Home / slide / ഫാഷിസത്തിന്റെ മുഖമുദ്ര ഇസ്ലാം വിരുദ്ധതയാണ്‌

ഫാഷിസത്തിന്റെ മുഖമുദ്ര ഇസ്ലാം വിരുദ്ധതയാണ്‌

ഫാഷിസത്തെ സാധാരണ ഗതിയില്‍ നിര്‍വചിക്കാറുള്ളത്, അത് പടിഞ്ഞാറന്‍ ലിബറലിസത്തിനും കമ്മ്യൂണിസത്തിനും എതിരാണ് എന്ന രീതിയിലാണ്. എന്നാല്‍, ഈ നിഷേധാത്മക നിര്‍വചനം ഫാഷിസത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെയോ ചരിത്രത്തെയോ വ്യക്തമാക്കുന്നില്ല. ഒന്നാം ലോകയുദ്ധാനന്തരം, ഇറ്റലിയിലെ ഫാഷിസ്റ്റുകള്‍ കമ്യൂണിസത്തിനെതിരെ സ്വീകരിച്ച നിലപാട് കൊണ്ടാണ് അതിനെ കമ്യൂണിസ്റ്റ്റ്റ് വിരുദ്ധം എന്ന് നിര്‍വചിക്കാന്‍ തുടങ്ങിയത്. ലിബറല്‍ പക്ഷക്കാരാവട്ടെ ഫാഷിസത്തിനും കമ്യൂണിസത്തിനും ഇടയില്‍ നിരവധി അടിസ്ഥാനപരമായ സാമ്യതകള്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഒന്നാം ലോകയുദ്ധ കാലത്ത്, ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പാണ് മുസ്സോളിനിയുടെ ഫാഷിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ഫാഷിസത്തിലാണ് സമകാലിക ലിബറലിസത്തിന്റെ വേരുകള്‍ കിടക്കുന്നത് എന്ന് അമേരിക്കന്‍ എഴുത്തുകാരനായ ജോനാ ഗോള്‍ഡ്ബര്‍ഗ് 2008-ല്‍ പ്രസിദ്ധീകരിച്ച ലിബറല്‍ഫാഷിസം എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നു.(1) ഇത്രയും പറഞ്ഞത്, ലിബറലിസം, കമ്യൂണിസം, സോഷ്യലിസം, ഫാഷിസം എന്നിവയൊക്കെ മൗലികമായി വ്യതിരിക്തത ഉള്ളവയാണ് എന്ന രീതിയിലുള്ള സമീപനം അപര്യാപ്തമാണ് എന്ന് സമര്‍ത്ഥിക്കാനാണ്. അവയെല്ലാം, പൊതുവായ ഒരു പടിഞ്ഞാറന്‍ പാരമ്പര്യത്തെ പങ്ക് വെക്കുന്നുണ്ട്.
ഫാഷിസത്തിന്റെ ഉല്‍ഭവസ്ഥാനമായി ഇറ്റലിയെ ഗണിക്കപ്പെടുന്നുണ്ടെങ്കിലും ഇറ്റലിയില്‍ മാത്രം ഒതുങ്ങിയ ഒരു പ്രതിഭാസമായി അതിനെ മുമ്പും മനസ്സിലാക്കപ്പെട്ടിട്ടില്ല. രണ്ടാം ലോകയുദ്ധത്തിന് മുമ്പ് തന്നെ ജപ്പാന്‍, ജര്‍മനി എന്നിവിടങ്ങളിലെ ഭരണകൂടങ്ങളെ ഫാഷിസ്റ്റ് എന്ന് വിളിക്കപ്പെട്ടിരുന്നു.(2) ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍, ആര്‍. പാല്‍മെ ദത്ത് ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്: ‘മുതലാളിത്തം സര്‍വ രാജ്യങ്ങളിലും ഫാഷിസ്റ്റ് രൂപങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന പ്രവണത ഒരു യാഥാര്‍ത്ഥ്യമാണ്. മുസ്സോളിനി അഥവാ ഹിറ്റ്‌ലര്‍ എന്നതിനപ്പുറമുള്ള ഒരു പ്രശ്‌നമാണിത്’.(3) പതിനെട്ടാം നൂറ്റാണ്ടിലെ, ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വിജയമായി കൊട്ടിഘോഷിക്കപ്പെടുന്ന ഫ്രഞ്ച് വിപ്ലവത്തിലെ പ്രധാന വിപ്ലവകക്ഷിയായ ജാക്കോബിന്‍സുമായി പ്രത്യയശാസ്ത്ര ബന്ധമുള്ള ഒന്നായി ഫാഷിസ്റ്റുകളെ കണക്കാക്കുന്നവരുണ്ട്. ജാക്കോബിന്‍സ് എന്ന വിഭാഗത്തിന് ഡൊമിനിക്കന്‍സ് എന്ന െ്രെകസ്തവസഭയുമായും ബന്ധമുണ്ടായിരുന്നു. ഈ സഭ മധ്യകാല കുരിശ് യുദ്ധത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
സെമിറ്റിക് വിരുദ്ധത ഫാഷിസത്തിന്റെ അടിസ്ഥാനഭാവമല്ല. അത്, ഹിറ്റ്‌ലറുമായി സായുധസഖ്യത്തിന് വേണ്ടി 1938-ന് ശേഷം മുസ്സോളിനി സ്വീകരിച്ച ഒരു നയംമാത്രമാണ്. ഫാഷിസം കമ്മ്യൂണിസത്തെയും സോഷ്യലിസത്തെയും എതിര്‍ക്കുന്നതാവട്ടെ ഒരു രാഷ്ട്രത്തിലെ വര്‍ഗ-ജാതി വിഭജനത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹികശ്രേണിയെ അത് അട്ടിമറിക്കുമോ എന്ന ഭീതി കൊണ്ടാണ്. ‘യംഗ്പാട്രിയറ്റ്‌സ്’ എന്ന ഫ്രഞ്ച് ഫാഷിസ്റ്റ് സംഘടനയുടെ നേതാവും പ്രമുഖ മദ്യവ്യവസായിയും ആയിരുന്ന പിയറെ ടയിറ്റിന്ഗര്‍ 1924-ല്‍ പറഞ്ഞത് ഇപ്രകാരമാണ്: ‘നമ്മള്‍ സമൂഹത്തിലെ വര്‍ഗ വിഭജന ഘടനയെ സംരക്ഷിക്കും… വിവിധ സാമൂഹിക ശ്രേണികള്‍ ഉണ്ടാവും, അതില്‍ ശക്തനും ദുര്‍ബലനും, പണമുള്ളവനും ഇല്ലാത്തവനും ഉണ്ട്. ഇത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്’.(4) വര്‍ഗ വിഭജനം എന്നത് പോലെ തന്നെ ദേശീയതയും ഫാഷിസത്തിന്റെ പ്രധാനഘടകമാണ്. 