(2018 ല്‍ തെളിച്ചം ചെയ്ത കവര്‍ ലേഖനം) (പുനപ്രസിദ്ധീകരണം )
ചെമ്പരിക്ക ഖാസിയും കാസര്‍കോട്ടെ ഉന്നത സ്ഥാനീയ പണ്ഡിതനുമായ സി എം അബ്ദുല്ല ഉസ്താദ് ദാരുണമായി വധിക്കപ്പെട്ടിട്ട് ഒമ്പതു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഖേദകരമെന്നോണം കൊലപാതകികളാരെന്ന് അന്വേഷിക്കേണ്ട ഉദ്യോഗസ്ഥ സംഘവും ചില തല്‍പര വൃത്തങ്ങളും ഇതൊരു ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുത്സിത ശ്രമങ്ങളിലാണ്. സി. ബി. ഐ സമര്‍പ്പിക്കുകയും കോടതി തള്ളുകയും ചെയ്ത കഴിഞ്ഞ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളും തീര്‍ത്തും വസ്തുതാ വിരുദ്ധമായി ആത്മഹത്യയാണ് ഉസ്താദിന്റെ മരണകാരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നത് റിപ്പോര്‍ട്ട് വായിക്കുന്ന ഏതൊരാള്‍ക്കും സുവ്യക്തമാവുന്നതാണ്.
സി എം ഉസ്താദിന്റെ മരണം കൊലപാതകമായിരുന്നുവെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ നിന്ന് തന്നെ വ്യക്തമാവുന്നുണ്ട്. ചുരുങ്ങിയ പക്ഷം, അങ്ങനെയൊരു സാധ്യത ശക്തമായി നില നില്‍ക്കുന്നതായെങ്കിലും അംഗീകരിച്ചേ മതിയാകൂ. കൊലപാതകമാണെന്ന് പറയാന്‍ മാത്രം സാഹചര്യത്തെളിവുകള്‍ നമ്മുടെ മുമ്പിലുണ്ട്. സി. എം ഉസ്താദുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി, ഉസ്താദിന്റെ സ്ഥാപനമായ എം. ഐ സിയുടെ ഭാരവാഹി എന്നീ വ്യക്തിപരമായ ബന്ധങ്ങള്‍ക്കപ്പുറത്ത് നിന്നുകൊണ്ട് തന്നെ ഖാസിയുടേത് കൊലപാതകമാണെന്ന് കേസിന്റെ ആദ്യഘട്ടം മുതല്‍ക്കേ ഉറപ്പിച്ച് പറയാന്‍ എന്നെ സംബന്ധിച്ചടത്തോളം മറ്റൊരുപാട് കാരണങ്ങളുണ്ടായിരുന്നു.
തീര്‍ത്തും പ്രസക്തവും അടിസ്ഥാനപരവുമായ ചില കാര്യങ്ങള്‍ ഖാസി വധക്കേസില്‍ പരിഗണിക്കപ്പെടാതെ പോയി എന്നത് തന്നെയാണ് അതില്‍ പ്രധാനം. ശാസ്ത്രീയമായ ഇത്തരം തെളിവുകളുടെ ഉറച്ച പിന്‍ബലം തന്നെയാണ് രണ്ടാം വട്ടവും സി. ബി. ഐ ആത്മഹത്യയാണെന്ന് ‘അന്വേഷണ റിപ്പോര്‍ട്ട്’ സമര്‍പ്പിച്ചതിന് ശേഷവും ഈ വാദത്തില്‍ ഉറച്ച് നില്‍ക്കാന്‍ കാരണം.
കേസിന്റെ തുടക്കം മുതല്‍ ഉന്നയിച്ച ചില ചോദ്യങ്ങളിലെ വസ്തുതകളെപ്പറ്റി യാതൊരു പ്രതികരണവും അന്വേഷണവിഭാഗം നടത്തിയിട്ടില്ല എന്ന ഒറ്റ വസ്തുതയുടെ അടിസ്ഥാനത്തില്‍ സി. ബി. ഐ റിപ്പോര്‍ട്ട് ഉള്‍പ്പെടെ കേസിലെ നിലവിലെ എല്ലാ നിഗമനങ്ങളും തള്ളിക്കളയേണ്ടതാണ് എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
ഏതൊരു കേസിനെ സംബന്ധിച്ചടത്തോളം പ്രധാനമായി അതിന്റെ തെളിവുകള്‍ നിയമത്തിന് മുമ്പില്‍ രണ്ട് തരമാണ്. ഒന്ന് ഡയരക്ട് എവിഡന്‍സ് (നേരിട്ടുള്ള/ ആസന്നമായ തെളിവുകള്‍, മറ്റൊന്ന് സര്‍കംസ്റ്റന്‍സ് എവിഡന്‍സ് (സാഹചര്യതെൡവുകള്‍). സംഭവം നേരിട്ടുകണ്ടു എന്നതിനെ ഡയരക്ട് എവിഡന്‍സിലും മറ്റുള്ളവയെ സാഹചര്യതെളിവുകളിലും ഉള്‍പ്പെടുത്താം. നിയമത്തിന് മുമ്പില്‍ രണ്ടു തെളിവുകളും പ്രാധാന്യപൂര്‍വം തന്നെ പരിഗണിക്കപ്പെടുന്നു.
