Thelicham

ഖിവാമ: സ്ത്രീ പുരുഷ അധികാര ബന്ധങ്ങള്‍

പുരുഷന് മേല്‍ക്കോയ്മയുള്ള അധികാരവ്യവസ്ഥ എതിന്ന് പകരം സ്ത്രീയുടെ അവകാശങ്ങളെയും സ്ത്രീയെ തന്നെയെും സംരക്ഷിക്കാനുള്ള സുവിശേഷ ഘടനയുള്ള സംവിധാനം എന്ന നിലക്കാണ് ഖിവാമ മനസിലാക്കപ്പെടേണ്ടത്.
ഒരു രാഷട്ര സംവിധാനത്തെയോ ഉദ്യോഗസംവിധാനത്തെയോ പാര്‍ട്ടിയെയോ നയിക്കുന്ന നേതാവ്, മേലുദ്യഗസ്ഥന്‍ എന്നിവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരോട് ഇടപഴകുമ്പോള്‍ എന്തെല്ലാം ജനാധിപത്യ മാനവിക മൂല്യങ്ങള്‍ പാലിക്കുന്നുവോ അതെല്ലാം ഖിവാമയില്‍ സ്ത്രീയും പുരുഷനും പരസ്പരം പാലിക്കണമെന്ന് വിലയിരുത്താവുന്നതാണ്. ഭരണ സൗകര്യത്തിനുള്ളഘടനാപരമായ വിന്യാസം മാത്രമാണ് ഉദ്യോഗ തലങ്ങളില്‍ നിലനില്ക്കുന്നത് എന്നതു പോലെ തന്നെ കുടുംബം എന്ന അടിസ്ഥാനപരമായ സാമൂഹിക സ്ഥാപനത്തിന്റെ ഇഴയടുപ്പമുള്ള നിലനില്‍പാണ് ഖിവാമ ലക്ഷീകരിക്കുത്

സ്ത്രീയും പുരുഷനും തമ്മിലുള്ള അധികാര ബന്ധങ്ങളെ സംബന്ധിച്ച ചര്‍ച്ചകളില്‍ പൊതുവെയും ഫെമിനിസ്റ്റ് വ്യവഹാരങ്ങളില്‍ പ്രത്യേകിച്ചും ചൂടേറിയ ചര്‍ച്ചകള്‍ക്ക് പാത്രമായ ഖുര്‍ആനിക സൂക്തമാണ് സൂറത്തുന്നിസാഇലെ 34-ാമത്തെ ആയത്ത്. ‘പുരുഷന്മാര്‍ സ്ത്രീക്കുമേല്‍ നിയന്ത്രണാധികാരമുള്ളവരാണ്’, പുരുഷന്‍ സ്ത്രീയുടെ കാര്യനിര്‍വാഹകനാണ്’ ‘തുടങ്ങിയ പ്രാഥമികമായ അര്‍ഥങ്ങള്‍ ഇതിന് കല്‍പിക്കപ്പെടുന്നു. ഈ കാര്യ നിര്‍വഹണം അധികാരം കൈയാളുക എന്നതിനു പകരം കുടുംബം നില നിര്‍ത്തുക എന്ന തത്വത്തിലധിഷ്ഠിതമായ ഒരു വ്യവസ്ഥയായി ക്ലാസിക്കല്‍ മുസ്‌ലിം പണ്ഡിത വൃത്തങ്ങളില്‍ സജീവമായി നിലനിന്നിട്ടുണ്ട്. ഈ വ്യവസ്ഥയെയാണ് ഖിവാമ എന്ന് പൊതുവെ വ്യവഹരിക്കപ്പെടുന്നത്. ഖുര്‍ആന്‍ ഇതിനെ പരിചയപ്പെടുത്തുന്നത് ഖവ്വാമൂന്‍ എന്ന പദമുപയോഗിച്ചാണ്. പുരുഷന്‍മാര്‍ സ്ത്രീകളുടെ ഖവ്വാമൂന്‍ ആണെന്നതാണ് ഇതിന്റെ താത്പര്യം. ഖിവാമ എന്ന മൂലധാതുവില്‍ നിന്നും നിഷ്പന്നമായതാണ് ഖവ്വാമൂന്‍. ഖുര്‍ആനികാധ്യാപനങ്ങളെ പൊതുവെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചര്‍ച്ചകളിലും, ഫെമിനിസ്റ്റ് വിചാരങ്ങളിലും ഖിവാമ ഒരു പ്രധാന വിഭവം തന്നെയാണ്. ആണധികാരവും മേല്‍ക്കോയ്മയും നിലനിര്‍ത്താനുള്ള സംവിധാനമായി വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് ഇത്തരം വ്യവഹാരങ്ങളില്‍ ഖിവാമയുടെ വിഭവമൂല്യം. അതിനാല്‍ കാലാകാലങ്ങളിലായി നിലനിന്ന് പോന്നിട്ടുള്ള ഖുര്‍ആന്‍ വ്യാഖ്യാന പാരമ്പര്യങ്ങളില്‍ ഖിവാമ എന്ന സംവിധാനം എങ്ങനെ മനസിലാക്കപ്പെട്ടു എന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ഖിവാമ എന്ന ആശയത്തിന് അമ്പരപ്പിക്കുന്ന അര്‍ഥവ്യാപ്തി മധ്യകാല ഖുര്‍ആനിക വ്യാഖ്യാനങ്ങള്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും, ആധുനിക യുക്തികളുടെ ചട്ടക്കൂടിലേക്ക് മതമൂല്യങ്ങളെ ഒതുക്കിനിര്‍ത്താനുള്ള പാച്ചിലുകള്‍ക്കിടയില്‍ സ്ത്രീസംബന്ധമായ ഇസ്‌ലാമിക പാരമ്പര്യങ്ങളെ മിനുക്കിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമല്ല ഈ ലേഖനമെന്നും അടിസ്ഥാനപരമായി മനസിലാക്കപ്പെടേണ്ടതുണ്ട്. ഖിവാമയെ വ്യാഖ്യാനിച്ച ക്ലാസിക്കല്‍ മുസ്‌ലിം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മുഴുവന്‍ സ്ത്രീവിരുദ്ധരായിരുന്നു എന്ന വിലയിരുത്തല്‍ ബാലിശമാണ്. ജീവിത പരിസരങ്ങളിലെയും സമകാലിക അധീശ വ്യവഹാരങ്ങളിലെയും ആണധികാര മൂല്യങ്ങളുടെ അംശങ്ങളെ ഇസ്‌ലാമിന്റെ മാനവിക മൂല്യങ്ങളുടെ സാകല്യത്തില്‍ വായിക്കുന്നതില്‍ അവര്‍ വിജയിച്ചിരുന്നു. തദ്ഫലമായി മധ്യകാലത്തെ നിയാമകമായ ആണ്‍കോയ്മ (പാട്രിയാര്‍ക്കല്‍ നോംസ്) യില്‍ നിന്ന് കുതറിമാറുന്നതില്‍ അവര്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

നിര്‍വചനം
പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുകയും ഖുര്‍ആനിലെ സാഹിത്യമൂല്യങ്ങളെ മൗലികമായി അപഗ്രഥിക്കുകയും ചെയ്ത ഇറാനിയന്‍ പണ്ഡിതനാണ് സമഖ്ശരി. ഒരു നേതാവ് തന്റെ അണികളോടും ഒരു രാജാവ് തന്റെ പ്രജകളോടും എങ്ങനെ വര്‍ത്തിക്കുന്നുവോ അത് പോലെയാണ് ഖിവാമയില്‍ ഒരു പുരുഷന്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു (തഫ്‌സീറുല്‍ കശാഫ്). പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഇറാനിയന്‍ പണ്ഡിതനായ അല്‍ബൈളാവിയും (തഫ്‌സീറുല്‍ ബൈളാവി) പത്തൊമ്പതാം നൂറ്റാണ്ട്ില്‍ ബഗ്ദാദില്‍ ജീവിച്ച ആലൂസിയും (റൂഹുല്‍ മആനി) ഇതേ മെറ്റഫറുകളിലൂടെ ഖിവാമയെ വിശദീകരിച്ചിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടുകാരനായ പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്‌നു കസീര്‍ പുരുഷന്‍ സ്ത്രീയുടെ മേല്‍നോട്ടക്കാരനാണെന്നും, സ്ത്രീയേക്കാള്‍ ഉന്നതനാണെന്നും സ്ത്രീയുടെ മേല്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ അര്‍ഹനാണെന്നും ഖിവാമയെ വിശദീകരിച്ചിട്ടുണ്ട്. (തഫ്‌സീറുല്‍ ഖുര്‍ആനില്‍ അളീം). പ്രസ്തുത പദപ്രയോഗങ്ങള്‍ നിലനിര്‍ത്തി കൊണ്ട് തന്നെ ആധുനിക വ്യാഖ്യാതാവായ വഹ്ബ സുഹൈലിയും (അത്തഫ്‌സീര്‍ അല്‍ മുനീര്‍) ഇതേ ആശയം ഖിവാമയെ കുറിച്ച് അവതരിപ്പിക്കുന്നു. ഖിവാമയെ പുരുഷന്റെ നേതൃപദവിയായിട്ടാണ് ഈജിപ്തിലെ മോഡേണിസ്റ്റ് പണ്ഡിതനായിരുന്ന മുഹമ്മദ് അബ്ദു തന്റെ തഫ്‌സീറുല്‍ മനാറില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി നേതൃത്വം എന്നര്‍ഥം വരുന്ന രിആസ എന്ന പദം തന്നെ അദ്ദേഹം ഉപയോഗിക്കുന്നു. നയിക്കപ്പെടുന്ന സ്ത്രീ നായകനായ പുരുഷന്റെ തീരുമാനങ്ങളെ പിന്തുടരണമെന്ന് അദ്ദേഹം കല്പിക്കുന്നു. എന്നാല്‍ ഇതിനര്‍ഥം, സ്ത്രീ അടിച്ചമര്‍ത്തപ്പെട്ടവളും, തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള മൗലികാവകാശം നിഷേധിക്കപ്പെട്ടവളുമല്ലെന്നും, ഖിവാമയുടെ അകത്തെ പുരുഷന്റെ ധര്‍മം നിര്‍ദേശകന്‍ (ഇര്‍ശാദ്), നിരീക്ഷകന്‍ (മുറാഖബ) എന്ന നിലയില്‍ മാത്രമാണെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. സ്ത്രീയുടെ ജീവിതസന്ധാരണത്തിനായി അദ്ധ്വാനിക്കുകയും ജീവിതകാലുഷ്യങ്ങളില്‍ നിന്ന് അവളെ പ്രതിരോധിക്കുകയും ചെയ്യുക എന്നീ ധര്‍മങ്ങളാണ് ഖിവാമയിലൂടെ പുരുഷന്‍ നിര്‍വഹിക്കേണ്ടത് എന്നാണ് കര്‍മശാസ്ത്രത്തിലൂന്നി ഖുര്‍ആന്‍ വ്യാഖ്യാനമെഴുതിയ ഇമാം ഖുര്‍ഥുബി നിരീക്ഷിച്ചത് (അല്‍ ജാമിഉ ലിഅഹ്കാമില്‍ ഖുര്‍ആന്‍). ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച ടുണീഷ്യക്കാരനായ ഇബ്‌നു ആശൂറും (അത്തഹ്‌രീര്‍ വത്തന്‍വീര്‍) സ്ത്രീയുടെ സംരക്ഷകന്‍ എന്ന പ്രമേയത്തെ മുന്‍ നിര്‍ത്തിയാണ് ഖിവാമയിലെ പുരുഷന്റെ ഉത്തരവാദിത്തത്തെ വിലയിരുത്തുന്നത്. ഖുര്‍ഥുബിയെ പോലെ തന്നെ സ്ത്രീയുടെ ജീവിത സന്ധാരണത്തിനാവശ്യമായവ സമ്പാദിക്കുക എന്നത് അവളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം വിലയിരുത്തുന്നു.
സ്ത്രീയും പുരുഷനും പരസ്പരം അവകാശങ്ങള്‍ പങ്കിട്ടെടുക്കുന്ന ഒരു സംവിധാനമായിട്ടാണ് പതിനൊന്നാം നൂറ്റാണ്ടിലെ മാലികി മദ്ഹബിലെ ആധികാരിക ശബ്ദങ്ങളിലൊരാളായ ഇബ്‌നുല്‍ അറബി ഖിവാമയെ ഗ്രഹിച്ചത്. സ്ത്രീയും പുരുഷനും വ്യക്തിപരമായി നിര്‍വഹിക്കുന്ന ചുമതലകള്‍ അന്യോന്യം രണ്ടു പേര്‍ക്കും അവകാശങ്ങളായി ഭവിക്കുന്നു എന്ന് തന്റെ അഹ്കാമുല്‍ ഖുര്‍ആനില്‍ ഇബ്‌നുല്‍ അറബി നിരീക്ഷിക്കുന്നു.
ഭാര്യക്ക് മഹ്ര്‍, ജീവിതച്ചെലവ് എന്നിവ നല്‍കുക, ഏറ്റവും അഭിലഷണീയമായ രീതിയില്‍ അവളോട് പെരുമാറുക, വിവാഹ ബന്ധം പവിത്രവും സുരക്ഷിതവുമായി സംരക്ഷിക്കുക, സ്ത്രീയെ ദൈവിക ചിന്തയിലേക്ക് നയിക്കുക എന്നിവ ഭര്‍ത്താവിന്റെ ഉത്തരവാദിത്തവും, ഭര്‍ത്താവിന്റെ സ്വത്ത് സംരക്ഷിക്കുക, കുടുംബത്തെ സേവിക്കുക, ഭര്‍ത്താവിന്റെ അഭാവത്തില്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പെരുമാറുക എന്നിവ സ്ത്രീയുടെ ഉത്തരവാദിത്തമായും അദ്ദേഹം വ്യാഖ്യാനിക്കുന്നു. അന്യോന്യം പാലിക്കേ ണ്ട ചുമതലകള്‍ ഒരേ സമയം തന്നെ പരസ്പര പൂരകങ്ങളായ അവകാശങ്ങളെയും സൂചിപ്പിക്കുന്നു എന്നാണ് ഇബ്‌നുല്‍ അറബിയുടെ വിശദീകരണം. ഭാര്യ ഭര്‍ത്താവ് എന്നിവരില്‍ ഒതുങ്ങാതെ കുടുംബത്തിലെ മുഴുവന്‍ സ്ത്രീകളെയും പുരുഷന്‍മാരെയും പൊതിഞ്ഞു നില്‍ക്കുന്ന വ്യവസ്ഥയായിട്ടാണ് 1998 ല്‍ അന്തരിച്ച ഈജിപ്ഷ്യന്‍ മുഫസ്സിറായ മുതവല്ലി അല്‍ശഅറാവി ഖിവാമയെ കാണുന്നത്. നിരന്തരമായ ഖുര്‍ആന്‍ വ്യാഖ്യാന പ്രഭാഷണങ്ങളിലൂടെ ഈജിപ്തിനകത്തും പുറത്തും പ്രസിദ്ധി നേടിയ ശഅ്‌റാവി ഖിവാമയെ ദമ്പതിമാര്‍ക്കിടയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന മെക്കാനിസമായി കുറച്ചു കാണുന്നതിനെ തന്റെ അല്‍ ഖവാഥിറില്‍ വിമര്‍ശിക്കുന്നുണ്ട്. പിതാവിന് മക്കളെയും, സഹോദരന്മാര്‍ക്ക് സഹോദരിമാരെയും സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്നും, അത്തരമൊരു വിശാലമായ പ്രതലത്തിലാണ് ഖിവാമയെ കാണേണ്ടതെന്നുമാണ് ശഅ്‌റാവിയുടെ വിലയിരുത്തല്‍. ധാര്‍മികവും, സദാചാരപരവും, ആത്മീയവുമടങ്ങിയ എല്ലാ മേഖലയിലും സ്ത്രീക്ക് പുരുഷന്‍ വഴി കാണിക്കണമെന്നാണ് ഖിവാമയുടെ താത്പര്യമെന്നും ശഅ്‌റാവി നിരീക്ഷിക്കുന്നു. അതിന് ഉപോല്‍ബലകമായി ഖുര്‍ആനിലെ ഒരു സൂക്തം അദ്ദേഹം ചൂണ്ടി കാണിക്കുന്നു. ഖുര്‍ആനിലെ 20ാ-ം അധ്യായമായ ത്വാഹായില്‍ ഇബ്‌ലീസിന്റെ കെണിയിലകപ്പെടുന്നതില്‍ സ്വന്തത്തെയും സഹധര്‍മിണിയെയും സംരക്ഷിക്കണമെന്നും അല്ലെങ്കില്‍ നീ പരാജയപ്പെട്ടു പോകുമെന്നും ആദമിനെ അല്ലാഹു തെര്യപ്പെടുത്തുന്ന സന്ദര്‍ഭമുണ്ട്. ആദിപിതാവ് ആദമിനെ (അ) അല്ലാഹു ഗുണദോഷിക്കുന്നത് ഇങ്ങനെയാണ്: ആദമേ, ഇവന്‍ നിന്റെയും നിന്റെ സഹധര്‍മിണിയുടെയും ശത്രുവാണ്. അതിനാല്‍, ഇവന്‍ നിങ്ങളെ രണ്ടു പേരെയും സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കുന്ന സാഹചര്യമുണ്ടാകരുത്. അങ്ങനെ വന്നാല്‍ നീ പരാജിതനായിപ്പോകും.
