പടിഞ്ഞാറോട്ടു നോക്കിയാല്‍ ബംഗ്ലാദേശിലെ ചില ഗ്രാമങ്ങളും കിഴക്കോട്ടു നോക്കിയാല്‍ ബര്‍മ്മയിലെ ഡൗമ, സബാങ്പുയി എന്നീ രണ്ടു ഗ്രാമങ്ങളും എളുപ്പം കാണുന്ന നന്നേ പഴയ ഗ്രാമമാണ് മിസോറാമിലെ സിയാഹ ജില്ലയിലെ ആയിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ലക്കി വില്ലേജ്. നൂറുശതമാനവും ക്രിസ്തുമതക്കാര്‍ മാത്രമുള്ള വിഭിന്നങ്ങളായ ഗോത്ര വര്‍ഗ്ഗക്കാര്‍ താമസിക്കുന്നയിടം. ദൈര്‍ഘ്യമേറിയതും അനുഭവങ്ങള്‍ കൊണ്ടും പുതുമകള്‍ കൊണ്ടും സവിശേഷം നിറഞ്ഞതുമായിരുന്നു ഈ യാത്ര.
ബംഗുളുരുവിലെ ബി.എഡ് പഠനകാലത്ത് മിസോറാമിലെ കുറച്ചു സുഹൃത്തുക്കളെ ലഭിച്ചിരുന്നു. ആ പ്രദേശത്തെയും പ്രദേശവാസികളെയും ദൂരെ നിന്ന് കൗതുകത്തോടെ നോക്കിയിരുന്ന ഞങ്ങള്‍ സുഹൃത്ത് ഹോനയുടെ ക്ഷണത്താലാണ് മിസോറാമിലേക്കു പോകാന്‍ തയ്യാറെടുക്കുന്നത്. അങ്ങോട്ടു ചെന്നെത്തുക അത്രയെളുപ്പമേറിയ കാര്യമല്ലെന്നത് ഒരിക്കലെങ്കിലും ആ വഴി പോയവര്‍ക്കറിയാം. അങ്ങനെ ചെന്നൈയില്‍ നിന്നും ഞങ്ങള്‍ ഗുവാഹത്തിയിലേക്കുള്ള നഗാഹോണ്‍ എക്‌സ്പ്രസ്സില്‍ തമ്പാരത്തു നിന്ന് യാത്ര പുറപ്പെട്ടു. അതേ ദിനം തന്നെ ഹോനയും കൂട്ടുകാരും വിമാനത്തില്‍ മിസോറാമിലെ തലസ്ഥാനമായ ഐസ്വാളിലേക്ക് പുറപ്പെട്ടു.
ഗുവാഹത്തി റെയില്‍വെസ്റ്റേഷനു പിന്നിലുള്ള പള്‍ട്ടാന്‍ ബസാറിലാണ് അയല്‍സംസ്ഥാനമായ മേഘാലയ, സില്‍ച്ചാറടങ്ങുന്ന പ്രദേശങ്ങളിലേക്കുള്ള സുമോ സര്‍വ്വീസുള്ളത്. രണ്ടു ദിനം കഴിഞ്ഞുള്ള രാത്രി ട്രെയിന്‍ ഗുവാഹത്തിയിലെത്തി. ആ രാത്രി പള്‍ട്ടാന്‍ ബസാറില്‍ താമസിച്ച് പിറ്റേന്ന് വൈകുന്നേരമാണ് ഗുവാഹത്തിയിലെ ഐ.എസ്.ബി.ടി ബസ് സ്റ്റാന്റില്‍ നിന്നും ഐസ്വാളിലേക്കുള്ള ബസ്സില്‍ യാത്ര പോവുന്നത്. ബസ്സ് ഷില്ലോംഗും മേഘാലയയും സില്‍ച്ചാറുമൊക്കെ കടന്ന് പിറ്റേന്നു രാത്രി പത്തുമണി കഴിഞ്ഞ് ഐസ്വാളിലെത്തി. നക്ഷത്രം കണക്കെ കുന്നിന്മേല്‍ തട്ടുതട്ടായി കെട്ടിടങ്ങള്‍ തിളങ്ങി നില്‍ക്കുന്ന സുന്ദരമായ കാഴ്ച കണ്ടുതുടങ്ങി. രാത്രിയില്‍ ഐസ്വാള്‍ നഗരത്തെ കാണാന്‍ നല്ല ചന്തമാണ്. പളുങ്കു കുപ്പിയില്‍ ഒളി വാരിയിട്ട പോലെ കെട്ടിടങ്ങള്‍ മിഴി ചിമ്മി നില്‍ക്കുന്നു. മടുപ്പേറിയ ഒരു ദിനത്തെ യാത്രക്കൊടുവില്‍ ഐസ്വാളില്‍ പ്രവേശിച്ചു.