1889-ല്‍ പാരീസില്‍ രൂപപ്പെട്ട രണ്ടാമത്തെ സോഷ്യലിസ്റ്റ് ഇന്റര്‍നാഷനലില്‍ അന്താരാഷ്ട്ര തൊഴിലാളിവര്‍ഗം എന്ന സങ്കല്‍പത്തെ വലിയൊരു വിഭാഗം യൂറോപ്യന്‍ സോഷ്യലിസ്റ്റുകള്‍ തള്ളിക്കളഞ്ഞു, ദേശീയതയെ സ്വീകരിച്ചു. ഇവരാണ്, ഫാഷിസത്തെ യൂറോപ്പിലുടനീളം അധികാരത്തിലേറ്റിയത്. ജര്‍മ്മന്‍ നാസികള്‍ തങ്ങളെ സ്വയം വിശേഷിപ്പിച്ചത് ദേശീയ സോഷ്യലിസ്റ്റുകള്‍ എന്നാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍, ഇറ്റലി, ജര്‍മനി, ആസ്ട്രിയ, പോര്‍ച്ചുഗല്‍, ഗ്രീസ്, ക്രൊയേഷ്യ, നോര്‍വെ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ വിവിധ ഘട്ടങ്ങളിലായി ഫാഷിസ്റ്റുകള്‍ അധികാരത്തിലേറി. സ്‌പെയിന്‍, പോളണ്ട്, ഫിന്‍ലാന്റ്, ഹംഗറി, റൊമാനിയ, ഫ്രാന്‍സ്, ബ്രിട്ടന്‍, ബെല്‍ജിയം എന്നിവിടങ്ങളില്‍ ഫാഷിസ്റ്റുകള്‍ പ്രബല കക്ഷികളായിരുന്നു. അതേ കാലഘട്ടത്തില്‍ തന്നെ സൗത്ത് ആഫ്രിക്ക, സിറിയ, ഇറാഖ്, ഈജിപ്ത്, ചൈന, അമേരിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലും ഫാഷിസ്റ്റ് സ്വാധീനം ശക്തമായിത്തീര്‍ന്നു.
ഒട്ടേറെ ആന്തരിക വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ഒരു പ്രതിഭാസമാണ് ഫാഷിസം. പ്രത്യയശാസ്ത്രപരമായി കൃത്യമായി അതിനെ നിര്‍വചിക്കാനാവില്ല. കമ്മ്യൂണിസ്റ്റുകള്‍ 1935-ല്‍ തന്നെ ഫാഷിസത്തിന് ഒരു നിര്‍വചനം നല്‍കുകയുണ്ടായി: ‘മൂലധനത്തിന്റെ ഏറ്റവും പ്രതിലോമകരവും തീവ്ര ദേശീയ വംശീയ വാദപരവും സാമ്രാജ്യത്വപരവുമായ ഘടകങ്ങളുടെ സുവ്യക്തമായ ഭീകര സ്വേച്ഛാധിപത്യമാണത്’.(5) സി.പി.എം നേതാവായ പ്രകാശ് കാരാട്ട് പറയുന്നത്, ഹിന്ദുത്വവും മോദി ഭരണകൂടവുംഫാഷിസ്റ്റ് അല്ല എന്നാണ്. ഇതിന് വിരുദ്ധമായ അഭിപ്രായമാണ് മറ്റൊരു നേതാവായ യെച്ചൂരിക്കുള്ളത്. കാരാട്ടിന്റെ അഭിപ്രായത്തില്‍ മോദി ഭരണകൂടം സമഗ്രാധിപത്യപരമാണ്, ഫാഷിസ്റ്റ് അല്ല. ഫാഷിസ്റ്റ് ആക്കാതിരിക്കാന്‍ വേണ്ടി ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതകളെ സമീകരിക്കുന്ന പതിവ് ഇടത്പക്ഷ നിലപാട് ഇവിടെയും സ്വീകരിച്ചിട്ടുണ്ട്. കാരാട്ട് പറയുന്നത്, മോദിയുടെ ഭരണവും ഉര്‍ദുഗാന്റെ ഭരണവും ഫാഷിസ്റ്റ് അല്ല, മറിച്ച് വലത്പക്ഷ സമഗ്രാധിപത്യപരമാണ് എന്നാണ്. എന്നാല്‍, ഇറ്റാലിയന്‍ സാഹിത്യകാരനും ചിന്തകനും ആയിരുന്ന ഉമ്പര്‍ട്ടോ ഇക്കോ നിരീക്ഷിക്കുന്നത്, ഇറ്റാലിയന്‍ ഫാഷിസം പരിപൂര്‍ണമായ അര്‍ത്ഥത്തില്‍ സമഗ്രാധിപത്യപരമായിരുന്നില്ല, എന്നാല്‍ സ്വേച്ഛാധിപത്യപരമായിരുന്നു എന്നാണ്. അതിന് കാരണം പറയുന്നത്, ഫാഷിസത്തിന്റെ പ്രത്യയശാസ്ത്ര ദൗര്‍ബല്യമാണ്. സ്വേച്ഛാധിപത്യവും സമഗ്രാധിപത്യവും തമ്മിലുള്ള ഒരു വ്യത്യാസം, സമഗ്രാധിപത്യത്തിന് ഒരു പ്രത്യയശാസ്ത്ര അടിത്തറ ഉണ്ട് എന്നതാണ്. കമ്മ്യൂണിസ്റ്റുകളുടെ അഭിപ്രായത്തില്‍ ഫാഷിസം ഒരുപ്രത്യയശാസ്ത്രമാണ്. അങ്ങനെയാണെങ്കില്‍, ഒരു ഭരണകൂടം ഫാഷിസ്റ്റ് ആവുന്നതിന് സ്വേച്ഛാധിപത്യം തന്നെ വേണമെന്നില്ല, സമഗ്രാധിപത്യം തന്നെ മതിയാണല്ലോ? ഇവിടെ ശ്രദ്ധേയമായ മറ്റൊരു വസ്തുത, ഫാഷിസം സ്വേച്ഛാധിപത്യപരമാണ് എന്ന ആശയം തന്നെ തള്ളപ്പെട്ട് പോയ ഒന്നാണ്. ഉദാഹരണത്തിന്, ഫാഷിസത്തെ കുറിച്ച് പഠിച്ച ഇറ്റാലിയന്‍ ചരിത്രകാരനായ എമീലിയൊ ജെന്റൈല്‍ പറഞ്ഞത്, ഫാഷിസം എന്നത് സമഗ്രാധിപത്യ രീതിയിലുള്ള രാഷ്ട്രീയത്തിന്റെ വിശുദ്ധവല്‍ക്കരണമാണ് എന്നാണ്.(6) ഏതായാലും, സ്വേച്ഛാധിപത്യമായാലും സമഗ്രാധിപത്യമായാലും, ഫാഷിസം ഏത്ര രൂപത്തിലും ആവിര്‍ഭവിക്കാം. നേരത്തെ ഉദ്ധരിച്ച ജോര്‍ജി ദിമിത്രോവ് എന്ന കമ്മ്യൂണിസ്റ്റ് നേതാവ് തന്നെ പറയുന്നത്, ഫാഷിസം പല രാജ്യങ്ങളിലും പല രൂപങ്ങളില്‍ വികസിച്ചു വരാം എന്നാണ്. ഇറ്റലിയിലെയൊ ജര്‍മനിയിലെയോ ഫാഷിസ്റ്റുകള്‍ക്കുണ്ടായിരുന്ന എല്ലാ സവിശേഷതകളും ഒത്തു ചേര്‍ന്നാല്‍ മാത്രമേ ഇന്ത്യയിലേത് ഫാഷിസ്റ്റ് ആവൂ എന്ന വാദം ശരിയല്ല.
ഉമ്പര്‍ട്ടോ ഇക്കോ ഈ കാര്യത്തെ നന്നായി അവതരിപ്പിക്കുന്നുണ്ട്.(7) അദ്ദേഹം, ‘a-b-c, b-c-d, c-d-e, d-e-f’ എന്ന അക്ഷരക്കൂട്ടങ്ങളുടെ പരമ്പരയെ എടുത്തു കാണിക്കുന്നു. ‘a-b-c’യും ‘b-c-d’യും തമ്മില്‍ സാമ്യതകള്‍ ഉണ്ട്. ‘b-c-d’ യും ‘c-d-e’ യും തമ്മിലും സാമ്യതകള്‍ഉണ്ട്. ‘c-d-e’യും ‘d-e-f ‘ഉം തമ്മിലും സാമ്യതകള്‍ ഉണ്ട്. ‘d-e-f’ന് ‘b-c-d’യും ‘c-d-e’യും തമ്മില്‍ സാമ്യതകള്‍ ഉണ്ട്. ‘a-b-c’യില്‍ നിന്ന് ‘d-e-f’ലേക്ക് ചലിക്കുമ്പോള്‍ സാമ്യതകള്‍ ക്രമേണ കുറഞ്ഞ് വന്ന് ഇല്ലാതായി തീര്‍ന്നാലും, ഇവ രണ്ടും തമ്മില്‍ സമാനതകള്‍ ഉണ്ട് എന്ന പ്രതീതി ഉളവാകുന്നു. ഇത് പോലെ തന്നെ, ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഒന്നോ അതിലേറെയോ സവിശേഷതകള്‍ നീക്കം ചെയ്താല്‍ കിട്ടുന്നമറ്റൊരു ഭരണകൂട രൂപവും ഫാഷിസ്റ്റ് തന്നെ ആയിരിക്കും. ഉമ്പര്‍ട്ടോ ഇക്കോ അതിന് യൂറോപ്യന്‍ ചരിത്രത്തില്‍ നിന്ന് തന്നെ ഉദാഹരണങ്ങള്‍ നിരത്തുന്നുണ്ട്. ഫാഷിസത്തിന്റെ സവിശേഷതകളായി ഇക്കോ സാമ്രാജ്യത്വം, കൊളോണിയലിസം, മുതലാളിത്ത വിരുദ്ധത, ഐതിഹ്യങ്ങള്‍, ആത്മീയവാദം തുടങ്ങിയവയൊക്കെ പല ഫാഷിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും ചൂണ്ടിക്കാട്ടുന്നു. ഒരു ഫാഷിസ്റ്റ് സംവിധാനത്തില്‍ നിന്ന് ഇവയിലുള്ള ഒന്നോ അതിലധികമോ സവിശേഷതകള്‍ നീക്കുകയോ കൂട്ടുകയോ ചെയ്താലും മറ്റൊരു ഫാഷിസ്റ്റ് സംവിധാനം ഉണ്ടാവുന്നുണ്ട്. ഇത് നേരത്തെ പറഞ്ഞ അക്ഷരക്കൂട്ടങ്ങളുടെ ശൃംഖലയുടെ കാര്യംപോലെ തന്നെയാണ്
ഈയൊരു ദാര്‍ശനിക അസ്പഷ്ടത നിലനില്‍ക്കുമ്പോള്‍ തന്നെയും, ഫാഷിസത്തെ ചുറ്റിപ്പറ്റിനില്‍ക്കുന്ന ചില പരസ്പര വിരുദ്ധമായ, ഒരു ഏക വ്യവസ്ഥയായി കോര്‍ത്തിണക്കപ്പെടാനാവാത്ത സവിശേഷതകളെ ഉമ്പര്‍ട്ടോ ഇക്കോ ചൂണ്ടിക്കാട്ടുന്നു. അവയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഒരു സനാതന ഫാഷിസം ഉണ്ട് എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. പാരമ്പര്യ വാദം, ആധുനികവിരുദ്ധത, ബൗദ്ധികവിരുദ്ധത, വിമര്‍ശനത്തോടുള്ള അസഹിഷ്ണുത, വൈവിധ്യത്തോടുള്ള നിഷേധവും ഭയവും, തദടിസ്ഥാനത്തില്‍ ഉള്ള വംശീയത, മധ്യവര്‍ഗത്തിന്റെ കീഴാളരോടുള്ള ഭീതി തുടങ്ങിയ പതിനാലോളം സവിശേഷതകള്‍ ഇക്കോ നിരത്തുന്നു. എന്നാല്‍, ഈ പറയപ്പെട്ടവയൊന്നും തന്നെ ആധുനിക കാലഘട്ടത്തിനപ്പുറമുള്ള ഫാഷിസത്തിന്റെ വേരുകളെ വ്യക്തമാക്കുന്നില്ല. ആധുനിക കാലഘട്ടത്തില്‍ ഫാഷിസം എന്ന് അടയാളപ്പെടുത്തുന്ന ഒരു പ്രതിഭാസം ചെറിയ ഒരു കാലഘട്ടത്തില്‍ പ്രകടിപ്പിക്കുന്ന സ്വഭാവ വിശേഷങ്ങളും പരിണാമങ്ങളും കൊണ്ട് അതിനെ മനസ്സിലാക്കാനാവില്ല. വിശേഷിച്ചും അതിന്റെ വക്താക്കള്‍ തന്നെ അതിന് കൂടുതല്‍ പ്രാചീനമായ വേരുകള്‍ ഉണ്ട് എന്ന് അവകാശപ്പെടുന്ന പശ്ചാത്തലത്തില്‍.
