Home / 2018 / ഖിസ്സത്തു ശകര്‍വതി ഫര്‍മാദ് ചേരമാന്‍ പെരുമാളിന്റെ കഥ

ഖിസ്സത്തു ശകര്‍വതി ഫര്‍മാദ് ചേരമാന്‍ പെരുമാളിന്റെ കഥ

പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍, അവനോട് ഞങ്ങള്‍ കാവല്‍ ചോദിക്കുന്നു. മുഹമ്മദ് ബിന്‍ മാലിക് പിതാവ് മാലികില്‍ നിന്നും അദ്ദേഹം പ്രപിതാവ് ഹബീബ് ബിന്‍ മാലികില്‍ നിന്നും നിവേദനം ചെയ്യുന്നത്, ദൈപ്രീതി അവര്‍ക്കെല്ലാം ഉണ്ടാവട്ടെ, ‘നിങ്ങളുടെ അടുത്ത കുടുംബക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുവിന്‍’ എന്ന ഖുര്‍ആന്‍ സൂക്തം അല്ലാഹു അവതരിപ്പിച്ച വേളയില്‍ സംഭവിച്ചത്: കല്‍പനപ്രകാരം പ്രവാചകര്‍(സ്വ) അടുത്ത ബന്ധുക്കളെയും സഹചാരികളെയും ഖൈസുറാന്‍ ഭവനത്തില്‍ വിളിച്ചു ചേര്‍ത്തു. അദ്ദേഹം അവരോട് പറഞ്ഞു: ‘നിങ്ങള്‍ എന്റെ ബന്ധുക്കളും എന്റെ മാതുലന്റെ ഗോത്രക്കാരും എന്നോട് അടുത്തവരുമാണ്. ഞാന്‍ ദൈവിക മാര്‍ഗവും സത്യപാതയും സ്വീകരിക്കാന്‍ നിങ്ങളോട് ഉപദേശിക്കുന്നു. അതിനാല്‍ എന്റെ വാക്കുകള്‍ ശ്രവിക്കുകയും എന്റെ വിളിക്കുത്തരം നല്‍കുകയും ചെയ്യുക. കാരണം, ഞാന്‍ നിങ്ങളിലേക്ക് ദൈവത്താല്‍ നിയുക്തനായ പ്രവാചകനാണ്’. അവരില്‍ ചിലര്‍ ആ സന്ദേശത്തില്‍ വിശ്വസിക്കുകയും ചിലര്‍ അവിശ്വസിക്കുകയും ചെയ്തു.
തുടര്‍ന്ന് അദ്ദേഹം പൊതുജനങ്ങളോട് സംസാരിച്ചു. അവരില്‍ അബൂജഹല്‍ ബിന്‍ ഹാശിം അടങ്ങുന്ന അറബ്യേന്‍ നേതാക്കളുമുണ്ടായിരുന്നു. അബൂജഹല്‍ പറഞ്ഞു ‘മിണ്ടാതിരിക്കൂ മുഹമ്മദ്! ഇത്തരം ബോധനങ്ങള്‍ ഇനി മേല്‍ ആവര്‍ത്തിച്ചു പോവരുത്. സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് ബലംപ്രയോഗിച്ച് നിന്നെ നിലക്കു നിര്‍ത്തേണ്ടി വരും.’ പ്രവാചകര്‍ പ്രതിവചിച്ചു. ‘നീയാണ് മിണ്ടാതിരിക്കേണ്ടത്!, ഖുറൈശികളിലെ കഴുതേ..! അല്ലാഹുവല്ലാതെ ദൈവമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഉരുവിടാന്‍ ഞാന്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു. എന്നെ പിന്തുടരുന്നവര്‍ക്ക് സ്വര്‍ഗപ്പൂങ്കാവനവും ധിക്കരിക്കുന്നവര്‍ക്ക് നരാഗ്നിയും ലഭിക്കും. ഇതുച്ചരിക്കുന്നതിലൂടെ നിങ്ങളുടെ ജീവന്‍ എന്റെ കരങ്ങളില്‍ നിന്നും സുരക്ഷിതമാവുകയും ചെയ്യും.’ ഈ വൃത്താന്തം ഖുറൈശി പ്രമുഖരെല്ലാം അറിഞ്ഞു, അവിശ്വാസികള്‍ പ്രവാചകപ്രബോധനത്തില്‍ അതീവ ക്രുദ്ധരായി. പ്രവാചകന്റെ സന്നിധിയില്‍ നിന്ന് ദൂരേക്ക് മാറി, തിരുസന്ദേശത്തെ തടുക്കാന്‍ നല്ലൊരു പോംവഴി തേടി വിശാലമായ ഒരു തുറസ്സില്‍ അവര്‍ സമ്മേളിച്ചു. ‘നമ്മുടെ കാലഘട്ടത്തില്‍ സര്‍വരും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു നേതാവ് ഹബീബ് ബിന്‍ മാലിക് ആണെന്ന് ’ അവര്‍ സര്‍വാത്മനാ അംഗീകരിച്ചു. ‘ബുദ്ധിമതികളില്‍ തന്നെ കേമാനാണദ്ദേഹം. അദ്ദേഹത്തിന് പരിചയമില്ലാത്ത മതമോ പ്രാവീണ്യമില്ലാത്ത മതഗ്രന്ഥമോ ഇല്ല. വലിയ ഖജാനയും സര്‍വസന്നാഹങ്ങളുള്ള സൈന്യവും കൂടെയുണ്ട്. നിശ്ചയം, നമ്മുടെ കാലത്ത് മുഹമ്മദിന്റെ പ്രബോധനം തടയാന്‍ ഹബീബ് ബിന്‍ മാലികിനല്ലാതെ സാധിക്കില്ല തന്നെ!’.
അങ്ങനെ, വിശുദ്ധ മക്കയില്‍ നിന്നൊരു പ്രതിനിധി സംഘത്തെ ഹബീബ് ബിന്‍ മാലികിനെ കാണാന്‍ അവര്‍ വിശുദ്ധ മദീനയിലേക്കയച്ചു. അദ്ദേഹത്തിന്റെ ഗൃഹത്തിലെത്തിയ അവര്‍ കാണാനുള്ള അനുമതി തേടി. അനുവാദം നല്‍കപ്പെട്ടു. ആ ഭവനത്തിലേക്ക് പ്രവേശിച്ച അവര്‍ ഉപദേശകരാലും നേതാക്കളാലും പണ്ഡിതരാലും കേട്ടെഴുത്തുകാരാലും വലയം ചെയ്യപ്പെട്ടു, അധികാരത്തിന്റെ ഔന്നിത്യത്തില്‍ സര്‍വപ്രൗഢിയോടെയും ആസനസ്ഥനായ ഹബീബ് ബിന്‍ മാലികിനെ കണ്ടു. ‘കഅ്ബാ മന്ദിരത്തിന്റെയും സ്വഫാ മലകളുടെയും സംസം കിണറിന്റെയും നേതാക്കളെ.., സ്വാഗതം. എന്തുണര്‍ത്താനാണ് നിങ്ങള്‍ വന്നത്? എന്താണ് നിങ്ങളുടെ ആവശ്യം?’ ആ കൂട്ടത്തില്‍ നിന്നും അബൂജഹല്‍ എഴുന്നേറ്റ് പറഞ്ഞു ‘അബലരുടെ മിത്രമേ.., പാവങ്ങളുടെ അത്താണിയേ.., അശരണരുടെ ആശാകേന്ദ്രമേ.., നമ്മുടെ ഗോത്ര പാരമ്പര്യത്തിന്റെ ശുദ്ധിയും മാഹാത്മ്യവും മറ്റാരെക്കാളും അറിയുന്നവരല്ലോ അങ്ങ്! ഈ സവിദത്തില്‍ അവ വിശദമാക്കേണ്ട സാഹചര്യമേ ഉദിക്കുന്നില്ല! പക്ഷെ, ഇന്ന് ഹാശിം കുലത്തില്‍ നിന്നും ഒരു അനാഥന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പിതാവ് അബ്ദുല്ലയും മാതാവ് ആമിനയും അവന്റെ ശൈശവത്തിലേ വിടവാങ്ങി. മരിക്കും വരെ പ്രപിതാവ് അബ്ദുല്‍ മുത്തലിബാണ് അവനെ വളര്‍ത്തിയതും