Thelicham

മലബാര്‍ പഠനങ്ങളിലെ മൃഗസാന്നിധ്യങ്ങള്‍

ചരിത്രത്തില്‍ മനുഷ്യരും മറ്റു മൃഗജീവിതങ്ങളുമായുള്ള ബന്ധവും ബന്ധവിച്ഛേദവും വിപുലമായി തന്നെ ചര്‍ച്ചയായതാണ്. മനുഷ്യന്റെ ഭൂജീവിതം പ്രഫുല്ലമായ ചിരാതന കാലം തൊട്ടേ മൃഗങ്ങളും പക്ഷിജാല പെരുമകളും ഒപ്പമുണ്ട്. ഇവരുമായി ഇണങ്ങിയും പിണങ്ങിയുമുള്ള മനുഷ്യ മഹാസഞ്ചാരത്തിന്റെ മനോഹര ഗാഥകള്‍ കൂടിയാണ് ചരിത്രം. നമ്മുടെ ഇതിഹാസങ്ങളും വിശ്രുത രചനകളും സത്യത്തില്‍ അന്വയിക്കുന്നത് മനുഷ്യ ജീവിതത്തിന്റെ സപ്തസംഘര്‍ഷങ്ങളും ഒപ്പം സ്വപ്‌നങ്ങളുമാണ്.
ഈ സംഘര്‍ഷ നിര്‍ദ്ധാരണ പരിശ്രമത്തില്‍ മൃഗങ്ങളും പറവക്കൂട്ടങ്ങളും ഉരഗപ്പെരുക്കങ്ങളും പ്രത്യക്ഷമായിത്തന്നെ അനുസഞ്ചാരം ചെയ്യുന്നുണ്ട്. പുലിപ്പുറത്ത് യാത്ര ചെയ്യുന്നതും വാനരസംഘങ്ങള്‍ പട ജയിക്കുന്നതും അണ്ണാറക്കണ്ണന്‍ സേതു ബന്ധിക്കുന്നതും മയൂര സംഘങ്ങള്‍ ദൂതുപോകുന്നതും ആനയും കുതിരയും അക്ഷൗണികളില്‍ നിരക്കുന്നതും ഇത്തരം കൃതികളില്‍ വിസ്താരമാര്‍ന്നെത്തുന്നത് വെറുതെയല്ല. ഈ പരജീവി സാന്നിധ്യങ്ങളെ അരുമയോടെ ആശ്രയിച്ചുകൊണ്ടേ മനുഷ്യജന്മത്തിന്റെ മഹാചങ്ങലത്തുരട് ഭൂമിയില്‍ നീള്‍ച്ചയാവൂ.

വിശുദ്ധ ഖുര്‍ആനിലും മനുഷ്യജീവിതത്തിന്റെ നാനാതരം ഭാവതലങ്ങള്‍ പ്രക്ഷേപിക്കുമ്പോള്‍ ഒട്ടകം മാത്രമല്ല ആനയും കുതിരയും നായയും കഴുതയും മരംകൊത്തിയും ഈച്ചയും കൊതുകും ഉറുമ്പും തേനീച്ചയും കാക്കയും മുതല്‍ നിരവധി ജീവജാലങ്ങള്‍ പ്രത്യക്ഷമാവുന്നത് വിസ്മയത്തോടുകൂടി നമുക്കു കാണാം. ഇത് വെറുതെ സംഭവിക്കുന്നതല്ല. മനുഷ്യരുടെ ഇഹപര മോക്ഷം ഉന്നയിക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്. പരലോകമോക്ഷം ലക്ഷ്യമേയല്ലാത്ത മറ്റു ജീവിവര്‍ഗ്ഗത്തെ കൂടി ചേര്‍ത്തുള്ള സഹവാസ സംവാദ ജീവിതത്തിലൂടെ മാത്രമേ ഭൂമിയില്‍ മനുഷ്യ യോഗ പ്രാപ്തി സാധ്യമാകേണ്ടതുള്ളൂ എന്നത് സ്രഷ്ടാവിന്റെ നിശ്ചയമാണ്. അങ്ങിനെ അരുമയൂറുന്ന പരാശ്ലേഷത്തിലൂടെ മാത്രമേ മനുഷ്യന് പ്രബുദ്ധനാകാനുമാവൂ.

