ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് -കോഴിക്കോട്ടെ എന്റെ സ്ഥിരതാമസത്തിന്റെയും തുടക്കമാണത് – പി എ മുഹമ്മദ് കോയയുടെ ‘സുല്‍ത്താന്‍ വീട്’ ഞാന്‍ വായിക്കുന്നത്. 2001 മുതല്‍ 2003 വരെയുള്ള കാലയളവില്‍ കോഴിക്കോടിന്റെയും കോയ മുസ്ലികളുടെയും സാംസ്‌കാരികവും സാമൂഹികവുമായ ചരിത്രം സംബന്ധിച്ചുള്ള പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിച്ചുകൊണ്ടിരുന്ന സമയത്താണ് യാദൃശ്ചികമായി ഈ പുസ്തകം എന്റെ കയ്യിലെത്തിയത്.
2004ല്‍ ഡിസി ബുക്‌സ് പുറത്തിറക്കിയ ‘സുല്‍ത്താന്‍ വീടി’ന്റെ പുതിയ പതിപ്പിനുവേണ്ടി ഒരാമുഖ പഠനം എന്ന നിലക്ക് ഞാന്‍ ചെറിയ കുറിപ്പെഴുതിയിരുന്നു. അതില്‍ ഞാന്‍ എഴുതിയ കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കുന്നില്ല. അതിനു തുടര്‍ച്ചയായി ചിലതു പറയാമെന്നു കരുതുന്നു. ‘സുല്‍ത്താന്‍ വീട്’ പ്രസിദ്ധീകരണത്തിന് സമര്‍പ്പിച്ചുകൊണ്ട് മുഹമ്മദ് കോയ ഈ പുസ്തകത്തെപ്പറ്റി പറഞ്ഞിട്ടുള്ളത് ഇത് ഒരു കാലഘട്ടത്തിന്റെ ചരിത്രമാണെന്നും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ നിരവധി മനുഷ്യരുടെ കഥയാണിതെന്നുമാണ്. അഥവാ, ഈ നോവലിനെ നോവലിസ്റ്റ് തന്നെ അവതരിപ്പിക്കുന്നത് ഒരു നോവല്‍ ആയി മാത്രമല്ല, ചരിത്രഗ്രന്ഥംകൂടിയാണ്.ഇത്വിചിത്രമായിതോന്നാം . എം ടി നാലുകെട്ടിനെപ്പറ്റി ഇത് പറഞ്ഞിട്ടില്ല എന്നു നാം ഓര്‍ക്കണം.
ചരിത്ര നോവലുകളുടെ പൊതുവായ സ്വഭാവം അത് ചിലപ്പോള്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും തെന്നിമാറാറുണ്ട് എന്നതാണ്. നോവലില്‍ വ്യവഹരിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ഒന്നും തന്നെ തന്റെ ഭാവനയുടെ സൃഷ്ടിയല്ലെന്നും ചരിത്ര സംഭവങ്ങളാണെന്നും അതിനെ നോവല്‍ എന്ന സാഹിത്യരൂപത്തില്‍ പ്രതിഷ്ഠിക്കാനാണ് ഞാന്‍ ശ്രമിച്ചത് എന്നുമാകണം ഇവിടെ ഗ്രന്ഥകാരന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാട് മുൻ നിര്‍ത്തിചില കാര്യങ്ങള്‍പറയാമെന്നുകരുതുന്നു.
ഒന്ന്, ഒരു നോവല്‍ പലരീതിയിലാണ് വായനക്കാരനില്‍ പ്രവര്‍ത്തിക്കുന്നത്. ഈ നോവലിന്റെ അജന്‍ഡ, അങ്ങനെയൊന്ന് ഉണ്ട് സങ്കല്‍പിച്ചുകൊണ്ട്, തറവാടിത്തത്തിന്റെ നിരാകരണമാണ് എന്ന് പറയാം. ഒരു പ്രത്യേക കാലഘട്ടത്തിലുണ്ടായ സമുദായ പരിഷ്‌കരണ പ്രസ്ഥാനങ്ങളെ ഒരു പ്രത്യേക കുടുംബത്തെ ആസ്പദമാക്കി അടയാളപ്പെടുത്തുകയും പാരമ്പര്യ നിഷേധം എന്ന ഘടകം അതില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. മലബാര്‍ സമരത്തിന്റെയും രണ്ടാം ലോകയുദ്ധത്തിന്റെയും ഇടയിലെ കലുഷിത കാലം ഉമര്‍ കോയ എന്ന കഥാപാത്രത്തിലൂടെ നോവലിനെ വികസിപ്പിക്കുന്നു. ജപ്പാനില്‍ അമേരിക്കയുടെ ആറ്റംബോംബ് വര്‍ഷവും യുദ്ധത്തിന്റെ ഒടുക്കവും ഇന്ത്യയുടെ സ്വാതന്ത്ര്യവും തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു ദശാസന്ധിയിലാണ് ഈ നോവല്‍ അവസാനിക്കുന്നത്. ഇതേ കാലം കോഴിക്കോട്ടെ കോയ മുസ്ലിംകളുടെ സാമൂഹിക ചരിത്രവും പുതിയ കാലത്തിലേക്ക് ചുവടു മാറുന്നു.
