Thelicham

സഹതാപലോകം.കോം

റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഓഫീസില്‍ നിന്നും പൊറത്തുകടന്ന് രാമനാഥന്‍ പ്ലാറ്റ്‌ഫോമിന്റെ അങ്ങേതല വരെ ഒന്നേന്തിവലിഞ്ഞു നോക്കി. മഞ്ഞു വിരി വകഞ്ഞുമാറ്റി വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ടോര്‍ച്ചടിച്ച് കടന്നുവരുന്നുണ്ടോ. കാണാനാവുന്നില്ല. ഈയിടെയായി ദൂരക്കാഴ്ചകള്‍ക്കൊരു മങ്ങലുണ്ട്. ഇക്കാലം കൊണ്ട് ഒട്ടേറെ ദൂരം അളന്നുതീര്‍ത്തതിന്റേതാണോ എന്നറിഞ്ഞൂടാ. തന്റെ നിയോഗങ്ങളുടെ ബാറ്ററി തീരുന്നതിന്റെ ലക്ഷണവുമാകാം. ചീഫ് കഴിഞ്ഞാഴ്ച അതോര്‍മ്മിപ്പിക്കുകയും ചെയ്തു. ഏറെക്കാലമൊന്നുമില്ല ഈ പകര്‍ന്നാട്ടത്തിന് അറുതിവരുത്താന്‍. വേഷം അഴിച്ചുവെക്കാന്‍ സമയമായിരിക്കുന്നു.

വെസ്റ്റ് കോസ്റ്റ് പ്രതീക്ഷിച്ചെത്തിയ ചിലര്‍ ഒറക്കച്ചടവു മായാത്ത കണ്ണുകളുമായി പ്ലാറ്റ്‌ഫോമിലൂടെ അച്ചാലും പിച്ചാലും നടന്നുതീര്‍ക്കുന്നു. ഇടക്കിടെ അവരും പടിഞ്ഞാട്ട് നോക്കുന്നുണ്ട്. പ്രതീക്ഷയുടെ വെളിച്ചോം പൊഴിച്ചോണ്ട് ട്രൈന്‍ വരുന്നുണ്ടോന്നുള്ള ആന്തലാണ് എല്ലാര്‍ക്കും. ആ വേവലാതി കണ്ടാ ചിരിയാണ് വര്ാ. ട്രൈന്‍ വരും. ഇറങ്ങാനുളളവരത്രയും ഇറങ്ങി, വാതില്‍പ്പടിയില്‍ ഇരിക്കാനുറച്ചവരാല്ലത്തവരത്രയും കയറി മാത്രമേ ട്രൈന്‍ പോകത്തുമുള്ളു. ലഗേജ് കുറച്ചേറെയുണ്ടേല്‍ പിന്നെ പറയേം വേണ്ട. ബോഗിയില്‍ കയറി ഇരുപ്പുറപ്പിച്ചവരുടെ ‘ഇതെന്താ എടുക്കാത്തേ’ എന്നുള്ള നെടുനിശ്വാസം പുറത്തു കേള്‍ക്കേണ്ടി വരും പിന്നെ അനങ്ങിത്തുടങ്ങാന്‍. പിന്നെയുമെന്തിനാണീ വസ്‌വാസ് എന്ന് തോന്നിപ്പോവും. ‘അവിടെയെങ്ങാന്‍ ഇരുന്നോളൂ…. ഒരുറക്കം ഉറങ്ങാനുള്ള സമയം കൂടിയുണ്ട്… വണ്ടി ലേറ്റാണ്’എന്ന് പറഞ്ഞാലും വരണ്ട ഒരു ചിരി ചിരിച്ച് പരുങ്ങി നില്‍പ്പ് തുടരും. അത്രേം പറഞ്ഞതിന്റെ പേരില്‍ ചിലരെങ്കിലും അടുത്തുള്ള ഇരിപ്പിടത്തിലിരിക്കും, മുള്ളിലെന്ന പോലെ. അതും അപ്പറഞ്ഞതിന്റെ പേരില്‍ മാത്രം. അവരേം കടന്ന് രണ്ടുമൂന്ന് ചാല് അപ്പുറത്തെത്തിയാല്‍ക്കാണാം ഒരേന്തിവലിഞ്ഞുള്ള നോട്ടോം ബേജാറും. പിന്നെ നോക്കുമ്പോ കാണാം അവര് വീണ്ടും പഴേ മട്ടില് നടത്തം തുടങ്ങിയിരിക്കും.