മൃഗങ്ങള്‍ക്കും ചരിത്രമുണ്ട്. മനുഷ്യന്‍ കൈവരിച്ച നാഗരിക വികാസങ്ങളില്‍ ഈ പാവം മൃഗജീവിതത്തിന്റെ കൊടും സഹനവും ബലിയുമുണ്ട്. ഇവരുടെ സഹകരണ ത്യാഗമില്ലാതെ ഭൂമിയിലെ നാഗരിക പ്രവര്‍ത്തനം അര്‍ത്ഥപൂര്‍ണമാവില്ല. വിശുദ്ധ ഖുര്‍ആനിലെ ഒരു പ്രധാന അധ്യായം തന്നെ ‘പശു’വാണ്. മറ്റൊന്ന് ‘കാലികള്‍ ‘ .അറേബ്യന്‍ സൈകതങ്ങളില്‍ പശു തീര്‍ത്തും അഭാവമാണ്. എന്നിട്ടും വിശുദ്ധ വേദം വിദൂരതയിലെ പശു സാനിധ്യത്തെയും തിരഞ്ഞു പോയത് നദീ തട നാഗരികതകള്‍ ഇരമ്പിയ സൈന്ധവ ദേശഭൂമിയിലേക്കും നൈല്‍ തടങ്ങളിലേക്കും പിന്നെ ഹൊയാങ്ങ്‌ഹോ താഴ് വരയിലേക്കും.
പശുജീവിതം നേടിയ സാംസ്‌കാരിക മേല്‍ക്കൈ അപരാധത്തിലേക്ക് വഴുക്കിയപ്പോള്‍ തിരുത്തുവാനാണെങ്കിലും ആ അവതരണം നമുക്ക് നല്‍കുന്നത് അതിശയകരമായ മറ്റ് നിരവധി ഭാവതലങ്ങള്‍ കൂടിയാണ്.

സ്വന്തമായി സ്രോതസ്സുകളില്ലെങ്കിലും മനുഷ്യജീവിതം പല കാലങ്ങളില്‍ സ്വന്തം ഭാഗധേയം അടയാളപ്പെടുത്തുന്നതിനിടയില്‍ അനിഷേധ്യ ഘടകങ്ങളായി കടന്നെത്തുന്ന മൃഗ ജീവിതങ്ങളും പ്രധാനമാണ്. ഇതിനെ ഈ നിലയില്‍ വേര്‍പെടുത്തി എടുക്കുകയും നാനാതരം ചരിത്ര സന്ദര്‍ഭങ്ങളെ മിണ്ടാജീവികളുടെ നിര്‍വാഹകത്വത്തില്‍ കൂടി വിശകലനം ചെയ്തു മുന്നോട്ടുപോവുകയും ചെയ്യുന്നത് പുതിയകാല സാംസ്‌കാരിക നിവൃത്തികളില്‍ പ്രധാനമാണ് . ഇങ്ങനെയുള്ള കൃതികള്‍ തീര്‍ച്ചയായും പടിഞ്ഞാറന്‍ എഴുത്തുകളില്‍ വേണ്ടുവോളമുണ്ടാവും. മനുഷ്യജീവിതത്തിന്റ ദൈന്യ സന്ദര്‍ഭങ്ങളെ മൃഗസമാനതയോട് തത്ത്വശാസ്ത്രപരമായി സമീകരിക്കുന്ന അനിമല്‍ ഫാം പോലുള്ളത് ഉദാഹരണമാണ് .

എന്നാല്‍ ഇവിടെ ഗവേഷകനും എഴുത്തുകാരനുമായ മഹമൂദ് കൂരിയയുടെ തീര്‍ത്തും വ്യത്യസ്തമായ ഒരു ആഖ്യാനം മലയാളത്തില്‍ പ്രസാധിതമായിരിക്കുന്നു ‘മൃഗ കലാപങ്ങള്‍’ . പലതുകൊണ്ടും അത്ഭുതപ്പെടുത്തുന്നു ഈ കൃതി. വിമോചന സമരങ്ങളിലും കലാപങ്ങളിലും വിപ്ലവ പ്രവര്‍ത്തനങ്ങളിലും മനുഷ്യര്‍ ഹിംസ്രമൃഗങ്ങളെപ്പോലെ പെരുമാറുകയും അതില്‍ പീഢിതരായവര്‍ വളര്‍ത്തുമൃഗങ്ങളുടെ ദയനീയ സഹനങ്ങള്‍ ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ അനുസ്മരിക്കുകയല്ല ഈ പുസ്തകം ചെയ്യുന്നത് . മറിച്ച,് മലബാറിന്റെ അതിദീര്‍ഘമായ ചരിത്ര സന്ദര്‍ഭങ്ങളില്‍ അത്യധികം സവിശേഷമായൊരു കാലത്തുള്ള മനുഷ്യാനുഭവങ്ങളില്‍ എങ്ങിനെയാണ് മൃഗജീവിതം നിര്‍ണായകമായി എന്ന സമീക്ഷയാണ് മഹ്‌മൂദ് കൂരിയ തന്റെ കൃതിയില്‍ പഠനത്തിന് വെയ്ക്കുന്നത്.

