Thelicham

വടക്കൻ യൂറോപ്പും ഒരറേബ്യൻ യാത്രയും, ബാഗ്ദാദ് മുതൽ വോൾഗ നദീ തീരങ്ങൾ വരെ…

“പൗരാണിക റഷ്യയുടെ ചരിത്രത്തെക്കുറിച്ച് പാശ്ചാത്യർ പറയുന്നതിലേറെ അറബികളിൽ നിന്ന് വായിക്കാനുണ്ട്. ബൾഗേറിയ, റഷ്യ പോലുള്ളതിന്റെ ചരിത്രങ്ങളിലേക്ക് പാശ്ചാത്യർ വെളിച്ചം വീശുന്നതിന് മുമ്പ് തന്നെ അറബികൾ അവിടുത്തെ സംഭവവികാസങ്ങൾ വെട്ടിത്തുറന്നിട്ടുണ്ട്” ജർമൻ ചരിത്രകാരനും ഓറിയന്റലിസ്റ്റുമായ ഫ്രാൺ ക്രിസ്റ്റ്യൻ മാർട്ടിൻ, അദ്ദേഹത്തിന്റെ “രിസാലത്തു ബ്നി ഫദ്‌ലാൻ്റെ” ജർമൻ വിവർത്തനത്തിന്റെ മുഖവുരയിൽ ഇങ്ങനെ പറയുന്നുണ്ട്.
വർഷങ്ങൾക്കു മുൻപ് മധ്യേഷ്യൻ രാജ്യങ്ങളിലൂടെ കാസ്പിയൻ താടാകവും വോൾഗ നദിയും കടന്ന് വൈകിങ്ങുകളുടെയും തുർക്കുകളുടെയും ചില മുസ്‌ലിം പര്യവേഷണങ്ങളും രചനകളും നടന്നതായി വായിക്കപ്പെടുന്നുണ്ട്.

വടക്കൻ യൂറോപ്പിലെ സ്കാൻഡിനേവിയൻ രാഷ്ട്രങ്ങളിലൂടെ പത്താം നൂറ്റാണ്ടിൽ ഇബ്നു ഫദ്ലാൻ നടത്തിയ യാത്രയുടെ വിവരണകുറിപ്പ് പാശ്ചാത്യൻ സാഹിത്യത്തിൽ തന്നെ ഒരു അപൂർവ അവലംബമാണ്. മൈക്കൾ ക്രിക്റ്റന്റെ പ്രസിദ്ധ നോവൽ “ശവം തീനികൾ” (Eaters of dead), ഈ യാത്രയുടെ വെളിച്ചത്തിൽ എഴുതപ്പെട്ട ഒന്നാണ്.

1999 ൽ ജോൺ മക്തർണൻ ഇത് “പതിമൂന്നാം പോരാളി” (The 13th warrior) എന്ന പേരിൽ സിനിമയായി സംവിധാനം ചെയ്തു. ഇതിൽ അറേബ്യൻ പ്രാധിനിധ്യം കൂടുതൽ പശ്ചാത്യവൽക്കരിക്കപ്പെടുകയും മറ്റു ബീവൾഫ് (beowulf) പോലുള്ള പുരാതന ഇംഗ്ലീഷ് ഇതിഹാസങ്ങൾ കൂട്ടിച്ചേർക്കപ്പെടുകയുമുണ്ടായി.


2007 ൽ നജ്ദ അൻസൂർ സംവിധാനം ചെയ്ത അറബ് സീരിയൽ “സക്ഫുൽ ആലമിൽ” (ലോകത്തിന്റെ മേൽക്കൂര) ഇബ്നു ഫദ്‌ലാൻ യാത്രയെക്കുറിച്ചുള്ള ഒരു സമകാലിക ദർശനത്തെ പ്രതിപാദിക്കുന്നുണ്ട്, മുപ്പതോളം വരുന്ന എപ്പിസോഡുകളിൽ ഇബ്നു ഫദ്ലാന്റെ പര്യടനം; അന്നും ഇന്നും എന്ന നിലയിലാണ് പ്രമേയമാകുന്നത്.


