Thelicham

ഇബ്റാഹിം അല്‍ ഖൂലി സമരസപ്പെടാത്ത പ്രബോധകന്‍

കഴിഞ്ഞ മാസാദ്യം വിടപറഞ്ഞ പ്രമുഖ ചിന്തകനും പ്രബോധകനും അറബി ഭാഷാ വിശാരദനുമായ ഇബ്റാഹീം ഖൂലിയെ പറ്റി അറബേതര മീഡിയകള്‍ അറിഞ്ഞിട്ടില്ലായെന്ന് തന്നെ പറയാം. ഏഴ് പതിറ്റാണ്ടോളം സ്വജീവിതം ഗ്രന്ഥരചനയിലും പ്രഭാഷണങ്ങളിലും കഴിച്ച് കൂട്ടിയ ഖൂലിയുടെ ജീവിതചിത്രങ്ങള്‍ പണ്ഡിത വിദ്യാർത്ഥികൾ ഗൃഹപാഠം ചെയ്യേണ്ട അധ്യായങ്ങളാണ്.

പൊള്ളയായ പുരോഗമന ചിന്തകളുടെ മറപിടിച്ച് ലിബറലുകളും സെക്യുലറിസ്റ്റുകളും ഫെമിനിസ്റ്റുകളും വികൃതമാക്കിയ ഇസ്‌ലാമിക കാഴ്ചപ്പാടുകളെ നിരന്തരമായ സംവാദങ്ങളിലൂടെ അദ്ദേഹം പ്രതിരോധിച്ചു. അറബി ഭാഷയോടൊപ്പം സഹസഞ്ചാരം നടത്തിയാണ് തന്റെ അക്കാദമിക രംഗം തുടങ്ങുന്നതെങ്കിലും പിന്നീട് ദഅവാ രംഗത്തേക്ക് സജീവമായി മാറുകയായിരുന്നു.

എതിരാളികളുടെ വാദങ്ങളെ അതി സമർത്ഥമായി ഖണ്ഡിക്കുകയും തന്റെ സമീപനങ്ങളെ കൃത്യമായ തെളിവുകളോടെ സംസ്ഥാപിക്കാനും അദ്ദേഹത്തിന് വേറിട്ട കഴിവുണ്ടായിരുന്നു. പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വഴങ്ങാത്ത വേറിട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. വിമര്‍ശിക്കുമ്പോള്‍ മുഖം നോക്കാതെ സത്യത്തിനായി മാത്രം നിലകൊണ്ടു.

ജനനം, പഠനം.

1929- ല്‍ ഈജിപ്തിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ജനനം. നന്നെ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ദസൂഖിലെയും ത്വന്‍തയിലെയും അസ്ഹര്‍ പ്രൈമറി, സെക്കണ്ടറി മദ്റസകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം കൈറോയിലെ കുല്ലിയതു ലുഗത്തില്‍ അറബിയ്യയില്‍ ചേരുകയും അവിടെ നിന്ന് ഡിഗ്രിയും പി.ജിയും പി.എച്ച്.ഡിയും പൂര്‍ത്തിയാക്കുകയും ചെയ്തു. അനന്തരം കുല്ലിയതു ലുഗയില്‍ തന്നെ വിവിധ തസ്തികകളില്‍ ജോലി ചെയ്തിട്ടുണ്ട്.

അറബി സാഹിത്യവും ഖുര്‍ആനിന്റെ അമാനുഷികതയും ഇസ്ലാമിന്റെ അജയ്യതയുമായിരുന്ന അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങള്‍. തന്റെ കൃതികളും പ്രഭാഷണങ്ങളും സംവാദങ്ങളും നീക്കിവെച്ചത് ഈ മൂന്ന് വിഷയങ്ങളെ സമർത്ഥിക്കാനും സ്ഥാപിക്കാനും വേണ്ടിയായിരുന്നു. അസത്യത്തോട് രാജിയാകാത്ത അദ്ദേഹത്തിന്റെ ആത്മധൈര്യം ഏറെ അത്ഭുതപ്പെടുത്തുന്നതാണ്.