പരിപാലിച്ചതും. പിന്നെ മാതുലന്‍ അബൂത്വാലിബാണ് അവന്‍െ സംരക്ഷണമേറ്റെടുത്തത്. ഈ അനാഥബാലന്‍ ഞങ്ങള്‍ക്ക് മധ്യേ വന്ന് ഞങ്ങളുടെ മതത്തെ വിമര്‍ശിക്കുന്നു! ‘ഞാന്‍ നിങ്ങളിലേക്ക് ദൈവത്താല്‍ നിയുക്തനായ പ്രവാചകനാണ്, ഇന്ത്യയിലെയും സിന്ധിലെയും സര്‍വജനങ്ങള്‍ക്കും അറബികളിലേക്കും പേര്‍ഷ്യക്കാരിലേക്കും ലോക രക്ഷിതാവിനാല്‍ ഞാന്‍ നിയോഗിതനായിരിക്കുന്നു. സ്വതന്ത്രരിലേക്കും അടിമകളിലേക്കും വൃദ്ധരിലേക്കും യുവാക്കളിലേക്കും ഞാന്‍ നിയുക്തനായിരിക്കുന്നു’ എന്ന് വാദിക്കുകയും പ്രബോധനം ചെയ്യുകയും വഴി ഞങ്ങള്‍ക്ക് വലിയ ഭീഷണി തന്നെ സൃഷ്ടിച്ചിരിക്കുന്നു. സ്വമേധയാ ഈ രാജ്യ ദ്രോഹ പ്രവര്‍ത്തനത്തില്‍ നിന്ന് അകന്നു നില്‍ക്കാന്‍ അവന്‍ തയ്യാറല്ല. മാത്രമല്ല, ചില ബന്ധുക്കളൊക്കെ അവനില്‍ വിശ്വസിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. അതിനാല്‍, മഹാനായ നായകാ.. എന്തു തന്ത്രമുപയോഗിച്ചാണ് ഈ ദുര്‍ഘട സന്ധിയില്‍ നിന്നൊരു മോചനം ഞങ്ങള്‍ക്ക് സാധ്യമാവുക?’
അബൂജഹലിന്റെ ഭാഷണം ശ്രവിച്ച ഹബീബ് ബിന്‍ മാലിക് അവരെ സന്തുഷ്ടരാക്കുകയും ഉത്ഖണ്ഡകള്‍ക്ക് ശമനം വരുത്തുകയും ചെയ്ത് മറുപടി നല്‍കി. അന്ന് രാത്ര് അദ്ദേഹത്തിന്റെ അതിഥികളായി അവര്‍ താമസമാക്കി. പ്രഭാതം പുലര്‍ന്നതോടെ, സത്യപാതയും ധര്‍മ വീചിയും സ്വീകരിക്കുന്നതിനായി 40000 വരുന്ന കുതിരപ്പടയാളികളെയും കൂട്ടി ഹബീബ് ബിന്‍ മാലിക് വിശുദ്ധ ബക്ക(മക്ക)യിലേക്ക് യാത്ര തിരിച്ചു. മക്കയിലെത്തിയ ആ വലിയ പുരുഷാരം ഒരു തുറസ്സായ സ്ഥലത്ത് തമ്പടച്ചു. അപ്പോള്‍ രാജാവ്(മലിക്) പറഞ്ഞു: ‘പ്രവാചകനാണെന്ന് വാദിക്കുന്ന ആ യുവാവിനെ എനിക്ക് കാണണം, ലോകത്തൊരാള്‍ക്കും സാധ്യമാവാത്ത് അത്ഭുതം കാണിക്കാന്‍ അവനോട് ആവശ്യപ്പെടണം. അത് നിവര്‍ത്തിപ്പാന്‍ അവന്‍ അശക്തനാണെന്ന് വരുന്നതോടെ ഒരല്‍പം പോലും ബലപ്രയോഗമോ രക്തം ചിന്തലോ ഇല്ലാതെ അത്തരം വാദഗതികള്‍ ഉന്നയിക്കുന്നതില്‍ നിന്ന് അവനെ ലജ്ജിതനാക്കി പിന്തിരിപ്പിക്കുവാന്‍ സാധിക്കുമല്ലോ?’ അവിടെ സമ്മേളിച്ചവര്‍ക്കെല്ലാം ഈ തന്ത്രം നന്നായി ബോധിച്ചു. അദ്ദേഹം തന്റെ പരിചാരകനെ വിളിച്ച് മുഹമ്മദിന്റെ സവിധത്തിലേക്ക് അയച്ചു.