ഇവിടെ നിങ്ങളുടെ രണ്ട് പേരുടെയും ശത്രു, നിങ്ങള്‍ രണ്ട് പേരും പുറത്താകും എന്നീ പ്രയോഗങ്ങളിലൊക്കെ അറബീ വ്യാകരണത്തിലെ രണ്ട് പേരോട് സംവദിക്കുന്ന ക്രിയാരൂപമാണ് അല്ലാഹു ഉപയോഗിക്കുന്നത്. എന്നാല്‍ പരാജിതനായിപ്പോവും എന്ന് പ്രയോഗിച്ചിടത്ത് മാത്രം ഏകവ്യക്തിയോട് മാത്രം/ ആദമിനോട് മാത്രം സംവദിക്കുന്ന ക്രിയാരൂപമാണ് ഉപയോഗിക്കുന്നത്. കാരണം, സ്ത്രീയെ ഋജുവായ രീതിയില്‍ വഴി നടത്തേണ്ട ധാര്‍മിക ഉത്തരവാദിത്തം കൂടി പുരുഷനാണ് നിര്‍വഹിക്കേണ്ടത് എന്ന് ദ്യോതിപ്പിക്കാനാണ് ഇങ്ങനെ ഖുര്‍ആന്‍ പ്രയോഗിച്ചത് എന്നതാണ് ശഅ്‌റാവി നല്‍കുന്ന വ്യാഖ്യാനം.

തഫ്ദീല്‍: പുരുഷന്‍ സ്ത്രീയെക്കാള്‍ ഉത്തമനാണോ?
ഖിവാമയെ നിയമപരമായും സാമൂഹ്യശാസ്ത്ര പരമായും കുടുംബപരമായും സാധൂകരിക്കുന്ന രണ്ട് പ്രാമാണിക താക്കോല്‍പദങ്ങളായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് തഫ്ദീല്‍, ഇന്‍ഫാഖ് എന്നിവയാണ്. ഇവ യഥാക്രമം ഫദ്ദല, അന്‍ഫഖ എന്നീ ക്രിയാരൂപങ്ങളുടെ ക്രിയാനാമമാണ്. ഫദ്ദല (ചില കാര്യങ്ങളില്‍ പുരുഷന് സ്ത്രീയെക്കാള്‍ ജന്മസിദ്ധമായ ശേഷി നല്‍കപ്പെട്ടിരിക്കുന്നു) അന്‍ഫഖ (പുരുഷന്‍ സ്ത്രീക്ക് വേണ്ടി മഹ്‌റ് നല്‍കുകയും സദാ ജീവിതോപാധി കണ്ടെത്തി നല്‍കുകയും ചെയ്യുന്നു) എന്നീ രണ്ട് കാരണങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം പുരുഷന് സ്ത്രീയുടെ മേല്‍ നിയന്ത്രണാവകാശവും, സംരക്ഷണോത്തരവാദിത്തവുമുണ്ട് എന്നതാണ് ഇതിന്റെ രത്‌നച്ചുരുക്കം.മെയ്ഡ് വണ്‍ ഓഫ് ദം എക്‌സല്‍ റ്റു അദര്‍ (ഒരാളെ മറ്റാളെക്കാള്‍ മികവുള്ളതായിരിക്കുന്നു) എന്നാണ് പിക്താള്‍ ഫദ്ദല ക്ക് മൊഴിമാറ്റം നല്‍കുന്നത്. ഹാസ് ഗിവണ്‍ ദി വണ്‍ മോര്‍ സ്ട്രങ്ത് ദാന്‍ അദര്‍ (ഒരാള്‍ക്ക് മറ്റാളെക്കാള്‍ ശക്തി നല്‍കി) എന്നാണ് യൂസുഫ് അലി നല്‍കിയ പരിഭാഷ. എ.ജെ. ആര്‍ബറി one God has preferred in bounty one of them over another (ദൈവം ഒരാള്‍ക്ക് മറ്റാളെക്കാള്‍ അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു) എന്ന പരിഭാഷയും നല്‍കിയിട്ടുണ്ട്.
