(പുനപ്രസിദ്ധീകരണം)
ഇന്ന് ലോകത്ത് വളരെയധികം ഒച്ചപ്പാടുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണ് കമ്മ്യൂണിസം. അഭ്യന്തര രംഗത്തും അന്താരാഷ്ട്രീയ രംഗത്തും അതിന്റെ അനുകൂല-പ്രതികൂല പ്രതിധ്വനികള്‍ അലതല്ലുന്നുണ്ട്. പണ്ഡിതനും പാമരനും ഈ വിഷയത്തില്‍ ചിന്തിക്കുന്നുണ്ട്. കുടിലിലും കൊട്ടാരത്തിലും ഇതു ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഇങ്ങനെയുള്ള ഒരു പ്രശ്‌നത്തില്‍ നിന്നു സാര്‍വജനീനവും സാര്‍വകാലികവുമായ ഇസ്‌ലാമിന്ന് വിട്ടുനില്‍ക്കുക സാധ്യമല്ലല്ലോ.
എന്നാല്‍ ഏതൊരു പ്രശ്‌നത്തെക്കുറിച്ചും -അതെത്ര ചെറുതാവട്ടെ വലുതാവട്ടെ-അതിന്റെ നാനാവശങ്ങളെ സംബന്ധിച്ചും കൂലങ്കഷമായി ചിന്തിച്ചും വിശകലനം ചെയ്തുമല്ലാതെ ഇസ്‌ലാമിക ദൃഷ്ട്യാ അതിനൊരു വിധിയെഴുതുക ന്യായമോ യുക്തമോ ആയിരിക്കില്ല. അതിനാല്‍ കമ്മ്യൂണിസം എന്താണെന്നു ഇവിടെ ചുരുക്കത്തില്‍ വിവരിച്ചുകൊണ്ട് അതുമായി ഇസ്‌ലാമിന്നുള്ള ബന്ധമെന്താണെന്നു വ്യക്തമാക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
കമ്മ്യൂണിസത്തിന്റെ ഉത്ഭവം
1818-ല്‍ ജര്‍മനിയിലെ ട്രിയര്‍ പട്ടണത്തില്‍ യഹൂദി വംശജനായി ജനിച്ച കാറല്‍മാര്‍ക്‌സ് ആണ് കമ്മ്യൂണിസത്തിന്റെ ഉപജ്ഞാതാവ്. യൂറോപ്യന്‍ മുതലാളിത്വം അതിന്റെ ഉത്തുംഗതയില്‍ സ്ഥിതി ചെയ്തിരുന്ന കാലമായിരുന്നു അത്. സമ്പത്തും ധനാഗമന മാര്‍ഗങ്ങളുമെല്ലാം ചുരുക്കം ചില വ്യക്തികളുടെ കുത്തകയായിരുന്നു. മാര്‍ക്‌സ് ചെറുപ്പം മുതലേ നിര്‍ഭയനും ധര്‍മവിലോപിയും മര്‍ക്കടമുഷ്ടിക്കാരനുമായാണ് വളര്‍ന്നുവന്നത്. അദ്ദേഹം തന്റെ ബുദ്ധിയില്‍ തോന്നുന്നത് പ്രവര്‍ത്തിക്കുകയും താന്‍ ഒരിക്കലും പിഴക്കുകയില്ലെന്നു വിശ്വസിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക വിദഗ്ദന്മാരായിരുന്ന സെന്റ്-സൈമണ്‍, ചാര്‍ലെസ് ഫൗരിയര്‍, റോബര്‍ട്ട് ഓവന്‍, ലൂയിബ്ലാന്‍ എന്നിവരുടെ ചിന്താഗതിയില്‍ നിന്നു അദ്ദേഹം പലതും പഠിച്ചു, 1841-ല്‍ ഔദ്യോഗിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പ്രവര്‍ത്തന രംഗത്തേക്കിറങ്ങി.
അക്കാലത്ത് ഇംഗ്ലണ്ടില്‍ റിക്കാര്‍ഡോ, അഡം സ്മിത്ത് എന്നിവരുടെ സാമ്പത്തിക ആദര്‍ശങ്ങള്‍ക്കു പൊതുവില്‍ സ്വീകരണം ലഭിച്ചിരുന്നു. ഫ്രാന്‍സില്‍ വോള്‍ടയര്‍, റൂസ്സോ എന്നിവരുടെ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിട്ടും ഉണ്ടായിരുന്നു. ഇതു രണ്ടില്‍ നിന്നും വേര്‍പ്പെട്ട് ജര്‍മനിയില്‍ ഹെഗലിന്റെ തത്വശാസ്ത്രം ശക്തിയായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇവയില്‍ നിന്നെല്ലാം മാര്‍ക്‌സ് പലതും പഠിച്ചു. തന്റെ വിശ്വസ്ത കൂട്ടുകാരനും വലംകൈയുമായിരുന്ന ഫ്രെഡറിക് എംഗല്‍സിനെ 1844-ല്‍ പാരിസില്‍ വെച്ചാണ് അദ്ദേഹത്തിനു ലഭിച്ചത്.
