Home / 2018 / സര്‍ക്കാറേ ഖുദാദാദ്: ടിപ്പുവിന്റെ മതം ഇടപെട്ട വിധം

സര്‍ക്കാറേ ഖുദാദാദ്: ടിപ്പുവിന്റെ മതം ഇടപെട്ട വിധം

മൈസൂരിയന്‍ കാലത്തേക്കാള്‍ കേരള ചരിത്രത്തില്‍ വിവാദപരമായ മറ്റൊരു കാലം ഉണ്ടായിട്ടില്ല. മൈസൂരിന്റെ അധിനിവേശത്തെപ്പറ്റിയും ടിപ്പു സുല്‍ത്താനെപ്പറ്റിയും ഒട്ടനവധി ചര്‍ച്ചകള്‍ അക്കാദമിക മേഖലയില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ടിപ്പുവിന്റെ ചരിത്രത്തെ പഠനവിധേയമാക്കിയ ചരിത്രകാരന്മാരിലധികവും അദ്ദേഹത്തിന് മതകീയ വ്യാഖ്യാനങ്ങള്‍ നല്‍കി അവരുടെ ആന്തരിക ചോദനകളെ ത്യപ്തിപ്പെടുത്താനാണ് ശ്രമിച്ചത്. അതിനുവേണ്ടി, നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളെ പോലും അവര്‍ മറച്ചുവെച്ചു. ഇത്തരം ആഖ്യാനങ്ങളില്‍ ടിപ്പു ഒരു അധിനിവേശക്കാരനായും, തന്റെ രാജ്യത്തെ ഹിന്ദു ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ഹിന്ദുക്കളെ ഇസ്‌ലാമിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം നടത്തുകയും ചെയ്ത മതഭ്രാന്തനായും മുദ്രകുത്തപ്പെട്ടു. സര്‍വ ദേശായി, റോബര്‍ട്ട് എന്നീ ചരിത്രകാരന്മാര്‍ അസഹിഷ്ണുവായ മതഭ്രാന്തന്‍ (ഇന്‍ടോളറന്റ് ബിഗോട്ട്) എന്നൊക്കെ ടിപ്പുവിനെ വിശേഷിപ്പിക്കുന്നുണ്ട്. ടിപ്പു ഒരു മുസ്‌ലിം ഭരണാധികാരിയും ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ശക്തനായ വക്താവുമായിരുന്നെന്നതില്‍ സംശയമില്ലെങ്കിലും, അദ്ദേഹത്തിന്റെ മതകീയ മുഖത്തെ അടിസ്ഥാനമാക്കി എങ്ങനെ അദ്ദേഹം ഒരു ഹിന്ദു വിരോധിയായിരുന്നെന്ന് പറയാനൊക്കും? ടിപ്പുവിന്റെ ക്ഷേത്രാക്രമണങ്ങളെപ്പറ്റിയുള്ള വാദങ്ങളാണ് ഇത്തരം അടിസ്ഥാനമില്ലാത്ത വാദങ്ങള്‍ രൂപപ്പെടാനുണ്ടായ കാരണമെന്നു പറയാം. അക്കാലത്തെ ക്ഷേത്രങ്ങള്‍ സാമ്പത്തിക, രാഷ്ട്രീയ മേധാവിത്വത്തിന്റെ ആകര്‍ഷണ കേന്ദ്രമായിരുന്നുവെന്ന കാര്യം മനസിലാക്കാതെ ഇത്തരം ആന്തരികമായ ചലനങ്ങളെ തിരസ്‌കരിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്തത്. ഇതിനുമപ്പുറം, ടിപ്പു സാമ്പത്തിക, രാഷ്ട്രീയ ആശകളെപ്പറ്റി ഒരുപാട് സംഭാവനകള്‍ നല്‍കിയെങ്കിലും, നിക്ഷിപ്ത താല്‍പര്യക്കാരായ ഒരു കൂട്ടം അവയെ എല്ലാം മറക്കപ്പുറത്തു നിര്‍ത്തുകയായിരുന്നു. ഈ കാലത്തെ പ്പറ്റിയുള്ള ഒട്ടുമിക്ക അക്കാദമിക എഴുത്തുകളും വ്യവഹാരങ്ങളും പൂര്‍ണമായും പക്ഷപാതിത്വപരമോ, അവരുടെ സംഭാവനകളെയും പരിശ്രമങ്ങളെയും തിരസ്‌കരിക്കുന്നതോ ആയിരുന്നു. ഈ കാരണങ്ങളാലാണ് ടിപ്പുവിനെ പുതിയ തലമുറ സംശയത്തോടെ വീക്ഷിക്കാനാരംഭിച്ചത്.