ഖാസി ഉസ്താദിന്റെ കേസില്‍ സാഹചര്യത്തെളിവുകള്‍ വലിയ വഴിത്തിരിവുകള്‍ ഉണ്ടാക്കുമെന്നുറപ്പാണെന്നതുകൊണ്ടുതന്നെ അവ നിശേഷം അവഗണിച്ചതായി കണ്ടെത്താന്‍ സാധിക്കുന്നു. കേസില്‍ ഇത്തരം സാഹചര്യ തെളിവുകള്‍ ഇതുവരെയും വേണ്ട രീതിയില്‍ കൈകാര്യ ചെയ്യപ്പെട്ടിട്ടില്ല. അതിനാലാണ് ആത്മഹത്യ എന്ന നിഗമനത്തിനപ്പുറത്തേക്ക് കേസ് പോകാത്തത്. സി. ബി. ഐക്ക് മുമ്പ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലും ആത്മഹത്യയാണെന്ന പരാമര്‍ശങ്ങളും നിഗമനങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പൂര്‍ണാര്‍ഥത്തിലെത്തിയിരുന്നില്ല എന്നതാണ് വാസ്തവം.
ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടയിലാണ് കേസ് സി. ബി. ഐക്ക് കൈമാറിയത്. ക്രൈംബ്രാഞ്ചിന്റെ പരിമിതികള്‍ കണക്കിലെടുത്ത് ഖാസി കുടുംബത്തിന്റെയും മറ്റുജനകീയ സമരങ്ങളുടെയും കടുത്ത ആവശ്യമായിരുന്നു കേസ് സി. ബി. ഐ ക്ക് കൈമാറാന്‍ കാരണം. താരതമ്യേന ക്രൈം ബ്രാഞ്ചിനെക്കാള്‍ മികച്ച അന്വേഷണ വിഭാഗമാണ് സി.ബി.ഐ. എന്നിട്ടുപോലും കാര്യമായ അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല എന്നതാണ് ദൗര്‍ഭാഗ്യകരം. അതേസമയം സി.ബി.ഐ അന്വേഷിച്ച പലകേസുകളിലും വീഴ്ചപറ്റിയിട്ടുണ്ട് എന്ന വസ്തുത നാം ഇതോട് ചേര്‍ത്ത് വായിക്കുമ്പോള്‍ കാര്യം കുറച്ചുകൂടി ലളിതമാകും. ഒരുപാട് കേസുകളില്‍ സി.ബി.ഐ യെ തള്ളി സുപ്രീം കോടതി വിധിപ്രസ്താവം നടത്തിയിട്ടുമുണ്ട്.
എന്നാല്‍ ഖാളി കേസില്‍ സി. ബി. ഐ യുടെ നിഗമനങ്ങള്‍ക്ക് പ്രധാനമായും രണ്ട് വശങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. സി.ബി.ഐ മുന്‍ധാരണയോടെ കേസിനെ സമീപിച്ചു എന്നതാണ് അതിലെ ഏറ്റവും പ്രധാനവും ഗുരുതരവുമായ വശം. മുറപ്രകാരം അന്വേഷണ വിഭാഗമായ സി. ബി. ഐയെ സംബന്ധിച്ചിടത്തോളം എല്ലാ അന്വേഷണങ്ങള്‍ക്കും ശേഷം രൂപപ്പെടുത്തുന്ന അന്തിമ റിപ്പോര്‍ട്ട് (ഫൈനല്‍ റിപ്പോര്‍ട്ട്) സി.ബി.ഐ കോടതിയിലാണ് സമര്‍പ്പിക്കേണ്ടത്. എന്നാല്‍ സി.ബി.ഐ കോടതിക്ക് അന്വേഷണ റിപ്പോര്‍ട്ട് കാര്യ കാരണ സഹിതം തള്ളാനും കൊള്ളാനും അധികാരമുണ്ട്. ഖാസി കേസില്‍ രണ്ട് തവണ സി.ജെ.എം കോടതി റിപ്പോര്‍ട്ട് തള്ളി എന്നത് തന്നെ കേസിന്റെ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
അന്വേഷണ വിഭാഗം സാഹചര്യതെളിവുകള്‍ക്ക് യാതൊരുവിധ പരിഗണനയും കൊടുത്തില്ല എന്നത് വലിയ വീഴ്ചയാണ്. ഇതു തന്നെയാണ് അന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയിട്ടുണ്ട് എന്നതിനുള്ള വലിയ തെളിവ്. സി.ബി.ഐ തുടങ്ങിയുള്ള എല്ലാ അന്വേഷണ വിഭാഗവും വ്യക്തമായ മുന്‍ധാരണയോടുകൂടിയാണ് കേസ് കൈകാര്യം ചെയ്തത് എന്നതാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. ആദ്യഘട്ടം സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് സി. ബി. ഐ കോടതി (സി.ജെ.