മാര്‍ക്‌സിന്റെ തത്വശാസ്ത്രം
നിലവിലുണ്ടായിരുന്ന സാമ്പത്തിക വ്യവസ്ഥയില്‍ സമൂലമായ ഒരു പരിവര്‍ത്തനം ഉണ്ടാക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ ജീവിതത്തിന്റെ ഏതെങ്കിലും ഒരു വശത്ത് അടിസ്ഥാനപരമായ മാറ്റം വരുത്തുമ്പോള്‍ മറ്റു വശങ്ങളേയും പാടെ മറിച്ചു പുനഃക്രമീകരിക്കേണ്ടതായി വരുമല്ലോ. ഈ തത്വമനുസരിച്ച് മാനുഷിക ജീവിതത്തിന്റെ എല്ലാതുറകളിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കു അടിസ്ഥാന നിലയിലുള്ള രചനാത്മകമായ ഒരു തത്വ ശാസ്ത്രം അദ്ദേഹത്തിനു കെട്ടിപ്പടുക്കേണ്ടിവന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ചിന്താ സരണിയില്‍ ഭൗതികത്വത്തിന്നും ഭക്ഷണ പ്രശ്‌നത്തിന്നുമല്ലാതെ മറ്റൊന്നിന്നും ഇടമില്ലാതിരുന്നതിനാല്‍ തല്‍പ്രകൃതിക്കനുസരിച്ച് നിയമിക്കപ്പെട്ട ജീവിത ലക്ഷ്യവും ശാസ്ത്രീയ പദ്ധതിയും കേവലം ഭൗതികമായ ലക്ഷ്യവും പദ്ധതിയും മാത്രമായി രൂപപ്പെട്ടു. ഇദ്ദേഹം തയ്യാറാക്കിയ പ്രസ്തുത ജീവിത പദ്ധതിക്കാണ് മാര്‍ക്‌സിസം അഥവാ കമ്മ്യൂണിസം എന്നു പറയുന്നത്.
ഇതില്‍ സാമ്പത്തിക പ്രശ്‌നത്തിനുള്ള പരിഹാരം മാത്രമല്ല, സ്വഭാവം, സംസ്‌കാരം, നാഗരികത എന്നിവയെ കുറിച്ചുള്ള പദ്ധതികളും ഉള്‍കൊണ്ടിട്ടുണ്ട്. മാര്‍ക്‌സിന്റെ എല്ലാ നിര്‍ദേശങ്ങളുടെയും അടിസ്ഥാനമായ ഭൗതിക തത്വശാസ്ത്രത്തിനു സാങ്കേതികമായി വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദമെന്നു പറയുന്നു. പ്രപഞ്ചത്തെ കുറിച്ച് മാര്‍ക്‌സിന്റെ വിശകലനം വൈരുദ്ധ്യാധിഷ്ഠിതമായതാണ് അങ്ങനെ പറയാന്‍ കാരണം. ഈ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം ലെനിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മാര്‍ക്‌സിസത്തിന്റെ ജീവനും അടിക്കല്ലുമാണ്. വര്‍ഗ സമരവും ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനവും വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ രണ്ട് വശങ്ങളാണ്. ലോകത്ത് ഇതുവരെ ഉണ്ടായിക്കൊണ്ടിരുന്നതെല്ലാം സാമ്പത്തിക പ്രശ്‌നത്തിന്റെയും വര്‍ഗ സമരത്തിന്റെയും തുടര്‍ച്ചയായ കഥാപരമ്പരയാണെന്നാണ് അദ്ദേഹം പറയുന്നത്. മതമാകട്ടെ, സദാചാരമാകട്ടെ, ഒന്നും തന്നെ അതിന്റെ പ്രവര്‍ത്തന പരിധിയില്‍ നിന്നു പുറത്തുപോകുന്നില്ല.
യേശുവിന്റെ ആത്മീയ ഉപദേശങ്ങളും മുഹമ്മദ് നബി(സ്വ)യുടെ ഇസ്‌ലാം മത പ്രബോധവും എല്ലാം വയറിന്നും റൊട്ടിക്കും വേണ്ടി ആയിരുന്നുവെന്നാണ് മാര്‍ക്‌സിസത്തിന്റെ വ്യാഖ്യാനം.