വിമര്‍ശന സ്വരങ്ങള്‍ തടവറകളിലേക്കെത്തിക്കുന്ന കുറുക്കുവഴികളാണെന്നറിഞ്ഞിട്ടും അറബ് ഭരണകൂടങ്ങളെയും പണ്ഡിതരെയും വിമര്‍ശിക്കാന്‍ അദ്ദേഹം മടിച്ചില്ല. സംവാദ വേദികളില്‍ ഗർജിക്കുന്ന സിംഹത്തെപ്പോലെ രോഷാകുലനാകുന്ന ഇബ്റാഹിം ഖൂലിയെ നമുക്ക് കാണാന്‍ കഴിയും. ഇസ്‌ലാം വിരുദ്ധ ലിബറലുകളെയും സോകോള്‍ഡ് സെക്യുലറുകളെയും അദ്ദേഹം കൃത്യമായി വിമർശിച്ചു. ശക്തമായ വാദങ്ങളോടെ അവരുടെ ന്യായങ്ങളെ തിരുത്താനും ഇസ്‌ലാമിന്റെ സൗന്ദര്യത്തെ അവര്‍ക്ക് പകര്‍ന്ന് കൊടുക്കാനും അദ്ദേഹത്തിനായി.

ലിബറലുകള്‍ക്ക് ഏറെ ശ്രോതാക്കളും വായനക്കാരുമുള്ള ഈജിപ്‌തില്‍ നിന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടങ്ങളധികവും. തെളിവുകള്‍ സ്ഥാപിക്കുമ്പോള്‍ ഖുര്‍ആനും ഹദീസും മാത്രമല്ല പടിഞ്ഞാറന്‍ ചിന്തകന്മാരുടെ തന്നെ അഭിപ്രായങ്ങളും ഇതര മതഗ്രന്ഥങ്ങളിലെ തത്വങ്ങളും അധ്യാപനങ്ങളും അദ്ദേഹം നിഷ്പ്രയാസം ഉദ്ധരിക്കുമായിരുന്നു. വശ്യമായ ഭാഷാ ശുദ്ധിയോടെയുള്ള അവതരണത്തില്‍ എതിരാളികള്‍ക്ക് പോലും നല്ല മതിപ്പായിരുന്നു.

അല്‍ജസീറ ചാനലിലെ ജനപ്രിയ പ്രോഗ്രാമായിരുന്ന പ്രമുഖ സിറിയന്‍ അവതാരകന്‍ ഫൈസല്‍ ഖാസിം നടത്തിയിരുന്ന അല്‍ ഇത്തിജാഹുല്‍ മുആകിസില്‍ ഇബ്റാഹിം ഖുലിയുടെ വിവധ സന്ദര്‍ഭങ്ങളിലെ സംവാദങ്ങളുണ്ട്. ഈജ്പിതിലെ പ്രമുഖ സെക്യുലര്‍ ചിന്തകനും എഴുത്തുകാരനുമായ ഖാലിദ് മുന്‍തസിര്‍, ഈജ്പിതിലെ തന്നെ നോവലിസ്റ്റും ഫെമിനിസ്റ്റുമായ ഇഖ്ബാല്‍ ബറക, നിരീശ്വരവാദിയും ഗ്രന്ഥകാരിയുമായ വഫാ സുല്‍ത്വാന്‍, സെക്യുലറിസ്റ്റ് നബീല്‍ ഫയ്യാദ്, തുടങ്ങിയവര്‍ ഖൂലിയോട് സംവദിച്ചവരില്‍ പ്രമുഖരാണ്.

സംസ്കാരിക സംഘട്ടനം, മത സംവാദം, സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം, മനുഷ്യവാവകാശവും ഇസ്ലാമും, തുടങ്ങി പല പണ്ഡിതരും കൈകാര്യം ചെയ്യാന്‍ മടിച്ച വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ മുഖമായി ഉജ്വലമായി വ്യക്തതയോടെ സംസാരിക്കാന്‍ അദ്ദേഹത്തിനായി. സത്യം വിളിച്ച് പറയാന്‍ അദ്ദേഹം ആരെയും കാത്ത് നിന്നില്ല.