നമ്മുടെ സാമൂഹ്യ ജീവിതവുമായി അത്രമേല്‍ ഇടപഴക്കമുള്ള ഏതാനും ജന്തുജാലങ്ങള്‍ മാത്രമാണ് ഈ പഠനത്തില്‍ വന്നു നിറയുന്നത്. 1892 മുതല്‍ 1922 വരെയാണ് ആ സമീക്ഷാകാലം. ശ്രീരംഗപട്ടണം സന്ധിയോടെ മലബാറില്‍ നിന്നും ടിപ്പു നവാബ് പിന്‍വാങ്ങിയതിനും അധിനിവേശ നിഷ്ഠൂരതക്കെതിരേ മാപ്പിള ജനതയുടെ നിര്‍വാഹകത്വത്തില്‍ വികസിച്ച സ്വാതന്ത്ര്യസമരത്തിന്റെ സമാപനത്തിനും ഇടയിലുള്ള നൂറ്റിമുപ്പതോളം ആണ്ടുകളെയാണ് എഴുത്തുകാരന്‍ തന്റെ പഠനവേളയായി ഏറ്റെടുത്തത്. ഇത് മലബാര്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ തിളച്ചു മറിഞ്ഞ കാലമാണ്. ഈ കാലഘട്ടത്തില്‍ മനുഷ്യരോട് ഇടപഴകിയ മൃഗ ജീവിതം മനോഹരമായ വാഗ്മമയമായാണ് പുസ്തകത്തില്‍ വിടരുന്നത്.

സംസാരിക്കാന്‍ കഴിയാത്ത മൃഗങ്ങളുടെ ചരിത്രം എങ്ങനെ രേഖീയമാക്കാം? സ്വന്തം അനുഭവ ലോകത്തേയും ആത്മകഥകളേയും ചരിത്രസ്രോതസ്സുകളായി അവതരിപ്പിക്കാന്‍ കഴിയാത്ത പാവം മൃഗങ്ങളെ എങ്ങിനെ നമുക്ക് അവലോകനം ചെയ്യാന്‍ കഴിയും? ഈ മൗന ജീവിതത്തിന്റെ ചരിത്ര പ്രസക്തി എന്താണ്?. ഇത്തരം കൗതുകകരമായ നിരവധി സമീക്ഷകളാണ് മഹ്‌മൂദ് തന്റെ പുസ്തകത്തില്‍ വളരെ അക്കാദമിക പരിവൃത്തത്തില്‍ തന്നെ അന്വേഷിച്ചു പോകുന്നത്. അതില്‍ അദ്ദേഹം സമ്പൂര്‍ണമായും വിജയിച്ചിരിക്കുന്നു. മൃഗങ്ങളുടെ നിശ്ശബ്ദ സഹനത്തില്‍ നിന്നും എഴുത്തുകാരന്‍ കണ്ടെടുക്കുന്ന വിനിമയ വിശേഷങ്ങള്‍ അതുകൊണ്ടു തന്നെ നല്ല വായനാ സന്ദര്‍ഭമാണ്.

മനുഷ്യ ജീവിതവുമായി ഏറെ സഹവസിച്ചു കഴിയുന്ന അഞ്ചാറ് മൃഗ സാന്നിധ്യങ്ങളെ ഉപജീവിച്ചുകൊണ്ടാണ് മഹമൂദ് തന്റെ പഠനങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. അതില്‍ ശ്രദ്ധേയമായ ഒരു പ്രബന്ധം 1921ലെ കൊളോണിയല്‍ വിരുദ്ധ സ്വാതന്ത്ര്യസമരങ്ങളില്‍ എങ്ങിനെയാണ് സാധുമൃഗമായ കഴുത ഇടപെട്ടത് എന്നതാണ്. ഏതുകാലത്താവും കഴുതയെന്ന പാവം മൃഗം മനുഷ്യ ജീവിതത്തിന്റെ ഒത്ത മധ്യത്തിലേക്ക് സഞ്ചരിച്ചെത്തിയത് .നേര്‍ത്തൊരു പ്രതിരോധം പോലും പ്രകടിപ്പിക്കാന്‍ അറിയാത്ത ഈ ജീവി അക്കാല സാഹസികതയില്‍ എങ്ങിനെയൊക്കെയാണ് സേവന നിരതമായിട്ടും ഒരു പരിഹാസ കഥാപാത്രമായത്?. ഇതൊരുപക്ഷേ, ആ മൃഗത്തിന്റെ സഹന സേവന തീക്ഷണത കൊണ്ട് കൂടിയാവാം.