ഖദീജ ബിന്‍ത് ഖുവൈലിദിന്റെ(റ) വീട്ടിലെത്തിയ പരിചാരകന്‍ വാതില്‍ മുട്ടി. ഒരു വീട്ടു ജോലിക്കാരന്‍ വന്നു വിവരം തിരിക്കി ‘ആരാണവിടെ?’ ദൂതന്‍ മറുപടി നല്‍കി ‘എനിക്ക് മുഹമ്മദ് ബ്‌നു അബ്ദുല്ലയെ ആണ് ആവശ്യം, കാരണം, എന്റെ യജമാനന്‍ ഹബീബ് ബിന്‍ മാലിക് അദ്ദേഹത്തെ കാണാനാഗ്രഹിക്കുന്നു.’ ജോലിക്കാരാന്‍ വീട്ടിനകത്തേക്ക് തിരികെ ചെന്ന് പ്രവാചകരോട് കാര്യമുണര്‍ത്തി.
വിവരമറിഞ്ഞ പ്രവാചകര്‍ കറുത്ത ശിരോവസ്ത്രവും വെളുത്ത വട്ടും ധരിച്ച് അനുചരരോടൊപ്പം രണ്ടു റക്അത്ത് നമസ്‌കരിച്ച് ശേഷം പുറപ്പെട്ടു. അല്ലാഹുവിനെ വാഴ്ത്തിയും സ്തുതിച്ചും വിജയത്തിനായി പ്രാര്‍ഥിച്ചും അവര്‍ യാത്ര തുടര്‍ന്നു. അതേ സമയം, വസ്ത്രങ്ങള്‍ വരെ കണ്ണീരിലാഴ്ത്തി ദൈവത്തോട് പ്രാര്‍ഥിക്കുകയായിരുന്നു ഖദീജ(റ): ‘എന്റെ നാഥാ.., രക്ഷിതാവേ.., നിന്റെ ദാസനായ മുഹമ്മദ് ബിന്‍ അബ്ദുല്ലയെ നീ സാഹായിക്കണേ.., നിന്റെ ദൃഷ്ടാന്തം അവതീര്‍ണ്ണമാക്കുകയും നബിയുടെ പദവി ഉയര്‍ത്തുകയും സംഭാഷണം ഫലപ്രാപ്തിയുള്ളതാക്കുകയും ചെയ്യണേ…’.
