Home / 2018 / ഹദീസ് പഠനങ്ങളിലെ പുതിയ വ്യവഹാരങ്ങള്‍, ആമുഖം

ഹദീസ് പഠനങ്ങളിലെ പുതിയ വ്യവഹാരങ്ങള്‍, ആമുഖം

ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലെ ശ്രേഷ്ഠതാ ക്രമത്തെ ചൊല്ലിയുള്ള പണ്ഡിത സംവാദങ്ങള്‍ മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ആദ്യകാലങ്ങളില്‍ സജീവമായിരുന്നു. ശരീഅത്ത് രൂപീകരണത്തില്‍ പ്രവാചകന്റെ സ്ഥാനവും ഹദീസ് ഖുര്‍ആനിന്റെ വിശദീകരണമാണെന്ന വസ്തുതയും മൂലമാവണം, ഈ ചര്‍ച്ചകളില്‍ പൊതുവെ മികച്ച് നിന്നത് ഹദീസ് നിദാന, നിവേദന ശാസ്ത്രങ്ങളാണ്. ഹി. 100 ഓടെ പ്രാഥമിക രൂപം പ്രാപിച്ച ഹദീസ് പഠന മേഖല പിന്നീട് സനദ് നിരൂപണം, മത്‌ന് നിരൂപണം, ഹദീസ് നിദാനം, ജര്‍ഹ് വ തഅ്ദീല്‍ (നിവേദക നിരൂപണം), തുടങ്ങി വിവിധ തലങ്ങളിലേക്ക് വികാസം പ്രാപിച്ചു. പില്‍കാലത്ത് ഹദീസ് ശാസ്ത്രത്തിന്റെ പരപ്പും വിഷയ വൈവിധ്യവും കുറയുകയും ഗ്രന്ഥ വായനയിലേക്ക് ചുരുങ്ങുകയും ചെയ്തു. 1800 വരെ കാര്യപ്രസക്തമായ മാറ്റങ്ങളൊന്നും ഇല്ലാതെ തുടര്‍ന്ന ഹദീസ് പഠനം പിന്നീട് പല തലത്തിലുള്ള പഠനങ്ങള്‍ക്ക് വേദിയാവുകയും ഹദീസിന്റെയും ഉസൂലുല്‍ ഹദീസിന്റെയും പഠനങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കൈവരുകയും ചെയ്തു. ആധുനികമെന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരം ചലനങ്ങളെ അടയാളപ്പെടുത്തുക, കേരളത്തിലടക്കം നിലനില്‍ക്കുന്ന ഹദീസിന്റെ സാമ്പ്രദായിക രീതികളുമായി തുലനം ചെയ്യുക, ഹദീസ് സംബന്ധിയായ ജനകീയമായ ചില അനുമാനങ്ങളെ പുനരാലോചിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ പ്രാഥമിക ലക്ഷ്യം.
പ്രമുഖരായ ഒരുപാട് ഹദീസ് പണ്ഡിതന്മാര്‍ കേരളത്തില്‍ ജീവിച്ചിട്ടുണ്ട്. അവരുടെയൊക്കെയും ക്ലാസ്സുകള്‍ കേരളത്തിലെ ഹദീസ് രംഗത്ത് വലിയ സ്വാധീനവും സൃഷ്ടിച്ചിട്ടുണ്ട്. ശംസുല്‍ ഉലമയുടെ ബുഖാരി ക്ലാസും കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാരുടെ ഹദീസ് ക്ലാസും ഇന്നും സ്മരിക്കപ്പെടുന്നത് തന്നെ ഇതിന്റെ സ്വാധീനത്തിന്റെ തെളിവുകളാണ്. ഹദീസുമായുള്ള ദീര്‍ഘകാലത്തെ ഇടപെടലുകള്‍, കിതാബിന്റെ വിവിധങ്ങളായ ശറഹുമായുള്ള അവരുടെ ബന്ധം, ഹദീസിന്റെ ഫിഖ്ഹീ , തസവ്വുഫ് വായനകള്‍ എന്നിവ അവരുടെ ക്ലാസ്സുകളെ ധന്യമാക്കി. ശംസുല്‍ ഉലമയുടെ ക്ലാസ്സുകളില്‍ അദ്ദേഹം ഇബ്‌നു ഹജര്‍ ഹൈതമിയോട് വിവധ വിഷയങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നത് തന്നെ ഹദീസ് മേഖലയില്‍ അവരുടെ അഗാധമായ പാണ്ഡിത്യത്തിന്റെ നിദര്‍ശനങ്ങളാണ്.
കേരളത്തിലെ ഹദീസ് പഠനങ്ങളുടെ പൊതു സവിശേഷത അവ മിക്കപ്പോഴും ടെക്‌സ്റ്റ്വല്‍ റീഡിംഗ് ആയിരുന്നുവെന്നതാണ്. കിതാബ് വായനക്കിടയില്‍ പണ്ഡിതര്‍ അവരുടെതായ രീതികളില്‍ ഇടപെടുകയും ഹദീസ് സംബന്ധിയായ വിശദീകരണങ്ങള്‍ നല്‍കുകയും ചെയ്തു പോന്നു. ഒരു പ്രത്യേക ഗ്രന്ഥത്തെ അടിസ്ഥാനമാക്കി കൂടുതല്‍ ചര്‍ച്ചകളും ആഴങ്ങളും കണ്ടത്തുക എന്നതിലായിരുന്നു ഇവിടത്തെ പണ്ഡിതര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഹദീസ് പഠിക്കുക എന്നതിലപ്പുറം ബുഖാരി ഓതുക, മുസ്‌ലിം ഓതുക എന്നതായിരുന്ന ഇവിടെ പ്രധാനം. ഹദീസ് സംബന്ധിയായി ഇവിടെ സജീവമായി നിലനിന്നിരുന്ന മറ്റൊരു പഠന മേഖല ഉസ്വൂല്‍ ഹദീസായിരുന്നു. വളരെ ടിപ്പിക്കലായ ഉസൂലുല്‍ ഹദീസ് പഠനരീതിയായിരുന്നു ഇവിടെ നിലനിന്നിരുന്നത്. നുഖ്ബ, മിശ്കാത്തിന്റെ മുഖദ്ദിമയിലെ ഉസ്വൂല്‍ ഹദീസ് സംബന്ധിയായ ഭാഗം തുടങ്ങിയവയായിരുന്നു പ്രധാനമായും ഇവിടെ സജീവമായിരുന്ന പാഠ്യഭാഗങ്ങള്‍. വലിയ രീതിയില്‍ ഈ പഠന മേഖല വികാസം പ്രാപിച്ചെന്ന് പറയാനാവില്ല. ഹദീസും ഉസ്വൂലുല്‍ ഹദീസും പരസ്പരം ബന്ധപ്പെടുത്തി വായിക്കാനോ പഠനങ്ങള്‍ നടത്താനോ ഉള്ള ശ്രമങ്ങള്‍ ആ കാലഘട്ടങ്ങളിലൊന്നും നടന്നിരുന്നില്ല. ഹദീസിന്റെ സബ്ഖുകളില്‍ (ക്ലാസ്) ഉസ്വൂലുല്‍ ഹദീസ് ചര്‍ച്ചയായിരുന്നില്ല. അതുകൊണ്ടുതന്നെ പൊതുവില്‍ ഇവിടെ രണ്ട് ഫന്നും വ്യത്യസ്തമായി മനസ്സിലാക്കപ്പെടുകയും വ്യത്യസ്തമായി കൈകാര്യം ചെയ്യപ്പെടുകയും ചെയ്തു പോന്നു.
പിന്നീട് ഹദീസ് ചര്‍ച്ചകളും ഉസ്വൂലീ ചര്‍ച്ചകള്‍ക്കും പുതിയ മാനം കൈവന്നത് പുത്തനാശയക്കാരുടെ ആഗമനത്തോടു കൂടിയാണ്. ഈ ഘട്ടത്തില്‍ വ്യാപകമായി തന്നെ ഹദീസുകളെക്കുറിച്ച് പഠനങ്ങള്‍ നടന്നു. ഹദീസിന്റെ സ്വിഹ്ഹത്ത്(വിശ്വാസ്യത), പണ്ഡിത വീക്ഷണങ്ങള്‍ തുടങ്ങിയവ കാര്യഗൗരവത്തില്‍ ചര്‍ച്ചയായി. നവീന ചന്താഗതിക്കാരുടെ ആവിര്‍ഭാവവും അവരുടെ വീക്ഷണാശയങ്ങളും ഹദീസ് ക്ലാസുകളില്‍ വലിയ രീതിയില്‍ പ്രതികരണങ്ങളുളവാക്കി. ഹദീസിന്റെയും ഉസ്വൂലുല്‍ ഹദീസിന്റെ ചര്‍ച്ചകള്‍ ഈ ഘട്ടത്തില്‍ സജീവമായിത്തന്നെ നിലനിന്നു. കേരളത്തിലെ ഹദീസ് പഠനത്തിന്റെ പൊതു പശ്ചാത്തലത്തെ ഇങ്ങനെ രേഖപ്പെടുത്താം.