ടിപ്പുവിന്റെ സ്റ്റേറ്റിന്റെ സ്വഭാവം എന്തായിരുന്നു? ഇസ്‌ലാമികമായിരുന്നോ അത്? ടിപ്പുവിന്റെ സ്റ്റേറ്റിന്റെ അടിസ്ഥാന സ്വഭാവത്തെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ഇപ്പോഴും പ്രധാനമാണ് ഇത്തരം ചോദ്യങ്ങള്‍. പല പണ്ഡിതരും കാര്യമായ അന്വേഷണങ്ങള്‍ നടത്താതെ അദ്ദേഹത്തെ അസഹിഷ്ണുവായി മുദ്ര കുത്തുകയുണ്ടായി. പേര്‍ഷ്യന്‍, മറാത്ത, ഉര്‍ദു, ഫ്രഞ്ച് രേഖകള്‍ അവഗണിച്ച് ബ്രിട്ടീഷ് ചരിത്രാഖ്യാനങ്ങളെ മാത്രം ആശ്രയിച്ചാണ് അവര്‍ ഇത്തരം വാദങ്ങളുന്നയിച്ചത്. ടിപ്പുവിന്റെ ജീവിതത്തെയും സ്വഭാവ ഗുണങ്ങളെയും മനസിലാക്കാന്‍ മേല്‍പ്പറഞ്ഞ സ്രോതസുകള്‍ തന്നെ ധാരാളമാണ്. തന്റെ ഭരണ സംവിധാനത്തിന് ‘സര്‍ക്കാറെ-ഖുദാദാദ്’ എന്ന് അദ്ദേഹം പേരിടുകയുണ്ടായി. പേര്‍ഷ്യന്‍ ഭാഷയില്‍ ഖുദാദാദ് എന്നതിനര്‍ഥം ദൈവം നല്‍കിയത് എന്നാണ്. പൂര്‍ണാര്‍ഥത്തില്‍ ദൈവദാനമായ സാമ്രാജ്യം എന്ന ഈ ആശയം രാമരാജ്യം, ധര്‍മരാജ്യം എന്നിവയെപ്പോലെത്തെന്നെ ചരിത്രകാരന്മാരാല്‍ വളച്ചൊടിക്കപ്പെടുകയായിരുന്നു. ഈ ആശയം അദ്ദേഹത്തിന്റെ മതകീയ വശത്തെ സംബന്ധിച്ച് ചര്‍ച്ചകളും വിവാദങ്ങളും ഉരുത്തിരിയാന്‍ കാരണമാവുകയും അദ്ദേഹം ഒരു മതഭ്രാന്തനായിരുന്നെന്ന നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തു. കൊളോണിയല്‍ ആഖ്യാനങ്ങളുടെ ആരംഭത്തോടെ ശക്തിയാര്‍ജിച്ച ഈ ആശയത്തെ ടിപ്പു മതഭ്രാന്തനാണെന്ന് പ്രചരിപ്പിക്കാന്‍ അവര്‍ ഉപയോഗപ്പെടുത്തി. ക്രമേണ, ടിപ്പുവിന്റെ സ്റ്റേറ്റ് മതേതരമല്ലെന്നും ദൈവവാധിഷ്ടിത സ്വഭാവത്തിലാണെന്നുമുള്ള വാദങ്ങള്‍ക്ക് മേല്‍ക്കൈ നേടാന്‍ അവര്‍ക്കായി. ഇന്ത്യയില്‍ ശത്രുപക്ഷത്ത് നിന്നിരുന്ന രാജാക്കന്മാരെ പരാജയപ്പെടുത്താന്‍ ബ്രിട്ടീഷുകാര്‍ അവരെ ജനദ്രോഹികളും മതഭ്രാന്തന്മാരുമൊക്കെയായി നാണം കെടുത്തിയതില്‍ അത്ഭുതമൊട്ടുമില്ല. രക്ഷകരെന്ന ഭാവേനെ കടന്നു വന്ന ബ്രിട്ടീഷ് കമ്പനിയുടെ രാഷ്ട്രീയ മോഹങ്ങളെ പരസ്യമായി ന്യായീകരിക്കുന്നതില്‍ ഇത്തരം എഴുത്തുകള്‍ വിജയം കണ്ടു. ഹിസ്റ്ററി ഓഫ് മൈസൂര്‍ എഴുതിയ കേണല്‍ വില്‍ക്‌സിന്റെ ചരിത്ര രചനാ പാരമ്പര്യത്തെ പിന്തുടര്‍ന്നു വന്ന ചരിത്രകാരന്മാരും ഈ ബ്രിട്ടീഷ് മുന്‍വിധിയെ പ്രതിനിധീകരിക്കുകയായിരുന്നു. ഫ്രാന്‍സിസ് ബുക്കാനന്റെ യാത്രാരേഖകള്‍ വരെ ഈ ചരിത്രമെഴുത്തു പാരമ്പര്യത്തിന്റെ ഭാഗമാണ്. കൊളോണിയല്‍ ഹിസ്‌റ്റോറിയോഗ്രഫി വ്യാഖ്യാനങ്ങളിലെല്ലാം ടിപ്പു ‘മത അസഹിഷ്ണുത’ യുടെ ആളായിരുന്നു. ഇന്നും ഇതിനെ അന്ധമായി പിന്തുണക്കുന്നവരുള്ള നിലവിലെ സാഹചര്യത്തിലും അദ്ദേഹത്തെപ്പറ്റിയുള്ള വിലയേറിയ നിരീക്ഷണങ്ങളിലൊന്നായിരുന്നു. ശത്രുക്കള്‍ അദ്ദേഹത്തെ ഒരു പ്രാവശ്യമേ കൊന്നിട്ടുള്ളൂ, എന്നാല്‍ ചരിത്രകാരന്മാരും മറ്റും അദ്ദേഹത്തെ നിരന്തരം വധിച്ചു കൊണ്ടിരിക്കുകയാണ്.
മൂന്നാം ആഗ്ലോ-മൈസൂര്‍ യുദ്ധം മുതല്‍ മാത്രമാണ് ടിപ്പു മതഭ്രാന്തനും തീവ്രവാദിയുമായ മുസ്‌ലിം ഭരണാധികാരിയായി ചിത്രീകരിക്കപ്പെടുന്നതെന്ന് അദ്ദേഹത്തിന്റെ ജീവിത ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. തൊണ്ണൂറു ശതമാനത്തോളം ഹിന്ദു ജനസംഖ്യയുള്ള മൈസൂരിലെ ജനങ്ങള്‍ക്കും ടിപ്പുവിനുമിടയില്‍ മതില്‍ സൃഷ്ടിക്കാനുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വളഞ്ഞ തന്ത്രമായിരുന്നു ഇത്. ടിപ്പു കീഴടക്കിയ മലബാറിലെ തീരദേശങ്ങളിലും 25 ശതമാനത്തോളം ക്രിസത്യന്‍ ന്യൂനപക്ഷത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു (എസ്‌കേപ്). ടിപ്പു സ്വയം വിശ്വാസത്തിന്റെ സംരക്ഷകനായി ചമയുകയും എല്ലാ മുസല്‍മാന്മാരോടും തന്റെ പക്ഷം ചേരാനാവശ്യപ്പെട്ട് കല്‍പന പുറപ്പെടുവിക്കുകയും ചെയ്തതായി, പാരമ്പര്യ സൈനിക ചിട്ടകളിലേക്ക് മതാംശത്തെ കൂട്ടിച്ചേര്‍ത്ത് അലക്‌സാണ്ടര്‍ ദിറോം ഈ യുദ്ധത്തിന്റെ ചരിത്രത്തില്‍ എഴുതി. ഈ അഭിപ്രായങ്ങളോട് യോജിച്ച് പല ആധുനിക ചരിത്രകാരന്മാരും ടിപ്പുവിനെ ഒരു പാന്‍ ഇസ്‌ലാമിക് ഹീറോ ആയി ആഘോഷിക്കുകയും ചെയ്തു. കമ്പനിയുടെ അധിനിവേശകാലത്തെ, ടിപ്പുവിന്റെ ക്രൂരതകളെപ്പറ്റി റൊഡറിക്ക് മക്കന്‍സി ഒരുപാട് അന്വേഷണങ്ങളുന്നയിക്കുന്നുണ്ട്. യുദ്ധത്തെപ്പറ്റിയെഴുതിയ ചരിത്രത്തില്‍ വിശ്വസിക്കാന്‍ കൊള്ളുന്നവരും യഥാര്‍ഥ ഹിന്ദുസ്ഥാന്റെ അവകാശികളും ഹിന്ദു രാജാക്കന്മാരാണെന്നും മൈസൂര്‍ രാജാവിന്റെ അധിനിവേശത്തില്‍ നിന്നും സംരക്ഷണമായാണ് അവര്‍ ബ്രിട്ടീഷ് ഭരണകൂടത്തെ കണ്ടതെന്നും മക്കന്‍സി എഴുതി. ടിപ്പുവിനെ മതഭ്രാന്തനാക്കിയതില്‍ ആകസ്മികതയൊന്നുമില്ലെങ്കിലും, കമ്പനിയുടെ വെട്ടിപ്പിക്കലിന് ഏറെ സഹായകരമായ യുദ്ധത്തിനുള്ള മനഃപൂര്‍വമുള്ള ന്യായീകരണങ്ങളും ഇതിനോടൊപ്പമുണ്ടായി. ടിപ്പുവിനെ ഇത്തരം നിരീക്ഷണങ്ങളെല്ലാമുണ്ടാക്കിയത് കൊളോണിയല്‍ ശക്തികളായിരുന്നെങ്കിലും, കഠിനാധ്വാനമില്ലാതെ അവരുടെ ആശയങ്ങളെ ജനങ്ങള്‍ക്കിടയില്‍ വ്യാപിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