ഇമാം റാസി പുരുഷന് സ്ത്രീകളേക്കാള്‍ മികവുണ്ട് എന്ന തത്വത്തെ മനസിലാക്കിയത് ഇങ്ങനെയാണ്: സ്ത്രീക്ക് മഹറ് കൊടുക്കാനും അവളുടെ ജീവിത സന്ധാരണത്തിനുള്ള മാര്‍ഗങ്ങള്‍ ഏറ്റെടുത്ത് നടത്താനും പുരുഷനോട് ദൈവം കല്പിച്ചതിനാല്‍ മഹ്‌റും ചെലവും യഥാ സമയം ലഭിക്കുക എന്നത് സ്ത്രീയുടെ അവകാശമായി മാറുന്നു. അങ്ങനെ പുരുഷന് അനന്തരസ്വത്തിലുള്ള മികവ് സ്ത്രീക്ക് മഹ്‌റിനും ചെലവിനുമുള്ള അവകാശം കൊണ്ട് പരിഹരിക്കപ്പെടുന്നു. തദ്ഫലമായി സ്ത്രീക്ക് പുരുഷന്റെ മേലോ പുരുഷന് സ്ത്രീയുടെ മേലോ ആത്യന്തികമായി യാതൊരു മികവും ഇല്ലാത്തതിന് സമാനമാകുന്നു (ഫക അന്നമാ ലാ ഫള്‌ല അല്‍ബത്തഃ). (മഫാത്തീഹുല്‍ ഗൈബ്. 10:90). ലൈംഗിക സംതൃപ്തി അനുഭവിക്കുന്ന കാര്യത്തില്‍ സ്ത്രീയും പുരുഷനും തുല്യപങ്കാളികളായിരിക്കെ തന്നെ മഹ്‌റ് ജീവിതച്ചെലവ് തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ പുരുഷന്റെ മേല്‍ മാത്രം നിക്ഷിപ്തമായത് ശ്രദ്ധേയമായ കാര്യമാണെന്ന് റാസി വ്യക്തമാക്കുന്നുണ്ട്. അതിനാല്‍, തഫ്ദീല്‍ എന്നത് പുരുഷന്റെ മികവ് , അധികാര പ്രയോഗം എന്നതിനേക്കാള്‍ സാമൂഹിക ഉത്തരവാദിത്തമായിട്ടാണ് മനസ്സിലാക്കപ്പെടേണ്ടതെന്ന് റാസി വ്യംഗ്യമായി സൂചിപ്പിക്കുന്നു. ശഅ്‌റാവി ഈ ആശയത്തെ ഒന്നു കൂടി വികസിപ്പിക്കുന്നുണ്ട്. ലൈംഗികാനന്ദവും, ലൈംഗികസംതൃപ്തിയും, തദ്ഫലമായി ഉണ്ടാവുന്ന സന്താന ലബ്ധിയുടെ ആനന്ദവും സ്ത്രീയും പുരുഷനും ഒരുമിച്ചാണനുഭവിക്കുന്നത്. എന്നാല്‍ ഇതിന്റെ സാമൂഹ്യശാസ്ത്രപരമായ ഉത്പന്നമായ കുടുംബം, കുട്ടികള്‍ എന്നിവയുടെ ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത് പുരുഷനു മേല്‍ മാത്രമാണ് എന്നതാണ് തഫ്ദീലിനെ വിവരിക്കുമ്പോള്‍ ശഅ്‌റാവിയുടെ വിശദീകരണം. സ്ത്രീ വ്യക്തിപരമായി എത്ര സമ്പന്നയാണെങ്കിലും ആത്യന്തികമായ ഉത്തരവാദിത്തം പുരുഷന് മാത്രമാണ് എന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. (അല്‍ ഖവാഥിര്‍).
അല്‍ ബഹ്ര്‍ അല്‍ മുഹീത്വില്‍ പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ അബുല്‍ ഹയ്യാന്‍ അല്‍ അന്‍ദലൂസി ഖിവാമയുടെ കൂടുതല്‍ വിശാലമായ ഒരു ധാരയെയാണ് പ്രതിനിധീകരിക്കുന്നത്. അതായത്, ജീവിതത്തിന്റെ നിരവധി മേഖലകളില്‍ പുരുഷന്‍മാരേക്കാള്‍ പതിന്മടങ്ങ് മികവ് പുലര്‍ത്തുന്ന അനേകം സ്ത്രീകള്‍ ഉണ്ടെന്നത് സര്‍വാംഗീകൃത യാഥാര്‍ഥ്യമായതിനാല്‍, ലോകത്തുള്ള സര്‍വ പുരുന്‍ഷന്മാരും സര്‍വ സ്ത്രീകളേക്കാളും മികവുള്ളവരല്ലെന്നും ചില പുരുഷന്‍മാര്‍ ചില സ്ത്രീകളെക്കാള്‍ മികവ് പുലര്‍ത്തുന്നവരാണ് എന്നുമാണ് അദ്ദേഹത്തിന്റെ വാദം. അപ്പോള്‍, പുരുഷനെ സ്ത്രീയെക്കാള്‍ മികവുള്ളവരാക്കിയിരിക്കുന്നു എന്ന് ദ്യോതിപ്പിക്കുന്ന ഖുര്‍ആനിക വചനം ഒരു ആപേക്ഷികമായ പരാമര്‍ശമാണെന്നും, സ്ഥല-കാല-കര്‍മ പരിഗണനക്കനുസരിച്ച് തഫ്ദീലിന്റെ വിവക്ഷക്ക് മാറ്റവും വ്യാപ്തിയും കൈവരാമെന്നുമാണ് അദ്ദേഹം വാദിക്കുന്നത്. ഈ വിശദീകരണത്തിലൂടെ തഫ്ദീല്‍ എന്നത് ഖുര്‍ആന്‍ സാര്‍വലൗകികമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു തത്വമല്ലെന്നു തെളിയുന്നുണ്ട്. മാത്രമല്ല, ഖുര്‍ആന്‍ പുരുഷനെന്നോ സ്ത്രീയെന്നോ സ്പഷ്ടമായി പറയാതെ ചിലരെ ചിലരെക്കാള്‍ മികവുള്ളവരാക്കി എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. സര്‍വ പുരുഷന്‍മാരും ആത്യന്തികമായി സ്ത്രീകളെക്കാള്‍ മികവുള്ളവരാണ് എന്ന സങ്കല്‍പത്തെ ഉന്നയിക്കുന്നതിന് പകരം, സ്ത്രീയും പുരുഷനും വിവിധ മേഖലകളില്‍ പരസ്പരം മികച്ച് നില്‍ക്കുന്നു എന്ന ആശയത്തെ ദ്യോതിപ്പിക്കാന്‍ വേണ്ടിയാണ് ഖുര്‍ആന്‍ ഇത്തരമൊരു അവ്യക്തമായ വാക്യഘടന പ്രയോഗിച്ചത് എന്നാണ് അന്‍ദലൂസിയുടെ വിശദീകരണം. ഇതോടെ, തഫ്ദീലിന്റെ ഭാഷ്യതന്ത്രപരമായ വികാസത്തെ (ഹെര്‍മനൂട്ടിക്കല്‍ ഡെവലപ്‌മെന്റ്) അല്‍ അന്‍ദലൂസി പതിനാലാം നൂറ്റാണ്ടില്‍ തന്നെ സാധൂകരിക്കുന്നത് ഇവിടെ പ്രകടമാകുന്നു.