അക്കൂട്ടത്തില്‍ വേറെ ചില വിരുതരുണ്ട്. കണ്ടാത്തോന്നും, കെടക്കപ്പായേന്ന് നേരെ എടുത്തു കിടത്തിയതാണെന്ന്. ഈ ഒറക്കമുറങ്ങിയാല്‍ വിചാരിച്ചോടത്ത് എത്തുമോന്ന്‌പോലും സംശയിച്ച് പോകും. എന്നാക്കാണാം ട്രൈന്‍ പതുങ്ങി വന്ന് സ്റ്റേഷനിലെത്തി നിര്‍ത്തിയ ആ ചവിട്ടില്‍ കണ്ണുതുറന്ന് കൂളായി ബോഗിയില്‍ കയറും. കയറിക്കഴിഞ്ഞ് രണ്ടു കമ്പീലും കയ്യുറപ്പിച്ച് വാതില്‍പ്പടീല്‍ നിന്ന് ഒരു നോട്ടണ്ട്. വണ്ടികേറ്റാന്‍ വന്നവരോട് യാത്രപറയുന്ന പോലൊരു നില്‍പ്പും നോക്കുമാണത്. ആരെങ്കിലും കണ്ടോ എന്നുറപ്പുവരുത്തല്‍ മാത്രമല്ല ആ തിരിഞ്ഞുനിര്‍ത്തത്തിന്റെ ഗുട്ടന്‍സ്. കേറിയ ട്രൈന്‍ തെറ്റിയിട്ടില്ല എന്ന് പ്ലാറ്റ്‌ഫോമില്‍ മുഴങ്ങുന്ന അനൗണ്‍സ് കേട്ട് തീര്‍ച്ചപ്പെടുത്തല്‍ കൂടിയാണത്. സീറ്റിന് തെരക്കുകൂട്ടേണ്ടതില്ലെങ്കില്‍ ആ നിര്‍ത്തം വണ്ടി സ്റ്റേഷന്‍ വിടും വരെ തുടരും. കണ്ണുംപൂട്ടി പാല്‍ കട്ടുകുടിക്ക്ണ പൂച്ചേടെ മട്ടുള്ള കാട്ടിക്കൂട്ടല്‍ കണ്ടാല്‍ എത്രന്നെ ഉറക്കപ്പിച്ചുണ്ടേലും അറിയാതെ ചിരിച്ചുപോകും.

ഇമ്മാതിരി വിരുതന്മാരും വിരുതകളു (അങ്ങനെ പറയരുതെന്നാണ്. ന്നാലും പ്പോന്താ ചെയ്യാ) മാണ് സൈ്വരവിഹാരം നടത്തുന്നതെന്നു കരുതി വെറുതെയിരിക്കാനും മേല. പ്ലാറ്റ്‌ഫോമില്‍ കാലുകുത്തിയതു മുതല്‍ ‘ട്രൈന്‍ വന്നോ’, ‘ലേറ്റാണോ’, ‘ഏത് സ്‌റ്റേഷന്‍ വിട്ടു’ എന്നെല്ലാം ചോദിച്ചറിഞ്ഞ് കൃത്രിമജാഗ്രതയും വാരിത്തേച്ച് മുഖം ഇടക്കിടെ അമര്‍ത്തിത്തിരുമ്മി ഇരിക്കുന്നവരുണ്ട്. ട്രൈന്‍ വരുന്നതിന്റെ എട്ടൊമ്പത് മിനുട്ട് മുന്നേ കൃത്യത്തിന് അവരെ ഉറക്കം കീഴ്‌പ്പെടുത്തിയിരിക്കും. പുറത്തുനിന്ന് നോക്കുമ്പോ, നല്ല ശ്രദ്ധയോടെ ഇരിക്കുകയാണ്, ട്രൈന്‍ പൂര്‍ണമായും അനക്കമറ്റതിന് ശേഷം കേറാമെന്ന വിചാരത്തിലാണ് എന്നെല്ലാം തോന്നും. പിന്നിലെ ഗാര്‍ഡ് വിസിലൂതിയിട്ടും ഇരിപ്പിടം വിട്ടെണീക്കാത്തത് കാണുമ്പോഴാണ് ‘അയ്യത്തടാ പണിപറ്റിച്ചു’ എന്ന് ബോധ്യപ്പെടുക. ഓടിച്ചെന്ന് ചുമലില്‍ തട്ടിക്കഴിഞ്ഞാലാണ് രസം. ആകെ ഒരു തുള്ളലാണ്. ഉറങ്ങിപ്പോയതിലെ പാപബോധവും കള്ളത്തരം കയ്യോടെ പിടികൂടിയതിലെ ജാള്യതയും എല്ലാം ചേര്‍ത്ത് കുറേ ചോദ്യങ്ങളാണ് പിന്നെ. ‘ങ്‌ഹേ…ട്രൈന്‍ വന്നോ…’ ‘വെസ്റ്റ് കോസ്റ്റല്ലേ…ശ്ശൊ……’ ഇതും പറഞ്ഞ് ഭാണ്ഢക്കെട്ടും വലിച്ചുവാരി പുറത്തിട്ട് ഒരു തരം ഓടിപ്പിടയലാണ്. യഥാസമയം തന്നെ അറിയിക്കാത്തതിലുള്ള പരിഭവും ആകെ വെരകലായതിന്റെ സങ്കടവുമെല്ലാം ആ പോണപോക്കില്‍ തിരിച്ചുതരാന്‍ അവര്‍ മറക്കാറില്ല. ഭാണ്ഡക്കെട്ടും വെപ്രാളവുമായി അനങ്ങിത്തുടങ്ങിയ ട്രൈനില്‍ പിടിച്ചുകേറുമ്പോള്‍ കാലിടറല്‍ പതിവാണ്. അതിലിടറി വീഴാതെ ബെത്തപ്പെട്ട് പൊത്തിപ്പിടിച്ച് എങ്ങനേലും അവര്‍ കേറിപ്പറ്റും. കേറിക്കഴിഞ്ഞ് ഒരു വീര്‍പ്പ് ശ്വാസം കഴിച്ചതിന് ശേഷം അപ്പഴും ട്രൈന്‍ പ്ലാറ്റ്‌ഫോം വിട്ടില്ലെങ്കില്‍ ഒരു നിറമന്ദഹാസം പ്രതീക്ഷിക്കാം. അതു കാണുമ്പോള്‍ മുന്നെക്കാണിച്ച പരിഭവപ്പെടലുണ്ടാക്കിയ ഈറയെല്ലാം ഉരുകിയില്ലാതെയാവും. പകരം മഞ്ഞച്ച അനുപാതബിന്ദുക്കള്‍ കണ്ണടക്കണ്ണില്‍ ഊറിക്കൂടും.