ജനസംഖ്യാ വര്‍ധനവാണ് ഈജിപ്ത് പോലോത്ത അറബ് രാജ്യങ്ങളില്‍ വികസനതടസ്സമെന്ന ഇഖ്ബാല്‍ ബറകയുടെ വാദത്തിന് മറുപടി പറയവെ ഭരണകൂടങ്ങള്‍ കാണിക്കുന്ന തികഞ്ഞ അലംഭാവത്തെയും അവഗണനയെയും നിശിതമായി വിമര്‍ശിക്കുകുയും രാഷ്ട്ര സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി വികസനം യാഥാര്‍ഥ്യമാക്കേണ്ടതിന് പകരം കുറ്റങ്ങളൊക്കെ ജനങ്ങള്‍ക്ക് മേല്‍ സ്ഥാപിക്കുന്ന പതിവ് ശൈലിയെ ജപ്പാന്‍ കൈവരിച്ച അഭൂത പൂര്‍വമായ നേട്ടങ്ങളുടെ പട്ടിക നിരത്തി അദ്ദേഹം പ്രതിരോധിക്കുകയുണ്ടായി. മാത്രമല്ല ഹുസ്നി മുബാറക് തന്നെ ജപ്പാന്‍ സന്ദര്‍ശനാനന്തരം ജനസംഖ്യാ വര്‍ധനവ് അനുഗ്രഹമാണെന്ന് പറഞ്ഞത് ഞാന്‍ നേരിട്ട് കേട്ടിട്ടുണ്ടെന്ന ഖൂലിയുടെ സാക്ഷ്യത്തോടെ ഇഖ്ബാല്‍ ബറക സംവാദ വേദിയിലാകെ മാനം കെട്ടിരുന്നു.

കിട്ടുന്ന വേദികളിലൊക്കെ ഇസ്‌ലാമിനെ വിമര്‍ശിക്കുന്നവരുടെ പേടി സ്വപ്നമായിരുന്നു അദ്ദേഹം. തന്റെ ആഴത്തിലുളള നിരീക്ഷണങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും മുമ്പില്‍ എതിരാളികള്‍ നിഷ്പ്രഭമാകുന്ന അനേകം സന്ദര്‍ഭങ്ങള്‍ നമുക്ക് കാണാനാകും. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഇസ്‌ലാമിനെ വിശദീകരിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്ന ഇഖ്‌വാന്‍ വ്യാഖ്യാനങ്ങളെയും പരസ്യമായി തന്നെ ഖൂലി തള്ളിപ്പറഞ്ഞു.

വിശ്വസമാധാനത്തിന് സെക്യുലറിസ്റ്റുകള്‍ സെക്യുലറിസത്തെ എഴുന്നള്ളിക്കുന്ന അതേ ശൈലിയില്‍ തന്നെ ഇസ്‌ലാമിനെ ആവിഷ്കരിക്കുന്ന ഇഖ്‌വാന്‍ രീതി ശാസ്ത്രത്തെ ഖണ്ഡിക്കാനദ്ദേഹം തയ്യാറായി. ഈജിപ്തിലെ ജനകീയ വിപ്ലവത്തെ ഇഖ്‌വാന്‍ തട്ടിയെടുക്കുകയായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.

മുര്‍സി ഈജിപ്ഷ്യന്‍ ജനതക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പ്രസിഡണ്ടായിരുന്നുവെന്നും നിര്‍ബന്ധിത തെരഞ്ഞെടുപ്പായിരുന്നുവെന്നുമാണ് അദ്ദേഹം നിരീക്ഷിച്ചത്. മത സംവാദ വേദികളില്‍ ഇസ്‌ലാമിനോടൊപ്പം തന്നെ ജൂതായിസവും ക്രിസ്ത്യാനിസവും സമീകരിക്കുന്നതിന്റെ ഭാഗമായി സെമിറ്റിക് മതങ്ങളെന്ന അല്ലെങ്കില്‍ ആകാശത്തില്‍ നിന്ന് അവതീര്‍ണമായ വെളിപാടുകളെന്ന പേരില്‍ പരിചയപ്പെടുത്തന്നതിനെ അദ്ദേഹം നിശിതം എതിര്‍ത്തു. ഇസ്‌ലാമേതര മതങ്ങളും ശരിയാണെന്ന് ദ്യോതിപ്പിക്കുന്ന ഇത്തരം സങ്കേതങ്ങള്‍ അപകടം ക്ഷണിച്ച് വരുത്തുമെന്നും വിശ്വാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നുമായിരുന്നു അദ്ദേഹം കാരണമായി പറഞ്ഞത്.