ഹദീസ് കേരളത്തിലേക്കെത്തിയ വഴിയെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. തദ്‌വിഷയസംബന്ധിയായ ഒരു ചര്‍ച്ച ഇബ്‌നു ഹജറുല്‍ ഹൈതമിയുടെ കേരളാഗമനവുമായി സംബന്ധിച്ചുള്ളതാണ്. അദ്ദേഹത്തില്‍ നിന്ന് ശിഷ്യത്വം സ്വീകരിച്ച സൈനുദ്ധീന്‍ മഖ്ദൂം ഇവിടെ ഒരു പുതിയ പാഠ്യപദ്ധതി സ്ഥാപിക്കുകയുണ്ടായി. എന്നാല്‍ ഈ വഴികളിലൂടെ കേരളത്തിലെ ഹദീസുകളുടെ താവഴി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മറിച്ച് ശംസുല്‍ ഉലമയിലൂടെയും ആദം ഹസ്‌റത്തിലൂടെയും ശാഹ് വലിയുള്ളാഹി ദഹ്ലവിയിലേക്കും അനന്തരം മക്കയിലേക്കും എത്തുന്ന താവഴികളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇതൊക്കെത്തന്നെയും ഒരു പൊതുവഴി എന്നുമാത്രമേ പറയാന്‍ നിര്‍വാഹമുള്ളൂ. ഹദീസ് പണ്ഡിതനായുരുന്ന ഇബ്‌നു ഹജറുല്‍ ഹൈതമിയെ കേന്ദ്രീകരിച്ചാണ് കേരളത്തിലെ ഹദീസ് സനദുകളുടെ ചര്‍ച്ചകള്‍ പൊതുവെ പുരോഗമിക്കാറ്. എന്നാല്‍ നിലവിലുള്ള പഠനങ്ങളെ അധികരിച്ച് ഇബ്‌നു ഹജറുല്‍ ഹൈതമിയുമായി ബന്ധപ്പെട്ടുള്ള ഹദീസ് സനദുകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നാണ് തീര്‍ത്ത് പറയാനാവുന്നത്. ഇബ്‌നു ഹജര്‍ ഹൈതമി ഇവിടത്തെ പണ്ഡിതന്മാരെ സ്വാധീനിച്ചിരുന്നു എന്നത് വളരെ വ്യക്തമാണ്. ഗുരുവായ ഇബ്‌നു ഹജറുല്‍ ഹൈതമിക്കും ശിഷ്യനായ സൈനുദ്ധീന്‍ മഖ്ദൂമിനും (രണ്ടാമന്‍) ഹദീസ് സംബന്ധിയായി അല്‍ കബാഇര്‍ എന്ന പേരില്‍ സമാനമായ ഗ്രന്ഥങ്ങളുണ്ട് എന്ന വസ്തുത ഇതിന്റെ സാക്ഷ്യമാണ്. മഖ്ദൂമിന്റെ ഗ്രന്ഥങ്ങളിലോ ഹദീസ് സംബന്ധിയായ കേരളത്തിലെ പൊതുവ്യവഹാരങ്ങളിലോ ഇബ്‌നു ഹജറിന്റെതായ സനദുകള്‍ അറിയപ്പെട്ടിട്ടുമില്ല.
ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഹദീസ് പഠനത്തില്‍ ഉത്തരേന്ത്യ ഏറെ മുന്‍പന്തിയിലായിരുന്നു. മുകളില്‍ സൂചിപ്പിച്ച കേരളത്തിലെ ഹദീസ് സനദുകളിലെ ദഹ്ലവിയുടെ സ്വാധീനം തന്നെ ഈ കാര്യം പ്രകടമാക്കുന്നു. പണ്ഡിതലോകത്തും ഈ വീക്ഷണം ഏറെ ആധികാരികമായി അംഗീകരിക്കപ്പെട്ടതാണ്. ശൈഖ് അബ്ദുല്‍ സമീഉല്‍ അനീസ് അടക്കമുള്ള ഹദീസ് പണ്ഡിതര്‍ തന്റെ ഇന്ത്യയിലെ ഹദീസ് പഠനങ്ങളെ സംബന്ധിച്ച് ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്.
ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയിലെ ഹദീസ് പാരമ്പര്യത്തിലും പാഠ്യപദ്ധതിയിലും കാര്യമായ മാറ്റങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ആദ്യകാലം തൊട്ടേ ഹദീസ് പഠനം വലിയ രീതിയില്‍ ഉത്തരേന്ത്യയില്‍ പ്രോത്സാഹിക്കപ്പെട്ടിരുന്നു. ദൗറ (വലയം, കൂട്ടം) എന്ന പേരില്‍ വലിയ സദസ്സുകള്‍ ഹദീസ് പഠനത്തിനായി അവിടങ്ങളില്‍ പ്രത്യേകം സജ്ജീകരിക്കപ്പെട്ടിരുന്നു. ബുഖാരി, തിര്‍മിദി തുടങ്ങിയുള്ള വലിയ ഹദീസ് ഗ്രന്ഥങ്ങള്‍ ആദ്യാവസാനം ഓതലായിരുന്നു ദൗറകളുടെ പ്രധാന ദൗത്യം. ദയൂബന്ദ്, മളാഹിറുല്‍ ഉലൂം തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം ദൗറകള്‍ ഇപ്പോഴും സജീവമാണ്. ഉസ്വൂല്‍ ഹദീസിന്റെ കാര്യത്തിലും കാര്യമായ മാറ്റം ദൃശ്യമാണ്. നുഖ്ബയില്‍ അവസാനിക്കുന്ന നമ്മുടെ പതിവ് രീതികളില്‍ നിന്ന് വിഭിന്നമായി ഉത്തരേന്ത്യയില്‍ ഉസ്വൂലുല്‍ ഹദീസ് പ്രാധാന്യപൂര്‍വം വലിയ ക്ലാസ്സുകളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇബ്‌നുസ്സ്വലാഹിന്റെ മഅ്‌രിഫത്തു ഉലൂമുല്‍ ഹദീസ് അടക്കമുള്ള ഗ്രന്ഥങ്ങളാണ് അവരുടെ മുഖ്യ അവലംബം. നുഖ്ബയെ അപേക്ഷിച്ച് വിശാലമായ രീതിയിലാണ് മഅ്‌രിഫത്തു ഉസ്വൂലുല്‍ ഹദീസില്‍ ചര്‍ച്ചകള്‍ വരുന്നത്. വളരെ ഹൃസ്വമായ പഠനം മാത്രമാണ് ഇബ്‌നുസ്വലാഹിന്റെ ഗ്രന്ഥത്തിന്റെ ചുരുക്ക രൂപമായ നുഖ്ബ പകരുന്നത്. ഫിഖ്ഹില്‍ ഹനഫി എന്നത് പോലെ ഹദീസില്‍ ഇബ്‌നു ഹജറില്‍ ഹൈതമിയെ ഇമാമായി സ്വീകരിച്ചവരാണ് ദയൂബന്ദുകാര്‍. കേരളത്തില്‍ ഇങ്ങനെയൊരു ഉസൂലുല്‍ ഹദീസ് അനുധാവനം കാണുക സാധ്യമല്ല.
മറ്റൊരു പ്രകടമായ മാറ്റം കേരളത്തെ അപേക്ഷിച്ച് ഉത്തരേന്ത്യയിലെ ഹദീസ് പണ്ഡിതന്മാര്‍ വലിയൊരളവോളം ഹദീസിനെയും ഉസ്വൂലുല്‍ ഹദീസിനെയും ഒന്നായി മനസ്സിലാക്കാനും സംയോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോവാനും ശ്രമിച്ചു എന്നതാണ്. ഇസ്‌നാദുകള്‍ സൂക്ഷിക്കുന്ന കാര്യത്തിലും അവര്‍ ബഹുദൂരം മുന്നിലായിരുന്നു.
ഗ്രന്ഥപാരായണവും അതില്‍ അവഗാഹം നേടലും തദ്‌വിഷയസംബന്ധിയായ ഇടപെലുകള്‍ നടത്തുകയും ചെയ്യുക എന്നതായിരുന്നു പൊതുവെ മുസ്‌ലിം ലോകത്ത് ഹദീസ് മേഖലയില്‍ നിലനിന്നിരുന്ന സാമ്പ്രദായിക രീതി. ഇബ്‌നു ഹജറുല്‍ ഹൈതമി, സഖാവി, സുയൂത്വി തുടങ്ങിയ പണ്ഡിതന്മാരുടെ ക്ലാസിക്കല്‍ ഘട്ടാനന്തരം ഹദീസ് പഠനം മന്ദീഭവിക്കുകയുണ്ടായി. പുതിയ കാലത്ത് പക്ഷേ ആഴമുള്ള ക്ലാസിക്കല്‍ ഹദീസ് പഠനങ്ങള്‍ക്ക് പകരം പരപ്പുള്ള, വ്യത്യസ്ത തലസ്പര്‍ശിയായ പഠനങ്ങളാണ് രൂപം കൊള്ളുന്നത്. ഈ രണ്ട് പഠന രീതികളെയും കാര്യക്ഷമമായി വിശകലനം ചെയ്യുകയും രണ്ടു രീതിയും സംയോജിപ്പിച്ച് പുതിയൊരു രീതി കണ്ടെത്തുക എന്നതാണ് നമുക്ക് മുന്നിലുള്ളത്. ക്ലാസിക്കല്‍ പഠനരീതിയിലെ ആഴവും മോഡേന്‍ പഠനരീതിയിലെ പരപ്പും വ്യക്തമായി നിര്‍ണിയിക്കുക നിര്‍ണയിക്കുക വഴി ഹദീസ് മേഖലയില്‍ പുതിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ നമുക്ക് ആയേക്കും.