ഐസ്വാള്‍ നഗരം ഡാര്‍ജിലിംഗ്, ഗ്യാങ്‌ടോക്ക് നഗരങ്ങള്‍ പോലെ തന്നെ അത്യധികം ഇടുങ്ങിയ നിരത്തുള്ള ഇടമാണ്. നിഞ്ചിത ഭൂപ്രദേശത്ത് വസിക്കുന്ന അനേകം പേര്‍ ആ നഗരത്തെ ചുറ്റിപ്പറ്റി ജീവിക്കുന്നു. മിസോറാം ജനതയുടെ പകുതിയോളം പേര്‍ ജീവിക്കുന്നത് ഐസ്വാളിലാണ്. അവിടെ ആകെയുള്ളത് പത്ത് ലക്ഷത്തോളം പേര്‍ മാത്രമാണ്. രാത്രി ഒമ്പതോടെ നഗരതിരക്കൊഴിഞ്ഞാലും നിരത്തുകളിലും ഫൂട്ട്പാത്തുകളിലും ഫാസ്റ്റ്ഫുഡും മറ്റു ഭക്ഷണ വിഭവങ്ങളൊക്കെയും വില്‍ക്കുന്ന സ്ത്രീകളെ കാണാനാവും. ആ പ്രദേശത്തെ കടകള്‍ നടത്തുന്നത് ഭൂരിഭാഗവും സ്ത്രീകള്‍ തന്നെയാണ്. അതാണ് ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ വേറിട്ടു നിര്‍ത്തുന്നത്. പാതയോരത്തുനിന്നു തന്നെ രാത്രി ഭക്ഷണം ലഘുവായി കഴിച്ച് റാമ്ലൂന്‍ നഗരത്തില്‍ തന്നെയുള്ള ഹെബ്‌നസര്‍ ഹോസ്റ്റലിലേക്കു നടന്നു. ക്രിസ്തുമസിനെ വരവേല്‍ക്കാനായി നഗരം ഒരുങ്ങിയതിന്റെ ചമയങ്ങള്‍ വഴിയില്‍ വെട്ടം നിറച്ചിരിക്കുന്നു.
അതിരാവിലെ സുമോയില്‍ കയറി ലക്കിയിലേക്കു പുറപ്പെട്ടു. രാവിലെ അഞ്ചായപ്പോഴേക്കും ഐസ്വാളില്‍ വെളിച്ചം പരന്നു തുടങ്ങി. ജീവിത വ്യവഹാരങ്ങളാല്‍ നഗരം തിരക്കു പിടിക്കാന്‍ തുടങ്ങി. ഫുഡ്പാത്ത് ചായയും മറ്റും വില്‍ക്കുന്ന സ്ത്രീകളാലും ഒപ്പം ചെറിയ പേക്കറ്റില്‍ അടയ്ക്കയും വെറ്റിലയും നടന്നു വില്‍ക്കുന്ന മറ്റുചിലരാലും രംഗം കൊഴുത്തു. ഭൂഗര്‍ഭ അറകള്‍ പോലുള്ള കെട്ടിടങ്ങളും വലിയ സ്തൂഭങ്ങള്‍ നാട്ടിവെച്ചു ബലം കൊടുത്തുറപ്പിച്ച വീടുകളും അങ്ങിങ്ങായി കാണാം. വണ്ടിയൊരു പള്ളിയുടെ അരികെ നിറുത്തി കൂട്ടത്തിലൊരാള്‍ പ്രാര്‍ത്ഥിച്ചു തുടങ്ങി. എല്ലാവരും ഒരേ സ്വരത്തില്‍ ആമേന്‍ പറഞ്ഞു. വണ്ടിയിലെ ഒട്ടുമിക്ക യാത്രികരും സ്ത്രീകളാണ്. എല്ലാവരുടെയും കൈയില്‍ സുപാരിയും വെറ്റിലയും യഥേഷ്ടം കാണാം.