ഈ പുസ്തകം ആദ്യം വായിക്കാനെടുക്കുമ്പോള്‍ , എനിക്കിതിന്റെ ഉള്ളടക്കത്തെ കുറിച്ചും ഒരു സമുദായം എന്ന നിലക്ക് കോയ മുസ്ലിങ്ങളുടെ സാമൂഹിക പരിസരത്തെക്കുറിച്ചും കൃത്യമായ ധാരണയും അറിവും ഉണ്ടായിരുന്നില്ല. മധ്യകേരളത്തിലെ ഒരു കുടിയേറ്റ ഗ്രാമത്തില്‍ നിന്നും വന്ന എനിക്ക് സ്വന്തം നാട്ടിലെ മുസ്ലിം അനുഭവങ്ങളെ വച്ചു നോക്കുമ്പോള്‍ കോയ മുസ്ലിം സമുദായത്തിന്റെ പരിസരം തികച്ചും അപരിചിതമായിരുന്നു. ആ പരിസരം കൂടുതലായി അറിയാന്‍ കഴിഞ്ഞത്പുതിയ്ചിലചിന്തകള്‍പകര്‍ന്ന്. രണ്ടു അന്തരീക്ഷവും വ്യത്യസ്തമാണ്. എംടിയുടെ നാലുകെട്ട് മുഖ്യധാരയുമായി ചേര്‍ന്നുനിന്നെങ്കിലും സുല്‍ത്താന്‍ വീടിന് അതുണ്ടായില്ല.മുഖ്യധാരാ ആഖ്യാനവുമായി സുല്‍ത്താന്‍ വീട്ടിലെ ജീവിതം ചേര്‍ന്നു പോകുന്നില്ല എന്ന് കാണാന്‍ കഴിയും. അതിനാല്‍ സ്വാതന്ത്ര്യാനന്തര മലയാള നോവലിന്റെ വികാസത്തില്‍ സുല്‍ത്താന്‍ വീട് ഉചിതമായ രീതിയില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല.
ഈ വീട് തറവാടിത്തത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ്. നമ്പൂതിരിമാരുടെ വംശാവലിയില്‍ പിറന്നതാണെന്നു വിശ്വസിക്കുന്ന, എന്നാല്‍ മുസ്ലിംകള്‍ ആയവരുടെ ഈ തറവാടിനകത്ത് ഒരു കാലഘട്ടത്തിന്റെ ജീര്‍ണ്ണതയില്‍നിന്ന് വാണിജ്യ നാഗരികതയുടെ വികാസത്തിലൂടെയും ആധുനിക മുതലാളിത്തത്തിന്റെ പുതിയ സാധ്യതകളിലൂടെയും മാറ്റങ്ങള്‍ അന്വേഷിക്കുന്ന ഉമര്‍കോയ എന്ന കഥാപാത്രം ആധുനിക മലയാളി സമൂഹത്തിന്റെ പ്രതിനിധിയായി ഉയര്‍ന്നു വരുന്നു. ബ്രാഹ്‌മണിക്കല്‍ പാരമ്പര്യത്തില്‍ രൂപം പ്രാപിച്ചിട്ടുള്ള തറവാടിത്തത്തിന്റെ അകത്ത്, സമൂഹത്തില്‍ നിന്ദ്യമായി കണക്കാക്കപ്പെട്ടിരുന്ന ജോലികള്‍ തങ്ങള്‍ക്ക് അനുയോജ്യമല്ല എന്നു വിശ്വസിക്കുന്ന ജാതി മൂല്യങ്ങള്‍ രൂഢമൂലമായിരുന്നു. ഇത്തരം മരുമക്കത്തായത്തിന്റെയും ഫ്യൂഡല്‍ സംവിധാനത്തിന്റെയും നീരാളിപ്പിടിത്തത്തില്‍നിന്നും ഉമര്‍കോയ എന്ന ഈ നായകന്‍ നടന്നടുക്കുന്നത് വാണിജ്യ നാഗരികത കൊണ്ടുവന്ന മാറ്റങ്ങളിലേക്കും ആധുനിക മുതലാളിത്തം സൃഷ്ടിച്ച അവസരങ്ങള്‍ സാധ്യമാക്കിയ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുമാണ്. സ്വാഭാവികമായും അയാള്‍ സ്വന്തം പാരമ്പര്യത്തെയും അതിനനുസരിച് പൊളിച്ചെഴുതുന്നു. ബന്ധുക്കളുടെ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടും ഉമര്‍കോയ ആദ്യമായി സ്വീകരിക്കുന്നത് അന്ന് തന്റെ തറവാടിന് ‘നിഷിദ്ധ’മാക്കപ്പെട്ട അലക്കുതൊഴിലാണ്. അതും ഒരു അമുസ്ലിമിന്റ് അലക്കു കമ്പനിയില്‍. അങ്ങനെയാണ് ആ മനുഷ്യന്‍ സ്വന്തം നിലയില്‍ സമുദായിക ചട്ടം പൊളിച്ച് പുതിയ കാലത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് കടന്നു വരുന്നത്.
ഈ നോവലില്‍ രണ്ടു പ്രതീകങ്ങള്‍ കടന്നുവരുന്നു. മതവും പണവും. ഇവ രണ്ടും വളരെ ശക്തവും സങ്കീര്‍ണ്ണവുമായ അധികാര കേന്ദ്രങ്ങളാണല്ലോ. മതം സുല്‍ത്താന്‍ വീട്ടില്‍ പ്രവര്‍ത്തിക്കുന്നത് പാരമ്പര്യത്തിന്റെ സിംബലായിട്ടാണ്. ജീവിതശൈലിയും അനുഷ്ഠാനപരമായിട്ടുള്ള മാമൂലുകളും അങ്ങനെ പല കാര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന വളരെ ജഢിലമായ ഒരു സാമൂഹിക സാംസ്‌കാരിക അവസ്ഥക്ക് അകത്താണ് മതത്തിന്റെവ്യവഹാരം. ഇതിനു ബദലായിട്ടാണ് പണം പ്രവര്‍ത്തിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യം ഉണ്ടാവുകയും സ്വന്തമായി അധ്വാനിച്ച് പണം സ്വരൂപിക്കാനുള്ള അവസ്ഥ കൈവരുകയും ചെയ്യുന്ന ഒരാള്‍ക്ക് തന്റെ പാരമ്പര്യത്തെ വ്യാഖ്യാനിക്കാനുള്ള അവസരവും സാഹചര്യവും ഉണ്ടായിത്തീരുകയാണ് ഇവിടെ. ഈ മനോഭാവം പ്രധാനമാണ്. അതാണ് ഈ നോവലിലൂടെ മുന്നോട്ടുവെക്കാന്‍ ശ്രമിക്കുന്നത്. മതപണ്ഡിതനോ കര്‍മ്മശാസ്ത്രത്തില്‍ പരിജ്ഞാനിയോ ഒന്നുമല്ലെങ്കിലും മുഹിയുദ്ദീന്‍ മാലയും മരണ അടിയന്തിരവും ഉള്‍പ്പെടെ അന്ന് സമുദായത്തില്‍ നിലനിന്നിരുന്ന അനുഷ്ഠാനപരമായ പല കാര്യങ്ങളെയും ഉമര്‍കോയ എതിര്‍ക്കുന്നുണ്ട്.