കമ്മ്യൂണിസം ദൈവനിഷേധം
ലോകത്ത് ഇതുവരെ സംഭവിച്ചതെല്ലാം വര്‍ഗപരവും സാമ്പത്തികവുമായ സംഘട്ടനങ്ങളുടെ ഒരു തുടര്‍ച്ചയായ കഥയാണ് എന്ന മാര്‍ക്‌സിന്റെ വാദം സമ്മതിച്ചു കഴിഞ്ഞാല്‍ പിന്നെ യാതൊരു മതത്തിന്നും ദൈവത്തിന്നും ഇവിടെ സ്ഥാനമില്ല. ലോകത്തെ അണുക്കള്‍ വഴി ഗ്രഹിക്കാന്‍ ശ്രമിക്കുന്ന തനി ഭൗതിക വാദത്തിന്മേല്‍ അധിഷ്ഠിതമായ ആ തത്വശാസ്ത്രത്തില്‍ മതപരമോ, ആത്മീയമോ ആയ യാതൊരു ആദര്‍ശത്തിന്റെയും പ്രശ്‌നം ഉത്ഭവിക്കുന്നില്ല. അദൃശ്യനായ ലോകസ്രഷ്ടാവിനെ കുറിച്ചുള്ള ഭാവന അവരിലുണ്ടാവുക സംഭവ്യമേ അല്ല.
പരിശുദ്ധ ഇസ്‌ലാമിക ചിന്തകളുടെ ആവിര്‍ഭാവം തന്നെ ലോകസ്രഷ്ടാവിനെക്കുറിച്ചുള്ള ബോധത്തില്‍ നിന്നാണ്. ആദ്യമായി ലോക സ്രഷ്ടാവിനെ ഗ്രഹിക്കുന്നു. അതിനു ശേഷമാണ് മറ്റുള്ളതെല്ലാം. ഇങ്ങനെയുള്ള ഇസ്‌ലാമും കമ്മ്യൂണിസവും എങ്ങനെ ഒരു സ്ഥലത്ത് ഒരുമിച്ച് കൂടും! അത് ഒരിക്കലും സാധ്യമല്ല. അവ രണ്ടും ഉത്തര ദക്ഷിണ ധ്രുവങ്ങളെ പോലെ വ്യത്യസ്തങ്ങളാണ്. ഒന്നിനോടു എത്രകണ്ട് സമീപിക്കുന്നുവോ അത്രകണ്ട് മറ്റേതില്‍ നിന്നു അകന്നുപോകുന്നു.
കമ്മ്യൂണിസത്തിന്റെ സംവിധായകനായ മാര്‍ക്‌സ് തന്നെ പറയുന്നത് കാണുക: ‘കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നു’. സുപ്രസിദ്ധ ചിന്തകനും തത്വജ്ഞാനിയുമായ എം.എന്‍ റോയി എഴുതുകയാണ്: ‘കമ്മ്യൂണിസത്തിന്റെ തത്വശാസ്ത്രം ഭൗതികവാദമാകുന്നു. അതു മതത്തെ പിന്നാമ്പുറത്തേക്ക് എറിയുന്നു. ആത്മീയമായ യാതൊന്നും അത് സമ്മതിക്കുന്നില്ല. ജീവിതത്തെക്കുറിച്ചും സൃഷ്ടികളെക്കുറിച്ചുമുള്ള മതപരമായ അഭിപ്രായത്തെ അതു നിഷേധിക്കുന്നു…. മാര്‍ക്‌സിന്റെ തത്വശാസ്ത്രത്തില്‍ മനുഷ്യന്‍ ഏതോ ഒരു അദൃശ്യ ശക്തിയുടെ കയ്യിലുള്ള ഉപകരണമല്ല. മനുഷ്യന്‍ അധിവസിക്കുന്ന ലോകത്തെ അവന്‍ തന്നെയാണ് സൃഷ്ടിക്കുന്നത്. അവന്‍ തന്നെയാണ് സമുദായത്തേയും സൃഷ്ടിക്കുന്നത്. ആകയാല്‍ ഒരു വ്യക്തിപരമായ ദൈവവിശ്വാസമാകട്ടെ, ആരാധാനാഫലത്തെക്കുറിച്ചോ ലോകത്തെക്കുറിച്ചോ ഉള്ള മതപരമായ അഭിപ്രായമാകട്ടെ അവയിലൊന്നും തന്നെ മാര്‍ക്‌സിന്റെ സിദ്ധാന്തത്തോടിണങ്ങിച്ചേരില്ല എന്നുള്ളത് തികച്ചും വ്യക്തമാണ്. Independence of India (January 29, 1939).
