വാഗ്വാദത്തിലേര്‍പ്പെടാനുള്ള ചോദന മനുഷ്യ പ്രകൃതിയില്‍ നിലീനമാണ്. ‘വലിയ താര്‍ക്കികനത്രേ മനുഷ്യന്‍’ (സൂറത്തുല്‍ കഹ്ഫ്)എന്ന ഖുര്‍ആനിക വചനം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. മനുഷ്യനില്‍ അന്തര്‍ലീനമായ ഈ സംവാദാത്മകഭാവമാണ് പല കാര്യങ്ങളിലും കൃത്യവും സൂക്ഷ്മവുമായ നിലപാട് സ്വീകരിക്കാന്‍ അവനെ പ്രാപ്തനാക്കുന്നത്. താര്‍ക്കികന്റെ ചിന്തയ്ക്ക് മറ്റുള്ളവരെക്കാള്‍ മൂര്‍ച്ചയും തിളക്കവും വര്‍ദ്ധിക്കും. സ്വന്തം കാഴ്ച്ചപ്പാടുകളുടെ ശരി തെറ്റുകളെക്കുറിച്ച് ആത്മത്തോട് കലഹിച്ചു കൊണ്ടായിരിക്കും അവര്‍ ഒരു തീരുമാനത്തിലെത്തുക. പാരമ്പര്യ ഉലമാഇന്റെ രചനകളില്‍ ഈ ശൈലി കാണാന്‍ കഴിയും. രചയിതാവ് തന്നെ വാദിയുടെയും പ്രതിയുടെയും റോളില്‍ പ്രത്യഷപ്പെടുന്നു. ‘ഇദാ ഖുല്‍ത്ത- അഖൂല്‍’, ‘വഖീല – ഖുല്‍നാ’ തുടങ്ങിയ പ്രയോഗങ്ങളിലൂടെ സ്വന്തം രചനയെ സംവാദാത്മകമാക്കുന്നതായി കാണാം. Islamic Disputation Theory എന്ന ഗ്രന്ഥത്തില്‍ ലാറി ബഞ്ചമിന്‍ മില്ലര്‍ സംവാദത്തിന്റെ ആദിമ രൂപങ്ങളായി ഇതിനെ നിരീക്ഷിക്കുന്നുണ്ട്.
ഇതര ജ്ഞാനശാഖകളെ അപേക്ഷിച്ച് കര്‍മശാസ്ത്രം വിശാലവും വൈവിധ്യ പൂര്‍ണവുമാണ്. കാലം, ദേശം, സാഹചര്യം എന്നിവയ്ക്കനുസരിച്ച് അത് വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നു. ഈ വ്യാഖ്യാനക്ഷമതയാണ് ഫിഖ്ഹിനെ നിത്യ പ്രസക്തിയുള്ളതാക്കുന്നത്. പൗരാണിക നിയമ ഗ്രന്ഥങ്ങള്‍ക്ക് സമകാലിക സാഹചര്യത്തില്‍ എന്തു പ്രസക്തിയാണെന്ന ചോദ്യത്തിന്റെ ഉത്തരം അതിലുണ്ട്. ക്ലാസിക്കല്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ ഡിസ്‌കേഴ്‌സീവ് ഭാവത്തെ മനോഹരമായി മഹ്‌മൂദ് കൂരിയ അവതരിപ്പിക്കുന്നുണ്ട്. പ്രമുഖ അമേരിക്കന്‍ ഗണിത ശാസ്ത്രജ്ഞനായ എഡ്വാര്‍ഡ് ലോറന്‍സിന്റെ Butterfly Effect ആശയവും ഫ്രഞ്ച് ചരിത്രകാരനായ Ferdinand Braudel ന്റെ Longue duree കാഴ്ച്ചപ്പാടും മുന്‍ നിര്‍ത്തിയാണ് അദ്ദേഹം അത് നിര്‍വഹിക്കുന്നത്. ഒരു ദേശത്ത്, പ്രത്യേക പിരീഡില്‍ രൂപപ്പെട്ട ചെറിയ ചലനം പില്‍ക്കാലത്ത് അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ സൃഷ്ടിച്ച് കടന്നുപോകുന്ന പ്രക്രിയയാണ് ‘ബട്ടര്‍ ഫ്‌ലൈ ഇഫക്റ്റ’്. ചരിത്രപഠന മേഖലയില്‍ സമാനാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന രീതിശാസ്ത്രമാണ് ‘Longue duree’.