വെസ്റ്റ് കോസ്റ്റ് ഏതാണ്ട് പാതിയോളം പ്ലാറ്റ്‌ഫോമില്‍ക്കയറിയപ്പോള്‍ എവിടെനിന്നാണെന്നറിയില്ല ഒരു ജാഥക്കുള്ള ജനം അവിടാകെ നിറഞ്ഞു. പുലര്‍ച്ചെ വണ്ടിക്ക് തന്നെ ഇക്കണ്ട ജനങ്ങളെവിടെപ്പോകുന്നു എന്ന സന്ദേഹം ചാര്‍ജെടുത്ത ഒരാഴ്ച കൊണ്ടേ മാറിയിരുന്നു. ആദ്യ കാഴ്ചകളില്‍ മാത്രമൊടുങ്ങുന്ന കൗതുകങ്ങളില്‍ അതും ഇടംപിടിച്ചുകഴിഞ്ഞിരുന്നു.

വാലിന് തീപ്പിടിച്ച പോലെ പാഞ്ഞുവന്ന് കമ്മ്ന്ന് സ്‌റ്റോപ്പാക്കുമ്പോഴുണ്ടാവുന്ന മുരളലും മുഴക്കവും സ്‌റ്റേഷനിലാകെ നെറഞ്ഞു. സഡന്‍ ബ്രേക്കിന്റെ അമര്‍ച്ചയില്‍ മേല്‍പ്പുര മേലെ കൂടുകൂട്ടിയ പക്ഷിപറവാദികള്‍ പ്രതിഷേധം രേഖപ്പെടുത്തി കാഷ്ഠവൃഷ്ടി നടത്തി. പാലപ്പൂവിതളുകള്‍ വീണ മുറ്റം പോലെ പ്ലാറ്റ്‌ഫോം നിറവും മണവും പൊഴിച്ചുനിന്നു. വലിയ ലഗേജുമായി വന്നിറങ്ങിയ കുടിയേറ്റ മലയാളികള്‍ ആ അപ്രതീക്ഷിത സ്വീകരണത്തില്‍ മൂക്കുചുളിച്ചു. വെള്ളപൂശാത്ത കളം തെരഞ്ഞു ചവിട്ടി അവരില്‍ ചിലര്‍ കരപറ്റി. കുട്ടിക്കാലത്ത് പാവട കേറ്റിപ്പിടിച്ച് നെറ്റിന്മേല്‍ കല്ലുവച്ച് മേപ്പോട്ട് നോക്കി നടന്ന് കള്ളിക്കളി കളിച്ചിരുന്ന അനിയത്തിക്കുട്ടിയെയാണ് അന്നേരം ഓര്‍മ വന്നത്. ഭാണ്ഢവുമേറ്റി നടന്ന കൂലിക്കു പിറകേ പോവുമ്പോള്‍ അവരില്‍ ചിലര്‍ മേലിലവിടിവിടെ തുടക്കുന്നുണ്ടായിരുന്നു. ഒപ്പം പിന്നോട്ടും മോളോട്ടും കണ്ണയക്കുന്നുണ്ടായിരുന്നു.

