നീണ്ട ചരിത്രവും ബഹുലമായ സാംസ്‌കാരിക പാരമ്പര്യവുമുണ്ടെങ്കിലും മധ്യപൗരസ്ത്യദേശത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ അധികവും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കേന്ദ്രീകരിച്ചാണുള്ളത്. സ്വന്തമായ ധൈഷണികാടിത്തറയും സിദ്ധാന്തങ്ങളുമുണ്ടായിരിക്കെതന്നെ പരസ്പരം ബന്ധപ്പെട്ടു കിടക്കുകയും പുഷ്‌കലമാകുകയും ചെയ്യുന്ന രണ്ട് വൈജ്ഞാനികമേഖലകളാണിന്ന് ഇസ്‌ലാം പഠനവും മധ്യപൗരസ്ത്യ പഠനവും.
ഭൗമരാഷ്ട്രീയത്തി(Geo-Politics)ലും ആഗോള അധികാര വ്യവസ്ഥയിലും ഗതാഗത സൗകര്യങ്ങളിലും ഉണ്ടായ പുതിയ മാറ്റങ്ങളുടെയടിസ്ഥാനത്തില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടായി ഈ രണ്ട് പഠനമേഖലകളിലുണ്ടായ പുതിയ പ്രവണതകളെ അപഗ്രഥിക്കാനുള്ള ഒരു ശ്രമമാണിത്. ഇസ്‌ലാം പഠനത്തിന്റെ ഗതി നിര്‍ണയിച്ച വിവിധ രാഷ്ട്രീയ സാഹചര്യങ്ങളെയും മധ്യപൗരസ്ത്യ ദേശത്തെക്കുറിച്ച് ചരിത്രപരമായി രൂപപ്പെട്ടുവന്ന ആലോചനങ്ങളെയും ഇതോടൊപ്പം ആമുഖായി വിലയിരുത്തിയിട്ടുണ്ട്.
മധ്യപൗരസ്ത്യം എന്ന ദേശം
അടിസ്ഥാനപരമായി മധ്യപൗരസ്ത്യ ദേശം എന്നത് ഒരു യൂറോപ്യന്‍ ഭാവനയാണ്. പുരോഗതി പ്രാപിച്ചതും സര്‍വരെക്കാളും മികച്ചതും വംശീയമായി മുന്നാക്കം നില്‍ക്കുന്നതുമായ ഒരു ദേശമായി തങ്ങളെ സങ്കല്‍പിക്കാന്‍ യൂറോപിനെ സംബന്ധിച്ചിടത്തോളം അത്തരമൊരു ഭാവന അത്യാവശ്യമായിരുന്നു.
ജസീറത്തുല്‍ അറബ്, മശ്‌രിക്, മഗ്‌രിബ്, ഉമ്മത്ത്, ദാറുല്‍ ഇസ്‌ലാം എന്നിങ്ങനെയുള്ള സംജ്ഞകളുപയോഗിച്ച് അറബികള്‍ തങ്ങളെക്കുറിച്ച് ഭാവന ചെയ്യുകയും എഴുതുകയും ചെയ്തിരുന്നെങ്കിലും മധ്യപൗരസ്ത്യം എന്ന പ്രയോഗം അവരെ പരിചയപ്പെടുത്തിയപ്പെടുത്താന്‍ ആദ്യമുപയോഗിച്ചത് യൂറോപ്പാണ്.
അശ്ശര്‍ഖുല്‍ ഔസത് എന്ന സൗദി പത്രത്തിലടക്കം ഇന്നീ സംജ്ഞ സര്‍വ സാധാരണമാണ്. പൗരസ്ത്യദേശത്ത് സ്ഥിതിചെയ്യുന്ന ബ്രിട്ടീഷ് കോളനിയുമായി യൂറോപ്പിനെ ബന്ധിപ്പിക്കുന്ന നാട് എന്ന അര്‍ഥത്തിലാണ് മധ്യപൗരസ്ത്യം എന്ന സംജ്ഞ രൂപപ്പെടുന്നത്. പരിഷ്‌കരിക്കപ്പെടേണ്ട, അമിത ലൈംഗീകാസക്തി നിറഞ്ഞ, ക്രൂരരും അക്രമികളുമായ, ചുറ്റും മതപരത മുറ്റിനില്‍ക്കുന്ന ഒരു ദേശത്തെ സൂചിപ്പിക്കാനുള്ള പദമായി പിന്നീടത് യൂറോപ്യന്‍ ഭാവനയില്‍ വികസിച്ചുവന്നു.

വിവിധ കാലങ്ങളിലായി പേര്‍ഷ്യന്‍, ഫെനീഷ്യന്‍, ഗ്രീക്ക്, റോമന്‍, ബൈസന്റൈന്‍, അറേബ്യന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, സ്‌പൈന്‍, ഇറ്റാലിയന്‍, ഒട്ടോമന്‍ എന്നിവയടക്കമുള്ള വ്യത്യസ്ത സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു മധ്യപൗരസ്ത്യ ദേശം. രണ്ട് സാമ്രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ഥി ദേശമായിട്ടായിരുന്നു മധ്യപൗരസ്ത്യ നാടുകളുടെ ചരിത്രത്തിലുള്ള സ്ഥാനം അധികവും എന്നതിനാല്‍തന്നെ സംഘട്ടനങ്ങളും യുദ്ധങ്ങളും ഇവിടെയും ബാല്‍കന്‍ ദേശങ്ങളിലും പതിവായിരുന്നു.
