Thelicham

“The Covenants of the Prophet Muḥammad” പ്രവാചക ഉടമ്പടികള്‍ പരിശോധിക്കുമ്പോള്‍

വൈവിധ്യമാര്‍ന്ന വിശ്വാസി സമൂഹങ്ങള്‍ക്ക് സംരക്ഷണം വാഗ്ദാനം ചെയ്യുന്ന മുഹമ്മദ് നബി (സ) യുടെ ഉടമ്പടികളുടെ വിശകലനവും ചരിത്രപരതയും കൃത്യമായി നിര്‍ണ്ണയിച്ചുകൊണ്ട് ആദ്യകാല ഇസ്‌ലാമിനെക്കുറിച്ചുള്ള ഗവേഷണത്തെ മുന്‍നിര്‍ത്തിയുള്ള പഠനമാണ് The Covenants of the Prophet Muhammed From Shared Historical Memory to Peaceful Co-existence. അക്കാദമിക ലോകത്ത് അത്രതന്നെ പരിഗണന ലഭിച്ചിട്ടില്ലാത്ത രേഖകളുടെ ഒരുപോലെ ഘടനാപരവും, ഭാഷാപരവുമായ, മാറ്റങ്ങളെ വിശകലനം നടത്തി ഇതര വിശ്വാസി സമൂഹങ്ങളുമായുള്ള മുഹമ്മദ് നബി (സ)യുടെ ബന്ധത്തെ കണ്ടെത്തുന്നതിലാണ് റോട്ടലഡ്ജ് പ്രസിദ്ധീകരിച്ച ചെയ്ത ഈ പുസ്തകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുത്. 


ഇതില്‍ മുഹമ്മദ് നബി (സ), ഉമറു ബ്നു ഖത്താബ്, അലിയ്യു ബ്നു അബീ ത്വാലിബ്, മുആവിയതു ബ്നു അബീ സുഫ്യാന്‍ തുടങ്ങിയ പല മുസ്‌ലിം ഭരണാധികാരികളുടെ ഉടമ്പടികളും വിശകലനവിധേയമാക്കുന്നതായി കാണാം. സമകാലിക ചരിത്ര രചനകള്‍, ചരിത്ര സാക്ഷ്യങ്ങള്‍, പുരാവസ്തു തെളിവുകള്‍, ചരിത്രപരമായ ലിഖിത രേഖകള്‍, തീയതി കണക്കുകൂട്ടലുകള്‍, വാചക സമാന്തരതകള്‍, മുസ്‌ലീം, അമുസ്‌ലിം സ്രോതസ്സുകളിലെ റഫറന്‍സുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് രചയിതാക്കള്‍ തങ്ങളുടെ കണ്ടെത്തലുകള്‍ വിശാലമായി അവതരിപ്പിക്കുന്നുണ്ട്. മുഹമ്മദ് നബി (സ) പുറപ്പെടുവിച്ച വിവിധ ഉടമ്പടികളുടെ പുതിയതും പരിഷ്‌കരിച്ചതുമായ വിവര്‍ത്തനങ്ങള്‍ കൂടെ ഉള്‍പെടുത്തി് ഈയൊരു ചരിത്രമേഖലയെ ശാക്തീകരിക്കാന്‍ ശ്രമിക്കുകയാണ് ഈ പഠനം. ഗ്രന്ഥപരവും ചരിത്രപരവുമായ വിശകലനത്തിലൂടെ പലപ്പോഴായും നിലനില്‍ക്കുന്ന കത്തിന്റെ കോപ്പികളെ വ്യാജമായി കാണേണ്ടതില്ലെന്നുകൂടി ഗ്രന്ഥം സ്ഥാപിക്കുന്നതായി കാണാം.