മുസ്‌ലിം ലോകത്ത് നടക്കുന്ന ആഭ്യന്തര പ്രശ്നങ്ങളുടെയൊക്കെ പിന്നില്‍ ശാഖാപരമായ വിഷയങ്ങളിലെ കടുംപിടുത്തവും അനാവശ്യ തര്‍ക്കങ്ങളുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. നിരന്തരം തന്റെ പ്രഭാഷണങ്ങളിലൂടെ അനൈക്യത്തിന്റെ അപകടത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചു. ഉമ്മത്തിന്റെ ഉയിര്‍പ്പിന് ഇത്തരം ആത്മാവില്ലാ തര്‍ക്കങ്ങളില്‍ നിന്ന് മാറിനില്‍ക്കലല്ലാതെ പരിഹാരമില്ലെന്ന് ഉറച്ച് വിശ്വസിച്ചു.

ഫലസ്തീന്‍ വിഷയങ്ങളിലൊക്കെ ശക്തമായ നിലപാടെടുക്കാന്‍ അദ്ദേഹം മടിച്ചില്ല. അദ്ദേഹത്തിന്റെ ഫലസ്തീനു വേണ്ടിയുള്ള ശക്തമായ നിലപാടിന്റെ നേര്‍സാക്ഷ്യമായിരുന്നു ശൈഖുല്‍ അസ്ഹര്‍ ത്വന്‍താവിയുടെ നിലപാടുകളെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ചതും തദ്ഫലമായി അച്ചടക്ക നടപടി നേരിടേണ്ടി വന്ന് അസ്ഹറില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നതും.

സംഭവത്തിന്റെ ചുരുക്കമിങ്ങനെ വായിക്കാം, 1997- ല്‍ ഈജ്പിത് സന്ദര്‍ശിച്ച ജൂത റബ്ബിയടങ്ങുന്ന ഇസ്രായേല്‍ പ്രതിനിധി സംഘത്തെ അന്നത്തെ ശൈഖുല്‍ അസ്ഹറായിരുന്ന സയ്യിദ് ത്വന്‍ത്വാവി സ്വീകരിക്കുകയുണ്ടായി, തുടര്‍ന്ന് ഈ സംഭവം അന്ന് മുസ്‌ലിം ലോകത്തും വിശിഷ്യ അസ്ഹറിലും വളരെ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും അസ്ഹറിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ വിളിച്ച് വരുത്തുകയും ചെയ്തു, വിമര്‍ശകരില്‍ ഇബ്റാഹിം ഖൂലിയുമുണ്ടായിരുന്നു. ശൈഖുല്‍ അസ്ഹറിനെ വിമര്‍ശിച്ചതോടെ അസ്ഹറില്‍ നിന്ന് അച്ചടക്ക നടപടി നേരിടുകയും പുറത്താക്കപ്പെടുകയും ചെയ്തു.

നേരത്തെ തന്നെ ശൈഖുല്‍ അസ്ഹറിന്റെ പല നടപടികളോടും നിലപാടുകളോടും കലഹിച്ചിരുന്ന അസ്ഹര്‍ പണ്ഡിത മുന്നണിയില്‍ അംഗമായിരുന്ന ഖൂലി രൂക്ഷമായി തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ചതോടെയാണ് പുറത്താക്കല്‍ നടപടി നേരിടുന്നത്. മശീഖതുല്‍ അസ്ഹറിന് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്ന ഈ മുന്നണി പിന്നീട് പിരിച്ച് വിടുകയുണ്ടായി. അബ്ദുല്‍ ഹലീം മഹ്മൂദടക്കമുളള പല പ്രമുഖരും ഈ മുന്നണിയില്‍ അംഗമായിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്.