ലെനിന്‍ പറയുന്നത് കാണുക: മാര്‍ക്‌സിസത്തിന്റെ- കമ്മ്യൂണിസത്തിന്റെ – താത്വികമായ അടിസ്ഥാനം മാര്‍ക്ക്‌സും, ഏഞ്ചല്‍സും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുള്ളതുപോലെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമാണ്. ഇതാകട്ടെ തികച്ചും നിരീശ്വരപരവും സവ്വമതവിരുദ്ധവുമാകുന്നു. (മാര്‍ക്‌സ് ഏഞ്ചല്‍സ് മാര്‍ക്‌സിസം 273). ‘നാം മതത്തിന്നെതിരായി സമരം ചെയ്യണം. ഭൗതിക വാദത്തിന്റെ എ.ബി.സി അതാണ്. മാര്‍ക്‌സിസത്തിന്റെ എ.ബി.സി യും അത് തന്നെ.” ( Religion By Lenin- 21). ഒരു വലിയ കമ്മ്യൂണിസ്റ്റ് ഗ്രന്ഥകര്‍ത്താവായ ബുഖാറിന്‍പ്രിയോ ബ്രാസന്‍സ്‌കി അദ്ദേഹത്തിന്റ എ. ബി. സി ഓഫ് കമ്മ്യൂണിസം എന്ന പുസ്തകത്തില്‍ എഴുതിയത് കാണുക: ”മതവും കമ്മ്യൂണിസവും കേവലം പരസ്പരവിരുദ്ധങ്ങളായ രണ്ടാശയങ്ങളാണ്. താത്വികമായും പ്രായോഗികമായും അവ പരസ്പരം വിരുദ്ധങ്ങളാണ്. കമ്മ്യൂണിസ്റ്റ് ആവുകയും അതേ അവസരത്തില്‍ ഒരു മതത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ അക്കാരണം കൊണ്ടു തന്നെ അവന്‍ കമ്മ്യണിസ്റ്റ് അല്ലാതെയാകുന്നു.” ലെനിന്‍ പറയുന്നു: ‘നിരീശ്വരത്വം കമ്മ്യൂണിസത്തിന്റെ അവിഭാജ്യഘടകമാകുന്നു. അതിനാല്‍ വര്‍ഗബോധമുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നിരീശ്വരത്വത്തിനുവേണ്ടി പ്രചാര വേല ചെയ്യണം.’ (റിലീജന്‍ പേജ് 7).
ഇത്രയും പ്രസ്താവിച്ചതില്‍ നിന്നു കമ്മ്യൂണിസമെന്ന ‘ഇസം’ തന്നെ നിരീശ്വരത്വത്തില്‍ അധിഷ്ഠിതമാണെന്നും ദൈവനിഷേധം അതിന്റെ അവിഭാജ്യഘടകമാണെന്നും അതുകൊണ്ട് കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും ഒരു നിരീശ്വരവാദിയാകാതെ തരമില്ലെന്നും വ്യക്തമായല്ലോ.
എന്നാല്‍ ഇന്നു കമ്മ്യൂണിസത്തെ അനുകൂലിക്കുന്ന നമ്മുടെ സുഹൃത്തുക്കളില്‍ രണ്ടുതരം അഭിപ്രായക്കാരെ കാണുന്നുണ്ട്. ഒരുകൂട്ടര്‍ പറയുന്നതു ഇപ്രകാരമാണ്: കമ്മ്യൂണിസം നിരീശ്വരത്വമാണെന്നും, അവര്‍ നിരീശ്വരവാദികളാണെന്നും പറയുന്നത് ശരിയായിരിക്കാം. പക്ഷെ, അതു റഷ്യയിലും ചൈനയിലും ഉള്ള കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ്കളുമാണ്. ഇന്ത്യന്‍ കമ്മ്യൂണിസവും പാര്‍ട്ടിയും അങ്ങനെയല്ല, ഈ വാദം അജ്ഞതകൊണ്ടോ പൊതുജനങ്ങളെ മനഃപൂര്‍വ്വം വഞ്ചിക്കുവാന്‍ വേണ്ടിയോ മാത്രം പറയുന്നതാണ്. അതൊരിക്കലും സ്വീകാര്യമല്ല. അതിന്നു പ്രധാനമായി രണ്ടു കാരണങ്ങളുണ്ട്: ഒന്ന്, നമ്മുടെ പ്രധാനമന്ത്രി നെഹ്‌റു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ചൂണ്ടിക്കൊണ്ടു എത്രയോ പ്രാവശ്യം പറഞ്ഞു നൂറ് കൊല്ലം മുമ്പ് ആവിഷ്‌കരിക്കപ്പെട്ട ഒരു കര്‍മ്മപദ്ധതി (മാര്‍ക്ക്‌സിസം) ഇന്ത്യക്കു പറ്റില്ല എന്ന്. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട ഒരൊറ്റ കമ്മ്യൂണിസ്റ്റ് നേതാവെങ്കിലും നാളിതുവരെ പറഞ്ഞിട്ടുണ്ടോ ഞങ്ങള്‍ മാര്‍ക്‌സിസത്തില്‍ വിശ്വസിക്കുന്നവരോ, മാര്‍ക്ക്‌സിന്‍ സിദ്ധാന്തം ഇവിടെ നടപ്പില്‍ വരുത്താനുദ്ദേശിക്കുന്നവരോ അല്ലാ എന്ന്?. നേരേമറിച്ചു അവരില്‍ പലരും തങ്ങള്‍ മാര്‍ക്ക്‌സിസ്റ്റുകളാണെന്നും പാര്‍ട്ടി ഇവിടെ നിരീശ്വരത്വം പ്രചരിപ്പിക്കുമെന്നും തുറന്നു പ്രസ്താവിച്ചിട്ടുണ്ട്. ഒന്നുരണ്ടു ഉദാഹരണം മാത്രം ഇവിടെ ചൂണ്ടിക്കാണിക്കാം:
ഇന്ത്യയിലെ കമ്മ്യൂണിസറ്റ് പ്രമുഖന്മാരില്‍ ഒരാളായിരുന്ന സ: ജീ അധികാരി, മീറത്ത് ഗൂഢാലോചന ക്കേസില്‍ കോടതി മുമ്പാകെ കൊടുത്ത മൊഴി ഇങ്ങനെയായിരുന്നു: ”മാര്‍ക്ക്‌സിന്റെ അനുയായികളും ഭൗതികവാദികളും എന്ന നിലക്ക് ഞങ്ങള്‍ മതത്തിന്റ കഠിനവിരോധികളും ദൈവനിഷേധികളുമാകുന്നു. എന്നാല്‍ മതത്തിന്നെതിരായ വിശ്വാസപരമായ പ്രചാരവേലകള്‍കൊണ്ടു മാത്രം മതത്തെ ഉന്മൂലനം ചെയ്യാന്‍ സാധിക്കയില്ലെന്നു ഞങ്ങള്‍ക്കു നല്ലപോലെ അറിയാം. വര്‍ഗ സമരത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം മതത്തോടുള്ള പോരാട്ടമെന്നു ലെനിന്‍ ശക്തിയായി പറഞ്ഞിട്ടുണ്ട്. മതനശീകരണ പ്രചാരവേല സംബന്ധിച്ച തങ്ങളുടെ പ്രവര്‍ത്തനത്തെ സാര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ്സ് അതിന്റെ അഞ്ചാം സമ്മേളനത്തില്‍ വിശദമാക്കിയതിങ്ങനെയാണ്: ബൂര്‍ഷ്വാ വര്‍ഗം പ്രചരിപ്പിച്ചിട്ടുള്ള ഊഹാപോഹങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ സര്‍വ്വപ്രധാനമായ ഒരു വശം മതത്തോടെതിരായ പോരാട്ടമാകുന്നു. എന്നാല്‍ ഈ പോരാട്ടം വളരെ ബുദ്ധിപൂര്‍വ്വവും സൂക്ഷ്മതയോടും കൂടി വേണം. പ്രത്യേകിച്ചു അനുദിന ജീവിതത്തില്‍ മതം ശക്തിയായി വേരൂന്നിപ്പിടിച്ചിട്ടുള്ള തൊഴിലാളി വിഭാഗത്തില്‍ ഈ സമരം വളരെ സൂക്ഷിച്ചുവേണ്ടതാണ്.’ (മതവും കമ്മ്യൂണിസവും പേജ് 12).
കേരളത്തിലെ ഒരു വലിയ കമ്മ്യൂണിസ്റ്റ് നേതാവായ സ: പി. ആര്‍. നമ്പ്യാര്‍ 6-10-1956-ലെ ”നവയുഗ’ത്തില്‍ എഴുതിയ ഒരു ലേഖനത്തില്‍ ഇങ്ങനെ കാണുന്നു: എല്ലാ കാലത്തും മാര്‍ക്ക്‌സിസം ദൈവവിശ്വാസത്തിന്നു സ്ഥാനം നല്‍കുന്നില്ലെന്നുള്ള സത്യം പാര്‍ട്ടി പ്രചരിപ്പിക്കും. ആളെ കിട്ടുകയില്ലെങ്കിലും അതു പ്രചരിപ്പിക്കണം. കാരണം അത് സത്യമാണ്. അതു മൂടിവെച്ചുകൂടാ ”.
ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് സ്വര്‍ഗം സ്വപ്‌നം കാണുന്ന നമ്മുടെ ഇമിറ്റേഷന്‍ മുസല്‍മാന്‍ എന്ത് പറയുന്നു?. സ: അധികാരിയും സ: നമ്പ്യാരും വ്യക്തികളെന്ന നിലക്കല്ല സംസാരിക്കുന്നത്. പാര്‍ട്ടി ദൈവത്തില്‍ വിശ്വസിക്കുന്നില്ല, പാര്‍ട്ടി നിരീശ്വരത്വം പ്രചരിപ്പിക്കും, പാര്‍ട്ടി മതത്തിന്റെ കഠിന വിരോധികളാണ് എന്നെല്ലാമാണ് അവര്‍ പറയുന്നത്.
മുസ്‌ലിംകളുടെ അനുഭാവം നേടുവാന്‍ വേണ്ടി കമ്മ്യൂണിസ്റ്റുകള്‍ ചില താല്‍ക്കാലിക ആനുകൂല്യങ്ങള്‍ അവര്‍ക്കുവേണ്ടി ചെയ്‌തേക്കാം. പക്ഷേ, എലിക്കെണിയില്‍ പൊരിച്ച മത്സ്യം വെക്കുന്നത് എലികളോടുള്ള ദീനാനുകമ്പ കൊണ്ടല്ലെന്നും, ചൂണ്ടയില്‍ ഇരകോര്‍ത്തു വെള്ളത്തിലേക്കു എറിയുന്നതു മത്സ്യങ്ങളുടെ നേരയുള്ള ഔദാര്യ ബുദ്ധികൊണ്ടല്ലെന്നും മനസ്സിലാക്കുവാനുള്ള ബുദ്ധി നമുക്കില്ലാതെ പോയാല്‍ അത് വളരെ കഷ്ടമായിരിക്കും.
രണ്ടാമതായി, ഏതൊരു പ്രസ്ഥാനത്തിനും ചില അടിസ്ഥാനതത്വങ്ങളും അവിഭാജ്യഘടകങ്ങളും ഉണ്ടായിരിക്കുന്നതാണ്. അവയില്‍ ഒന്നു ഉപേക്ഷിക്കപ്പെട്ടാല്‍ പിന്നെ അത് ‘അതാ’യിരിക്കയില്ല. ഉദാഹരണമായി നമസ്‌കാരത്തില്‍ തക്ബീര്‍, റുകൂഅ്, സുജൂദ് എന്നിവ അതിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അവയില്‍ ഒന്നുപേക്ഷിക്കപ്പെട്ടാല്‍ അതു നമസ്‌കാരമേ ആവുകയില്ല. അതുപ്രകാരംതന്നെ നിരീശ്വരത്വം കമ്മ്യൂണിസത്തിന്റെ അവിഭാജ്യഘടകമാണെന്നു മാര്‍ക്‌സ്, ലെനിന്‍, ബുഹാരിന്‍ മുതലായവര്‍ പ്രസ്താവിച്ചവത് നാം കണ്ടു. അപ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസത്തില്‍ നിരീശ്വരത്വം ഇല്ലെങ്കില്‍ അത് കമ്മ്യൂണിസമേ ആവുകയില്ല. എന്നാല്‍ ഇതു കമ്മ്യൂണിസമാണെന്നതില്‍ തര്‍ക്കമില്ലല്ലോ. അപ്പോള്‍ അതില്‍ നിരീശ്വരത്വം ഇല്ലെന്നു പറയുന്നതെങ്ങനെ? മാത്രമല്ല, റഷ്യയിലെ കമ്മ്യൂണിസമല്ല ഇന്ത്യയിലെ കമ്മ്യൂണിസമെന്ന് പറയുന്നത്, അറേബ്യയിലെ ഇസ്‌ലാം അല്ല ഇന്ത്യയിലെ ഇസ്‌ലാം എന്ന് പറയുന്നതുപോലെയാണ്. വാസ്തവത്തില്‍ ലോകത്തെവിടെയുമുള്ള ഇസ്‌ലാം ഒന്നാണല്ലോ, അതുപോലെതന്നെ ലോകത്തെവിടെയുള്ള കമ്മ്യൂണിസവും ഒരുപോലെത്തന്നെയാണ്.