ഒരു യൂറോപ്പ്യന്‍ ഭാവനയില്‍ പിറന്ന ദേശമായതിനാല്‍തന്നെ ഒരിക്കലുമതിന് അവരുടെ മേത്തരമായ സമയഭാവനയില്‍നിന്ന് പുറത്തുകടക്കാനായിരുന്നില്ല. കാലാനുസൃതമായി പുരോഗതി പ്രാപിക്കുകയും ജ്ഞാനോദയം സംഭവിക്കുകയും പരിഷ്‌കൃത സമൂഹമായി മാറുകയും ചെയ്തവരാണ് തങ്ങളെന്ന് സ്വയം കല്‍പിച്ച യൂറോപ്യരെ സംബന്ധിച്ചിടത്തോളം മധ്യപൗരസ്ത്യര്‍ കാലാനുസൃതമായ പുരോഗതി പ്രാപിച്ചിട്ടില്ലാത്താവരായിരുന്നു (Intemporality).
അതുകൊണ്ടുതന്നെ, അവരുടെ ചരിത്രമെഴുതിയ യൂറോപ്യര്‍ക്ക് ഗ്രീക്ക് സാംസ്‌കാരികതക്കും മധ്യകാലത്തിനുമപ്പുറമുള്ള മെഡിറ്ററേനീയന്‍ തീരങ്ങളുടെ ഒരു ചരിത്രത്തെ സങ്കല്‍പിക്കാനായില്ല.
യൂറോപ്പും മധ്യപൗരസ്ത്യ ദേശവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പടിഞ്ഞാറില്‍ നിലവിലുള്ള ഭാവന അഭയാര്‍ഥി പ്രശ്‌നവും ദേശസുരക്ഷയുമായി ബന്ധപ്പെട്ടുള്ളതാണ്. അഥവാ, തങ്ങളുടെ അധീശത്വം സ്ഥാപിച്ചെടുക്കുകയും അതുമുഖേന മറ്റുള്ള അപരിഷ്‌കൃത ജനതയെ പരിഷ്‌കരിച്ചെടുക്കാനുള്ള ഉത്തവാദിത്വം തങ്ങളുടേതാണെന്ന് ചമഞ്ഞ് അവരുടെ ദേശങ്ങള്‍ വെട്ടിപ്പിടിക്കുകയും കോളനിവല്‍കരിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ഹീനവൃത്തിയുടെ ഭാഗമായിട്ടാണ് ഇന്നും യൂറോപ്യര്‍ മധ്യപൗരസ്ത്യ ദേശത്തെ കാണുന്നതെന്നര്‍ഥം.
പ്രമുഖ നരവംശശാസ്ത്രജ്ഞനായ ജോഹന്നാസ് ഫാബിയന്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ടൈം ആന്റ് ദി അദറി(1983)ല്‍ സമാനമായ നിരീക്ഷണം പങ്കുവച്ചതായി കാണാനാവും.
ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയും സില്‍ക്ക് റൂട്ടിലൂടെയുമുള്ള കച്ചവട ബന്ധങ്ങള്‍ സജീവമായി നിലനിന്നതിനാലാവണം, മധ്യപൗരസ്ത്യദേശത്ത് ഭാഷാപരവും വംശീയവും സാംസ്‌കാരികവും സാമൂഹികവുമായ നിരവധി വൈവിധ്യങ്ങള്‍ കാണാനാവും.
പ്രമുഖ അമേരിക്കന്‍ നരവംശശാസ്ത്രജ്ഞനായ കാറല്‍ട്ടണ്‍ എസ്. കൂണ്‍ മധ്യപൗരസ്ത്യദേശത്തെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന അനവധി വൈവിധ്യങ്ങളടങ്ങിയ ഒരിടമായിട്ടാണ്(Kaleidoscope) കാണുന്നത്.
വിവിധ ദേശക്കാര്‍ക്കിടയിലെ പ്രധാന മാധ്യമമെന്ന നിലക്ക് അറബി, പേര്‍ഷ്യന്‍, തുര്‍ക്കിഷ് ഭാഷകള്‍ സജീവമാവുകയും അവിടങ്ങളിലെ ഉള്‍ദേശ ഭാഷകളായ ബര്‍ബര്‍, കുര്‍ദിഷ് പോലോത്തവക്ക് പ്രചാരം നഷ്ടപ്പെടുകയുമുണ്ടായതായിട്ട് ചരിത്രത്തില്‍ കാണാനാവും. ഇരുപതാം നൂറ്റാണ്ടു വരേക്കും ബര്‍ബര്‍, ഹൗസ, സ്വാഹിലി, മലായ്, ജാവനീസ് അടക്കം ഏഷ്യയിലെയും ആഫ്രിക്കയിലെയും പല ഭാഷകളും അറബി ലിബിയിലെഴുത്തപ്പെട്ടത് ഇത്തരം ബന്ധങ്ങളുടെ സ്വാധീനത്തിലായിരുന്നു.