പുതിയ കാലത്തെ ഇസ്‌ലാമികവും ഇസ്‌ലാമേതരവുമായ വിവിധ അക്കാദമിക ഇടങ്ങളില്‍ ഹദീസ് സംബന്ധിയായ ചര്‍ച്ചകള്‍ സജീവമാവുന്നുണ്ട്. ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റികളില്‍ ഹദീസ് പ്രത്യേകം വിഭാഗമായി തന്നെ ചര്‍ച്ചക്കെത്തുന്നു. ഇസ്‌ലാമേതര സെകുലര്‍ അക്കാദമിക തലങ്ങളില്‍ ഇന്റര്‍ ഡിസിപ്ലിനറി വിഷയങ്ങളുടെ ഭാഗമായാണ് പൊതുവെ ഹദീസ് പഠിക്കപ്പെടുന്നത്. സോഷ്യോളജി, ഭാഷാപഠനം, ചരിത്രം, മിഡിലീസ്റ്റ് സ്റ്റഡീസ്, കള്‍ച്ചറല്‍ സ്റ്റഡീസിന്റെ വിവിധ ഉപവിഭാഗങ്ങള്‍ തുടങ്ങിയവയില്‍ ഹദീസ് പഠിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം ഡിസ്‌കോഴ്‌സുകളൊന്നും തന്നെ/ നമ്മുടെ കേരളത്തിലെ ഹദീസ് പഠനത്തില്‍ വിഷയീഭവിച്ചിട്ടില്ല.
ഇസ്‌ലാമിക യൂണിവേഴ്‌സിറ്റികളിലും മറ്റു ഇടങ്ങളിലും പ്രധാനമായും രണ്ട് രീതിയിലുള്ള ഹദീസ് പഠനങ്ങളാണ് ഉള്ളത്. ഒന്ന് ഹിസ്‌റ്റോറിക്കല്‍ സ്റ്റഡി, അഥവാ ഹദീസിന്റെ ചരിത്രപരമായ പഠനം (ഹിസ്‌റ്റേറിസിറ്റി ആന്റ് ഹിസ്‌റ്റോറി ഓഫ് ഹദീസ്) പാശ്ച്യാത്യ- ആക്ഷേപങ്ങളും നവോത്ഥാനപ്രസ്ഥാനങ്ങളുടെ സംശയങ്ങളുമാണ് ഹദീസ് ചരിത്ര പഠനത്തെ സജീവമാക്കിയത്. ആദ്യഘട്ടങ്ങളില്‍ ഹദീസിന്റെ വികാസത്തെക്കുറിച്ച് പ്രത്യേകം പഠിക്കുന്ന രീതികളോ പുസ്തകങ്ങളോ രചിക്കപ്പെട്ടിരുന്നില്ല, എന്നാല്‍ നിലവില്‍ വലിയ പ്രധാന്യത്തോടെ കൈകാര്യം ചെയ്യപ്പെടുന്ന രീതിയാണ് ഇത്. ഹിസ്റ്ററി ഓഫ് ഹദീസ്, താരീഖുല്‍ ഹദീസ്, തദ്‌വീനുസ്സുന്ന തുടങ്ങി വിവിധ നാമങ്ങളില്‍ ഈ പാഠ്യ രീതി ചര്‍ച്ചചെയ്യപ്പെടുന്നു. പ്രധാനമായും വെസ്റ്റിലാണ് ഹദീസ് സംബന്ധിച്ച ഈ മേഖല സജീവമായി തുടങ്ങുന്നതും തുടരുന്നതും. അതിന് നിരവധി കാരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.
വെസ്റ്റിനെ സംബന്ധിച്ചടത്തോളം റിനൈസന്‍സ് പിരീഡ് അവരുടെ സകല വൈജ്ഞാനിക വ്യവഹാരങ്ങളിലും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ചര്‍ച്ചിന്റെ അധീശ്വത്വത്തിലായിരുന്ന ചരിത്ര പഠനങ്ങള്‍, യൂറോപ്യന്‍ നവോത്ഥാനാനന്തരം വിമര്‍ശന ബുദ്ധ്യാ സമീപിക്കുകയും മാറ്റിയെഴുതുകയും ചെയ്തു. ഈയൊരു രീതി ഹദീസിന്റെ കാര്യത്തിലും കടന്നു വന്നു എന്ന് മനസ്സിലാക്കുന്നതിയിരിക്കും കൂടുതല്‍ യുക്തം. മറിച്ച് ഓറിയന്റലിസ്റ്റുകളുടെയും മറ്റു വെസ്‌റ്റേണ്‍ തല്‍പര കക്ഷികളുടെയും ഇസ്‌ലാമിനെതിരിലുള്ള അജണ്ടയായിയിരുന്നു നവ ഹദീസ് പാഠ്യരീതികള്‍ എന്ന വിമര്‍ശനങ്ങള്‍ വ്യാപകമായി നിലവിലുണ്ട്. പക്ഷെ ഈ വാദഗതികള്‍ വസ്തുതാപരമായി ഏറെക്കുറെ ബാലിശമാണ്. ഹിസ്‌റ്റോറിക്കല്‍ ക്രിറ്റിക്കല്‍ മെത്തേഡ് അഥവാ ചരിത്ര വിമര്‍ശനാത്മകരീതിയെ മുന്‍ നിര്‍ത്തി ഹദീസിനെ സമീപിച്ചപ്പോള്‍ പ്രത്യക്ഷത്തില്‍ വസ്തുതാപരമായ സംശയങ്ങളും ദുരൂഹതകളും പാശ്ചാത്യര്‍ക്ക് ഹദീസില്‍ കണ്ടെത്താനായി. ഇഗ്നാസ് ഗോള്‍സെയറിനെ പോലുള്ളവരുടെ വാദഗതികളില്‍ ഇത്തരം കാര്യങ്ങള്‍ പ്രകടമാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ അവഗാഹമുള്ള ഗോള്‍സെയറിന്റെ വാദങ്ങളോട് ക്രിയാത്മകമായി പെരുമാറുന്നതാണ് കൂടുതല്‍ ഉചിതം. ഉദാഹരണത്തിന്, ‘കറുത്ത പതാകയുമായി ശാമിന്റെ ഭാഗത്ത് നിന്ന് ഒരു വിഭാഗം വരും അവര്‍ ഉന്നതരാണ് ’ എന്ന ഹദീസ് ഗോള്‍സയറുടെ വീക്ഷണത്തില്‍ വ്യാജമാണ്. കാരണം പ്രസ്തുത ഹദീസ് അബ്ബാസീ അടയാളങ്ങളെയും വിഭാഗത്തെയും മഹത്വവല്‍കരിക്കുന്നുണ്ട്. ഇത് അബ്ബാസിയ്യ വിഭാഗക്കാരുടെ ഭരണതാല്‍പര്യവുമായി ബന്ധപ്പെട്ട് അവര്‍ നിര്‍മിച്ചുണ്ടാക്കിയതാണ്. ഇത്തരത്തിലുള്ള വിമര്‍ശന പഠനങ്ങളിലൂടെ ഗോള്‍സയര്‍ നിരവധി ഹദീസുകളുടെ ആധികാരികതയെ നിഷേധിക്കുകയും രാഷ്ട്രീയപരമായ താല്‍പര്യങ്ങള്‍ ഇത്തരം ഹദീസുകളുടെ ഉത്ഭവത്തില്‍ ഉണ്ടായിരുന്നുവെന്ന് വാദിക്കുകയും ചെയ്തു. ഗോള്‍സിയറുടെ വീക്ഷണത്തില്‍ മറ്റൊരു വ്യാജ നിര്‍മിതിയാണ് ‘നിങ്ങള്‍ മൂന്നു പള്ളിയിലേക്കല്ലാതെ യാത്ര ചെയ്യരുത്’ എന്ന ഹദീസ് ഗോള്‍സയര്‍ പറയുന്നതു പ്രകാരം ഇസ്‌ലാമിലെ പുണ്യ ഗേഹമായ മസ്ജിദുല്‍ ഹറാമിന് തതുല്യമായി മസ്ജിദുല്‍ അഖ്‌സയെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ഉമവീ അജണ്ടയുടെ ഭാഗമാണ് ഈ ഹദീസ്. ഗോള്‍സെയര്‍ വലിയ രീതിയില്‍ വെസ്റ്റില്‍ സ്വാധീനിച്ചു എന്നു തന്നെ കരുതാം. ഗോള്‍സെയറിന് ശേഷം കടന്ന് വന്ന ഇസ്‌ലാമുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളിലും ‚വിമര്‍ശനാത്മകമായെങ്കിലും, അദ്ദേഹത്തെ ഉദ്ദരിക്കുന്നുണ്ട്. ഗോള്‍സയറിന്റെ ശിഷ്യനായ ജോസഫ് ശാഖ്തിനെപ്പോലുള്ളവര്‍ തന്നെ അദ്ദേഹത്തിന്റെ പഠനത്തെ തീര്‍ത്തും പെരിഫറല്‍ (ഉപരിതലസ്പര്‍ശി) ആയിരുന്നു എന്ന് നിരീക്ഷിക്കുകയുണ്ടായി. ഗോള്‍സെയറിനെ സംബന്ധിച്ചടത്തോളം തീര്‍ത്തും മത്‌ന് (ഹദീസ് വാചകം) സംബന്ധിയായി മാത്രമായിരുന്നു പഠനങ്ങള്‍ നടത്തിയത്. എന്നാല്‍ സനദുകളെ വേണ്ടരീതിയില്‍ അദ്ദേഹം പരിഗണിക്കാന്‍ തയ്യാറായില്ല എന്ന ആക്ഷേപത്തില്‍ നിന്നായിരുന്നു ശിഷ്യനായ ശാഖ്ത് സനദുകളെ അധികരിച്ചുള്ള പഠനങ്ങള്‍ സജീവമാക്കിയത്.
