Thelicham

അഖ്‌സയിലെ മുറാബിത്വാതും മുസ്‌ലിം ഇടപെടലുകളും

വ്യത്യസ്ത അടരുകളെ പ്രതിപാദിക്കുന്ന ചരിത്രാഖ്യാനങ്ങളാണ് ബൈതുല്‍ മഖ്ദിസിനുള്ളത്. ഇമാം ഗസ്സാലിയുടെ ഇഹ്‌യയും, സുല്‍ത്താന്‍ സ്വലാഹുദ്ദീന്റെ വിജയവുമെല്ലാം വിശുദ്ധമായ ഈ മൂന്നാം ഹറമുമായി ബന്ധം പുലര്‍ത്തുന്നതാണ്. സത്രീകള്‍ എങ്ങനെയാണ് മസ്ജിദുല്‍ ഹറമുമായി ബന്ധപ്പെട്ടിരുന്നത്, അവരും ഈ മൂന്നാം ഹറമുമായിട്ടുള്ള ബന്ധമെന്താണ് എന്നീ ആലോചനകള്‍ പ്രസക്തമാണ്.


ഇമാം ഖാളീ ഇബ്‌നുല്‍ അറബി തന്റെ ഗ്രന്ഥമായ സിറാജുല്‍ മുരീദീനില്‍ ബൈതുല്‍ മഖ്ദിസിനെ സംരക്ഷിച്ച 1000 സ്ത്രീകളുടെ ചരിത്രം പറയുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ബൈതുല്‍ മുഖദ്ദസിന് എക്കാലത്തും അഭിമാനമായി ഒരു കൂട്ടം പണ്ഡിതവനിതകള്‍ കൂടിയുണ്ട്. അവര്‍, പണ്ഡിതകളും, വിശ്വാസിനികളുമായിരുന്നു. കാലം 1099, ശഅബാന്‍ അവസാനിക്കാന്‍ പന്ത്രണ്ട് ദിവസം കൂടിയുണ്ട്. ഒരു വെള്ളിയാഴ്ച ദിനം സ്ത്രീകളെല്ലാം ബൈതുല്‍ മഖ്ദിസിന്റെ തിരുമുറ്റത്ത് ഒരുമിച്ചു കൂടിയിരിക്കുകയാണ്. അവര്‍ ഖുബ്ബക്കരികിലായിട്ടാണ് നിലയുറപ്പിച്ചത്. ചുറ്റിലും റോമന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. അവര്‍ ധീരമായി കല്ലും മണ്ണും വാരിയെടുത്തെറിയാന്‍ തുടങ്ങി. ഉശിരന്‍ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. അപ്പുറത്ത് റോമന്‍ സൈന്യം വാളുകൊണ്ട് പടപൊരുതുകയാണ്. ഈ സംഭവം നേരില്‍ കണ്ട ഒരാള്‍ പറഞ്ഞതനുസരിച്ച് അവര്‍ ആയിരത്തോളമുണ്ടായിരുന്നു’.


ആയിരം വനിതകള്‍..!അവര്‍ ആയിരത്തോളമുണ്ടായിരുന്നു. അധ്യാപകരും, വിദ്യാര്‍ത്ഥിനികളും പണ്ഡിതരുമായ വനിതകള്‍. അവര്‍ അഖ്‌സ കീഴടക്കിയ ചരിത്രത്തിലെ ഏറെ ക്രൂരന്മാരും നികൃഷ്ടരുമായ ഒരു ജനതയുമായിട്ടാണ് യുദ്ധം ചെയ്യുന്നത്. സാറ്റലൈറ്റ് ടെലിവിഷനുകളിലൂടെ നിരന്തരം സംപ്രേഷണം ചെയ്യപ്പെടുന്ന നിലവിലെ സയണിസ്റ്റ് ഭീകരതയെക്കുറിച്ചും അക്രമത്തെക്കുറിച്ചുമല്ല നമ്മള്‍ സംസാരിക്കുന്നത്. മറിച്ച്, ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്കുമുമ്പ് മസ്ജിദുല്‍ അഖ്‌സ കീഴടക്കാന്‍ വന്ന രക്തരൂഷിതമായ കുരിശുയുദ്ധവുമായി ബന്ധപ്പെട്ട ചരിത്രത്തെയാണ് നമ്മള്‍ ഇവിടെ അനാവരണം ചെയ്യുന്നത്.

ഇമാം ഇബ്‌നുല്‍ അറബി നമ്മെ ഉണര്‍ത്തുന്നതു പോലെ അഖ്‌സയില്‍ സ്ത്രീകളുടെ ഒരു സംഘം തന്നെയുണ്ടായിരുന്നു. അവര്‍ അവരുടെ പഠനവും ഇതര പ്രവര്‍ത്തികളുമായി മുന്നോട്ടുപോകുമ്പോള്‍ തന്നെ, അഖ്‌സയെ ലക്ഷ്യമാക്കി വന്ന കുരിശുപടയാളികളോടും അവരുടെ ക്രൂരമായ നടപടികള്‍ക്കുമെതിരെ ആത്മധൈര്യത്തോടെ സ്വയം ബലിയര്‍പ്പിക്കാനും തയാറായി.


