ഇസ്ലാം ആധുനികതയെ എങ്ങനെ സമീപിക്കണം, ആധുനികതയില്‍ ഇസ്ലാമികമാവുന്നതെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. ആധുനികതയില്‍ ഇസ്ലാമിനെ കുറിച്ച് ചിന്തിക്കുന്ന ഏതൊരാക്കള്ക്കും ആധുനികത സാധ്യമാക്കിയ ‘മാറ്റങ്ങളെ’ മനസ്സിലാക്കുക എന്നത് പ്രധാനമാണ്. വൈജ്ഞാനിക വ്യവഹാരങ്ങള്‍ എപ്രകാരമാണ് അധികാര വ്യവസ്ഥകളുമായി ബന്ധപ്പെട്ടുകിടക്കുന്നതെന്നും, അധികാര ശ്രേണി എങ്ങനെയാണ് ഒരു പ്രത്യേകതരം വിജ്ഞാനത്തെ നിര്‍മ്മിക്കുന്നതെന്നും, വേര്‍തിരിക്കുന്നതെന്നും അനിവാര്യമായും തിരിച്ചറിയണം.
ഇസ്ലാം നേരിടുന്ന വൈജ്ഞാനിക പ്രതിസന്ധിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ മുമ്പ് സൂചിപ്പിച്ച ആധുനികത എന്ന ‘മാറ്റത്തെ’ എവ്വിധമാണ് തിരിച്ചറിയുന്നത് എന്ന് ആലോചിക്കേണ്ടതുണ്ട്. കേവലമായ രാഷ്ട്രീയ അധികാരത്തെ മനസ്സിലാക്കുക മാത്രമല്ല പ്രതിസന്ധി, മറിച്ച് അറിയുന്നതിന്റെ പ്രകൃതവും, അതുപ്രകാരം നമ്മെ ഒരു പ്രത്യേക അറിവിന്റെ ശ്രേണി വ്യവസ്ഥയിലേക്ക് കൊണ്ടുവരുന്നു എന്നതുമാണ് അറിയേണ്ടത്. സല്മാന് സയ്യിദ് നിരീക്ഷിക്കുന്നത് ആധുനികതയിലെ സത്താപരതയെ (ontology) മുന്‍നിര്‍ത്തിയുള്ള ഇസ്ലാമിക ആലോചകനകള് ഉണ്ടാവണമെന്നാണ്. മുസ്ലിമത്വത്തെ (Muslimness) പാര്ശ്വവല്കരിച്ചുകൊണ്ടുള്ള ഒരു തരം വിജ്ഞാനത്തിന്റെ വിന്യാസമാണ് ആധുനികത സാധ്യമാക്കുന്നത്.
മുസ്ലീം സമൂഹത്തിന്റെ ആധുനികതയിലെ രാഷ്ട്രീയ ദൗര്‍ബല്യം, സാമ്പത്തിക അസ്ത്ഥിരത, പാശ്ചാത്യ അഭിനിവേഷം എന്നിവയെല്ലാം വിജ്ഞാനത്തിന്റെ അപചയം മൂലം മാത്രമല്ല, മറിച്ച് വിജ്ഞാനത്തിന്റെ പ്രത്യേകമായ വിന്യാസത്തിലൂടെ രൂപപ്പെടുന്നതുകൂടിയാണ്. യൂറോ സെന്‍ട്രിസവും, ഓറിയന്റലിസ്റ്റ് നിര്ണ്ണിതവാദവും, പോസിറ്റിവിസ്റ്റ് ആശയങ്ങളും ആധുനിക ചിന്താപദ്ധതിയുടെ അടിസ്ഥാനങ്ങളില്‍ പെട്ടവയാണ്. അതുകൊണ്ട് തന്നെ നിലവിലുള്ള വൈജ്ഞാനിക മേല്കോയ്മയെ പ്രശ്നവല്‍ക്കരിക്കുകയും, അധികാര വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്ന ആവിഷ്കാരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നതിലൂടെയാണ് മുസ്ലിമത്വത്തെ ആധുനികതയില്‍ വീണ്ടെടുക്കാന്‍ കഴിയുക എന്ന് സയ്യിദ് വിലയിരുത്തുന്നു. മുസ്ലിമത്വത്തെ മുന്‍നിര്‍ത്തി, ആധുനികതയില്‍ ആരാണ് മുസ്ലിം? അവന് എങ്ങനെ നിര്‍വ്വചിക്കപ്പെടുന്നു? എന്നു തുടങ്ങിയ സത്താപരമായ ചോദ്യങ്ങള്‍ക്ക് മാത്രമേ ആധുനികതയില്‍ ഇസ്ലാമിന്റെതായ വൈജ്ഞാനിക ഇടത്തെ പ്രകാശിപ്പിക്കുവാന്‍ സാധിക്കുകയുള്ളു.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ രൂപം കൊണ്ട ‘അറിവിന്റെ ഇസ്ലാമികവല്‍ക്കരണം’ (Islamisation of knowledge, IOK) എന്ന ആശയം ഇസ്ലാമിക ലോകത്തെ ഒട്ടനവധി വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെങ്കിലും അറിവിനെ കുറിച്ചുള്ള ആലോചനകളില്‍ പ്രസ്തുത ആശയത്തിന്റെ നിലപാടിനെ വിമര്‍ശനാത്മകമായി സമീപിക്കല്‍ അനിവാര്യമാണെന്ന്, ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രൂപീകൃതമായ Critical Muslim Studies (CMS) വിലയിരുത്തുന്നുണ്ട്. വിജ്ഞാനത്തിന്റെ അപചയമാണ് മുസ്ലിം ധൈഷണിക പ്രതിസന്ധിയുടെ മൂല കാരണമെന്ന് IOK പറയുമ്പോള്‍, അറിവിന്റെ പ്രത്യേകമായ നിര്‍മ്മിതിയും വര്‍ഗ്ഗീകരണവുമാണ് ആധുനികയില്‍ വിജ്ഞാനത്തെ അഭിമുഖീകരിക്കുമ്പോള്‍ ആദ്യം മനസ്സിലാക്കേണ്ടതെന്ന് CMS വിലയിരുത്തുന്നു.
പടിഞ്ഞാറന്‍ ജ്ഞാനശാസ്ത്ര വ്യവഹാരങ്ങള്‍ മറ്റെല്ലാ ജ്ഞാന വ്യവഹാരങ്ങളുടെയും മുകളില്‍ മേല്‍കോയ്മ സ്ഥാപിച്ചു. വിജ്ഞാനത്തെ ഈ രീതിയില്‍ രൂപപ്പെടുത്തിയ അധികാര വ്യവസ്ഥകളെ മനസ്സിലാക്കുകയും, അവ രൂപപ്പെടുത്തിയ ജ്ഞാനമണ്ഡലത്തെ വിമര്‍ശന വിധേയമാക്കുകയും, അവയില്‍ നിന്ന് സ്വയം വിച്ഛേദനം നടത്തുകയും ചെയ്യേണ്ടത് ആധുനികതയില്‍ മുസ്ലിം വൈജ്ഞാനിക ഇടപെടല്‍ നടത്തുന്ന ഏതൊരാള്‍ക്കും അനിവാര്യമാകുന്നു. ഇസ്ലാമിക പ്രമാണങ്ങളെയും, രീതിശാസ്ത്രങ്ങളെയും മുന്നില്‍ വെച്ച് ആധുനികതയെ അഭിമുഖീകരിക്കുമ്പോള്‍ ഇസ്ലാമിക രീതിശാസ്ത്രങ്ങള്‍, തത്ത്വങ്ങള്‍ തന്നെ നിലവില്‍ എങ്ങനെയാണ് ഒരു പ്രത്യേക വ്യാകരണത്തിലേക്ക് പരിവര്‍ത്തിക്കപ്പെട്ടത് എന്ന് തിരിച്ചറിയല്‍ അനിവാര്യമാകുമെന്ന് ഡോ. ഒവാമിര്‍ അൻജും അഭിപ്രായപ്പെടുന്നു.
