സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സ്ഥാപക നേതാക്കളില്‍ പ്രധാനിയും സംഘടനയുടെ വളര്‍ച്ചയില്‍ ശ്രദ്ധേയ സാന്നിധ്യവുമായിരുന്ന പണ്ഡിതനാണ് മൗലാനാ അബുല്‍ഹഖ് മുഹമ്മദ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍. സമസ്തയുടെ പ്രഥമ വൈസ് പ്രസിഡന്റും പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ വിയോഗ ശേഷം സമസ്തയുടെ അധ്യക്ഷനുമായ അദ്ദേഹം ജന്മദേശമായ കോട്ടക്കലിനടുത്ത് വാളക്കുളം പുതുപ്പറമ്പ് കേന്ദ്രമാക്കിയായിരുന്നു തന്റെ മത-വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
അദ്ദേഹത്തിന്റെ പിതാവ് ഖാജാ മുഹമ്മദ് എന്ന കോയാമുട്ടി മുസ്‌ലിയാര്‍ അറിയപ്പെട്ട സൂഫിവര്യനും ഖാദിരി, രിഫാഈ ആത്മീയ സരണികളുടെ ശൈഖുമായിരുന്നു. സമസ്ത രൂപീകരണത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പാങ്ങില്‍ അഹ്‌മദ്കുട്ടി മുസ്‌ലിയാര്‍ വാളക്കുളത്തെ വീട്ടില്‍ കോയാമുട്ടി മുസ്‌ലിയാരെ സന്ദര്‍ശിച്ചു. ആഗമനോദ്ദേശ്യം പങ്കുവെച്ചപ്പോള്‍ അദ്ദേഹം മറുപടി നല്‍കിയത,് എന്റെ പ്രാര്‍ത്ഥനയും ആശീര്‍വാദവും സര്‍വപിന്തുണയുമുണ്ടാകും; പ്രവര്‍ത്തനങ്ങള്‍ക്കായി മകന്‍ മുഹമ്മദിനെയും നല്‍കാം എന്നായിരുന്നു.
അങ്ങനെ പിതാവിന്റെ നിര്‍ദേശപ്രകാരം മൗലാനാ മുഹമ്മദ് അബ്ദുല്‍ബാരി മുസ്‌ലിയാര്‍ പാങ്ങില്‍ ഉസ്താദിന്റെ വലംകൈയായി സംഘടനാ രംഗത്തെ സഹചാരിയായി മാറി. സുസമ്മതനും സര്‍വ്വ സ്വീകാര്യനുമായ കോയാമുട്ടി മുസ്‌ലിയാരെയും മകന്‍ അബ്ദുല്‍ ബാരി മുസ്‌ലിയാരെയുമായിരുന്നു പ്രശ്‌ന നിവാരണങ്ങള്‍ക്കും തര്‍ക്ക പരിഹാരങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മറ്റുമായി നാനാദിക്കുകളിലുമുള്ള ബഹുജനങ്ങള്‍ സമീപിച്ചിരുന്നത്. ഇതില്‍ ജാതി-മത, വര്‍ഗ-വര്‍ണ വ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ല. സമ്പന്നരും ദരിദ്രരും അഭയംതേടിയിരുന്നത് അവിടെത്തന്നെ.
അക്കാലത്താണ് വേങ്ങര കച്ചേരിപ്പടി സ്വദേശിയായ മുല്ലശ്ശേരി മുഹമ്മദ് കുട്ടി എന്ന പ്രമുഖന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത്. ഇതറിഞ്ഞ നാട്ടുകാര്‍ അദ്ദേഹത്തിനെതിരെ തിരിയുകയും പ്രദേശത്തെ സ്വസ്ഥമായ അന്തരീക്ഷം കലങ്ങിമറിയുകയും ചെയ്തു. വിഷയത്തില്‍ നിര്‍ണായകമായ തീര്‍പ്പുകല്‍പിക്കുന്നതിനായി മുഹമ്മദ് കുട്ടിയുടെ ബന്ധുക്കള്‍ പണ്ഡിത ശ്രേഷ്ഠനായ അബ്ദുല്‍ബാരി മുസ്‌ലിയാരെ സമീപിച്ചു. മുഹമ്മദ് കുട്ടിയെ വിചാരണക്കായി വീട്ടിലേക്കെത്തിക്കാനായിരുന്നു അബ്ദുല്‍ബാരി മുസ്‌ലിയാര്‍ നിര്‍ദേശിച്ചത്. സ്രഷ്ടാവ് ഇല്ല, മതം ഇല്ല എന്നു പറയുന്ന കമ്യൂണിസത്തെയാണ് നീ പുല്‍കിയതെങ്കില്‍ ഇതോടെ നീ മത പരിത്യാഗി (മുര്‍തദ്ദ്)യായിട്ടുണ്ട്. അതല്ല; ഒരു പാര്‍ട്ടി എന്ന നിലക്ക് ചേര്‍ന്നതാണെങ്കില്‍ നീയൊരു വന്‍ദോഷം (കബീറത്ത്) ആണ് ചെയ്തിരിക്കുന്നത്. ആയതിനാല്‍ അതിവേഗം ഖേദപ്രകടനം (തൗബ) ചെയ്തു മടങ്ങേണ്ടത് നിന്റെ ബാധ്യതയാണ്. 1962-ലാണ് ഈ സംഭവം നടക്കുന്നത്.
കമ്യൂണിസവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും മതത്തിനും സമൂഹത്തിനും ആപത്കരമാണെന്ന ഗൗരവം നേരത്തെ തിരിച്ചറിഞ്ഞവരായിരുന്നു പൂര്‍വ പണ്ഡിതര്‍. അവരുടെ പാത തന്നെയാണ് പുതിയ കാലത്തും മാതൃകയാക്കേണ്ടത്.
Add comment