പതിവുപോലെ ജനറല്‍ കമ്പാര്‍ട്ടുമെന്റിന് മുമ്പില്‍ തിക്കും തിരക്കും ഇന്നുമുണ്ട്. ഒരാളേം ഇറങ്ങാനനുവദിക്കാതെ കേറാനുള്ളവരും ഒരടിക്ക് പോലും ഉള്ളിലേക്ക് കേറ്റാതെ ഇറങ്ങാനുള്ളവരും കട്ടക്ക് കട്ടക്ക് നിന്നു. പൊലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ തകര്‍ത്ത് കേറിക്കൂടാന്‍ തിടുക്കം കൂട്ടുന്ന പ്രകടനക്കാരെപ്പോലെ യാത്രക്കാര്‍ പിടിവാശികാട്ടി. വയര്‍ലെസ്സും പിടിച്ച് മുന്നിലും പിന്നിലും നിന്നിരുന്ന വെള്ളക്കാര്‍ ഇരുകൂട്ടരെയും വെറുംവയറ്റില്‍ ഭരണിപ്പാട്ടാട്ടി. ലാത്തിയുയര്‍ത്തി അലറാനേ തനിക്കും കഴിയുമായിരുന്നുള്ളൂ. പക്ഷേ, ആ അലര്‍ച്ച കൊണ്ട് ഫലമുണ്ടായി. ഇരുഭാഗത്തും ഒരയവ് വന്നു. കാലവസ്ഥ വരുത്തി വച്ച ഒച്ചയടപ്പിലും തളരാത്ത തൊണ്ട ഞരമ്പ് പുറപ്പെടീച്ച ഒച്ചയല്ല, ഏതകലത്തും കണ്ണിലുടക്കുന്ന കാക്കി പകരുന്ന ഭീതിയും ക്രൗര്യവുമാണ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ സഹായിച്ചതെന്ന് തോന്നാതിരുന്നില്ല. ആത്മാഭിമാനത്തേക്കാള്‍ അധമത്വമാണ് ആ തോന്നല്‍ പകര്‍ന്നത്.

ഇടതു കൈ എളിയില്‍ കുത്തി പോര്‍ട്ടര്‍ മെയ്തീക്ക ഇതെന്ത് സാറേ… എന്നര്‍ത്ഥത്തില്‍ വലതു കൈ മലര്‍ത്തി കഷ്ടം വെച്ചു. പട കഴിഞ്ഞിറങ്ങിയ ഭാവത്തില്‍ പുറത്തുവരുന്ന സ്ഥിരംകുറ്റികളെയും മൊയ്തീക്ക അതേ ആംഗ്യത്താല്‍ അഭിവാദ്യം ചെയ്തു. കൂട്ടത്തിലൊരു ശുദ്ധഗതിക്കാരന്‍ മൊയ്തീക്കയെ നോക്കി സലാം വെച്ചു. ആ പ്രതികരണം കണ്ട് മനംകെട്ട മൊയ്തീക്ക വഅലൈക്കുമുസ്സലാം എന്ന് കനത്തില്‍ സലാം മടക്കി ഒന്നിരുത്തിമൂളി.

തുണീത്തൂറിയ പോലെ നിന്നുപോയ മൊയ്തീക്കയുടെ നോട്ടപ്പകര്‍ച്ചയാണ് അതില്‍ നിന്നും ശ്രദ്ധ പറിച്ചുനട്ടത്. എ.സി കോച്ചുകളില്‍ നിന്നിറങ്ങി ചുറ്റുപാടും നോക്കുന്ന ദേശാടനക്കിളികളെ കണ്ണുകൊണ്ടളക്കുകയായിരുന്നു, മൊയ്തീക്ക. ഒട്ടൊരു തരക്കേടില്ലെന്ന തോന്നിയ യാത്രക്കാരെ നോക്കി മൊയ്തീക്ക തലയിലെ കെട്ടഴിച്ച് ആഞ്ഞൊന്ന് കുടഞ്ഞു. യാത്രക്കാരോട് താനിവിടുണ്ടെന്ന് പറയുന്ന മൊയ്തൂസ് സ്റ്റൈലാണ് അതെന്ന് മൂപ്പര്‍ തന്നെ മുമ്പ് വെളിപ്പെടുത്തിയ രഹസ്യമായിരുന്നു. മൊയ്തുക്കാന്റെ ചൂണ്ടയില്‍ ആ വന്‍സ്രാവ് കേറിക്കൊത്തിയെന്ന് പറയേണ്ടതില്ലല്ലോ. ആ നിങ്ങളു തന്നെ എന്ന മട്ടില്‍ പുരികക്കൊടി കൊണ്ടാംഗ്യം കാട്ടിയ ആ ദേശാടനക്കിളി തന്നെക്കാത്തു നില്‍ക്കുന്ന കുടുംബാംഗത്തെ കണ്ട മാതിരി നെടുവീര്‍പ്പിട്ടു. നീണ്ട യാത്രയുടെ ക്ഷീണമാവണം ഒരു ആശ്വാസച്ചിരി പോലും ആ മുഖത്ത് കണ്ടില്ല. ഉപഭോക്താവിനടുത്തെത്തും മുമ്പേ മൊയ്തീക്ക ആ ഭാണ്ഢക്കെട്ടുകളുടെ വലിപ്പവും കനവും അളന്നു തിട്ടപ്പെടുത്തിയെന്ന് അയാളുടെ മുഖം പറഞ്ഞു തന്നു.

