Thelicham

കടലും ഖബറും ബാക്കിയാക്കിയ ചരിത്രരേഖകള്‍

കടലും ഖബറും തമ്മിലെന്താണ് ബന്ധം. കടലിലൂടെയാണ് നാം പോകുന്നത്. പോയിക്കഴിഞ്ഞവരെക്കുറിച്ച് ഭൂമിയില്‍ ബാക്കിയായ ഓര്‍മയുടെ ഗര്‍ഭമാണ് ഖബര്‍. പായ്ക്കപ്പലില്‍ പണ്ട് പോയവരെക്കുറിച്ച് നാട്ടിലവശേഷിച്ചവര്‍ വിചാരിച്ചത് സന്തുഖിലെടുത്ത് കൊണ്ടുപോകുന്നവരെക്കുറിച്ച് ഇന്നാളുകള്‍ വിചാരിക്കുന്നത് പോലെയായിരിക്കും. കടല്‍ സഞ്ചാരികള്‍ തിരികെ വന്നാല്‍ വന്നു എന്നതൊഴിച്ചാല്‍ അനിശ്ചിതത്വത്തിന്റെ നീറ്റല്‍ രണ്ട് സന്ദര്‍ഭങ്ങളിലും ബാക്കിയുള്ളവര്‍ക്കുണ്ടാകും.

കടല്‍ക്ഷോഭത്തിലില്ലാതാകുന്നവരാകട്ടെ ഒരു ഫാത്തിഹയോതാനുള്ള ഭൂസ്മരണകളിലില്ലാതെ പോകും. അപ്പോള്‍ എല്ലാം സമം സമം. എന്നാല്‍ പോയവര്‍ ബാക്കിയായവരുമായി പുലര്‍ത്തുന്ന അനിര്‍വചനീയമായ ബന്ധത്തിന്റെ രേഖീയമായ ഒരു നീക്കിയിരിപ്പുണ്ട്. അത് വംശാവലിയാണ്. ജീനിയോളജി. കടല്‍, ഖബര്‍, പോയവര്‍, ബാക്കിയായവര്‍, അവര്‍ തമ്മില്‍ തുടരുന്ന വംശാവലികളിലൂടെ നീണ്ടുപോകുന്ന തുടരാഖ്യാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഒരു അക്ഷരയാത്രയാണ് എങ് സങ് ഹോയുടെ ഗ്രേവ്‌സ് ഓഫ് തരീം എന്ന പുസ്തകം. ബുക് പ്ലസിലൂടെ എ.കെ അബ്ദുള്‍ മജീദിന്റെ വിവര്‍ത്തനത്തിലൂടെ മലയാളി വായനക്കാര്‍ക്ക് ഗ്രേവ്സ് ഓഫ് തരീം ഇപ്പോള്‍ ലഭ്യമാണ്. പുസ്തകത്തിന്റെ വായനയും, എങ് സങ് ഹോയുമായി മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വെച്ച് നടത്തിയ സംഭാഷണവും ചെലുത്തിയ സ്വാധീനമാണ് ഈ കുറിപ്പിന്റെ പ്രചോദനം.

നൃത്തത്തില്‍ നിന്നും നര്‍ത്തകിയെ എങ്ങനെ തിരിച്ചറിയാമെന്ന (How can we know the dancer from the dance?) യേറ്റ്‌സിന്റെ പഴയൊരു ചോദ്യം എഴുത്തിനെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. ആത്മകഥയല്ല എഴുതുന്നതെങ്കില്‍ പോലും എഴുത്തിന്റെ അമൂര്‍ത്തവും അവാച്യവുമായ തലത്തില്‍ എഴുത്തുകാരിയാണുള്ളത്. ഡയസ്‌പോറിക് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം വിശേഷിച്ചും. മലയാളികളുള്‍പ്പെടെ ലോകത്തെ വായനക്കാരെല്ലാം ഏറ്റുവാങ്ങിയ ഒരു ഡയസ്‌പോറിക് സാഹിത്യമുണ്ട്- മക്കയിലേക്കുള്ള പാത. സഞ്ചാര സാഹിത്യമായിട്ടാണ് നാം ആ കൃതിയെ മനസിലാക്കിയതെങ്കിലും അസദിന്റെ യാത്ര ചിതറിപ്പരന്ന് സ്വയം രൂപപ്പെടുകയും പിന്നീട് ചിതറിത്തെറിക്കുവാന്‍ പ്രേരണ പ്രകടിപ്പിക്കുകയും ചെയ്യുന്ന ഉന്‍മാദിയായ ഒരു ജ്ഞാനോദ്വേഗിയുടെ കുറ്റിപറിച്ചുകൊണ്ടുള്ള ഓടടാ ഓട്ടമാണ്. എന്നെ കെട്ടിയിടല്ലേ എന്ന് നിലവിളിച്ചില്ലെങ്കിലും ആ അഭ്യര്‍ത്ഥന അതില്‍ സ്പഷ്ടമാണ്. പക്ഷെ വായനക്കാര്‍ തൊഴുത്തുകളിലേക്ക് ആ പുസ്‌കതത്തെ വലിച്ചുകൊണ്ടു പോയിട്ടുണ്ട് എന്നത് വേറെ കാര്യം.