ഇസ്‌ലാം പഠനങ്ങള്‍
കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലായുള്ള രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവും അക്കാദമികവുമായ വ്യവഹാരങ്ങളിലധികവും മധ്യപൗരസ്ത്യദേശത്തെ ഇസ്‌ലാമിനോട് ചേര്‍ത്തുകെട്ടിയാണ് മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. ഔന്നിത്യം പ്രാപിച്ച പാശ്ചാത്യനഗരികതക്കു മുമ്പില്‍ ഇസ്‌ലാമിനെ ഒരു ഭീഷണിയായി അവതരിപ്പിക്കുന്ന, 1993 ല്‍ സാമുവല്‍ പി. ഹണ്ടിങ്ടണ്‍ രചിച്ച ‘ക്ലാഷ് ഓഫ് സിവിലൈസേഷന്‍'(പിന്നീട് 1996 ല്‍ അദ്ദേഹമത് ഒരു പുസ്തകമായി വികസിപ്പിച്ചു) എന്ന ലേഖനത്തിന് ഇത്തരമൊരു ആഖ്യാനത്തെ സാധ്യമാക്കിയതില്‍ നിര്‍ണായകമായ പങ്കുണ്ട്.

വിവിധങ്ങളായ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് പാശ്ചാത്യലോകത്ത് വ്യത്യസ്ത സമയങ്ങളില്‍ ഇസ്‌ലാം എന്ന പഠനമേഖല സമീപിക്കപ്പെട്ടിരുന്നത്. പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളില്‍, മധ്യപൗരസ്ത്യദേശത്തെ സംബന്ധിച്ച അന്വേഷണങ്ങളധികവും ബൈബിളിന്റെ സമഗ്രമായ അപഗ്രഥനവും ശാസ്ത്രത്തിലും ചരിത്രത്തിലുമുള്ള പുതിയ അറിവുകളും മുന്നില്‍കണ്ടായിരുന്നു നടത്തപ്പെട്ടിരുന്നത്. ഇതിന് സഹായകമായേക്കുമെന്നതിനാലായിരിക്കണം, അവരുടെ അന്വേഷണങ്ങള്‍ അവിടങ്ങളിലെ ക്ലാസിക്കല്‍ ഗ്രന്ഥങ്ങളിലും ഭാഷകളിലും ഊന്നിയുള്ളതായിരുന്നു.
പാശ്ചാത്യ കോളനിവല്‍കരണം ആരംഭിച്ചതോടെയാണ് ഇസ്‌ലാം പഠനം അധികാര സംവിധാനങ്ങളുടെ ഭാഗമായിത്തുടങ്ങിയത്. മധ്യപൗരസ്ത്യദേശമടക്കമുള്ള മുസ്‌ലിം നാടുകളില്‍ സുഖമമായ ഭരണനിര്‍വഹണം സാധ്യമാക്കാന്‍ ഇത്തരം പഠനങ്ങള്‍ കൂടാതെ കഴിയില്ലായിരുന്നു. സ്വാഭാവികമായും, കോളനിവല്‍കരണമവസാനിച്ചതോടെ ഇസ്‌ലാം പഠനത്തിന് സാഹിത്യത്തെയോ ചരിത്രത്തെയോ പോലെ ജനതാല്‍പര്യമുള്ള ഒരു പഠനമേഖലയായി തുടരാനായില്ല.
പിന്നീട് 1980 കളുടെ അവസാനത്തോടെയാണ് ഇസ്‌ലാം പഠനം വീണ്ടും സജ്ജീവമായിത്തുടങ്ങിയത്. അതിന് വിവിധങ്ങളായ കാരണങ്ങളുണ്ട്. ഒന്നാമതായി, പാശ്ചാത്യ സാമ്പത്തിക വ്യവസ്ഥ വലിയൊരളവില്‍ മധ്യപൗരസ്ത്യദേശത്തെ മുസ്‌ലിം രാഷ്ട്രങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന എണ്ണയെ ഉപജീവിച്ചുള്ളതായി മാറി എന്നതാണ്.
ഈ മധ്യപൗരസ്ത്യ ദേശങ്ങളില്‍ ജീവിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം എന്നത് അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. രണ്ടാമതായി, മധ്യപൗരസ്ത്യ നാടുകളില്‍നിന്ന് യൂറോപ്പിലേക്കും ഉത്തരാമേരിക്കയിലേക്കുമായി വലിയ അളവിലുള്ള കുടിയേറ്റം നടന്നിട്ടുണ്ടായിരുന്നു എന്നതാണ്.