മേല്‍പ്പറഞ്ഞ ആഖ്യാനങ്ങളില്‍ വിശ്വസിച്ച എഴുത്തുകാരെല്ലാം യാഥാര്‍ഥ്യം കണ്ടെത്താനുള്ള ഒരു ശ്രമവും നടത്താതെ പഴയ വ്യാഖ്യാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കാനാണ് ശ്രമിച്ചത്. സര്‍ക്കാറെ ഖുദാദാദ് എന്ന വാക്കു കൊണ്ട് ഒരു ‘ക്ഷേമ രാഷ്ട്രത്തെ‘യാണ് എല്ലാ നിലക്കും ടിപ്പു കെട്ടിപ്പടുക്കാനാഗ്രഹിച്ചത്. ടിപ്പുവിന്റെ ചെയ്തികളും രാജകല്‍പനകളും മാത്രം മതി, അദ്ദേഹം ക്ഷേമരാഷ്ട്രത്തെപ്പറ്റിയും ആധുനിക സമീപനങ്ങളെപ്പറ്റിയുമാണ് സംസാരിച്ചത് എന്നു മനസ്സിലാകാന്‍.എല്ലാം ആഢംബരങ്ങളും വെടിഞ്ഞ് ലളിതജീവിതം നയിച്ച അദ്ദേഹം കിടക്കയായി ഖാദികൊണ്ടുള്ള വിരിപ്പാണത്രെ ഉപയോഗിച്ചിരുന്നത്. മൈസൂരിന്റെ സാമ്പത്തിക, രാഷ്ട്രീയ ഉയര്‍ച്ചയെ മുഖ്യ ലക്ഷ്യമായിക്കണ്ട് അദ്ദേഹം കച്ചവടം, കൃഷി, നേവി, സാങ്കേതിക എന്നീ രംഗങ്ങളില്‍ ഒരുപാട് പരിഷ്‌കാരങ്ങള്‍ അദ്ദേഹം നടപ്പിലാക്കി. മൈസൂരിന്റെ നേട്ടത്തിന് കച്ചവടത്തില്‍ നിയന്ത്രണങ്ങള്‍ വരുത്താനാവശ്യപ്പെട്ട ടിപ്പു വാണിജ്യ വകുപ്പിന്റെ തലവന് പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ ഹുകുംനകള്‍ ഇപ്പോഴും ലഭ്യമാണ്. 1794-ല്‍ ടിപ്പുവിന്റെ സമകാലികനായിരുന്ന ഇംഗ്ലീഷുകാരന്‍ എഡ്വാര്‍ഡ് മൂര്‍ രാജ്യത്തെ അവസ്ഥകളെപ്പറ്റി വിശദീകരിക്കുന്നതിങ്ങനെ:- കൃഷി ചെയ്യുമ്പോള്‍ നന്നായി കൃഷി ചെയ്യുകയും ജനസംഖ്യ വികസിക്കുകയും കച്ചവടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നതായി കണ്ടെത്തല്‍ സ്വാഭാവികമായും അയാള്‍ മനസിലാക്കുക അവിടം ഭരിക്കുന്ന ജനങ്ങള്‍ക്കിഷ്ടമുള്ള ഭരണകൂടമാണഅ എന്നായിരിക്കും- ശക്തമായൊരു കാരണത്തിനു വേണ്ടി പോരാടുകയും മരിക്കുകയും ചെയ്ത ആ കൂട്ടരിലാണ് ടിപ്പുവിന്റെ സ്ഥാനം. പതിനെട്ടാം നൂറ്റാണ്ടില്‍ അദ്ദേഹത്തോളം ഊര്‍ജസ്വലനും ദേശാഭിമാനിയും മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത മറ്റൊരാളും തന്നെ ജനിച്ചിട്ടുണ്ടാകാനിടയില്ല.