അവരാ വഴിയില്‍ മുന്നോട്ട് ഗമിച്ചു കൊണ്ടിരിക്കെ ജിബ്‌രീല്‍ മാലാഖ അവതരിച്ച് വിളിച്ചു പറഞ്ഞു. ‘അങ്ങുടെമേല്‍ സമാധാനം വര്‍ഷിക്കട്ടെ! മുഹമ്മദ്! പരമോന്നതനും പരമശ്രേഷ്ഠനുമായ അല്ലാഹു ‘ശാന്തിഗേഹത്തില്‍(സ്വര്‍ഗം) നിന്നുള്ള സമാധാനം അങ്ങയില്‍ വര്‍ഷിക്കട്ടേ’ എന്നരുള്‍ ചെയ്തിരിക്കുന്നു! അല്ലാഹു അങ്ങയോട് പറയുന്നു: ‘എനിക്ക് പ്രിയങ്കരനായ മുഹമ്മദ്, ഞാനാണ് ദൈവം, അഹങ്കാരികളെ ആപതിപ്പിക്കുന്നതും വിനയാന്വിതരെ ആനയിക്കുന്നതും ഞാനാണ്. എന്റെ അധികാരവും ശക്തിയും മുന്‍നിര്‍ത്തി ശപഥം ചെയ്യട്ടെ, അങ്ങയേക്കാള്‍ മഹത്തരമായ സൃഷ്ടിപ്പ് ഞാന്‍ നടത്തിയിട്ടില്ല. അതിനാല്‍ ദു:ഖിക്കുകയോ ഭയപ്പെടുകയോ അരുത്, ഞാനുണ്ട് അങ്ങയുടെ കൂടെ. ഞാന്‍ താങ്കള്‍ക്ക് ശക്തി പകരുകയും, പ്രശ്‌നങ്ങളില്‍ വഴി കാണിക്കുകയും ദു:ഖങ്ങള്‍ അകറ്റുകയും ചെയ്യും. പ്രവാചകരെ… അറിയുക! ഹബീബ് ബിന്‍ മാലിക് എന്ന പേരുള്ള വ്യക്തി 40000 കുതിരപ്പടയാളികളോടെ വന്നിട്ടുണ്ട്. ചന്ദ്രനെ പിളര്‍ത്തിക്കൊണ്ട് അത്ഭുതം കാണിക്കാന്‍ അങ്ങയോട് ആവിശ്യപ്പെടുകയാണ് ലക്ഷ്യം. ആദം നബി പടക്കപ്പെടുന്നതിനും ആയിരക്കണക്കിന് വര്‍ഷം മുമ്പേ ദൈവം വിധിച്ചതാണത്. ഈ അത്ഭുത കൃത്യത്തിന് ദൈവം അനുമതി നല്‍കിയതാണ്. കാരണം, ഇന്ത്യയിലെ രാജാക്കന്മാരില്‍ ഒരാള്‍ അത് കാണുകയും അങ്ങയുടെ സന്ദേശത്തില്‍ വിശ്വസിച്ച് തിരുകൈകളാല്‍ ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്യും.’ ഇതുകേട്ട പ്രവാചകര്‍(സ്വ), സഹചാരികളോടൊപ്പം അത്യധികം ആനന്ദ നിര്‍വൃതിയിലായി.
പ്രവാചകരുടെ സംഘം ഹബീബ് ബിന്‍ മാലികിന്റെ കൂടാരത്തിലെത്തിയപ്പോള്‍, ദൈവത്തിന്റെ ദൂതരോടുള്ള ഭയാദരവുകള്‍ നിമിത്തം അവിടെയുള്ളവരെല്ലാം സ്വമേധയാ എഴുന്നേറ്റ് അദ്ദേഹത്തെ ബഹുമാനിച്ചു. ശേഷം, ഹബീബ് ബിന്‍ മാലിക് പ്രവാചകരെ വിളിച്ച് തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാക്കി. പ്രവാചകരുടെ മുഖകാന്തിയിലായിരുന്നു ജനങ്ങളുടെ കണ്ണുകളെല്ലാം. അദ്ദേഹം പറഞ്ഞു: ‘ഓ… മുഹമ്മദ്, സര്‍വ ദേശങ്ങളിലേക്കും ദൈവ ദൗത്യവുമായി നിയുക്തനായ പ്രവാചകനായി നിങ്ങള്‍ ചമയുന്നുവെന്ന് നിങ്ങളുടെ ഗോത്രനേതാക്കള്‍ പറയുന്നുവല്ലോ?’ പ്രവാചകന്‍ പ്രതിവചിച്ചു: ‘അവരാരോപിക്കുന്നതാണ് യഥാര്‍ത്ഥത്തിലും ഞാന്‍.’ അപ്പോള്‍ ഹബീബ് ബ്‌നു മാലിക് പറഞ്ഞു: ‘ദൈവമാണെ, നിങ്ങളുടെ വാദഗതി സത്യമാവണമെന്നും സന്ദേശം വസ്തുനിഷ്ഠമാവണമെന്നും എനിക്കാഗ്രഹമുണ്ട്. നമുക്കിരുവര്‍ക്കുമിടയില്‍ അടുത്ത ഗോത്ര ബന്ധമുണ്ട്. എന്റെ ജനങ്ങളില്‍ നിന്ന് തന്നെ ഒരു പ്രവാചകന്‍ നിയുക്തനാവുന്നത് എനിക്കും പ്രിയം തന്നെ. അവസാന നാളുകളില്‍ മുഹമ്മദെന്ന നാമമുള്ള ഇന്നാലിന്ന ലക്ഷണങ്ങളുള്ള ഒരു പ്രവാചകന്‍ ആഗതനാവുമെന്നും അന്ത്യ നാള്‍ വരെ അദ്ദേഹത്തിന്റെ മതം പ്രബലമായി നിലനില്‍ക്കുമെന്നും പറയുന്ന പൂര്‍വകാല ഗ്രന്ഥങ്ങളും വിശുദ്ധ രേഖകളും ഞാന്‍ വായിച്ചിട്ടുണ്ട്. പക്ഷെ, മുന്‍കഴിഞ്ഞ പ്രവാചകരെല്ലാം അവരുടെ സന്ദേശവും ദൈവവിളിയും തെളിയിച്ചത് അത്ഭുത കൃത്യങ്ങളിലൂടെയാണ്. അതിനാല്‍ മുഹമ്മദ്.., എന്താണ് താങ്കളുടെ അത്ഭുത കൃത്യം?. സംശയത്തിനും ആശങ്കക്കും ഇടം നല്‍കാതെ, ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും ഒരു പോലെ, നിങ്ങളുടെ ദൈവവിളിയെയും സന്ദേശത്തെയും ബോധ്യപ്പെടുത്തുന്നതെങ്ങനെ? പ്രവാചകന്‍ മറുപടി പറഞ്ഞു: ‘എന്തു ദൃഷ്ടാന്തമാണ് അങ്ങേക്കാവിശ്യം രാജാവേ…? പറയൂ… കാരണം, ദൈവദാസന്‍ ദൈവത്തോടു കൂടെ നില്‍ക്കുവോളം ദൈവം ദൈവദാസന്റെ കൂടെ കാണും.’
അപ്പോള്‍ ഹബീബ് ബിന്‍ മാലിക് അപേക്ഷിച്ചു: ‘ചന്ദ്രമാസം പിറന്നിട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടേ ഉള്ളുവെങ്കിലും, ആഗതമാവാനിരിക്കുന്ന രാത്രിയിലെ അന്ധകാരം ശക്തമാവുകയും ഒരാള്‍ക്കും തൊട്ടടുത്തുള്ളവനെ കാണാന്‍ സാധിക്കാതിരിക്കുകയും ചെയ്യണമെന്ന് അങ്ങ് കല്‍പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തുടര്‍ന്ന്, അബൂഖൈസ് പര്‍വ്വതത്തിന് പിന്നില്‍ നിന്ന് പൂര്‍ണ രൂപത്തില്‍ ഉദിച്ചുയരാന്‍ അങ്ങ് ചന്ദ്രനോടാജ്ഞാപിക്കാന്‍ ഞാനാഗ്രഹിക്കുന്നു. പിന്നെ, അങ്ങയുടെ പ്രവാചകത്വത്തിന് സാക്ഷ്യം നിന്ന് കൊണ്ട്, സര്‍വരും ശ്രവിക്കും വിധത്തില്‍ വ്യക്തമായി സംസാരിക്കുവാന്‍ അങ്ങ് ചന്ദ്രനോടാജ്ഞാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശേഷം അങ്ങ് ചന്ദ്രനെ ആകാശത്ത് നിന്നിറക്കി അങ്ങയുടെ വസ്ത്രത്തിന്റെ വലതുകയ്യിലൂടെ പ്രവേശിപ്പിച്ച് ഇടതുകയ്യിലൂടെ പുറത്തിറക്കണമെന്ന് ആവശ്യപ്പെടുന്നു. ശേഷം, ചന്ദ്രന്‍ അങ്ങയുടെ താമസസ്ഥലത്ത് പ്രവേശിച്ച്, രണ്ടു അര്‍ധ ഗോളങ്ങളായി മാറി, ഒരു പകുതി കിഴക്കുഭാഗത്തേക്കും മറുപകുതി പടിഞ്ഞാറ് ഭാഗത്തേക്കും നീങ്ങണം. ശേഷം, ഇരുപകുതികളും പൂര്‍ണ രൂപത്തിലേക്ക് മടങ്ങി ആകാശകേന്ദ്രത്തിലെ പൂര്‍ണ ചന്ദ്രനായി മാറണം. അങ്ങയുടെ രക്ഷിതാവിന് ഈ അത്ഭുതം ദൃശ്യമാക്കുവാന്‍ സാധിക്കുന്നുവെങ്കില്‍ അങ്ങ് പ്രവാചകനാണെന്ന് സ്ഥിരീകരിക്കപ്പെടും. അപ്പോള്‍ അങ്ങയുടെ അവകാശവാദങ്ങള്‍ സത്യസന്ധമാണെന്ന് ഞാനും എന്റെ 40,000 സൈനികരും വിശ്വസിക്കുകയും ചെയ്യും.