അഹ്മദുബ്നു ഫദ്‌ലാന്റെ യാത്ര


കിഴക്കൻ ബൾഗേറിയയിൽ ജീവിച്ചിരുന്ന സ്വഖാലിബാക്കളുടെ രാജാവ് അൽമിഷിന്റെ അടുത്തേക്ക് ക്രി. 921 ൽ അബ്ബാസീ ഭരണാധികാരി അൽമുഖ്‌തദിർ ബില്ലാഹ് ഒരു സംഘത്തെ അയച്ചു. ഇന്നത്തെ തെക്കൻ റഷ്യയിൽ സ്ഥിതി ചെയ്യുന്ന, വിശാലമായ പ്രവിശ്യകളിൽ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന സ്ലാവ്-തുർക് ഭരണാധികാരികളായിരുന്നു അവർ. പുതുതായി ഇസ്‌ലാം മതം ആശ്ലേഷിച്ച രാജാവ് അൽമിഷ്‌നും അനുയായികൾക്കും ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കുന്നതിനുള്ള മതപണ്ഡിതരും തന്റെ നാട്ടിൽ ഒരു മസ്ജിദ് നിർമിക്കാനും അദ്ദേഹത്തിൻ്റെ ശക്തി ദൃഢപ്പെടുത്തുന്നതിനും ആവശ്യമായ സഹായവുമായിരുന്നു ആ സംഘം. ഇതിനു വേണ്ടി ഖലീഫ തിരഞ്ഞെടുത്തവരിൽ ഇടാമായിരുന്നു കർമശാസ്ത്ര പണ്ഡിതൻ അഹ്‌മദ്‌ ബിൻ ഫദ്ലാൻ.

ഹിജ്റ വർഷം 921ൽ അബ്ബാസി ഭരണകൂടത്തിന്റെ തലസ്ഥാനമായ ബഗ്ദാദിൽ നിന്ന് യാത്ര ആരംഭിച്ച സംഘത്തിൽ ഏകദേശം നാലഞ്ചു പേരുണ്ടായിരുന്നു. ബാഗ്ദാദിൽ നിന്ന് ഖുറാസാൻ വഴി പടിഞ്ഞാറൻ പേർഷ്യയിലെ സാഗ്രോസ് പർവ്വതനിരകളും ഇന്നത്തെ വടക്കൻ ഇറാനിലെ എൽബോർസ് പർവതനിരകളും കടന്ന് ബുഖാറയിൽ എത്തി, അന്ന് ബുഖാറ സമാനിദ് ഭരണകൂടത്തിന് കീഴിലായിരുന്നു. പിന്നെ അവിടെ നിന്ന് വീണ്ടും ജൈഹൂൻ നദിയും കടന്ന് ഖവാറസ്മിലെ ജുർജാനയിലുമെത്തി. അവിടെ കുറച്ചു മാസങ്ങൾ തങ്ങുകയും പിന്നീട് കാസ്പിയൻ നദിക്കും ആറാൽ കടലിനും ഇടയിലുള്ള മരുഭൂമി മുറിച്ചു കടന്ന് തുർക് വംശജരായ ഗോത്രങ്ങളെ കണ്ടുമുട്ടി.

ദീർഘമായ യാത്രക്കൊടുവിലാണു വോൾഗാ നദീതീരത്തെ ബൾഗേറിയൻ പട്ടണത്തിൽ എത്തിച്ചേരുന്നത്. ഇന്നത്തെ റഷ്യയിൽ നിലകൊള്ളുന്ന കസാൻ എന്ന പ്രദേശത്തോട് അടുത്തു നിൽക്കുന്ന ഒരിടത്താണ് ഗ്രാമീണ തുർക്കികളായിരുന്ന സ്വകാലിബകൾ വസിച്ചിരുന്നത്. പണ്ടുകാലത്ത് മധ്യേഷ്യയിൽ നിന്ന് തന്നെ ഉൽഭവിച്ച, ഇന്ന് ചൈന, കൊറിയ പോലുള്ള ചില രാജ്യങ്ങളിൽ ഒരുവിധം കാണാൻ സാധിക്കുന്ന, ശാമാൻ മതക്കാരായിരുന്നു അവരെല്ലാം. പണ്ട് മുതലേ അബ്ബാസി ഭരണകൂടത്തോട് കച്ചവട ബന്ധം നിലനിർത്തിയിരുന്ന ബുൽഗാർ ആയിരുന്നു അവരുടെ തലസ്ഥാന നഗരി.