മലേഷ്യയില്‍ ജനിച്ച് ഇപ്പോള്‍ അമേരിക്കയില്‍ അക്കാദമിക ലോകത്ത് സജീവമായിട്ടുള്ള എങ് സങ് ഹോയെ ഈ പുസ്തകത്തിന്റെ കടപ്പാട്, ആമുഖം തുടങ്ങിയ ഭാഗങ്ങളിലല്ലാതെ തെളിഞ്ഞ് കാണാന്‍ പ്രയാസമായിരിക്കും, പ്രത്യക്ഷവായനയില്‍. കാരണം ഒരു അക്കാദമിക താല്‍പര്യത്തോടുകൂടി വായിക്കുന്ന ഒരു റഫറന്‍സ് പുസതകമാണെന്ന നാട്യം ഗ്രേവ്‌സ് ഓഫ് തരീമിനുണ്ട്. പലപ്പോഴും പുസ്തകത്തെപ്പറ്റി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും വിശകലനം ചെയ്യപ്പെട്ടിട്ടുള്ളതും ജേര്‍ണലുകളിലും സിമ്പോസിയങ്ങളിലുമാണ്. അതില്‍ തെറ്റില്ല. കാരണം വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന്റെ ഉത്പന്നമെന്ന നിലക്കും ഗവേഷണരീതിശാസ്ത്രത്തിന്റെ ഉപാധികള്‍വെച്ച് വിശകലനം ചെയ്യപ്പെട്ട വിഷയമെന്ന നിലക്കും പുസ്തകത്തിന്റെ അക്കാദമിക ഗരിമ പ്രസക്തമാണ്. എന്നാല്‍ ഈ പുസ്തകത്തില്‍ ദേശരാശികളെ അതിവര്‍ത്തിക്കുന്ന ഒരു മനസ്സിന്റെ പ്രാപഞ്ചികാനുഭവത്തിന്റെ കനലില്‍ ചുട്ടതിന്റെ ചൂട് ബാക്കിയുണ്ട്. ഒരു ശിശുവിന്റെ കയ്യിലിരിക്കുന്ന നിറത്തോക്ക് പോലെ എന്റെ രാജ്യം എന്ന ദേശീയബോധം വയലന്‍സിന്റെ പല രൂപങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന ഇന്നത്തെ ലോകത്ത്, സമുദ്രയാത്രകളിലൂടെ രൂപപ്പെട്ട അടയാളങ്ങളിലൂടെ വിനിമയം ചെയ്യപ്പെടുന്ന ജീവിതവീക്ഷണവും ലോകബോധവും ചലനാത്മകമായ ഒരു ഡയസ്‌പോറിക് ബോധവും പ്രസക്തമാണെന്ന് പറയാതെ വയ്യ.