ഇത്തരത്തില്‍ കുടിയേറിപ്പാര്‍ത്തവര്‍ തങ്ങളുടെ മുസ്‌ലിം സ്വത്വം പരോക്ഷമായി കാത്തുസൂക്ഷിക്കുകയും, അതേ സമയം രാഷ്ട്രീയവിധഗ്ദര്‍ രാഷ്ട്രസുരക്ഷക്ക് ഭീഷണിയായി അവരെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
മൂന്നാമതായി, 2001 സെപ്റ്റംബര്‍ പതിനൊന്നിന് ന്യൂയോര്‍ക്കിലുണ്ടായ അക്രമസംഭവങ്ങളെത്തുടര്‍ന്ന് അമേരിക്ക ഭീകരവാദത്തിനെതിരെ യുദ്ധം (War on Terror) പ്രഖ്യാപിക്കുകയും ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളില്‍ പോരിനിറങ്ങുകയും ചെയ്തതാണ്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച ബൃഹത്തായ വിവരങ്ങള്‍ സ്വഭാവികമായും അവര്‍ക്കിതോടനുബന്ധിച്ച് ആവശ്യമായിരുന്നു.

ലോകത്തിനൊട്ടാകെ ഭീഷണിയാവുംവിധത്തില്‍ ഭീകരവാദമുല്‍പാദിപ്പിക്കുന്ന മധ്യപൗരസ്ത്യദേശത്തെ പരിഷ്‌കൃതരാക്കേണ്ട ചുമതല ചമഞ്ഞുകൊണ്ടാണ് അമേരിക്ക ഇത്തരം അധിനിവേശ പ്രവൃത്തികള്‍ ചെയ്തതെന്ന് ഇതോട് ചേര്‍ത്തുവായിക്കാന്‍ മറക്കരുത്. 2011 മുതലുണ്ടായ അറബ് വസന്തത്തിലൂടെ അവിടങ്ങളിലെ ഇസ്‌ലാമിക് ആക്ടിവിസ്റ്റുകള്‍ ആഗോള മാധ്യമശ്രദ്ധ നേടിയതും ഇസ്‌ലാം പഠനത്തിന് മതിയായ പ്രാധാന്യം ലഭിക്കാന്‍ കാരണമായിട്ടുണ്ട്.
ഇസ്‌ലാമിനെ സംബന്ധിച്ച അന്വേഷണങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി പാശ്ചാത്യ ലോകത്തവക്ക് വലിയ ഗ്രാന്റുകളും ഫെല്ലോഷിപ്പുകളും അനുവദിക്കപ്പെട്ടു. ഇത്തരത്തില്‍ വന്ന പഠനങ്ങളധികവും പാശ്ചാത്യരുടെ വംശീയ ഔന്നിത്യബോധത്തെ ഊട്ടിയുറപ്പിക്കാനും മുന്‍കാല കൊളോണിയല്‍ ഭാവനകളെ പുതിയ രൂപത്തില്‍ അവതരിപ്പിക്കാനും സഹായിക്കുന്നതായിരുന്നു.
മധ്യപൗരസ്ത്യദേശത്തെയും ഇസ്‌ലാമിനെയും കുറിച്ചുള്ള പാശ്ചാത്യ ആഖ്യാനങ്ങളില്‍ ഉള്ളടങ്ങിയ ഇത്തരം അക്രമങ്ങളെ(Violence)യും അധികാരത്തെ (Power) യും മികച്ചൊരു വിമര്‍ശനപദ്ധതിയുടെ അടിസ്ഥാനത്തില്‍ തുറന്നുകാട്ടിയത് എഡ്വേര്‍ഡ് സൈദിന്റെ ഒറിയന്റലിസ(1978)മാണ്. പിന്നീടദ്ദേഹം രൂപം നല്‍കിയ കവറിംഗ് ഇസ്‌ലാമും (1981) കള്‍ച്ചര്‍ ആന്റ് ഇംപീരിയലിസവും(1993) മികച്ച പണ്ഡിത ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

വാര്‍ ഓണ്‍ ടെറര്‍ പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ മുസ്‌ലിം പക്ഷം ചേര്‍ന്നുള്ള എഴുത്തുകള്‍ പാശ്ചാത്യലോകത്ത് ശക്തമായ വിമര്‍ശനങ്ങള്‍ക്കിരയാവുകയും അവയുടെ കര്‍ത്താക്കള്‍ ഇസ്‌ലാം എന്ന വലിയ ഭീഷണിയെ ചുരുക്കിയവതരിപ്പിക്കുന്ന ഭീകരവാദ പ്രവര്‍ത്തകരാണെന്ന് ആരോപിക്കപ്പെടുക വരെയുമുണ്ടായി.
മധ്യപൗരസ്ത്യ ദേശത്തെയും മുസ്‌ലിം ലോകത്തെയും സംബന്ധിച്ച ചര്‍ച്ചകള്‍ ഇസ്‌ലാമിലേക്ക് മാത്രമായി ചുരുങ്ങിയത് ഇസ്‌ലാം പഠനത്തിന്റെ വിശാലമായ സാധ്യതയെ ചുരുക്കിക്കെട്ടിയെന്ന് നെതര്‍ലെന്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഇന്‍ മൊറോക്കോ മേധാവിയായ ലിയോണ്‍ ബുസ്‌കെന്‍സ് നിരീക്ഷിക്കുന്നുണ്ട്.