ഉടമ്പടികളും അതുമായി ബന്ധപ്പെട്ടു വന്ന ഇസ്‌ലാമിക ഗ്രന്ഥങ്ങളെക്കുറിച്ചുമുള്ള ഒരു അവലോകനമാണ് ഒന്നാം അധ്യായം നല്‍കുന്നത്. സീനായ് പര്‍വതത്തിലെ സന്യാസിമാരുമായുള്ള പ്രവാചകന്റെ ഉടമ്പടിയുടെ വിപുലമായ ചര്‍ച്ചയിലേക്കാണ് രണ്ടാം അധ്യായം കടന്നുപോകുന്നത്. നജ്‌റാനിലെ ക്രിസ്ത്യാനികളുമായുള്ള പ്രവാചകന്റെ ബന്ധത്തെ ഉള്‍ക്കൊള്ളിക്കുന്നതാണ് അടുത്ത അധ്യായം. പിന്നീട് ഇറാഖിലെ ക്രിസ്ത്യാനികളുമായുള്ള അലി(റ)യുടെ ഉടമ്പടി; അര്‍മേനിയന്‍ ക്രിസ്ത്യാനികളുമായും കോപ്റ്റുകളുമായും യാക്കോബായക്കാരുമായും പ്രവാചകന്റെ ഉടമ്പടികള്‍, അര്‍മേനിയന്‍ പാത്രിയര്‍ക്കീസ് അബ്രഹാമിനുള്ള അദ്ദേഹത്തിന്റെ ശാസന, യുഹാന്ന ഇബ്നു റുബ, തമീമുല്‍ ദാരി എന്നീ ആറ് വ്യത്യസ്ത ഉടമ്പടിരേഖകള്‍ പരിശോധിക്കുകകൂടി ചെയ്യുന്നു. പ്രവാചകന്റെ എല്ലാ ഉടമ്പടികളിലെയും സാക്ഷികളുടെ പേരുകള്‍ ചേര്‍ത്തുവെച്ചുകൊണ്ട് വിപുലമായ ഒരു വിവരണം ഈ അധ്യായം പരിചയപ്പെടുത്തുന്നു. അതില്‍ സമരിയാക്കാരുമായുള്ള ഉടമ്പടി, ബനൂ സക്കാനുമായുള്ള കരാര്‍, ഖൈബറിലെയും മഖ്‌നയിലെയും ജൂതന്മാരുമായുള്ള ഉടമ്പടി, ഇസ്രായേലികളുമായുള്ള ഉടമ്പടി, മാഗികളുമായുള്ള ഉടമ്പടി എന്നിവ അദ്ധ്യായം അഞ്ച്, ആറ് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ആറാം അധ്യായം ഉമര്‍ (റ), അദ്ദേഹത്തിന്റെ ഗവര്‍ണമാര്‍ എന്നിവരുടെ നയങ്ങളും നിലപാടുകളും സവിസ്തരം ഉള്‍ക്കൊള്ളിക്കുന്നുണ്ട്. അവരെങ്ങനെയാണ് തങ്ങളുടെ ജീവിതകാലത്ത് പ്രവാചകരുടെ സുന്നത്ത് പിന്തുടര്‍ന്നുവെന്നും അവയെ പൊതുസമൂഹത്തിന് എങ്ങനെ പരിഭാഷപ്പെടുത്തിക്കൊടുത്തുവെന്നും പ്രതിപാദിക്കുന്നു. 