ബൈതുല്‍ മഖ്ദിസും മസ്ജിദുല്‍ അഖ്‌സയും മുസ്‌ലിം ഹൃദയാന്തരങ്ങളില്‍ എത്രമാത്രം ആഴത്തില്‍ പതിഞ്ഞിരിക്കുന്നുവെന്നതിന്റെ നേര്‍കാഴ്ചയാണ് ഈ സ്ത്രീ പോരാട്ടം നമ്മോട് പറയാന്‍ ശ്രമിക്കുന്നത്. അഖ്‌സയുമായി ബന്ധപ്പെട്ട് നിലവില്‍ വന്ന ആദ്യ മുസ്‌ലിം ആലോചന അതിന്റെ വ്യാപനവുമായി ബന്ധപ്പെട്ടായിരുന്നു. അഖ്‌സയില്‍ ഡോം ഓഫ് റോക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ ഖലീഫ മുസ്‌ലിംകളോട് അഭ്യര്‍ത്ഥിക്കുന്നതും, അതിന് അക്കാലത്തെ പണ്ഡിതന്മാര്‍ ‘ഇജ്മാഇയ്യായ’ നിലപാടെടുക്കുന്നതുമായിരുന്നു ഇത്.


‘രിബാത്വ്’ എന്ന പദവുമായുള്ള അഖ്‌സയുടെ ബന്ധമാണ് മറ്റൊരു ആലോചന. ശത്രുക്കളുമായുള്ള യുദ്ധത്തിനിടയില്‍ ആരാധനക്കായി തയ്യാറാക്കുന്ന താത്കാലിക ഏര്‍പ്പാടിനാണ് രിബാത്ത് എന്ന് പൊതുവെ അഭിസംബോധന ചെയ്യാറുള്ളത്. അതുപ്രകാരം, അഖ്‌സയിലെ ആരാധകര്‍ ഇപ്രകാരമായിരുന്നു വിവരിക്കപ്പെട്ടിരുന്നത്  

‘രാത്രികളില്‍ ആരാധകരും, പകലുകളില്‍ സിംഹങ്ങളുമാണ് അവര്‍’ അവരെല്ലാം കുരിശുയുദ്ധത്തില്‍ വീര പോരാളികളായി ശഹാദത്ത് സ്വീകരിക്കുകയായിരുന്നു. പണ്ഡിതരായും, സദ്‌വൃത്തരായും ഏകദേശം മൂവായിരത്തിലധികം പേരുണ്ടായിരുന്നു അവര്‍. കുരിശു കൂട്ടക്കൊലക്കൊന്നും സാക്ഷ്യം വഹിക്കാനായില്ലെങ്കിലും അഖ്‌സയിലെ പണ്ഡിതരില്‍ പ്രധാനിയായിരുന്നു ഇമാം ഗസ്സാലി. ചില നിവേദനങ്ങളനുസരിച്ച് അദ്ദേഹം തന്റെ പ്രസിദ്ധമായ ‘ഇഹ്‌യാ ഉലൂമുദ്ദീന്‍’ എന്ന ഗ്രന്ഥം രചിക്കുന്നത് അഖ്‌സയുടെ തിരുമുറ്റത്തിരുന്നുകൊണ്ടായിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ സഹായത്തോടെ സയണിസ്റ്റ് ക്രൂരതകള്‍ നിരന്തരം ഉയരുന്ന ഇക്കാലത്ത് മസ്ജിദുല്‍ അഖ്‌സയെ സംരക്ഷിക്കുകയെന്ന മുറാബിത്വ ആശയം പ്രസക്തമായി തന്നെ നിലനില്‍ക്കുകയാണ്.


ഉറച്ച പ്രതിഫലം

 