സ്ത്രീയെ ചൂഷണത്തിന് ഇരയാക്കാനുള്ള അതിസൂക്ഷ്മമായ സാധ്യതയെപോലും തള്ളിക്കളയുന്ന തരത്തിലാണ് ഇമാം ഖുര്‍ത്വുബി തഫ്ദീലിനെ ആവിഷ്‌കരിക്കുന്നത്. തഫ്ദീലിന്റെ പ്രയോജനം അന്തിമമായി സ്ത്രീയിലേക്ക് തന്നെയാണ് മടങ്ങുന്നത് എന്ന സമഗ്രമായ പ്രസ്താവനയിലൂടെ ഖുര്‍ത്വുബി തന്റെ നിലപാട് സ്പഷ്ടമാക്കുന്നു. അതായത് സ്ത്രീയുടെ സംരക്ഷണോപാധിയില്‍ കവിഞ്ഞ താത്പര്യങ്ങളൊന്നും തഫ്ദീലിലില്ല എന്ന് സാരം. പുരുഷന്ന് പ്രകൃതിപരമായി സ്ത്രീയെക്കാള്‍ ശാരീരികശേഷിയും, മനോദാര്‍ഢ്യവും (തഫ്ദീല്‍) ഉള്ളതിനാല്‍ സ്ത്രീക്ക് സ്വാഭാവികമായും അപ്രാപ്യമായ പൊതുവിടങ്ങളില്‍ ഇടപെടാനുള്ള ഉത്തരവാദിത്തം കൂടി പുരുഷന് ഏല്‍പിച്ച് കൊടുക്കുക എന്ന സ്വാഭാവിക നീതിയില്‍ കവിഞ്ഞ ആണ്‍കോയ്മയെ തഫ്ദീലിലൂടടെ സാധിച്ചെടുക്കാനാവില്ല എന്നതാണ് ഖുര്‍ത്വുബിയുടെയും വീക്ഷണം. അതിനാല്‍ ഖിവാമ ഒരു ആണധികാര വ്യവസ്ഥയല്ലെന്നും സ്ത്രീയെ ജീവിത സങ്കീര്‍ണതകളുടെ ആകുലതകളില്‍ നിന്ന് വിമോചിപ്പിക്കാനുള്ള വ്യവസ്ഥയാണെന്നുമുള്ള ധാരണക്ക് മാറ്റ് കൂടുകയും ചെയ്യുന്നു. ഈ വായനയിലൂടെ, പുരുഷന് പൊതുവെ അപ്രാപ്യമായ ചില സാമൂഹിക ധര്‍മങ്ങളെ സ്ത്രീയും, സ്ത്രീക്ക് പൊതുവെ അപ്രാപ്യമായ സാമൂഹ്യധര്‍മങ്ങളെ പുരുഷനും അന്യോന്യം പരിഹരിക്കുന്നു എന്ന ഖിവാമയുടെ അര്‍ഥവ്യാപ്തിയിലേക്ക് എത്തിച്ചേരാനും സാധിക്കുന്നു. സ്ത്രീയുടെ സാമൂഹിക സുരക്ഷിതത്വവും ജീവിതച്ചെലവും ഉറപ്പു നല്‍കപ്പെടാത്ത നിലയില്‍ തഫ്ദീല്‍ എന്ന സങ്കല്‍പത്തിന്റെ സാധുതയെ അടിസ്ഥാനപരമായി തന്നെ ഖുര്‍ത്വുബി നിരാകരിക്കുന്നുണ്ട്. (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍ 5:169). ഖുര്‍ഥുബിയുടെ ഈ നിരാകരണം, ഇമാം റാസിയുടെ ഫ കഅന്നഹു ലാ ഫദ്‌ല അല്‍ബത്തഃ (സ്ത്രീയും പുരുഷനും പരസ്പര പൂരകമായ ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനാല്‍ ആത്യന്തികമായി ഒരാള്‍ക്ക് മറ്റൊരാളേക്കാള്‍ പ്രത്യേകം മികവ് ഇല്ല എന്ന വസ്തുത) യെ ബലപ്പെടുത്തുന്നതും, അതുമായി താദാത്മ്യം പ്രാപിക്കുന്നതുമാണ്. കര്‍മശാസ്ത്ര വിചാരത്തിന്റെ അടിപ്പടവില്‍ നിന്ന് കൊണ്ട് ഖുര്‍ആനെ വ്യാഖ്യാനിച്ച പ്രമുഖരിലൊരാളായത് കൊണ്ട് തന്നെ ഖുര്‍ഥ്വുബിയുടെ ഈ വീക്ഷണത്തിന് സാധാരണയില്‍ കവിഞ്ഞ പ്രസക്തിയുണ്ട്.

തഫ്ദീലിനെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, നിലവിലെ ശാസ്ത്ര വിചാരങ്ങളുമായി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ എങ്ങനെ ഇടപെടുന്നു എന്നത് കൂടി പരിശോധിക്കല്‍ പ്രസക്തമാണ്. ധിഷണ, ശാരീരിക ശേഷി, നേതൃനിര്‍വഹണം എന്നീ മേഖലകളില്‍ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ മികവ് പുലര്‍ത്തുന്നതായി ഖുര്‍ഥുബിയും റാസിയും ഒരു പോലെ വിലയിരുത്തുന്നുണ്ട്. ആര്‍ദ്രത (റുഥൂബഃ), നൈര്‍മല്യം (ബുറൂദഃ) എന്നീ വിശേഷണങ്ങള്‍ സ്ത്രീയിലും ദൃഢത (യബൂസഃ), തീക്ഷ്ണത (ഹറാറഃ) എന്നിവ പുരുഷനിലും സഹജമായി ഉണ്ടെന്ന് റാസിയും ഖുര്‍ഥുബിയും വിശ്വസിക്കുന്നു. ഇത് കൊണ്ടാണ്, ജീവിതവൃത്തിക്കായുള്ള ഉത്കണ്ഠ പേറേണ്ടതു പോലെയുള്ള ശ്രമകരമായ ചുമതലകള്‍ അടിസ്ഥാനപരമായി പുരുഷന് നല്‍കപ്പെട്ടിരിക്കുന്നത് എന്നും വ്യക്തമാക്കുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള വൈജാത്യത്തെ നിലവിലുള്ള ശാസ്ത്രബോധത്തിന്റെ വെളിച്ചത്തില്‍ വായിക്കുക എന്നതിലുപരി സ്ത്രീ വിരുദ്ധമായ ഒന്നും ഈ വിശദീകരണത്തില്‍ കണ്ടെത്താനാവില്ല. റാസിയുടെയും ഖുര്‍ഥുബിയുടെയും സമാനമായ വിശകലനങ്ങള്‍ക്കകത്തു നിന്ന് സ്ത്രീ വിരുദ്ധതയുടെ ഖുര്‍ആനിക പരിപ്രേക്ഷ്യത്തെ ചൂഴ്‌ന്നെടുക്കുന്ന സ്ത്രീ വാദികള്‍ക്ക് പുരുഷവിരുദ്ധതയെയും അതേ രീതി ശാസ്ത്രമുപയോഗിച്ച് കണ്ടെത്തേണ്ടി വരും.