എം) ചില നിര്‍ദേശങ്ങളും നിരീക്ഷണങ്ങളും മുന്നോട്ട് വെച്ചിരുന്നു. പുനരന്വേഷണത്തില്‍ അവയെല്ലാം തന്നെ കൃത്യമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പക്ഷെ, രണ്ടാംഘട്ട അന്വേഷണത്തിലും ഇവയൊന്നും പരിഗണിച്ചിട്ടില്ല എന്നത് അന്വേഷണസംഘം കേസുമായി ശരിയായ ദിശയില്‍ മുന്നോട്ട് പോവാന്‍ തയ്യാറല്ല എന്ന നിരീക്ഷണത്തെ ബലപ്പെടുത്തുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ഇന്ത്യയിലെ നിയമ വ്യവസ്ഥകള്‍ മുന്‍നിര്‍ത്തി അവസാന നിമിഷം വരെ പോരാടുക എന്നതു മാത്രമാണ് പോംവഴി. ഖാസിയുടെ കുടുംബം, ആക്ഷന്‍ കമ്മിറ്റി തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് സമാന ആവശ്യവുമായി പ്രതികരിക്കുന്നവരുണ്ട് എന്നത് തന്നെ സമരം ജനകീയമാണെന്നതിന് തെളിവാണ്. പക്ഷെ മാധ്യമങ്ങള്‍ വലിയൊരളവോളം ഖാസി വധക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളെ അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിച്ചിട്ടില്ല. എന്നാല്‍പോലും പോരാട്ടം നാള്‍ക്കുനാള്‍ ശക്തമാവും എന്ന് തന്നെയാണ് നിലവിലെ സ്ഥിതി ഗതികളില്‍നിന്ന് മനസ്സിലാക്കപ്പെടുന്നത്.
സി.ബി.ഐ ക്ക് മുകളില്‍ നിരവധി മേല്‍കോടതികളും അന്വേഷണ ഏജന്‍സികളും നിലവില്‍ ഇന്ത്യയിലുണ്ട്. ഖാസി കേസ് സംബന്ധിച്ച് മറ്റൊരു ആശ്വാസം ഇന്ത്യയില്‍ പല കേസുകളിലും സി. ബി. ഐ യെ തള്ളിക്കൊണ്ട് മേല്‍ കോടതികളില്‍നിന്ന് ഉത്തരവുണ്ടായിട്ടുണ്ട് എന്നത് തന്നെയാണ്. ഇത്തരം കേസുകളില്‍ മുന്‍ കഴിഞ്ഞ എല്ലാ അന്വേഷണങ്ങളെയും തിരസ്‌കരിച്ചുകൊണ്ട് സുപ്രീം കോടതിയില്‍നിന്ന് വരെ വിധിപ്രസ്താവം ഉണ്ടായിട്ടുമുണ്ട്. ഖാസി കേസിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യങ്ങളെല്ലാം പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്. ഈയിടെ സമര്‍പ്പിച്ച സി. ബി. ഐ റിപ്പോര്‍ട്ടിലും അപാകതകളുണ്ട് എന്നത് എന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവല്ല. മുമ്പ് കേസിന്റെ ആവശ്യവുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ സമീപിച്ചപ്പോള്‍ ബന്ധപ്പട്ട ചില കാര്യങ്ങള്‍ ഉണര്‍ത്തുകയുണ്ടായി. അങ്ങനെയുണ്ടോ എന്ന ഭാവത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാവം. എന്നാല്‍ കേസ് ഫയല്‍ പരിശോധിച്ച ശേഷം അങ്ങനെയുണ്ട് എന്നായിരുന്നു അവരുടെ പ്രതികരണം. കേസ് ഫയല്‍ പോലും കൃത്യമായി അവലോകനത്തിന് വിധേയമാക്കാത്തവരായിരുന്നു അന്വേഷണ സംഘം എന്നല്ലേ ഇത് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഘട്ടം സി. ബി. ഐ അന്വേഷണത്തിനിടെ ഖാസിയുടെ കുടുംബക്കാരുള്‍പ്പെടെ മറ്റുചില അടുത്ത ബന്ധക്കാരെയും നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. അവരില്‍ ഒരാളുടെ മൊഴി നുണയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീടുള്ള അന്വേഷണം ഈ വസ്തുത കേന്ദ്രീകരിച്ചുകൊണ്ടായിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രസ്താവനക്ക് ശേഷം മൂന്ന് ദിവസത്തിനകം തന്നെ കേസ് പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥന്‍ മദ്രാസിലേക്ക് തിരിക്കുകയാണ് ഉണ്ടായത്. ലാസര്‍ എന്നായിരുന്നു ആ ഉദ്യോഗസ്ഥന്റെ പേര്. പിന്നീട് വന്ന സി.ബി.ഐ ഉദ്യോഗസ്ഥരോട് ഈ സംഭവത്തെക്കുറിച്ചും തുടരന്വേഷണത്തെ സംബന്ധിച്ചും ചോദിച്ചപ്പോള്‍ അങ്ങനെ ഉണ്ടായിരുന്നോ എന്ന് സംശയം പ്രകടിപ്പിച്ച് കേസ് ഫയല്‍ പരിശോധിക്കുകയാണുണ്ടായത്. ഈ കാര്യത്തക്കുറിച്ച് അന്വേഷണ സംഘം അറിഞ്ഞത് പോലും ആ സന്ദര്‍ഭത്തിലാണ്.