ഖാലിദ് ബ്‌നു വലീദിന്റെ ഡമാസ്‌കസിലെ ജനങ്ങളുമായുള്ള ഉടമ്പടി, ജറുസലേമിലെ ക്രിസ്ത്യാനികളുമായുള്ള ഉമര്‍ (റ)ന്റെ കീഴടങ്ങല്‍ ഉടമ്പടി, യാക്കോബായക്കാരുമായുള്ള ഉടമ്പടി എന്നീ സുപ്രധാന അടരുകളിലൂടെയെല്ലാം ഇസ്ലാമിക ലോകത്തെ സഹവര്‍ത്തിത്തത്തിന്റെയും, മതകീയമായി വ്യത്യസ്തമാകുമ്പോഴും, പല ഹദീസുകളും ഖുര്‍ആനിക വചനങ്ങളും പ്രത്യക്ഷത്തില്‍ ഇത്തരം നയങ്ങളോട് വൈരുദ്ധ്യം പുലര്‍ത്തുന്നുവെങ്കിലും അവയെ എങ്ങനെയാണ് വ്യാഖ്യാനിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതെന്നതിലേക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള വിവരണമാണ് ആറാം അധ്യായത്തില്‍ പരിശോധിക്കുന്നത്. അവസാനം ഇതിനെ ഉപസംഹരിച്ചുകൊണ്ട് ഇസ് ലാം സാധ്യമാക്കിയെ സഹവര്‍ത്തിത്ത മാതൃകയെ പ്രവാചകരിലൂടെ എങ്ങനെയാണ് സമൂഹത്തില്‍ പ്രസരണം നടത്തിയതെന്ന് ചേര്‍ത്തുവെക്കുക കൂടി പുസ്തകം ചെയ്യുന്നു.
മോറോയുടെ പുസ്തകമായ The Covenants of the Prophet Muhammad with the Christians of the World-ല്‍ അമുസ്‌ലിം സമുദായങ്ങള്‍ക്ക് മുഹമ്മദ് നബി നല്‍കിയതായി പറയപ്പെടുന്ന രേഖകള്‍ അവരുടെ ജീവനും സമ്പത്തും സ്വത്തിനും സംരക്ഷണം വാഗ്ദാനം ചെയ്തിരുന്നു എന്ന് വിവരിക്കുന്നുണ്ട്. ഉടമ്പടികളുടെ നിബന്ധനകളും വ്യവസ്ഥകളും അവ എഴുതപ്പെട്ട കാലം മുതല്‍ ലോകം അവസാനിക്കുന്നതുവരെ ബാധകമായതിനാല്‍, ഇസ്‌ലാമിന് കീഴില്‍ ജീവിക്കുന്ന അമുസ്‌ലിം സമുദായങ്ങള്‍ക്ക് അവ അനിഷേധ്യമായ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നു. ഈ കൗതുകകരമായ രേഖകളിലൂടെ വലിയ രീതിയിലുള്ള സഹിഷ്ണുതയും ആധികാരികതയുമാണ് മറ്റു സമുദായങ്ങള്‍ക്ക് ഇസ്‌ലാം നല്‍കുന്നത്. അത് ഭൂരിഭാഗ പാശ്ചാത്യ അക്കാദമിക് വിദഗ്ധരുടെയും ഇതുമായി ബന്ധപ്പെട്ട പ്രതികരണം ഇത്തരം സ്രോതസ്സുകളെ വ്യാജമാക്കി തള്ളിക്കളയുക എന്നതിലേക്ക് നയിച്ചു.

ഈ രേഖകള്‍ വ്യാജമാണെന്ന വാദം കഴിഞ്ഞ നൂറ്റാണ്ടില്‍ സ്വീകാര്യമായിരുന്നു. കാരണം ഈ രേഖകള്‍ ചിലരുടെ കൈവശം മാത്രമാണ് അന്ന് ഉണ്ടായിരുന്നത്. കൂടാതെ ആദ്യമായിട്ടാണ് ഈ രേഖകളുടെ വ്യത്യസ്ത പതിപ്പുകള്‍ പ്രത്യേക മതസമൂഹങ്ങളില്‍ നിന്ന് സൂക്ഷ്മമായി താരതമ്യം ചെയ്യാന്‍ ഗവേഷകര്‍ക്ക് കഴിയുന്നത്. അവ ഇസ്‌ലാമികതയുള്ള വ്യാജരേഖകളാണെന്നോ കോണ്‍സ്റ്റന്റൈന്റെ വ്യാജങ്ങള്‍ക്ക് തുല്യമാണെന്നോ ഉള്ള ആരോപണങ്ങള്‍ ചരിത്രപരമായി സഹായകരമല്ലാത്തതും ശാസ്ത്രീയ അടിത്തറയില്ലാത്തതുമാണ്.


അപ്പോള്‍ ഈ ഉടമ്പടികള്‍ ആധികാരികമാണോ?, ‘ആധികാരികമായത്’ എന്നത് കൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്നത് ന്യായമായ ചോദ്യമാണ്. ഇന്ന് നമ്മുടെ കൈവശമുള്ള പകര്‍പ്പുകള്‍ പ്രവാചകന്റെയും ഇസ്‌ലാമിന്റെ ആദ്യ ഖലീഫമാരുടെയും അതേ പകര്‍പ്പുകളാണ് എന്ന വാദത്തെയാണ് ആധികാരികതകൊണ്ട് മനസ്സിലാക്കപ്പെടുന്നത്. ഈ ചോദ്യത്തിനുള്ള ഉത്തരം വ്യക്തമായി ‘ഇല്ല’ എന്നാണ്. പ്രവാചകനും ഇസ്‌ലാമിലെ ആദ്യ ഖലീഫമാരും അവരുടെ കാലത്തെ അമുസ്‌ലിം സമുദായങ്ങള്‍ക്ക് നല്‍കിയ യഥാര്‍ത്ഥ ഉടമ്പടികളുടെ വിശ്വസ്തമായ പകര്‍പ്പുകളാണോ ഇന്ന് നമ്മുടെ കൈവശമുള്ള ഉടമ്പടികളുടെ പകര്‍പ്പുകള്‍? എന്നത് ഒരു മികച്ച ചോദ്യമായിരിക്കും. ഈ ചോദ്യത്തിനുള്ള ഉത്തരം, വായനക്കാരന്‍ ഒരു കാറ്റഗറൈസ്ഡായി ‘അതെ’ എന്ന് ഉത്തരം പറയും.