“രിസാലത്തുബ്നി ഫദ്‌ലാൻ”


ദീർഘമായ ഈ യാത്രയ്ക്കിടയിൽ അഹ്മദ് ബിൻ ഫദ്‌ലാൻ കണ്ടതും അനുഭവിച്ചതുമായ സംഭവങ്ങൾ കുറിച്ചെടുത്ത് ഖലീഫ മുഖദിർ ബില്ലക്ക് അയച്ച സന്ദേശമാണ് “രിസാലത്തുബ്നി ഫദ്ലാൻ” എന്ന ഗ്രന്ഥം. ഇതിൽ തുർക്കി, ബുൾഗാർ, റൂസിയ, ഖസർ എന്നീ പ്രദേശങ്ങളെക്കുറിച്ചെല്ലാം അഹ്മദ് ബ്നു ഫദ്ലാൻ വ്യക്തമാക്കുന്നുണ്ട്. ഈ പ്രദേശങ്ങളുടെ ഏറ്റവും പഴക്കം ചെന്ന ചരിത്രവും സംസ്കാരവും അവിടെ ജീവിച്ചിരുന്ന സമൂഹവും ചർച്ചയാകുന്ന അപൂർവ്വ ഗ്രന്ഥംകൂടിയാണിത്.


പുരാതന മധ്യകാലഘട്ടത്തിലെ റഷ്യയെക്കുറിച്ചും അതിനോട് ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളെക്കുറിച്ചും വളരെ വ്യക്തമായ വിവരണങ്ങളോ യാത്രകളോ എഴുത്തുകളോ ഇല്ലാത്തതിനാൽ അഹ്മദുബ്നു ഫദ്‌ലാൻ്റെ ഈ ഒരു രിസാലയുടെ പ്രാധാന്യം വർധിക്കുകയാണ്, അതുകൊണ്ടുതന്നെ പല റഷ്യൻ ചരിത്രകാരന്മാരും മറ്റും ഈയൊരു ഗ്രന്ഥത്തെ വളരെ വിലമതിക്കുന്ന അവലംബമായി കണക്കാക്കുന്നു.

പ്രശസ്ത ഈജിപ്ഷ്യൻ അറബിക് കവിയും രാഷ്ട്രീയ ശാസ്ത്രജ്ഞനുമായ തമീം ബർഗൂത്തി ഇബ്നു ഫദ്‌ലാന്റെ ഈ യാത്രയെ മലിനമായ പാശ്ചാത്യൻ ചരിത്രത്തിലേക്കുള്ള ഒരു വാതിൽ പഴുതാണെന്നാണ് വിശേഷിപ്പിച്ചത്. തങ്ങളാണ് ലോകത്തെ യഥാർത്ഥ മനുഷ്യരെന്നും മറ്റുള്ളവരെല്ലാം തങ്ങളുടെ അടിമകളാണെന്നും ഏറ്റവും ശുദ്ധമായ ലോക സംസ്കാരം പാശ്ചാത്യൻ സംസ്കാരമാണെന്നും ഒരു കാലത്ത് വിശ്വസിക്കുന്നവരുടെ ചരിത്രത്തിലെ കറുത്ത പുള്ളിയാണിതെന്നും അദ്ദേഹം പറഞ്ഞു.
വളരെ നീണ്ട കാലം അപൂർണമായിരുന്ന ഗ്രന്ഥത്തിന്റെ നാനൂറോളം പേജുകളുള്ള പൂർണ കൈയെഴുത്തുപ്രതി 1923ൽ സകി വാലിദി ടുകാൻ എന്ന ടർക്കിഷ് സ്കോളറാണ് ഇറാനിലെ മഷ്ഹദ് എന്ന പ്രദേശത്തെ ലൈബ്രറിയിൽ നിന്ന് കണ്ടെടുത്തത്.