പൗരസ്ത്യലോകത്ത്, ഹദീസിനെ സംബന്ധിച്ചും അതിന്റെ ആധികാരിതയെ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് തീര്‍ത്തും പൊതുവായി ചില കാരണങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. ഖുര്‍ആനിനെക്കാളുപരി ഹദീസ് തന്നെയായിരുന്നു സംവാദാത്മകമായി പൗരസ്ത്യലോകത്ത് നിലനിന്നിരുന്നത്. ഇസ്‌ലാമിക ലോകത്തെ അവാന്തര വിഭാഗങ്ങള്‍ (മുഅ്തസിലഃ, ഖവാരിജ്, റവാഫിള്, ഈജിപ്ഷ്യന്‍ സലഫിസം)ക്കിടയിലുള്ള സംവാദങ്ങളിലൂടെയാണ് ഹദീസ് സംബന്ധിയായ ചര്‍ച്ചകള്‍ ഇത്തരം പരിസരത്തിലേക്കെത്തുന്നത്. ഹദീസിനോടും അതിന്റെ ചരിത്രത്തോടും തീര്‍ത്തും ലാഘവത്തോടെയുള്ള/നിരുത്തരവാദപരമായ സമീപനമായിരുന്നു ഇവര്‍ സ്വീകരിച്ചു പോന്നത്. ഹദീസിനെ സംബന്ധിച്ചുള്ള ഇത്തരം സംവാദാത്മക ഘട്ടങ്ങളിലാണ് മുസ്‌ലിം ലോകത്ത് തഅ്‌ലീമുസ്സുന്ന എന്ന പാഠ്യവിഭാഗം വികസിച്ചത്.
പിന്നീട് പാശ്ചാത്യലോകത്ത് ഈ പഠനം മറ്റൊരു തലത്തിലേക്ക് വളര്‍ന്നു. അത് ഹിസ്‌റ്റോറിസിറ്റിയുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനാത്മക പഠനമായിരുന്നു.ഖുര്‍ആനിനെ സംബന്ധിച്ചുള്ള സംവാദങ്ങള്‍ വളരെ കുറവാണ്. അതേസമയം ഹദീസിന്റെ ആധികാരിതയെ സംബന്ധിച്ച് തന്നെ ഒരുപാട് ചര്‍ച്ചകള്‍ കണ്ടെത്താന്‍ സാധിക്കും. അതിന് ചില പൊതുവായ കാരണങ്ങള്‍ കണ്ടെത്താം. 1. പ്രവാചക വിയോഗത്തിന് നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹദീസ് ക്രോഡീകരിക്കപ്പെടുന്നത്. 2. ചരിത്രപരതയുമായി ബന്ധപ്പെട്ടാണ് സംവാദങ്ങള്‍ പുരോഗമിക്കുന്നത്. ഖുര്‍ആനിന്റെ വിഷയത്തില്‍ ഇത്തരം ചര്‍ച്ചയേ ഉദിക്കുന്നില്ല.
ഓറല്‍ ഹിസ്റ്ററി(ആഖ്യാന ചരിത്രം)യില്‍ ക്രോഡീകരിക്കപ്പെടാത്ത 100 വര്‍ഷം വളരെ ചെറിയ കാലയളവാണ്. നൂറ്റിയന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം വിരചിതമായ മുവത്വയില്‍ സുനാഈ ഹദീസുകളും (രണ്ടുനിവേദകര്‍ മാത്രമുള്ള ഹദീസ്) ഹിജ്‌റ ഇരുനൂറ്റി അന്‍പതുകില്‍ വന്ന സ്വഹീഹ് ബുഖാരിയില്‍ സുലാസി ഹദീസുകളും(മൂന്ന് പേര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ്) കാണാം. നൂറ്റന്‍പത് വര്‍ഷം മുമ്പുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍ രണ്ടേരണ്ട് വ്യക്തികള്‍ മാത്രമേ ആവിശ്യമായി വരുന്നുള്ളൂ എന്ന് ചുരുക്കം. മാത്രമല്ല, ഹദീസിന്റെ ചരിത്രഗതിയിലെ ക്രോഡീകൃതമല്ലാത്ത കാലഘട്ടം ഒരിക്കലും നിര്‍ജീവമായ ചരിത്രമായിരുന്നില്ല, മറിച്ച് ലിഖിത രൂപത്തിലേക്ക് രൂപപ്പെട്ടിരുന്നില്ലെന്ന് മാത്രം. വ്യക്തികളിലൂടെയും കൈമാറ്റ ശൃംഖലകളിലൂടെയും പരിപൂര്‍ണ വ്യക്തതയോടെയും വിശ്വാസ്യതയോടെയും സംരക്ഷിക്കപ്പെട്ടതാണ് ഹദീസിന്റെ ആദ്യകാല ചരിത്രം. എന്നിട്ടും ആദ്യ ഘട്ടത്തില്‍ ഹദീസ് വ്യാപകമായി വക്രീകരണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് എന്ന് വാദിക്കുന്നത് തീര്‍ത്തും ദുരുദ്ദേശ്യപൂര്‍ണമാണ്.
പാശ്ചാത്യ ലോകത്ത് നിന്ന് വന്ന ഹിസ്‌റ്റോറിസിറ്റിയുമായി ബന്ധപ്പെട്ട ഇത്തരം പഠനങ്ങളാണ് ആദ്യകാലത്തെ ഹദീസ് കയ്യെഴുത്ത് പ്രതികളെ കുറിച്ചും പ്രവാചക കാലത്ത് വിരചിതമായ സ്വഹീഫകളെ കുറിച്ചുമുള്ള പഠനങ്ങള്‍ക്കും അവ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്കും തുടക്കം കുറിച്ചത്. ഹദീസ് സംബന്ധിയായി പാശ്ചാത്യലോകത്ത് ഉടലെടുത്ത നിരാകരണ വാദങ്ങളെയും പഠനങ്ങളെയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിശ്രമങ്ങള്‍ സജീവമായിത്തീര്‍ന്നത്. ഫുആദ് സെസ്ഗിന്‍, മുസ്തഫ അഅ്‌സമി, മുസ്തഫ സ്വിബഈ തുടങ്ങിയവര്‍ പാശ്ചാത്യലോകത്തുള്ള ഹദീസിന്റെ ഹിസ്‌റ്റോറിസിറ്റിയുമായി ബന്ധപ്പെട്ടുള്ള സംവാദങ്ങളെയും ആക്ഷേപങ്ങളെയും ക്രിയാത്മകമായ അഭിമുഖീകരിക്കുകയും ഗ്രന്ഥരചന നിര്‍വഹിക്കുകയും ചെയ്തവരില്‍ പ്രധാനികളാണ്. ഇവരുടെ കണ്ടെത്തലുകളുടെ പൊതുസ്വഭാവം ആദ്യ നൂറ്റാണ്ടുകളില്‍ അഥവാ, പ്രവാചക കാലഘട്ടം മുതല്‍ക്ക് തന്നെ ഹദീസ് ലിഖിതങ്ങളും വെസ്‌റ്റേണ്‍ മെത്തഡോളജിക്ക് അംഗീകൃതമായ ഒരുപാട് രചനകളും നടന്നിട്ടുണ്ട് എന്ന് സ്ഥാപിക്കലായിരുന്നു. ഈ ചര്‍ച്ചകളൊക്കെയും ഹദീസിന്റെ ഹിസ്‌റ്റോറിസിറ്റിയുമായി സംബന്ധിയായ വാദവുമായി ബന്ധപ്പെട്ട് രൂപം കൊണ്ടതാണ്. പാശ്ചാത്യ ലോകത്ത് ലിഖിത രേഖകളെ മാത്രമാണ് വിശ്വാസ്യതക്കായി അവലംബിച്ചതെങ്കിലും ഇസ്‌ലാമിക ലോകത്ത് ജറഹ് തഅ്ദീല്‍ ടൂളുകളിലൂടെ നിര്‍ദ്ധാരണം ചെയ്യപ്പെട്ട ഹദീസ് ആഖ്യാനങ്ങള്‍ക്കായിരുന്നു കൂടുതല്‍ പ്രാമാണികത.