അതിന്റെ ഗന്ധം വണ്ടിയില്‍ കുമിഞ്ഞു കൂടി. ഡ്രൈവറാണെങ്കില്‍ മുറുക്കിയും ഒരു കൈയില്‍ സദാ ചുരുട്ടും പിടിച്ച് വണ്ടിയെക്കാള്‍ വേഗത്തില്‍ പുകതുപ്പിക്കൊണ്ടേയിരിക്കുന്നു. പശ്ചാത്തലത്തില്‍ മിസോ ഭാഷയിലെ ഗാനങ്ങള്‍ താളം പിടിക്കുന്നു. ചുറ്റിലും കാടായതിനാല്‍ വണ്ടിയുടെ വെളിച്ചത്തില്‍ ആകാശം മാത്രം നല്ല വെട്ടത്തില്‍ കാണാം. വഴിമധ്യെ ചിലയാത്രക്കാര്‍ ഇറങ്ങി വീടണഞ്ഞു. രാത്രി പത്തു കഴിഞ്ഞപ്പോള്‍ ചെറിയൊരു കവലയില്‍ വണ്ടി നിറുത്തിയിട്ടു. അതാണ് ടിപ. ഞങ്ങളെയും കാത്ത് ഹോനയുടെ ജ്യേഷ്ഠന്‍ പെനിയല്‍ മണിക്കൂറുകള്‍ക്കു മുമ്പെ ടിപയിലെത്തിയിരുന്നു. ടിപയില്‍നിന്നും ലക്കിയിലേക്കുള്ള വഴിസധ്യേ വണ്ടി റോഡരികില്‍ നിറുത്തിയിട്ട് ഹോന ലക്കിയിലെ പ്രത്യേക വിഭവമായ സോച്ചാങ് വാഴയിലയില്‍ പൊതിഞ്ഞു തന്നു. ബണ്‍കേക്ക് എന്നാണതിനെക്കുറിച്ചവന്‍ ഞങ്ങളോട് പറഞ്ഞിരുന്നത്. മധുരമോ ഉപ്പോ ഒന്നുമില്ലാത്ത ഒരു തരം വിഭവം.
ഒരുവശത്തായി മുളകൊണ്ടു പണിത കുടിലുകള്‍ നിര നിരയായി പണിതിരിക്കുന്നു. ഹോനയാണ് അതൊക്കെ റെഫ്യൂജി ക്യാമ്പുകളാണെന്ന് പരിചയപ്പെടുത്തി തന്നത്. അവയിലൊക്കെയും ബര്‍മ്മയില്‍ നിന്നും ഭയന്നോടി വന്ന മനുഷ്യരാണ്. അഞ്ചു ദിവസം വരെ സര്‍ക്കാറു തന്നെ അഭയാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണ-സാമഗ്രികള്‍ എത്തിച്ചുകൊടുക്കും. അഭയാര്‍ത്ഥികള്‍ക്കായുള്ള ഒരു സ്‌കൂളും ലക്കിയില്‍ മിസോ ഗവണ്‍മെന്റ് സജ്ജീകരിച്ചിട്ടുണ്ട്.
വണ്ടി മിസോറാമിലെ ഏറ്റവും ദക്ഷിണ ഭാഗത്തുള്ള സിയാഹ ജില്ലയിലെ മറകള്‍ മാത്രം താമസിക്കുന്ന ലക്കിയിലോട്ട് പ്രവേശിച്ചു. ലക്കിയില്‍ സംസാരിക്കുന്നത് ‘മറ’ മാത്രമാണ്. മിസോയാണെങ്കില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമെ വശമുള്ളു. വണ്ടി ആദ്യമൊരു വീടിന്റെ മുമ്പില്‍ നിറുത്തിയിട്ട് രണ്ടു പേരും മറയില്‍ അലമുറയിട്ടോണ്ടിരുന്നു. ആ വീട് ഹോനയുടെ മൂത്ത ജ്യേഷ്ഠന്‍ ആപ്ത്തായിയുടെതായിരുന്നു. ഡിന്നറിനു ശേഷമുള്ള രാത്രിയുറക്കം ആ വീട്ടിലാണെന്ന് ഹോന പറഞ്ഞു. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം വീട്ടിലേക്കു വരുന്നതിന്റെ ആവേശത്തെക്കുറിച്ച് ഞാനവനോട് ചോദിച്ചറിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞത് വീട്ടുകാര്‍ ഉറക്കമൊളിച്ച് വിരുന്നുകാരെ കാത്തിരിക്കുയാണെന്നാണ്. കാരണം ഈയടുത്തൊന്നും ആ പരിസരത്തേക്ക് പുറം നാട്ടില്‍ നിന്നും ആരും തന്നെ വന്നിട്ടില്ലത്രെ!