ക്രി. പതിമൂന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഇമാം നവവിയുടെ മിന്‍ഹാജ് എന്ന ചെറുഗ്രന്ഥം തുടര്‍ന്നുവന്ന നൂറ്റാണ്ടുകളില്‍, വിവിധ ദേശങ്ങളില്‍, വ്യത്യസ്ത രീതിശാസ്ത്രം ഉപയോഗിച്ച് വ്യാഖ്യാനിക്കപ്പെട്ടു. അവ വീണ്ടും വ്യാഖ്യാനിക്കപ്പെട്ടു. മിന്‍ഹാജിന് ഇമാം മഹല്ലി എഴുതിയ വ്യാഖ്യാനത്തിലെ അതി സൂക്ഷ്മമായ പൊരുളുകളെ മുന്‍നിര്‍ത്തി അടുത്ത കാലത്താണ് ‘കന്‍സുദ്ദഖാഇഖ്’ എന്ന ഗ്രന്ഥം പുറത്തുവന്നത്. സൈനുദ്ദീന്‍ മഖ്ദൂം(റ) ന്റെ ‘ഖുര്‍റത്തുല്‍ ഐന്‍’ എന്ന മൂലഗ്രന്ഥത്തെ തുടര്‍ന്ന് വിരചിതമായ അനേകം ഗ്രന്ഥങ്ങളെയും ഈ രൂപത്തില്‍ മനസ്സിലാക്കാവുന്നതാണ്. ഇത് കര്‍മശാസ്ത്രത്തില്‍ മാത്രമല്ല, ഇല്‍മുല്‍ കലാമില്‍ രചിക്കപ്പെട്ട ഇമാം നസഫിയുടെ ഒരു പേജ് മാത്രമുള്ള ‘അല്‍ അഖാഇദ’ എന്ന ഗ്രന്ഥമാണ് ഇമാം തഫ്താസാനി നിരവധി പേജുകളില്‍ ‘ശറഹുല്‍ അഖാഇദാ’യി വികസിപ്പിച്ചത്. ശറഹുല്‍അഖാഇദിന്റെ ആശയ പ്രപഞ്ചത്തെ പ്രകാശിപ്പിക്കാന്‍ പിന്നീട് ‘ഹാശിയത്തുല്‍ ഖയാലി’യും, ഖയാലിയെ വ്യാഖ്യാനിക്കാന്‍ ‘ഹാശിയത്തു അബ്ദില്‍ ഹകീമും’, അതിനെ വിശദീകരിക്കാന്‍ ‘ഹാശിയത്തുല്‍ ബഗ്ദാദി’യും രചിക്കപ്പെടുന്നു.
ഈ വ്യാഖ്യാനങ്ങളും ഹാശിയകളും കേവലം ആവര്‍ത്തനങ്ങളോ മൂലഗ്രന്ഥത്തെ അന്ധമായി അനുകൂലിക്കാനൊ രചിക്കപ്പെട്ടവയല്ല. മറിച്ച്, മൂലഗ്രന്ഥത്തെ സാഹചര്യത്തിനനുസരിച്ച് വ്യാഖ്യാനിച്ചും ഗന്ഥകര്‍ത്താവിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടും അവ മുന്നോട്ടു പോകുന്നു. പലപ്പോഴും താര്‍ക്കികന്റെ റോളിലാണ് വ്യാഖ്യാതാവ് പ്രത്യക്ഷപ്പെടുന്നത്. ഫത്ഹുല്‍ മുഈനിന്റെ രണ്ടു പ്രധാന വ്യാഖ്യാന ഗ്രന്ഥങ്ങളായ ഇആനത്തും തര്‍ശീഹും ഒന്നിച്ചു വായിച്ചാല്‍ ഈ ബൗദ്ധിക സംവാദത്തിന്റെ തീക്ഷ്ണതയും സര്‍ഗാത്മകതയും നമുക്ക് ബോധ്യപ്പെടും. തര്‍ശീഹ് രചനയുടെ കാരണം തന്നെ ഇആനത്തിനോടുള്ള വിയോജിപ്പാണെന്ന് ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് വ്യക്തമാക്കുന്നുണ്ട്. വ്യക്തതയ്ക്കു വേണ്ടി ചില ഉദാഹരണങ്ങള്‍ ചേര്‍ക്കുന്നു:
ഇആനത് : വലിയ സംഘത്തിന്റെ ഇമാം തന്റെ സഹ്‌വിന്റെ സൂജൂദ് മൂലം മഅ്മൂമീങ്ങളില്‍
ആശയക്കുഴപ്പം ഭയക്കുന്ന പക്ഷം പ്രസ്തുത സുജൂദ് അവന് സുന്നത്താകുകയില്ല(1-19)
തര്‍ശീഹ് – വലിയ സംഘത്തിന്റെ ഇമാം തന്റെ സഹ്‌വിന്റെ സൂജൂദ് മൂലം മഅ്മൂമീങ്ങളില്‍
ആശയക്കുഴപ്പം ഭയന്നാലും അവന് സുജൂദ് സുന്നത്ത് തന്നെയാണ്, ഇബ്‌നുഹജര്‍(റ) തന്റെ ‘ഈആബി’ല്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇമാം ഹലബി ഈആബിന്റെ ഈ ഉദ്ധരണിയില്‍ ആശയക്കുഴപ്പത്തിലാകുകയും പ്രസ്തുത സുജൂദ് ഇമാമിന് സുന്നത്തില്ല എന്ന് തെറ്റായി ഉദ്ധരിക്കുകയും ചെയ്തു. തുടര്‍ന്ന് അബ്ദുല്‍ ഹമീദ് ശര്‍വാനിയും മിസ്‌റിലെ പല ഹാശിയക്കാരും ഇമാം ഹലബി ഉദ്ധരിച്ചത് അതേപടി പകര്‍ത്തി. അവരില്‍ നിന്നാണ് ( ഈ) ഹാശിയക്കാരന് ഈ അഭിപ്രായം ലഭിച്ചത്. പക്ഷേ, അവലംബം വ്യക്തമാക്കാതെയാണ് അദ്ദേഹം ഇത് വിശദീകരിച്ചിട്ടുള്ളത്. അതിനാല്‍ നീ(വായനക്കാരന്‍) ജാഗ്രത പുലര്‍ത്തണം.