ടിപ്പുവിന്റെ സര്‍ക്കാറെ ഖുദാദാദില്‍ മുസ്‌ലിംകള്‍ എന്നതിനപ്പുറം എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളിക്കുന്നതായിരുന്നു. ടിപ്പു തന്റെ പ്രജകളെപ്പറ്റി നിരീക്ഷിക്കുന്നതിങ്ങനെയാണ്: ’ ആരാണ് എന്റെ ജനങ്ങള്‍? എല്ലാവരും തന്നെ- അമ്പല മണിമുഴക്കുന്നവരും പള്ളിയില്‍ നിസ്‌കരിക്കുന്നവരും എന്റെ ജനങ്ങളാണ്. ഈ മണ്ണ് അവരുടേതും എന്റേതുമാണ്’- പ്രത്യേക നിയമങ്ങള്‍ ചുമത്താതെ, ജാതിയും മതവും നോക്കാതെ ടിപ്പു തന്റെ പ്രജകള്‍ക്കിടയില്‍ സമത്വം ഉറപ്പുവരുത്താന്‍ ശ്രദ്ധിച്ചു. മൈസൂരിലെ ജനങ്ങളുടെ പ്രതിജ്ഞയില്‍ നിന്നും അതുതന്നെയാണ് വ്യക്തമാകുന്നത്. ജാതിയുടെയോ വിശ്വാസത്തിന്റെയോ മതത്തിന്റെയോ പേരില്‍ മറ്റൊരാള്‍ക്കെതിരെ വിവേചനം കാട്ടുന്നത് എല്ലാ മൈസൂരുകാര്‍ക്കും മൈസൂരിനകത്തും പുറത്തും അനുവദനീയമല്ലെന്ന് ഇന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു’ എന്നാണത്. ടിപ്പു ചില മതപരിവര്‍ത്തനങ്ങളും ക്ഷേത്രാക്രമണങ്ങളും നടത്തിയിട്ടുണ്ടെങ്കിലും ബ്രിട്ടീഷുകാര്‍ ചിത്രീകരിച്ചതു പോലെ മതഭ്രാന്തനായിരുന്നില്ലെന്ന് അദ്ദേഹം തന്റെ രാജ്യത്ത് നടപ്പാക്കിയ മതേതര പ്രവര്‍ത്തനങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. ടിപ്പുവിന്റെ സന്നിധിയില്‍ ആധിപത്യം പുലര്‍ത്തിയ ഹിന്ദുക്കളായ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ മതകാര്യങ്ങളില്‍ പൂര്‍ണ സ്വാതന്ത്ര്യം ടിപ്പു വകവെച്ചുകൊടുത്തിരുന്നു. പ്രധാനപ്പെട്ട പദവിയായ മിര്‍ അസഫ് ആയി പൂര്‍ണയ്യയെയും ഖജനാവു സൂക്ഷിപ്പുകാരനായി കൃഷ്ണറാവുവിനെയുമാണ് ടിപ്പു നിയമിച്ചത്. തപാല്‍-നിയമപാലന മന്ത്രിയായി ശാമ അയ്യങ്കാറും ശ്രീരംഗപട്ടണത്തെ മറ്റു ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ രങ്കഅയ്യങ്കാറും നരസിംഗ റാവുവും ആണ് നിയമിതരായത്. ടിപ്പുവിന്റെ പ്രധാന വിശ്വസ്തരായിരുന്ന ശ്രീനിവാസ് റാവുവും അപ്പാജിയുമാണ് നയതന്ത്ര ദൗത്യങ്ങള്‍ക്ക് അയക്കപ്പെട്ടത്. മുന്‍ചന്ദും സുജന്‍ റായിയും മുഗള്‍ ദര്‍ബാറിലെ അദ്ദേഹത്തിന്റെ പ്രധാന ഏജന്റുമാരായിരുന്നു. ഹിന്ദുവായ നരസൈയ്യയെ മുന്‍ഷിയായും ബ്രാഹ്മണനായ നാഗപ്പയ്യയെ കൂര്‍ഗിലെ ഫൗജുദാറായും ടിപ്പു നിയമിച്ചു. മലബാറിലെ തേക്കിന്‍ കാടുകളില്‍ നിന്നും മരം മുറിക്കാനുള്ള പ്രത്യേകാനുകൂല്യം ഒരു ബ്രാഹ്മണനു നല്‍കിയ ടിപ്പു കോയമ്പത്തൂരിലെയും പാലക്കാട്ടെയും അസഫ് ആയി മറ്റൊരു ബ്രാഹ്മണനെയും നിയമിച്ചു.
