്ലാമിനെ മുന്നില്‍ കണ്ടുകൊണ്ട് മാത്രമാണ്.

ഇവിടെ , ചൈന പരികല്പിക്കപ്പെടുന്നത് ഇസ്ലാമിനെപ്പോലെ ഒരു സാംസ്‌കാരിക വൈരുദ്ധ്യമെന്ന അര്‍ഥത്തിലല്ല. പകരം, ഇസ്ലാമിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോള്‍ ആരില്‍നിന്നും ആക്ഷേപം കേള്‍ക്കാതിരിക്കാന്‍ വേണ്ടിയാണ്. അത്തരത്തില്‍, ഈ വ്യവഹാരത്തിന് ഒരു പ്രതിവ്യവഹാരം ഉണ്ടാകുമ്പോള്‍തന്നെ, സ്വയം വിപുലീകൃതമാകാന്‍ കെല്പുള്ള പ്രത്യയശാസ്ത്രമായി ഓറിയന്റലിസത്തെ സൈദ് മനസ്സിലാക്കിയിരുന്നു. കേവലമൊരു ധൈഷണിക വ്യായാമത്തില്‍ മുഴുകുന്നതിനുപകരം ശീതയുദ്ധാനന്തരമുള്ള രാഷ്ട്രീയ സാമൂഹിക വ്യതിയാനങ്ങളെയും അനുരണങ്ങളെയും സൂക്ഷ്മമായി സമീപിക്കുകയും അപഗ്രഥിക്കുകയും ചെയ്ത ബുദ്ധിജീവിയാണ് എഡ്വേഡ് സൈദ്. ഈയര്‍ഥത്തില്‍ നോക്കുമ്പോള്‍, വളരെ സമകാലികനാണ് എഡ്വേഡ് സൈദ് എന്ന് മനസ്സിലാക്കുവാന്‍ കഴിയും. കൊളോണിയലിസത്തിന്റെ ഓറിയന്റലിസ്‌റ് വംശാവലിയില്‍നിന് നിയോകോളോണിയലിസത്തെ മനസ്സിലാക്കാനുള്ള ഒരു വിചാരമാതൃകകൂടി വികസിപ്പിച്ചു എന്നതാണ് 45 വര്‍ഷത്തിനുശേഷവും ഓറിയന്റലിസം എന്ന പുസ്തകത്തെ പ്രസക്തമാക്കുന്നത്.

ഡോ. ടി ടി ശ്രീകുമാര്‍

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.