മേല്‍ പരാമര്‍ശിക്കപ്പെട്ട മുഴുവന്‍ പണ്ഡിതരും ഇമാം ഹലബിയുടെ ഗ്രന്ഥമാണ് അവലംബിച്ചതെന്ന് എന്റെയടുത്ത് സ്ഥിരപ്പെട്ട വസ്തുതയാണ്(1-76) ഇആനത് – ബാങ്ക് വിളിക്കുന്ന വേളയില്‍ ചൂണ്ടുവിരല്‍ ചെവിക്കുഴിയില്‍ വെക്കല്‍ സുന്നത്താണ്. ബാങ്ക് ഉച്ചത്തിലാക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ മാത്രമാണ് ഇപ്രകാരം ചെയ്യേണ്ടതെന്ന് ഇബ്‌നു ഹജര്‍(റ) പ്രസ്താവിച്ചിരിക്കുന്നു. പക്ഷേ, ഈ പ്രസ്താവന അദ്ദേഹത്തിന്റെ തുഹ്ഫയിലോ ഫത്ഹുല്‍ ജവാദിലോ പരാമര്‍ശിച്ചിട്ടില്ല, മറ്റുഗ്രന്ഥങ്ങളിലാകാനാണ് സാധ്യത(1-237) തര്‍ശീഹ് – ഇബ്‌നു ഹജറി(റ)ന്റെ പ്രസ്താവന ഫത്ഹുല്‍ ജവാദില്‍ തന്നെയാണ്. പ്രസ്തുത ഉദ്ധരണി ഇപ്രകാരമാണ്: ‘ശബ്ദം ഉച്ചത്തിലാക്കല്‍ സുന്നത്തുള്ള വേളയില്‍ ചൂണ്ടുവിരല്‍ ചെവിക്കുഴിയില്‍ വെക്കല്‍ സുന്നത്താണ്’. ഇത് കാണാത്തതുകൊണ്ടായിരിക്കാം ഹാശിയക്കാരന്‍ അപ്രകാരം പറഞ്ഞത് (88)
ബൗദ്ധികമായി ഉന്നത നിലവാരം പുലര്‍ത്തുന്ന ഇത്തരം വ്യാഖ്യാന ഗ്രന്ഥങ്ങളെ കുറിച്ച് ആവര്‍ത്തനം, ഉല്‍പാദനക്ഷമത കുറഞ്ഞത് എന്നീ ആരോപണങ്ങള്‍ ഉയര്‍ത്തിയത് ഹോളണ്ടുകാരനായ അറബിക് പ്രൊഫസര്‍ C.Snouck Hurgronje ഉം അദ്ദേഹത്തിന്റെ സ്റ്റുഡന്റ് Schacht മായിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ ക്രിറ്റിക്കലി അനാലിസിസ് ചെയ്യുന്ന നിരവധി പഠനങ്ങള്‍ പിന്നീട് പുറത്തു വന്നു. ശാഫിഈ കര്‍മശാസ്ത്രത്തെക്കുറിച്ച് മികച്ച വര്‍ക്കുകള്‍ ചെയ്ത അമേരിക്കന്‍ പണ്ഡിതന്‍ അഹ്‌മദ് അശ്ശംസിയുടെ The Hashiya in Islamic Law: A Sketch of Shafie Literature എന്ന സുദീര്‍ഘമായ പ്രബന്ധം അവയില്‍ ശ്രദ്ധേയമാണ്. നാം സാധാരണ റഫര്‍ ചെയ്യാറുള്ള ബുജൈരിമി, ബാജൂരി, ശര്‍ബീനി, നിഹായ, അലിയ്യുശബ്‌റാമുല്ലസി തുടങ്ങിയ നിരവധി ഹാശിയകളെ പഠനവിധേയമാക്കി അവയുടെ Productivity യെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. വാഇല്‍ ഹല്ലാഖിന്റെയും ഷര്‍മണ്‍ ജാക്‌സന്റെയും നല്ല വര്‍ക്കുകള്‍ ഈ രംഗത്ത് പ്രസിദ്ധമാണ്.
