Home » Uncategorized » ഈ അധ്യായം മാത്രം ഇരുളടയില്ല, തീര്‍ച്ച

ഈ അധ്യായം മാത്രം ഇരുളടയില്ല, തീര്‍ച്ച

#ജസ്റ്റിസ് ഫോര്‍ സി.എം ഉസ്താദ് എന്ന ടാഗ് ലൈനില്‍ അടുത്തിടെ നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും സ്റ്റാറ്റസ് ഇടുകയും ചെയ്ത പോസ്റ്ററുകളിലൊന്നിലെ തലവാചകം ഇപ്രകാരമോര്‍ക്കുന്നു. ‘പ്രായമേറും തോറും ഊര്‍ജ്വസ്വലനാവുകയായിരുന്നു ഉസ്താദ്. ഉസ്താദിന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടവുമതെ. കാലം കഴിയും തോറും ഊര്‍ജമേറിക്കൊണ്ടിരിക്കും’ രണ്ടായിരത്തിപത്ത് ഫെബ്രുവരിയിലെ പലരുമുറങ്ങിയ, ചിലരൊക്കെ ഉറക്കമൊഴിച്ച ഒരു രാത്രിയില്‍ സി.എം അബ്ദുല്ല മൗലവി എന്ന വയോധികനായ പണ്ഡിതന്റെ ജീവന്‍ അപഹരിക്കപ്പെട്ടിട്ട് എട്ടുവര്‍ഷങ്ങള്‍ കടന്നുപോയി. നീതിക്ക് വേണ്ടിയുള്ള ഒരു സമുദായത്തിന്റെ കാത്തിരിപ്പിന് ഇനിയും അറുതിയായിട്ടില്ല. കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന നിരവധി സാഹചര്യത്തെളിവുകളെ സൗകര്യപൂര്‍വം വിസ്മരിച്ചിട്ടുകൂടി ഇതൊരു ആത്മഹത്യയാണെന്ന് കോടതിയുടെ മുന്നില്‍ വരുത്തിത്തീര്‍ക്കുന്നതില്‍ സി.ബി.ഐ പരാജയപ്പെട്ടിരിക്കുന്നു. ഇതെഴുതുമ്പോള്‍ സി.ബി.ഐ പുനരന്വേഷണം നടത്തി സമര്‍പ്പിച്ച രണ്ടാം റിപ്പോര്‍ട്ടും എറണാംകുളം സി.ജെ.എം കോടതി തള്ളിയിട്ടുണ്ട്. ഈ എഴുത്തിനാധാരമായ യാത്ര ഈ വിധി വരുന്നതിനും ആറ് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയതാണ്. ഒപ്പുമരച്ചുവട്ടില്‍ ഖാദി കുടുംബം നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹം മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ച ദിനം. ആ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. മേധാ പഠ്കറും ജിഗ്നേഷ് മേവാനിയുമടക്കമുള്ള ദേശീയ നേതാക്കള്‍ സമരപ്പന്തലിലെത്തിയത് അന്നാണ്. ഒരു കുടുംബം നീതിക്കായി നടത്തുന്ന പോരാട്ടം ദേശീയ ശ്രദ്ധയിലെത്തിയ ദിനം. പക്ഷെ, അതിനിടയിലും എനിക്ക് ശ്രദ്ധേയമായി തോന്നിയ മറ്റൊരു കാര്യമുണ്ട്. കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമരപ്പന്തലിലേക്ക് കൂട്ടം കൂട്ടമായി എത്തുന്ന നിരവധി പേര്‍. രണ്ട് അടരുകളുള്ള ഉപര്യുക്ത വാചകത്തിന്റെ ഒരു പൊരുള്‍ മനസ്സില്‍ നിറഞ്ഞത് അപ്പോഴാണ്. മനസ്സില്‍ കാലം തീര്‍ക്കുക പതിവുള്ള മറവിയെ പ്രതിരോധിച്ചും നീതിക്കായുള്ള പോരാട്ടം ശക്തിപ്പെടുക തന്നെയാണ്. മറ്റൊന്ന് സി.എം എന്ന വലിയ മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്, പ്രായമേറും തോറും ഊര്‍ജ്ജമേറിയേറി വന്ന ഒരു മഹദ് ജീവിതവുമായി ബന്ധപ്പെട്ടത്. അതിലെ രണ്ടുപൊരുളുകളും പരസ്പരം ബന്ധിതമാണ്. സി.എം ഉസ്താദ് എന്ന മഹാന്റെ ജീവിതമറിഞ്ഞവര്‍ക്ക് നീതിക്കായി ശക്തിപ്പെടുന്ന മുറവിളികളെ എളുപ്പം മനസ്സിലാക്കാം. കാരണം, ചില മനസ്സിലും ശരീരത്തിലുമേല്‍ക്കുന്ന ചില മുറിവുകളുണ്ട്. കാലം കഴിയും തോറും അതിങ്ങനെ പഴുത്ത് വ്രണപ്പെട്ടുകൊണ്ടേയിരിക്കും.
‘അല്ല സി.എം ഉസ്താദ് ആത്മഹത്യ ചെയ്യുമോ?’ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒപ്പുമരച്ചുവട്ടിലേക്കുള്ള ദൂരം ഓട്ടോയില്‍ പിന്നിടുന്നതിനിടെ വെറുതെ ചോദിച്ചതാണ്. കാസര്‍കോട് സ്വദേശിയായ ഡ്രൈവര്‍ അബ്ദുറഹ്മാന്‍ നല്‍കിയ കാസര്‍കോടന്‍ സ്ലാംഗിലെ മറുപടി മലപ്പുറം സ്ലാംഗിലേക്ക് മാറ്റിയാല്‍ ഇങ്ങനെ ഗ്രഹിക്കാം. അല്ല! ഇങ്ങള്‍ക്ക് വല്ല കാറ്റുമുണ്ടോ? മൂപ്പര്‍ക്ക് ആത്മഹത്യ ചെയ്യേണ്ട കാര്യമൊന്നുമില്ല എന്നത് പോട്ടേ, രാത്രി ആ കണ്ട പാറയിലൊക്കെ വലിഞ്ഞ് കയറാന്‍ ആ പ്രായത്തില്് മൂപ്പര്‍ക്ക് കഴിയുമോ? സി.എം അബ്ദുല്ല മൗലവിയെ കുറിച്ച് കുടുംബത്തിന് പങ്കുവെക്കാനുള്ളതാണ് ഇവിടെ കുറിക്കുന്നത്. ആ കറുത്ത രാത്രിയില്‍ ആ ജീവിതം അപഹരിച്ചതിന് പിന്നില്‍ ചില കറുത്ത കരങ്ങളുണ്ടെന്നത് ഒരു കുടുംബത്തിന്റെ ആരോപണങ്ങളല്ല, സി.എമ്മിന്റെ ജീവിതം കണ്ട ഒരു ദേശത്തിന്റെ ബോധ്യമാണ്.