പാശ്ചാത്യ ചട്ടക്കൂടുകള്‍ക്ക് മുന്നില്‍ ആധികാരിക ഇസ്ലാമിനെ സമര്‍ത്ഥിക്കുവാനുള്ള ഉദ്യമങ്ങള്ക്കകത്തെ പ്രശ്നങ്ങളെ ഇസ്ലാമിക ലോകത്തു നിന്നുള്ള വൈജ്ഞാനിക ഇടപെടലുകള്‍ സവിശേഷമായി മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാമിക പ്രമാണങ്ങളും, പടിഞ്ഞാറന്‍ ശാസ്ത്രീയ വിജ്ഞാനങ്ങളുടെ ജ്ഞാനശാസ്ത്ര പരിസരവും തമ്മിലെ നേരിട്ടുള്ള യോജിപ്പുകളെയാണ് അവ അന്വേഷിക്കുന്നത്. ഖുര്‍ആനിനെ ശാസ്ത്ര യാഥാര്‍ത്ഥ്യങ്ങളെ അന്വേഷിക്കുവാനുള്ള ഉപകരണമായി ഉപയോഗിക്കുകയല്ലാതെ അതിനപ്പുറമുള്ള ഖുര്‍ആനിന്റെ വ്യാവഹാരിക ശേഷിയെ അത് പരിശോധിക്കുന്നില്ല. ഇത്തരം പോസിറ്റിവിസ്റ്റ് സമീപനങ്ങള്‍, ഇസ്ലാമിലെ വൈജ്ഞാനിക ഇടപാടുകള്‍ ആധുനിക ശാസ്ത്ര പഠനങ്ങളോട് ചേര്‍ന്നു നില്ക്കുന്നവയാണ് എന്ന് തെളിയിക്കുവാനുള്ള ‘അഭിനിവേശത്തെ’ മുന്‍നിര്‍ത്തിയുള്ളതാണ്.
പ്രയോജനവാദപരത (Teleology) മുന്‍നിര്‍ത്തിയാണ് യൂറോപ്യന്‍ ആധുനികത സമയത്തെയും സ്ഥലത്തെയും കുറിച്ചുള്ള ചിന്തകള്‍ രൂപപ്പെടുത്തുന്നത്. പ്രസ്തുത ആധുനികതയെന്നാല്‍ പുരോഗതിയുടെ പൂര്‍ണ്ണതയും, മറ്റുള്ള അവയിലേക്ക് എന്തേണ്ടതോ, അല്ലെങ്കില്‍ സമയാടിസ്ഥിത അകലത്തില്‍ നില്‍ക്കുന്നവയോ, നിര്ത്തപ്പെടേണ്ടവയോ ആണ്. അതുകൊണ്ട് തന്നെ ആധുനികയു െടേതായ ആശയങ്ങളെ പരമവും, പരിപൂര്‍ണ്ണവുമായി കണക്കാക്കി, അതിലേക്ക് ചേര്‍ക്കപ്പെടുന്നതിലൂടെ മാത്രമാണ് സ്വയം പ്രകാശനം സാധ്യമാവൂ എന്ന തെറ്റിദ്ധാരണ ഇസ്ലാമിക വൈജ്ഞാനിക ഇടപാടുകള്ക്കുമുണ്ടായി. ഇസ്ലാമിക പ്രമാണങ്ങളെ ആധുനികതയില്‍ തനതായ പശ്ചാത്തലങ്ങളിലൂടെ മനസ്സിലാക്കുവാനുള്ള രീതിശാസ്ത്രങ്ങളെ വികസിപ്പിക്കുന്നതിന് പകരം ആധുനികതയുടെ പ്രയോജനവാദപരതയെ മുന്‍നിര്‍ത്തിയുള്ള ശാസ്ത്രീയതയെ സവര്ത്ഥിക്കുവാനുള്ള കേവല ഉപകരണമായി പ്രമാണങ്ങളെ ഉപയോഗിക്കുന്നുവെതാണ് ഇസ്ലാമിക വൈജ്ഞാനിക ഇടപെടലുകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി.