അഹമദുല്‍ വാക്കില്‍ എട്ട് വര്‍ഷമാണ് പ്രവാചകരുടെയും വിശിശ്യാ ഇസ്‌ലാമിക ലോകത്തെ ഉടമ്പടികളുടെ സാമൂഹികനൈതികതകളെക്കുറിച്ച് പഠനം നടത്തിയത്. സഹ-രചയിതാവായ മുഹമ്മദ് സൈന്‍ അഞ്ച് വര്‍ഷം ഇത്തരത്തില്‍ ഉടമ്പടികളെ സവിസ്തരം ഗവേഷകവിധേയമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ അവയെ സമീപിക്കുന്നതിലെ പൊതുവായ ആധികാരികത പുസ്തകത്തിനുണ്ടെന്നതില്‍ സംശയമില്ല. ഉടമ്പടികളെ അത് സമൂഹത്തിന്റെ നിലനില്‍പ്പിനാവശ്യമായ ഒന്നായി സാമാന്യവല്‍ക്കരണം നടത്തുന്ന പണ്ഡിതന്മാര്‍ പഠിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ലാത്ത കൈയെഴുത്തുപ്രതികളും വിപുലമായ രീതിയില്‍ ഇവര്‍ ഒരുമിച്ച് പരിശോധിക്കുന്നുണ്ട്. ശക്തമായ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍, ഇത്തരം ഉടമ്പടികളുടെ ആധികാരികതയെയും, ചിലപ്പോഴെല്ലാം ഉടമ്പടികളെ വരെ പൂര്‍ണ്ണമായും നിരസിക്കുന്നത് അക്കാദമിക ലോകത്ത് ഇന്നും സ്വീകാര്യമായി തുടരുകയാണ്. മാത്രമല്ല, കുതന്ത്രങ്ങളിലൂടെ നിലവില്‍ വന്ന ഉടമ്പടികള്‍ വ്യാജമാണെന്ന ആരോപണം അവ പാരമ്പര്യമായി ലഭിച്ച മതസമൂഹങ്ങളിലുള്ള പുരോഹിതന്മാരെയും മുസ്‌ലിം പണ്ഡിതന്മാരെയും അപമാനിക്കുന്നതാണ്. അവരെ അപമാനിക്കുന്ന രീതിയിലുള്ള അന്യായമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നിട്ടും, ഈ ഉടമ്പടിയെ പിന്തുണച്ചിട്ടുള്ള ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ നൂറ്റാണ്ടുകളായുള്ള ഈ വിഷയത്തിലുള്ള കൃത്യമായ നിലപാടില്‍ ഉറച്ചുനിന്നത് അഭിനന്ദനം അര്‍ഹിക്കുന്നതാണ്.