ഇരുനൂറ് മുതല്‍ മുന്നൂറ് വരെ കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയുന്നവയാണ് പൊതുവേ കഴുതകള്‍. ഇവയെ മലബാറില്‍ ഇംഗ്ലീഷുകാര്‍ വ്യാപകമായി ഉപയോഗിച്ചത് അധിനിവേശത്തിനെതിരെ അഭിമുഖീകരണങ്ങള്‍ വികസിപ്പിച്ച മാപ്പിള സ്വാതന്ത്ര്യ പോരാളികള്‍ക്കെതിരെ പട നയിക്കാനാണ് .ആയിരത്തി എണ്ണൂറ്റി തൊണ്ണൂറുകളോടെ തന്നെ ഇംഗ്ലീഷുകാര്‍ കോവര്‍ കഴുതകളെ പോലീസിലും പട്ടാളത്തിലും ഉപയോഗിച്ചിരുന്നു എന്നതിന് മഹമൂദ് രേഖകള്‍ ഹാജരാക്കുന്നുണ്ട് . മലബാറിലെ ബ്രിട്ടീഷ് പടയില്‍ കഴുതകളുടെ മൂന്ന് യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നുവത്രേ.

ഇരുപത്തിനാലാം പാക്ക് മ്യൂള്‍ കോര്‍ ,ഇരുപതാം ഡ്രോട്ട് മ്യൂള്‍ കോള്‍. ഒന്ന് ഭാരം ഏറ്റി നടക്കുന്ന കഴുതകള്‍ മറ്റൊന്ന് ഭാരം വലിക്കുന്നവയും. ഭാരം വലിക്കുന്നവരുടെ പിന്നില്‍ ചക്രവണ്ടി ഉണ്ടാവും. തിരൂരില്‍ തീവണ്ടിയിറക്കുന്ന ഭക്ഷ്യവസ്തുക്കളും മറ്റു യുദ്ധ സാമഗ്രികളും ഏറനാടിന്റെ വിദൂര കേന്ദ്രങ്ങളിലേക്കെത്തിക്കുന്ന ചുമതലയാണ് ഇവര്‍ നിര്‍വഹിച്ചത്. ഇങ്ങനെ കഴുതകള്‍ ഏറ്റെടുത്ത യുദ്ധ സേവനങ്ങള്‍ വാഴ്ത്തുന്നതിനിടയില്‍ തന്നെ ഇവയെ പരിപാലിക്കാനുള്ള ചെലവുകളുടെ ആധിക്യവും പോലീസ് മേധാവി കൊണോലി വിശദത്തില്‍ രേഖപ്പെടുത്തുന്നത് എഴുത്തുകാരന്‍ ഉദ്ധരിക്കുന്നുണ്ട്. ഇരുനൂറും മുന്നൂറും കിലോഗ്രാം ഭാരം വഹിക്കാന്‍ സാധിച്ചിരുന്ന കഴുതകളെക്കൊണ്ട് ഇംഗ്ലീഷുകാര്‍ വെറും എഴുപത് കിലോഗ്രാം മാത്രമേ വഹിപ്പിച്ചിരുന്നുള്ളവത്രേ. കഴുതകളുടെ ആരോഗ്യം പ്രധാനമാണല്ലോ. മലബാറിലെ സ്വാതന്ത്ര ദാഹികളായ ദേശീയ വാദികളോടില്ലാത്ത കരുണയും കരുതലും അധിനിവേശത്തിന് കഴുതകളോടുണ്ടാവുക സ്വാഭാവികമാണ്. വിദൂര ദ്വീപ്‌ദേശമായ മൗറീഷ്യസില്‍ നിന്നുവരേ ഇംഗ്ലീഷുകാര്‍ കഴുതകളെ മലബാറിലേക്ക് ഇറക്കുമതി ചെയ്തിരുന്നു വെന്നാണ് മഹ്‌മൂദ് നിരീക്ഷിക്കുന്നത്.