തൂണുകളുടെ ബലത്തിന്മേല്‍ നില്‍ക്കുന്ന മരം കൊണ്ടു നിര്‍മ്മിച്ച്, തകര ഷീറ്റുകള്‍ പാകിയ വീടുകളാണ് ലക്കിയിലെ വീടുകളെല്ലാം. ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന ഇടങ്ങളായതിനാല്‍ വീടു നിര്‍മ്മാണം അല്‍പം പ്രയാസം തന്നെയാണ്. എല്ലാവരും കൗതുക കണ്ണാലെ ഞങ്ങള്‍ക്കു നേരെ നോട്ടമെറിഞ്ഞു. ലക്കി നിവാസികള്‍ക്ക് ആ സമയം വരെ ഉറക്കമൊളിക്കുന്ന പതിവില്ല. അവര്‍ രാത്രി എട്ടാവുമ്പോള്‍ കിടന്നുറങ്ങുന്ന പ്രകൃതമുള്ളവരാണ്. അകത്തേയ്ക്കു കയറിയാല്‍ സ്വീകരണ മുറിയും അടുക്കളയുമെല്ലാം കാണാനാവുന്ന രീതിയിലാണ് ലക്കിയിലെ എല്ലാ വീടുകളും നിര്‍മ്മിച്ചിരിക്കുന്നത്. ഒപ്പം ചുറ്റിലുമിരുന്ന് ചൂടുകായാനായി പ്രത്യേക തരം അടുപ്പും കാണാം. ചാക്കോയെന്നാണ് അവരതിനെ വിളിക്കുന്നത്. രാത്രിയിലവര്‍ പലകയെടുത്തു അതിനു ചുറ്റിലുമിരിക്കുന്നത് കാണാന്‍ തന്നെ നല്ല രസമാണ്.
മറാലാന്‍ഡെന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. പല വിഭാഗം ഗോത്രവര്‍ഗ്ഗക്കാര്‍ വസിക്കുന്നയിടം. പക്ഷേ, എല്ലാവരും മറകളാണ്. ഇന്ത്യന്‍ വിഭജനത്തിനു മുമ്പ് ബര്‍മ്മ കേന്ദ്രീകരിച്ചുണ്ടായിരുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ വിഭജനത്തോടെ രണ്ടു ദേശങ്ങളിലായി വേര്‍പ്പെട്ടു. മിസോറാമിലെ സിയാഹ ജില്ലയില്‍ വസിക്കുന്നത് മുഴുവനും മറകള്‍ തന്നെയാണ്. ഇന്നത് സ്വയംഭരണാധികാരമുള്ള പ്രദേശമാണ്. പടിഞ്ഞാറു ഭാഗത്ത് ബംഗ്ലാദേശും കിഴക്ക് ബര്‍മ്മയും ഒരു പോലെ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് സിയാഹയിലെ ലക്കി. ചൈനയിലും മംഗോളിയയിലെ നദിയോരത്തും വസിച്ചിരുന്നവര്‍ ടിബറ്റു വഴി ബര്‍മ്മയിലോട്ട് പതിനേഴാം നൂറ്റാണ്ടില്‍ കുടിയേറി തുടങ്ങി. മുമ്പ് പല വ്യത്യസ്ത പേരിലറയിപ്പെട്ടിരുന്ന ഗ്രോത്രവര്‍ഗക്കാര്‍ പിന്നീട് മറയെന്ന പേരു സ്വീകരിച്ച് മറകളായി മാറി.