ശൈഖുല്‍ അസ്ഹറായിരുന്ന സയ്യിദ് ത്വന്‍ത്വാവിയുടെ പല നിലപാടുകളെയും പരസ്യമായി എതിര്‍ക്കുകയും ബദല്‍ ഫത്‌വകളുമായി രംഗത്ത് വരികയും ചെയ്തിരുന്നു ഈ മുന്നണി. സ്ത്രീകളുടെ ചേലാകര്‍മ്മം, ബാങ്ക് നിക്ഷേപങ്ങളിലെ പലിശ, ഫലസ്തീന്‍ പോലോത്ത നാടുകളില്‍ നടക്കുന്ന അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലെ ചാവേറാക്രമണം തുടങ്ങിയ വിഷയങ്ങളില്‍ അന്നത്തെ ശൈഖുല്‍ അസ്ഹറിന്റെ നിലപാടുകളില്‍ നിന്ന് ഏറെ ഭിന്നമായിരുന്നു മുന്നണിയുടെ വീക്ഷണങ്ങള്‍. അക്കാരണത്താല്‍ അവര്‍ക്ക് മേല്‍ തന്നെ രാഷ്ട്രീയ സമ്മര്‍ദങ്ങളും അസ്ഹറിന്റെ വിമര്‍ശനങ്ങളും പതിവായിരുന്നു. ഈ കലഹങ്ങള്‍ ചെന്നെത്തിയത് മുന്നണിയെ പിരിച്ച് വിടുന്നതിലേക്കായിരുന്നു.

വൈജ്ഞാനിക അടയാളങ്ങള്‍

ഏറെ കനപ്പെട്ട രചനകള്‍ ബാക്കി വെച്ചാണ് അദ്ദേഹം വിടവാങ്ങിയത്. സര്‍വ രചനകളിലും സ്വതസിദ്ധമായ തന്റെ അറബി ഭാഷയിലെ അപാരമായ കഴിവ് പ്രകടമായി കാണാനാകും. രചനകള്‍ക്ക് പുറമെ അനേകം സെമിനാറുകളിലും സിമ്പോസിയങ്ങളിലും ദേശീയ അന്തര്‍ദേശീയ വേദികളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. അധ്യാപകനായി പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദ് യൂനിവേഴ്സിറ്റിയിലും ജോലി അനുഷ്ഠിച്ചിട്ടുണ്ട്. യുനെസ്കോയുടെ പാരീസ് ആസ്ഥാനത്ത് വെച്ച് മനുഷ്യാവകാശങ്ങളുടെ ഇസ്‌ലാമിക മാനിഫെസ്റ്റോ പുറത്തിറക്കിയിരുന്നു.

പ്രധാന രചനകള്‍
അസ്സുന്നത്തു ബയാനന്‍ ലില്‍ ഖുര്‍ആന്‍
അത്തഅ്റീദ് ഫില്‍ ഖുര്‍ആനില്‍ കരീം
അത്തക്റാറു ബലാഗതുന്‍
മന്‍ഹജുല്‍ ഇസ്ലാം ഫില്‍ ഹയാതി മിനല്‍ കിതാബി വസ്സുന്ന

സിബ്ഗതുല്ല ഹുദവി

എഴുത്തുകാരനും, വിവര്‍ത്തകനുമായ സിബ്ഗതുല്ല ഹുദവി നിലവില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അറബ് സാഹിത്യങ്ങളിലെ താരതമ്യ പഠനത്തില്‍ പിഎച്ച്ഡി വിദ്യാർത്ഥിയാണ്. അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ സാഹിത്യനിരൂപണത്തില്‍ പിജി കരസ്ഥമാക്കിയ അദ്ദേഹം മേല്‍വിലാസം നഷ്ടപ്പെട്ടവര്‍, ദീപ്തവിചാരങ്ങള്‍ തുടങ്ങിയ പുസ്തകങ്ങൾ അറബിയിലേക്ക് തര്‍ജ്ജമ നിര്‍വ്വഹിച്ചിട്ടുണ്ട്. മജല്ലത്ത് ബയാനു സഊദ്, മജല്ലത് റാബിത, മജല്ലത് ഹിറ, അൽ വഅ് യുൽ ഇസ് ലാമി തുടങ്ങിയ പ്രമുഖ മാഗസിനുകളില്‍ കോളമിസ്റ്റു കൂടിയാണ് അദ്ദേഹം.

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.