ഖിവാമയുടെ പരസ്പരപൂരകമായ ലിംഗബന്ധങ്ങളെ സാമൂഹ്യ ശാസ്ത്രപരമായ ചില മാനദണ്ഡങ്ങളുപയോഗിച്ച് നിരീക്ഷിച്ച പ്രമുഖനാണ് സയ്യിദ് ഖുതുബ്. പ്രപഞ്ചത്തിലെ ഏറ്റവും ഉത്കൃഷ്ട അസ്തിത്വമായ മനുഷ്യനെ നിര്‍മച്ചെടുക്കുന്ന പ്രക്രിയയുടെ ഏറ്റവും മൂല്യവത്തായ സാമൂഹിക സ്ഥാപനമാണ് കുടുംബം. കുടുംബത്തെക്കാള്‍ താരതമ്യേന അപ്രധാനമായ സാമ്പത്തികവും വ്യാവസായികവും വാണിജ്യപരവുമായ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായി ഏറ്റവും അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ മാത്രമേ നിയമിക്കുകയുള്ളൂ എന്നതു പരിഗണിക്കുമ്പോള്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അതിനേക്കാള്‍ യോഗ്യരായ ആളുകളെ മാത്രമേ തെരഞ്ഞെടുക്കാവൂ എന്ന് സയ്യിദ് ഖുതുബ് വാദിക്കുന്നു (ഫീ ളിലാലില്‍ ഖുര്‍ആന്‍. 2:650). പ്രസ്തുത തെരഞ്ഞെടുപ്പ് ആകസ്മികമോ ക്രമരഹിതമോ ആവുന്നത് യുക്തി സഹമല്ലാത്തതിനാല്‍, മനുഷ്യന്റെ ശുദ്ധ പ്രകൃതത്തിന്റെ (ഫിഥ്‌റഃ) അടിസ്ഥാനത്തില്‍ മാത്രമാകുന്നത് അനിവാര്യമാണ് എന്നാണ് ഖുഥുബിന്റെ വീക്ഷണം. എന്താണ് ശുദ്ധപ്രകൃതത്തിന്റെ സഹജ വാസനകള്‍ എന്ന് വിശദീകരിക്കുന്നിടത്ത് ഖുതുബ് തഫ്ദീലിനോടുള്ള സമീപനം വ്യക്തമാക്കുകയും ചെയ്യുന്നു. അതിനാല്‍, ഓരോ ലിംഗത്തിനും അവര്‍ നേരിടാന്‍ സാധ്യതയുള്ള ജീവിതാവസ്ഥകള്‍ക്ക് ഉചിതമായ തരത്തിലുള്ള ജീവശാസ്ത്രപരവും മനഃശാസ്ത്ര പരവുമായ പ്രത്യേകതകളും നൈപുണ്യങ്ങളും നല്‍കുന്നത് ദൈവത്തിന്റെ അത്യുന്നതമായ നീതി നിഷ്ഠയുടെ നിദര്‍ശനമാണെന്ന് ഖുതുബ് മനസിലാക്കുന്നു. തഫ്ദീല്‍ സാധൂകരിക്കുന്ന പ്രകൃതിപരമായ വൈജാത്യങ്ങളെ അടിസ്ഥാനപ്പെടുത്തി പുരുഷനും സ്ത്രീക്കും വ്യത്യസ്തമായ കര്‍മരംഗങ്ങളെയും കര്‍ത്തവ്യങ്ങളെയും നിര്‍ണയിച്ച് നല്‍കുന്നത് ദൈവത്തിന്റെ അത്യുന്നതമായ നീതിനിഷ്ഠയുടെ തെളിവാണെന്നും ഇതിനെ മറുവായന നടത്താം. ഖിവാമ സംബന്ധമായ ഖുര്‍ആന്‍ വചനത്തെ വ്യാഖ്യാനിക്കുന്ന സന്ദര്‍ഭത്തില്‍ പരമ്പരാഗത മുഫസ്സിറുകള്‍ പൊതുവെ ചെയ്തതു പോലെ പുരുഷനേക്കാള്‍ മികവ് കുറഞ്ഞവളാണെന്ന സ്ത്രീയെ സംബന്ധിച്ച നിഷേധാത്മകമായ വാക്യഘടന ഉപയോഗിക്കാതിരിക്കാന്‍ ഖുഥുബ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. പകരം, രണ്ട് ലിംഗത്തിന്റെ കാര്യത്തിലും ഒരാള്‍ മറ്റാളെക്കാള്‍ മികവ് പുലര്‍ത്തുന്നവനാണ്/വളാണ് എന്ന ധനാത്മകമായ വാക്യഘടനായാണ് അദ്ദേഹം ഉപയോഗിക്കുന്നത്. നൈര്‍മല്യം, ആര്‍ദ്രത, കൂടുതല്‍ പ്രായോഗിക ആലോചനകളിലേക്ക് പോകാതെ പ്രശ്‌നങ്ങളോട് തരളമായി പ്രതികരിക്കല്‍ എന്നീ കാര്യങ്ങളില്‍ സ്ത്രീ പുരുഷനേക്കാള്‍ മികവ് പുലര്‍ത്തുന്നുവെന്നും, കാര്‍ക്കശ്യം, മനോദാര്‍ഢ്യം, പ്രശ്‌നങ്ങളോട് പ്രായോഗികമായി അവധാനതയോടെ പ്രതികരിക്കല്‍ തുടങ്ങിയ ഗുണങ്ങളില്‍ പുരുഷന്‍മാര്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ മികവ് പുലര്‍ത്തുന്നുവെന്നും നിരീക്ഷിക്കുന്നു.
ഉത്തരാഫ്രിക്കന്‍ പണ്ഡിതനായ, ഇരുപതാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക നിയമസംഹിതക്ക് മൗലികമായ പല സംഭാവനകളുമര്‍പ്പിച്ച ഇബ്‌നു ആശൂര്‍ തഫ്ദീലിനെ സ്ത്രീയുടെ സംരക്ഷണോപാധിയായാണ് മനസിലാക്കുന്നത്. അബലയാണെങ്കിലും പ്രബലയാണെങ്കിലും ശരി, തന്റെ സംരക്ഷണം ഉറപ്പാക്കുന്ന വിഷയത്തില്‍ സ്ത്രീക്ക് പുരുഷനെ ആവശ്യമാണ് എന്നത് തലമുറകളുടെ ജീവിത പ്രയോഗങ്ങളിലൂടെ തെളിഞ്ഞ യാഥാര്‍ഥ്യമാണെന്നതാണ് അദ്ദേഹം ഉന്നയിക്കുന്ന ന്യായം (അത്തഹ്‌രീര്‍ വത്തന്‍വീര്‍. 5:38). തഫ്ദീല്‍ ദൈവപ്രോക്തമാകുന്നതിന്റെ അടിസ്ഥാന കാരണം സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രകൃതിപരമായ വൈജാത്യമാണെന്നതില്‍ കവിഞ്ഞ മറ്റൊരു കാരണവും ഇബ്‌നു ആശൂര്‍ ദര്‍ശിക്കുന്നില്ല. പക്ഷെ, മധ്യകാല തഫ്‌സീറുകളില്‍ സ്ത്രീയെ കുറിച്ച് പ്രകടമായി കാണുന്ന ദുര്‍ബല, ആശ്രിത തുടങ്ങിയ പദാവലികള്‍ ഒഴിവാക്കുകയും, പകരം പ്രകൃതിപരമായ പ്രത്യേകതകള്‍ (അല്‍ മസായാ അല്‍ ജിബില്ലിയ്യഃ) എന്ന ഒരൊറ്റ സങ്കേതത്തില്‍ ഖുതുബ് ഊന്നുകയും ചെയ്യുന്നത് ശ്രദ്ധേയമാണ്. ജീവിതോപായങ്ങള്‍ കണ്ടെത്തുകയും അവയെ നിലനിര്‍ത്തുകയും ചെയ്യേണ്ട ശ്രമകരമായ ദൗത്യം ഏറ്റെടുക്കേണ്ടത് പുരുഷന്റെ ഉത്തരവാദിത്തമാണെന്നും സ്ത്രീകള്‍ക്ക് അക്കാര്യത്തില്‍ വിരളമായ പ്രസക്തി മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.
മറ്റൊരു ആധുനിക ഖുര്‍ആന്‍ വ്യാഖ്യാതാവായ വഹ്ബ സുഹൈലി കുറച്ചധികം മധ്യകാല പദാവലികള്‍ ഉപയോഗിച്ചാണ് തഫ്ദീലിന്റെ ആശയരാജി ആവിഷ്‌കരിച്ചിട്ടുള്ളത്. ന്യൂനതകളില്ലാത്ത സൃഷ്ടി, സമഗ്രമായ ഘ്രാണശേഷിയുള്ളവന്‍, പരിപൂര്‍ണ പ്രജ്ഞന്‍, സന്തുലിത വികാരങ്ങളുള്ളവന്‍, അന്യൂനമായ ശരീരഘടനയുള്ളവന്‍ തുടങ്ങിയ വിശേഷണങ്ങള്‍ വഹ്ബ സുഹൈലി പുരുഷന് നല്‍കുന്നുണ്ട് (അത്തഫ്‌സീറുല്‍ മുനീര്‍). ഇവ പുരുഷന് സ്ത്രീയെക്കാള്‍ മികവ് നല്‍കുന്നു (തഫ്ദീല്‍) എന്ന് അദ്ദേഹം വാദിക്കുന്നു. എന്നാല്‍ ഇത്തരം വിശേഷണങ്ങളെ സ്ത്രീയുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഉപാധിയായി സുഹൈലി കാണുന്നില്ല. മറിച്ച്, ഈ വിശേഷണങ്ങള്‍ ഉള്‍ച്ചേര്‍ന്ന പ്രകൃതത്തിന്റെ വാഹകനായതിനാലാണ് സ്ത്രീയുടെ മഹ്ര്‍ ജീവിതോപോയം തുടങ്ങിയ ചുമതലകള്‍ ഏറ്റെടുക്കേണ്ട നിര്‍ബന്ധ ബാധ്യത പുരുഷനില്‍ നിക്ഷിപ്തമാകുന്നത് എന്നദ്ദേഹം വിശ്വസിക്കുന്നു. മാത്രമല്ല, ഇത്തരം ചുമതലകള്‍ പുരുഷനെ മാത്രം ഏല്‍പിച്ചത് ഇസ്‌ലാം സ്ത്രീയെ ആദരിക്കുന്നതിന്റെ തെളിവായിട്ടാണ് അദ്ദേഹം ഗ്രഹിക്കുന്നത്.