പടിഞ്ഞാറിന്റെ ഇസ്്‌ലാമും മുസ്്്‌ലിംകളുമായുള്ള ചരിത്രപരമായ അഭിമുഖീകരണത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് ഫാഷിസത്തെ മനസ്സിലാക്കാനാണ് ഈ പ്രബന്ധത്തില്‍ ശ്രമിച്ചിട്ടുള്ളത്. ഫാഷിസത്തെ വിശകലനം ചെയ്യാന്‍ കൂടുതല്‍ ദീര്‍ഘമായ ഒരു ചരിത്രഘട്ടത്തെ ഇത് പ്രദാനം ചെയ്യുന്നുണ്ട്. എന്ന് മാത്രമല്ല, ലോകത്തുടനീളം ഫാഷിസ്റ്റ് പ്രസ്ഥാനങ്ങള്‍ പച്ചയായ ഇസ്്‌ലാം/മുസ്്‌ലിം വിരുദ്ധത പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇന്ന് ഫാഷിസത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ സ്വഭാവം തന്നെ ഇതാണ്. ഇസ്്‌ലാമും മുസ്്‌ലിംകളുമായും ഐക്യപ്പെടാത്ത ഒരു ഫാഷിസ്റ്റ് വിരുദ്ധ നിലപാട് തന്നെ നിരര്‍ത്ഥകവും ഷണ്ഡവും ആണെന്നാണ് സമകാലിക സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ഫാഷിസത്തിന്റെ ഇസ്്‌ലാം/മുസ്്‌ലിം വിരുദ്ധതയെ തമസ്‌കരിക്കാനുള്ള ശ്രമങ്ങളും നടന്ന് കൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ ഫാഷിസത്തിന്റെ ഇസ്്‌ലാം വിരുദ്ധതയുടെ വേരുകള്‍ അന്വേഷിക്കേണ്ടത് വളരെ പ്രധാനമാണ്.
‘ഫാഷീസ്‌മോ’ എന്ന ഇറ്റാലിയന്‍ പദം ഉല്‍ഭവിക്കുന്നത് ‘ഫാഷിസ്’ എന്ന ലത്തീന്‍ പദത്തില്‍ നിന്നാണ്. അതിന്റെ അര്‍ത്ഥം, ‘ഒരു കെട്ട് ദണ്ഡുകള്‍’ എന്നാണ്. കുറ്റവാളികളെ ദണ്ഡിക്കാന്‍ പ്രാചീന റോമില്‍ ഈ ദണ്ഡുകള്‍ ഉപയോഗിച്ചിരുന്നു. ഇന്ത്യയിലെ ആര്‍.എസ്.എസും ലാത്തി ഉപയോഗിക്കുന്നത് ആനുഷംഗികമല്ല. ഗോള്‍വാല്‍ക്കര്‍ പറഞ്ഞത്, ‘ജിസ് കീ ലാത്തീ, ഉസ് കീ ബൈന്‍സ്’ എന്നാണ്.(8) ശക്തന്‍ അധികാരം ഉപയോഗിക്കുകയും ദുര്‍ബലന്‍ അതിന് വിധേയപ്പെടുകയും ചെയ്യണം എന്ന ഫാഷിസ്റ്റ് കാഴ്ചപ്പാടാണിത്. ഇന്ത്യാ രാഷ്ട്രത്തിന്റെ ശത്രുക്കളായി ആര്‍.എസ്.എസ് കാണുന്ന മുസ്്‌ലിംകളെ അടിച്ചമര്‍ത്തി കീഴാളരായി നിലനിര്‍ത്താനും അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് പുറത്താക്കാനും ഉള്ള പദ്ധതിയുടെ പ്രതീകമാണ് ലാത്തി. പ്രാചീന റോമന്‍ അധികാരത്തിന്റെ പ്രതീകമായ ദണ്ഡുകളെ ഫാഷിസ്റ്റുകള്‍ നേര്‍ക്ക് നേരെ പ്രാചീന റോമില്‍ നിന്ന് സ്വീകരിച്ചതല്ല. പാശ്ചാത്യന്‍ നവോത്ഥാന കാലത്തുടനീളവും വിശിഷ്യാ, ഫ്രഞ്ച് വിപ്ലവ സന്ദര്‍ഭത്തിലും ഈ പ്രതീകം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഫാഷിസ് എന്ന ദണ്ഡുകള്‍ കുരിശ് രൂപത്തില്‍ കുറുകെയായി വെച്ചും മറ്റും അമേരിക്കന്‍ സെനറ്റിന്റെ ചിഹ്നത്തിലും ഫ്രഞ്ച് റിപബ്ലിക്കിന്റെ ചിഹ്നത്തിലുമൊക്കെ കാണാന്‍ കഴിയും. പടിഞ്ഞാറന്‍ വിവക്ഷയിലുള്ള ദേശീയ അധികാരത്തെയും സ്വാതന്ത്ര്യത്തെയും സാമ്രാജ്യത്വ മോഹങ്ങളെയും കുറിക്കുന്ന ഒരു പ്രതീകമാണ് ഫാഷിസ്റ്റ് ദണ്ഡ്.(9) ഈ സ്വാതന്ത്ര്യവും അധികാരവും വെള്ളക്കാരന് മാത്രമായുള്ള വംശീയ അവകാശമാണെന്നത് സാമ്രാജ്യത്വത്തിന്റെയും കൊളോണിയലിസത്തിന്റെയും ചരിത്രവും അതിനേക്കാള്‍ വ്യക്തമായി പോസ്റ്റ്-കൊളോണിയല്‍ യുഗവും നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്. വംശീയ അധികാരത്തിലധിഷ്ഠിതമായ ദേശീയതയെയാണ് ഫാഷിസം പ്രതിനിധാനം ചെയ്യുന്നത്. ഈയൊരര്‍ത്ഥത്തില്‍, ഫാഷിസം സകല പാശ്ചാത്യന്‍ രാഷ്ട്രങ്ങളുടെയും, വെള്ളക്കാരന്റെ പൊതുബോധത്തിന്റെയും മൗലിക ഘടകമാണ്. യു.