നെതര്‍ലെന്റസിലടക്കമുള്ള മിക്ക യൂറോപ്പ്യന്‍ യൂണിവേര്‍സിറ്റികളിലും അറബി ഭാഷ എന്നത് ഇസ്‌ലാമിനെ പഠിക്കാനുള്ള മാധ്യമമായി മാറുകയും അറബിക് വിഭാഗം ഇസ്‌ലാം പഠന വിഭാഗമായി പുനര്‍നാമകരണം ചെയ്യപ്പെടുകയും ഭാഷാപഠന വക്കുപ്പില്‍നിന്ന് അതിനെ മതപഠന വകുപ്പിലേക്ക് മാറ്റിച്ചേര്‍ക്കുകയും ചെയ്തത് വിശാലമായ പാരമ്പര്യത്തെ ഭാഷാപരവും ഭൂമിശാസ്ത്രപരവുമായ ചുരുങ്ങിയ ഒരിടത്തേക്ക് ഒതുക്കിക്കെട്ടിയെന്നദ്ദേഹം പരിഭവിക്കുന്നതായി കാണാം.
മതേതരവല്‍കരിക്കപ്പെട്ട (Secularized), ആധുനിക പാശ്ചാത്യ ലോകത്തിനെതിരായി ‘ഇപ്പോഴും’ മതത്തിന്റെ പിടിയില്‍ ഉള്ളുനീറി കഴിയുന്ന ഒരു ദേശമായിട്ടാണ് മധ്യപൗരസ്ത്യം യുറോപ്യന്‍ ഭാവനയില്‍ സങ്കല്‍പിക്കപ്പെട്ടതെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.
പ്രത്യേകമായ ഒരു സാംസ്‌കാരിക പാരമ്പര്യത്തോട് ചേര്‍ത്തിമാത്രം ഒരു ദേശത്തെ മനസ്സിലാക്കാനുള്ള ഈ ഉദ്യമം കള്‍ച്ചറലിസത്തിന്റെ പിടിയില്‍ അകപ്പെട്ടതാണെന്ന പേരില്‍ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ആധുനികത, സെക്കുലറിസം എന്നിവയുമായുള്ള കൃസ്തീയ വ്യവഹാരങ്ങളുടെ ഇടപാടുകളോട് ഇസ്‌ലാമിനെ ചേര്‍ത്തുകെട്ടുന്നതിലെ അയുക്തിക തുറന്നുകാട്ടുന്നുണ്ട് പ്രമുഖ നരവംശശാസ്ത്രജ്ഞനായ തലാല്‍ അസദ്.
അസദിന്റെ ഫോര്‍മേഷന്‍സ് ഓഫ് ദി സെക്കുലര്‍ എന്ന ലേഖന സമാഹാരവും ജീനിയോളജീസ് ഓഫ് റിലീജിയണും ഈയര്‍ഥത്തില്‍ യൂറോപ്പിന്റെ വൈജ്ഞാനിക പാരമ്പര്യത്തെ ഇഴകീറി പരിശോധിക്കുകയും അതില്‍ ഉള്ളടങ്ങിയ അധികാരത്തെയും ക്രിസ്തീയ പാരമ്പര്യത്തിന്റെ സ്വാധീനങ്ങളെയും തുറന്നുകാട്ടുകയും ചെയ്തു.
കോളനിയാനന്ത പാരമ്പര്യത്തില്‍നിന്ന് കൊണ്ട് നരവംശശാസ്ത്രം, ചരിത്രം തുടങ്ങിയ പഠനമേഖലകളുടെ സഹായത്തോടെ മതം, സെക്കുലറിസം, സംസ്‌കാരം എന്നീ സംജ്ഞകളെ വിമര്‍ശനവിധേയമാക്കിയ തലാല്‍ അസദ് പിന്നീട് ഇസ്‌ലാം പഠനത്തിന്റെ ഗതി മാറ്റുകയും അദ്ദേഹമവതരിപ്പിച്ച ‘ഇസ്‌ലാം എന്ന വ്യാവഹാരിക പാരമ്പര്യം”(Islam as a discursive tradition) എന്ന ആശയം ഏറെ പണ്ഡിതശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
പുതിയ പ്രവണതകള്‍
1970 കള്‍ മുതല്‍ ഇസ്‌ലാം പഠനങ്ങള്‍ ഭാഷാശാസ്ത്രത്തി(Philology)ല്‍നിന്നും ധൈഷണിക ചരിത്രത്തി(Intellectual History)ല്‍നിന്നും മാറി സാമൂഹ്യശാസ്ത്രത്തില്‍ കേന്ദ്രീകരിച്ചു തുടങ്ങിയതായി കാണാനാവും. അമേരിക്കക്ക് അപ്രമാദിത്വമുള്ള പുതിയൊരു വ്യാവഹാരിക മേഖല ഇതോടനുബന്ധമായി ഇസ്‌ലാം പഠനങ്ങള്‍ക്കകത്ത് രൂപപ്പെട്ടുവന്നിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഓറിയന്റലിസ്റ്റ് ധാരകളിലൊന്നായ, എഡ്വേര്‍ഡ് വില്യം ലൈന്‍, വില്യം റോബേര്‍ട്ട്‌സണ്‍ സ്മിത്, ക്രിസ്റ്റിയന്‍ സനൗക്ക് ഹുര്‍ഗ്രോന്‍ജെ, ഏഡ്വേര്‍ഡ് മിക്ക്വാര്‍ക്‌സ്-ബെല്ലൈര്‍, എഡ്മണ്ട് ഡൗട്ട് തുടങ്ങിയവര്‍ മുന്നോട്ടുവച്ച ഫിലോളജിയും എത്‌നോഗ്രഫിയും സമ്മേളിപ്പിച്ചുകൊണ്ടുള്ള സമീപനങ്ങളില്‍നിന്ന് സ്വാധീനമുള്‍ക്കൊണ്ടതായിരുന്നു ഈ പുതിയ വികാസങ്ങള്‍.