കേസുമായി ബന്ധപ്പെട്ട മറ്റൊരു ദൗര്‍ഭാഗ്യകരമായ സംഭവം സി. എം ഉസ്താദിന്റെ മേശപ്പുറത്ത് നിന്ന് ലഭിച്ച ഒരു മതസൂക്തമടങ്ങിയ കൈയെഴുത്ത് പ്രതിയായിരുന്നു. പ്രവാചകന്റെ കാലില്‍ വേദനയുണ്ടായ സംഭവം വിശദീകരിക്കുന്ന ഭാഗമായിരുന്നു അത്. തന്ത്രപൂര്‍വം അത് സി. എം ഉസ്താദിന്റെ കാലിലെ വേദനമൂലമാണ് ആത്മഹത്യ ചെയ്തതെന്ന് വരുത്തി തീര്‍ക്കാനും പത്രക്കാരെ അറിയിക്കാനുമുള്ള പോലീസിന്റെ വ്യഗ്രത അല്ലെങ്കില്‍ ബുദ്ധിമോശം പിന്നീട് തെളിയിക്കുകയുണ്ടായി. ഇത് മുന്‍നിര്‍ത്തി ആദ്യഘട്ടത്തില്‍ തന്നെ പോലീസുദ്യോഗസ്ഥര്‍ ആത്മഹത്യയാണെന്ന് തെളിയിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് സി. എം ഉസ്താദിന്റെ ബന്ധുക്കള്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഇതിനെക്കുറിച്ച് തൃപ്തമായ വിശദീകരണം നല്‍കുകയുണ്ടായി. കൊല്ലപ്പെടുന്നതിന്റെ ഏതാനും ദിവസം മുമ്പ് പ്രസിദ്ധീകരിച്ച ‘ബുര്‍ദ’ കാവ്യത്തിന് ഉസ്താദ് എഴുതിയ പരിഭാഷയുടെ ഭാഗമായിരുന്നു അത്. ചില തിരുത്തലുകളുടെ ആവശ്യാര്‍ഥമായിരുന്നു അവ മേശപ്പുറത്ത് വച്ചിരുന്നത്. എന്നാല്‍ പിന്നീട് ക്രൈം ബ്രാഞ്ചോ, സി. ബി. ഐ യോ ആരും തന്നെ ഇതൊന്നും ഗൗനിച്ചിട്ടില്ല എന്നത് തന്നെ ഈ വാദം ദുര്‍ബലമാണെന്നതിനുള്ള തെളിവാണ്. പിന്നീട് മറ്റുള്ള കാര്യങ്ങളാണ് ആത്മഹത്യക്കായി പരിഗണിച്ചത്.
കേസിന്റെ ചില ഘട്ടങ്ങളില്‍ പ്രകടമായ ചില രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടി തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്ന് വാദിക്കുകയും പത്രസമ്മേളനം വിളിക്കുകയും ചെയ്തു. പക്ഷെ, അതെല്ലാം തന്നെ രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടിയായിരുന്നു എന്ന് മാത്രമേ നോക്കിക്കാണാനാവൂ. എന്നാല്‍ അതില്‍ വസ്തുതകളുണ്ടെന്നോ ഇല്ലെന്നോ വിശ്വസിക്കുന്നില്ല. കേസില്‍ വിവിധ രാഷ്ട്രീയക്കാര്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്; എല്ലാം തന്നെ രാഷ്ട്രീയ ലാഭത്തിനായിരുന്നു.