എസില്‍ തന്നെ വെളുത്തവന്റെയും കറുത്തവന്റെയും തൊഴിലാളി വര്‍ഗങ്ങള്‍ വ്യത്യസ്തമായി നിലകൊള്ളുന്നു എന്ന് ആഫ്രോ-അമേരിക്കന്‍ സാമൂഹ്യ ശാസ്ത്രജ്ഞായിരുന്ന ഡൂ. ബോയ്‌സ് (1868–1963) വളരെ മുമ്പ് തന്നെ നിരീക്ഷിച്ചതായി കാണാം. വെള്ള വംശീയ ഭൂരിപക്ഷം ജനാധിപത്യത്തെയും തൊഴില്‍ രാഷ്ട്രീയത്തെയും മറ്റും ഉപയോഗിച്ച് വംശീയ വിവേചനത്തെ നടപ്പിലാക്കുന്നു. മുതലാളിത്തവും വംശീയതയും ആള്‍ക്കൂട്ട കൊലയും എല്ലാം പരസ്പര ബന്ധിതമാണ് എന്ന് അദ്ദേഹം പറയുന്നു. ഇതില്‍ നിന്ന് മനസ്സിലാവുന്നത്, ഫാഷിസത്തെ പടിഞ്ഞാറന്‍ ആധുനിക രാഷ്ട്രങ്ങളിലെ ലിബറല്‍ ജനാധിപത്യ സംവിധാനങ്ങളിലുള്ള ഒരു അപഭ്രംശമായി കാണാന്‍ കഴിയില്ല എന്നാണ്. മറിച്ച്, ആധുനിക രാഷ്ട്രങ്ങളുടെ രൂപീകരണത്തില്‍ അവയുടെ അഗോചരമായ ഒരു മൗലികഘടകം തന്നെയാണ് ഫാഷിസം. അതിനെ, ജനാധിപത്യം, സമത്വം, അവകാശം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കൊണ്ട് മറച്ച് വെക്കപ്പെടുന്നു എന്ന് മാത്രം. അധികാരപ്രയോഗത്തിന്റെയും അവകാശങ്ങളുടെയും കാര്യം വരുമ്പോള്‍, രാഷ്ട്രം ദുര്‍ബല വിഭാഗങ്ങളുടെ നേരെ വിവേചനവും മര്‍ദന പീഡനങ്ങളും കൂടുതല്‍ സുഗമമാക്കുന്നു. പടിഞ്ഞാറന്‍ മൂല്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെട്ട മൂന്നാം ലോക രാഷ്ട്രങ്ങളും ഇതേ ഫാഷിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട് എന്നതിന്റെ ഒരു നല്ല ഉദാഹരണം നമ്മുടെ രാജ്യം തന്നെയാണ്. പടിഞ്ഞാറന്‍ വാര്‍പ്പ്മാതൃകയിലുള്ള സ്വാതന്ത്ര്യ സമരവും രാഷ്ട്ര നിര്‍മാണവും സ്വാഭാവികമായും ഫാഷിസത്തെ കൂടെ ആനയിക്കുന്ന ഒന്നു തന്നെയാണ്.
ഇനി, ആധുനിക രാഷ്ട്ര ഘടനയില്‍ ഫാഷിസം എന്ത് കൊണ്ട് ഒരു മാലിക ഘടകമായി എന്നത് പരിശോധിക്കാം. ഉമ്പര്‍ട്ടോ ഇക്കോയുടെ ഉര്‍-ഫാഷിസത്തിന് (ൗൃളമരെശാെ) അഥവാ, സനാതന ഫാഷിസത്തിന് പരസ്പര വിരുദ്ധമാവാന്‍ കഴിയുന്ന തരത്തിലുള്ള പതിനാലിലേറെ സവിശേഷതകളുണ്ട്. അതിലേതെങ്കിലും ഒന്ന് ഉണ്ടായാല്‍ തന്നെ അതിനെ അവലംബിച്ച് ഫാഷിസം ഉണ്ടായിത്തീരാം എന്ന് അദ്ദേഹം പറയുന്നു. നേരത്തെ പറഞ്ഞത് പോലെ, ഫാഷിസത്തിന് സമഗ്രാധിപത്യമോ സ്വേച്ഛാധിപത്യമോ അനിവാര്യമാണ് എന്ന കാഴ്ചപ്പാട് ഇന്ന് തള്ളപ്പെട്ടിട്ടുണ്ട്. ജനാധിപത്യപരമായ രീതിയില്‍ തന്നെ ഫാഷിസം ആവിര്‍ഭവിക്കാം എന്നും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എമിലിയൊ ജെന്റയില്‍ പറയുന്നത്, രാഷ്ട്രീയത്തിന്റെ വിശുദ്ധവല്‍കരണം ജനാധിപത്യ ക്രമത്തിലും സാധ്യമാണ് എന്നാണ്.(10) വംശീയ ഉന്‍മൂലനം ആധുനിക വല്‍കരണവും ജനാധിപത്യ വല്‍കരണവുമായി നേര്‍ക്ക് നേരെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് മൈക്കല്‍ മാന്‍ ചൂണ്ടിക്കാട്ടുന്നു.(11) ഒരു ദേശീയ ആഖ്യാനത്തില്‍ (നാഷനലിസ്റ്റ് ഡിസ്‌കോഴ്‌സ്), അതിലെ ഭൂരിപക്ഷ ജനതാല്‍പര്യം (ഡെമോസ്) എന്നത് ഒരു പ്രത്യേക വംശീയ താല്‍പര്യവുമായി ഒന്നായിത്തീരുമ്പോള്‍, ന്യൂനപക്ഷങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും അപമാനവീകരിക്കപ്പെടുകയും അത് വംശീയ ഉന്‍മൂലനത്തിലേക്ക് നയിക്കുകയും ചെയ്യും.(12) അഫ്‌സല്‍ ഗുരുവിന് തൂക്കുകയര്‍ വിധിച്ചപ്പോള്‍, ‘ഈ കുറ്റവാളിക്ക് വധശിക്ഷ നല്‍കിയാല്‍ മാത്രമേ സമൂഹത്തിന്റെ പൊതുമനസ്സാക്ഷിക്ക് തൃപ്തിയാവുകയുള്ളൂ’ (ദി കലക്ടിവ് കോണ്‍ഷ്യന്‍സ് ഓഫ് ദി സൊസൈറ്റി ഒണ്‍ലി ബീസാറ്റിസ്‌ഫൈഡ് ഇഫ് ദി കാപ്പിറ്റല്‍ പണിഷ്‌മെന്റ് ഈസ് അവാര്‍ഡഡ് റ്റു ദി ഒഫന്‍ഡര്‍) എന്ന സുപ്രീം കോടതി പ്രസ്താവന ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ്.(13)