കേരളത്തിന്റെ സ്വകീയ ജീവിയായ ആനയെ എങ്ങിനെയാണ് അധിനിവേശമുഷ്‌ക് നിലനിര്‍ത്തുവാനും പൂര്‍വാധികം ക്രൂരമാക്കുവാനും കൊളോണിയല്‍ ശക്തികള്‍ ഉപയോഗിച്ചത് എന്നതാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ മഹമൂദ് അന്വേഷിക്കുന്നത്. ഈ ഭാഗം ഹൃദ്യതയുള്ളൊരു ഒരു വായനാ സന്ദര്‍ഭമാണ്. പന്ത്രണ്ട് കഴുതകള്‍ ഏല്‍ക്കുന്ന ഭാരം വഹിക്കാന്‍ നാലു ആനകള്‍ മതിയാവുമെന്നാണ് ചൂഷകരായ അധിനിവേശം കണക്കുകൂട്ടിത്. എന്നാല്‍ ഉറങ്ങാതിരിക്കുമ്പോഴൊക്കെയും തിന്നു കൊണ്ടേയിരിക്കേണ്ട ആനയെ പോറ്റാനുള്ള ചെലവ് താരതമ്യേന വളരെ കൂടുതലാണെന്നും ഇവര്‍ ഒപ്പം നിരീക്ഷിക്കുന്നു .കൂട്ടിയും കിഴിച്ചും ഇവര്‍ ഒടുവിലെത്തിയത് കഴുതയിലേക്ക് തന്നെയാണ്. വാരിക്കുഴി വെട്ടി ആനയെ വീഴ്ത്തുകയും അതിന് ചട്ടം പഠിപ്പിച്ച് താപ്പാനകളും കുങ്കിയാനകളുമാക്കാനുള്ള വന്‍ ചെലവുകളും കോളനി പ്പിശുക്കന്മാര്‍ കണക്കുകൂട്ടിയാണ് അവര്‍ കഴുതകളിലേക്ക് വഴിമാറിയത്.

സമരകാലങ്ങളില്‍ നടന്ന നിരവധി ആന മോഷണങ്ങളുടെ രസകരമായ കഥകളും പഴയ രേഖകള്‍ ഉദ്ദരിച്ച് മുഹമൂദ് പുസ്തകത്തില്‍ എഴുതുന്നത് ഹരം പിടിപ്പിക്കുന്ന വായനാനുഭവമാണ് .പുസ്തകത്തിലെ മൂന്നാം ഭാഗം പക്ഷേ പടയോട്ടങ്ങളില്‍ കുതിരകള്‍ എങ്ങിനെ ഇടപെട്ടു എന്നന്വേഷിക്കുകയാണ്. ലോക നാഗരികതയുടെ വികാസ പരിണാമങ്ങളില്‍ കുതിരയെന്ന അത്ഭുതജീവി എങ്ങനെയൊക്കെയാണ് പ്രവര്‍ത്തിച്ചത് എന്നതിന്റെ ലോക ചരിത്രം ഗ്രന്ധകാരന്‍ പുസ്തകത്തില്‍ എടുത്തുചേര്‍ക്കുന്നുണ്ട് . പ്രാചീന ലോകം കണ്ട സര്‍വ യുദ്ധങ്ങളിലും കുതിരയുണ്ട്.

യുദ്ധസന്ദര്‍ഭങ്ങളില്‍ ശത്രുവിന്റെ കണ്ഠം ഛേദിക്കാന്‍ പടക്കണ്ടത്തില്‍ ഒരു വിഭ്രമവും കൂടാതെ പിന്‍കാലുകളില്‍ പൊങ്ങിനിന്നു കൊടുക്കാന്‍ കുതിരയോളം ധീരതയുള്ള മറ്റൊരു ജീവിയില്ല . പടപ്പറമ്പിലൂടെ പൊടി പടര്‍ത്തി ചിനങ്ങിയോടുന്ന കുതിരയെ ഒരു കുഞ്ഞു സൂക്തത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ദൃശ്യപ്പെടുത്തുന്നുണ്ടല്ലോ. ഇന്ത്യയിലെ പുരാതന നേരംമ്പോക്കും വിനോദവുമായിരുന്നു ചതുരംഗം. ഇതില്‍ ആനയും കുതിരയും തേരുമുണ്ടല്ലോ. ചതുരംഗപ്പലകയില്‍ കുതിരയുടെ സഞ്ചാരവേഗത അത്ഭുതകരമാംവിധം തീക്ഷണമാണ്. കേരളത്തിലെ ഭൂപ്രകൃതി ഒരിക്കലും കുതിര സഞ്ചാരത്തിന് പറ്റിയതേയല്ല . അതുകൊണ്ടാണ് പ്രാചീന കേരളീയ ചരിത്രത്തില്‍ കുതിര ഇല്ലാതെ പോകുന്നതെന്നാണ് മഹ്‌മൂദ് നിരീക്ഷിക്കുന്നത്. നൂറ് നായന്മാരെ തുരത്താന്‍ ഒരു കുതിര മാത്രം മതിയെന്ന് അക്കാലത്തെ മൈസൂര്‍ സൈന്യം ഫലിതം പറഞ്ഞത് അതുകൊണ്ടാണ്. മലബാര്‍ സ്വാതന്ത്രസമരത്തെ തച്ചുതകര്‍ക്കാന്‍ വേണ്ടി അധിനിവേശം കുതിരകളെ വേണ്ടുവോളം ഉപയോഗിച്ചതായി പുസ്തകം പറയുന്നു.