കര്‍മശാസ്ത്രം ഏകശിലാത്മകമല്ല. മറിച്ച്, ഭിന്നാഭിപ്രായങ്ങളാല്‍ സമൃദ്ധമാണ്. ഭിന്നാഭിപ്രായങ്ങളെ കൂടി അറിയുമ്പോഴാണ് ഒരാള്‍ കര്‍മശാസ്ത്രജ്ഞനാകുന്നത്. ‘അഭിപ്രായാന്തരങ്ങളെ കുറിച്ച് അജ്ഞനായവന് ഫിഖ്ഹിനെ വാസനിക്കാനാകില്ല’ എന്നാണ് ഖതാദ(റ)വിന്റെ അഭിപ്രായം. ‘ ഭിന്നാഭിപ്രായങ്ങള്‍ ഗ്രഹിക്കാത്തവനെ പണ്ഡിതനായി ഗണിക്കാനാകില്ല’ എന്നു പറഞ്ഞത് പ്രമുഖ പണ്ഡിതനായ സഈദ് ബിന്‍ അബീ അറൂബ(റ)യാണ്.
തെളിവുകളിലൂടെ ബോധ്യപ്പെട്ട കാര്യങ്ങളാണ് ഉലമാഅ് സ്വീകരിക്കുക. കൃത്യവും സൂക്ഷ്മവുമായ എപ്പിസ്റ്റമോളജി ഉപയോഗിച്ചാണ് അവര്‍ വിവരങ്ങളെ മൂല്യനിര്‍ണ്ണയം നടത്തുന്നത്. അതുകൊണ്ട് തന്നെ വിയോജിപ്പ് രേഖപ്പെടുത്തേണ്ട ഘട്ടങ്ങള്‍ വരുമ്പോള്‍ പക്വവും മാന്യവുമായ രീതിയില്‍ അവരത് നിര്‍വഹിക്കും. നാല്‍പ്പത്തഞ്ചു സ്ഥലങ്ങളിലാണ് ഇമാം മഖ്ദൂം(റ) തന്റെ ഗുരുനാഥനായ ഇബ്‌നു ഹജറി(റ)നോട് ഫത്ഹുല്‍ മുഈനില്‍ വിയോജിച്ചത്. ‘ഖിലാഫന്‍ ലി ശൈഖിനാ’ എന്ന് പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തു. ‘അത്തഹദ്ദുസു ബിനിഅമില്ലാഹ’് എന്ന തന്റെ ആത്മകഥയില്‍ ഇമാം സുയൂഥി (റ) ‘ഞാന്‍ എന്റെ പിതാവിനോട് വിയോജിച്ച മസ്അലകള്‍’ എന്ന് അദ്ധ്യായം കൊണ്ടുവന്നത് ശ്രദ്ധേയമാണ്. വിയോജിപ്പ് പ്രകടിപ്പിച്ചതിന് ഇനിയും അനേകം ഉദാഹരണങ്ങള്‍ കാണാം.
കാഴ്ച്ചപ്പാട് വിശാലമാകാനും ചിന്താരീതി സൂക്ഷ്മമാകാനും സംവാദങ്ങള്‍ സഹായിക്കുന്നുണ്ട്. കര്‍മശാസ്ത്ര മേഖലയിലും ഇതു ദര്‍ശിക്കാന്‍ കഴിയും. വിവിധ കര്‍മശാസ്ത്ര സരണികള്‍ക്കിടയിലെ അടുപ്പം വര്‍ദ്ധിച്ചതിലും അസ്വബിയ്യത്തിനു തീവ്രത കുറഞ്ഞതിലും ഇത്തരം സംവാദങ്ങള്‍ക്കു പങ്കുണ്ട്. എല്ലാ കര്‍മശാസ്ത്ര സരണികളിലെ അഭിപ്രായങ്ങളെയും വിശദീകരിച്ചു കൊണ്ട് രചിക്കപ്പെട്ട നിരവധി താരതമ്യ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. കര്‍മശാസ്ത്രജ്ഞരില്‍ പലരും തര്‍ക്കശാസ്ത്രത്തില്‍ പോലും രചന നടത്തിയവരുണ്ട്. ഇമാം ഖഫാല്‍ അശ്ശാശി(റ)യുടെ ‘ഹില്‍യത്തുല്‍ ഉലമാഅ’്, ഇമാം ശീറാസി(റ)യുടെ ‘അല്‍ മഊന ഫില്‍ ജദല്‍’, അബുല്‍ വലീദ് അല്‍ബാജി(റ)യുടെ ‘അല്‍ മിന്‍ഹാജ് ഫീ തര്‍ത്തീബില്‍ ഹിജാജ’്, ഇമാം ദബൂസി(റ)യുടെ ‘തഅ്‌സീസുന്നളര്‍’, നജ്മുദീന്‍ അത്വൂഫി (റ)യുടെ ‘കിതാബുല്‍ ജദല്‍’ തുടങ്ങിയവ ഉദാഹരണം.