ഈ ഗ്രന്ഥത്തിൽ ഇബ്നു ഫദ്‌ലാൻ താൻ സഞ്ചരിച്ച ഓരോ പ്രദേശങ്ങളും അവിടുത്തെ പ്രകൃതി വൈവിധ്യങ്ങളും സാമുദായിക ചുറ്റുപാടുകളും ആചാരാനുഷ്ടാനങ്ങളും വളരെ വിശദമായി തന്നെ വിവരിക്കുന്നുണ്ട്. മാത്രമല്ല അദ്ദേഹം കടന്നുപോകുന്ന ഓരോ നാടും നാട്ടുരാജാക്കന്മാരും അവിടുത്തെ ഭരണ നിർവഹണങ്ങളും ഓരോ പട്ടണത്തിലും പ്രാബല്യത്തിൽ ഉണ്ടായിരുന്ന നാണയങ്ങളും അതിന്റെ മൂല്യവും കൃത്യമായി വ്യക്തമാക്കുന്നുണ്ട്. യാത്രയിലുടനീളം കേട്ട ഓരോ ഭാഷകളെയും വ്യത്യസ്ത ശബ്ദങ്ങളോട് ഉപമിച്ച് കൊണ്ടാണ് വിവരിക്കുന്നത്. ഖവാറസമിലെ നാട്ടുകാരുടെ സംസാരം ഒരു പ്രത്യേക പക്ഷിയുടെ ശബ്ദത്തോടും മറ്റൊരു ഗ്രാമീണരുടെ സംസാരം തവളകളുടെ ഒച്ചയോടും ഉപമിക്കുന്നുണ്ട്.


അതുപോലെതന്നെ വ്യത്യസ്തമായ ഭാഷകൾ വസ്ത്രരീതികൾ ഇതെല്ലാം വ്യക്തമാക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതിൽ തന്നെ ബുൾഗാറിനെ റൂസിയയെ കുറിച്ചും അദ്ദേഹം പ്രത്യേകം എടുത്ത് പറയുന്നുണ്ട്.


സകാലിബകളുടെ വിപുലമായ സ്വീകരണവും അവരുടെ സാമൂഹിക ജീവിതവും രാജാവിന്റെ ഇരുത്തവും അവരുടെ ഭക്ഷണരീതിയും അറബികൾക്ക് അപരിചിതമായ ഒന്നാണ്.

അവരുടെ ഭക്ഷണ തളികയുടെ ഭാവഭേദങ്ങളും ചുട്ടു വെച്ചാൽ ഇറച്ചിയിൽ നിന്ന് രാജാവ് ഒരു കത്തികൊണ്ട് കഷ്ണം എടുത്ത് എല്ലാവർക്കും കൊടുക്കുന്നതുവരെ ആരും തിന്നാറുണ്ടായിരുന്നില്ല അതുപോലെതന്നെ എല്ലാവരും സ്വന്തമായ ഒരു തളികയിൽ നിന്ന് മാത്രമാണ് ഭക്ഷിക്കാറ് മറ്റുള്ളവരുടെ ബൈത്തടികളിൽ കയ്യിടുക പോലുമില്ല അവർ അറുക്കുന്ന മൃഗങ്ങളുടെയും മറ്റും അവശിഷ്ടങ്ങൾ ഒരു കിണറ്റിൽ ഒരുമിച്ചു കൂട്ടുകയും അങ്ങനെ ദിവസങ്ങൾ കഴിഞ്ഞശേഷം അവശിഷ്ടങ്ങൾ ദുർഗന്ധം വമിക്കാനും ഇടയായിരുന്നു. പൊതുഇടങ്ങളിൽ അവർ തലയിൽ ഒരു തൊപ്പി ധരിക്കാറുണ്ടായിരുന്നു.

രാജാവ് അവരുടെ അടുത്ത് കടന്നുപോയാൽ തൊപ്പിയെടുത്ത് കക്ഷത്ത് വെക്കുകയും രാജാവ് പോയി കഴിഞ്ഞു എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം തലയിൽ വയ്ക്കുകയും ചെയ്യുക അവരുടെ പതിവായിരുന്നു. രാജാക്കന്മാരോടുള്ള അഭിസംബോധന തികച്ചും വ്യത്യസ്തമായിരുന്നു, കയറിച്ചെന്നാൽ തല കുനിക്കുകയും, സമ്മതത്തിനായി കാത്തിരിക്കുകയും ചെയ്യും, പുഴയിൽ സ്ത്രീകളും പുരുഷന്മാരും നഗ്നരായി കുളിക്കാൻ ഇറങ്ങുന്നതും മറ്റും സ്ഥിര കാഴ്ചയാണെങ്കിലും വ്യഭിചാരം ചെയ്യുന്നവന്റെ ശിക്ഷ കഴുത്തു മുതൽ തുട വരെ മഴു കൊണ്ട് അറുത്തു മുറിക്കൽ ആണ്. അവരിലെ മുസ്‌ലിംകളിൽ ആരെങ്കിലും മരിച്ചാൽ എത്രയും പെട്ടെന്ന് മറമാടുകയും അവന്റെ ആയുധം ശവകുടീരത്തിന് അടുത്ത് വെക്കുകയും രണ്ടുവർഷം തുടർച്ചയായി അവന്റെ മേൽ കരയുകയും ചെയ്യും.