തിരക്കു പിടിച്ചൊരു ജീവിതം

തിരക്കുപിടിച്ചൊരു ജീവിതമായിരുന്നു ഉപ്പയുടേത്. ഞങ്ങള്‍ക്ക് സൗകര്യപൂര്‍വം ലഭിച്ചിരുന്നത് വളരെ വിരളമായി മാത്രം. സമസ്ത, എം.ഐ.സി, അതിന് മുമ്പ് സഅ്ദിയ്യ, പിന്നെ പല വിധ മസ്്‌ലഹത്തുകള്‍ അങ്ങനെ ഓടിനടക്കാന്‍ നിരവധി കാരണങ്ങളുണ്ടായിരുന്നു ഉപ്പക്ക്. ഒരര്‍ഥത്തില്‍ കാരണങ്ങള്‍ സ്വയം ഉണ്ടാക്കുകയായിരുന്നു എന്ന് പറയാം. ബാഖിയാത്തിലെ പഠനം കഴിഞ്ഞ് ഉപ്പ നാട്ടിലേക്ക് വന്നത് തന്നെ അതുപൊലൊരു ഉന്നത മതകലാലയത്തിന് കാസര്‍കോട് രൂപം നല്‍കണമെന്ന ആഗ്രഹത്തോടെയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. യുവത്വത്തിന്റെ ചോരത്തിളപ്പില്‍ അവിശ്രമം യത്‌നിച്ച് നിര്‍മിച്ചതാണ് ജാമിഅ സഅ്ദിയ്യ. ഞാന്‍ ജനിച്ച വര്‍ഷമാണ് ആ സ്ഥാപനം ആരംഭിക്കുന്നത്. അന്നാരംഭിച്ചതാണ് കര്‍മ നിരതമായ ആ ജീവിതവും. ആ സ്ഥാപനത്തിന്റെ ഓരോ കെട്ടിലുമുണ്ട് ഉപ്പയുടെ അധ്വാനത്തിന്റെ അംശങ്ങള്‍. ദൗര്‍ഭാഗ്യകരമായ ഒരു ഘട്ടത്തില്‍ ആ സ്ഥാപനം സമസ്തക്ക് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. 1990 ലായിരുന്നു അത്. ആ ഒരു വര്‍ഷം പിതാവ് അക്ഷമനായി വീട്ടിലിരിക്കുന്നത് കണ്ടിട്ടുണ്ട്. ഒരു വര്‍ഷം മാത്രം! അപ്പോഴേക്കും ഒരു സ്ഥാപനം തുടങ്ങാന്‍ പത്തേക്കര്‍ സ്ഥലം നല്‍കാമെന്ന വാഗ്ദാനവുമായി തെക്കില്‍ മൂസ ഹാജി ഉപ്പയെ സമീപിച്ചിരുന്നു. അതോടെ ആരംഭിച്ചതാണ് മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സ് എന്ന സ്ഥാപനത്തിന് വേണ്ടിയുള്ള ഓട്ടം. മരിക്കും വരെ ആ ഓട്ടത്തിന് മുടക്കമൊന്നുമുണ്ടായിരുന്നില്ല. 1993 ഏപ്രില്‍ നാലിനായിരുന്നു എന്റെ വിവാഹം. ഏപ്രില്‍ നാലിന് എം.ഐ.സിക്ക് തറക്കല്ലിട്ടു. വിവാഹ കര്‍മങ്ങളില്‍ പങ്കെടുത്ത ഉപ്പ അന്ന് ഉച്ചക്ക് തന്നെ എം.ഐ.സിയിലേക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ പോയി. അത്ര വലുതായിരുന്നു ഉപ്പക്ക് ആ സ്ഥാപനം! സി.എം ഉസ്താദിനെ കുറിച്ച് അറിയാനെത്തിയ ഞങ്ങളോട് ഷാഫി വാചാലമാവുകയാണ്. വിദ്യാഭ്യാസ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പകുത്തുനല്കിയ ആ ജീവിതത്തില്‍ നിന്ന് കുടുംബത്തിനായി മാത്രം അധികം നീക്കിവെപ്പുകളൊന്നുമില്ലെന്നതിനാല്‍ പലര്‍ക്കുമറിയുന്നതേ അവര്‍ക്കും പറയാനുള്ളൂ. സ്‌നേഹനിധിയായ പിതാവായിരുന്നു അദ്ദേഹം. പക്ഷെ, ആ സ്‌നേഹം പകര്‍ന്നുനല്‍കാന്‍ സമയം കിട്ടിയില്ലെന്ന് മാത്രം. വൈകാരികമായിരുന്നില്ല അദ്ദേഹത്തിന്റെ മുന്‍ഗണനാക്രമങ്ങള്‍, തീര്‍ത്തും ദൈവപ്രോക്തമായിരുന്നു അവ. എന്റെ കഥ വിദ്യാഭ്യാസത്തിന്റെയും എന്ന തലക്കെട്ട് ആത്മകഥക്ക് നല്‍കാന്‍ മാത്രം ആക്കത്തില്‍!