മസ്ജിദുല്‍ ഹറമിന് ശേഷം ഭൂമിയിലെ ജനതക്കായി അല്ലാഹുവിന്റെ കല്‍പനപ്രകാരം നിര്‍മ്മിക്കപ്പെട്ട രണ്ടാമത്തെ പവിത്രമായ ഇടമാണ് മസ്ജിദുല്‍ അഖ്‌സ. ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരമാണ്. അബൂ ദരില്‍ ഗിഫാരി (റ) ഒരിക്കല്‍ നബിയോട് ചോദിച്ചു. ‘നബിയേ, ലോകത്ത് ആദ്യമായി നിര്‍മ്മിക്കപ്പെട്ട പള്ളിയേതാണ്?’. ഉടനെ മുഹമ്മദ് നബി(സ) മസ്ജിദുല്‍ ഹറമെന്ന് ഉത്തരം പറഞ്ഞു. പിന്നീട് വീണ്ടും ചോദിച്ചു, ‘നബിയേ പിന്നീട് ഏത് പള്ളിയാണ് നിര്‍മ്മിക്കപ്പെട്ടത്?’. ‘മസ്ജിദുല്‍ അഖ്‌സ’. ശേഷം, ഖുര്‍ആനിലെ ഇസ്‌റാഅ് സൂറത്തിലെ ആദ്യത്തെ ആയത്ത് ഓതിക്കേള്‍പ്പിച്ചു. ഇത്രമേല്‍ ഹദീസുകളിലൂടെയും, മറ്റുമെല്ലാം അടയാളപ്പെടുത്തപ്പെട്ട മസ്ജിദുല്‍ അഖ്‌സ എങ്ങനെയാണ് ഇസ്‌ലാമിക നാഗരിക ചരിത്രത്തിലെ അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ഏടായി രൂപപ്പെട്ടത്, എങ്ങനെയായിരുന്നു മുസ്‌ലിം സമൂഹം അഖ്‌സയോടുള്ള തങ്ങളുടെ മതപരമായ ബാധ്യതയെ നിറവേറ്റാന്‍ ശ്രമിച്ചത് എന്നീ ചോദ്യങ്ങളെ ചെറിയ രീതിയിലെങ്കിലും അഭിമുഖീകരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.


ഇതില്‍ ഏറ്റവും ആദ്യമായി ഓര്‍മ്മയില്‍ വരുന്നത്. ഇസ്‌ലാമിക പണ്ഡിതന്മാര്‍ എങ്ങനെയാണ് തങ്ങളുടെ ഗ്രന്ഥങ്ങളില്‍ മസ്ജിദുല്‍ അഖ്‌സയെ അടയാളപ്പെടുത്തിയത്, അഖ്‌സയെ എത്രമേല്‍ മഹത്തരമായിട്ടാണ് അടയാളപ്പെടുത്താന്‍ ശ്രമിച്ചതെന്ന ആലോചനയാണ്. ഇതുപ്രകാരം, അഖ്‌സയുടെ മഹത്വത്തെ ആദ്യമായി രേഖപ്പെടുത്താന്‍ ശ്രമിക്കുന്നത്, ബിശ്ര്‍ ബിന്‍ ഇസ്ഹാഖ് അല്‍ ബല്‍ഖി(മര:ഹി.207) എന്നിവര്‍ തന്റെ ഗ്രന്ഥമായ ‘ഫുതൂഹു ബൈതില്‍ മഖ്ദിസി’ലൂടെയാണ്. പ്രസിദ്ധമായ അസ്‌റഖി(മര:ഹി.250)യുടെയും, ഫാഖിഹി(മര:ഹി.272)യുടെയും രചനക്കും പതിറ്റാണ്ടുകള്‍ക്കുമുമ്പായിരുന്നു ഇതിന്റെ രചന നിര്‍വ്വഹിക്കപ്പെട്ടത്. എന്നാല്‍, ബൈതുല്‍ മഖ്ദിസിന്റെ ശ്രേഷ്ടതകള്‍ എന്ന പേരില്‍ ഒരു ഗ്രന്ഥം തയ്യാറാക്കപ്പെടുന്നത് ഇതിനെല്ലാം ശേഷം വലീദ് ബിന്‍ ഹമ്മാദ് അറംലി(മര:ഹി.300) എന്നവരിലൂടെയാണ്. പിന്നീട് ബൈതുല്‍ മഖ്ദിസിന്റെ ശ്രേഷ്ടതകള്‍ വിവരിക്കുന്ന ഒരുപാട് ഗ്രന്ഥങ്ങള്‍ നിരവധി കാലഘട്ടങ്ങളിലായി പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.


അതുല്ല്യമായ മാതൃക


ഇവിടെ പരാമര്‍ശിക്കപ്പെട്ട ബൈതുല്‍ മഖ്ദിസിനെക്കുറിച്ചുള്ള ചരിത്രവും വൈജ്ഞാനികവുമായ അടയാളപ്പെടുത്തലെന്നപോലെ പ്രാധാന്യമുള്ളതാണ് ബൈതുല്‍ മഖ്ദിസിന്റെ നിര്‍മ്മാണമാതൃകകള്‍.
ചരിത്രകാരനായ മുജീറുദ്ദീന്‍ അല്‍ ഉലൈമി തന്റെ ‘അല്‍ ഉന്‍സുല്‍ ജലീല്‍ ബിതാരീഖില്‍ ഖുദ്‌സി വല്‍ ഖലീല്‍’ എന്ന ഗ്രന്ഥത്തില്‍ ഖലീഫാ ഉമറി(റ)ന്റെ ബൈതുല്‍ മഖ്ദിസ് സന്ദര്‍ശനത്തെക്കുറിച്ച് ഇപ്രകാരം സൂചിപ്പിക്കുന്നുണ്ട്. ഹിജ്‌റ 16-ല്‍ ഖുദ്‌സ് കീഴടക്കി ഖലീഫാ ഉമര്‍(റ) ബൈതുല്‍ മഖ്ദിസിലെത്തിച്ചേര്‍ന്ന സമയം. ഉമര്‍(റ) നബി(സ)തങ്ങള്‍ ആകാശാവരോഹണം നടത്തിയ പാലത്തിനടുത്തുകൂടെ നടക്കുകയായിരുന്നു. ഉമര്‍(റ) അവിടമാകെ റോമക്കാര്‍ വൃത്തികേടാക്കിയതു കണ്ടു തന്റെ മേല്‍മുണ്ടെടുത്തു വൃത്തിയാക്കാന്‍ തുടങ്ങി. ഖലീഫാ ഉമറി(റ)ന്റെ പ്രവൃത്തി കണ്ട് ചുറ്റുമുള്ളവരും ഇതുപ്രകാരം ചെയ്തു. അഥവാ, ആദ്യമായി അവിടം വൃത്തിയാക്കുകയായിരുന്നു ചെയ്തത്.