സിയാഹ അത്യാവശ്യം തരക്കേടില്ലാത്ത ജനവാസയോഗ്യമായ പ്രദേശമായതിനാല്‍ മിക്കവരും വസിക്കാനായി ആ മണ്ണ് തിരഞ്ഞെടുത്തു. ഇന്നു ലക്കിയില്‍ കഷ്ടിച്ച് ആയിരം പേരുണ്ടാവും. പ്രകൃതി ശക്തികളെ ആരാധിച്ചിരുന്ന മറകള്‍ ഇന്ന് കാണുന്ന രീതിയില്‍ പ്രൊട്ടസ്റ്റന്റ് കത്തോലിക്ക് ക്രിസ്ത്യിയ വിശ്വാസികളാകുന്നത് ബ്രിട്ടീഷ് മിഷിനറിയായ റെജിനാള്‍ഡ് ആര്‍തര്‍ 1907 ല്‍ മറാലാന്‍ഡിലോട്ടു വരുന്നതോടു കൂടിയാണ്. അവര്‍ തന്നെയാണ് മറാ ഭാഷയ്ക്ക് കൈയെഴുത്തുപ്രതി തുടങ്ങിയതും ഒപ്പം അവിടെ പ്രാഥമിക സ്‌കൂളുകള്‍ ആരംഭിക്കുന്നതുമൊക്കെ. ഇന്നവിടെ മുഴുവനാള്‍ക്കാരും ക്രിസ്തുമത വിശ്വാസികളാണ്. അവരില്‍ തന്നെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കായ് വെവ്വേറെ പള്ളികളുമുണ്ട്. മറാലാന്‍ഡ് പ്രധാനമായും നിലവില്‍ ബര്‍മ്മയിലാണുള്ളത്. വിഭജന സമയത്ത് മറാ പുരോഹിതര്‍ ബര്‍മ്മയോടൊപ്പം ചേരാന്‍ ഒരുങ്ങിയപ്പോള്‍ ഒരു വിഭാഗം ഇന്ത്യയില്‍ തന്നെ വസിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നാഗകളും, കുക്കിയും, കാസിയും മെയ്തികളുമൊക്കെയായി ആയിര കണക്കിന് ഗോത്ര വര്‍ഗ്ഗക്കാരുള്ള ഇടമാണ് നോര്‍ത്തീസ്റ്റിന്ത്യ. മണിപ്പൂരില്‍ കാലങ്ങളായുള്ള കുക്കി മെയ്തി വിഭാഗങ്ങളുടെ വംശീയകലാപം ബ്രിട്ടീഷുകാലം തൊട്ടെ ഡിവേഡ് ആന്‍ഡ് റൂളിന്റെ ഭാഗമായി തുടര്‍ന്നു പോരുന്നതാണ്. അതിപ്പോള്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് നല്ല വെടിപ്പോടെ തന്നെ തുടര്‍ന്നും വരുന്നുണ്ട്. മറകള്‍ കുക്കി വിഭാഗമാണ്. മെയ്തികള്‍ ഹൈന്ദവരും കുക്കികള്‍ ക്രൈസ്തവരുമാണ്. മറകളില്‍ തന്നെ ഒരു വിഭാഗം ട്രിനിറ്റിയിലും മറ്റുചിലര്‍ ഏകത്വത്തിലും വിശ്വസിക്കുന്നവരാണെന്നത് ഞാന്‍ ചോദിച്ചറിഞ്ഞു. ഹോന ഏകത്വത്തില്‍ വിശ്വസിക്കുന്ന യൂണെറ്റഡ് പെന്റകോസ്റ്റ് ചര്‍ച്ച് വിഭാഗവും സുഹൃത്ത് മാര്‍ട്ടിന്‍ ട്രിനിറ്റിയില്‍ വിശ്വസിക്കുന്ന ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് മറാലാന്‍ഡ് വിഭാഗക്കാരനുമാണ്. രണ്ടാളും രണ്ടു ചര്‍ച്ചുകളിലായാണ് പ്രാര്‍ത്ഥനയ്ക്കു പോകാറ്.