അത്തരത്തിലൊരു വായന ഈ പുസ്തകം അര്‍ഹിക്കുന്നുണ്ട്. ഇപ്പോഴത്തെ യമനിലെ ഹള്‌റമൗത്തില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ലോകമെമ്പാടും ചിതറിപ്പോയ ഒരു സമൂഹത്തെക്കുറിച്ചാണ് ഗ്രവ്സ് ഓഫ് തരീം പറയുന്നത്. ഹദാരിമ എന്നോ ഹദ്‌റമി എന്നോ ഈ സമൂഹം സ്വയം അടയാളപ്പെടുത്തുന്നു. ചിതറിത്തെറിച്ച ഈ സമൂഹത്തെയാണ് ഡയസ്‌പോറ എന്ന് പറയുന്നത് – ഒരു ദേശത്തില്‍ നിന്ന് തുടങ്ങി പലദേശങ്ങളിലൂടെ സംക്രമിച്ച് പലസമൂഹങ്ങളെയും സ്വാധീനിച്ച് ആ സമൂഹത്തെയും തന്നെത്തന്നെയും പുന:ക്രമീകരിക്കുന്നവരാണ് ഡയസ്‌പോറ. ഒരേ സമയം ഋണാത്മകവും നിഷേധാത്മകവുമായ അര്‍ത്ഥങ്ങള്‍ ഡയസ്‌പോറ, സവിശേഷമായും ഹദ്‌റമികള്‍ പേറുന്നുണ്ട്. എങ് സങ് തന്നെ ഡയസ്‌പോറയെ പരിചയപ്പെടുന്നത്, ചിതറിയവര്‍, പരന്നവര്‍, ചിന്നിപ്പോയവര്‍, നാടുകൂടിയവര്‍, നഷ്ടപ്പെട്ടവര്‍, മുങ്ങിപ്പോയവര്‍, കണ്ടെടുക്കപ്പെട്ടവര്‍ എന്നെല്ലാമാണ്. ഡയസ്‌പോറയില്‍ സമ്മേളിക്കുന്നു, ഖബറും കടലും.

ഗ്രേവ്‌സ് ഓഫ് തരീം എഴുതപ്പെട്ട പതിറ്റാണ്ടില്‍ തന്നെ പുറത്തിറങ്ങുകയും ഗ്രേവ്‌സിനേക്കാള്‍ ഒരു പക്ഷെ വായിക്കപ്പെടുകയും ചെയ്ത സമാനമായ ആശയം പങ്കുവെക്കുന്ന പുസ്തകമാണ് സ്റ്റീഫന്‍ ഗ്രീന്‍ബ്ലാറ്റിന്റെ ‘കള്‍ച്ചറള്‍ മൊബിലിറ്റി എ മാനിഫെസ്റ്റോ.’ ലോകമെമ്പാടും ഇന്ന് ഭീഷണിയായി വളര്‍ന്നിട്ടുള്ള വംശീയ ദേശീയതയുടെ നാമ്പുകള്‍ കിളിര്‍ത്ത് തിടം വെച്ച് സമൂഹശരീരത്തില്‍ അപകടകരമാം വിധം പരന്നുകഴിഞ്ഞ സമയത്താണ് പുസ്തകങ്ങള്‍ പുറത്തുവരുന്നത്. എന്നാല്‍ ഇന്ത്യയില്‍ നരേന്ദ്ര മോഡി പ്രതീകവത്കരിക്കുന്ന വംശീയതയില്‍ വേരുള്ള തദ്ദേശീയ വാദത്തിന്റെ അനക്കമറ്റ (sedentary) ഒരു സമൂഹബിംബത്തിന്റെ രൂപീകരണ സമയത്ത്, അത് പ്രതീകവത്കരിക്കുന്ന അയഥാര്‍ഥത്തെയും പൊള്ളത്തരത്തെയുമാണ് രണ്ട് പുസ്തരങ്ങളും ഇന്ത്യയില്‍ നിന്ന് വായിക്കുമ്പോള്‍ നമുക്ക് വെളിപ്പെടുത്തിത്തരുന്നത്. ഗ്രീന്‍ബാല്‍റ്റിന്റെ പുസ്തകത്തേക്കാള്‍ മൂന്ന് വര്‍ഷം മൂത്തതാണ് ഗ്രേവ്സ്.