ബ്രിട്ടീഷ് ഇന്ത്യയിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന എഡിന്‍ മൊണ്ടേഗ് ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ എടുത്തുദ്ധരിച്ചുകൊണ്ടാണ് മഹ്‌മൂദ് ഈ ഭാഗം വിശദീകരിക്കുന്നത്. അക്കാലത്ത് മലബാറില്‍ വ്യാപകമായ തോതില്‍ കുതിരപ്പടയുണ്ടായിരുന്നുവത്രേ.പശുവും കാളയും മലബാറിന്റെ ജീവിതത്തെ നിര്‍മിച്ച ജീവികളാണ്. യാത്രയും കാര്‍ഷികവൃത്തിയും അക്കാലത്ത് പ്രധാനമായും ഈ മൃഗങ്ങളെ ആശ്രയിച്ചായിരുന്നു മുന്നോട്ട് പോയത്. അതുകൊണ്ടുതന്നെ ഗോഗ്രഹണങ്ങളും തുടര്‍ന്നുള്ള കോലാഹലങ്ങളും മലബാറില്‍ സാധാരണമായി . കാളവണ്ടികളും പോത്തുവണ്ടികളും വ്യാപാരചന്തകളെ കൊഴുപ്പിച്ച വാഹനങ്ങളായിരുന്നു. കൊളോണിനിയല്‍ ക്രൂരാധിനിവേശത്തെ തുരത്താന്‍ പോയ രണ്ട് യുവാക്കള്‍ വീട്ടില്‍ നിന്നും നിലമുഴാന്‍ എന്ന ഭാവേന കന്നുകളേയും ഉഴവുപകരണങ്ങളുമായി വീട് വിട്ടുപോയതും പടഭൂമിയില്‍ അവര്‍ രക്തസാക്ഷികളായതും ഇതൊന്നുമറിയാതെ ഉച്ചയോടെ കന്നുകള്‍ ഇടവഴികള്‍ താണ്ടി സ്വന്തം ആലയിലേക്ക് തിരിച്ചെത്തിയതും പുസ്തകത്തില്‍ വായിക്കുമ്പോള്‍ നാം സ്തബ്ധരാവും.

വിമോചന സ്വാതന്ത്ര്യപ്പോരാളികളുടെ വിഖ്യാതനായകനായിരുന്ന വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ഇങ്ങനെ മൃഗങ്ങള്‍ വലിക്കുന്ന വാഹനങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നുണ്ടല്ലോ.നായയും പൂച്ചയും എങ്ങിനെയൊക്കെയാണ് മലബാറിലെ സമരകാലത്ത് ഇടപഴകിയതെന്ന് പുസ്തകം പലതലത്തിലും രാശിയിലും നിരീക്ഷിക്കുന്നുണ്ട് . സമരത്തെ തല്ലിത്തകര്‍ക്കാന്‍ ഭീകരമായി ഇടപെട്ട ഒരാളാണ് ജില്ലാ പോലീസ് സൂപ്രണ്ടായിരുന്നു ഹിച്ച്‌ക്കോക്ക്. ഈ സമര സന്ദര്‍ഭങ്ങളുടെ ഒത്ത മധ്യത്തില്‍ ഹിച്ച്‌കൊക്കിനെ പട്ടി കടിക്കുന്നുണ്ട്. തുടര്‍ന്ന് ചികിത്സക്കായി ഇയാള്‍ തമിഴ്‌നാട്ടിലെ കൂനൂരിലേക്ക് പോകുന്നു. ഈ സമയത്താണ് മഹത്തായ പൂക്കോട്ടൂര്‍ യുദ്ധം സംഭവിക്കുന്നത്. മുസ്ലിം സമൂഹത്തിന് പൊതുവേ അത്ര ഇഷ്ടമുള്ള മൃഗമല്ല നായയും പന്നിയും. ആ വിപ്രതിപത്തി മലബാറിലും അവര്‍ പ്രകടിപ്പിക്കുന്നുണ്ട് .മറ്റു മൃഗങ്ങളെപ്പോലെ നായയെ ഒരു സമരസഹായിയായി അവര്‍ മലബാറിലെവിടെയും ഉപയോഗിച്ചിട്ടില്ല. യൂറോപ്യന്‍ അധിനിവേശ നിഷ്ഠൂരത പക്ഷേ അത് വ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്. അക്കഥ പുസ്തകം പറയുന്നു. പട്ടിവര്‍ഗത്തോടുള്ള മുസ്ലിം വിപ്രതിപത്തിയാകാം അതൊരു തെറിവാക്കായി മലബാറില്‍ വികസിച്ചതെന്നും മഹ്‌മൂദ് നിരീക്ഷിക്കുന്നു .മലബാര്‍ സമരത്തെ ഇല്ലാതാക്കാന്‍ കോളനി അധികാരികള്‍ പട്ടികളെ വ്യാപകമായി ഉപയോഗിച്ചതായി പുസ്തകം പറയുന്നു.