സ്ഥാപനം മുടങ്ങില്ലേ

ജീവിതാന്ത്യം കര്‍മനിരതനായിരുന്നു അദ്ദേഹം. കാസര്‍കോടിന്റെ വൈജ്ഞാനികമായ പുരോയാനം മാത്രമായിരുന്നു ലക്ഷ്യം. ഇതിനടിവരയിടുന്നുണ്ട് മകന്‍ പങ്കുവെച്ച ഒരനുഭവം. ജാമിഅ സഅ്ദിയ്യ വിഘടിത വിഭാഗം പിടിച്ചടക്കിയ സമയം. ഉത്തരകേരളത്തിലെ സുന്നികള്‍ക്കെല്ലാമറിയാം ഖാദിയാര്‍ച്ച അത്യധ്വാനിച്ച് പടച്ചുണ്ടാക്കിയതാണ് ആ സ്ഥാപനമെന്ന്, ഇന്ന് അതിന്റെ ഭരണം പിടിച്ചടക്കാന്‍ യത്‌നിക്കുന്നവരാരും അന്ന് കൂടെയുണ്ടായിരുന്നില്ലെന്ന്. ഉസ്താദിന്റെ വിഷമം മനസ്സിലാക്കിയിട്ടാവും കാസര്‍കോടുള്ള കുറച്ച് യൂത്ത് ലീഗിന്റെ പ്രവര്‍ത്തകര്‍ ഉസ്താദിനെ കണ്ട് സ്ഥാപനം കയ്യടക്കിയവരില്‍ നിന്ന് പിടിച്ചുവാങ്ങാന്‍ സന്നദ്ധതയറിയിച്ചു. ‘നിങ്ങള്‍ അവിടെ പ്രശ്‌നമൊന്നുമുണ്ടാക്കണ്ട… ആ സ്ഥാപനം പൂട്ടിയിടേണ്ടിവരും. അത് സംഭവിക്കാന്‍ പാടില്ല.?’ എന്നായിരുന്നു ഉസ്താദിന്റെ മറുപടി. പിന്നീട് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം പിടിച്ചുവാങ്ങാന്‍ കോടതിനടപടികളിലേക്ക് നീങ്ങണമെന്ന് ഉപദേശിക്കാനെത്തിയവര്‍ക്കും കിട്ടി സമാനമായ മറുപടി. നിഷ്‌കാമ കര്‍മികളില്‍ തന്നെ ചുരുക്കം ചിലര്‍ക്കുണ്ടാവുന്ന അത്യുദാത്തമായ മാനസിക നിലയായിരുന്നു ഉസ്താദിന്റേത്. പരിത്യാഗത്തിന് മനസ്സ് പാകപ്പെട്ടവര്‍ക്ക് മാത്രം സാധിക്കുന്നത്. ചിലര്‍ക്കതിന് നിരന്തരമായ രിയാളകള്‍ വേണ്ടിവരുന്നു. ചിലരുടെ ജീവിതം തന്നെ രിയാളയായി മാറുന്നു എന്ന് മാത്രം! ആത്യന്തികമായ ലക്ഷ്യം അല്ലാഹു മാത്രമാവുമ്പോള്‍ ആര്‍ക്കുമത് സാധ്യമാവുന്നു.