ഹദീസുമായി ബന്ധപ്പെട്ട് നിലവില്‍ രൂപപ്പെട്ടതെന്ന് പൊതുവെ ധരിക്കപ്പെടുന്ന ഒരു അക്കാദമിക വ്യവഹാരമാണ് ഹദീസ് വിമര്‍ശനം. എന്നാല്‍, ഹദീസ് ക്രിറ്റിസിസത്തിന് പൗരസ്ത്യ ലോകത്ത് പ്രത്യേക ടേമിനോളജി തന്നെ നിലവിലുണ്ടായിരുന്നു. പാശ്ചാത്യ ലോകത്ത് ഹദീസ് ക്രിറ്റിസിസം എന്ന് ഉപയോഗിക്കുമ്പോള്‍ പൗരസ്ത്യ ദേശത്ത് ജറഹ് വത്തഅ്ദീല്‍ എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. ഇരു കൂട്ടരുടെയും താല്‍പര്യങ്ങളിലധിഷ്ഠിതമായിരുന്നു ഈ വാക്പ്രയോഗമെന്ന് മനസ്സിലാക്കാം. പ്രധാനമായും സനദിന്റെ ക്രിറ്റിസിസമാണ് ജറഹ് തഅ്ദീലില്‍ കടന്നു വരുന്നത്. നമ്മുടെ നാടുകളിലൊന്നും തന്നെ ഈയൊരു രീതി പ്രധാന്യപൂര്‍വം മനസ്സിലാക്കപ്പെട്ടിട്ടില്ല. പല ഘട്ടങ്ങളിലും, ഇത്തരം കാര്യങ്ങള്‍ മുഖല്ലിദ് അഥവാ, മദ്ഹബ് പിന്തുടരുന്ന നമ്മെ സംബന്ധിച്ചടത്തോളം പഠിക്കേണ്ടതുണ്ടോ എന്ന ചോദ്യം വരെ ഉയരാറുണ്ട്. പലരും ഇത്തരം പഠനങ്ങളെ അപ്രധാനമായിട്ടാണ് ധരിച്ച് വെച്ചിരിക്കുന്നത്. ഹദീസിനെ കേവലം ഫിഖ്ഹ് മാത്രമായി ഉള്‍ക്കൊള്ളുമ്പോഴാണ് ഇത്തരം സംശയങ്ങള്‍ ഉടലെടുക്കുന്നത്. സൈക്കോളജി, എത്തിക്‌സ്, ഹിസ്റ്ററി, സോഷ്യോളജി തുടങ്ങിയ മറ്റനേകം കാര്യങ്ങളില്‍ കൂടെ ഹദീസ് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
ഇത്തരം സംശയങ്ങള്‍ രൂപപ്പെടുന്നതിനുള്ള മറ്റൊരു കാര്യം റിസര്‍ച്ചിനെ സംബന്ധിച്ചുള്ള തെറ്റായ ധാരണയാണ്. റിസര്‍ച്ച് എന്നാല്‍ കേവലം പുതിയത് കണ്ടെത്തുക മാത്രമല്ല. മുന്‍കാല പണ്ഡിതരുടെ അറിവിനെ റെലവന്റൈസ് ചെയ്യാന്‍ സഹായിക്കുന്ന പഠനങ്ങള്‍ കൂടെ റിസര്‍ച്ചിന്റെ ഭാഗമാണ്. ഉദാഹരണത്തിന് ഇമാം ഗസ്സാലി തന്റെ ഇഹ്‌യാഅ് രചിക്കുന്നത് ദീര്‍ഘ കാലത്തെ ഗവേഷണങ്ങളിലൂടെ രൂപപ്പെടുത്തിയ വിസ്ഡത്തില്‍ നിന്നാണ്. വെറും ഡാറ്റയായി മാത്രമാണ് ഇത് നമ്മിലേക്കെത്തുന്നത്. എന്നാല്‍, ഇമാം ഗസ്സാലി പിന്നിട്ട വഴികളിലൂടെ പുനഃസഞ്ചരിക്കുന്നതിലൂടെ ഈ ഡാറ്റയെ വിസ്ഡമായിത്തന്നെ പരിവര്‍ത്തിപ്പിക്കാന്‍ ഗവേഷകന് കഴിയും. പഴയ കാലത്തുള്ള വിസ്ഡത്തെ വിസ്ഡമായിത്തന്നെ ഉള്‍ക്കൊള്ളാന്‍ ഇത്തരം കാര്യങ്ങളെയെല്ലാം കാലിവത്കരിക്കണം.
മദ്ഹബ് പിന്തുടരുന്നവര്‍ക്ക് ജറഹ് വത്തഅ്ദീല്‍ പോലുള്ള കാര്യങ്ങളെ അപ്രസക്തമായി മനസ്സിലാക്കാനുള്ള കാരണം അവ തഖ്‌ലീദിന് വിരുദ്ധമാണ് എന്ന ബോധമാണ്. എന്നാല്‍, ജറഹ് വത്തഅ്ദീല്‍ പഠിക്കുക എന്നതിന്റെ ലക്ഷ്യം പുതുതായി മദ്ഹബ് രൂപീകരിക്കുകയല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഉത്തരേന്ത്യയിലെ ഹദീസ് സംബന്ധിയായ നടത്തിയ യാത്രക്കിടെ ശ്രദ്ധയില്‍പെട്ട ഒരു കാര്യം ഉദ്ധരിക്കട്ടെ. ഹദീസ് നദാനത്തെക്കുറിച്ച് ദയൂബന്തിലെ ചില പണ്ഡിതരോട് ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ ഹദീസില്‍ ഇ്ബ്‌നു ഹജറിനെ തഖ്‌ലീദ് ചെയ്യുന്നു” എന്ന ആശ്ചര്യകരമായ മറുപടി ലഭിച്ചു. കര്‍മശാസ്ത്ര സരണിയില്‍ അബൂഹനീഫ ഇമാമിനെ തഖ്‌ലീദ് ചെയ്യുന്നത് പോലെ ഹദീസില്‍ ഒരു പണ്ഡിതനെ തഖ്‌ലീദ് ചെയ്യുന്നതിന്റെ ആവിശ്യകത എന്താവും?
ഉത്തരേന്ത്യയില്‍ ഹദീസ് സംബന്ധിയായി നടത്തിയ ഒരു യാത്രക്കിടെ വിഷയ സംബന്ധിയായി ശ്രദ്ധയില്‍പെട്ട ഒരു കാര്യം ഉദ്ധരിക്കട്ടെ. ഹദീസ് നിദാനത്തെ (ഉസ്വൂലുല്‍ ഹദീസ്) കുറിച്ച് ചില പണ്ഡിതരോട് ചോദിച്ചപ്പോള്‍ ”ഞങ്ങള്‍ ഹദീസില്‍ ഇബ്‌നു ഹജറിനെ തഖ്‌ലീദ് ചെയ്യും” എന്നാണ് മറുപടി ലഭിച്ചത്. വളരെ ആശ്ചചര്യജനകമായ വാക്കായിരുന്നു ഇത്. കര്‍മശാസ്ത്ര സരണിയിലും വിശ്വാസ ശാസ്ത്രത്തിലും തഖ്‌ലീദ് നിലനില്‍ക്കേ ഹദീസില്‍ സമാന രീതിയില്‍ ഇബ്‌നു ഹജറിനെ തഖ്‌ലീദ് ചെയ്യുന്നതിന് പിന്നിലെ യുക്തിയെന്താണ്? തഖ്‌ലീദും ഇജ്തിഹാദും നിലനില്‍ക്കാന്‍ മാത്രം പ്രാധാന്യമൊന്നും ഉസ്വൂലുല്‍ ഹദീസിന് കേരളത്തില്‍ പണ്ഡിതന്മാര്‍ നല്‍കുന്നില്ല. പില്‍കാല ശാഫിഈ പണ്ഡിതനായ ഇബ്‌നു ഹജറുല്‍ ഹൈതമിക്ക് ഇങ്ങനെ ഒരു സ്വാധീനം ഉണ്ടാവുന്നത് അദ്ദേഹം ജറഹ് വത്തഅ്ദീലില്‍ (നിവേദക നിരൂപണം) നടത്തിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ്.
ജറഹ് വത്തഅദീലില്‍ പഠനങ്ങളുടെ ഭാഗമായി പുതിയ അക്കാദമിക ഡിസിപ്ലിനായ ലോക്കല്‍ ഹിസ്റ്ററിയുടെ ഗണത്തില്‍പ്പെടുന്ന വ്യത്യസ്ത വാരിയന്റുകളും ഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമായിരുന്നു എന്ന കാര്യം പ്രധാനമാണ്. ഖത്വീബുല്‍ ബാഗ്ദാദിയുടെ താരീഖു ബഗ്ദാദ് മുതല്‍ ചെറിയ പ്രദേശങ്ങളുടെ ലോക്കല്‍ ഹിസ്റ്ററി വരെ പറയുന്ന ഗ്രന്ഥങ്ങള്‍ നിവേദക നിരൂപണ പഠനങ്ങളുടെ ഭാഗമായി വന്നിട്ടുണ്ട്. എന്നാല്‍, ഇബ്‌നു ഹജറിന്റെ ഉസ്വൂല്‍ സംബന്ധിയായ കിതാബുകളൊന്നും വേണ്ട രീതിയില്‍ കേരളത്തില്‍ ചര്‍ച്ചയാവാറില്ല.