പുസ്തകത്തിലെ മറ്റൊരു വിശേഷം മോയിന്‍കുട്ടി വൈദ്യരുടെ എലിപ്പടയെന്ന കാവ്യത്തെ മലബാര്‍ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ പുനര്‍പാരായണത്തിന് വെക്കാനുള്ള എഴുത്തുകാരന്റെ പരിശ്രമമാണ്. വൈദ്യരുടെ മറ്റു ചരിത്ര നിര്‍ദ്ധാരണ പാട്ടുരചനകളില്‍ നിന്നും ഏറെ ഭിന്നമാണ് എലിപ്പട . ഒറ്റ വായനയില്‍ കാല്പനികമാണ് എലിപ്പടപ്പാട്ട് .എന്നാല്‍ മലബാര്‍ വിമോചന സമരത്തിന്റെ പശ്ചാത്തലത്തില്‍ ഈ കൃതിക്ക് സവിശേഷ പ്രാധാന്യമുണ്ട്. കവര്‍ച്ചക്കാരും നിഷ്ഠൂരരുമായ അധിനിവേശ സൈന്യവും സ്വാതന്ത്ര്യ ദാഹികളായ മാപ്പിളമാരും തമ്മില്‍ നടന്ന നേര്‍യുദ്ധങ്ങളുടെ മറുപുറമായി എലികളും പൂച്ചകളും തമ്മില്‍ നടന്ന സമരത്തെ ഭവാത്മകമായി സമാഹരിക്കുന്ന വിധം വായനക്ക് വെക്കുന്നുണ്ട് എലിപ്പടപ്പാട്ട്. തീര്‍ച്ചയായും ഈ രാശിയിലൊരു പാരായണം ഇതില്‍ സാധ്യവുമാണ്.

ഉപമകളും പ്രതീക കല്‍പ്പനകളും ഉല്‍പ്രേക്ഷകളും നോപുരം ചാര്‍ത്തി നൃത്തം വെയ്ക്കുന്ന ഈ പാട്ട് ലോകം ഗൂഢാര്‍ത്ഥങ്ങളോടെ സംസാരിക്കുന്നത് മലബാര്‍ വിമോചന പോരാട്ടത്തെ പ്രതി തന്നെയാണ് . ഈയൊരു ഭാഗം പുസ്തകം വിസ്തരിക്കുന്നത് മനോഹരമാണ്.
വിവിധങ്ങങ്ങളായ ചരിത്ര ഉപാദാനങ്ങളെ അവലംബിച്ചുള്ള പഠനമാണെങ്കില്‍ പോലും ചില വിമര്‍ശനങ്ങള്‍ കൂടി പുസ്തകം സാധ്യമാക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. മഹിത ലക്ഷ്യത്തോടെ ഒരു നിസ്വജനത ഏറ്റെടുക്കേണ്ടി വന്ന കൊളോണിയല്‍ വിരുദ്ധ സ്വാതന്ത്ര്യ സമരത്തെ മഹ്‌മൂദ് കൂരിയ തന്റെ പുസ്തകത്തിലുടനീളം ലഹളയെന്നും ലഹളക്കാരെന്നും കലാപമെന്നും കലാപകാരികളെന്നും പ്രതിപാദിക്കുന്നു. ബോധപൂര്‍വമുള്ള ഹിംസ ഉള്ളടങ്ങുന്ന ഭാഷാപ്രയോഗമാണ് കലാപവും ലഹളയും.