ഒരു വീട് ആണെങ്കിലും ഒരു സാമ്പത്തിക ശക്തിസ്രോതസ്സ് അല്ലാതിരുന്ന സുല്‍ത്താന്‍ വീട്ടിലെ പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളില്‍ വീര്‍പ്പു മുട്ടുന്ന ഉമര്‍കോയ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയൊക്കെ എതിര്‍ക്കുന്നത്, അതേപ്പറ്റി വായിച്ചതിന്റെയോ പഠിച്ചതിന്റെയോ അടിസ്ഥാനത്തിലല്ല എന്നതാണ് ശ്രദ്ധേയം. മറിച്ച്, അതിനെ ഖുര്‍ആനിലുണ്ടോ നബി തങ്ങളുടെ കാലത്തുണ്ടായിരുന്നോ എന്നീ ചോദ്യങ്ങള്‍ ഉയര്‍ത്തുക വഴിയാണ് തന്നിലെ ഉല്‍പതിഷ്ണുവിനെ ഉമര്‍ കോയ പ്രതിരോധിച്ചു നിര്‍ത്തുന്നത്. അന്ന് സദാചാരമായിരുന്ന പല കാര്യങ്ങളും ഈ ചോദ്യങ്ങള്‍ ചോദിച്ച് എതിര്‍ക്കുന്നത് നോവലില്‍ പലയിടത്തും നമുക്ക് കാണാന്‍ സാധിക്കും. രണ്ടുകാര്യങ്ങളാണ് അദ്ദേഹത്തെ ഇതിനുവേണ്ടി പ്രാപ്തനാക്കിയത്. ഒന്ന് അധ്വാനത്തിലൂടെ താന്‍ നേടിയെടുത്ത വ്യക്തിസ്വാതന്ത്ര്യവും സാമ്പത്തികഭദ്രതയും; അതിലൂടെ തന്റെ സ്വത്വത്തെ പുനര്‍ നിര്‍മ്മിക്കാന്‍ നടത്തിയ ഇടപാടുകള്‍.
രണ്ടാമത്തേത്, അക്ഷരഭ്യാസമില്ലാതിരുന്ന താന്‍ സ്വന്തമായി അധ്വാനിച്ചു വശപ്പെടുത്തിയ പത്രവായനയും പുസ്തക വായനയുമാണ്. ഇങ്ങനെ മതത്തിനകത്തെ പരിഷ്കരണ പ്രസ്ഥാനത്തിന്റെ പ്രതിനിധാനമായി, ചരിത്രമായിനോവല്‍മാറുന്നു. സ്വാതന്ത്ര്യസമരം, രണ്ടാം ലോകയുദ്ധം എന്നിവയോടൊപ്പം ഈ നോവല്‍ വളരെ പോസിറ്റീവ് ആയി പുതുയുഗത്തെ സൂചിപ്പിച്ച് അവസാനിക്കുന്നു. വ്യക്തി സ്വാതന്ത്രത്തില്‍ അധിഷ്ഠിതമായ ഒരു ആധുനിക മനുഷ്യനെ നിര്‍മിച്ചെടുക്കാനുള്ള വ്യഗ്രതയില്‍ മുന്നോട്ടുപോവുന്ന ഈ നോവലിനെക്കുറിച്ച് ഞാന്‍ 2004ല്‍ കുറിപ്പുകളെഴുതുമ്പോള്‍ മതത്തിനകത്തെ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്കെതിരെ പാരമ്പര്യ പണ്ഡിതന്മാരില്‍ നിന്നും ശക്തമായ ചെറുത്തുനില്‍പ്പ് ഉണ്ടായതിന്റെ സ്മരണ കൂടി ഉള്‍ക്കൊണ്ടിരുന്നു.
പുരോഗമനവാദത്തിലൂടെ ഉയര്‍ന്നുവന്ന ഈ പരിഷ്‌കരണ നീക്കങ്ങള്‍ പലതും ശരിയായില്ലെന്നും പരമ്പരാഗതവും അനുഷ്ഠാനപരവുമായിട്ടുള്ള മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടിയിരുന്നുവെന്നും ഉള്ള ഒരു നിലപാട് , സാംസ്‌കാരിക പരിസരത്തു നിന്നു നോക്കുമ്പോള്‍ ഇവ ആ സമുദായത്തിന്റെ ദുരാചാരമല്ലെന്നും മറിച്ച്, ഒരു സമുദായത്തിന്റെ സാംസ്‌കാരിക സത്ത തന്നെ നിര്‍ണയിക്കുന്ന ഒരു ഘടകം ആയിരുന്നുവെന്നുമുള്ള ഒരു ചര്‍ച്ച , സംവാദം കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം ഉയര്‍ന്നുവരികയുണ്ടായി.. ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് ‘സുല്‍ത്താന്‍ വീട്’ ഏതുതരത്തിലുള്ള വികാരമാണ് ഉണ്ടാക്കുന്നത് ഞാന്‍ ആലോചിക്കുന്നു, സമുദായത്തില്‍ മാത്രമല്ല സമുദായത്തിന്റെ പുറത്തുള്ള വായനക്കാരനും എന്താണ് ഈ നോവല്‍ നല്‍കുക എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. നോവല്‍ വായനക്കാരന്‍ ഓരോ കാലഘട്ടത്തിലും ഓരോ സമൂഹത്തിനും വ്യത്യസ്ത തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിമര്‍ശകനോ മറ്റോ അതു മുന്‍കൂട്ടി നിര്‍ണയിക്കാന്‍ കഴിയില്ല. വായനക്കാരന്‍ ഓരോ കാലഘട്ടത്തിലും നോവലില്‍ പുതിയത് കണ്ടെത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ഒരു ചരിത്രകൃതിക്ക് ഈ ബാധ്യതകളുണ്ടാവില്ല. കൃത്യമായ അജണ്ടകളോടെയും തത്വങ്ങളോടെയും ചരിത്രത്തെ നോക്കിക്കാണുന്ന ഒരു കൃതി ആയിരിക്കും അത്.