ലഗേജുകളൊന്നൊന്നായി എടുക്കാനാഞ്ഞ മൊയ്തീക്കയെ എക്‌സ്പ്രസേറി വന്ന ദേശാടനക്കിളി വിലക്കുന്നതാണ് പിന്നീട് കണ്ടത്. ‘ആദ്യം കൂലി എന്നിട്ട് മതി സേവനം’ എന്നായിരിക്കണം അവര്‍ പറഞ്ഞിരിക്കുക. ‘അതൊന്നും ഇത്ര കാര്യാക്കണ്ട കുട്ട്യേ… ഹഖല്ലാത്ത ഒരഞ്ചിന്റെ കായി ഞമ്മള് വാങ്ങൂല… ഇങ്ങള് ബരീം’ എന്ന മൊയ്തീക്കാന്റെ ശരീരഭാഷയില്‍ നിന്നാണ് അങ്ങനെ ഊഹിച്ചത്. സംഗതി കറക്ടായിരുന്നു. അത് പിന്നീടുള്ള പുകില് കേട്ടാണ് അയാള്‍ തീര്‍ച്ചപ്പെടുത്തിയത്.

എടുത്താപ്പൊങ്ങാത്ത ലഗേജ് തവണകളായി ഏറ്റേണ്ട മടിക്ക് ഒറ്റത്തവണ തന്നെ ഏറ്റി വലഞ്ഞ് വണ്ടീം പിടിച്ച് കൊടുത്തിട്ടാണ് മൊയ്തീക്ക തന്റെ നിലപാട് പറഞ്ഞത്. പുലര്‍ച്ചെന്നെ ഒത്ത കൈനീട്ടം ഒട്ടും മോശമാവരുതല്ലോ എന്നു കരുതി മൊയ്തീക്ക അത്ര ചെറുതല്ലാത്ത ഒരു തുക തന്നെയാണ് പറഞ്ഞത്. ദേശാടനക്കിളി അവധിക്കാല സുഖവാസത്തിന് വന്നതായിരുന്നെങ്കിലും മൂപ്പത്ത്യാര് സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നു. ആദ്യമേ കൂലി പറയാനാവശ്യപ്പെട്ടപ്പോള്‍ കാണിച്ച നിസ്സംഗതയുടെ കലിപ്പ് കൂടി മൂപ്പത്ത്യാര് അവിടെത്തീര്‍ത്തു. എന്നിട്ട് ഒരു തുക അങ്ങ് പ്രഖ്യാപിച്ചു. അതാണെങ്കിലോ മൊയ്തീക്കാക്ക് ഒട്ടും ദഹിക്കാത്തത്ര കുറഞ്ഞ തുകയും. പിന്നെ പറയേണ്ടതില്ലല്ലോ. മൊയ്തീക്ക തന്റെ നിലവാരത്തിനൊത്തുയര്‍ന്നു. ദേശാടനക്കിളിയും വിട്ടുകൊടുത്തില്ല. കണ്ടുനിന്നവര്‍ക്ക് മൊയ്തീക്കയുടെ നിലവാരത്തില്‍ വലിയ ആശ്ചര്യൊന്നും തോന്നിയില്ലെങ്കിലും ദേശാടനക്കിളിയുടെ നിലവാരസൂചിക കുത്തനെ താഴോട്ടിറങ്ങിയതില്‍ ശരിക്കും അന്തിച്ചുനിന്നു.

രാവിലെ തന്നെ നല്ലൊരു കാഴ്ചവട്ടമൊരുങ്ങിയ കൂതൂഹലത്തോടെ ട്രൈനിറങ്ങിയവരെല്ലാം അവര്‍ക്കു ചുറ്റുംകൂടി. രണ്ടുപക്ഷത്തുമല്ല തങ്ങളെന്ന് തോന്നിപ്പിക്കാന്‍ അവര്‍ കൃത്യം വൃത്താകൃതിയില്‍ തന്നെ നിലയുറപ്പിച്ചു. ആളുകൂടി വന്നതോടെ ഓരോ ഡയലോഗിനും മുറുമുറുപ്പന്‍ ആരവങ്ങളുയര്‍ന്നു. എന്തിനു പറേണം, പരാപരാ വെളുക്കാത്ത ആ നേരത്ത് സ്റ്റേഷന്റെ എന്‍ട്രസില്‍ ഗതാക്കുരുക്കായി. മണ്ടിപ്പാഞ്ഞ് അവിടെത്തി ഒരുവിധത്തിലാണ് തര്‍ക്കം പരിഹരിച്ചത്. രണ്ടാളും പറഞ്ഞതിന്റിടക്ക് ഒരു തുക അങ്ങ് കാച്ചി. ഒരു സര്‍ക്കാര്‍ ജീവനക്കാരന് മറ്റൊരു സര്‍ക്കാര്‍ ജീവനക്കാരനോടുള്ള മമത കൊണ്ട് ദേശാടനക്കിളിയും ഓഫീസറുടെ അപ്രീതി സമ്പാദിക്കേണ്ടെന്ന വിചാരത്താല്‍ മൊയ്തീക്കയും അതില്‍പ്പിടിച്ചുറപ്പിച്ചു. സംഗതി ക്ലീനായി അവസാനിച്ചു.