സാധാരണ ഗതിയില്‍ വിഷയസംബന്ധിയായി ഉയരാറുള്ള ഒരു ചോദ്യമാണ്, ഹി. 800-കളില്‍ മാത്രം ജീവിച്ച ഇബ്‌നു ഹജറുല്‍ അസ്ഖലാനി നിവേദക നിരൂപണത്തില്‍ എങ്ങനെ മുന്‍കാല ഇമാമുകളെക്കാള്‍ മികച്ചു നില്‍ക്കുന്നു എന്നത്. ഇബ്‌നു ഹജറിന്റെ കാര്യത്തില്‍ ഈ ചോദ്യം അപ്രസക്തമാണെന്ന് ജൊനാഥന്‍ ബ്രൗണ്‍ വിശദീകരിക്കുന്നുണ്ട്. ഒരു നിവേദകനെ(റാവി) നാം പരിശോധിക്കുന്നത് രണ്ട് മാനദണ്ഡങ്ങളിലാണ്: അദാലത്ത്(നൈതികത) കൃത്യത(ള്വബ്ത്വ്). റാവിയുടെ നൈതികത, വിശ്വാസ്യത എന്നിവ അളക്കാന്‍ കിതാബുകള്‍ അടിസ്ഥാനമാക്കുന്നു. റാവിമാരുടെ കൃത്യതയും നിവേദകശേഷിയും പഠിക്കാന്‍ ചില പരീക്ഷണങ്ങള്‍ പില്‍കാല പണ്ഡിതര്‍ക്ക് നടത്താവുന്നതാണ്. ഉദാഹരണത്തിന്, പരിശോധിക്കപ്പെടുന്ന റാവിയുടെ ഹദീസും സമകാലീനരായ എല്ലാവരുടെ ഹദിസുകളും പരസ്പരം താരതമ്യം ചെയ്ത്, ഒരു ഹദീസിന്റെ തന്നെ വ്യത്യസ്ത പതിപ്പുകളുമായി തട്ടിച്ചുനോക്കി, ഒരാളുടെ കൃത്യത ഉറപ്പുവരുത്താവുന്നതാണ്. ഇത് പില്‍കാല പണ്ഡിതര്‍ക്കാണ് കൂടുതല്‍ സുഖകരം. ഈ മാര്‍ഗമാണ് ഇബ്‌നു ഹജറുല്‍ അസ്ഖലാനി സ്വീകരിച്ചതും.
സെക്കുലര്‍ അക്കാദമിക പരിസരങ്ങളില്‍ ഇസ്‌നാദുമായി ബന്ധപ്പെട്ട പഠനങ്ങള്‍ തുടങ്ങുന്നതും പുരോഗമിക്കുന്നതും ജോസഫ് ശാഖ്തിനോട് കൂടിയാണ്. ശാഖ്ത് തന്റെ ഹദീസ് പഠനങ്ങള്‍ക്കൊടുവില്‍ ഉപസംഹരിച്ചത് എല്ലാ ഹദീസുകളുടെ കൈമാറ്റ ശൃംഖലകളും ചില പൊതുകേന്ദ്രങ്ങളില്‍ ഒത്തുചേരുന്നുവെന്നാണ്. ശാഖ്ത്ത് കോമണ്‍ ലിങ്ക് എന്ന് പരിചയപ്പെടുത്തുന്ന ഇത്തരം കേന്ദ്രങ്ങള്‍ വ്യാജമായി ഹദീസ് സമാഹാരങ്ങള്‍ ഉണ്ടാക്കുകയും അനന്തരം വിവിധ ധാരകളിലൂടെ ഇത് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തുവെന്നാണ് കോമണ്‍ ലിങ്ക് തിയറി എന്ന പ്രമാദമായ തിയറിയിലൂടെ ശാഖ്ത് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്. കോമണ്‍ ലിങ്ക് തിയറിയാണ് ഇസ്‌നാദ് സംബന്ധിയായുള്ള, ശാഖ്ത്ത് തുടങ്ങിവെച്ച, പാശ്ചാത്യ ലോകത്ത് നിലവിലും സജീവമായ, പ്രധാന വിമര്‍ശക വാദം. ഗോള്‍സിയറിന്റേത് പോലെ വലിയ തോതിലുള്ള അംഗീകാരം ശാഖ്ത്തിന്റെ പഠനത്തിനും ലഭിച്ചു. ശാഖ്ത്തിന്റെ തിയറൈസേഷനിലെ വളരെ ലളിതവും അസങ്കീര്‍ണവുമായ ഒരു വലിയ വീഴ്ചയെക്കുറിച്ച് പറയാം. പ്രധാനമായും സിഹാഹുസ്സിത്തയായിരുന്നു (ബുഖാരിയടക്കമുള്ള ഹദീസിന്റെ ആറ് പ്രധാന ഗ്രന്ഥങ്ങള്‍) അദ്ദേഹത്തിന്റെ പ്രധാന സ്രോതസ്സ്. സിഹാഹുസ്സിത്തയുടെ ഉപജ്ഞാതാക്കളായ പണ്ഡിതരുടെ ചരിത്രം മനസ്സിലാക്കുമ്പോള്‍ അവരെല്ലാം തന്നെ ഗുരു-ശിഷ്യ ബന്ധത്തിലൂടെ ഹദീസുകള്‍ കൈമാറിയവരായിരുന്നു. (ഉദാഹരണത്തന് ഇമാം ബുഖാരിയും മുസ്‌ലിമും ഇമാം അബൂദാവൂദും ഇമാം അഹ്മദിന്റെ ശഷ്യരാണ്. ഇമാം തുര്‍മുദിയും നസാഇയും സിഹാഹുസ്സിത്തയിലെ പല പണ്ഡിതരുടെയും ശിഷ്യന്മാരാണ്. ഇമാം ഇബ്‌നു മാജ മാത്രമാണ് ഈ ഗുരു-ശിഷ്യ ബന്ധത്തില്‍ വരാത്തത്. സ്വാഭാവികമായും വ്യത്യസ്തമായ ഒരുപാട് ഹദീസുകള്‍ അധികമായി അദ്ദേഹത്തിന്റെ കിതാബില്‍ കണ്ടെത്താനാകും. ഈ ഗുരു-ശിഷ്യ സദസ്സുകളുടെ കോമണ്‍ ലിങ്കുകളിലൂടെയാണ് മിക്ക ഹദീസുകളും നിവേദിതമാവുന്നത്. സോഴ്‌സുകള്‍/അടിസ്ഥാനം കൃത്യമായി അപഗ്രഥിക്കാത്തത് മൂലം ഈ വസ്തുത മനസ്സിലാക്കുന്നതില്‍ ശാഖ്ത് പരാജയപ്പെട്ടു എന്നുവേണം മനസ്സിലാക്കാന്‍. അതേസമയം, ഇത്രമേല്‍ ആന്തരിക ബന്ധമുള്ള (ഇന്റര്‍-റിലേഷന്‍) പണ്ഡിതര്‍ക്കിടയില്‍ കോമണ്‍ ലിങ്കുകള്‍ ഇല്ലാതാവുന്നതാണ് വലിയ പ്രശ്‌നം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പ്രത്യക്ഷത്തിലെങ്കിലും ശാഖ്ത്തിന്റെ പഠനങ്ങള്‍ക്ക് ശേഷമാണ് ഇസ്‌നാദ് സംബന്ധിയായ പഠനങ്ങള്‍ പാശ്ചാത്യലോകത്ത് കാര്യക്ഷമമാകുന്നത്.
സനദുകള്‍ ഇസ്‌ലാമിന്റെ ഏറ്റവും പ്രധാനമായ സവിശേഷതയാണ്. സനദുകളെ മാറ്റി നിര്‍ത്തിയുള്ള, അല്ലെങ്കില്‍ പരിഗണിക്കാതെയുള്ള പഠനം തീര്‍ത്തും അസംബന്ധമാണ്. മതത്തിന്റെ അടിസ്ഥാനം തന്നെ കൈമാറ്റ പ്രക്രിയയാണെന്നാണ് ക്ലാസികല്‍ ഗ്രന്ഥങ്ങള്‍ പറഞ്ഞ് വെക്കാറ്. ശാഖ്തിന് ശേഷം നിരവധി പഠനങ്ങള്‍ ഈ വിഷയസംബന്ധിയായി കടന്നുവന്നു. മോട്‌സ്‌കിയെപ്പോലുള്ളവര്‍ ശാഖ്തിന്റെ വാദത്തിന് പല തിരുത്തലുകളും മുന്നോട്ട് വെച്ചു. മോട്‌സ്‌കി വിശാലാര്‍ഥത്തില്‍ ശാഖ്തിന്റെ വാദമുഖങ്ങളെ പഠിക്കുകയും ചെയ്തു. ശാഖ്തിന്റെ കോമണ്‍ ലിങ്ക് പ്രയോഗം തെറ്റാണെന്നും വ്യത്യസ്തവും വിഭിന്നവുമായ താവഴികളിലൂടെ കടന്ന് വരുന്ന നിരവധി ഹദീസുകളുണ്ടെന്നും മോട്‌സ്‌കി വാദിച്ചു. ഹദീസിന്റെ കൈമാറ്റ ചരിത്രവും പൈതൃകവും വിശാലമാണ്. കാല ദേശ വൈവിധ്യങ്ങള്‍ ഹദീസില്‍ കണ്ടെത്താനാകും. മദീനയില്‍ ഇമാം മാലികിന്റെ മുവത്വയുടെ ജനകീയമായ പതിപ്പ് നമുക്ക് കൈവരുന്നത് സ്‌പെയിന്‍ കേന്ദ്രീകൃത താവഴികളിലൂടെയാണ്. വ്യത്യസ്ത സ്ഥല കാല ദേശങ്ങളിലുള്ളവരെല്ലാം, ആശയസംവേദനം ഏറെ ദുഷ്‌കരമായിരുന്ന കാലത്ത് വ്യാജ ഹദീസ് നിര്‍മാണത്തിലേര്‍പ്പെടുകയായിരുന്നുവെന്നത് തീര്‍ത്തും അസംബന്ധമാണെന്നേ പറയാന്‍ സാധിക്കൂ. മോട്‌സ്‌കി വളരെ വിശദമായിത്തന്നെ ഈ കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തിട്ടുണ്ട്. ചരിത്രത്തിലുള്ള തന്റെ അപാരമായ അവഗാഹത്തെ മുന്‍നിര്‍ത്തി വിമര്‍ശനാത്മകമായി ഹദീസുകളെയും സീറകളെയും സമീപിച്ചപ്പോള്‍ സ്വാഭാവികമായി വന്ന ധാരണപ്പിശകുകളും തെറ്റിദ്ധാരണകളും മാത്രമായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍ എന്ന് മോട്‌സ്‌കി വാദിച്ചു. ജറഹ് വത്തഅ്ദീലും സനദും നാം എന്തിന് പഠിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മോട്‌സ്‌കിയുടെ കണ്ടെത്തലുകള്‍.