ഇബ്നു ഫദ്‌ലാൻ കണ്ട റൂസിയ…


ചുവന്ന് തവിട്ട് നിറത്തിലുള്ള ആളുകളായിരുന്നു റൂസിയക്കാർ, പുരുഷന്മാർ എപ്പോഴും ഒരു വാളും, മഴുവും, കത്തിയും ആയുധമായി ഉപയോഗിച്ചിരുന്നെങ്കിൽ സ്ത്രീകൾ ഇരുമ്പ്, ചെമ്പ്, വെള്ളി, സ്വർണ്ണം പോലുള്ളവ ആഭരണങ്ങളായി ധരിച്ചിരുന്നു. ഒരു വീട്ടിൽ തന്നെ ഇരുപതിനടുത്ത് ആളുകൾ താമസിച്ചിരുന്നു, അവരുടെ കൂട്ടു ജീവിത സംവിധാനം വിചിത്രമായ ഒന്നാണ്. ഒരു ലജ്ജയോ നാണക്കേടോ അവർക്ക് ഉണ്ടായിരുന്നില്ല. വസ്ത്രവും വൃത്തിയുമില്ലാതെ കുളിക്കുകയും, ഒരേ പാത്രത്തിൽ നിന്ന് മുഖവും മൂക്കും വൃത്തിയാക്കി അതിന്റെ മ്ലേച്ഛതകളോട് കൂടി തന്നെ മറ്റുള്ളവരും അത് ഉപയോഗിക്കുമായിരുന്നു. വരച്ചുണ്ടാക്കിയ ചിത്രങ്ങളിലെ മരത്തെയായിരുന്നു അവർ ആരാധിച്ചിരുന്നത്.
അവരുടെ മരണാനന്തര ചടങ്ങുകളും വിചിത്രമാണ്, അതിനെക്കുറിച്ച് അഹ്മദുബ്നു ഫദ്‌ലാൻ സസൂഷ്മം വിവരിക്കുന്നുണ്ട്.

“ബഹുമാന്യനായ ഒരാൾ മരിച്ചുകഴിഞ്ഞാൽ ഒരു കുഴിയിൽ തന്നെ 10 ദിവസത്തോളം അവന്റെ ജഡത്തെ വെക്കും, അങ്ങനെ ജഡം കത്തിക്കേണ്ട ദിവസമായാൽ അവന്റെ അടിമസ്ത്രീകളിൽ നിന്ന് തന്റെ യജമാനനോട് കൂടെ പരലോകം പുൽകാൻ തിരഞ്ഞെടുക്കപ്പെടുന്ന അടിമ സ്ത്രീ ധാരാളം വീഞ്ഞ് കുടിച്ചും നൃത്തം ചെയ്തും തയ്യാറാകും. പ്രത്യേകം തയ്യാറാക്കപ്പെട്ട കപ്പലിലെ ഒരു സ്ഥൂപത്തിനുള്ളിലേക്ക് സമ്പന്നമായ വസ്ത്രങ്ങളും ധരിച്ച് പഴങ്ങളും ഭക്ഷണ പാനീയങ്ങളുമായി മദ്യപിച്ച് നൃത്തം ചെയ്ത് നിൽക്കുന്ന സ്ത്രീയെ കപ്പലിൽ പ്രവേശിപ്പിക്കപ്പെടും, മരനാണന്തരചടങ്ങുകൾ ചെയ്യാറുള്ള “മരണ മാലാഖ” എന്ന് വിളിക്കപ്പെടുന്ന സ്ത്രീയും കുറച്ചു പുരുഷന്മാരും ചെന്ന് ആ സ്ത്രീയെ പീഡിപ്പിച്ചു കഴുത്തറുത്ത് കൊല്ലുന്നു, പിന്നീട് ആ കപ്പലിൽ പന്തമെറിഞ് കടലിലേക്ക് തള്ളി വിടുന്നു, പതിയെ പതിയെ കപ്പൽ കത്തിയെരിഞ്ഞു കടലിനോട് ചേരുന്നു”.