അതുവരെ കാഴ്ചക്കാരായ നിന്നോര്‍ക്കെല്ലാം സമയോചിത ഇടപെടലിന് തന്നോട് നന്ദി പറയാനായി പിന്നെ തിടുക്കം. അവരേം പിരിച്ചുവിട്ട് ഘനഗംഭീരമായി തിരിഞ്ഞു നടക്കുമ്പോള്‍ ഒരല്പം മാറി ഒരു വിദ്വാന്‍ കിണ്ണം കട്ടവനെ കണ്ടെന്ന പോലെ അയാളെ നോക്കി ചിരിച്ചു. തര്‍ക്കം മൂത്ത് മൂത്ത് സംഗതി കയ്യീന്ന് പോയി എന്നായപ്പോ പ്രശ്‌നക്കാരിരുവര്‍ക്കും കാര്യൊന്ന് എങ്ങനേലും വെടിപ്പാക്കി കിട്ടണന്നായി പൂതി. കാഴ്ചക്കാരുടെ എണ്ണം കൂടുയതല്ലാതെ ആരും പരിഹാരത്തിനിറങ്ങാതെ വന്നതോടെ രണ്ടു കൂട്ടരും വെട്ടിലായി. അവിടെയാണ് ഒരവധൂതനെപ്പോലെ രാമനാഥനെത്തിയത്. അപ്പോ എന്തു പറഞ്ഞാലും വേദവാക്യമെന്ന പരുവത്തിലെത്തിയ അവിടെ വെറുമൊരു കണ്‍കെട്ട് മാത്രമാണ് താന്‍ നടത്തിയതെന്നാണോ ആ വിഡ്ഢിച്ചിരിയിലുള്ളതെന്ന് ന്യായമായും സംശയിച്ചല്ലേ പറ്റൂ. ഘനവും ഗാംഭീര്യവുമെല്ലാം വിട്ട് ഒരു വിഢിച്ചിരി വിദ്വാന് എറിഞ്ഞു കൊടുത്ത് അയാള്‍ വലിഞ്ഞങ്ങ് നടന്നു.