പാഠകേന്ദ്രീകൃതമായ ഒരു രീതിശാസ്ത്രമാണ് ഗ്രീന്‍ബാള്‍റ്റിന്റേതെങ്കില്‍ നരവംശവിജ്ഞാനവും പാഠവിശകലനവും സാംസ്‌കാരികമായ ചിഹ്നശാസ്ത്രവുമാണ് (cultural semiotics) എങ് സങ് അവലംബിക്കുന്നത്. എന്നാല്‍ പുസ്തകങ്ങള്‍ രണ്ടും പരസ്പരം പ്രതിഫലിപ്പിക്കുകയും അര്‍ത്ഥങ്ങള്‍ കൈമാറുകയും ചെയ്യുന്നുണ്ട് എന്നുള്ളത് പാരസ്പരിക പാഠവിശകലനത്തിന്റെ തലത്തില്‍ (intertextuality) ശ്രദ്ധേയമാണ്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ഗ്രേവ്സ് എന്താണ് പറയുന്നത് എന്ന് ഗ്രീന്‍ബാള്‍റ്റിന്റെ പുസ്തകം സംഗ്രഹിക്കുന്നുണ്ട്- യാഥാര്‍ത്ഥ്യം, ഇന്ന് നാം കാണുന്ന ലോകം അനങ്ങാപ്പാറകളായ ദേശീയതകളോ തദ്ദേശീയരോ നിര്‍മിച്ചതല്ല, മറിച്ച് പലായനം ചെയ്ത ഡയസ്‌പോറകള്‍ നിര്‍മിച്ചതാണ്.
ഹദ്‌റമീ ഡയസ്‌പോറയെ സവിശേഷമായി നിര്‍ണയിക്കുന്ന രണ്ട് ഘടകങ്ങള്‍ വാണിജ്യവും ആത്മീയതയുമാണ്. യൂറോപ്യന്‍ കൊളോണിയല്‍ വ്യാപനത്തെ അടയാളപ്പെടുത്തുന്ന വാണിജ്യത്തില്‍ നിന്നും ഹദ്‌റമി ഇടപെടലുകളെ മാറ്റിനിര്‍ത്തുന്ന ഘടകം അവരുടെ സാമ്പത്തികമായ അഭിപ്രേരണയില്‍ മതപരവും ആത്മീയവുമായ ലോകവീക്ഷണം ചെലുത്തിയ പ്രകടമായ സ്വാധീനമാണ്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുസമൂഹങ്ങളിലും തീരപ്രദേശങ്ങളിലുമുള്ള മസ്ജിദുകള്‍, മഖ്ബറകള്‍, പാഠശാലകള്‍ തുടങ്ങിയവ സൂക്ഷ്മതലത്തില്‍ ഹദ്‌റമികളുടെ സാംസ്‌കാരിക വിനിമയത്തിന്റെ ചിഹ്നങ്ങളാണ്. എല്ലാ മഖ്ബറകളും ഹദ്‌റമികളെ ഓര്‍മപ്പെടുത്തുന്നു എന്നല്ല. ഹദ്‌റമികള്‍ ചെന്നിടങ്ങളില്‍ ഈ ചിഹ്നങ്ങള്‍ അവരുടെ സാംസ്‌കാരിക വിനിമയങ്ങളെയും വംശാവലിയെയും ബാക്കിയാക്കുന്നു എന്നാണര്‍ത്ഥം. ഹളറമൗത്തില്‍ പരദേശിയായി ചെന്ന അഹ്‌മദ് ബിന്‍ ഈസയുടെ പൗത്രനില്‍ നിന്ന് നീളുന്ന അലവി സൂഫി തരീഖത്താണ് ആത്മീയമായി ഹദ്‌റമി പാരമ്പര്യത്തെ നങ്കൂരമിടുന്നത്. മമ്പുറം സയ്യദ് അവലി തങ്ങള്‍ ഈ പാരമ്പര്യത്തിലേക്ക് കേരളത്തെ വിളക്കിച്ചേര്‍ത്ത യുഗപുരുഷനാണ്.

കൊളോണിയല്‍ രാഷ്ട്രീയ ഇടപെടലുകളെ നിര്‍ണയിച്ചിരുന്നത് കോളനികളുടെ മേല്‍ അമര്‍ന്ന മാതൃഭൂമിയുടെ ഏകജാതീവത്കരണത്തിന്റെ (homogenization) കൈപ്പിടിയായിരുന്നെങ്കില്‍, ഹള്‌റമി ഡയസ്‌പോറയുടെ വിനിമയങ്ങളെ അടയാളപ്പെടുത്തിയത് സങ്കരവത്കരണമാണ് (creolization). ഉത്തരകൊളോണിയല്‍ സാഹിത്യ-സാംസ്‌കാരിക വിമര്‍ശനത്തിന്റെ സന്ദര്‍ഭത്തില്‍ ഹോമി ബാബയുടെ എഴുത്തുകളിലും മറ്റും കടന്നുവരുന്ന സംവര്‍ഗമാണ് ക്രിയോല്‍ എന്നത്. ഈ പുസ്തകത്തിന്റെ സവിശേഷ പശ്ചാത്തലത്തില്‍ മുവല്ലദ് എന്ന അറബി പദത്തെ പരിഭാഷപ്പെടുത്തുന്നത് ക്രീയോല്‍ അഥവാ സങ്കരം ആണ്. എങ് സങിന്റെ അക്കാദമിക സംഭാവനകളിലൊന്ന് ഇത്തരം പദാവലികളുടെ നിര്‍മിതിയാണ്. അതായത് ഹോമി ബാബയും മറ്റും നല്‍കിയ അര്‍ത്ഥമല്ല പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ ക്രീയോലിന് നല്‍കുന്നത്. ഹദ്‌റമി ഡയസ്‌പോറ ചെന്നെത്തിയ ഇടങ്ങളില്‍ വിവാഹബന്ധത്തിലൂടെയുണ്ടായ സന്താനങ്ങളെയാണ് ക്രിയോല്‍ അഥവാ മുവല്ലദ് എന്ന് പ്രാഥമികമായും വിശേഷിപ്പിക്കുന്നത്.