തന്റെ ജീവിതത്തിലുടനീളം ഒരു മുസ്‌ലിം കർമശാസ്ത്ര പണ്ഡിതനായ അദ്ദേഹം മധുരവും ഭംഗിയുമുള്ള രചനാ വൈഭവത്തിലൂടെ ഈ ഗ്രന്ഥത്തെ ഒരു അപൂർവ്വ യാത്രാവിവരണം ആക്കിമാറ്റിയത് അദ്ദേഹത്തിന്റെ ഭാഷയിലുള്ള മികവു കൊണ്ടും വളരെ ഉയർന്ന രീതിയിലുള്ള പരിജ്ഞാനം കൊണ്ടും മാത്രമാണ്. തികഞ്ഞ മത ബോധമുള്ള ഒരു പണ്ഡിതൻ ആയതുകൊണ്ട് തന്നെ ഈ യാത്രയിലുടനീളം യഥാർത്ഥ ഇസ്‌ലാമിക വീക്ഷണത്തോട് കൂടിയാണ് അദ്ദേഹം ഓരോ കാര്യങ്ങളും നോക്കി കണ്ടത്. യാത്രയിൽ കണ്ട വൃത്തിഹീനതയെ ഒരു വെറുപ്പോടെയും പുച്ഛത്തോടെയും ആണ് അദ്ദേഹം കണ്ടത്. ഇസ്‌ലാം ശുദ്ധിയുള്ള മതമാണെന്നും ശുദ്ധിയെ പ്രോത്സാഹിപ്പിക്കുന്ന മതമാണെന്നും അദ്ദേഹം പലതവണ ഓർമ്മിപ്പിക്കുന്നു.

സ്ത്രീകൾ പുരുഷന്മാരോട് ഇടകലരുന്നതും കുളത്തിൽ പുരുഷന്മാരും സ്ത്രീകളും നഗ്നരായി കുളിക്കാൻ ഇറങ്ങുന്നതും അദ്ദേഹം വളരെയധികം വെറുപ്പോടെയും കാണുന്നു. പലതവണ ഈയൊരു സ്വഭാവത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നതായും കാണാം. യാത്രയിൽ പലതവണ അദ്ദേഹം കാണുകയും അനുഭവിക്കുകയും ചെയ്ത വിഗ്രഹാരാധനയും മറ്റും നീരസത്തോടെ വീക്ഷിക്കുന്നുമുണ്ട്. സൂക്ഷ്മമായ അദ്ദേഹത്തിന്റെ വിശേഷണങ്ങൾ തികച്ചും വായനക്കാരനെ താൻ വായിക്കുന്ന വരികളെ മനസ്സിൽ വരച്ചു കൊണ്ടുവരാൻ സാധിക്കുന്നു.

അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ വെളിച്ചത്തിൽ പോളിഷ് കലാകാരൻ ഹെൻറി സമിറടസ്കി വരച്ച ഒരു “മരണാനന്തര” ചിത്രം ഇന്നും വളരെ മനോഹരമായി റഷ്യയിലെ അതിപുരാതനമായ ലൻഗ്രാഡ് മ്യൂസിയത്തിൽ കാണാം.


ഇബ്നു ബത്തൂത്ത അടക്കമുള്ള പലരുടെയും ഗ്രന്ഥങ്ങളിൽ കാണാവുന്നത് പോലെ പല ആവിശ്വസനീയമായ കാര്യങ്ങളും അദ്ദേഹം കണ്ടതായി പ്രസ്ഥാവിക്കുന്നുണ്ട്, തന്റെ യാത്രക്കിടയിൽ അന്ത്യ നാളിൽ വരുമെന്ന് കണക്കാക്കപ്പെടുന്ന യഅ്ജൂജ് മഅ്ജൂജിനെ മദ്ധ്യേഷ്യയിലെ ചില പ്രദേശങ്ങളിൽ വെച്ച് കാണാനിടയായെന്ന് അദ്ദേഹം പറയുന്നുണ്ട്. പിന്നീടുള്ള തന്റെ ബാഗ്ദാദിലേക്കുള്ള മടക്കത്തെക്കുറിച്ചും അദ്ദേഹം എഴുതുന്നുണ്ടെങ്കിലും ക്യത്യമായ ശേഷിപ്പുകളോ എഴുത്തുപ്രതികളോ ലഭ്യമല്ല.

തുഫെെൽ ത്രിപ്പനച്ചി

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.