‘യാഥ്യാര്‍ത്ഥ്യം കണ്ടെത്തുക’ എന്നതാണ് കര്‍മശാസ്ത്ര മേഖലയില്‍ അരങ്ങേറിയ സംവാദങ്ങളുടെ പ്രേരകം. ഈ ലക്ഷ്യത്തിനു വേണ്ടി സംവാദം നിര്‍ബന്ധമാകുന്ന ഘട്ടങ്ങളും സുന്നത്താകുന്ന സമയങ്ങളും ഇമാം ഗസ്സാലി(റ) വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, പ്രേരകം മറ്റൊന്നാകുന്നതോടെ ഈ പ്രക്രിയ ഉപകാരമില്ലാത്ത കേവല തര്‍ക്കമായി പരിണമിക്കുന്നു. ആരോഗ്യകരമായ സംവാദത്തിനാവശ്യമായ നയങ്ങളും ധാര്‍മ്മിക മൂല്യങ്ങളും വിശദീകരിക്കാന്‍ ‘ആദാബുല്‍ ബഹ്‌സി വല്‍ മുനാളറ’ എന്ന ശീര്‍ഷകത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്. റശീദിയ്യ എന്ന ഗ്രന്ഥത്തില്‍ അബ്ദുറശീദ് ജോന്‍പൂരി എഴുതുന്നു: ‘ഹ്രസ്വമായ സമയത്തിനുള്ളില്‍ പ്രതിയോഗിയെ നിശബ്ദനാക്കണമെന്ന് സംവാദകന്‍ ആഗ്രഹിക്കരുത്, അമിത വേഗത കാരണത്താല്‍ തന്റെ വാദങ്ങള്‍ ബലഹീനമാകാന്‍ സാധ്യതയുണ്ട്. സംവാദ വേളയില്‍ രാജാക്കന്മാരെ പോലെ ചാരി ഇരിക്കരുത്, മറിച്ച് വിനീതനായി ഇരിക്കണം. സംവാദകന് അമിത വിശപ്പൊ ദാഹമൊ ഉണ്ടാകരുത്, പെട്ടെന്ന് ദേഷ്യം വരാന്‍ അത് കാരണമാകും’.
സംവാദത്തിന്റെ ലക്ഷ്യം നിര്‍ണ്ണയിച്ചതിനോടൊപ്പം സംവാദകര്‍ പാലിക്കേണ്ട സദാചാര മൂല്യങ്ങള്‍ക്ക് ഇത്രയധികം പ്രാധാന്യം നല്‍കിയത് ഇതര സംസ്‌കാരങ്ങളില്‍നിന്ന് ഇസ്ലാമിനെ വ്യത്യസ്തമാക്കുന്നതായി യൂസുഫ് സൂഫി അദ്ദേഹത്തിന്റെ Pious Critique ല്‍ നിരീക്ഷിക്കുന്നുണ്ട്.