ഫാഷിസത്തെ കുറിച്ച് കമ്മ്യൂണിസ്റ്റുകളടക്കമുള്ളവര്‍ വെച്ച് പുലര്‍ത്തുന്ന പരമ്പരാഗത നിര്‍വചനത്തെ ചോദ്യം ചെയ്ത് കൊണ്ട് 1990-കളില്‍ ആവിര്‍ഭവിച്ച സനാതന ഫാഷിസം പോലെയുള്ള ആശയങ്ങളെ ഒന്ന് കൂടി സമകാലിക അവസ്ഥകള്‍ക്കനുസരിച്ച് പുനര്‍ നിര്‍വ്വചിച്ച് കൊണ്ട് ‘ഫാഷിസം ലൈറ്റ്’ എന്ന പ്രയോഗം ഇപ്പോള്‍ വ്യാപകമായിട്ടുണ്ട് . പ്രാഗ് ഫാഷിസം (പ്രോട്ടോ ഫാഷിസം), ഫാഷിസം, പോസ്റ്റ്-ഫാഷിസം എന്നിവയുടെ അസ്ഥിര സ്വഭാവമുള്ള സങ്കരമാണിത്.(14) ഈ പ്രയോഗത്തിന് കുറെ ഗുണങ്ങളുണ്ട്. ഒന്നാമതായി, തീവ്ര വലതുപക്ഷം ഫാഷിസമല്ല എന്ന ആഖ്യാനത്തെ ഇത് പൊളിക്കുന്നു. രണ്ടാമതായി, ഫാഷിസത്തിലടങ്ങിയിട്ടുള്ള ചരിത്രപരവും സമകാലികവും ആയ ഘടകങ്ങളെ ഇത് കൂടുതല്‍ കാര്യക്ഷമമായി തിരിച്ചറിയുന്നു. മൂന്നാമതായി, ഫാഷിസം ജനാധിപത്യപരവും ഭരണഘടനാപരവും ആയിക്കൊണ്ടും നിലകൊള്ളുമെന്നും ഇത് വാദിക്കുന്നു. അതോടൊപ്പം തന്നെ, തീവ്ര ദേശീയത, യുദ്ധവെറി, നവ സാമ്രാജ്യത്വം തുടങ്ങിയ കാര്യങ്ങളും ഇതിലടങ്ങിയതാണെന്ന് സമ്മതിക്കുകയും ചെയ്യുന്നു. അതിന്റെ കാഴ്ചപ്പാടില്‍ അമേരിക്ക, റഷ്യ, ചൈന, യൂറോപ്പ് എന്നിവയെല്ലാം ഇപ്പോള്‍ ഫാഷിസത്തിന്റെ പിടിയിലാണ്.(15)
ഫാഷിസം ഇന്ന് അതിന്റെ ഇസ്്‌ലാമിനോടുള്ള ശത്രുതയെ വളരെ വ്യക്തമായി പ്രകടിപ്പിക്കുന്നുണ്ട്. വലത്പക്ഷ രാഷ്ട്രീയത്തെ കുറിച്ച നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ ഹാന്‍സ് ജോര്‍ജ് ബെറ്റ്‌സിന്റെ അഭിപ്രായത്തില്‍, 2011 സെപ്റ്റംബര്‍ 11-ന് ശേഷം മുഴുവന്‍ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളവും ഇസ്്‌ലാമുമായുള്ള ഏറ്റുമുട്ടല്‍ എന്നത് ഒരു മര്‍മ്മ പ്രധാനമായ രാഷ്ട്രീയ വിഷയം തന്നെയാണ്.(16) ഫാഷിസത്തില്‍ വളരെ പ്രകടമായി വന്ന ഇസ്്‌ലാമോഫോബിയ കാരണം യൂറോപ്പില്‍ മോണോ ഫാഷിസം എന്ന ഒരു ഫാഷിസ്റ്റ് രൂപം തന്നെ ആവിര്‍ഭവിച്ചിരിക്കുന്നു എന്ന് റാസ്മസ് പ്ലീഷര്‍ നിരീക്ഷിക്കുന്നു.(17) യൂറോപ്പിനെ മുസ്്‌ലിംകളെ തൊട്ട് ശുദ്ധിയാക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. പടിഞ്ഞാറന്‍ നാഗരികത ഗതകാല റോമാ സാമ്രാജ്യത്തെ പോലെ ഒരു സാമ്രാജ്യത്വ ശക്തിയായി (ഇംപിരിയം) രൂപപ്പെട്ട്, മുസ്്‌ലിംകള്‍ക്കെതിരെ ഒരു പ്രതിജിഹാദ് (കൗണ്ടര്‍ ജിഹാദ്) നടത്തണം എന്നാണ് യൂറോപ്യന്‍ ഫാഷിസത്തിന്റെ വക്താക്കള്‍ ആഹ്വാനം ചെയ്യുന്നത്.
ഫാഷിസത്തിന്റെ ഇസ്്‌ലാം വിരുദ്ധതയുടെ വേരുകള്‍ ചരിത്രത്തില്‍ വളരെ ആഴത്തില്‍ വേരൂന്നിയതാണ്. ജനാധിപത്യം എന്നത് പൊതു ജനാഭിപ്രായത്തെ വളരെ പ്രതിലോമകരമായി സ്വാധീനിക്കാനും രൂപപ്പെടുത്താനും ഉള്ള ഒരു ഉപാധി മാത്രമായി മാറിയ സമകാലിക പശ്ചാത്തലത്തില്‍ ഇത് വ്യക്തമാവുന്നുണ്ട്. ഇസ്്‌ലാമിനെയും മുസ്്‌ലിംകളെയും കുറിച്ച് യൂറോപ്യന്‍മാര്‍ക്കിടയില്‍ നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന മുന്‍ ധാരണകളെ ഊതിക്കത്തിക്കുന്ന ആഖ്യാനങ്ങളെ ഇതിന് വേണ്ടി കാര്യക്ഷമമായി ഉപയോഗിച്ചിട്ടുണ്ട്.(18) ഇത്തരം വലതുപക്ഷ ആഖ്യാനങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും സ്വീകരിക്കുകയും തദടിസ്ഥാനത്തില്‍ ഭരണകൂടങ്ങള്‍ കുടിയേറ്റക്കാര്‍ക്കും മറ്റുമെതിരെ നയങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു. വലതുപക്ഷ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആഖ്യാനങ്ങളെ വലിയൊരളവോളം ഏറ്റെടുത്ത് ജനസമ്മതി നേടിയെടുത്ത് അവരെ തന്നെ ഇലക്ഷനില്‍ പരാജയപ്പെടുത്തുന്ന ഒരു രീതി മുഖ്യധാരാ കക്ഷികള്‍ യൂറോപ്പിലുടനീളം വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ജനതയുടെ പൊതുബോധം ഇങ്ങനെ ആരു ഭരിച്ചാലും ഫാഷിസ്റ്റ് പക്ഷത്തേക്ക് നീങ്ങുക എന്നതാണ് ഇതിന്റെ പരിണതി. ഇന്ത്യയിലും ഇന്നിത് കാണാന്‍ കഴിയും.