ഒരുപാട് മുറവിളികളും കേസിലെ അന്വേഷണം പര്യാപ്തല്ലെന്ന ബഹുജന വികാരവും എന്നു തുടങ്ങിയുള്ള വാദങ്ങളുടെയും ഖാസിയുടെ കുടുംബത്തിന്റെ കടുത്ത ആവശ്യവും പരിഗണിച്ചാണ് കേസ് സി. ബി. ഐക്ക് കൈമാറിയത്. ഇത്തരം ഘട്ടത്തിലും കേസില്‍ വ്യക്തമായ അന്വേഷണം നടന്നിട്ടില്ല. മറിച്ചുള്ള അഭിപ്രായങ്ങള്‍ തീര്‍ത്തും അസംബന്ധമത്രേ. കാരണം, ഇന്ത്യയിലെ നിയമവ്യവസ്ഥയ്ക്ക് അനുസൃതമായി ഒരു അന്വേഷണം തുടങ്ങേണ്ടത് കൃത്യമായ ഒരു പോയന്റില്‍ ഉറച്ച് നിന്നുകൊണ്ടാണ്. പ്രധാനമായും ഖാസിയുടേത് പോലെ അസ്വാഭാവിക മരണം (അണ്‍ നാച്വറല്‍ ഡത്ത്) തുടങ്ങിയുള്ള കേസിന്റെ അന്വേഷണം തുടങ്ങേണ്ടത് തന്നെ കൊലപാതകം എന്ന പോയന്റില്‍ നിന്നുകൊണ്ടാണ്. അനന്തരം കൊലപതകമാകാനും അല്ലാതിരിക്കാനുമുള്ള തെളിവുകള്‍ വിസ്തരിച്ച് നിഗമനത്തിലേക്കെത്തിച്ചേരണം അതാണ് നടപടി ക്രമവും പതിവും. എന്നാല്‍ ഇതിന് വിപരീതമായി ഖാസി കേസില്‍ അന്വേഷണം ആദ്യഘട്ടത്തില്‍ തന്നെ തുടങ്ങുന്നത് ആത്മഹത്യയാണ് എന്ന പോയന്റില്‍ വെച്ചാണ്. അനന്തരം ആത്മഹത്യയാകാനുള്ള സാധ്യതകളെ മാത്രം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു. ഇതാണ് കേസ് ഈ വിധത്തിലേക്ക് എത്തിച്ചേരാനുള്ള പ്രധാന ഹേതു. തുടര്‍ച്ചയായുള്ള അന്വേഷണങ്ങളിലെല്ലാം മുന്‍വിധിയോടെയുള്ള സമീപനം വ്യക്തമാണ്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് അന്വേഷണവിഭാഗത്തിന് കേസില്‍ പ്രത്യേക താല്‍പര്യമുണ്ട് അല്ലെങ്കില്‍ പിന്നില്‍ അപരതാല്‍പര്യമുണ്ട് എന്നുതന്നെയാണ്. പക്ഷെ, അത് എന്താണ്? എന്തിനാണ്? എന്തുകൊണ്ടാണ് ? ആര്‍ക്കാണ് നേട്ടം? എന്നതെല്ലാം ഇപ്പോഴും അവ്യക്തമാണ്.
ഖാസി കേസുമായി ബന്ധപ്പെട്ട അതീവ ഗൗരവ തരമായ മറ്റു ചില കാര്യങ്ങളിലേക്ക് കടക്കാം. ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടാണ്. റിപ്പോര്‍ട്ടിനെ എല്ലാവരും അംഗീകരിക്കുകയും മറ്റൊരു പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ആവശ്യമില്ല എന്ന നിലക്കും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്ന ശാസ്ത്രീയ നിഗമനങ്ങളെ നാം പരിഗണനയിലെടുക്കണം. റിപ്പോര്‍ട്ട് അനുസരിച്ച് സി.എം ഉസ്താദിന്റെ ദേഹത്ത് നാല് പരിക്കുകളാണ് സംഭവിച്ചിട്ടുള്ളത്. അവ മരണത്തിന് മുമ്പ് സംഭവിച്ച പരിക്കുകളാണെ (ആന്റി മോര്‍ട്ടം ഇഞ്ചുറീസ്) ന്നും റിപ്പോര്‍ട്ട് തന്നെ കാണിക്കുന്നു. എന്നാല്‍ ഈ മുറിവുകള്‍ എങ്ങനെ സംഭവിച്ചുവെന്നോ ഇതിന്റെ കാരണമെന്താണെന്നോ ഒന്നും തന്നെ കൃത്യമായി കണ്ടെത്തുവാന്‍ പോലീസിനോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ സാധിച്ചിട്ടില്ല.