ക്രിയോലുകള്‍ തങ്ങളുടെ പിതൃതലമുറയെ തേടി തിരിച്ചുവരുന്നതും ഖബറുകളില്‍ രേഖപ്പെട്ടു കിടക്കുന്ന വംശാവലിയിലൂടെ സ്വത്വത്തെ ജനിച്ചനാടെന്ന ബോധത്തിനും ബോധനത്തിനുമപ്പുറത്ത് വലിച്ചു നീട്ടുന്നതും പുസ്തകത്തിലെ പ്രമേയങ്ങളിലൊന്നാണ്. എന്നാല്‍ മതത്തിലും, ഭക്ഷണരീതിയിലും, ആചാരമര്യാദകളിലും മറ്റും സങ്കരവത്കരണത്തിന്റെ അനിവാര്യമായ പ്രതിഫലനമുണ്ടെന്ന് കാണാം. യമനിലെ മന്തിയുടെ ക്രിയോലാണ് ഞാനീ ലേഖനമെഴുതുന്ന ആലുവയില്‍ അഞ്ഞൂറ് മീറ്റര്‍ അകലെ വില്‍ക്കുന്ന കുഴിമന്തി. മതബോധമായാലും അതു തന്നെ. പാരഡിയില്‍ അനുവര്‍ത്തനമല്ല, ഭേദമാണ് ശ്രദ്ധിക്കപ്പെടേണ്ടത്. സാംസ്‌കാരികവും മതപരവുമായ ഏകജാതിവത്കരണത്തിന്റെ വാദമുഖങ്ങള്‍ എന്ത് തന്നെയായലും മനുഷ്യജീവിതം അനിവാര്യമായും പാരഡിയാലും ക്രിയോലുകളാലും ബന്ധപ്പെട്ട് കിടക്കുകയാണ്.
വാളെടുത്ത സൂഫികള്‍ക്കും വാളുടച്ച സൂഫികള്‍ക്കുമിടയില്‍ ഹദ്‌റമികള്‍ക്കിടയിലുണ്ടായിരുന്ന വ്യത്യാസത്തിന്റെ അനുരണനം കേരളക്കരയിലുമുണ്ടായിരുന്നല്ലോ.

ഹള്‌റമികളുടെ വംശാവലി നീളുന്ന മുഹമ്മദ് ബ്‌നു ഈസായുടെ പൗത്രനായിരുന്ന മുഹമ്മദ് ബിനു അലി അബൂ മിദ്യന്റെ സൂഫി മാര്‍ഗം സ്വീകരിച്ച് വാളല്ലെന്‍ സമരായുധം-വംശാവലിയാണെന്‍ സമരായുധം എന്ന് പ്രഖ്യാപിച്ചുവെങ്കില്‍ അതദ്ദേഹത്തിന്റെ ശൈഖായിരുന്ന അലി ബാ മര്‍വാനെ ചൊടിപ്പിച്ചു. അതേസമയം ഇന്തോനേഷ്യയിലെ ജാവയില്‍ യോദ്ധാക്കളായ സൂഫികള്‍ വൈദേശികരായ ചൂഷകരോട് പോരാടിയത് മറ്റൊരു കഥ. യമനിലെ സൈദികളും സായുധപോരാട്ടത്തിന്റെ പാരമ്പര്യമുള്ളവരാണ്. അറബ് നാട്ടില്‍ ഇടതുപക്ഷ സായുധപോരാട്ടത്തിന്റെ ചരിത്രം പറയുന്ന ഇടമാണ് യമന്‍. പറഞ്ഞുവന്നത് ക്രിയോല്‍ – പരദേശം സ്വദേശത്തില്‍ വരുത്തുന്ന കലര്‍പ്പുകള്‍ -ലോകചരിത്രത്തില്‍ യാത്രചെലുത്തിയ സ്വാധീനമാണ്.