ഇസ്ലാമിന് ആധുനികതയില്‍ സാമൂഹിക ഇടപെടലുകള്‍ സാധ്യമാകണമെങ്കില്‍ സാമൂഹ്യശാസ്ത്ര പഠനങ്ങളോട് ഇസ്ലാമിനെ മുന്‍നിര്‍ത്തിയുള്ള ഇടപെടലുകള്‍ അനിവാര്യമായിത്തിരുമെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് അതിന്റെ നാമം അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ഇസ്ലാം അന്റ് സോഷ്യല്‍ സൈന്‍സ് എന്നാക്കി മാറ്റിയതിനോടനുബന്ധിച്ച് എഡിറ്റര്‍ ഒവാമിര്‍ അഞ്ചും വിശദീകരിക്കുന്നുണ്ട്. ഇസ്ലാമിക വിജ്ഞാനീയം അതിന്റെ വ്യാവഹാരിക പാരമ്പര്യത്തില്‍ നിന്ന് കൊണ്ട് ആധുനികത സാധ്യമാക്കിയ സത്താപരവും, ജ്ഞാനശാസ്ത്രപരവുമായ മാറ്റത്തെ അഭിമുഖീകരിക്കാന്‍ പ്രാപ്തമാകുന്ന രീതിയില്‍ മാറ്റിപ്പണിയേണ്ട അവശ്യകതയെകുറിച്ച് അദ്ദേഹം വിവരിക്കുന്നു. പ്രധാനമായും ഇസ്ലാമിക കര്‍മ്മശാസ്ത്ര പരിസരം വികസിച്ചു വന്നതില്‍ നിന്ന് വ്യത്യസ്തമായ ലോകത്ത് അത്തരമൊരു മാറ്റത്തെ എങ്ങനെയാണ് ഇസ്ലാം മനസ്സിലാക്കുന്നത് എന്നതാണ് പ്രധാനം.
പൂര്‍വ്വാധുനിക കാലത്തെ ‘സാമൂഹിക മാറ്റങ്ങളെ’ പണ്ഡിതര്‍ വിഭാവനം ചെയ്തിരുന്നത് ജൈവികമായ കേവല പരിവര്ത്തനങ്ങളായിട്ടാണ്. അത് പ്രകൃതിപരമായ മനുഷ്യ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ മാത്രം വിലയിരുത്തപ്പെട്ടവയായിരുന്നു. മാനവരാശിയുടെയും, പ്രകൃതിയുടെയും മേലില്‍ ആത്യന്തികമായ ആധിപത്യ സ്വഭാവം അവയ്ക്കുണ്ടായിരുന്നില്ല. ആയതിനാല്‍ തന്നെ പ്രമാണങ്ങളെ മുന്‍നിര്‍ത്തി സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ദൈവ-ഹിതമെന്ന വിശാല പ്രതലത്തില്‍ നിന്നുകൊണ്ടാണ് വിലയിരുത്തിയത്. എന്നാല്‍, ആധുനികതയിലേക്ക് വരുമ്പോള്‍ ഈ രീതിയില്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ വിലയിരുത്തുന്നത് അപ്രസക്തമാണ്. മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആധുനികത കൊണ്ടു വന്ന മാറ്റങ്ങളെ അറിയേണ്ടത് സുപ്രധാനമാകുന്നു.