കര്‍മശാസ്ത്ര സംവാദങ്ങള്‍ ഹിജ്‌റ ആദ്യ നൂറ്റാണ്ടു മുതല്‍ തുടങ്ങിയിട്ടുണ്ടെങ്കിലും വ്യവസ്ഥാപിത രീതിയില്‍ സാങ്കേതിക പദാവലികള്‍ ഉപയോഗപ്പെടുത്തി സംവാദ പ്രക്രിയക്ക് രൂപരേഖ ആദ്യമായി തയ്യാറാക്കിയത് ഇമാം ഖഫ്ഫാല്‍ അശ്ശാശി(റ) ആണെന്നാണ് ഇമാം ശീറാസി(റ)യുടെ പക്ഷം. ഖഫ്ഫാല്‍(റ)വിന്റെ ഗുരുനാഥനായ ഇബ്‌നു സുറൈജ്(റ) തന്നെ അവ വികസിപ്പിച്ചിട്ടുണ്ടെന്ന് ഇമാം സുബ്കി(റ) ത്വബഖാത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കര്‍മശാസ്ത്ര മേഖലയില്‍ അരങ്ങേറിയ സംവാദങ്ങളെ വിശകലനം ചെയ്ത് മക്ഗില്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായ വാള്‍ട്ടര്‍ എഡ്വാര്‍ഡ് യംഗ് രചിച്ച The dialectical forge: Jurisdical Disputation and the Evolution of Islamic Law എന്ന ഗ്രന്ഥത്തില്‍ സംവാദ ചരിത്രത്തെ മൂന്നു ഘട്ടങ്ങളിലായി ഭാഗിക്കുന്നുണ്ട്. ഹിജ്‌റ ഒന്നാം നൂറ്റാണ്ടു മുതല്‍ നാലാം നൂറ്റാണ്ടുവരെയാണ് ആദ്യഘട്ടം. ശേഷം അഞ്ചു മുതല്‍ ഏഴുവരെ രണ്ടാം ഘട്ടം. സംവാദങ്ങള്‍ സജീവമായി നടന്ന ഘട്ടമാണിത്. എട്ടാം നൂറ്റാണ്ടു മുതല്‍ തുടര്‍ന്നു പോരുന്നതാണ് മൂന്നാം ഘട്ടം.
ഇമാം ശാഫി(റ), ഇമാം കര്‍ഖി(റ), ഇമാം അബുല്ലൈസ്(റ), ഇമാം ബാഖില്ലാനി(റ), ഇമാം ശീറാസി(റ), ഇമാം ബാജി(റ), ഇമാം ഇബ്‌നു അഖില്‍( റ ), ഇമാം ബസ്ദവി( റ ), ഇമാം സറഖ്‌സി ( റ ), ഇമാമുല്‍ ഹറമൈനി( റ ), ഇമാം ഗസ്സാലി( റ ), ഇമാം ആമിദി( റ ), ഇമാം റാസി( റ ) തുടങ്ങിയ പണ്ഡിതര്‍ സംവാദ രംഗത്ത് നിറഞ്ഞു നിന്ന പ്രമുഖരാണ്.
ധൈഷണിക സംവാദങ്ങള്‍ സംവാദകരുടെ കാഴ്ച്ചപ്പാടുകളെ വികസിപ്പിക്കുകയും ആലോചനകള്‍ക്ക് വ്യക്തത വരുത്തുകയും ചെയ്യുന്നുണ്ട്. ഇമാം ശീറാസി( റ ) യുടെ സംവാദങ്ങളെ മുന്‍നിര്‍ത്തി ഇതിനെ മനസ്സിലാക്കാവുന്നതാണ്. സംവദിച്ചും സംവാദ വ്യവസ്ഥകള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ രചിച്ചും ഈ മേഖലയില്‍ സജീവമായിരുന്നു അബൂഇസ്ഹാഖ് ശീറാസി(റ) . അദ്ദേഹത്തിന്റെ സംവാദ മികവിനെ പ്രശംസിച്ച് ഇമാം സുബ്കി എഴുതുന്നു ‘സംവാദ രംഗത്തെ സിംഹ ഗര്‍ജനമായിരുന്ന ശീറാസി( റ ), കര്‍മശാസ്ത്രത്തിലെ ഭിന്നാഭിപ്രായങ്ങളില്‍ അഗാധ പാണ്ഡിത്യത്തിനുടമയായിരുന്നു’. അബൂ ഇസ്ഹാഖിന്റെ ജിഹ്വ പോലെ എന്ന പ്രയോഗം തന്നെ അന്ന് വ്യാപകമായിരുന്നു’. ഇമാം മാവര്‍ദി( റ ) പറയുന്നു: അബൂ ഇസ്ഹാഖിനെ പോലെ മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല, ഇമാം ശാഫി( റ ) അദ്ദേഹത്തെ കണ്ടിരുന്നുവെങ്കില്‍ അതിയായി സന്തോഷിക്കുമായിരുന്നു.