അഖ്‌സയിലെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളൊന്നും തന്നെ ഏതെങ്കിലും ഒരു നിശ്ചിത രാജാവിന്റെ മാത്രം ഇഛയുടെ ഭാഗമായിരുന്നില്ല. മറിച്ച്, ഉമ്മത്തിന്റെ പൊതുസമവായത്തിന്റെ ഭാഗമായിരുന്നു. ഇതിനൊരുദാഹരണമായി ഇമാം സിബത്ത് ബിന്‍ ജൗസി തന്റെ ‘മിര്‍ആതു സ്സമാന്‍’ എന്ന ഗ്രന്ഥത്തില്‍ ഖലീഫ അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്റെ കാലത്തുനടന്ന പുനരുദ്ധാരണപ്രക്രിയയെ ഇപ്രകാരം സൂചിപ്പിക്കുന്നുണ്ട്.


ഖലീഫ മര്‍വാന്‍ ഖുബ്ബത്തുസ്സഖ്‌റ നിര്‍മ്മിക്കാന്‍ തയ്യാറെടുത്ത സമയം തന്റെ കീഴിലെ ഗവര്‍ണ്ണര്‍മാര്‍ക്കെല്ലാം ഒരു വലിയ കത്തെഴുതി. അതില്‍ അപ്രകാരം സൂചിപ്പിച്ചിരുന്നു. ‘അമീറുല്‍ മുഅ്മിനീന്‍ ബൈതുല്‍ മഖ്ദിസില്‍ പ്രവാചകാരോഹണ പാറയുടെ സംരക്ഷണത്തിനായി ഒരു ഖുബ്ബ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു. അല്ലാഹു കൂടിയാലോചന ചെയ്യാന്‍ കല്‍പിക്കുന്നത് പ്രകാരം നിങ്ങളോട് നിങ്ങളുടെ വിലയേറിയ അഭിപ്രായം ചോദിക്കുകയാണ്. തദ് വിഷയവുമായി ബന്ധപ്പെട്ട് നിങ്ങളുടെ അഭിപ്രായം അറിയിക്കുമല്ലോ.’ ഇത് കൈപറ്റിയവരെല്ലാം ഏകകണ്‍ഠ്യേനെ ഖലീഫക്ക് തിരിച്ച് കത്തെഴുതി. ‘പ്രിയപ്പെട്ട അമീറുല്‍ മുഅ്മിനീന്‍ താങ്കള്‍ ഉദ്ദേശിക്കുന്നത് പോലെ ബൈത്തുല്‍ മഖ്ദിസ് സൗന്ദര്യവത്കരണവുമായി മുന്നോട്ടുപോവുക, അല്ലാഹു പ്രവര്‍ത്തനം സ്വീകരിക്കട്ടെ.’


അബ്ദുല്‍ മലികിന്റെ ഈ കത്ത് അക്കാലത്ത് അദ്ദേഹവും പ്രമുഖ സ്വഹാബി അബ്ദുല്ലാഹ് ബിന്‍ സുബൈറുമായുള്ള ഖിലാഫത്ത് തര്‍ക്കം കാരണമായുണ്ടായ ബലഹീനതയില്‍ നിന്ന് രൂപപ്പെട്ടതാണെന്ന് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നുണ്ടെങ്കില്‍ കൂടെ, അതൊരിക്കലും രാജവാഴ്ചയുടെ കാലത്ത് ഉമ്മത്തില്‍ ഇജ്മാഅ് ഉണ്ടായിരുന്നില്ലെന്ന് സമ്മതിക്കാന്‍ ഉതകുന്നതല്ല.