കൃത്യതയാര്‍ന്ന ജീവിതം

ജീവിതത്തിലെ അന്യൂനമായ ക്രമവും കരുതലുമാണ് തഖ്‌വ. പിതാവിന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഘടകം ഈ കരുതലാണ്. ആയിരത്തിത്തൊള്ളായിരത്തിഅമ്പതുകള്‍ മുതലുള്ള സംഭവങ്ങള്‍ പിതാവ് ഡയറിയില്‍ കുറിച്ചുവെച്ചിട്ടുണ്ട്. ഖുതുബി മുഹമ്മദ് മുസ്്‌ലിയാര്‍ കാസര്‍കോട് വന്ന സംഭവമൊക്കെ തീയ്യതി സഹിതം രേഖപ്പെടുത്തിയിരിക്കുന്നു. ഉപ്പയുടെ ജീവിതത്തെക്കുറിച്ചറിയാന്‍ ഡയറികള്‍ തന്നെ മതി. ഇരുപതിലേറെ ഡയറികളാണ് ഉണ്ടായിരുന്നത്. അതിലധികവും സി.ബി.ഐ കൊണ്ടുപോയി. അവര്‍ ബാക്കി വെച്ച ഡയറികളില്‍ ചിലത് മകന്‍ പുറത്തെടുത്തു. അതിലൊന്ന് ഉള്ളംകൈ വലിപ്പത്തിലുള്ള ഒരു ഡയറിയാണ്. 1950/../…. എന്ന് തീയ്യതിയിട്ടതിന് താഴെ ഉസ്താദിന്റെ മനോഹരമായ കൈപ്പട കാലപ്പഴക്കത്തിന്റെ കടുംമഞ്ഞ പരന്നിട്ടുണ്ടെങ്കിലും തെളിഞ്ഞ് കാണുന്നു. മകന്റെ കൈവശമുള്ള മറ്റൊരു ഡയറി അവസാനകാലത്ത് ഉപയോഗിച്ചതാണ്. കൊല്ലപ്പെടുന്നതിന് രണ്ട് മാസം മുമ്പ് അദ്ദേഹം ഒരു മേജര്‍ ഓപ്പറേഷന് വിധേയമായിരുന്നു. അന്ന് അപ്പോളോ ഹോസ്പിറ്റലിലെ വാര്‍ഡില്‍ കിടന്നാണ് ഉസ്താദ് അതിലെ വരികള്‍ കുറിക്കുന്നത്. തന്റെ ജനനവും വിദ്യാഭ്യാസവും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഖളാഇന്റെ ഉത്തരവാദിത്വങ്ങളും പ്രപിതാക്കന്മാരുടെ വഴിയും താവഴിയുമെല്ലാം പരാമര്‍ശിക്കപ്പെടുന്ന ഈയൊരു രചനക്ക് സവിശേഷവും അത്ഭുതകരവുമായൊരു സാംഗത്യം ഉസ്താദിന്റെ മരണത്തോടെ ഉണ്ടായിട്ടുണ്ട്. മകന്‍ പറയുന്നതിങ്ങനെ, സി.ബി.ഐ ഉസ്താദിന്റെ ഡയറികളൊക്കെ കോടതിയില്‍ സമര്‍പ്പിക്കുന്നതിന് കൊണ്ടുപോവാന്‍ നോക്കിയപ്പോള്‍ ഈ ഡയറി മാത്രം ഞാനെടുത്തു. ഉസ്താദിന്റെ ആത്മകഥയതിലുണ്ട്, പ്രസിദ്ധീകരിക്കണമെന്ന് ഉണര്‍ത്തിയപ്പോര്‍ അവര്‍ അനുവദിക്കുകയും ചെയ്തു. അന്നൊന്നും ഈ ഡയറിയിലെഴുതിയിരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ഞാന്‍ ബോധവാനായിരുന്നില്ല. പിന്നെ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച ശേഷം ഞാനതിന്റെ കോപ്പി കേസ് വാദിക്കുന്ന വക്കീലിന് പ്രത്യേക ഉദ്ദേശ്യ ലക്ഷ്യങ്ങളൊന്നുമില്ലാതെ കൊണ്ടുകൊടുത്തു. തൊട്ടടുത്ത ദിവസം വന്നു നോക്കുമ്പോള്‍ കോടതിയില്‍ പ്രൊഡ്യുസ് ചെയ്യാന്‍ വക്കീല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഏറ്റവും പ്രധാന്യത്തോടെ ഉപ്പയുടെ വരികള്‍. വിശാദ രോഗഗ്രസ്തനായി ആത്മഹത്യ ചെയ്‌തെന്ന് സി.ബി.ഐ പറഞ്ഞ വ്യക്തി എഴുതുന്നു. (കൗടുംബിക ഉത്തരവാദിത്വങ്ങള്‍ പരസഹായമില്ലാതെ ഭംഗിയായി നിറവേറ്റാന്‍ സാധിച്ചു എന്ന് സ്മരിച്ച ശേഷം) ‘ഇനിയിപ്പോള്‍ വിദ്യാഭ്യാസ രംഗത്തും ‘ഖളാഇ’ന്റെ കാര്യത്തിലുമുള്ള ഉത്തരവാദിത്വങ്ങള്‍ നിലനില്‍ക്കുന്ന സ്ഥിതിയില്‍ തന്നെ അല്ലാഹുവിന്റെ ‘വിളി’യും കാത്ത് നില്‍പാണ്. അവന്റെ പൊരുത്തത്തിലേക്ക് തിരിച്ചുപോകുവാന്‍ അവന്‍ തൗഫീഖ് നല്‍കട്ടെ’ (പേജ്: 35) മതവിജ്ഞാനീയങ്ങളില്‍ അഗാധ ജ്ഞാനമുണ്ടായിരുന്ന ഉസ്താദിന് ആത്മഹത്യ ‘പൊരുത്തത്തിലേക്ക് തിരിച്ച് പോവാനുള്ള തൗഫീഖ്’ അല്ല എന്നറിയില്ലെന്ന് വിശ്വസിക്കാന്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് സാധിക്കുമോ?