മൈസൂരുവിലെ ആര്‍ക്കിയോളജി ഡയറക്ടറായ റാവു ബഹാദൂര്‍ നരസിംഹാചാര്‍ 1916-ല്‍ ശ്രിംഗേരിയിലെ ക്ഷേത്രത്തില്‍ കത്തുകളുടെ ഒരു ശേഖരം കണ്ടെത്തുകയുണ്ടായി. കൊട്ടാരത്തിലെ അബോട്ട് എന്നെഴുതിയ ആ കത്തുകളില്‍ ടിപ്പുവിന്റെ മതപരമായ നയം മുഴച്ചുകാണാം. രഘുനാഥു റാവുവിന്റെ നേതൃത്വത്തില്‍ ശ്രിംഗേരി മഠത്തിനു മുകളില്‍ നടന്ന മറാത്ത ആക്രമണത്തെപ്പറ്റിയായിരുന്നു ആ കത്തുകള്‍. മഠത്തില്‍ കൊള്ള നടത്തിയ അക്രമികള്‍ ദേവിയായ ശാരദയുടെ പുണ്യചിത്രം സ്ഥലം മാറ്റുകയും ഒരുപാട് ആളുകളെ കൊല്ലുകയും മുറിവേല്‍പ്പിക്കുകയും ചെയ്തതായി ഈ രേഖകളില്‍ പരാമര്‍ശിക്കുന്നു. ഇതു കേട്ടയുടന്‍, ടിപ്പു ബേദന്നൂരിലെ അസഫിനോട് 200 റാഹത്തികള്‍ പണമായും, 200 റാഹത്തികള്‍ ധാന്യമായും മറ്റു വസ്തുക്കളും ശൃംഗേരി ക്ഷേത്രത്തിലേക്കു നല്‍കാന്‍ ഉത്തരവിട്ടു. രാജ്യത്തെ മറ്റു ക്ഷേത്രങ്ങളിലേക്കും അദ്ദേഹം സഹായ ഹസ്തം നീട്ടിയിരുന്നു. തന്നങ്ങാട് താലൂക്കിലെ കലാലെ ഗ്രാമത്തിലുള്ള ലക്ഷ്മികാന്തി ക്ഷേത്രത്തിലെ വെള്ളിപ്പാത്രങ്ങള്‍ ടിപ്പു നല്‍കിയ ഉപഹാരമായിരുന്നെന്ന് അനുമാനിക്കപ്പെടുന്നു. മറ്റനേകം സാഹചര്യങ്ങളില്‍, ക്ഷേത്രങ്ങള്‍ക്കും ബ്രാഹ്മണര്‍ക്കും ടിപ്പു പണവും ഭൂമിയും സമ്മാനിച്ചതായി കാണാം. തൊങ്ങപ്പള്ളി, ഗൊല്ലപ്പള്ളി എന്നീ ഗ്രാമങ്ങളിലെ നികുതി ഇഷ്ടാനുസരണം ഉപയോഗപ്പെടുത്താന്‍ പുഷ്പഗിരി മഠത്തിലെ സ്വാമിയായ കോനപ്പക്ക് ടിപ്പു അനുവാദം നല്‍കിയിരുന്നുവെന്ന് ടിപ്പു പുറപ്പെടുവിച്ച ഒരു മറാത്തി സനദില്‍ കാണാം. 1794 ല്‍ മഹാരാജ്ബാദ് താലൂക്കിലെ മഹാരാജ ഹാരിപ എന്ന ബ്രാഹ്മണന് ടിപ്പു ഇനാം നല്‍കുകയുണ്ടായി. തുംഗബദ്രയുടെ തീരത്തുള്ള ക്ഷേത്രങ്ങള്‍ക്കും ബ്രാഹ്മണര്‍ക്കും ടിപ്പു ഭൂമി സമ്മാനിച്ചതായി സംസ്‌കൃത സൂക്തങ്ങളിലുണ്ട്.