ഈയൊരു ദൗത്യത്തിനായി ഖലീഫ അബ്ദുല്‍ മലിക് തന്റെ ഏറ്റവുമടുത്ത രണ്ടുപേരെ ചുമതലപ്പെടുത്തി. ഫഖീഹും മുഹദ്ദിസുമായ റജാഅ് ബിന്‍ ഹയവയും യസീദ് ബിന്‍ സലാമുമായിരുന്നു അവര്‍ രണ്ടുപേര്‍. അതിനായി അവരെക്കൂടാതെ പലദിക്കുകളില്‍ നിന്നുള്ള തന്ത്രികളെയും, എഞ്ചിനീയര്‍മാരെയും അദ്ദേഹം ക്ഷണിച്ചു. പണിയുന്നതിന് മുമ്പ് അതിന്റെ രേഖാചിത്രം സമര്‍പ്പിക്കാനും അദ്ദേഹം കല്‍പിച്ചു. രേഖാ ചിത്രം സമര്‍പ്പിക്കുകയെന്നത് അക്കാലത്ത് പതിവില്ലാത്തൊരു കാര്യമായിരുന്നു.


പരിപാലനം


ഹിജ്‌റ 72-ല്‍ ഖുബ്ബതുസ്സഖ്‌റയുടെ പൂര്‍ത്തീകരണത്തിന് ശേഷം നിരവധി പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് അഖ്‌സ സാക്ഷിയായി. ഭൂമിയിലെ മറ്റേതൊരു പള്ളിയെയും കവച്ചുവെക്കുന്ന രീതിയിലുള്ള നിര്‍മ്മിതികള്‍ അഖ്‌സക്കു ചുറ്റുമുണ്ടായിരുന്നു. ഇബ്‌നു ബത്തൂത്തയുടെ രിഹ്‌ലയില്‍ അദ്ദേഹം മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശിക്കുകയും തന്റെ അന്ധാളിപ്പ് ഇപ്രകാരം രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ‘ഈ ഭൂലോകത്ത് മസ്ജിദുല്‍ അഖ്‌സയെക്കാള്‍ വലിയൊരു പള്ളിയുണ്ടാവില്ല’. ദീര്‍ഘമായ വഴിദൂരവും, ചുറ്റിലുമുള്ള നിര്‍മിതികളുമായിരുന്നു മസ്ജിദുല്‍ അഖ്‌സക്ക് ഈ വിശേഷണം ചാര്‍ത്തി നല്‍കിയത്. ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ 1,44,000 മീറ്റര്‍ വീതിയുള്ള പള്ളിയായിരുന്നു അഖ്‌സ. അക്കാലത്ത് ഹറമൈനികളുടെ ഇരട്ടിയോളം സ്ഥലത്തായിട്ടാണ് അത് സ്ഥിതി ചെയ്യുന്നത്. 1956 ല്‍ സൗദിയുടെ ഔദ്യോഗിക കണക്കനുസരിച്ച് മസ്ജിദുല്‍ ഹറം 28,000 മീറ്ററും, മദീന മുനവ്വറ 10,000 മീറ്ററും മാത്രമായിരുന്നു ഉണ്ടായിരുന്നത്.


സ്വര്‍ണ്ണ വെള്ളി ചങ്ങലകളാല്‍ അലങ്കരിക്കപ്പെട്ട വിളക്കുകളാല്‍ പ്രകാശിതമായിരുന്ന അഖ്‌സ പതിനഞ്ചാം നൂറ്റാണ്ടുവരെ ഇപ്രകാരം തുടര്‍ന്നു. ശംസുദ്ദീന്‍ അസ്‌യൂഥി തന്റെ ഇത്ഹാഫുല്‍ അഖസ്സി ബി ഫളാഇലില്‍ മസ്ജിദില്‍ അഖ്‌സ എന്ന ഗ്രന്ഥത്തില്‍ അഖ്‌സയിലെ അലങ്കാരങ്ങളെക്കുറിച്ച് ഇപ്രകാരം കുറിക്കുന്നുണ്ട്. അവിടെ, വിളക്കുകള്‍ കോര്‍ത്തുവെച്ച മുന്നൂറ്റി എമ്പത്തിഅഞ്ചോളം ചങ്ങലകളുണ്ടായിരുന്നു. അതില്‍, ഇരുനൂറ്റി മുപ്പതോളം ചങ്ങലകള്‍ പള്ളിയുടെ അകത്തളത്തിന് പ്രകാശം പരത്തിയും ബാക്കിയുള്ളവകള്‍ ഖുബ്ബത്തുസ്സഹ്‌റക്ക് പ്രകാശം പരത്തിയും അഖ്‌സയെ വര്‍ണ്ണാഭമാക്കിയിരുന്നു.


പ്രത്യേക മേല്‍നോട്ടം


മിര്‍ആത്തുസ്സമാനില്‍ രേഖപ്പെടുത്തുന്നത് പോലെ അഖ്‌സയുടെ പരിപാലത്തിനായി ഒരു പ്രത്യേക സംഘത്തെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ക്കായി പ്രത്യേക ചിട്ടയും ചട്ടങ്ങളുമുണ്ടായിരുന്നു. അവര്‍ എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഖുബ്ബത്തുസ്സഖ്‌റയില്‍ വിവിധ അത്തറുകളും, സുഗന്ധങ്ങളും പുരട്ടി പുതുക്കുമായിരുന്നു. അതില്‍ മുന്തിയ പനിനീർ തളിക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു. ഇരു ദിവസവും രാവിലെ ഈ ഖാദിമുമാര്‍ കുളിച്ചു ശുദ്ധിയാവുകയും മിസ്‌കും അത്തറുമെല്ലാം സൂക്ഷിച്ചുവെച്ചിരിക്കുന്ന ഖസാനകളില്‍ പ്രവേശിച്ച് അവരുടുത്ത വസ്ത്രങ്ങള്‍ മാറി അവരുടെ പ്രത്യേക വസ്ത്രങ്ങളണിയുകയും സ്വര്‍ണ്ണ അരപ്പട്ട അണിയുകയും ചെയ്യുമായിരുന്നു.