രാവിലെ ഒരു കട്ടന്‍ പതിവുള്ളതായിരുന്നു. തണുപ്പാറ്റി ശരീരം ചൂടാക്കാനുള്ള ഞൊടുക്കു വിദ്യയായിരുന്നു അത്. ഒരു കട്ടന്റെ പൈസ ലാഭിച്ച സംതൃപ്തിയില്‍ പത്രമെടുത്തു തുറന്നുനോക്കി. അപ്പോഴാണ് ഓടിക്കിതച്ചോണ്ട് ഒരാളോടി വന്നത്.
‘സാറേ… നാലരന്റെ തീവണ്ടി പോയോ?’
ഭീവണ്ടി എന്നാണാദ്യം കേട്ടത്. നാലരക്കേത് ഭീവണ്ടി ട്രൈന്‍ എന്നോര്‍ത്താണ് പത്രം താഴ്ത്തി ചോദ്യകര്‍ത്താവിനെ നോക്കിയത്. ഒറ്റനോട്ടത്തിലല്ല, രണ്ടാംനോട്ടത്തിലും പഴമക്കാരനെന്ന് തോന്നുന്ന പ്രകൃതോം വേഷവിധാനവും.
തീവണ്ടി. ആ പദമൊന്ന് രണ്ടാവര്‍ത്തി പറഞ്ഞുനോക്കി. എന്തോ ഒരു രസികത്വം അതിലുണ്ടല്ലോ എന്നോര്‍ക്കാതിരുന്നില്ല. താനിപ്പോള്‍ ആ പദത്തെ കൈവിട്ടല്ലോ എന്ന ബോധ്യത്തിലും പുതുയൊരു പദം ലഭിച്ച സന്തോഷം കൊണ്ടെന്ന പോലെ അയാള്‍ ഉള്ളുതുറന്നു ചിരിച്ചു.
‘ഹ..ഹ..ഹ..’
തന്റെ ചിരി പരിഹാസച്ചിരിയായി ആ മാന്യന് തോന്ന്യതിനാലാവണം അയാളുടെ അടുത്ത ചോദ്യത്തില്‍ അമര്‍ഷവും അവജ്ഞയും തുടിച്ചുനിന്നു.
‘എന്താ സാറേ, തട്ടപ്പം വെളുക്ക്‌ണേനും മുന്നേ ഒരു മായാവിച്ചിരി. നാലരേന്റെ തീവണ്ടി പോയാ?’
‘ങ്ഹാ പോയി. ഇപ്പോ പോയതേ ള്ളൂ’
ചിരിയടക്കാതെ തന്നെ അയാള്‍ പറഞ്ഞു. ‘സോറി’ കൂടി വായ്ത്തലക്കലെത്തിയതായിരുന്നു. ഒരുള്‍വിളിയാലെന്ന പോലെ അയാളതു വിഴുങ്ങി.
ആ ചിരിയും തോളിലിട്ടിരിക്കുമ്പോഴാണ് മൊയ്തീക്ക ആ വഴി വന്നത്. വാഗ്വാദത്തിന്റെ കെട്ട് അപ്പോഴുമിറങ്ങിയിരുന്നില്ല. വായില്‍ത്തോന്ന്യതെല്ലാം വിളിച്ചുപറഞ്ഞും മുക്രയിട്ടും കൊണ്ടാണ് വന്നതെന്നെ. വീണ്ടുമൊരു പ്രകോപനം വേണ്ട എന്നുറപ്പിച്ച് ഒന്നുമറിയാത്ത ഭാവത്തില്‍ ഞാനിരുന്നു.
അതിനിടയിലാണ് തര്‍ക്കത്തിനിടെ കേട്ട ആ സംഭാഷണശകലം ഓര്‍മ വന്നത്.
‘അല്ലേലും ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥരൊക്കെ ഇങ്ങനെയാ’
അതെങ്ങനെയാണെന്ന് ചോദിച്ചുറപ്പു വരുത്തണമെന്നുണ്ടായിരുന്നു. അണപൊട്ടിയൊലിച്ച് പതിഞ്ഞമര്‍ന്നൊഴുകിത്തുടങ്ങിയ ആ പെയ്ത്തിന് ഗതിവേഗം കൂട്ടണ്ടെന്ന തീര്‍പ്പില് അയാള്‍ ആ സന്ദേഹം കുഴിച്ചുമൂടി.
‘മാഷേ, ആ പത്രോന്ന് തര്വോ?’
ഓഫീസിന് മുന്നിലെ കസേരയിലിരിക്കുന്ന ആരോ സഹയാത്രികന്റെ പത്രം ചോദിക്കുന്നതാണ്.
‘സോറി, ഇത് ഇംഗ്ലീഷ് പത്രാണല്ലോ’
മാഷേന്ന് വിളിച്ചത് ഇഷ്ടപ്പെടാത്തതിനാലാവണം അയാളങ്ങനെ പറഞ്ഞതെന്ന് വിശ്വസിക്കാന്‍ ശ്രമിച്ചപ്പോഴും ആ ‘സോറി’ എന്തിനാണെന്ന് അയാള്‍ക്കൂഹിക്കാനായില്ല.
‘അതോണ്ടാണ് മാഷേ ഞാനത് ചോദിച്ചത്’
തികഞ്ഞ നിശ്ശബ്ദത. ഒരു സ്‌ഫോടനത്തിനുടനെയുണ്ടാവുന്ന തരത്തിലുള്ള സ്തംഭനാവസ്ഥ. മുഖത്തടി കൊണ്ടപോലായി ചുമരിനിപ്പുറം കേട്ടുകൊണ്ടിരുന്ന തനിക്കെങ്കില്‍…..
മെല്ലെ എഴുന്നേറ്റ് പുറത്തേക്കൊന്നിറങ്ങി നോക്കി. വാതില്‍പ്പടിയില്‍ നിന്ന് മൂരിനിവരാനെന്നവണ്ണം കൈകാലുകള്‍ വിടര്‍ത്തി. അതിനിടയില്‍ കൈകള്‍ക്കിടയിലൂടെ ആ കസേരയിലേക്കൊന്ന് പാളി നോക്കി. അവിടെ ഒരാള്‍ ദ ഹിന്ദു വായിച്ച് ഇരിക്കുന്നു. ഒന്നാം പേജ് വാര്‍ത്ത ഒന്നോടിച്ചുനോക്കി നേരെ അവസാന പേജിനിപ്പുറം ആര്‍ത്തിയോടെ നിവര്‍ത്തി. മുണ്ടും വെള്ള ഷര്‍ട്ടുമാണ് വേഷം. തലയില്‍ ഒരു വെള്ള തൊപ്പി അലക്ഷ്യമായി ഇട്ടിരിക്കുന്നു. വേറൊരാളും അടുത്തെങ്ങുമില്ല.
നേരം നന്നെ പുലര്‍ന്നിരിക്കുന്നു എന്ന് അപ്പോഴാണ് അയാളോര്‍ത്തത്. തൊള്ള നിറച്ചൊരു കോട്ടുവായിട്ട് മറുഭാഗത്തേക്ക് രാമനാഥന്‍ കണ്ണയച്ചു. തേച്ചുമിനുക്കിയ വസ്ത്രമിട്ട് പച്ച കവിളുള്ള ഒരു മാന്യന്‍ തിരിഞ്ഞുനോക്കി പിറുപിറുത്ത് പോകുന്നുണ്ട്. അയാളെന്തൊക്കെയോ തന്നെ നോക്കി വിളിച്ചു പറയുന്നപോലെ അയാള്‍്ക്ക് തോന്നി. ഇതെന്ത് കഥ എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ നോക്കിയത് നേരെ ചീഫിന്റെ മുഖത്തേക്കാണ്.
‘എന്താ നാഥ്, ഒരു കള്ളച്ചിരി?’
ഒന്നുമില്ലെന്നര്‍ത്ഥത്തില്‍ ചുമല്‍കൂച്ചി അയാള്‍ ചിരിയടക്കാന്‍ പാടുപെട്ടു.