സൂക്ഷ്മതയെന്ന കൈമുതല്‍

ഉപ്പ മരണപ്പെട്ടതിന് ശേഷം എന്റെ ഉപ്പയുടെ പെങ്ങളുടെ മകന്‍ പങ്കുവെച്ച ഒരു അനുഭവമുണ്ട്. ഒരിക്കല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയലകപ്പെട്ട അദ്ദേഹം പിതാവിനെ കാണാനെത്തി. മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സിന്റെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന അദ്ദേഹത്തിന്റെ രണ്ട് മക്കളിലൊരാളുടെ വാഹനം ഫ്രീയാക്കി നല്‍കണം എന്നായിരുന്നു ആവശ്യം. ഉപ്പ ആവശ്യം അംഗീകരിച്ച് തിരിച്ചയച്ചു. അദ്ദേഹം അടച്ചുവരുന്ന ഒരു മകന്റെ വാഹനത്തിന്റെ ഫീസില്‍ കുടിശ്ശിക ഉണ്ടായതിനെ തുടര്‍ന്ന് മറ്റൊരിക്കല്‍ അയാള്‍ക്ക് ഓഫീസിലേക്ക് വരേണ്ട സാഹചര്യമുണ്ടായി. അന്ന് പിതാവുണ്ടായിരുന്നില്ല. പരിശോധിച്ചു നോക്കുമ്പോള്‍ ഒരു മകന്റെ ഫീസ് കൃത്യമായി അടച്ചുപോരുന്നുണ്ട്. ഇതെങ്ങനെ? ഉസ്താദ് എനിക്ക് ഒഴിവാക്കിത്തന്നതാണല്ലോ ഇതെന്ന് അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടുന്നത്. ഉപ്പ ഒഴിവാക്കി നല്‍കിയത് ഞങ്ങള്‍ മക്കളുടെ ഫീസിനോട് കൂടെ അത് കൂടെ സ്വയം ഏറ്റെടുത്തുകൊണ്ടായിരുന്നു.
എന്റെ പിതാവിനെ കൊലപ്പെടുത്തിയെന്ന് പറയുമ്പോള്‍ എന്തിന് വേണ്ടി എന്ന ചോദ്യം പ്രസക്തമാവുന്നുണ്ട്. അന്വേഷണം നടത്തി കണ്ടെത്തേണ്ടതാണ് അതെങ്കിലും ഒരു വസ്തുത പ്രധാനമാണ്, ആര്‍ക്കും എളുപ്പം സ്വാധീനിക്കാനാവുന്ന വ്യക്തിത്വമായിരുന്നില്ല ഉപ്പയുടേത്. ഉപ്പ നടത്തിയിരുന്ന വിവിധ സ്ഥാപനങ്ങളില്‍ അഡ്മിഷന് റെക്കമന്റേഷനുമായി വന്ന പ്രമുഖര്‍ പലരും നിരാശരായി മടങ്ങിയിട്ടുണ്ട്.
ഗോളശാസ്ത്ര പണ്ഡിതനെന്ന പോലെ കൃത്യതയുള്ള ഒരു ഗണിത ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു പിതാവ്. ഉപ്പയുടെ കണക്കുകളുടെ കൃത്യതയാണ് ജീവിതത്തിനെന്നും പലവുരു തോന്നിയിട്ടുണ്ട്. എന്റെ വീടു പണിക്ക് ചെലവായ ഓരോ തുകയും പിതാവിന്റെ കണക്കുപുസ്തകത്തില്‍ കാണാം. ഉപ്പ നടത്തിയ ഓരോ ഇടപാടുകളുമതേ. ചിട്ടയോടെ അടുക്കിവെച്ച ആ ജീവിത രേഖകളിലൂടെ ഒരു നോക്ക് പോവുമ്പോള്‍ മനസ്സ് മന്ത്രിച്ചു, തന്നെ കൊലപ്പെടുത്തിയവരോടുള്ള കണക്കും ആ മഹാന്‍ എവിടെയെങ്കിലും കുറിച്ചിട്ടുകാണും. ചില കണക്കുകളില്‍ ഉത്തരത്തിലേക്കെത്താന്‍ ഒന്നു പ്രയാസപ്പെടാറുണ്ട്. കണക്കിന്റെ വഴികളിലെവിടെയോ പിഴവ് കടന്ന് കൂടിയിരിക്കണം! വെട്ടി മാറ്റിയെഴുതാന്‍ ഒരാള്‍ വരാതിരിക്കില്ല!