ഡിന്നറിനായ് വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ ഞങ്ങളുടെ മുമ്പില്‍ ഒരുക്കിവെച്ചിരിക്കുന്നു. കോഴി കൊണ്ടുള്ള രണ്ടു തരം വിഭവങ്ങള്‍ക്കൊപ്പം വഴുതന വേവിച്ചെടുത്ത മറ്റൊരു കറികൂടി പാത്രത്തിലുണ്ട്. ചെമ്പരത്തി പൂവിന്റെ നിറമുള്ള മെക്കുവെന്നു പേരുള്ള പൂമൊട്ടു പോലെയുള്ള ഒരു തരം പൂവിന്റെ സൂപ്പും, സ്പിലാന്തസ് ചെടിയുടെ പുഷ്പം കൊണ്ടുള്ള വേറൊരു കറിയും കൊണ്ട് തിന്മേശ നിറഞ്ഞിരിക്കുന്നു. സൂപ്പു സേവിക്കാനായി എല്ലാവര്‍ക്കും ഓരോ കോപ്പയും വെച്ചിരിക്കുന്നു. ആഹിയ എന്നവര്‍ വിളിക്കുന്ന ചുവന്ന മുളക് എല്ലാ കറിയിലും സാധാരണയാണ്. അതവരുടെ കൃഷിയിനത്തിലെ പ്രധാനയിനവുമാണ്. നീളം കൊണ്ട് നന്നെ കുറിയവര്‍ തണ്ടും തടിയും പൊക്കവുമുള്ള ഞങ്ങളെ കൗതുകത്തോടെ നോക്കി നിന്നു.
തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച ഇരുനില വീട്ടിലെ മട്ടുപ്പാവു പോലോത്ത ഇടമാണ് ഞങ്ങളുടെ വിശ്രമമുറി. ഇവിടെ സൂര്യാസ്തമനം നേരത്തെയുള്ളതു പോലെ തന്നെ പുലരിയും വേഗത്തിലാകുന്നു. അവിടുത്തെ കുളിമുറിയും ശുചിമുറിയുമൊക്കെ നന്നേ വ്യത്യസ്തമാണ്. ഒരിടത്തും പൈപ് ഉപയോഗിക്കുന്നതേയില്ല. ചെറിയൊരു തടയണ കെട്ടി കുളിമുറിയില്‍ രണ്ടറകളാക്കി വെള്ളം സൂക്ഷിച്ചുവെക്കും. മലമുകളില്‍ നിന്നും വരുന്ന വെള്ളമാണ് നിറച്ചുവെക്കുന്നത്. അതു പോലൊരു ചെറിയൊരു തടയണ കക്കൂസിലും നിര്‍മ്മിച്ചിരിക്കുന്നുണ്ട്. ആവശ്യത്തിനനുസരിച്ച് കുളിമുറിയില്‍ നിന്നും വെള്ളം നിറച്ചുവെക്കുന്ന നമ്മള്‍ക്ക് ഒട്ടും കംഫേര്‍ട്ടല്ലാത്ത സംവിധാനമാണത്. പൈപില്ലാത്തതു കൊണ്ട് ആ വഴിയെ സാധ്യമാവൂ.
വീടിന്റെ ഇരുവശങ്ങളിലും മലയോരങ്ങള്‍ കാണാം. വീടുകള്‍ക്കിടയില്‍ ഉയര്‍ന്നു കാണുന്നത് ചര്‍ച്ചുകളാണ്. ബാക്കിയെല്ലാ വീടുകള്‍ക്കും ഒരേ രൂപം തന്നെയാണ്. കോഴിയും ആടുമൊക്കെ മിക്കവീടുകളിലുമുണ്ട്. പിന്നാമ്പുറത്തു നിന്നും പന്നികളുടെ മുരള്‍ച്ച കേള്‍ക്കാം. ഞങ്ങള്‍ തലേന്നു രാത്രി കണ്ട അഭയാര്‍ത്ഥി ക്യാമ്പിലോട്ടു നടന്നു. ആ പരിസരത്തു തന്നെ അവര്‍ക്കായുള്ള സ്‌കൂളുകളും മിസോറാം സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുണ്ട്. ബര്‍മ്മയില്‍ 2021 ഓടെ ഓങ് സാന്‍ സൂചി പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടതോടെ ലക്ഷങ്ങളാണ് ബര്‍മ്മവിട്ടു പോയത്. അനധികൃതമായി കടന്നു വന്നവരാണെങ്കിലും പ്രദേശവാസികള്‍ വളരെ സൗമ്യമായാണവരോട് പെരുമാറുന്നതും ബന്ധപ്പെടുന്നതുമൊക്കെ.