ഇമാം ശീറാസി( റ ) യുടെ സംവാദ മികവിന് വിവിധ ഘടകങ്ങള്‍ കാരണമായിട്ടുണ്ട്. ജനിച്ചത് പേര്‍ഷ്യയിലായിരുന്നുവെങ്കിലും അധ്യയനവും അധ്യാപനവും ബഗ്ദാദ് കേന്ദ്രീകരിച്ചായിരുന്നു. മതത്തിനകത്തെ വിവിധ വിഭാഗങ്ങളാല്‍ പ്രക്ഷുബ്ധമായിരുന്നു അന്ന് ബഗ്ദാദ്. ശീറാസില്‍ ജീവിച്ച കാലത്ത് ളാഹിരി ധാര പിന്തുടര്‍ന്നിരുന്ന അബൂല്‍ ഫറജ് അല്‍ ഫാമി എന്നവരില്‍ നിന്ന് ഇമാം അറിവ് നേടിയിയുന്നു. ചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ അദ്ദേഹവുമായി സംവാദത്തിലേര്‍പ്പെടാറുണ്ടായിരുന്നുവെന്ന് ഇമാം ശീറാസി(റ) സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ശീറാസി(റ)യുടെ മറ്റു രണ്ടു ഗുരുനാഥരായ അബൂഹാതിം ത്വബരി, അബൂ ത്വയ്യിബ്ത്വബരി എന്നിവര്‍ അക്കാലത്തെ പ്രമുഖ സംവാദകരായിരുന്നു. അബു ത്വയ്യിബ് അത്വബരിയായിരുന്നു ഏറ്റവും പ്രധാനി. അദ്ദേഹത്തെ കുറിച്ച് ശീറാസി( റ ) പറഞ്ഞത് ‘ഇമാം ത്വബരി( റ ) യേക്കാള്‍ സംവാദ മികവുള്ള മറ്റൊരാളെ ഞാന്‍ ദര്‍ശിച്ചിട്ടില്ല’ എന്നാണ്. ബഗ്ദാദിലെ ശാഫിഈ നേതാവായി വാഴ്ത്തപ്പെട്ട ഇമാം ത്വബരി അക്കാലത്തെ ഹനഫി നേതാവായിരുന്ന ഇമാം സൈ്വമരി( റ ) യുമായി സംവാദത്തിലേര്‍പ്പെടാറുണ്ടായിരുന്നു.
ഇമാം ശീറാസി(റ)യുടെ സംവാദ ശേഷി വളരാനും കാഴ്ച്ചപ്പാടുകള്‍ വികസിക്കാനും ഈ സംഭവങ്ങള്‍ കാരണമായിരിക്കണം. വിശാല മനസ്‌കനായ ശീറാസി( റ ) യെ ശാഫിയേതര ധാര പിന്തുടരുന്നവര്‍ പോലും ജ്ഞാനാര്‍ജനത്തിനു വേണ്ടി സമീപിച്ചിരുന്നു. മാലികി പണ്ഡിതനായ അബുല്‍ വലീദ് അല്‍ ബാജി(റ) യും ഹന്‍ബലിയായ ഇബ്‌നു അഖീലും(റ) അവരില്‍ പ്രധാനികളാണ്. മൂന്നു വര്‍ഷമാണ് സ്പാനിഷ് വംശജനായ ഇമാം ബാജി ബഗ്ദാദില്‍ താമസിച്ചു പഠനം നടത്തിയത്. ശേഷം ഇമാം ശീറാസിയുടെ ‘അല്‍ മഊന ഫില്‍ ജദല്‍’ എന്ന ഗ്രന്ഥത്തെ മാതൃകയാക്കി ‘അല്‍ മിന്‍ഹാജ് ഫീ തര്‍തീബില്‍ ഹിജാജ’് എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. ഇമാം സുബ്കി എഴുതുന്നു: ഇമാം ബാജി ശീറാസി(റ)യോട് കടപ്പെട്ടവനാണ്, വിശിഷ്യാ തര്‍ക്കശാസ്ത്രത്തില്‍’. ഇമാം ശീറാസിയില്‍ നിന്ന് നേടിയ തര്‍ക്കരീതിയാണ് ഇബ്‌നു ഹസ്മുമായി നടന്ന സംവാദങ്ങളില്‍ ഇമാം ബാജിക്ക് സഹായകമായത്. ഇമാം ശീറാസിയുമായി അഭ്യേദമായ ബന്ധമായിരുന്നു അല്‍ വഫാ ഇബ്‌നു അഖീല്‍ ഹമ്പലിയും സൂക്ഷിച്ചിരുന്നത്. ശീറാസിയുടെ ജനാസ കുളിപ്പിച്ചത് ഇബ്‌നു അഖീലായിരുന്നു. ‘അല്‍ ജദലു അലാ ത്വരീഖത്തില്‍ ഫുഖഹാ’ ആണ് ഇബ്‌നു അഖീലിന്റെ തര്‍ക്കശാസ്ത്രത്തിലെ ഗ്രന്ഥം.