ഹബീബ് ബിന്‍ മാലിക് നബിയുടെ സത്യസന്ധതക്ക് സാക്ഷ്യം വഹിക്കുകയും അദ്ദേഹവും നാല്‍പ്പതിനായിരം സൈനികരും വിശ്വസിക്കുകയും ചെയ്യുമെങ്കില്‍ അവരാവശ്യപ്പെട്ട പ്രകാരം അന്നു രാത്രി ആ അത്ഭുത കൃത്യം നിര്‍വഹിക്കുമെന്ന് പ്രവാചകര്‍ മറുപടി നല്‍കി. അല്ലാഹുവിനെ വാഴ്ത്തിയും സ്തുതിച്ചും പൂര്‍ണ സംതൃപ്തരായി അവര്‍ പട്ടണത്തിലെ ഗൃഹങ്ങളിലേക്ക് തിരികെ പോയി. അന്നു രാത്രി അല്ലാഹു ഈ ദിവ്യദൃഷ്ടാന്തം ഇന്ത്യയിലെ ഒരു രാജാവിന് (സുല്‍ത്താനുല്‍ ഹിന്ദ്) ദിവ്യശക്തി മുഖേന കാണിച്ചുകൊടുത്തു.
പ്രസ്തുത കാഴ്ച കണ്ട രാജാവ് അമ്പരക്കുകയും അന്നേ ദിവസത്തെ തിയ്യതി തന്റെ ദിനസരിയില്‍ രേഖപ്പെടുത്തുകയും ചെയ്തു. ഇത്ര അത്ഭുതകരമായ കൃത്യം നടന്നതെങ്ങനെ എന്ന് ചിന്തിച്ച് അദ്ദേഹത്തിന്റെ മനസ്സ് ഏറെ അസ്വസ്ഥമായി. അദ്ദേഹം തന്റെ പൂജാരിമാരെയും ജോത്സ്യരെയും വിളിച്ചുവരുത്തി. അവര്‍ രാജസദസ്സില്‍ സന്നിഹിതരാവുകയും ഈ അത്ഭുത കൃത്യത്തെ കുറിച്ച് അവരോട് തിരക്കുകയും ചെയതു. തല്‍സംബന്ധിയായി വിവരങ്ങള്‍ ശേഖരിച്ച് യുക്തമായ വിശദീകരണം നല്‍കാന്‍ അവര്‍ക്ക് നാല്‍പത് ദിവസത്തെ സമയം അനുവദിച്ച് നല്‍കി.

 

(തുടരും)

Comments

com­ments

About അനീസ് ടി എ കബ്ളക്കാട്

Check Also

ഞാനാണു സി.എം

ഇനിയും ഉയര്‍ത്താത്ത കൈകള്‍ സഖേ നിന്റെ ഉടലിന്റെ കേടാണറുത്തു മാറ്റൂ ഇനിയും പതക്കാത്ത സിരകളില്‍ ചോര തന്‍ ധമനികള്‍ ചത്തു; …