എനിക്ക് ഒരു വേദനയുമില്ല

വാര്‍ധക്യ സഹജമായ അസ്വസ്ഥകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കാര്യമായ അസുഖമൊന്നുമുണ്ടായിരുന്നില്ല പിതാവിന്. മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് വയറിനകത്തെ ചില ഞരമ്പുകള്‍ക്ക് ബ്ലീഡിംഗ് ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ആവുന്നത്. സ്വയം അഡ്മിറ്റായ ശേഷം ഞങ്ങളെ വിളിച്ചറിയിക്കുകയായിരുന്നു. അന്ന് നടത്തിയ ഓപ്പറേഷനിടെ ചില ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചപ്പോഴാണ് ലിവര്‍ സിറോസിസ് ഉണ്ടെന്ന് മനസ്സിലാവുന്നത്. എന്നാല്‍ ലിവര്‍ സിറോസിസ് ആ ഘട്ടത്തിലെത്തിയ ഒരു സാധാരണ പേഷ്യന്റിന് ഉണ്ടാവുന്ന അസ്വസ്ഥകള്‍ ഒന്നും വാപ്പക്ക് ഇല്ല താനും! ഞാന്‍ ഇങ്ങനെ ഒരു രോഗം വാപ്പക്ക് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നുവെന്ന് പിന്നെ പറഞ്ഞപ്പോഴും എനിക്ക് അത്തരം പ്രശ്‌നങ്ങളൊന്നുമില്ല എന്നായിരുന്നു പ്രതികരണം. വാര്‍ധക്യ സഹജമായ അസ്വസ്ഥകളെ കുറിച്ച് പറഞ്ഞുവല്ലോ? കാല്‍മുട്ടിനുണ്ടാവുന്ന വേദനയയായിരുന്നു ഇതില്‍ പ്രധാനം. അതു കാരണമായി മുട്ട് വളക്കാനോ ദീര്‍ഘം കാല്‍നട യാത്ര ചെയ്യാനോ പിതാവിന് സാധിക്കുമായിരുന്നില്ല. വളരെ പ്രയാസപ്പെട്ട്് കാറിലേക്ക് കാലെടുത്ത് വെക്കുന്ന ഉപ്പയുടെ രൂപം ഇന്നും മനസ്സിലുണ്ട്. പിതാവ് രോഗപീഡ കാരണം വിശാദ രോഗത്തിന് അടിമപ്പെട്ടുവെന്നും അര്‍ധരാത്രി ഒരു കിലോമീറ്ററിനടുത്ത് കാല്‍നട യാത്ര ചെയ്ത് പാറപ്പുറത്ത് വലിഞ്ഞ് കേറിയെന്നും പറയുന്ന ഉദ്യോഗസ്ഥരെ പിന്നെ ഞാനെങ്ങനെ വിശ്വസിക്കും! അനുഭവങ്ങളെ കളവാക്കാന്‍ അനുമാനങ്ങള്‍ക്ക് കഴിയില്ലല്ലോ?

ആത്മഹത്യയെന്ന് കേള്‍ക്കാനാവുന്നില്ല

നേരനുഭവത്തിന്റെ തെളിച്ചമുള്ളതാണ് ഖാദിയാര്‍ച്ചയുടെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും വാക്കുകള്‍. അദ്ദേഹം ആത്മഹത്യ ചെയ്തു എന്ന് ചിന്തിക്കുന്നത് പോലും അവര്‍ക്ക് അസഹ്യമാണ്. അതിത്ര വിചിത്രമായ രൂപത്തിലാവുമ്പോള്‍ ആ ചിന്ത തന്നെ തെറ്റാവുന്നു. സൂര്യപ്രകാശത്തിന് ചിലന്തിവലകൊണ്ട് മറയിടാമെന്ന് ധരിക്കുന്നത് പോലെ തെറ്റ്. മകന്‍ ശാഫി പറയുന്നു: സമരപ്പന്തലുകളില്‍ പോലും പലരും വന്ന് സി.എം ഉസ്താദ് ആത്മഹത്യ ചെയ്തതല്ല എന്ന് പലവുരു പറയുന്നു. എനിക്കത് കേള്‍ക്കുന്നത് തന്നെ അസഹ്യമാണ്. അദ്ദേഹത്തെ ചിലര്‍ ചേര്‍ന്ന് കൊന്നതാണ്. ഇതൊരു ആത്മഹത്യയല്ല എന്ന് ഉച്ചരിക്കുന്നത് തന്നെ പിതാവിന്റെ ഘാതകരുടെ വിജയമാണ്. അത് കൊണ്ട് ആത്മഹത്യയല്ല ആത്മഹത്യയല്ല എന്ന് നൂറ് തവണ പറയുന്ന സ്ഥാനത്ത് കൊലപാതകമാണ് കൊലപാതകമാണ് എന്ന് നൂറു തവണ പറയാന്‍ സാധിക്കണം. മറ്റൊരു അപകടം നിറഞ്ഞ പ്രസ്താവനയായി എനിക്ക് തോന്നിയ ഒന്നാണ് ചിലരൊക്കെ പറയുന്നത് പ്രകാരം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയുടെ രണ്ട് സംഘങ്ങളും അന്വേഷിച്ചിട്ടും കുറ്റവാളികളെ പിടിക്കാനായില്ല/ കൊലപാതകം തെളിയിക്കാനായില്ല തുടങ്ങിയ പ്രസ്താവനകള്‍. യഥാര്‍ഥത്തില്‍ ഈ കൊലപാതകത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. കേസ് ആദ്യം അന്വേഷിച്ചിരുന്ന ലോക്കല്‍ പോലീസ് കുടുംബത്തിന്റെ മൊഴിയെടുക്കുന്നത് ഫെബ്രുവരി 28 നാണ്. ഇത്ര ദിവസങ്ങള്‍ വൈകിയതിന് കാരണം തിരക്കിയപ്പോള്‍ പറഞ്ഞതാവട്ടെ നിങ്ങളുടെ ദുഃഖം അടങ്ങാന്‍ കാത്തിരുന്നതാണ് എന്ന്! ഞങ്ങളുടെ മൊഴിയെടുക്കും മുമ്പേ ഇത് ആത്മഹത്യയാണെന്ന രീതിയിലുള്ള തീര്‍പ്പുകള്‍ പോലീസുകാര്‍ പ്രചരിപ്പിച്ചിരുന്നുവെന്നത് മറ്റൊരു സത്യം. പോലീസ് അന്വേഷണം തുടങ്ങും മുമ്പേ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ട് പോവുന്നതിനിടെ കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് വന്നു. ചുരുക്കത്തില്‍ കേസന്വേഷണവുമായി മുന്നോട്ട് പോയിട്ടുള്ളത് സി.ബി.ഐ മാത്രമാണെന്ന് വരുന്നു. പലരും പലവുരു അന്വേഷിച്ചിട്ടും തുമ്പ് കിട്ടാത്ത കേസാണെന്ന വാദം പൊളിയുന്നു.