ഗ്രാമത്തിലെ വഴിയരികിലൊക്കെ പൊതു ആവശ്യങ്ങള്‍ക്കായി വെള്ളം നിറച്ചുള്ള തൊട്ടികളും, ഒപ്പം മൂത്രപ്പുരകളും പിന്നെ ചില വീടുകളോട് ചേര്‍ന്നുള്ള ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും കാണാം. ലക്കിയിലെ എല്ലാവീടുകളുടെ വാതിലുകളിലും അവര്‍ പ്രതിനിധാനം ചെയ്യുന്ന ചര്‍ച്ചുകളുടെ പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നുണ്ട്. സിമന്റ് പാകിയ കെട്ടിടങ്ങളുള്ളത് പ്രദേശത്തെ ചര്‍ച്ചുകള്‍ക്കു മാത്രമാണ്. വീടുനിര്‍മ്മാണത്തിനായ് സാമഗ്രികള്‍ അങ്ങോട്ടേയ്‌ക്കെത്തിക്കുകയെന്നത് ചിലവേറിയ കാര്യമാണ്. പള്ളിയില്‍ നിന്നും സായാഹ്ന പ്രാര്‍ത്ഥനയ്ക്കായുള്ള പെരുമ്പറ മുഴങ്ങിയാല്‍ സ്ത്രീകളും പെണ്‍കുട്ടികളും കന്യാസ്ത്രീകളെ പോലെ വെളുത്ത വസ്ത്രം ധരിച്ച് പള്ളിയിലോട്ടു നീങ്ങിത്തുടങ്ങും.
ഹോനയുടെ വീട്ടില്‍നിന്നും അത്ര ദൂരയല്ലാതെ രണ്ട് ബര്‍മ്മിസ് ഗ്രാമങ്ങള്‍ കാണാം. ബര്‍മ്മിസ് മിലിട്ടറി ബോംബിട്ടാണ് പല ഗ്രാമങ്ങളേയും കുടിയൊഴിപ്പിക്കുന്നത്. അതില്‍ ഭയന്നോടുന്നവര്‍ ദേശം കടന്നിങ്ങെത്തുന്നു. സമീപത്തുള്ള ലക്കിയിലെ പ്രൈമറി, ഹയര്‍ സെക്കണ്ടറി സ്‌കുളുകള്‍ ഞങ്ങള്‍ ചെന്നു കണ്ടു. കാഴ്ചയില്‍ വേറിട്ടു നില്‍ക്കുന്ന കെട്ടിടങ്ങള്‍ അന്തമാനിലെ സെല്ലുലാര്‍ ജെയിലുകളുടെ രൂപത്തെ ഓര്‍മ്മപ്പെടുത്തി.
ഞങ്ങളുടെ അന്നത്തെ പരിപാടി ഹോനയുടെ വീട്ടുകാരുടെ കൃഷിയിടം സന്ദര്‍ശിക്കുകയെന്നതായിരുന്നു. എല്ലാ വീടിനു ചുറ്റിലും ചെറു തോട്ടങ്ങളുണ്ടെങ്കിലും ഗ്രാമത്തില്‍ നിന്നും അല്‍പം ദൂരെയായുള്ള മലയോരത്ത് ഓരോ വീട്ടുകാര്‍ക്കും ഓരോ കൃഷിഭൂമിയുമുണ്ട്. അവരുടേത് ജൂം കള്‍ട്ടിവേഷനാണ് അഥവാ ഷിഫ്റ്റിംഗ് കള്‍ട്ടിവേഷന്‍. വിളവുകാലത്തിനനുസരിച്ച് വിഭവങ്ങളും മണ്ണും മാറി മാറി കൃഷി ചെയ്യുന്ന രീതി. കൃഷിയിടത്തു പോവുമ്പോള്‍ പുറത്തു തൂക്കിയിടുന്ന സെബാവു കൊട്ടയുമായാണ് ഞങ്ങള്‍ അല്‍പം ദൂരെയുളള മലയോരത്തേക്ക് പോയത്. പരന്നു കിടക്കുന്ന മലയോരം മുഴുവനും കൃഷിയിടങ്ങളാണ്. മുളങ്കാടു തീയിട്ട് വെട്ടിയിട്ടാണവിടെ കൃഷി ചെയ്യുന്നത്. ആഹിയയെന്നവര്‍ പറയുന്ന ചുവന്ന മുളകും, ഇഞ്ചിയും, കൈതച്ചക്കയും ചോളവുമൊക്കെ ലക്കിയിലെ പ്രധാന വിഭവങ്ങളാണ്. അതില്‍ ആവശ്യക്കാറേറെ ചുവന്ന മുളകിനാണ്. ഓരോ കൃഷിയിടങ്ങളിലും ചെറിയ കുടിലുകള്‍ വിശ്രമത്തിനായ് നിര്‍മ്മിച്ചിട്ടുണ്ട്. അവിടെ നിന്നും ബര്‍മ്മ എളുപ്പം കാണാനാവുന്നുണ്ട്.