ഇസ്്‌ലാമോഫോബിയയെ വളര്‍ത്തുന്നതില്‍ ഫാഷിസം ഇസ്്‌ലാമിനെയും മുസ്്‌ലിംകളെയും കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകളെ കാര്യക്ഷമമായി ഉപയോഗിക്കുന്നു. ഇത്തരം സ്റ്റീരിയോടൈപ്പുകളും മുന്‍ധാരണകളും യൂറോപ്യന്‍ ജനതയുടെ ലിബറല്‍ എന്നവകാശപ്പെടുന്ന മനസ്സാക്ഷിയില്‍ ഗോപ്യമായി കിടക്കുന്നവയാണ്. കുരിശുയുദ്ധങ്ങള്‍, കൊളോണിയലിസം തുടങ്ങിയവയില്‍ നിന്ന് അവയെ വേര്‍പ്പെടുത്താനാവില്ല. ഇസ്്‌ലാം വിരുദ്ധ ഫാഷിസ്റ്റ് മനോഭാവം പടിഞ്ഞാറിന്റെ പാരമ്പര്യത്തില്‍ അന്തര്‍ലീനമായി കിടന്ന ഒന്നു തന്നെയാണ്. ഇസ്്‌ലാമോഫോബിയ എന്ന് വിളിക്കപ്പെടുന്ന ഇസ്്‌ലാം വിരുദ്ധത കേന്ദ്രമായി കിടക്കുന്ന മാനസികാവസ്ഥയാണ് ഫാഷിസത്തിന്റെ മൗലിക ഘടകം. അങ്ങിനെയാണെങ്കില്‍ ഒരു ചോദ്യം ഉന്നയിക്കപ്പെടാം. ക്ലാസിക്കല്‍ ഫാഷിസം ഇസ്്‌ലാമോഫോബിയയെ വ്യക്തമായി പ്രകടമാക്കിയിട്ടില്ലല്ലോ? പിന്നെ, എങ്ങിനെ ഫാഷിസത്തിന്റെ അടിസ്ഥാന ഭാവം ഇസ്്‌ലാം വിരുദ്ധതയാണെന്ന് പറയാനാവും? അതിന് ചരിത്രപരമായി ഇസ്്‌ലാമോഫോബിയ എന്താണെന്ന് മനസ്സിലാക്കേണ്ടിവരും. ‘ഇസ്്‌ലാമോഫോബിയ എന്നത് യൂറോ കേന്ദ്രീകൃത ഓറിയന്റലിസ്റ്റ് ആഗോള അധികാര ഘടന ഊതിക്കത്തിച്ചെടുത്ത് ബോധപൂര്‍വം നിര്‍മ്മിച്ചെടുത്ത ഒരു ഭയമോ മുന്‍ധാരണയോ ആണ്’.(19) ഇതിന്റെ ഗുണഭോക്താക്കളാണല്ലോ ഫാഷിസ്റ്റുകള്‍! നേരത്തെ പറഞ്ഞ റോമന്‍ സാമ്രാജ്യത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന കുരിശുയുദ്ധ മനോനില തന്നെയാണ് ഇന്നത്തെ ഫാഷിസ്റ്റുകള്‍ക്കുള്ളത്.
മാത്രമല്ല, ക്ലാസിക്കല്‍ ഫാഷിസം എന്ന് കരുതപ്പെടുന്ന മുസ്സോളിനിയുടെയും മറ്റും കാലത്ത് ഇസ്്‌ലാമോഫോബിയ വെളിപ്പെട്ടിട്ടില്ല എന്ന് പറയുന്നതും തെറ്റാണ്. കാരണം, കുരിശുയുദ്ധ ഇസ്്‌ലാമോഫോബിയ അന്ന് സംഹാര താണ്ഡവമാടിയത് കൊളോണിയലിസത്തിന്റെ രൂപത്തിലാണല്ലോ. ഇതാകട്ടെ, മുസ്സോളിനിയുടെ ഇറ്റാലിയന്‍ ഫാഷിസ്റ്റുകളുടെ കാലത്ത് കൂടുതല്‍ ശക്തിപ്പെടുകയാണ് ഉണ്ടായത്. യഥാര്‍ത്ഥത്തില്‍, ഇസ്്‌ലാമോഫോബിയ പടിഞ്ഞാറന്‍ ലോകത്ത് പുതുതായി ആവിര്‍ഭവിച്ചതല്ല, അതിന് രൂപമാറ്റം സംഭവിച്ചുവെന്നേയുള്ളൂ. ഇത്തരുണത്തില്‍, റസൂല്‍(സ്വ) യുടെ ഒരു വചനം സ്മരിക്കുക എന്നത് വളരെ പ്രസക്തമാണ്. നബി തിരുമേനി പേര്‍ഷ്യന്‍ സാമ്രാജ്യവും റോമന്‍ സാമ്രാജ്യവും തമ്മിലുള്ള ഇസ്്‌ലാമിന്റെ അഭിമുഖീകരണത്തെ കുറിച്ച് പറഞ്ഞത്, പേര്‍ഷ്യയുടെ എതിര്‍പ്പ് രണ്ട് യുദ്ധത്തോട് കൂടി കഴിയും എന്നും എന്നാല്‍ റോമിന്റെ എതിര്‍പ്പ് ഒരെണ്ണം തകരുമ്പോള്‍ അതിന്റെ സ്ഥാനത്ത് മറ്റൊരെണ്ണം എന്ന തോതില്‍ ആവിര്‍ഭവിക്കും എന്നുമാണ്. അത് കൊണ്ടാണ് കുരിശുയുദ്ധം, സാമ്രാജ്യത്വം, കൊളോണിയലിസം, നവസാമ്രാജ്യത്വം, ഫാഷിസം എന്നിങ്ങനെ പല പ്രതിഭാസങ്ങള്‍ക്കും ചരിത്രം സാക്ഷിയായത്. ഇവയൊക്കെ മുഖ്യശത്രുവായി കണ്ടത് മുസ്‌ലിംകളെയാണ്. റോമന്‍ പൈതൃകത്തെ ഇവയെല്ലാം പച്ചയായി അവകാശപ്പെടുന്നുമുണ്ട്.