മുഹമ്മദ് നബിയുടെ ഉടമ്പടികളെ വിമര്‍ശിക്കുന്നത് പുതിയ കാര്യമല്ല. ഇബ്‌നുല്‍ ജൗസി തന്റെ അല്‍ മുന്‍തസിം ഫീ താരീഖില്‍ മുലൂകി വല്‍-ഉമം എന്ന ഗ്രന്ഥത്തില്‍ ഖതീബുല്‍ ബാഗ്ദാദിയെക്കുറിച്ചുള്ള ഒരു പ്രസക്തമായ വിവരണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉടമ്പടികളുടെ ആധികാരികത നിരസിച്ച ആദ്യത്തെ മുസ്‌ലിം പണ്ഡിതനാണ് ഖത്തീബുല്‍ ബഗ്ദാദി. ഒരിക്കല്‍ അദ്ദേഹം ബാഗ്ദാദിലേക്ക് മടങ്ങിയ അവസരത്തില്‍, മന്ത്രി അബുല്‍ ഖാസിമു ബ്നു മസ്‌ലമയുമായി അദ്ദേഹം വളരെ നല്ല അടുപ്പത്തിലായിരുന്നു. ആ കാലഘട്ടത്തില്‍, ഖൈബറിലെ ജൂതന്മാരെ ജിസ്യ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് പ്രവാചകനില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഒരു എഴുത്തിന്റെ പകര്‍പ്പ് ജൂതന്മാര്‍ അവതരിപ്പിച്ചു. ഈ ഉടമ്പടിക്ക് സ്വഹാബികള്‍ സാക്ഷ്യം വഹിക്കുകയും അലിയ്യു ബ്നു അബീ ത്വാലിബ് എഴുതുകയും ചെയ്തു എന്നവര്‍ അവകാശപ്പെട്ടു. മന്ത്രി ഇത് കാണിച്ചു കൊടുത്ത അവസരത്തില്‍ അത് വ്യാജമാണെന്ന് ആരോപിച്ചു. കാരണം ആരാഞ്ഞപ്പോള്‍. അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: ”മക്കാ വിജയത്തിനുശേഷം ഇസ്‌ലാം ആശ്ലേഷിച്ച മുആവിയ (റ)വും ഹിജ്റ 7-ല്‍ ഖൈബര്‍ യുദ്ധത്തില്‍ വഫാത്തായ സഅദ് ബനു ഉബാദയും എങ്ങനെ ഈ ഉടമ്പടിയില്‍ സാക്ഷികളാകും.”


വ്യാജമാണെന്ന് താന്‍ കണ്ടെത്തിയ രേഖയെ ഖത്തീബുല്‍ ബാഗ്ദാദി തള്ളിക്കളഞ്ഞത് ഉടമ്പടികളെക്കുറിച്ചുള്ള സമകാലിക വ്യവഹാരങ്ങളിലും
ഏറെ പ്രസക്തിയുള്ളതാണ്. ബെര്‍ണ്‍ഹാര്‍ഡ് മോറിറ്റ്സ്, അഹ്‌മദ് സാക്കി പാഷ, ലൂയിസ് ചീക്കോ, മുഹമ്മദ് ഹമിദുല്ല, ഫ്രെഡ് ആസ്ട്രെന്‍, ഫിലിപ്പ് വുഡ് എന്നിവരും ഇതേ വാദഗതിയാണ് പിന്തുടരുന്നത്. അതായത് പ്രവാചക ഉടമ്പടികളെക്കുറിച്ചുള്ള സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് ഒരു വസ്തുതയാണ്.

പ്രവാചകന്റെയും ഇസ്‌ലാമിലെ ആദ്യ ഖലീഫമാരുടെയും ഉടമ്പടികളുടെ കൈയെഴുത്തുപ്രതികളുടെ ഡിജിറ്റല്‍ കോപ്പികള്‍ ശേഖരിക്കാന്‍ രചയിതാക്കള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും സൗരാഷ്ട്രക്കാര്‍ക്കും അതുപോലെ തന്നെ മതാന്തര ബന്ധങ്ങള്‍, ഇസ്‌ലാമോഫോബിയ, സിവില്‍ സുരക്ഷാ പഠനങ്ങള്‍, ഓര്‍ത്തഡോക്സും ഓറിയന്റല്‍ ക്രിസ്ത്യാനിറ്റിയും തമ്മിലുള്ള ഇസ്‌ലാമുമായുള്ള ബന്ധം എന്നിവയെയെല്ലാം കൃത്യമായ സമീപന രീതിശാസ്ത്രത്താല്‍ പുസ്തകം കോര്‍ത്തിണക്കാന്‍ ശ്രമിക്കുന്നുണ്ട്.

സ്വാദിഖ് ചുഴലി

ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സിവിലൈസേഷണല്‍ സ്റ്റഡീസ് ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിയാണ് സ്വാദിഖ്. നിലവില്‍ തെളിച്ചം മാസികയുടെ സബ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.