സമാനമായി, തുര്‍ക്കി സോഷ്യോളജിസ്റ്റ് റജബ് സെന്‍തുര്‍ക്കിന്റെ പഠനം ഹദീസ് പഠനങ്ങളില്‍ വേറിട്ടൊരു പഠനമാണ്. ഒരു സമൂഹശാസ്ത്രജ്ഞനായ സെന്‍തുര്‍ക്ക് ഹദീസ് കൈമാറ്റ ശൃംഖലയെ വളരെ വ്യത്യസ്തമായാണ് സമീപിച്ചത്. പ്രധാനമായും റാവിമാരുടെ സാമൂഹിക സ്ഥാനവും അവരുടെ ഹദീസ് പഠനത്തിന്റെ സാമൂഹിക ചരിത്രവും ഇടപെടലുകളും അദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ ചര്‍ച്ചക്കെടുക്കുത്തു. (സ്‌പെയ്‌നില്‍നിന്നുള്ള യഹ്‌യ ബ്‌നു അബ്ദുല്ലൈയ്‌സിയുടെ കടന്നുവരവ്, ഹമലത്തുല്‍ ഹദീസ്, കാരിയര്‍ ഓഫ് നോളിജ്, അനടോമി ഓഫ് ഹദീസ് തുടങ്ങി വിവിധ വിഷയങ്ങളിലേക്ക് വ്യാപിക്കുന്നു അദ്ദേഹത്തിന്റെ പഠനങ്ങള്‍).
പാശ്ചാത്യ ലോകത്ത് നടന്ന പഠനങ്ങളില്‍ മറ്റൊന്ന് ഹദീസ് സംബന്ധിയായ ജെന്‍ഡര്‍ സ്റ്റഡീസുകളാണ്. ജെന്‍ഡര്‍ സ്റ്റഡീസ് പൊതുവില്‍ ചര്‍ച്ചയാവുന്നത് തന്നെ ഫ്രഞ്ച് വിപ്ലവാനന്തരമാണ്. ഹദീസ് കേന്ദ്രീകരിച്ചു മാത്രമുള്ള ജെന്‍ഡര്‍ പഠനങ്ങള്‍ നടന്നിട്ടില്ല. അതേസമയം ഫാത്തിമ മെര്‍നീസിയുടെ പഠനങ്ങള്‍ ഹദീസ് മത്‌നുകളെ വിമര്‍ശന വിധേയമാക്കുന്നുണ്ട്. അസ്മാ സയീദിന്റെ വിമണ്‍ ആന്റ് ട്രാന്‍സ്മിഷന്‍ ഓഫ് നോളജ് ഹദീസ് കൈമാറ്റ പൈതൃകത്തെ ഇഴകീറി പരിശോധിക്കുകയും അവയിലെ സ്ത്രീ സാന്നിധ്യത്തെ രേഖപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
ഓറിയന്റലിസ്റ്റ് ചോദിത സെക്യുലര്‍ വാദങ്ങളെയും, മോഡേണിസ്റ്റ് ഇസ്‌ലാമിസ്റ്റുകളുടെ ചരിത്ര വാദങ്ങളെയുമാണ് അസ്മാ സയിദ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ, ജെന്‍ഡര്‍ മേഖലയില്‍ ഇനിയും പുതിയ പഠനങ്ങള്‍ നടക്കേണ്ടതുണ്ട് എന്നാണ് പണ്ഡിതലോകത്തെ പൊതുവഭിപ്രായം. അതേ സമയം, ഫാത്തിമ മെര്‍നീസിയുടെ പഠനം സുന്നീ വിരുദ്ധമായി, വളരെ നിഷേധാത്മകമായിട്ടാണ് മുന്നോട്ട് പോവുന്നത്. വളരെ അപക്വമായ വാദങ്ങളാണ് മെര്‍നീസി തന്റെ കണ്ടത്തലുകളുടെ ഭാഗമായി ഉന്നയിക്കുന്നത്. നിവേദകരുടെ ഹദീസുകള്‍ ഉദ്ധരിച്ച് അവരുടെ സ്ത്രീ വിരുദ്ധത സ്ഥാപിക്കുകയും അത് വഴി ഇസ്‌ലാമിക ലോകത്ത് വിശ്വസ്തരായി ഗണിക്കപ്പെട്ട സ്വഹാബ വൃന്ദത്തെ അധിക്ഷേപിക്കുകയുമാണ് മെര്‍നീസിയന്‍ രീതി. ഗവേഷക പഠനങ്ങളിലുള്ള കാര്യക്ഷമതയുടെയും അവഗാഹത്തിന്റെയും അഭാവമാണ് ഇത്തരം വാദങ്ങള്‍ രൂപീകരിക്കാന്‍ മെര്‍നീസിയെ പ്രേരിപ്പിക്കുന്നത്. സ്ത്രീപക്ഷ വായനകളുടെ ആക്റ്റിവിസ്റ്റിക് സ്വഭാവവും ഇത്തരം അശാസ്ത്രീയമായ വാദങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാവും. ഉദാഹരണം, അബൂ ബക്‌റത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ‘സ്ത്രീകള്‍ക്ക് അധികാരം പാടില്ല’ എന്നര്‍ഥമുള്ള ഹദീസിന്റെ സാഹചര്യവും മറ്റും മുന്‍നിര്‍ത്തി, പ്രസ്തുത ഹദീസ് അലി പക്ഷത്ത് നിലയുറപ്പിച്ച അബൂ ബക്‌റത്ത് ആയിഷ ബീവിക്കെതിരില്‍ നിര്‍മ്മിച്ചെടുത്തതാണെന്ന് മെര്‍നീസി വാദിക്കുന്നു. പക്ഷേ, ഇതേ ഹദീസ് തന്നെ പല വ്യത്യസ്തമായ വഴികളിലൂടെയും (സനദ്) കടന്നുവന്നിട്ടുണ്ട് എന്ന് മനസ്സിലാക്കുമ്പോള്‍ ഒരു നിവേദകനെ മാത്രം മുന്‍നിര്‍ത്തിയുള്ള മെര്‍നീസിയുടെ വാദങ്ങള്‍ അപകടകരമാവുന്നുണ്ട്. തന്റെ നിസ്സാരമായ അറിവിനെ ആശ്രയിച്ച് മുന്‍ധാരണയോടെ ഹദിസിനെയും റാവികളെയും സമീപിക്കാനാണ് മെര്‍നീസി ശ്രമിക്കുന്നത്. ഹദീസുകളിലെ വിശാലമായ സോഴ്‌സുകളെ (വൈഡര്‍ സോര്‍സ്) വേണ്ടരീതിയില്‍ പഠിക്കാതെ മുന്‍ധാരണകളോടെ ഹദീസിനെ സമീപ്പിക്കുന്നതാണ് മെര്‍നീസിയടക്കമുള്ള പാശ്ചാത്യ പണ്ഡിതര്‍ക്ക് വിനയാകുന്നത്.