മുസ്‌ലിംകള്‍ക്ക് ശരീഅത്ത് നിയമം നടപ്പിലാക്കിയപ്പോഴും ഹിന്ദുക്കള്‍ക്ക് അവരുടേതായ നിയമമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഖുര്‍ആന്‍ വാക്യമുദ്ധരിച്ച് തന്റെ മതകീയ കാഴ്ചപ്പാട് അദ്ദേഹം വിശദീകരിക്കുന്നു: നീയും ഞാനും കീഴടങ്ങുന്ന ദൈവം ഏകനാണ്. ദൈവപ്രോക്തമായ ഈ നിയമത്തെ നാം ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്നു. മനുഷ്യന്റെ ഔന്നത്യവും യുക്തിയും സാഹോദര്യവുമെല്ലാമാണതിന്റെ അടിസ്ഥാനം. ബഹുമാനത്തോടെയാണ് ഹിന്ദുവിന്റെ വേദങ്ങളും നാം വായിക്കുന്നത്. പ്രാപഞ്ചിക ഐക്യത്തെ അവ ഉദ്‌ഘോഷിക്കുകയും പല പേരുകളുള്ള ഏകനായ ദൈവത്തെപ്പറ്റി സംസാരിക്കുകയും ചെയ്യുന്നു. തന്റെ പ്രവൃത്തികളിലൂടെ താന്‍ അമുസ്‌ലിംകളുടെയും ഭരണാധികാരിയാണെന്ന് ടിപ്പു തെളിയിച്ചു. അമുസ്‌ലിം മേധാവിത്വമുള്ള സമൂഹത്തെയാണ് മുസ്‌ലിമായ ടിപ്പു ഭരിച്ചത്. സര്‍ക്കാറെ ഖുദാദാദ് മുസ്‌ലിംകളുടേത് മാത്രമല്ലെന്നും, മതവും ജാതിയും നിറവും വിശ്വാസവുമൊന്നും പരിഗണിക്കാത്ത, താന്‍ നികുതി വാങ്ങുന്നവരുടേതുമാണെന്നും ടിപ്പു വാദിച്ചു. തന്നോട് അനുസരണക്കേട് കാണിച്ച മുസ്‌ലിം പ്രജകളോടും അമുസ്‌ലിം പ്രജകളോടും ഒരു പോലെ ടിപ്പു പെരുമാറി. തന്റെ ജനങ്ങള്‍ക്കിടയില്‍ പരമാവധി സമത്വം ഉറപ്പുവരുത്തുന്നതിലൂടെ തന്റെ പൂര്‍ണാര്‍ഥത്തിലുള്ള രാഷ്ട്രത്തെ നിര്‍മിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഖുദാദാദിന്റെ സ്വഭാവവും സവിശേഷതയും ബഹുമുഖമായിരുന്നെന്ന് തിരിച്ചറിയാന്‍ ഈ നിരീക്ഷണങ്ങള്‍ തന്നെ ധാരാളം.
ഈ തെളിവുകള്‍ ടിപ്പു ഒരു മതഭ്രാന്തനായിരുന്നില്ലെന്നും ഹിന്ദു പ്രജകളുടെ മതകീയ താല്‍പര്യങ്ങള്‍ വരെ പരിഗണിച്ച വിശാല ഹൃദയനായ ഭരണാധികാരിയായിരുന്നെന്ന് സ്ഥാപിക്കുന്നുണ്ട്. ഈ തെളിവുകളെല്ലാം നിക്ഷിപ്ത താല്‍പര്യങ്ങള്‍ വെക്കാതെ, സഹിഷ്ണുതയിലും നീതിയിലും ടിപ്പു വിശ്വസിച്ചു. ഇതേ നിലപാട് തന്റെ രാജ്യത്തിലെ ക്രിസത്യാനികളോടും ടിപ്പു സ്വീകരിച്ചു. ടിപ്പു മതഭ്രാന്തനും ക്രൂര ഹൃദയനുമാണെന്നുമൊക്കെയുള്ള വിശ്വാസങ്ങല്‍ കമ്പനി പ്രചരിപ്പിക്കുക വഴി ബ്രിട്ടീഷ് കമ്പനിക്കു കീഴില്‍ മൈസൂര്‍ സല്‍ഭരണത്തിന് സാക്ഷ്യം വഹിക്കുമെന്നും ജനങ്ങള്‍ ബ്രിട്ടീഷ് ഭരണത്തെ ആഗ്രഹിക്കുന്നുവെന്നും വരുത്തിത്തീര്‍ക്കാന്‍ കമ്പനിയ്ക്കായി.