പൊടുന്നനെ മൊബൈലിലെ സമയം ഒരു മണിക്കൂര്‍ മുമ്പിലോട്ടോടി ബര്‍മ്മയിലെ സമയം കാണിച്ചു തുടങ്ങി. അതിടക്ക് മാറിയും മറിഞ്ഞും കൊണ്ടിരിക്കുന്നു. മുളങ്കാടു വെട്ടിയിട്ടിരിക്കുന്ന കുന്നിറങ്ങാനും കയറാനും സാഹസമാണ്. മരങ്ങള്‍ക്കിടയിലൂടെ ബര്‍മ്മിസ് ഗ്രാമങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഹോന മറാലാന്‍ഡിനെക്കുറിച്ച് പറഞ്ഞു തുടങ്ങി. ഇന്ത്യയില്‍ മറകള്‍ക്കായ് സിയാഹയുള്ളതു പോലെ ബര്‍മ്മയില്‍ രണ്ട് ജില്ലകളുണ്ടെന്നാണ് ഹോന പറഞ്ഞു നിറുത്തിയത്. ഇന്ത്യയേക്കാള്‍ പഴക്കം മറാലാന്‍ഡിനുണ്ടെന്നവന്‍ പറഞ്ഞു. ഒപ്പം വിഭജനാനന്തരം വേരറത്തു പോയ മറകളുടെ പൈത്യകത്തെക്കുറിച്ചും അവരുടെ സങ്കടങ്ങളെക്കുറിച്ചും പറയാതിരുന്നില്ല. ലക്കിയിലെ കാട്ടില്‍ വലിയ മൃഗങ്ങളൊന്നുമില്ലെങ്കിലും പക്ഷികളേയും അണ്ണാനേയും വേട്ടായാടി പിടിക്കുന്നവര്‍ തോക്കോന്തി തൊട്ടടുത്ത പ്രദേശമായ ലുംഗ്പുക്കിലോട്ടു പോവുന്നത് ഹോന കാണിച്ചു തന്നു.
അടുത്ത ദിവസം പുഴക്കടവില്‍ പോകാമെന്നാണ് ഹോന പറഞ്ഞിരുന്നത്. പക്ഷേ കിലോമീറ്ററോളം നടന്നാലെ അങ്ങോട്ടെത്തുകയുള്ളു. പ്രത്യേക രീതിയിലുള്ള മീന്‍ പിടുത്തമാണ് അവരുടേത്. അതിനായി ബാറ്ററി ആവശ്യമാണെന്ന് ഹോന പറഞ്ഞു. ലക്കിയിലെ അവസാന ദിവസം പുലര്‍ച്ചെതന്നെ ഹോനയുടെ മാതാപിതാക്കള്‍ കുടുംബാംഗങ്ങളോടൊപ്പം ഞങ്ങളെ യാത്ര അയക്കാന്‍ വന്നു. എന്തുമാത്രം മനോഹരമായാണവര്‍ അവരുടെ വീട്ടിലേക്കു വന്ന അതിഥികളോട് പെരുമാറുന്നത്.
എല്ലാവരും ചുറ്റിലുമിരുന്ന ശേഷം മാതാവ് വികാരഭരിതയായി ഒരു വട്ടം കൂടി പ്രാര്‍ത്ഥിച്ചു തുടങ്ങി. അതില്‍ അവര്‍ അബീപയെന്ന് പലവട്ടം പറയുന്നത് ഞാന്‍ ശ്രദ്ധിച്ചു. അബീപയെന്നാല്‍ മറയില്‍ ദൈവമെന്നര്‍ത്ഥം. ഹോനയുടെ പിതാവിനെ ഹൃദയത്തോട് ചേര്‍ത്തുവെച്ച് ആലിംഗനം ചെയ്തു. ഉള്ളിലെ സങ്കടങ്ങള്‍ക്കു മുമ്പില്‍ ഭാഷ വിലങ്ങായി നിന്നു. എങ്കിലും ഞാനവസാനമായി ഇതും കൂടി പറഞ്ഞുവെച്ചു. ഈമ ചാവ കൗ അഥവാ വീവില്‍ മിസ്സ്യൂ.
Add comment