അഥവാ, അത്രമേല്‍ പവിത്രമായ സ്ഥാനമായിരുന്നു അഖ്‌സയുടെ സംരക്ഷണത്തിന് അവര്‍ കല്‍പിച്ചിരുന്നതെന്ന് ചുരുക്കം. പിന്നീട് വന്ന രാജാക്കന്മാരും ഇപ്രകാരമോ അതിലധികമോ ആയ രീതിയില്‍ അവയെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തിയിരുന്നു. സുല്‍ത്താന്‍ സ്വലാഹുദ്ദീന്റെ കാലത്ത് അഖ്‌സയില്‍ അദ്ദേഹം അക്കാലത്തെ ഏറ്റവും മനോഹരമായി ഖുര്‍ആന്‍ ഓതുന്ന പത്തു ഖിറാഅത്തുകളുമറിയുന്ന വളരെ നല്ലരീതിയില്‍ പെരുമാറുന്ന ഒരാളെയായിരുന്നു അവിടെ ഇമാമായി നിയമിച്ചിരുന്നത്. അയാള്‍ക്കായി എല്ലാ സൗകര്യവുമൊരുക്കി നല്‍കി. അദ്ദേഹം അവിടെ മുസ്ഹഫുകളും മറ്റുമെല്ലാം നല്‍കി മസ്ജിദുല്‍ അഖ്‌സക്ക് പുതു ഭാവം പകര്‍ന്നു. ഇങ്ങനെ പില്‍കാലത്തും വലിയ രീതിയില്‍ അഖ്‌സാ സംരക്ഷണം മുസ്‌ലിംകള്‍ ചുമതലയായി തന്നെ ഏറ്റെടുത്തു ചെയ്തു.


പവിത്രത


ഹജ്ജ് യാത്രകള്‍ക്കു ശേഷം ബൈത്തുല്‍ മഖ്ദിസ് സന്ദര്‍ശിക്കുകയെന്നതും വിശ്വാസികളെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. വിശുദ്ധ ഹറമില്‍ നിസ്‌കരിച്ച്, മദീനയിലെത്തി മുഹമ്മദ് നബിയെ സന്ദര്‍ശിച്ച് വിശ്വാസികള്‍ അഖ്‌സയിലേക്കും തീര്‍ഥയാത്രക്കൊരുങ്ങുന്നു. ഈയൊരു പതിവ് തുടങ്ങുന്നത് ഏകദേശം ഉസ്മാനി ഭരണകാലത്താണ്. നബിയുടെ പ്രസിദ്ധമായ മൂന്ന് പള്ളികളും സന്ദര്‍ശിച്ചിട്ടല്ലാതെ യാത്ര പൂര്‍ത്തിയാവുകയില്ലെന്ന പ്രസിദ്ധ ഹദീസിനെ മുന്‍നിര്‍ത്തിയാണിത്.


വളരെ ആശ്ചര്യകരമായൊരു കാര്യംകൂടിയുണ്ട്. റമദാന്‍ മാസത്തില്‍ മുഴുവന്‍ നോമ്പും മസ്ജിദുല്‍ അഖ്‌സയില്‍ വെച്ച് നോറ്റുവീട്ടുന്ന പണ്ഡിതരും വിശ്വാസികളുമുണ്ടായിരുന്നു. ഇമാം ഖാളീ ഇബ്‌നുല്‍ അറബി തന്റെ സിറാജുല്‍ മുരീദീനില്‍ ഇക്കാര്യം ഉദ്ദരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു, ‘എല്ലാ വര്‍ഷവും റമദാനാകുമ്പോള്‍ ശാം മലനിരകള്‍ താണ്ടിയുള്ള ഒരു കൂട്ടം വിശ്വാസികള്‍ ബൈതുല്‍ മഖ്ദിസ് ലക്ഷ്യമാക്കി വരുമായിരുന്നു. അവര്‍ നോമ്പു പൂര്‍ത്തിയാകും വരെ അവിടെ താമസിക്കുകയും നോമ്പു പൂര്‍ത്തിയാകുമ്പോള്‍ അവരുടെ മലനിരകളിലേക്കും ഗുഹകളിലേക്കും മടങ്ങുകയും ചെയ്യും.’