മരണത്തിന് മുമ്പാണ് ഈ മുറിവുകള്‍ സംഭവിച്ചത് എന്നത് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു കഴിഞ്ഞ യാഥാര്‍ത്യമാണ്. ഇതിനോട് മറ്റു ചില തെളിവുകള്‍ കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ചില ചിത്രങ്ങള്‍ കൃത്യമായി ലഭിക്കും. ഒന്ന്, സംഭവം നടന്നു എന്ന് പറയപ്പെടുന്ന സമയത്തോടടുത്ത് ഒരു വെളുത്ത കാര്‍ ആ ഭാഗത്തേക്ക് പോയി എന്ന് അബ്ദുല്ല അച്ച സി.ബി.ഐക്ക് നല്‍കിയ മൊഴി. രണ്ട്, ആ സമയത്ത് വലിയൊരലര്‍ച്ച കേട്ടതായി തൊട്ടടുത്ത വീട്ടിലെ സ്ത്രീ നല്‍കിയ മൊഴി. ഇവ രണ്ടും സി.ബി.ഐ സ്ഥിരീകരിച്ചതാണ്. എന്നാല്‍ കാറേതെന്നോ അലര്‍ച്ചയുടെ കാരണമെന്തായിരുന്നുവെന്നോ കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
വളരെ പ്രാധാന്യത്തോടെ ആലോചന വിധേയമാക്കേണ്ട മറ്റൊന്ന് ഉസ്താദിന്റെ ദേഹത്തിലെ നാലു മുറിവുകളാണ്. കഴുത്തിന്റെ അകത്തെ എല്ലിനേറ്റ പൊട്ട്, രണ്ട് കണ്ണിനും താഴ്ഭാഗത്ത് രക്തം പൊടിഞ്ഞു കിടക്കുന്ന രണ്ട് മുറിവുകള്‍, ഒരു കുറ്റിക്കാട്ടിലൂടെ വലിച്ച് കൊണ്ട് പോയാല്‍ കാലിനുണ്ടായേക്കാവുന്ന തരം പോറലുകള്‍ ( ലീനിയര്‍ അബ്രിയേഷന്‍). കഴുത്തിന്റെ അകത്തെ എല്ലാണ് പൊട്ടിയിരിക്കുന്നത്. ശാസ്ത്രീയമായി നോക്കിയാല്‍ ബാഹ്യമായ ഒരു ശക്തിയുടെ പുറകോട്ടുളള ശക്തമായ തള്ളു കൊണ്ടോ കഴുത്ത് പിടിച്ച് തിരിക്കല്‍ കൊണ്ടോ മാത്രമേ അകത്തെ എല്ല് പൊട്ടുവാന്‍ സാധ്യതയുള്ളൂ. മറ്റു പരിക്കുകള്‍ കൂടി ഇതിനോട് ചേര്‍ത്ത് വായിക്കുകയാണെങ്കില്‍ വ്യക്തമാവുന്ന സാധ്യമായ ഒരു ചിത്രം ഇങ്ങനെയായിരിക്കണം: പിന്നില്‍ നിന്ന് വരുന്ന ഒരാള്‍ ഒരു കൈ കൊണ്ട് ശരീരം ബലമായി പിടിക്കുകയും മറ്റെ കൈവിരലുകള്‍ കണ്ണിന് താഴ്ഭാഗത്ത് വെച്ച് തല ശക്തമായി പുറകോട്ട് ഒടിക്കുകയും ചെയ്യുന്നു. സ്വഭാവികമായും പ്രതിരോധിക്കാന്‍ വേണ്ടി ഉസ്താദ് ശക്തി പ്രയോഗിക്കുമ്പോള്‍ കണ്ണിന് താഴെ രക്തം പൊടിയുകയും തല ആഞ്ഞ് പിന്നോട്ട് വലിച്ചത് കാരണം കഴുത്തെല്ല് പൊട്ടുകയും ചെയ്തിരിക്കാം. പക്ഷെ, കഴുത്തെല്ല് പൊട്ടുന്നത് മരണത്തിന് കാരണമാവില്ലെന്ന് ശാസ്ത്രം പറയുന്നു. എങ്കില്‍ ബലഹീനനായ ഉസ്താദിനെ വലിച്ച് കൊണ്ട് പോവുകയും അത് മുമ്പ് പ്രതിപാദിച്ച തരത്തിലുള്ള പോറലുകള്‍ സൃഷ്ടിക്കുകയും ചെയ്തിരിക്കാം, വലിച്ച് കൊണ്ട് പോയവര്‍ അദ്ദേഹത്തൈ വെള്ളത്തിലേക്കു തള്ളുകയും ചെയ്തിരിക്കണം. അങ്ങനെയെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ഉസ്താദിന്റെ മരണം വെള്ളം കുടിച്ചു തന്നെയായിരിക്കണം.
ഈ ഘടകങ്ങള്‍ മുഴുവന്‍ അവഗണിച്ചു കൊണ്ടാണ് അന്വേഷണ സംഘം നീങ്ങിയിരിക്കുന്നത്. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നിര്‍ബന്ധ ബുദ്ധി കാരണം ബാലിശവും ദുര്‍ഗ്രഹവുമായ തെളിവുകളാണവര്‍ നിരത്തുന്നത്. അതിലൊന്ന് ഉസ്താദ് കാറിന്റെ ലോണടച്ചു തീര്‍ക്കുകയും കടങ്ങള്‍ വീട്ടുകയും ചെയ്തു എന്നതാണ്. ഇത് രണ്ടും നടക്കുന്നത് ഉസ്താദിന്റെ മരണത്തിന് പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ്. അഥവാ സി. ബി. ഐയെ സംബന്ധിച്ചിടത്തോളം ഉസ്താദ് പത്ത് ദിവസം മുമ്പെ തന്നെ ആത്മഹത്യക്കുള്ള തീരുമാനം എടുത്തിട്ടുണ്ട് . എന്നാല്‍ ഈ പത്ത് ദിവസത്തിനുള്ളില്‍ സൂയിസൈഡ് സയന്‍സ് പറയുന്ന തരത്തിലുള്ള ഒരു മാറ്റവും ഉസ്താദിന്റെ ജീവിത രീതികളില്‍ ഉണ്ടായതായി തെളിഞ്ഞിട്ടില്ല. വളരെ സ്വാഭാവികമായി കഴിയുകയും പരിപാടികളില്‍ പങ്കെടുക്കുകയും എം. ഐ. സി യുടെ കാര്യങ്ങള്‍ നോക്കി നടത്തുകയും പതിനഞ്ചാം തീയ്യതിക്ക് ശേഷമുള്ള ദിവസങ്ങളിലേക്ക് പരിപാടികളേറ്റെടുക്കുക വരെയും ഉസ്താദ് ചെയ്തിട്ടുണ്ട്.