ഈ പ്രബന്ധത്തില്‍, ഫാഷിസത്തിന്റെ മുഖമുദ്ര ഇസ്്‌ലാം വിരുദ്ധതയാണെന്ന് സമര്‍ത്ഥിക്കുന്നു. ഫാഷിസത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തെയും ചരിത്രപരമായ വേരുകളെയും അനാവരണം ചെയ്യുകയാണെങ്കില്‍ ഇത് വ്യക്തമാവും. ഫാഷിസത്തെ പടിഞ്ഞാറന്‍ പാരമ്പര്യത്തിലെ ഒരു അപഭ്രംശമായി കാണാതെ അതിന്റെ തന്നെ സ്വാഭാവികമായ ഭാവമായി കണക്കാക്കണം എന്നും ഇവിടെ വാദിക്കുന്നു. ഫാഷിസത്തിന്റെ ഇസ്്‌ലാം വിരുദ്ധതയെ ഇസ്്‌ലാമോഫോബിയ എന്ന പുതിയ സംജ്ഞ ഉപയോഗിച്ച് കൊണ്ട് പുതുതായി ആവിര്‍ഭവിച്ച ഒന്നാണെന്ന് സമര്‍ത്ഥിക്കുന്നതിനെയും ഈ ലേഖനം ചോദ്യം ചെയ്യുന്നു. ഫാഷിസമെന്ന് വിളിക്കപ്പെടുന്നതിന് എല്ലാ കാലത്തും വിവിധ രൂപഭാവങ്ങളിലുള്ള ഇസ്്‌ലാം വിരുദ്ധത ഉണ്ടായിട്ടുണ്ട്. ഇത് തിരിച്ചറിയുമ്പോള്‍ ഫാഷിസം റോമന്‍ കുരിശുയുദ്ധ സാമ്രാജ്യത്വത്തിന്റെ അഥവാ പടിഞ്ഞാറന്‍ പാരമ്പര്യത്തിന്റെ സ്വാഭാവിക ഘടകം തന്നെയാണെന്നും വ്യക്തമാവുന്നു.
റഫറന്‍സുകള്‍:
1. Jon­ah Gold­berg, ‘Lib­er­al Fas­cism: The secret his­to­ry of the Amer­i­can left, From Mus­soli­ni to the pol­i­tics of mean­ing’, Dou­ble­day, ISBN 978–0-385–51184-1.
2. Geor­gi Dimtirov, ‘Fas­cism is war’, Select­ed works, pp. 176–178, vol. 2, Sofia Press.
3. R. Palme Dutt, ‘Fas­cism and social rev­o­lu­tion’, pp. x, Mar­tin Lawrence Ltd., Lon­don, Sep­tem­ber, 1934.
4. www.britannica.com/topic/fascism/common-charactersitics-of-fascist-movements.
5. Geor­gi Dimtirov, ‘The Fas­cist offen­sive and the tasks of the Com­mu­nist Inter­na­tion­al in the strug­gle of the work­ing class against Fas­cism’, Select­ed works, vol. 2, Sofia Press, Sofia, 1972.
6. Emilio Gen­tile, ‘The sacral­iza­tion of pol­i­tics in Fas­cist Italy’,t rans­lat­ed by Kei­th Bots­ford, Cam­bridge, Mass. : Har­vard Uni­ver­stiy Press, 1996.
7. Umber­to Eco, ‘Ur-Fas­cism’, https://www.pegc.us/archive/Articles/eco_ur_fascism.pdf, June 22, 1995.
8. ‘India’s Grand tSrat­e­gy, His­to­ry, The­o­ry, Cas­es’, Edi­tors: Kan­ti Baj­pai, SairaB­a­sitand V. Krish­nap­pa, Chap­ter 8, Rout­ledge, Tay­lor & Fran­cis Group.
9.www.Senate.gov/artandhistory/history/briefing/Senate_Seal.htm.
10. Emilio Gen­tile, ‘Pol­i­tics as reli­gion’, Trans. By George Staunton, XV, pp. 139–140. Prince­ton Uni­ver­stiy Press, ISBN 978–0-691–11393-7.
11. Michael Mann, ‘The dark side of democ­ra­cy: Explain­ing eth­nic cleans­ing’, Cam­bridge, 2005.
12. ‘Polit­i­cal reli­gion beyond total­i­tar­i­an­ism, The sacral­iza­tion of pol­i­tics in the age of democ­ra­cy’, Edit­ed by Joost Augustei­jn, Ptar­ick Dassen and Maart­je­Janse, p. 5, Pal­grave, Macmil­lan, 2013.
13.https://Indianexpress.com/article/parliament_attack_2001_what_sc_when_it_upheld_death_for_afzal_guru.
14. McGaugh­ey, Ewan, ‘Fas­cism-Lite in Amer­i­ca (or the Social Ide­al of Don­ald Trump)’, (August 23, 2017). British Jour­nal of Amer­i­can Legal Stud­ies, Agust 23, 2017, Avail­able at SSRN: https://ssrn.com/abstract=3024584.
15. Van Harp­en, M. H., ‘Putin­ism : The slow rise of a rad­i­cal right regime in Rus­sia’, Bas­ing­tokw : Pal­grave, Macmil­lan, 2013.
16. Btez, H. -G, ‘Against the ‘Green Total­i­tar­i­an­ism’ : Anti-Islam­ic Nativism in con­tem­po­rary rad­i­cal right-wing pop­ulism in west­ern Europe’, in ‘Europe for the Euro­peans : The for­eign pol­i­cy and secur­tiy pol­i­cy of the pop­ulist rad­i­cal right’, ed. C. S. Liang, pp. 33–54, Alder­shot : Ash­gate.
17. Fleis­ch­er, R., ‘Two Fas­cisms in con­tem­po­rary Europe? Under­stand­ing the ide­o­log­i­cal split of the rad­i­cal right’, in the ‘Tracks of Breivik, Far right net­works in north­ern and east­ern Europe’, ed. M. Delan­et, M. Minken­berg and C. Maye, pp. 53–70, Berlin, Lit Ver­lag, 2014.
18. Aris­to­tle Kallis, ‘The rad­i­cal right in con­tem­po­rary Europe’, Analy­sis, p. 9, no. 13, Decem­ber 2014.
19. www.en.wikipedia.org/wiki/Islamophobia

Comments

com­ments

About തഫ്സല്‍ ഇജാസ്

Check Also

ഹദീസില്‍ നിന്ന് ചരിത്രം പുനര്‍നിര്‍മിക്കും വിധം

കൊളോണിയലാനന്തര വൈജ്ഞാനിക വ്യവഹാരം എന്ന നിലക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് യൂറോപ്പ് ഹദീ്‌സ് പഠന മേഖലയിലേക്ക് കാലെടുത്തു വെക്കുന്നത്. പൊതുവെ …