വ്യത്യസ്ത മദ്ഹബുകളിലെ വ്യത്യസ്ത നിസ്‌കാരങ്ങള്‍ നടത്താന്‍ ഉതകുന്ന രൂപത്തില്‍ വിശാലമാണ് പള്ളിയങ്കണം. അവിടെ വ്യത്യസ്ത സമയങ്ങളിലായി ജമാഅത്തുകള്‍ കൂട്ടിമുട്ടാത്ത രീതിയില്‍ നിര്‍വഹിക്കാനും പണ്ഡിതര്‍ ശ്രദ്ധിച്ചു. ആദ്യത്തെ നിസ്‌കാരത്തിനായി ക്രമപ്രകാരം മാലികി മദ്ഹബുകാര്‍ക്കായിരുന്നു സമയം അനുവദിക്കപ്പെട്ടിരുന്നത് പള്ളിയുടെ പടിഞ്ഞാറുഭാഗത്തായിരുന്നു അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്നത്. അവരുടെ നിസ്‌കാരശേഷം ശാഫി മദ്ഹബുകാരുടെ ഊഴമായിരുന്നു. അവര്‍ക്കനുവദിക്കപ്പെട്ടത് ജാമിഇല്‍ കബീറിലായിരുന്നു. ശേഷം, ഖുബ്ബത്തുസ്സഹ്‌റക്കടുത്തായി ഹനഫീ മദ്ഹബുകാരും, അവിടത്തന്നെ ഹമ്പലിക്കാരും നിസ്‌കരിക്കും. ജുമുഅ നിസ്‌കാരം ജാമിഉല്‍ മസ്ജിദില്‍ ഖിബലിയില്‍ വെച്ചുമാത്രമായിരുന്നു നടത്തപ്പെട്ടിരുന്നത്. റമദാനിലെ വിശേഷ രാത്രികളില്‍ അവിടങ്ങളില്‍ തറാവീഹ് നിസ്‌കാരവും നടത്തപ്പെട്ടിരുന്നു.


അഖ്‌സയിലെ വൈജ്ഞാനികത


ആരാധനാപരമായി മാത്രം അഖ്‌സയുടെ പ്രാധാന്യം ചുരുക്കാന്‍ കഴിയില്ല. മറിച്ച്, വിജ്ഞാനത്തിന്റെ വലിയൊരിടം കൂടിയായിരുന്നു അഖ്‌സ. സര്‍ക്കാര്‍ ചിലവില്‍ മാത്രമല്ല, അവിടത്തെ കച്ചവടക്കാരിലൂടെയും, നല്ലവരായ മനുഷ്യരുടെ സംഭാവനകളിലൂടെയും നിലനിന്ന ഒട്ടനവധി വൈജ്ഞാനിക കേന്ദ്രങ്ങള്‍ അഖ്‌സയില്‍ ഉണ്ടായിരുന്നു. അഖ്‌സയുടെ ഇത്തരമൊരു വൈജ്ഞാനിക അസ്ഥിത്വത്തെ സ്ഥിരീകരിക്കുന്ന സംഭവം ഇമാം ദഹബി തന്റെ ഗ്രന്ഥമായ ‘സിയറു അഅ്‌ലാമിന്നുബലാഇ’ല്‍ ഇപ്രകാരം ഉദ്ധരിക്കുന്നുണ്ട്. ഇബ്‌നു അബീ അബ്‌ലയുടെ ചരിത്രം വിശദീകരിക്കുന്ന സമയം, അദ്ദേഹം വലീദ് ബിന്‍ അബ്ദില്‍ മലികിനായി എഴുതിയ കത്ത് ഇപ്രകാരം രേഖപ്പെടുത്തുന്നു. അല്ലാഹു വലീദിന് സമാധാനം നല്‍കട്ടെ, വലീദിനെപ്പോലെ ആരാണുള്ളത്. അദ്ദേഹം സിന്ധും സ്‌പെയ്‌നും കീഴടക്കി. ദമസ്‌കസിലെ ജാമിഉല്‍ അമവി നിര്‍മിച്ചതും അദ്ദേഹം തന്നെ. ബൈതുല്‍ മഖ്ദിസിലെ പണ്ഡിതര്‍ക്കായി അദ്ദേഹം നല്‍കിവന്ന സാമ്പത്തിക പിന്തുണയില്‍ എനിക്കും ഒരു വിഹിതം ലഭിച്ചിരുന്നു.’


12-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ബൈത്തുല്‍ മഖ്ദിസ് വിജ്ഞാന ദാഹികളുടെ ഇഷ്ടകേന്ദ്രമാവാന്‍ തുടങ്ങിയത്. കുരിശുയുദ്ധം കെട്ടടങ്ങി മദ്‌റസതുന്നസ്‌രിയ്യ സ്ഥാപിക്കപ്പെട്ടത് അക്കാലത്താണ്. കുരിശുയുദ്ധങ്ങള്‍ക്കുമുമ്പ് അവിടെ പ്രധാനപ്പെട്ട വൈജ്ഞാനിക ചര്‍ച്ചകളും തര്‍ക്കങ്ങളുമെല്ലാം നടന്നിരുന്ന ഒരു സര്‍വകലാശാല തന്നെയായിരുന്നു. ഒരു ഇസ്‌ലാമിക വൈജ്ഞാനിക കേന്ദ്രം മാത്രമായിരുന്നില്ല അഖ്‌സ. വിവിധ മതങ്ങളുടെ സഹവര്‍ത്തിത്തത്തിന്റെ കഥകൂടി അഖ്‌സ പറഞ്ഞുവെക്കുന്നുണ്ട്. അവിടെ വ്യത്യസ്ത മതവിഭാഗങ്ങള്‍ മനോഹരമായി സഹവസിക്കുന്ന ചിത്രം കൂടെ കാണാം.