അന്വേഷണ സംഘം മുന്നോട്ട് വെക്കുന്ന മറ്റാരു തെളിവ് ഉസ്താദിന്റെ കരളിന് ബാധിച്ച അസുഖവും അതു കാരണം അസഹനീയമായ വേദനയുണ്ടാകുമെന്ന വൈദ്യ റിപ്പോര്‍ട്ടുകളുമാണ്. വേദന സഹിക്കാന്‍ കഴിയാതെ ആത്മഹത്യക്ക് തയ്യാറായതാവാമെന്നണ് സി. ബി. ഐ യുടെ നിഗമനം. എന്നാല്‍, ആത്മഹത്യക്ക് മാസങ്ങള്‍ക്ക് മുമ്പാണ് ഉസ്താദ് ചികിത്സക്കു വേണ്ടി അപ്പോളോ ഹോസ്പിറ്റലിലെത്തുന്നതും ഈ റിപ്പോര്‍ട്ട് ലഭിക്കുന്നതും. അതിന് ശേഷമുള്ള ദിവസങ്ങളിലൊന്നും തന്നെ ഈ വേദനയുടെ ലക്ഷണം ഉസ്താദില്‍ പ്രകടമായിരുന്നില്ല. ഒരു രോഗം പല പ്രത്യാഘാതങ്ങള്‍ക്കും കാരണമാവാമെകിലും അതേല്‍ക്കുന്ന ശരീരത്തിന്റെ പ്രതിരോധ ശേഷിക്കനുസരിച്ച് ആഘാതങ്ങളുടെ ശക്തിയിലും പ്രതിഫലനങ്ങളിലും വ്യത്യാസങ്ങള്‍ സംഭവിക്കാമെന്നതും ചിലപ്പോള്‍ ഒരു പ്രത്യാഘാതവും ഇല്ലെന്ന് തന്നെ വരാമെന്നതും ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളാണ്. എന്നാല്‍ ഇവ ഒന്നും തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പ്രധാനമായി തോന്നിയില്ല എന്നത് അത്യന്തം ഖേദകരവും സംശയാസ്പദവുമാണ്.
മറ്റൊന്ന്, ഉസ്താദിന്റെ മൃതശരീരം എവിടെ കണ്ടെത്തി എന്നതാണ്. രാവിലെ ആദ്യമായി കടലില്‍ ഒരു ശരീരം പൊങ്ങിക്കിടക്കുന്നതായി കണ്ട സ്ഥലവും പിന്നീട് ഒന്ന് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം കരയ്‌ക്കെടുക്കുമ്പോള്‍ ഉണ്ടായിരുന്ന സ്ഥലവും തമ്മില്‍ നാല്‍പത് മീറ്ററുകളുടെ അകലമുണ്ട്. ഇവ രണ്ടിനെയും ബന്ധിപ്പിക്കുന്ന നേര്‍ രേഖ മൃതദേഹം ഒഴുകി വന്ന ദിശയിലേക്ക് നീട്ടിയാല്‍ എത്തുന്നത് കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന വിജനമായ ഒരു സ്ഥലത്തേക്കാണ്. അഥവാ ഉസ്താദ് ആത്മഹത്യ ചെയ്തുവെന്ന് സി ബി ഐ പറയുന്ന കടുക്കാകല്ല് എന്ന ധാരണ തന്നെ തെറ്റാണെന്ന് അംഗീകരിക്കേണ്ടി വരും.
ഈ ഘടകങ്ങളൊക്കെ തള്ളിക്കളയാനാവാത്ത സാധ്യതകളാണ്. ഇവ പരസ്പരം ബന്ധപ്പെടുത്തുമ്പോള്‍ ആസൂത്രിതമായ ഒരു കൊലപാതകം നടന്നതിനുള്ള മതിയായ തെളിവുകളുമുണ്ട്. എന്നാല്‍ കൊലപാതകത്തെ കുറിച്ചും കൊലയാളികളെ കുറിച്ചും സുതാര്യമായ ഒരന്വേഷണം നടക്കുന്നതിനെ ഭയക്കുന്ന ചില വലിയ ശക്തികള്‍ അന്വേഷണത്തെ സ്വാധീനിക്കുന്നുവെന്ന് തന്നെ പറയേണ്ടി വരുന്നു.