1950 കള്‍ മുതല്‍തന്നെ സാമൂഹ്യശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിനെയും മധ്യപൗരസ്ത്യ ദേശത്തെയും മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ ഇവാന്‍സ് പ്രിച്ചാര്‍ഡിന്റെയും ഗുസ്താവെ ഗ്രൂണ്‍ബോമിന്റെയും എഴുത്തുകളിലുള്ളതായി കാണാം.
1968 ല്‍ പ്രസിദ്ധീകൃതമായ ക്ലിഫോര്‍ഡ് ഗീറ്റ്‌സിന്റെ ഇസ്‌ലാം ഒബ്‌സര്‍വ്ഡ് എന്ന കൃതി ഒരു നിര്‍ണായക വഴിതിരിവായിരുന്നു. ഇന്തൊനേഷ്യയിലെയും മൊറോക്കോയിലെയും ഇസ്‌ലാമിനെ താരതമ്യം ചെയ്തുകൊണ്ടുള്ള പ്രസ്തുത പഠനമായിരുന്നു ഇസ്‌ലാമിന്റെ നരവംശശാസ്ത്രപരമായ വായനകളെ അക്കാദമിക മേഖലകളില്‍ വീണ്ടും സജ്ജീവമാക്കിയത്.
യൂറോപ്യന്‍ ഭാഷകളിലെ ചരിത്ര സ്രോതസ്സുകളെ മാത്രമവലംബിച്ചതിനാലുണ്ടായിത്തീര്‍ന്ന ഗീറ്റ്‌സിന്റെ ചിന്താപരമായ പരിമിതികള്‍ പിന്നീട് വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഏര്‍ണസ്റ്റ് ഗല്‍നറിന്റെ സൈന്റ്‌സ് ഓഫ് ദി അറ്റ്‌ലസ്(1969), മിഷേല്‍ ഗില്‍നസന്റെ സൈന്റ് ആന്റ് സൂഫി ഇന്‍ മോഡേണ്‍ ഈജിപ്ത്(1973) തുടങ്ങിയവ ഇതേ തുടര്‍ന്നുവന്ന ഇസ്‌ലാമിന്‍രെ നരവംശശാസ്ത്ര പഠനങ്ങളാണ്.

ഫിലോളജിയുടെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിനെയും മധ്യപൗരസ്ത്യ ദേശത്തെയും മനസ്സിലാക്കുന്നതിലുപരിയായി സാമൂഹ്യശാസ്ത്രപരമായ സമീപനങ്ങള്‍ക്ക് ഇസ്‌ലാം പഠനങ്ങളില്‍ അമിതപ്രാധാന്യം കൈവന്നതിന് മറ്റു ചില കാരണങ്ങളുമുണ്ടായിരുന്നു. 1970 കളോടെ സജീവമായ കോളനിയനന്തര(Post Colonial) ചിന്തകള്‍ക്ക് അക്കാദമിക ലോകത്ത് പ്രചാരമേറുകയും അതിന്റെയടിസ്ഥാനത്തില്‍ പാശ്ചാത്യവംശീയതയും അപ്രമാദിത്വവും അധികാരവും ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തു.
അതിന്റെ ഭാഗമായി മുഖ്യധാരാ ജ്ഞാനോല്‍പാദനങ്ങളില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ജനജീവിതങ്ങളെ കണ്ടെടുക്കുന്നതുവേണ്ടി സാമൂഹ്യശാസ്ത്ര പഠനങ്ങള്‍ ഉയര്‍ന്നുവരികയും രേഖപ്പെടുത്തപ്പെട്ട തെളിവുകളില്ലാത്ത ജീവിതങ്ങളും അവരുടെ സാമൂഹ്യപരിസരങ്ങളും അന്വേഷിക്കപ്പെടുകയുമുണ്ടായി.