മറ്റു ചില മുസ്‌ലിംകളുടെ ന്യായം ഇങ്ങനെയാണ്: കമ്മ്യൂണിസ്റ്റുകള്‍ നിരീശ്വരവാദികളോ നിര്‍മതക്കാരോ എന്തോ ആയിക്കൊള്ളട്ടെ, നമുക്കെന്താണ്? നാം അല്ലാഹുവില്‍ വിശ്വസിക്കുകയും മുസ്‌ലിംകളായി ജീവിക്കുകയും ചെയ്താല്‍പോരെ. മറ്റുള്ളവരുടെ ഭരണം നാം കണ്ടുകഴിഞ്ഞു. ഇനി ഇവരും കൂടി ഭരിക്കട്ടെ, എന്നാല്‍ ഇതും ഏറ്റവും വലിയ അജ്ഞതയില്‍നിന്നുടലെടുത്തതാണ്. എന്തുകൊണ്ടെന്നാല്‍, ഈ ലോകത്ത് ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് ഭരണം ഉടലെടുത്തത് റഷ്യയിലായിരുന്നു. അവിടെ അവര്‍ എന്താണ് ചെയ്തതെന്നു നിങ്ങള്‍ക്കറിയണമെങ്കില്‍ ഭ്രഷ്ട കേരളകമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ധനകാര്യ മന്ത്രിയും കേരളത്തിലെ ഒരു തലയെടുപ്പുള്ള കമ്യൂണിസ്റ്റ് നേതാവുമായ സ: സി. അച്ചുതമേനോന്‍ എഴുതിയ ‘സോവിയറ്റു നാട്’ എന്ന പുസ്തകത്തില്‍നിന്നു ഉദ്ധരിക്കുന്ന വരികള്‍ നോക്കുക: ‘പ്രധാനമായി നാലുകാര്യങ്ങളാണ് സോവിയറ്റു ഗവണ്‍മെന്റ് ഇതിനു (മതത്തെ നശിപ്പിക്കുന്നതിനു) സ്വീകരിച്ചിട്ടുള്ളത്.
(1). വിദ്യാലയങ്ങളില്‍ മതം പഠിപ്പിക്കാന്‍ പാടില്ല.
(2) സമുദായ സേവനപരങ്ങളായ സ്ഥാപനങ്ങളൊന്നും ഏര്‍പെടുത്താനും നടത്താനും പുരോഹിതന്മാര്‍ക്കു പാടില്ല. പുരോഹിതന്മാര്‍ക്കെന്നല്ല മതാവശ്യത്തിന്നായി ആര്‍ക്കും പാടില്ല
(3) മതവിരോധ പ്രചാരവേലക്കുള്ള സൗകര്യം നിയമം അനുവദിക്കുന്നുണ്ട്. (4) മത പ്രചാരകന്മാര്‍ക്കു മറെറാരു വലിയ വിഷമം നേരിടുന്നത്, തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കത്തക്ക പുസ്തകങ്ങള്‍ കിട്ടാന്‍ വളരെ ഞെരുക്കമാണെന്നതാണ്. റഷ്യയില്‍ പുസ്തക പ്രസിദ്ധീകരണം ഒരു സര്‍ക്കാര്‍ കുത്തകയാണ്. സര്‍ക്കാരില്‍നിന്നു അതിനായി പ്രത്യകം ഏര്‍പ്പെടുത്തുന്ന വകുപ്പില്‍ നിന്നാണ് ഇന്നയിന്ന പുസ്തകങ്ങള്‍ അടിക്കണമെന്നു നിര്‍ണയിക്കുന്നത്. അതില്‍ മതഗ്രന്ഥങ്ങള്‍ ഒരിക്കലും പെടുകയില്ല”. ഈ നിലവെച്ചു നോക്കുമ്പോള്‍ ഇന്ത്യ പൂര്‍ണമായും കമ്മ്യൂണിസത്തില്‍ അമര്‍ന്നു കഴിഞ്ഞാല്‍ ജംഇയ്യത്തുകള്‍ക്കൊ, മതവിദ്യാഭ്യാസ ബോര്‍ഡുകള്‍ക്കോ എണ്ണമറ്റ ദര്‍സ്-മദ്രസകള്‍ക്കോ, ജമാഅത്തെ ഇസ്‌ലാമിക്കോ ഒന്നും തന്നെ ഇവിടെ നിലനില്‍്പില്ല.