സുല്‍ത്താന്‍ വീട് ചരിത്രമാണെന്ന് എഴുത്തുകാരന്‍ അവകാശപ്പെട്ടാലും ഇത് ആദ്യമായും അവസാനമായും ഒരു ഫിക്ഷനാണ്. ഫിക്ഷന്റെ വലിയൊരു സാധ്യത അതെപ്പോഴും സ്വതന്ത്രമാണ് എന്നതാണ്.അതിന് ഓരോ കാലത്തും വളരെ സര്‍ഗാത്മകമായ വ്യത്യസ്ത വായന സാധ്യമാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ മലയാളി സാമൂഹികചരിത്രത്തെയും മുസ്ലിം സാമുദായിക ജീവിതത്തെയും പ്രതിനിധാനം ചെയ്യുന്ന ‘സുല്‍ത്താന്‍ വീടി’നെ മാറ്റിനിര്‍ത്തി സാഹിത്യത്തെ വിചാരിക്കാനാവില്ല. ഇപ്പോള്‍ വായിക്കുമ്പോഴും നമ്മുടെ ജീവിതാവസ്ഥയുമായി റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരുപാട് ഘടകങ്ങള്‍ അതിലുണ്ട്. ആ ഘടകങ്ങള്‍ ചര്‍ച്ച ചെയ്യാനും ഈ പുസ്തകം എഴുതിയ കാലഘട്ടത്തില്‍ നിന്നു ഒരുപാട് അകലെ തികച്ചും ഭിന്നമായ പുതിയൊരു കാലഘട്ടത്തില്‍ അത് ഏതൊക്കെ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നുള്ളതും വിലയിരുത്തണം.
ജീര്‍ണ്ണത, സങ്കുചിതത്വം, നിശ്ചലമായ കാലം എന്നിങ്ങനെ എന്നീ ആധുനികതയോട് മുഖം തിരിച്ചു നില്‍ക്കുന്ന ഘടകങ്ങളാണ് ‘സുല്‍ത്താന്‍ വീട്’ എന്ന പ്രതീകത്തിലൂടെ നോവലിസ്റ്റ് പൊതുവേ മുന്നോട്ടുവെക്കാന്‍ ശ്രമിച്ചത്. തന്നെയും തന്റെ സമുദായത്തെയും ആധുനികതക്ക് അഭിമുഖമാക്കാന്‍ വേണ്ടി ഒരു വ്യക്തി തന്നെ നടത്തിയ വലിയ ചെറുത്തുനില്‍പ്പാണ് നോവലിസ്റ്റ് ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. തറവാടിത്തത്തെ കുറിച്ച് പറയുമ്പോള്‍ ബഷീറിന്റെ ‘ന്റുപ്പാപ്പാക്കൊരു ആനണ്ടാര്‍ന്നു’ എന്ന പുസ്തകം പരാമര്‍ശിക്കാതെ വയ്യ. അതില്‍ മധ്യകേരളത്തിലെ മുസ്ലിം സമൂഹത്തില്‍ നിഷേധ ശക്തിയായിരുന്ന തറവാടിത്തം എന്ന മിഥ്യയെ നിശിതമായി ബഷീര്‍ പരിഹസിക്കുന്നു. അതേ ജീര്‍ണ്ണതയാണു, അതേ മിഥ്യയാണു ‘സുല്‍ത്താന്‍ വീട്ടി’ലും മുഹമ്മദ് കോയ ആവിഷ്‌കരിക്കാന്‍ നോക്കിയത് എന്നു ഞാന്‍ കരുതുന്നു.
ശുഭം
Add comment