ലാസറിന്റെ സ്ഥലം മാറ്റം

സത്യം പുറത്തുവരുമെന്ന് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു സി.ബി.ഐയുടെ ആദ്യ ഘട്ടത്തിലെ അന്വേഷണം. നേരായ ദിശയിലേക്കാണ് അന്വേഷണത്തിന്റെ പോക്കെന്ന വിശ്വാസം അന്നെനിക്കുണ്ടായിരുന്നു. മൂന്ന് പേരെ അന്ന് അന്വേഷണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് വെച്ച് നുണ പരിശോധനക്ക് വിധേയമാക്കി. അന്ന് വിദേശത്ത് നിന്നും വന്ന ഞാന്‍ തിരുവനന്തപുരത്ത് വെച്ച് സി.ബി.ഐ ഉദ്യോഗസ്ഥന്‍ ലാസറിനെ കണ്ടു. പരിശോധന കഴിഞ്ഞിട്ടുണ്ട്. നുണ പിടിച്ചിട്ടുണ്ട്. അറസ്റ്റ് ഉടനുണ്ടാവുമെന്ന് അയാള്‍ അന്ന് പറഞ്ഞിരുന്നു. പിന്നെ കേള്‍ക്കുന്നത് കേസ് പുതിയ സംഘത്തെ ഏല്‍പിച്ചു എന്ന വാര്‍ത്തയാണ്. ഇതറിഞ്ഞ ഞാന്‍ ഒരു തവണ ലാസറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ‘എന്ത് ചെയ്യാനാണ്. ഗസ്റ്റ് ഹൗസില്‍ നിന്ന് ഡ്രസും സ്യൂട്ട്‌കെയ്‌സും എടുക്കാന്‍ പോലും സമ്മതിക്കാതെ എന്നെ ചെന്നൈയിലേക്ക് മാറ്റി’ എന്നായിരുന്നു മറുപടി. പിന്നെ കേസന്വേഷണമേറ്റെടുത്തത് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. കോളിളക്കം സൃഷ്ടിച്ച അഭയ കേസിലടക്കം ലാബ് റിപ്പോര്‍ട്ടുകളില്‍ കൃത്വിമത്വം നടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ് അയാള്‍. പിന്നെ നോക്കുമ്പോള്‍ അറസ്റ്റുമില്ല, റിപ്പോര്‍ട്ട് വന്നപ്പോഴാവട്ടെ നുണ പരിശോധനാ ഫലങ്ങളില്‍ പ്രശ്‌നങ്ങളൊന്നുമില്ല! അന്വേഷണങ്ങള്‍ ശരിയായ ദിശയിലേക്ക് സഞ്ചരിക്കുന്നതിനെ ഭയക്കുന്നവര്‍ അത്ര പ്രബലരാണെന്ന് മനസ്സിലായി എന്നുമാത്രം!

പോസ്റ്റ് മര്‍ഡര്‍ പ്ലാനിംഗ്

പിതാവ് സാധാരണക്കാരനല്ല എന്ന തിരിച്ചറിവോടു കൂടെയാണ് ഘാതകന്മാര്‍ കരുക്കള്‍ നീക്കിയിട്ടുള്ളത്. സമസ്തയുടെ വൈസ് പ്രസിഡണ്ടിനെ കൊലപ്പെടുത്തിയാലുണ്ടാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് അവര്‍ ബോധവാന്മാരായിരുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് ഉയര്‍ന്ന് വരേണ്ടിയിരുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ കൃത്യമായ ആസൂത്രണത്തോടെയുള്ള ശ്രമം നടന്നു. കുടുംബത്തിലെ ചില വ്യക്തികള്‍ പിതാവ് ആത്മഹത്യ ചെയ്തു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു. ഇതില്‍ ദുരൂഹത തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കുടുംബം ഒറ്റക്കെട്ടായി അവരെ പുറത്ത് നിര്‍ത്തുന്നത്. പിതാവിന്റെ മരണത്തിന് ശേഷം നീതിക്കായുള്ള പോരാട്ടങ്ങളില്‍ സജീവമായി കാണുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിലര്‍ ഞങ്ങള്‍ സ്വപ്‌നത്തില്‍ കൂടെ പ്രതീക്ഷിക്കാത്ത രൂപത്തില്‍ പെരുമാറി. ആത്മഹത്യ ചെയ്യാനുദ്ദേശിച്ചയാള്‍ തെങ്ങില്‍ വരെ കയറുമെന്ന് പ്രസ്താവനയിറക്കി. ആളിക്കത്തേണ്ട പ്രതിഷേധ ജ്വാലകളണഞ്ഞുവെന്ന് ഉറപ്പു വരുത്താന്‍ ജുഗുപ്‌സാവഹമായ വ്യഗ്രത പുലര്‍ത്തി. എന്തിന്?