പാശ്ചാത്യ വൈജ്ഞാനിക അധിനിവേഷത്തിലൂടെ സ്വന്തം വൈജ്ഞാനിക പാരമ്പര്യത്തെ മറ്റെല്ലാ മനുഷ്യ – വിജ്ഞാന പാരമ്പര്യങ്ങളുടെയും മുകളില്‍ പ്രതിഷ്ഠിക്കാന്‍ പടിഞ്ഞാറിന് സാധിച്ചു. മഹ്മൂദ് മംദാനി, മുസ്ലിം ഐബീരിയയുടെ പതനത്തോടെ പാശ്ചാത്യ ആധുനികത എങ്ങനെയാണ് സവിശേഷമായ ജ്ഞാനഹത്യക്ക് കളമൊരുക്കിയതെന്ന് തന്റെ GOOD MUSLIM BAD MUSLIM എന്ന പുസ്കത്തില്‍ സവിസ്തരം വിശദീകരിക്കുന്നുണ്ട്. ലോറ മാര്‍ക്സ് ആവട്ടെ ആധുനിക സ്റ്റേറ്റിന്റെ ഉല്‍ഭവത്തില്‍ തന്നെ എപ്രകാരമാണ് വെള്ള വംശീയ സ്വത്വത്തിന്റെ സ്വാധീനങ്ങള്‍ ഉള്ളടങ്ങിയിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. അധികാരത്തിലൂടെ പടിഞ്ഞാറിന്റെ താല്പര്യങ്ങള്ക്കൊത്ത് ചരിത്രത്തെ മാറ്റിഴെയുതാന്‍ എങ്ങനെ സാധിച്ചു എന്ന് ഇവരെല്ലാം വിശദീകരിക്കുന്നുണ്ട്. ഇവിടെ അധികാരം ‘പുതിയ സത്യത്തിന്റെ’ വിതരണം നേടിയെടുക്കുകയായിരുന്നു.
ദേശ – രാഷ്ട്ര സംവിധാനങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ കേവലമായി ദേശീയ – മിത്തുകള്‍ ഉല്പാദിപ്പിച്ച് അതുവഴി ഒരു കൊളോണിയല്‍ വിഷയികളായി മനുഷ്യനെ പരിവര്‍ത്തിപ്പിക്കുകയും ചെയ്തു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ആധുനികതയിലെ മാറ്റം അധികാരമുള്ളവരിലൂടെ നേരിട്ടും, അല്ലാതെയും സംഭവിച്ചതാണ്. അത് കേവല ജൈവിക മാറ്റങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാകുന്നു. മിഷേല്‍ ഫൂക്കോ പറയുന്നത് പോലെ ആധുനികതയ്ക്ക് അതിന്റെ വിഷയികളുടെ ജീവിതത്തെ സാധ്യമാക്കാനും, ഇല്ലാതാക്കാനുമുള്ള പരമാധികാരത്തെ വകവെച്ചു നല്കുന്ന വ്യാവഹാരിക പരിസരത്തിലാണ് പ്രസ്തുത ആധുനിക ‘മാറ്റത്തെ’ അടയാളപ്പെടുത്താന്‍ കഴിയുക. ഇസ്ലാം ആധുനികതയോട് വൈജ്ഞാനിക ഇടപാടുകള്‍ സാധ്യമാക്കുമ്പോള്‍ ഈ രീതിയില്‍ ആധുനികത അതിന്റെ അധികാര വ്യവഹാരങ്ങളിലൂടെ വ്യക്തിയെയും, സമൂഹത്തെയും ഒരു പോലെ പരിവര്‍ത്തന വിധേയമാക്കിയതിനെ അടയാളപ്പെടുത്തി കൊണ്ടുള്ള ഇടപെടലുകള്‍ പരിമിതമായാണ് കാണാന്‍ കഴിയുന്നത്. ആധുനികതയ്ക്ക് മുമ്പ്, ദൈവിക പ്രമാണങ്ങളെ മുന്‍നിര്‍ത്തിയുള്ള വിജ്ഞാന സമ്പാദനവും, സംഭവലോകത്തെ ചുറ്റിപ്പറ്റിയുള്ള ഭൗതികമായ അറിവന്വേഷണങ്ങളും ഭിന്നധ്രുവങ്ങളിലല്ലായിരുന്നെന്ന് കാണാം.