ഈ പ്രചരണങ്ങളോട് നേര്‍വിപരീതമായി ടിപ്പു തന്റെ പ്രജകളെ സമത്വഭാവനയോടെ കാണുകയും ഖുദാദാദെ സര്‍ക്കാറിന്റെ ഉന്നതപദവികളില്‍ അമുസ്‌ലിംകളെ നിയമിക്കുകയും ചെയ്തു. ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുകയും ബ്രാഹ്മണര്‍ക്കും ക്ഷേത്രങ്ങള്‍ക്കും സഹായങ്ങള്‍ നല്‍കുകയും ചെയ്ത ടിപ്പു ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ വരെ നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. തന്നോട് വിധേയത്വം പ്രകടിപ്പിക്കാത്ത അമുസ്‌ലിംകളെ അദ്ദേഹം ശിക്ഷിച്ചിരുന്നെങ്കിലും, അതേ കുറ്റങ്ങളിലേര്‍പ്പെട്ട മുസ്‌ലിംകള്‍ക്കും അതേ ശിക്ഷ നല്‍കുന്നതില്‍ ടിപ്പു അമാന്തിച്ചില്ല. ഖുദാദാദെ സര്‍ക്കാറിന്റെ യാഥാര്‍ഥ്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും, കൊളോണിയല്‍ ചൂഷണങ്ങളെ ന്യായീകരിക്കാന്‍ ഇത്തരം വസ്തുതകളെ വിഴുങ്ങിക്കളയുകയാണ് കൊളോണിയല്‍ ചരിത്രമെഴുത്തുകാര്‍ ചെയ്തത്.
ടിപ്പുവിനെപ്പറ്റി ഗാന്ധിജി യങ് ഇന്ത്യയിലെഴുതിയ നിരീക്ഷണമിങ്ങനെയാണ്: ‘ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ പ്രതിരൂപമായിരുന്നു ടിപ്പു. ശ്രിംഗേരി മഠത്തിലേക്ക് അദ്ദേഹമയച്ച കത്തുകളും അനവധി ക്ഷേത്രങ്ങള്‍ക്ക് നല്‍കിയ സമ്മാനങ്ങളുമെല്ലാം ഹിന്ദുക്കളോടുള്ള അദ്ദേഹത്തിന്റെ ബഹുമാനത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍, ടിപ്പുവിനെ ഒരു മതഭ്രാന്തനായി മുദ്രകുത്തുന്നത് ശരിയായ നിലപാടല്ല’.

റഫറന്‍സ്
1.
1. Kirk­patric, Select­ed let­ters of Tipu Sulthan
2. Edward Moor: A Nar­ra­tive of oper­a­tions of Cap­i­tal
3. MP Mujeeb Rahi­man, The oth­er side of the sto­ry: Tipu Sulthan, Colo­nial­ism and Renais­sance in Mal­abar, 2016
4. Ken­neth Jones. Socio- Reli­gious Reform Move­ments in British India, 1990
5. Major Alexan­der Dirom, A nar­ra­tive of the Cam­paign in India, 1793

(കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റി ഗവേഷകനാണ് ലേഖകന്‍ .)

Comments

com­ments

About മജീദ് പി

Check Also

ബൗദ്ധിക അപചയമെന്ന മിത്ത്: ഹംസ യൂസുഫിനൊരു വിമര്‍ശനക്കുറിപ്പ്

ഫിലോസഫി, വിശ്വാസം, നാഗരികത എന്നിവ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഹംസ യൂസുഫ് എഴുതിയ ലേഖനം മെറ്റാഫിസിക്ക്‌സിനെ സംബന്ധിുള്ള പഠനങ്ങളെ മുസ്‌ലിം …