റഷ്യന്‍ പിനല്‍കോഡിലെ 122-ാം വകുപ്പ് എന്തു പറയുന്നുവെന്ന് നോക്കാം: ‘പൊതുവിദ്യാലയങ്ങളിലോ സ്വകാര്യ വിദ്യാലയങ്ങളിലോ കുട്ടികളെ മതതത്വങ്ങള്‍ പഠിപ്പിക്കുന്നവരേയും അതിനോട് ബന്ധപ്പെട്ട മറ്റു വകുപ്പുകള്‍ ലംഘിക്കുന്നവരെയും ഒരു കൊല്ലത്തിന് കഠിന വേലക്ക് ശിക്ഷിക്കുന്നതാണ്’. ഇതു കമ്മ്യൂണിസത്തിന്റെ ശരിയായ നിറം വ്യക്തമാക്കുന്നില്ലേ?. ‘ഏന്‍സര്‍ ടു കമ്മ്യൂണിസം’ എന്ന പുസ്തകത്തില്‍ കാറല്‍മാര്‍ക്‌സ് പറയുന്നു: മതത്തിന്റെ പേരിലുള്ള സ്വാധീന ശക്തികള്‍ക്കും മതപരമായ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും നിങ്ങളൊരവസാനം വരുത്തണം’ (പേജ് 15).
അവസാനമായി ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി: മതപ്രസംഗങ്ങളില്‍ കമ്മ്യൂണിസത്തിന്റെ നിരീശ്വരവശം ചൂണ്ടിക്കാണിക്കുന്നതിനെ ഇസ്ലാമില്‍ ജനിച്ചുവളര്‍ന്ന ചില കമ്മ്യൂണിസ്റ്റുകള്‍ ആക്ഷേപിക്കുന്നതായി കേള്‍ക്കുന്നുണ്ട്. അതു ഇസ്‌ലാമിനെക്കുറിച്ചോ ഒരു മത പ്രസംഗകന്റെ ചുമതലയെക്കുറിച്ചോ കമ്മ്യൂണിസ്റ്റുകള്‍ക്കുള്ള അജ്ഞതകൊണ്ടാണെന്നു പറയാതെ തരമില്ല.
മാന്യ സുഹൃത്തുക്കളേ! ഇസ്‌ലാമിനെ ലോകത്തുനിന്നു ഉന്മൂലനം ചെയ്യാനുള്ള സകല കരുനീക്കങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ പറയുന്നു: ”അപരിഷ്‌കൃതമായ ഒരു മതമാണ് ഇസ്‌ലാം. അതു യഹൂദമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും ആത്മീയ വാദികളുടേയും തത്വങ്ങള്‍ കൂട്ടിക്കുഴച്ചെടുത്ത ഒരു ഉന്മത്തമതമാണ്”. (On the truces of the antique civilization of the khorezem, Moscow 1949 P 221,222) അറബി പ്രധാനികളായ കോളണിക്കൊതിയന്മാരുടെ അക്രമണങ്ങളെ നീതീകരിക്കാന്‍ കണ്ടുപിടിക്കപ്പെട്ട ഒന്നാണ് ഇസ്‌ലാം മതം’ (C. Gohfourov, History of the Traji People. 1. Page 131) ഇസ്‌ലാം മതത്തെ സമൂലം നശിപ്പിച്ചല്ലാതെ കമ്മ്യൂണിസത്തെ കെട്ടിപ്പടുക്കാന്‍ സാധ്യമല്ല’ (Kizil uzbekistan communish news paper May 23-1-1952).
ഇത്രയും പ്രസ്താവിച്ചതില്‍ നിന്നു കമ്മ്യൂണിസം എന്താണെന്നും, ഇസ്‌ലാമും കമ്മ്യൂണിസവും തമ്മിലുള്ള ബന്ധം എന്താണെന്നും തികച്ചും ഗ്രഹിച്ചിരിക്കുമെന്ന് വിശ്വസിക്കുന്നു. ഈ കാര്യങ്ങളെല്ലാം മനസ്സില്‍ വെച്ച്ുകൊണ്ട് കമ്മ്യൂണിസത്തെ പറ്റെ പരാജയപ്പെടുത്തണമെന്ന് മുസ്‌ലിംകളോടു പ്രത്യേകമായും മറ്റുള്ളവരോട് പൊതുവായും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
(1961 ഫെബ്രുവരി 7,8,9 തീയതികളില്‍ തിരൂരങ്ങാടി കക്കാട് നടന്ന സമസ്ത സമ്മേള സുവനീറിലെ ലേഖനം. സമസ്തയുടെ മുഖ്യസാരഥികളിലൊരാളും 44 വര്‍ഷം സെക്രട്ടറിയുമായിരുന്ന ആ മഹാമനീഷി 2000 ഏപ്രില്‍ 16-ന്ന് പരലോക പ്രാപ്തനായി.)
Add comment