ഗ്രേവ്‌സ് ഓഫ് തരീം ആഗോളവത്കരണത്തിന്റെ ലോജിക്കിനെതിരില്‍ സങ്കരവത്കരണത്തിലൂടെ ഒരു പ്രതിയുക്തിയെ സ്ഥാപിക്കുന്നുണ്ട്. കോളനിവാഴ്ചയുടെ ഒരു വകഭേദമായിട്ടാണ് ആഗോളീകരണം അനുഭവമാകുന്നതെങ്കില്‍ ആ അനുഭവവും സമൂഹമനസ്സില്‍ സൃഷ്ടിക്കുന്നത് മക്ഡൊണാല്‍ഡൈസേഷനിലൂടെയും മറ്റും ശീലമായി മാറുന്ന സാംസ്‌കാരികമായ ഏകജാതിവത്കരണമാണ്. ലോക്കലുകള്‍ അഥവാ പ്രദേശങ്ങള്‍ കേവലമായ മാര്‍ക്കറ്റുകള്‍ മാത്രമാണ്-സാംസ്‌കാരിക ചിഹ്നങ്ങളാകട്ടെ ഇതേ മാര്‍ക്കറ്റിന്റെ യുക്തിക്ക് പരുവപ്പെട്ട ഉത്പന്നങ്ങളുമാണ്. മാര്‍ക്കറ്റിലെ അതിമത്സരത്തിലൂടെ ഇല്ലാതായിപ്പോകുന്ന പ്രാദേശിക ഘടകങ്ങളെയും മൂല്യങ്ങളെയും ആഗോളീകരണയുക്തി ഓര്‍മയില്‍ നിന്ന് ആദേശം ചെയ്യുന്നത് ഒരു പുതിയ മൂല്യമോ ബിംബമോ സ്ഥാപിച്ചു കൊണ്ടാണ്. എന്നാല്‍ ഡയസ്‌പോറ ചെയ്യുന്നത് നേരെ തിരിച്ചാണെന്ന് എങ് സങ് പറയുന്നു. ഇല്ലായ്മകളെ അത് മറച്ചുവെക്കുന്നില്ല. ഖബറുകളിലൂടെ, വംശാവലികളിലൂടെ, പാഠങ്ങളിലൂടെ ഇല്ലായ്മകളെ രേഖപ്പെടുത്തുകയും പിന്‍മുറക്കാര്‍ക്ക് ചെന്നെത്താന്‍ ബാക്കിയാക്കുകയും ചെയ്യുന്നു.

സമകാലികലോകത്തോട് ഈ പുസ്തകം സംവദിക്കുന്നത് ദേശീയവാദത്തോടും ആഗോളീകരണത്തോടും ഒരേ സമയം എതിരിട്ടു കൊണ്ടാണ്. ഒരു ഭാഗത്ത് സങ്കരവത്കരണം മനുഷ്യസംസ്‌കാരത്തിന്റെ അനിവാര്യതയാണെന്ന് പുസ്തകം ഓര്‍മപ്പെടുത്തുന്നു. മറുഭാഗത്ത് ആഗോളീകരണത്തിന്റെ സ്ഥാലികവും കാലികവുമായ നേര്‍രേഖയിലൂടെയുള്ള ചലനത്തിന് വിരുദ്ധമായി ധാര്‍മികമായ ഒരു വംശാവലി പ്രവാഹത്തെ അത് സ്ഥാപിക്കുന്നു. പോഗ്രസ് അഥവാ വികാസത്തിനു പകരം, സഹജീവനത്തിന്റെ മൂല്യനിര്‍ധാരണത്തിനായുള്ള ചരിത്രത്തിലൂടെയുള്ള പിന്‍മടക്കത്തെ അത് ഉദ്‌ഘോഷിക്കുന്നു. അതോടൊപ്പം ഒരു തദ്ദേശീയവാദത്തിന്റെ പ്രതിരൂപം മനസ്സില്‍ ഉയരാനനുവദിക്കാതെ ഈ പുസ്തകം (എല്ലാ പുസ്തകങ്ങളും) വായിക്കേണ്ടതുണ്ട്.