മുന്‍കാല പണ്ഡിതര്‍ സാമൂഹികവും പ്രയോഗികവുമായ ജ്ഞാനത്തില്‍ അവഗാഹം തെളിച്ചവരായിരുന്നു. അതോടൊപ്പം തന്നെ നിലവിലുണ്ടായിരുന്ന അധികാര കേന്ദ്രങ്ങളോട് സമാന്തരമായ അധികാര പരിധി അവരുടെ സവിശേഷത കൂടിയാണ്. നിലവിലുള്ള സാമൂഹിക- അധികാര മണ്ഡലങ്ങളെ കുറിച്ച് കൃത്യമായ അവബോധം പ്രാമാണിക അവഗാഹത്തോടൊപ്പം അവരില്‍ സമ്മേളിച്ചിരുന്നു.
ഇസ്ലാമിക പാരമ്പര്യത്തിലെ പ്രധാനപെട്ട മൂന്ന് ജ്ഞാനശാസ്ത്ര തലങ്ങളെ മുന്‍നിര്‍ത്തി വൈജ്ഞാനിക ഇടപെലുകള്‍ക്ക് ഉണര്‍വുണ്ടാവണം എന്ന് അഞ്ചും നിരീക്ഷിക്കുന്നു. നിയമം, രാഷ്ട്രീയം, ദൈവശാസ്ത്രം എന്നീ മൂന്ന് മേഖലകള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ടുള്ള ഒരു സാധ്യതയാണ് അദ്ദേഹം അന്വേഷിക്കുന്നത്. ആധുനിക ലോകത്ത് ഇസ്ലാമിക കര്മമശാസ്ത്രം ‘ഇജ്തിഹാദിനെ’ ആലോചിക്കുമ്പോള്‍, ഇസ്ലാമിക പാരമ്പര്യത്തിലെ ദൈവശാസ്ത്രം, രാഷ്ട്രീയം തുടങ്ങിയ മേഖലകളെയും വിശകലന വിധേയമാക്കിയാണ് നിയമ തലങ്ങളെ അഭിമുഖീകരിക്കേണ്ടത്.
ആരാധനാ കര്‍മ്മങ്ങളും, അതിനോടനുബന്ധമായി രൂപപ്പെടുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളും മുന്‍ നിര്‍ത്തി മുസ്ലിം സമൂഹത്തെ മനസ്സിലാക്കുമ്പോള്‍ ഇസ്ലാം ചരിത്രപരമായി വ്യാപിച്ചു നില്ക്കുന്ന ഒരു കൂട്ടം പ്രവര്‍ത്തനങ്ങളുടെ വ്യാവഹാരിക സങ്കേതമാണ്. പ്രസ്തുക വ്യാവഹാരിക പാരമ്പര്യം ആധുനിക ലോകത്തോട് പ്രതികരിക്കുമ്പോള്‍ കേവലമായ നിയമ ഭാഷയെ മുന്‍നിര്‍ത്തിയുള്ള ഉപരിതല ഇടപെടലുകളല്ല ഉണ്ടാവേണ്ടത്. നിയമ വ്യവഹാരം നിലനില്‍ക്കുന്നത് മനുഷ്യ കര്‍തൃത്വം, ഭാഷ, സമൂഹം എന്നു തുടങ്ങി ഭൗതികതയെ തന്നെ മനസ്സിലാക്കുവാനുള്ള വിശ്വാസ പ്രമാണങ്ങളെ മുന്‍നിര്‍ത്തിയുള്ള സൈദ്ധാന്തിക വ്യാപഹാരങ്ങളിലാണ്. ഈ രീതിയില്‍ വിശ്വാസ സംഹിതയെ മുന്‍നിര്‍ത്തിയുള്ള വ്യാവഹാരിക തലത്തെ ദൈവശാസ്ത്രം എന്ന പ്രതലത്തിനു കീഴിലായി കണക്കാക്കാം.
