കാര്‍പെറ്റ് ബോംബിംഗുകള്‍ക്കു ശേഷം നിലംപറ്റിയ കെട്ടിടങ്ങള്‍, അന്തരീക്ഷത്തില്‍ ശ്വാസവായുവോടൊപ്പം കൂടിക്കലര്‍ന്ന ധൂളീപടലങ്ങള്‍, ഭീമാകാരമായ ടാങ്കറുകള്‍. അതിനു നേരെ ഉന്നംപിടിച്ചു കൊണ്ട് നില്‍ക്കുന്ന തെറ്റാലികളും കല്ലുകളും. ഫലസ്തീന്‍ ജനതയുടെ അധിനിവേശ വിരുദ്ധ ചെറുത്തു നില്‍പുകള്‍ പ്രമേയമാകുന്ന മിക്ക സിനിമകളിലേയും രംഗങ്ങള്‍ അധികവും ഈ മട്ടിലുള്ളതായിരിക്കും.
എന്നാല്‍, ഏലിയ സുലൈമാന്‍ സിനിമകള്‍ ഈയൊരു ഡിസ്‌ടോപ്പിയന്‍ മാതൃകയെ ഫാന്റസിയുടെയും ആക്ഷേപഹാസ്യത്തിന്റെയും സിമിയോട്ടിക്‌സ് ഉപയോഗിച്ചുകൊണ്ട് അപ്രത്യക്ഷമാക്കുന്നു. രാഷ്ട്രീയ ഹിംസയുടെയും തദ്ദേശീയ യാതനകളുടെയും പ്രതിനിധാനങ്ങളെ സ്‌ക്രീനില്‍ നിന്ന് മായ്ച്ചുകളഞ്ഞ് സ്വപ്‌ന തുല്യമായ പ്രതിവ്യവഹാരങ്ങളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. യദുന്‍ ഇലാഹിയ്യ, ദി ടൈം ദാറ്റ് റിമെയ്ന്‍സ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത്, ഏതാണ്ട് ഒരു പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷമാണ് ‘ഇറ്റ് മസ്റ്റ് ബി ഹെവന്‍ (2019)’ എന്ന പുതിയ ചിത്രം കാന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ സിനിമ ഏലിയ സുലൈമാന്‍- പരീക്ഷണങ്ങളില്‍ ഉണ്ടായ പ്രമേയപരമായ ഷിഫ്റ്റായിട്ടാണ് അനുഭവപ്പെട്ടത്. സംവിധായകന്റെ ജന്മനാടായ നസ്‌റത്ത് അല്ലെങ്കില്‍ അധിനിഷ്ട ഫലസ്തീന്‍ എന്ന സ്ഥലകാലത്തിനകത്ത് നടക്കുന്ന സംഭവ വികാസങ്ങളായിരുന്നു ഇതിനു മുമ്പുള്ള സിനിമകളുടെ പശ്ചാത്തലം. എന്നാല്‍ ഈ ചിത്രത്തില്‍ നസ്‌റത്ത്, പാരിസ്, ന്യൂയോര്‍ക്ക് എന്നീ മൂന്ന് സ്ഥലങ്ങള്‍ കടന്നുവരുന്നുണ്ട്. മൂന്ന് സംസ്‌കാരങ്ങളും അതുവഴി മൂന്ന് ദേശീയതകളും സന്ധിക്കുന്നുവെന്ന സവിശേഷതയില്‍ കവിഞ്ഞ് മറ്റൊരു അര്‍ഥവും ഇതിനില്ലെന്ന പ്രേക്ഷകനിരൂപണത്തെ സുലൈമാന്‍ നിഷേധിക്കുന്നു. ഫലസ്തീന്‍ എന്ന ചെറിയൊരു പ്രവിശ്യക്കപ്പുറത്തേക്ക് ഹിംസാത്മകത എന്ന പ്രതിഭാസം വളരുകയും ഒരു ആഗോള ഫലസ്തീന്‍ എന്ന രീതിയില്‍ സമകാലിക ലോകാവസ്ഥയെ മാറ്റിമറിച്ചെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.
നസ്‌റത്തിലെ തന്റെ വീട്ടുവളപ്പിലെ മധുരനാരകം പറിക്കാന്‍ വന്ന അയല്‍വാസിയെ നിസ്സംഗമായി നോക്കുന്ന ഏലിയാ സുലൈമാന്‍, അതേ നിശബ്ദത നിറഞ്ഞ നിസ്സംഗതയോടു കൂടെയാണ് പിന്നീട് താന്‍ അഭിമുഖീകരിക്കുന്ന നഗരങ്ങളെയും അവിടുത്തെ മനുഷ്യരെയും വീക്ഷിക്കുന്നത്. ബസ്റ്റന്‍ കീറ്റന്‍ രൂപഭാവത്തില്‍ സിനിമയിലുടനീളം നിശബ്ദതയുടെ രാഷ്ട്രീയം പറയുന്ന ഏലിയ സുലൈമാന്‍ എന്ന നടനെ നിങ്ങള്‍ക്കിവിടെ കാണാന്‍ സാധിക്കും. അയാള്‍ രണ്ട് വാചകമല്ലാതെ മറ്റൊന്നും സംസാരിക്കുന്നില്ല; ഞാന്‍ നസ്‌റത്തില്‍ നിന്നും വരുന്നു. ഞാനൊരു ഫലസ്തീനിയനാണ്’.
Add comment