ഹള്‌റമികള്‍ എന്ന ഏകശിലാത്മകമായ ഒരു സമൂഹത്തെക്കുറിച്ചല്ല പുസ്തകം സംസാരിക്കുന്നത്. ജനകീയ പ്രക്ഷോഭങ്ങളും, ജനാധിപത്യവും, ഇടത്, വലത്, സുന്നീ, ശിയാ പക്ഷഭേദങ്ങളും സങ്കീര്‍ണമാക്കിയ യമനിന്റെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തില്‍ ഇടപെട്ട ഒരു സമൂഹത്തെക്കുറിച്ചാണ്. നയതന്ത്രവും സായുധപോരാട്ടവും ഇതൊന്നുമല്ലാതെ ജീവിതത്തോടുള്ള നിര്‍വികാരമായ അനവധാനതയും ഒരു പോലെ പുലര്‍ത്തിയവരുണ്ട്. സയ്യിദന്‍മാരുണ്ട്, സയ്യിദന്‍മാരെക്കുറിച്ച് പരിതപിക്കുന്നവരുണ്ട്. സത്യത്തില്‍ മുസ്‌ലിം ലോകത്തിന്റെ തന്നെ ഒരു ചെറിയലോകമായി പുസ്തകത്തിലൂടെ ഹളറമൗത്ത് നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടും. ഓരോ പുസ്തകവും കൃത്യമായ വായനാതന്ത്രവും സമീപനവും ആവശ്യപ്പെടുന്നുണ്ട്. ഗ്രേവ്‌സിനെ സമീപിക്കേണ്ടത് നിരവധി അടരുകളുള്ള ഒരു പാഠമായിട്ടാണ്. ഒരു തേങ്ങയുടെ പുറന്തോട് പോലെ അക്കാദമികമായ ഗവേഷണത്തിന്റെ സാന്ദ്രത പുസ്തകത്തെ ആവരണം ചെയ്തിരിക്കുന്നു. പുറന്തോട് മാറ്റിയാലും വിഷയത്തിന്റെ സമഗ്രതയും അപരിചിതത്വവും നല്‍കുന്ന കട്ടിപ്പ് തെല്ലൊന്ന് പിറകോട്ട് വലിക്കും.

പലപ്പോഴും വായിക്കാനെടുത്ത് വേണ്ടെന്ന് വെച്ച് ഒടുവില്‍ ഓരോ കൊത്തും രുചിയോടെ അനുഭവിച്ച ഒരു വായനാനുഭവമാണ് എനിക്കുള്ളത്. ഒടുവില്‍ എഴുത്തുകാരനുമായി സംവദിക്കാനവസരം ലഭിച്ചപ്പോള്‍ ഇത്രയും സമഗ്രമായൊരു ഗ്രന്ഥരചന നടത്തിയ ഒരു ഗവേഷകന്റെ ഗുരുത്വലാജ്ഞനയേതുമില്ലാതെ അദ്ദേഹം സംസാരിച്ചതോര്‍ക്കുന്നു. ഭക്ഷണത്തെക്കുറിച്ചും കാപ്പിയെക്കുറിച്ചും സംസാരിക്കുമ്പോള്‍ മുഖത്ത് വിടരുന്ന പാല്‍പുഞ്ചിരി ഇപ്പോഴും മനസ്സില്‍ നില്‍ക്കുന്നു. പുസ്തകവും അതു പോലെയാണ്. യമനില്‍ പോയ പോലെ. ആദ്യം മുഖത്ത് തട്ടുന്ന ചൂട് കാറ്റ് ഗൗനിക്കേണ്ടന്നെ. ദേശീയതയുടെയും തന്‍പോരിമവാദത്തിന്റെയും ഈ ഒച്ചപ്പാടുകള്‍ക്കിടയില്‍ എവിടെയെങ്കിലും പോയിരുന്ന് കാപ്പി കുടിച്ച് വായിക്കേണ്ട സാമൂഹ്യശാസ്ത്ര, ചരിത്രബോധത്തെ പുനര്‍നിര്‍മിക്കുന്ന പുസ്തകമാണ് ഗ്രേവ്‌സ്.

ശമീര്‍ കെ. എസ്

എഡിറ്റര്‍, അദര്‍ ബുക്‌സ്
കോഴിക്കോട്

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.