ലഹളയില്‍ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പിന്റെ സാധ്യത നിലനില്‍ക്കുന്നില്ല എന്നുമാത്രം. അപ്പോള്‍ സര്‍വ്വസഹനസീമങ്ങളും വകഞ്ഞു ജീവിതം വഴിമുട്ടിയ ഒരു ജനത അവസാനം ഗതിയേതുമില്ലാതെ സ്വയം ബലിയാക്കി ഏറ്റെടുത്ത ഒരു മഹാ സമര്‍പ്പണത്തെ തീര്‍ത്തും നിരാധാരമായി ലഹള എന്നും ലഹളക്കാരെന്നും കലാപകാരികളെന്നും എഴുത്തുകാരന്‍ കളിയാക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്. സമരമെന്നെങ്കിലും എഴുത്തുകാരന് പറയാമായിരുന്നു. സമര പ്രയോഗത്തിനു് ഒരു കുലീനതയുണ്ട്. അതില്‍ പൂര്‍വ നിശ്ചിതമായ പര പീഢനമില്ല.’ ഏറനാട് കലാപ’മെന്നും ‘മലബാര്‍ ലഹള ‘യെന്നുമൊക്കെ മുമ്പേ തന്നെ തങ്ങളുടെ പുസ്തകങ്ങള്‍ക്ക് തലക്കെട്ടെഴുതിയവര്‍ക്കുള്ള ദുഷ്ടലക്ഷ്യം നേരത്തേ വിശ്രുതമാണ്. അതത്രയും മുസ്ലിം ”ജനതയുടെ നിര്‍വാഹക ത്വത്തെ തെറി വിളിക്കുന്ന പുസ്തകങ്ങളാണ്.

ഏറനാട് കലാപമെന്നൊരു ക്ഷുദ്രത മുറ്റിയ തുള്ളല്‍ പാട്ടുകൃതിയുണ്ട്. മാപ്പിളമാരെ തെറി പറയാന്‍ പുസ്തകമെഴുതിയ മാധവന്‍ നായര്‍ തന്റെ കൃതിക്കിട്ട തലവാക്യം മലബാര്‍ കലാപമെന്നുമാണ്.
അതുപോലെ വിമോചന സമരം അടങ്ങിപ്പാര്‍ത്തതോടെ അധിനിവേശ ഭരണം ഏര്‍പ്പെടുത്തിയ ഒരു ആവലാതി നിര്‍മാര്‍ജന സമിതി ദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. സാമൂതിരി രാജാവിന്റെ നേതൃത്വത്തിലാണ് ഇത് കോഴിക്കോട് കേന്ദ്രമായി അരങ്ങേറിയത് .’മാപ്പിളമാരുടെ സമര’ കാലത്ത് സ്വത്ത് ചേതം വന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്ന പ്രഖ്യാപനത്തോടെയാണ് ഈ തെളിവെടുപ്പ് പ്രഹസനം മലബാറില്‍ അരങ്ങേറിയത്. സമരക്കാര്‍ തീര്‍ത്തും അദൃശ്യവല്‍ക്കരിക്കപ്പെട്ട കാലത്ത് വന്ന തെളിവെടുപ്പ് സംഘത്തിന് മുമ്പില്‍ സര്‍ക്കാര്‍ സഹായം പ്രതീക്ഷിച്ചു ജന്മിമാരും അവരുടെ അനുസരണ സാമന്തന്മാരും നിരവധി ക്രൂരതയുള്ള കള്ളങ്ങള്‍ എഴുതിയാണ് അപേക്ഷകള്‍ കൊടുത്തത്.

കന്നുകാലികളേയില്ലാത്തവര്‍ അവര്‍ക്ക് കാലികള്‍ നഷ്ടമായെന്നും കൃഷിയേ ചെയ്യാത്തവര്‍ വന്‍ കൃഷിക്കൊള്ള നടന്നെന്നുമൊക്കെ ഈ സമിതിക്ക് മുമ്പാകെ നിരവധി പരാധികള്‍ വന്നു.ഇതൊന്നും നിഷേധിക്കാന്‍ ‘പ്രതികള്‍ ‘ ദേശ വെളിച്ചത്തിലില്ലല്ലോ .സാക്ഷികളുമില്ല.
ഈ അപേക്ഷകള്‍ തൂക്കി നോക്കിയാണ് അന്ന് അധിനിവേശ ഭീകരര്‍ സമര കാലത്തെ നഷ്ടം കണക്കാക്കിയതും അത് പാവം മാപ്പിളമാരില്‍ നിന്ന് പിഴിഞ്ഞീടാക്കിയതും. സമരത്തില്‍ ജയിച്ചവര്‍ തന്നെയാണല്ലോ പ്രചാരണ യുദ്ധത്തിലും ജയിച്ചു കയറുക. മൃഗങ്ങളുടെ കഥ പറയുമ്പോള്‍ എഴുത്തുകാരന്‍ പുലര്‍ത്തിയ ഗവേഷണ തീക്ഷണത വിമോചന പോരാളികളെ ഉപചരിക്കുമ്പോള്‍ എറിഞ്ഞു കളഞ്ഞത് കഷ്ടമാണ്. മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

പി.ടി. കുഞ്ഞാലി

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.