കഷ്ടതകള്‍


ഖുദ്‌സ് തിരിച്ചുപിടിക്കാനുള്ള യജ്ഞത്തിനിടയില്‍ നിരവധി അക്രമസംഭവങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. അത്രമേല്‍ ക്രൂരതകളുടെ ചരിത്രങ്ങളാണ് ഖുദ്‌സില്‍ നിന്നും കഴിഞ്ഞ നൂറ്റാണ്ടിലടക്കം ഉയര്‍ന്നുവന്നത്. അമേരിക്കന്‍ സാമൂഹ്യചരിത്രകാരനായ വില്‍ ഡ്യൂറന്റ് 1099-ലെ കുരിശുയുദ്ധത്തെ പ്രതിപാദിച്ചു കൊണ്ട് കുരിശു പടയാളികള്‍ ചെയ്തു കൂട്ടിയ അക്രമസംഭവങ്ങളെ വിശദമാക്കുന്നുണ്ട്. അദ്ദേഹം പറയുന്നു, അന്നത്തെ ഒരു കുരിശുപടയാളിയുടെ നേര്‍കാഴ്ചാ വിവരണങ്ങള്‍ ഇപ്രകാരമായിരുന്നു. കുന്തം കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സ്ത്രീകളുടെ ജഡങ്ങളാലും, മുലയൂട്ടുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളാലും നിറഞ്ഞ തെരുവുകളായിരുന്നു അഖ്‌സക്കു ചുറ്റും.
ഈയൊരു വിവരണം മാത്രം മതി എത്രമാത്രം ഭീകരമായൊരു ആക്രമണമായിരുന്നു അഖ്‌സയില്‍ അരങ്ങേറിയത് എന്ന് ആലോചിക്കാന്‍. ഈയൊരു വിവരണം മുമ്പ് സൂചിപ്പിച്ച ഷീറാസില്‍ നിന്നുള്ള പണ്ഡിതവനിതകളുടെ കൂട്ടക്കശാപ്പിന് പിന്‍ബലമേകുന്നതായി കാണാം.


ഒടുക്കം


സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി നയിച്ച വിമോചന യുദ്ധത്തിനു ശേഷം മുസ്‌ലിം മനസുകളില്‍ അഖ്‌സക്ക് പ്രത്യേകമായൊരിടം ലഭിച്ചതായി കാണാം. അതിനു ശേഷം വന്ന അയ്യൂബി ഭരണാധികാരികളെല്ലാം അഖ്‌സയെ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. ഉസ്മാനീ കാലഘട്ടത്തിലാണ് അഖ്‌സയും സമീപപ്രദേശങ്ങളും അവയുടെ സുവര്‍ണകാലഘട്ടത്തിലേക്കു കടന്നത്. സുല്‍ത്താന്‍ സുലൈമാന്‍ അല്‍ ഖാനൂനിയുടെ കാലഘട്ടമായപ്പോഴേക്ക് ഖുദ്‌സ് അതിന്റെ സര്‍വ്വപ്രതാപത്തിലേക്കുമായി എത്തിനിന്നിരുന്നു. അദ്ദേഹമായിരുന്നു അക്കാലത്ത് ഖുദ്‌സ് വലിയരീതിയില്‍ നവീകരിച്ചത്. 1552-ല്‍ ഖുബ്ബത്തുസ്സഖ്‌റ പുതിയരീതിയില്‍ ആവിഷ്‌കരിച്ചതും അദ്ദേഹം തന്നെ. ചുരുക്കത്തില്‍ മസ്ജിദുല്‍ അഖ്‌സയുമായി മുസ്‌ലിംകള്‍ക്ക് അഭേദ്യമായ ബന്ധമാണുള്ളത്. നിലവില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും നിന്ദാപരമായ അതിക്രമങ്ങളും മുസ്‌ലിം സമൂഹത്തെ ഏറെ വേദനിപ്പിക്കുന്നുവെന്ന് പറയേണ്ടതില്ല.

അഫ്സൽ മേൽമുറി

ദാറുല്‍ ഹുദാ ഇസ് ലാമിക് യൂണിവേഴ്‌സിറ്റി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സിവിലൈസേഷണല്‍ സ്റ്റഡീസില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍. നിലവില്‍ തെളിച്ചം വര്‍ക്കിംഗ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.