ഡ്യൂട്ടി ടൈം തീര്‍ന്ന സംതൃപ്തിയില്‍ വേഷം മാറ്റി വേഗം കാബിനില്‍ നിന്നിറങ്ങി. സ്റ്റേഷനപ്പുറം സുരേഷിന്റെ ചായപ്പീടിയുണ്ട്. വമ്പന്‍ വാടകയൊടുക്കി എസിയും വെച്ച് നടത്തുന്ന ഹോട്ടലുകളേക്കാള്‍ കച്ചോടം നടക്കുന്നത് അവിടാണെന്നാണ് എല്ലാരും പറയുന്നത്. റോഡരികില്‍ അണച്ചു നിര്‍ത്തിയ സൈക്കിള്‍ വണ്ടിയും അതിനു മേലെ വലിച്ചു കെട്ടിയ ടാര്‍പ്പായയും തന്നെയാണ് അന്നും ഇന്നും സുരേഷിന്റെ കടേലുള്ള സൗകര്യം. ലോട്ടറിക്കാരന്‍ കണാരേട്ടന്‍, കപ്പലണ്ടി സുബ്ബു, തട്ടുകട ബിജു…. അങ്ങനെ കുറേ ആളുകളെപ്പറ്റി, അവരുടെ ലാഭക്കണക്കിനെപ്പറ്റി നല്ല മതിപ്പാണ് എല്ലാര്‍ക്കും. പക്ഷേ അവരുടെയൊന്നും ജീവിതനിലവാരവും അഭിവൃദ്ധിയും അതനുസരിച്ച് മാറ്റം വരാത്തതെന്തെന്ന് അയാളാശ്ചര്യപ്പെട്ടു.

വയര്‍ നിറച്ച് ഇഡ്ഢലിയും ചട്ട്ണിയും കഴിച്ച് വെള്ളച്ചായയും കുടിച്ച് അയാള്‍ പോകാനെഴുന്നേറ്റു. കൈ കഴുകി വന്ന് പേഴ്‌സെടുക്കാനാഞ്ഞപ്പോള്‍ സുരേഷ് തടഞ്ഞു.
‘ഞാനും കേട്ടു. ഇന്ന് സാറിന്റെ ചെലവ് മൊയ്തീക്കാന്റെ വകയാണെന്ന് പറഞ്ഞിട്ടാ മൂപ്പര് പോയത്. പക്ഷേങ്കില് ഇന്നത്തേത് എന്റെ വക. ഇരിക്കട്ടെ സാറേ’
ചെലവ് ചെയ്യുന്നവരായായിരുന്നാലും വേണ്ടെന്ന് പറയാറില്ല. പക്ഷേ, അന്നത് വാങ്ങാന്‍ എന്തുകൊണ്ടോ അയാളുടെ മനസ്സ് സമ്മതിച്ചില്ല. പേഴ്‌സിലേക്ക് കയ്യിട്ട രാമനാഥനെ സുരേഷിന്റെ വാക്ക് പൊള്ളിച്ചു.
‘എണ്ണിച്ചുട്ട അപ്പം കണക്കെ കിട്ടുന്ന തുട്ടല്ലേ ഉള്ളൂ സാറേ. അതവിടെ ഇരുന്നോട്ടെ. ഇതോണ്ട് ഞമ്മളങ്ങ് പാപ്പരാവോന്നുമില്ല സാറേ’
ചായ വലിച്ചടിക്കുന്നതിനിടയില്‍ അതും പറഞ്ഞ് സുരേഷ് ഒരു സഹതാപച്ചിരി പാസ്സാക്കി.
മൊയ്തീക്കയോട് ചോദിച്ചുറപ്പു വരുത്താനുണ്ടായിരുന്ന ആ ചോദ്യത്തിനുത്തരം ആ വാക്കിലും ചിരിയിലും വേണ്ടോളം കുമിഞ്ഞുനിന്നിരുന്നു. ശമീറലി ഹുദവി പള്ളത്ത്‌

Editor Thelicham

Thelicham monthly

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.