അമേരിക്കയുടെ പീസ് കോര്‍പ്പ് വളണ്ടിയര്‍മാരായി മൊറോക്കോ, യമന്‍, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് നിരവധി പേര്‍ പോയതും, അമിതമായ കുടിയേറ്റങ്ങളുണ്ടായതും ഒരു ആശയം എന്നതിലുപരിയായി ഇസ്‌ലാം എന്ന സാമൂഹ്യ പ്രതിഭാസം അന്വേഷിക്കപ്പെടാനുള്ള കാരണങ്ങളായിരുന്നു.
1980 കള്‍ വരേക്കും നിസ്‌കാരവും നോമ്പും അടക്കം മുസ്‌ലിം നിത്യജീവിതത്തില്‍ പൊതുവായി കണ്ടുവരുന്ന ആരാധനാകര്‍മങ്ങളിലും ആചാരങ്ങളിലും നരവംശശാസ്ത്രജ്ഞര്‍ അത്രകണ്ട് തല്‍പരല്ലായിരുന്നു. എന്നാല്‍, ദേശങ്ങളും സാഹചര്യങ്ങളും മാറുന്നതിനനുസരിച്ച് അവയുടെ രീതികളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും പ്രത്യേകമായ സങ്കല്‍പങ്ങള്‍ അവരതിനോട് ചേര്‍ത്തുവക്കുന്നുണ്ടെന്നും മനസ്സിലാക്കപ്പെട്ടതോടെ അവ ഇസ്‌ലാമിനെ സംബന്ധിച്ച നരവംശശാസ്ത്ര അന്വേഷണങ്ങളിലെ മുഖ്യവിഷയങ്ങളായി മാറി.
മൊറോക്കോ, ടാന്‍സാനിയ എന്നി ദേശങ്ങളിലെ നോമ്പും ബലികര്‍മങ്ങളും അടിസ്ഥാനമാക്കി വന്ന പഠനങ്ങള്‍ ഈ തിരിച്ചറിവുകളുടെ ഭാഗമായിരുന്നു. കോളനിവല്‍കരണമവസാനിച്ചതോടെ ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ചുള്ള അക്കാദമിക അന്വേഷണങ്ങള്‍ പാടെ മുരടിച്ചുപോയിരുന്നു.
1990 കളോടെ അത് വീണ്ടും സജ്ജീവമാവുകയും, ബ്രിങ്ക്‌ലി മെസ്സിക്ക്, ജൊനാതന്‍ ബെര്‍കി, ഗിസ്‌ലൈന്‍ ലൈഡണ്‍ തുടങ്ങിവര്‍ കിതാബുകളുമായുള്ള മുസ്‌ലിം സംവേധനങ്ങള്‍ അന്വേഷിച്ചവതരിപ്പിക്കുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചരിത്രം സാമൂഹ്യശാസ്ത്രത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന ഒരു വിജ്ഞാനശാഖയായി പരിവര്‍ത്തിക്കപ്പെട്ടു തുടങ്ങി. ഭൂതകാലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന അന്വേഷണരീതികളില്‍നിന്ന് മാറി ചരിത്രം വര്‍ത്തമാനകാലത്തോട് സംവദിച്ചുതുടങ്ങി. ഇതിന്റെ സ്വാധീനമെന്നോണം മധ്യപൗരസ്ത്യ ദേശങ്ങളുമായി ബന്ധപ്പെട്ട ചരിത്രാന്വേഷണങ്ങള്‍ കര്‍ഷകജീവിതം, പട്ടണങ്ങള്‍, ലിംഗം, ജനകീയ സംസ്‌കാരം എന്നിങ്ങനെയുള്ള സൂക്ഷ്മാടരുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി കാണാം.
നരവംശശാസ്ത്രപഠനങ്ങള്‍ക്കകത്ത് ഈയടുത്ത കാലത്തുണ്ടായ വികാസങ്ങള്‍ കാര്യമായി ചര്‍ച്ചക്കെടുക്കുന്ന വിഷയം ഇസ്‌ലാമും രാഷ്ട്രീയവുമാണ്.