ഇന്‍ഫാഖ്: സ്ത്രീയുടെ മൗലികാവകാശങ്ങള്‍

പുരുഷനും സ്ത്രീയും തമ്മിലുള്ള സഹജമായ വ്യത്യാസങ്ങള്‍, അതിനനുസൃതമായി രണ്ട് സ്വത്വങ്ങളും പ്രകടിപ്പിക്കുന്ന ഭാവ-സ്വഭാവ വൈവിധ്യങ്ങള്‍, ഇവ രണ്ടിന്റെയും ഫലപ്രാപ്തിയെന്നോണം സ്ത്രീയും പുരുഷനും സമൂഹനിര്‍മാണത്തില്‍ ഏറ്റെടുക്കേണ്ട വ്യത്യസ്ത ചുമതലകള്‍ (ജെന്‍ഡര്‍ റോള്‍സ്) എന്നിങ്ങനെയുള്ള ആശയവൈവിധ്യങ്ങളെ അന്തര്‍വഹിക്കുന്ന വിശാലമായ ആശയരാജിയാണ് തഫ്ദീല്‍ എന്ന് ഇതുവരെയുള്ള വിശകലനത്തില്‍ നിന്ന് മനസിലാക്കാവുന്നതാണ്. എന്നാല്‍ സ്ത്രീയുടെ സുനിശ്ചിതവും കേവലവുമായ രണ്ട് മൗലികാവകാശങ്ങളുടെ പ്രഖ്യാപനമാണ് ഇന്‍ഫാഖ്. ഒന്നാമത്തേത് മഹ്‌റും, രണ്ടാമത്തേത് ജീവിതച്ചെലവിന്റെ (നഫഖ) പൂര്‍ത്തീകരണവും. ഒരേ സമയം ഇവ രണ്ടും പുരുഷന്റെ ഉത്തരവാദിത്തവും സ്ത്രീയുടെ മൗലികാവകാശവുമായി പ്രവര്‍ത്തിക്കുന്നു. ഇവ നിവര്‍ത്തിക്കേണ്ട ആത്യന്തികമായ ഉത്തരവാദിത്തം പുരുഷനാണെങ്കിലും വേണ്ടെന്ന് വെക്കാനും, അളവിലും ഗുണമേന്മയിലും ന്യൂനീകരണം വരുത്താനുമുള്ള അധികാരവും അവകാശവും സ്ത്രീ കയ്യാളുകയും ചെയ്യുന്നു.
ഖിവാമയുടെ വ്യാഖ്യാനങ്ങളെ ഇന്‍ഫാഖിന്റെ പരിപ്രേക്ഷ്യത്തിലൂടെ വിലയിരുത്തുമ്പോള്‍ ഖിവാമക്ക് സാമ്പത്തികമായ പ്രാധാന്യം കൈവരുന്നത് കാണാം. ഉദാഹരണമായി ഖുര്‍ഥുബിയുടെ വ്യാഖ്യാനമെടുക്കാം. സ്ത്രീയുടെ ജീവിതോപായങ്ങളെ സ്ഥാപിക്കാനും നിലനിര്‍ത്താനും പുരുഷന്‍ പരാജയപ്പെടുകയാണെങ്കില്‍ തത്സമയം സ്ത്രീയുടെ മേല്‍നോട്ടക്കാരന്‍ (ഖവ്വാം) എന്ന പദവി അവന് നഷ്ടമാകുന്നു എന്ന് ഖുര്‍ഥുബി തറപ്പിച്ച് പറയുന്നുണ്ട്. (അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍, 5:169). ഖിവാമ എന്ന സങ്കേതത്തിന്റെ ഭാഷ്യതന്ത്രപരമായ വ്യാപ്തിയില്‍ ഒന്ന് മാത്രമായ സാമ്പത്തികരംഗം കയ്യാളാനുള്ള പരാജയം പോലും സ്ത്രീയുടെ മേലുള്ള പുരുഷന്റെ ഖിവാമ എന്ന ഉത്തരവാദിത്തത്തെ റദ്ദാക്കുന്നു എന്ന് ഇതില്‍ നിന്ന് വിലയിരുത്താം. അതായത്, സ്ത്രീയുടെ ശാരീരിക-മാനസിക-സാമൂഹിക സുരക്ഷയും കുടുംബത്തിന്റെ ഭദ്രതയും ഉറപ്പു വരുത്താന്‍ ത്രാണിയില്ലാത്ത പുരുഷന്റെ അസ്തിത്വത്തിന് ഖിവാമയില്‍ പ്രസക്തിയോ സാധുതയോ ഇല്ലെന്നാണ് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന തത്വം.
അനന്തര സ്വത്തിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍, ഖിവാമയുടെ സാമ്പത്തിക മണ്ഡലത്തിന്റെ പ്രാധാന്യം ഇനിയും വര്‍ധിക്കുന്നു. അനന്തര സ്വത്തിന്റെ വിതരണ സിദ്ധാന്ത പ്രകാരം, പുരുഷന് സ്ത്രീയുടെ ഇരട്ടി നല്‍കുന്നതിന് പിന്നിലെ പ്രഥമയുക്തി പുരുഷന് സ്ത്രീയുടെ സമഗ്രമായ സാമ്പത്തിക ബാധ്യതയുണ്ട് എന്നതാണ്. ആലൂസിയും റാസിയും വഹ്ബ സുഹൈലിയും ഈ യുക്തിയെ സ്ഥിരീകരിക്കുന്നുണ്ട്. ഇസ്‌ലാമിക നിയമ പ്രകാരം, അനന്തരസ്വത്തിലെ ഈ മൗലിക വ്യത്യാസമൊഴിച്ച് ബാക്കിയുള്ള എല്ലാ സാമ്പത്തിക ക്രയവിക്രയങ്ങളും നടത്താനുള്ള സ്വാതന്ത്ര്യം സ്ത്രീക്കുണ്ട്. സ്ത്രീ സമ്പാദിച്ചതോ അനന്തരമെടുത്തതോ ആയ സമ്പത്ത് ക്രയവിക്രയം ചെയ്യാനുള്ള വിവേചനാധികാരത്തില്‍ കൈകടത്താനുള്ള അധികാരം പുരുഷനില്ലതാനും.