ഒന്നാം സി.ബി.ഐ റിപ്പോര്‍ട്ടു തള്ളിയപ്പോള്‍ സി.ജെ.എം കോടതി നിര്‍ദേശിച്ച യാതൊന്നും നിലവിലെ റിപ്പോര്‍ട്ടിലും പരിഗണിച്ചിട്ടില്ല എന്നത് ചില നഗ്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് തന്നെയല്ലേ വിരല്‍ ചൂണ്ടുന്നത്? അവ സ്വീകരിച്ചാല്‍ മേല്‍കോടതി കേസ് പരിശോധിച്ച രീതിയിലേക്ക് വഴിമാറുമെന്നുറപ്പാണ്. നിലവില്‍ സി. ബി. ഐ അടക്കമുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ആത്മഹത്യ എന്ന നിഗമനത്തിലെത്തിയത്. അത് നിയമപരമായി കോടതി അംഗീകരിച്ചിട്ടില്ല; സ്വീകരിക്കാനും തള്ളാനും മറ്റൊരു വഴി സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം കോടതിക്കുണ്ട്. അതേസമയം തന്നെ സി. ബി. ഐ യിലെ ഏറ്റവും താഴെക്കിടയിലുള്ള കോടതിയാണ് എറണാകുളത്തുള്ളത്.
പുനരന്വേഷണത്തിന് സി.ബി.ഐ കോടതി ഉത്തരവ് പുറപ്പെടുവിച്ച സമയം ചില നിര്‍ദേശങ്ങള്‍ വെച്ചിരുന്നു. അതൊന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് നിലവിലെ സി.ബി.ഐ റിപ്പോര്‍ട്ടിന്റെ ഏറ്റവും വലിയ ന്യൂനത. നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ആത്മഹത്യയാണെന്നതിനുള്ള ചില ശാസ്ത്രീയ പരിശോധനകള്‍ ചെയ്യണമെന്നായിരുന്നു. അഥവാ, ആത്മഹത്യ ചെയ്യുന്നതിനെ സംബന്ധിച്ചുള്ള തത്വങ്ങള്‍ തുടങ്ങിയവ സ്ഥിരീകരിക്കേണ്ടതുണ്ട്. ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചാലുള്ള അവസ്ഥ സ്വഭാവ രീതികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വ്യക്തമായ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ ഏറെ പ്രസക്തമാണ്. ഖാസി കേസില്‍ ഇതുവരെ ഇത്തരത്തിലുള്ള അന്വേഷണം നടന്നിട്ടില്ല. ഇവ്വിധ വിഷയങ്ങളിലുള്ള വിദഗ്ദാഭിപ്രായം ചേര്‍ത്തുകൊണ്ടാവണം രണ്ടാമത്തെ റിപ്പോര്‍ട്ട് നല്‍കേണ്ടത് എന്നതായിരുന്നു സി.ജെ.എം കോടതിയുടെ കല്‍പന. എന്നാല്‍ ഇത് ഒരര്‍ഥത്തിലും നിലവിലെ റിപ്പോര്‍ട്ടില്‍ പരിഗണിച്ചിട്ടില്ല. രാജ്യത്ത് ഈയിടെ നടന്ന ചില ആത്മഹത്യാ കേസുകളില്‍ ഇത്തരം ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സി.ജെ.എം കോടതി ആവശ്യപ്പെട്ടിട്ടും അങ്ങനെ ഒരന്വേഷണം ഖാസി കേസില്‍ നടന്നിട്ടില്ല എന്നത് തന്നെ ഗുരുതരമായ വീഴ്ചയാണ്.
കേസിലെ നിയമപോരാട്ടം സത്യം കണ്ടെത്തുന്നത് വരെ തുടരാനാണ് വ്യക്തിപരമായ എന്റെ തീരുമാനം. അതു തന്നെയാണ് എന്റെ അഭ്യര്‍ഥനയും. ആത്യന്തികമായി പറഞ്ഞാല്‍ കേസില്‍ ഇതുവരെ പുറത്തു വന്നതെല്ലാം നിഗമനങ്ങള്‍ മാത്രമാണ്. ആദ്യം അന്വേഷണം നടത്തിയ ഡിവൈ.എസ്.പി ഉള്‍പ്പെടെ സി.ബി.ഐ വരെയുള്ളവരെല്ലാം പോലീസുദ്യോഗസ്ഥര്‍ മാത്രമാണ്. എന്നാല്‍ കോടതിയാണ് ഇതില്‍ അന്തിമ തീരുമാനം കൈകൊള്ളേണ്ടത്. രണ്ട് തവണയും ആത്മഹത്യയാണെന്നുള്ള റിപ്പോര്‍ട്ടുകളെ കോടതി തള്ളുകയാണുണ്ടായത് എന്ന വസ്തുത ആശ്വാസം പകരുന്നു. ഇന്ത്യയിലെ പരമോന്നത കോടതിയുടെ വിധിയാണ് അന്തിമ വിധി. അതുവരെ കാത്തിരിക്കാം. പോരാട്ടം തുടരാം