സത്യം പുറത്തുവരും, ഉറപ്പ്

ഒരു നാള്‍ പിതാവിന്റെ ഘാതകന്മാര്‍ന്മാര്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുമെന്നൊരു ഉറപ്പുണ്ട് മനസ്സിന്റെ അടിത്തട്ടില്‍. സ്ഥാനമാനങ്ങള്‍ക്കും സമ്പത്തിനും മുന്നില്‍ നീതിബോധം കൈവിട്ട നിയമ സംവിധാനങ്ങള്‍ വഴി തന്നെ ആയിക്കൊള്ളണമെന്നില്ല. അത് ഞങ്ങളുടെ കണ്ണടയും മുമ്പ് ആയിക്കിട്ടാന്‍ വേണ്ടിയാണ് ഇപ്പോള്‍ നടത്തുന്ന യത്‌നങ്ങളൊക്കെ. ഉപ്പയുടെ ആത്മകഥ പറയും പോലെ തുറന്നിട്ടൊരു ഗ്രന്ഥമായിരുന്നു പിതാവ്. അതിലൊരു അധ്യായം മാത്രം അടഞ്ഞ് കിടക്കുന്നതില്‍ ഒരംഭംഗിയുണ്ടല്ലോ? അല്ലാഹുവിന്റെ പ്രീതിക്കായി സമര്‍പ്പിച്ചതായിരുന്നു ആ ജീവിത ഗ്രന്ഥത്തിലെ ഒരോ വരികളുമെന്നതിനാല്‍ അല്ലാഹു കൂടെ കാണുമെന്ന വിശ്വാസമുണ്ട്.

എന്റെ കഥ വിദ്യാഭ്യാസത്തിന്റെയും

പത്തെഴുപത് പേജുകളില്‍ നീണ്ടുകിടക്കുന്ന ആ ജീവിതത്തിലൂടെ തെന്നിനീങ്ങുമ്പോള്‍ പലപ്പോഴും കണ്ണുനീര്‍ കാഴ്ചയെ മറക്കുന്നു. വരികള്‍ക്കിടയിലൂടെ സി.എം അബ്ദുല്ല മൗലവി എന്ന ജീവിതം ജ്ഞാനസപര്യയാക്കിയ മഹാത്യാഗി പറയാതെ പറയുന്ന പോലെ: എന്നെ കൊലപ്പെടുത്തിയവര്‍ ഇരുളിന്റെ മറ പിടിച്ച് പതുങ്ങിയിരിപ്പുണ്ടെന്ന്!, അവരുടെ കരങ്ങളില്‍ പുരണ്ട ചോരക്കറ ഇനിയും അവശേഷിക്കുന്നുണ്ടെന്ന്!, അന്വേഷണ റിപ്പോര്‍ട്ടുകള്‍ സത്യത്തിന് മറ പിടിക്കുമെന്ന്! ലോകത്തെ ആത്മകഥാകൃത്തുകളെല്ലാം എഴുതാതെ വിടുന്ന അവസാനത്തെ അധ്യായം മാത്രം, മറ്റു അധ്യായങ്ങളൊക്കെ വിശുദ്ധിയുടെയും വെണ്‍മയുടെയും വിസ്മയമാണെന്നിരിക്കെ, ഒരിക്കലും ഇരുളടഞ്ഞ് പോവില്ലെന്ന്!
തിരികെ പോവും മുമ്പ്, ഇനിയും സംശയരോഗത്തിന്റെ പിടിയില്‍ നിന്ന് മോചിതരാവാത്തവര്‍ക്ക് ചില പ്രതിവിധികള്‍ നിര്‍ദേശിക്കാം; നിങ്ങള്‍ ഒരു തവണ ‘എന്റെ കഥ വിദ്യാഭ്യാസത്തിന്റെയും’ വായിക്കുക. ഖാസി സി മുഹമ്മദ് കുഞ്ഞി മുസ്്‌ലിയാര്‍ ട്രസ്റ്റ് പുറത്തിറക്കിയ പുസ്തകത്തിന് മുഖവില എഴുപത്തിയഞ്ച് രൂപ മാത്രം. അല്ലെങ്കില്‍, ഒരു ദിവസം ചെമ്പരിക്കയിലേക്ക് വരിക. ആ വയോധികനെ മനസ്സിലോര്‍ത്ത് തറവാട്ടുവീട്ടില്‍ നിന്നും കടല്‍ തീരത്തേക്ക് നടക്കുക. പാറക്കെട്ടുകള്‍ക്ക് സമീപമെത്തുമ്പോള്‍ കൊലപാതകികളുടെ ശബ്ദം കേള്‍ക്കാം. പാറമുകളില്‍ വലിഞ്ഞ് കയറി നിന്നാല്‍ അടിച്ചുവീശുന്ന കാറ്റില്‍ കഴുത്തൊടിഞ്ഞ് നിസ്സഹായനായ ഒരു മഹാന്റെ രോധനം കേള്‍ക്കാം. അതുമല്ലെങ്കില്‍, കാസര്‍കോടിന്റെ തെരുവുകളിലേക്കൊന്ന് ഇറങ്ങിയാല്‍ മതി! ഖാദിയാര്‍ച്ചയെ കുറിച്ച് അവരോട് തിരക്കിയാല്‍ മതി. ജീവിതത്തിന്റെ തെളിമ കൊണ്ട് അവരുടെ ഹൃദയാന്തരങ്ങളില്‍ വേരിറക്കിയ ആ മഹാനെ കുറിച്ച് പറയാന്‍ അവര്‍ക്ക് നൂറ് നാവാണ്.

Tags : Cm usthad, Qazi Murder, സി.എം ഉസ്താദ്

Editor Thelicham

Thelicham monthly