അതോടൊപ്പം വിശ്വസ പ്രമാണങ്ങളെ അവലംബമാക്കി രൂപപ്പെടുന്ന പ്രവര്‍ത്തന മേഖല മുസ്ലിം കര്‍തൃത്വത്തെ അഭിസംബോധന ചെയ്യുന്നത് രാഷ്ട്രീയമെന്ന വിശാല ഇടത്തിലാണ്. രാഷ്ടീയം, സാമൂഹികം, സാമ്പത്തികം എന്നു തുടങ്ങി സര്‍വ്വവ്യാപിയായ മാറ്റങ്ങള്‍ക്ക് ആധുനികത വേദിയാവുന്നതിനാല്‍ ഇസ്ലാമിക കര്‍മ്മശാസ്ത്രം പ്രസ്തുക മാറ്റങ്ങങ്ങളോട് പ്രതികരിക്കേണ്ടത് ദൈവശസ്ത്രം, അതിലൂടെ ഉണ്ടായി വരുന്ന വിശാലമായ രാഷ്ട്രീയ ഇടത്തിന്റെ സാധ്യതകളെ കൂടി പരിഗണിച്ചു കൊണ്ടായിരിക്കണം. രാഷ്ട്രീയ ഇടത്തിന്റെയും, അതിന്റെ അടിസ്ഥാനമായ ദൈവശാസ്ത്രത്തെയും മുന്‍ നിര്‍ത്തിയാണ് നിയമം നിലനില്‍ക്കുന്നത്. ആധുനികതയിലെ വിമര്‍ശനങ്ങളോടും, വൈരുധ്യങ്ങളോടും പ്രതികരിക്കുവാനുള്ള ഉത്തരവാദിത്വം നിയമ വ്യവഹാരത്തില്‍ മാത്രം ചുരുങ്ങുന്നതല്ല. ദൈവശാസ്ത്രം, രാഷ്ട്രീയം, നിയമം എന്നിവ സമാന്തരമായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.
മനുഷ്യന്റെ ചരിത്രത്തെയും, ജീവിതത്തെയും അധികാരവും, വിജ്ഞാനവും മുന്‍നിര്‍ത്തി പുനര്‍നിര്‍മ്മിച്ചാണ് ആധുനികത നിലവില്‍ വന്നത്. ജ്ഞാനോദയ വ്യവഹാരം രൂപപ്പെടുത്തിയ ശരീരത്തെയും, മനസ്സിനെയും വേര്‍തിരിച്ചു കൊണ്ടുള്ള ജ്ഞാനശാസ്ത്രപാരമ്പര്യം, വെസ്റ്റ് ഫാലിയന്‍ രാഷ്ട്രങ്ങളുടെ പിറവി, വ്യാവസായിക വിപ്ലവം, കൊളോണിയല്‍ അധിനിവേഷം എന്നു തുടങ്ങി അധികാരവും, വിജ്ഞാനമേല്കോയ്മയും കൈവശമുള്ളവര്‍ രൂപപ്പെടുത്തിയ മാറ്റമാണ്. ഇവയെ കേവലമായ ദൈവിഹിതമെന്ന് പറയുന്നതിലുപരി ദൈവമാതൃകയ്ക്കും, മനുഷ്യകുലത്തിനുമെതിരെയുള്ള ആസൂത്രിത ഇടപെടലുകളായി തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലുകളാണ് വേണ്ടത്. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മാറ്റങ്ങളോടുള്ള വൈജ്ഞാനിക മുന്നേറ്റങ്ങള്‍ മുസ്ലിം സമൂഹത്തില്‍ നിന്ന് ഇനിയും ഉയര്‍ന്നുവരേണ്ടതുണ്ട്.
Add comment