മെര്‍നീസിയുടെ വാദങ്ങളെ പ്രതിരോധിക്കുന്നതില്‍ ചില പിഴവുകള്‍ ഇസ്‌ലാമിക പണ്ഡിര്‍ക്കും സംഭവിച്ചിട്ടുണ്ട്. സ്വഹാബികളെല്ലാം വിമര്‍ശനാതീതരാണ് എന്ന് തുടങ്ങുന്ന മറുവാദങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ ബാലിശവും അസ്ഥാനത്തുമാണ്. ഇത്തരത്തിലുള്ള എതിര്‍ വാദങ്ങള്‍ മെര്‍നീസിയെപ്പോലുള്ളവര്‍ക്കിടയില്‍ എങ്ങനെ വിലപോകും/ കാര്യക്ഷമമാവും? പകരം, പ്രശ്‌നകരമായ ഹദീസ് മറ്റേതെല്ലാം വഴികളിലൂടെ കടന്നുവന്നുവെന്ന് മനസ്സിലാക്കി അവയെ വിശകലനം ചെയ്യാനും അതുവഴി ആക്ഷേപിക്കപ്പെടുന്ന നിവേദകനെ പ്രതിരോധിക്കാനും അദ്ദേഹത്തിന്റെ ആധികാരികത സംരക്ഷിക്കാനും സാധിക്കുമായിരുന്നു. മോട്‌സ്‌കി ശാഖ്തിനെ പ്രതിരോധിച്ചത് ഈയൊരു രീതിയിലായിരുന്നു. അബൂ ഹുറയ്‌റ(റ)വിനെതിരിലുള്ള ആരോപണങ്ങളിലും (ജൂത താല്‍പര്യം സംരക്ഷിച്ചിരുന്നുവെന്ന) ഇത്തരത്തിലുള്ള പ്രതിരോധ രീതികള്‍ കൈകൊള്ളാവുന്നതാണ്. അബൂ ഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ മറ്റു പലരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതെല്ലാം കണ്ടെടുത്ത് പ്രസ്തുത ഹദീസുകളുടെ പേരില്‍ അബൂഹുറയ്‌റയെ മാത്രം പഴിചാരുന്നതിനെ പ്രതിരോധിക്കാനും ആ വാദഗതിയെ തന്നെ പൊളിച്ചെഴുതുവാനും നമുക്കാകും. ഇത്തരം പഠനങ്ങളോട് നാം സ്വീകരിക്കേണ്ട രീതി ഇപ്രകാരമാവണം.
ഹദീസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സഗൗരവം പരിഗണിക്കേണ്ട മറ്റൊന്നാണ് സീറകള്‍(പ്രവാചക ജീവചരിത്ര രചനകള്‍). സീറകള്‍ ഹദീസിന്റെ വളര്‍ച്ചയിലും വികാസത്തിലും അനല്‍പമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സമാന്തരമായ രണ്ട് പഠന മേഖലകള്‍ക്കപ്പുറം ഹദീസ്-സീറ സമ്പര്‍ക്കങ്ങള്‍ എങ്ങനെയാണ് പുരോഗമിച്ചത് എന്നത് മനസ്സിലാക്കുമ്പോള്‍ സീറയുടെ പ്രസക്തി ബോധ്യപ്പെടും. നിലവില്‍, ഹദീസ് പഠനത്തില്‍ ഒരു ഉപവിഭാഗമായാണ് സീറ സ്റ്റഡീസ് നിലകൊള്ളുന്നത്. ഹദീസിന്റെ ചരിത്രപരമായ വളര്‍ച്ചയും കൈമാറ്റവും നിവേദന സാഹചര്യങ്ങളും മനസ്സിലാക്കുന്നതിനും ചിത്രീകരിക്കുന്നതിനും പശ്ചാത്തല ചിത്രം ഒരുക്കുന്നതിന് സീറ സഹായകരമാണ്. ഒരു ബാക്ക്ഗ്രൗണ്ട് റോളിലാണ് സീറയുടെ പ്രസക്തി. ഹദീസിന്റെ ആധികാരികത, സ്രോതസ്സ്, കൃത്യത തുടങ്ങിയ ചര്‍ച്ചകള്‍ മാറ്റിനിര്‍ത്തി പ്രവാചകര്‍ ജീവിച്ച ആദ്യ കാല ഇസ്‌ലാമിക കാലഘട്ടവുമായി ബന്ധപ്പെട്ട ലഭ്യമായ എല്ലാ കാര്യങ്ങളും വസ്തുതകളും ഒരുമിച്ചെഴുതുന്നതാണ് സീറ എന്ന് സീറയെ ചുരുക്കി പരിചയപ്പെടുത്താം. ഹദീസിന്റെ പശ്ചാത്തലവും അതിന്റെ വികാസ ഘട്ടത്തിലെ പശ്ചാത്തലവുമെല്ലാം സീറയെ മനസ്സിലാക്കുന്നതിലൂടെ മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയൂ. മുമ്പ് സൂചിപ്പിച്ച ആഖ്യാന ചരിത്രത്തിലെ 100 വര്‍ഷത്തെ വിടവ് വെറുമൊരു ഹദീസ് ടെക്സ്റ്റല്‍ റീഡര്‍ക്ക് ഉള്‍കൊള്ളാന്‍ പ്രയാസമാണ്. അതേസമയം സീറ പഠിതാക്കള്‍ക്ക് 100 വര്‍ഷത്തെ വിടവിന്റെ സ്വാഭാവികതയെ മനസ്സിലാക്കാനാവും. കാരണം, ആ കാലഘട്ടത്തിലെ ഹദീസ് പശ്ചാത്തല(തസവ്വുറ്)ത്തെ കുറിച്ച് സീറയിലൂടെ അയാള്‍ക്ക് ധാരണയുണ്ടാകും. അക്കാരണത്താല്‍ കൂടുതല്‍ സംശയങ്ങളില്‍ നിന്നും അപാകതകളില്‍നിന്നും രക്ഷപ്പെടാന്‍ സാധിക്കും. സീറാ അബോധമുണ്ടായിരുന്ന അഥവാ സീറയെ സജീവമായി നിലനിര്‍ത്താന്‍ സാധിക്കാതെ വന്ന ഘട്ടങ്ങളിലാണ് ഹദീസ് നിഷേധവും മറ്റും രൂപപ്പെട്ടത്. ഈ സീറാബോധം നല്‍കുന്ന ജൈവികത നഷ്ടപ്പെടുമ്പോഴാണ് ഹദീസുകള്‍ കേവലം ‘ടെക്സ്റ്റ്’ മാത്രമായിത്തീരുന്നത്. ഇമാം ശാഫിയുടെ ഒരു വാക്യം ഇതിന്റെ പ്രാധാന്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. സുന്നത്തിന് ഖുര്‍ആനിലേക്കുള്ള ആവശ്യത്തെക്കാള്‍ ഖുര്‍ആനിന് സുന്നത്തിലേക്ക് ആവശ്യമുണ്ട്. അഥവാ, ഖുര്‍ആനിന്റെ വിവരണമായ സുന്നത്ത് ഖുര്‍ആന്‍ മനസ്സിലാക്കുന്നതില്‍ ഏറെ പ്രധാനമാണ്.
കേരളത്തില്‍ നിലനില്‍ക്കുന്ന ഹദീസ് പഠനവും പുറത്തുള്ള ഇസ്‌ലാമിക-അക്കാദമിക രംഗത്തുള്ള ഹദീസ് പഠനവും തമ്മിലുള്ള ഏറെ പ്രകടവും പ്രധാനവുമായ ഒരു അന്തരം ഇങ്ങനെ വിശദീകരിക്കാം. കേരളത്തില്‍ പൊതുവേ ആദ്യം ഫസ്റ്റ് സോഴ്‌സ് ഗ്രന്ഥങ്ങള്‍ (ബുഖാരി, മുസ്‌ലിം മുതലായ ഹദീസ് ശാസ്ത്രത്തിലെ പ്രഥമ ഗണനീയമായ ക്ലാസികല്‍ രചനകള്‍) പഠിപ്പിക്കപ്പെടുന്നു. അനന്തരം, ഹദീസ് ഡിസിപ്ലിന്‍ സംബന്ധിയായ പഠനം (ഹദീസിന്റെ ചരിത്രം, വളര്‍ച്ച, ഹദീസിന്റെ ഭാഷാപഠനം, പണ്ഡിതന്മാരുടെ രീതി ശാസ്ത്രങ്ങള്‍, ഹദീസ് വിമര്‍ശനം തുടങ്ങിയവ) നടത്തുന്നു. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമായി മറ്റിടങ്ങളിലെല്ലാം ആദ്യം ഹദീസ് ഡിസിപ്ലിന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും അനന്തരം ഫസ്റ്റ് സോഴ്‌സുകളും പഠിപ്പിക്കപ്പെടുകയും ചെയ്യുന്ന രീതിയാണുള്ളത്. അഥവാ, ഡിഗ്രി ഘട്ടങ്ങളില്‍ ഹദീസ് ഡിസിപ്ലിന്‍ സംബന്ധിയായ പഠനങ്ങളും അനന്തരം പി. ജി യില്‍ ഹദീസിന്റെ ഫസ്റ്റ് സോഴ്‌സുകളും പഠിപ്പിക്കപ്പെടുന്നു.

(തുടരും)

Comments

com­ments

About editor thelicham

Check Also

ഹദീസില്‍ നിന്ന് ചരിത്രം പുനര്‍നിര്‍മിക്കും വിധം

കൊളോണിയലാനന്തര വൈജ്ഞാനിക വ്യവഹാരം എന്ന നിലക്ക് പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് യൂറോപ്പ് ഹദീ്‌സ് പഠന മേഖലയിലേക്ക് കാലെടുത്തു വെക്കുന്നത്. പൊതുവെ …