എന്നാല്‍ ജീവിതാവസ്ഥകളുടെ തീക്ഷ്ണതയനുസരിച്ച് ഇണയുമായി സമ്പത്ത് പങ്കുവെക്കുന്നതില്‍ സ്ത്രീക്ക് സ്വാതന്ത്ര്യവുമുണ്ട്. ഖുര്‍ആനിക തത്വങ്ങളെ അതിന്റെ മുഴുവന്‍ തത്വങ്ങളുടെയും സമഗ്രതയില്‍ മനസിലാക്കാതെ സ്ത്രീയുടെ അനന്തരാവകാശ വിഹിതത്തെ ചൊല്ലി സ്ത്രീവാദികള്‍ കൊട്ടും കുരവയും എടുക്കുന്നത് കാണാം. യഥാര്‍ഥത്തില്‍ സ്ത്രീക്ക് അവളുടെ സമ്പത്തില്‍ അധികാരം നല്‍കാതെ, സ്ത്രീയെ തന്നെ ഒരു സ്വത്തു വകയായിട്ടാണ് ക്രൈസ്തവ പാരമ്പര്യം പരിഗണിച്ചത്. ഭാര്യയെ ഭര്‍ത്താവിന്റെ സ്വത്തുവകകളിലൊന്നായി പരിഗണിക്കപ്പെടുന്ന ക്രൈസ്തവ പാരമ്പര്യത്തില്‍ അവളുടെ അനന്തരമെടുക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കുന്നത് പോലും അപ്രാപ്യമായിരുന്നു. (Shareef Abdel Azeem, Woman in Islam versus woman in Judaeo Chrtsiian tradition: the myth and realtiy). പതിനാറാം നൂറ്റാണ്ടിന്റെ അവസാനം മാത്രമാണ് മുസ്‌ലിം ലോകത്തിന്റെ പുറത്തുള്ള പാരമ്പര്യങ്ങളില്‍ സ്ത്രീക്ക് അനന്തരാവകാശം തന്നെ നല്‍കപ്പെടുന്നത് എന്നും വിലയിരുത്തപ്പെടേണ്ടതുണ്ട്. (Mary F. Radford, The Inheritance Rights of Women Under Jewish and Islamic Law). ഈ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ടാണ് ഏഴാം നൂറ്റാണ്ടില്‍ ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ അനന്തരാവകാശത്തിന്റെ മൂല്യവും പ്രസക്തിയും വിലയിരുത്തേണ്ടത്.

ഖിവാമയുടെ സാമ്പത്തിക മണ്ഡലത്തെ ആവിഷ്‌കരിക്കുന്ന കാര്യത്തില്‍ മധ്യകാലത്തെ ഏറ്റവും പ്രഥമസ്ഥാനീയരിലൊരാളായ ഇമാം ഥബരിയുടെ വിശദീകരണം ഏറെ ശ്രദ്ധേയമാണ്. തഫ്ദീലിന്റെയും ഇന്‍ഫാഖിന്റെയും അടിപ്പടവില്‍ നിലനില്‍ക്കുന്ന ഖിവാമയെ വിശദീകരിക്കാന്‍ പ്രവാചകാനുചരന്മാരുടെ നിരവധി വിശദീകരണങ്ങള്‍ അദ്ദേഹം നിവേദകശ്രേണി മുറിയാതെ തന്നെ ഉദ്ധരിക്കുന്നുണ്ട്. (ജാമിഉല്‍ ബയാന്‍, 3:2287).
എന്നാല്‍, ഥബരിക്ക് ശേഷമുള്ള വ്യാഖ്യാനഗ്രന്ഥങ്ങളിലേതുപോലെ തഫ്ദീലിന്റെ അര്‍ഥവ്യാപ്തിയന്വേഷിക്കുന്ന പ്രവണത ഥബരി പ്രകടമാക്കുന്നില്ല. മറിച്ച്, തഫ്ദീലിനെ മറ്റ് വ്യാഖ്യാനങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത് സാമ്പത്തിക ബാധ്യത മാത്രമായി ന്യൂനീകരിക്കുന്ന ഇബ്‌നു അബ്ബാസിന്റെ വിശദീകരണത്തെ ഉദ്ധരിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. ഇന്‍ഫാഖില്‍ കവിഞ്ഞ മറ്റൊരു അര്‍ഥവ്യാപ്തിയും റഈസുല്‍ മുഫസ്സിരീന്‍ (വ്യാഖ്യാതാക്കളിലെ പ്രഥമസ്ഥാനീയന്‍) എന്ന സ്ഥാനനാമമുള്ള ഇബ്‌നു അബ്ബാസിന്റെ വിശദീകരണത്തിലില്ല. അതായത്, സ്ത്രീയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നു എന്നതില്‍ കവിഞ്ഞ് മറ്റൊരു മികവും സ്ത്രീയെക്കാള്‍ പുരുഷനില്ല എന്നാണ് ഇബ്‌നു അബ്ബാസിന്റെ നിരീക്ഷണം.

ഉപസംഹാരം
ഖിവാമയിലെ പുരുഷന്റെ സ്ഥാനം അധികാരപരമല്ലെന്നും, പരസ്പര പൂരകവും, സ്‌നേഹാധിഷ്ഠിതവുമാണെന്നും മുമ്പ് സൂചിപ്പിച്ചുവല്ലോ. പുരുഷന് മേല്‍ക്കോയ്മയുള്ള അധികാരവ്യവസ്ഥ എതിന്ന് പകരം സ്ത്രീയുടെ അവകാശങ്ങളെയും സ്ത്രീയെ തന്നെയെും സംരക്ഷിക്കാനുള്ള സുവിശേഷ ഘടനയുള്ള സംവിധാനം എന്ന നിലക്കാണ് ഖിവാമ മനസിലാക്കപ്പെടേണ്ടത്.
ഒരു രാഷട്ര സംവിധാനത്തെയോ ഉദ്യോഗസംവിധാനത്തെയോ പാര്‍ട്ടിയെയോ നയിക്കുന്ന നേതാവ്, മേലുദ്യഗസ്ഥന്‍ എന്നിവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരോട് ഇടപഴകുമ്പോള്‍ എന്തെല്ലാം ജനാധിപത്യ മാനവിക മൂല്യങ്ങള്‍ പാലിക്കുന്നുവോ അതെല്ലാം ഖിവാമയില്‍ സ്ത്രീയും പുരുഷനും പരസ്പരം പാലിക്കണമെന്ന് വിലയിരുത്താവുന്നതാണ്. ഭരണ സൗകര്യത്തിനുള്ള ഘടനാപരമായ വിന്യാസം മാത്രമാണ് ഉദ്യോഗ തലങ്ങളില്‍ നിലനില്ക്കുന്നത് എന്നതു പോലെ തന്നെ കുടുംബം എന്ന അടിസ്ഥാനപരമായ സാമൂഹിക സ്ഥാപനത്തിന്റെ ഇഴയടുപ്പമുള്ള നിലനില്‍പാണ് ഖിവാമ ലക്ഷീകരിക്കുത്.
ഭരണ സൗകര്യത്തിനപ്പുറം മറ്റു ചൂഷണ പ്രവണതകള്‍ക്ക് ഉദ്യോഗ തലങ്ങളില്‍ പ്രസക്തിയില്ലാത്തതു പോലെ തന്നെ, ഇഴയടുപ്പം, കാരുണ്യം, സ്‌നേഹം, സൗഹൃദം, ആശ്രിതവാത്സല്യം, നീതി തുടങ്ങിയ മാനവിക മൂല്യങ്ങളില്‍ ഊന്നിനില്‍ക്കാത്ത കുടുംബ വ്യവസ്ഥക്ക് ഖിവാമയിലും പ്രസക്തിയില്ലെന്ന് വിലയിരുത്തതാണ് യുക്തിസഹം. മാത്രമല്ല, സൂക്ഷ്മ തലത്തിലും സ്ഥൂല തലത്തിലും കേവലം ആണ്‍കോയ്മയുടെ അധികാരം മാത്രം പ്രവര്‍ത്തിക്കുന്ന വ്യവസ്ഥിതി എന്ന് റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ വിലയിരുത്തുന്ന കുടുംബ സംവിധാനങ്ങള്‍ക്ക് ഖിവാമയുടെ അര്‍ഥവ്യാപ്തിയിലേക്ക് ഒരു നിലക്കും പ്രവേശിക്കാനാവില്ല എന്ന് കൂടി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

 

Tags: ഖിവാമ: സ്ത്രീ പുരുഷ അധികാര ബന്ധങ്ങള്‍, അബ്ദൂറശീദ് പി, ഇസ്ലാം, സ്ത്രീ

 

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.