ഇമാം സൈ്വമരിയുടെ ശിഷ്യനും അക്കാലത്തെ ഹനഫി നേതാവുമായ അബൂ അബ്ദില്ലാഹ് അദ്ദാമിഗാനിയുമായും ഇമാമുല്‍ ഹറമൈനിയുമായാണ് ഇമാം ശീറാസിയുടെ സംവാദങ്ങള്‍ നടന്നത്. അബു ത്വയ്യിബ് അത്വബരിയുടെ സഹധര്‍മ്മിണിയുടെ വിയോഗത്തെ തുടര്‍ന്ന് പള്ളിയില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ വെച്ചാണ് ഇമാം ദാമിഗാനിയുമായുള്ള സംവാദം നടന്നത്. ഹനഫി നേതാവായ ഇമാം സൈ്വമരിയും പ്രസ്തുത സംഗമത്തിലുണ്ടായിരുന്നു. കുടുംബാംഗങ്ങള്‍ ആരെങ്കിലും മരണപ്പെട്ടാല്‍ ബഗ്ദാദിലെ നടപ്പുരീതി അനുസരിച്ച്, എല്ലാവരും പള്ളിയില്‍ ഒരുമിച്ചു കൂടി ഖുര്‍ആന്‍ പാരായണം അല്ലെങ്കില്‍ കര്‍മശാസ്ത്ര സംവാദം തുടങ്ങിയ കാര്യങ്ങളില്‍ വാപൃതരാകല്‍ പതിവുള്ളതാണ്. ഹനഫി നേതാവായ ഇമാം സൈ്വമരിയും ശാഫിഈ നേതാവായ ഇമാം ത്വബരിയും തമ്മിലുള്ള സംവാദമാണ് അവിടെ സംഗമിച്ചവര്‍ ആഗ്രഹിച്ചത്. ഇരുവരോടും അവരത് പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍, ഇമാം സൈ്വമരി പറഞ്ഞു ‘ഇമാം ദാമിഗാനിയെ പോലെ ഒരാള്‍ ശിഷ്യനായി ഉണ്ടാകുമ്പോള്‍ ഞാന്‍ എന്തിനു സംവദിക്കണം. ഉടനെ ഇമാം ത്വബരി ഇപ്രകാരം പ്രതിവചിച്ചു ‘ഇത് എന്റെ ശിഷ്യന്‍ അബൂ ഇസ്ഹാഖാണ്, അവന്‍ എന്നെ പ്രതിനിധീകരിക്കും’. അങ്ങനെയാണ് പ്രശസ്തമായ ആ സംവാദത്തിന് അരങ്ങൊരുങ്ങിയത്. നിശാപൂരില്‍ വച്ചായിരുന്നു ഇമാമുല്‍ ഹറമൈനിയുമായുള്ള സംവാദം.
ഇസ്ലാമിലെ സംവാദ രീതികളെയും വ്യവസ്ഥകളെയും വിശകലനം ചെയ്തു കൊണ്ട് നിരവധി പഠനങ്ങള്‍ വിരചിതമായിട്ടുണ്ട്. മക്ഗില്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ വാള്‍ട്ടര്‍ എഡ്വാര്‍ഡ്യംഗ് എഴുതിയ The dialectical forge Jurisdical Disputation and the Evolution of Islamic Law എന്ന ഗ്രന്ഥം ശ്രദ്ധേയമാണ്. ഇമാം അബൂ ഹനീഫ, ഇമാം അബൂ ലൈല എന്നിവര്‍ ഇമാം അബൂ യൂസുഫുമായി വിയോജിച്ച കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് അഞ്ഞൂറ് പേജുകളുള്ള പ്രസ്തുത പഠനം. ടൊറാന്‍ന്റോ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ യൂസുഫ് സൂഫിയും ഒരു സംഘം ഗവേഷകരും ചേര്‍ന്നു രചിച്ച Inferences by Parallel Reasoning in Islamic jurisprudence ആണ് മറ്റൊരു ഗ്രന്ഥം. യൂസുഫ് സൂഫി തന്നെ രചന നിര്‍വഹിച്ച Pious Critique:Abu ishaq al- Shirazi and the 11th Century practice of Juristic Disputation എന്ന മറ്റൊരു ഗ്രന്ഥവും ഉണ്ട്. ബെഞ്ചമിന്‍ മില്ലറുടെ Islamic Disputation Theory: The uses and rules of argument in mediaeval Islam, ഖാലിദ് തര്‍ഗിയുടെ ‘അല്‍ മുനാളറത്തുല്‍ ഫിഖ്ഹിയ്യ മിന്‍ മന്‍ത്വിഖില്‍ ജദലി ഇലാ മന്‍ത്വിഖില്‍ ഹിവാര്‍’, ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ Khalid Rouayheb ന്റെ Islamic intellectual history in the seventeenth century തുടങ്ങിയ ഗ്രന്ഥങ്ങള്‍ വിവിധ സമീപന രീതികള്‍ ഉപയോഗിച്ച് ഇസ്ലാമിലെ സംവാദ സംസ്‌കാരത്തെ വിശകലനം ചെയ്യുന്ന ഗ്രന്ഥങ്ങളാണ്.
Add comment