പൊതു ഇടം(Public Sphere), പൗര സമൂഹം(Civil Socitey) തുടങ്ങിയ സംജ്ഞകളുടെയടിസ്ഥാനത്തില്‍ ഇസ്‌ലാമും രാഷ്ട്രീയവുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ നരവംശശാസ്ത്ര പഠനമേഖലയില്‍ ഇന്ന് നിറഞ്ഞുനില്‍ക്കുകയാണ്. മുസ്‌ലിം രാഷ്ട്രങ്ങളിലുണ്ടായ ഇസ്‌ലാമിസ്റ്റ് മുന്നേറ്റങ്ങളെയും ആക്റ്റിവിസ്റ്റുകളെയും അവരുടെ ഗ്രന്ഥങ്ങളെയും ആശയങ്ങളെയും ഇഴകീറി പരിശോധിക്കുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇസ്‌ലാമിനെ പൂര്‍വ്വാധുനികമായി കാണുന്ന വാദങ്ങളെ തള്ളിക്കൊണ്ട് ഈ ഗണത്തില്‍ ആസിഫ് ബയാത്ത് മുന്നോട്ടു വച്ച പോസ്റ്റ് ഇസ്‌ലാമിസം എന്ന ആശയം ഏറെ ശ്രദ്ധേയമായിരുന്നു. ഇസ്‌ലാമിനെ ഇതരെ പ്രതിഭാസങ്ങളെ പോലെത്തന്നെ കണ്ട്, അപ്രകാരം വായിക്കാന്‍ ശ്രമിക്കുന്ന പോസ്റ്റ് ഇസ്‌ലാമിസത്തിന് ഇസ്‌ലാമും രാഷ്ട്രീയവുമായി ബന്ധപ്പെട്ട സംവാദത്തില്‍ സ്വാധീനങ്ങള്‍ സൃഷ്ടിക്കാനായി.
ഫ്രഞ്ച് ചരിത്രകാരനായ ഫെര്‍ണ്ടിനാന്റ് ഡി ബ്രൊദേലില്‍നിന്ന് സ്വാധീനമുള്‍ക്കൊണ്ട് വികസിച്ചുവന്ന പഠനശാഖയാണ് ഇന്ത്യന്‍ മഹാസമുദ്രപഠനങ്ങള്‍. മധ്യകാലത്ത് ഇന്ത്യന്‍ മഹാസമുദ്രംവഴി സജീവമായിരുന്ന ചരക്കുകൈമാറ്റങ്ങളില്‍ നിര്‍ണായ സ്വാധീനമായിരുന്നു മുസ്‌ലിംകള്‍; വിശിഷ്യ അറബികളും ആഫ്രിക്കക്കാരും. ചരക്കുകള്‍ക്കൊപ്പം കൈമാറപ്പെട്ട ഗ്രന്ഥങ്ങളും ആശയങ്ങളും സംവാദങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും ചര്‍ച്ചകളും ഇന്ന് ഇസ്‌ലാം പഠനമേഖലയില്‍ വലിയൊരു ചര്‍ച്ചാവിഷയമാണ്.

അമേരിക്കയടക്കമുള്ള പാശ്ചാത്യ സര്‍വകലാശാലകളില്‍ ഇവക്കിന്ന് വലിയ ഫെലോഷിപ്പിക്കുളാണ് അനുവദിക്കുന്നത്. അറേബ്യയില്‍നിന്നും മറ്റു ദേശങ്ങളില്‍നിന്നുമായി ഇതര നാടുകളിലേക്ക് യാത്ര ചെയ്യുകയും അവിടങ്ങളിലെ ഇസ്‌ലാമിക ചലനങ്ങളുടെ ഭാഗമാവുകയും ചെയ്ത ഹദ്‌റമി കുടുംബങ്ങള്‍ ഇത്തരത്തില്‍ ഇന്ന് ശ്രദ്ധേയമായ ഒരു ചര്‍ച്ചാ വിഷയമാണ്.
ഇസ്‌ലാം പഠനങ്ങള്‍ മധ്യപൗരസ്ത്യ ദേശങ്ങളില്‍ കേന്ദ്രീകരിച്ചു നില്‍ക്കുന്നതിലെ അയുക്തികത വ്യക്തമാക്കിക്കൊണ്ട് നിരവധി പഠനങ്ങള്‍ ഇന്ന് സജ്ജീവമാണ്. ദി വെന്‍ചര്‍ ഓഫ് ഇസ്‌ലാം എന്ന തലക്കെട്ടില്‍ മൂന്ന് വാള്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട മാര്‍ഷല്‍ ജി ഹോഡ്ഗ്‌സണായിരുന്നു ആദ്യമായി ഇതര ദേശങ്ങളിലെ ഇസ്‌ലാം വ്യാപനത്തെക്കുറിച്ച് സൈദ്ധാന്തികവല്‍കരിക്കുകയും ശ്രദ്ധേയമായ ആലോചനകള്‍ പങ്കുവക്കുകയും ചെയ്തത്.
മതത്തെയും സംസ്‌കാരത്തെയും രണ്ടു ദിശകളില്‍ നിര്‍ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ഇസ്‌ലാം, ഇസ്‌ലാമികേറ്റ് എന്നീ സംജ്ഞകളില്‍ നിറഞ്ഞ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും അവക്ക് ഗണ്യമായ സ്വാധീനങ്ങളുണ്ടാക്കാനായി.
വിവിധ രീതിയില്‍ സങ്കല്‍പിക്കപ്പെടുകയും ആചരിക്കപ്പെടുകയും വ്യ്ത്യസ്തമായ പാരമ്പര്യങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്ത ഇസ്‌ലാം എന്ന പ്രതിഭാസത്തെ Text, Con-Text, Pre-Text എന്നിവയുമായുള്ള മുസ്‌ലികളുടെ ഹെര്‍മന്യൂട്ടിക്കല്‍ എന്‍ഗേജ്‌മെന്റായി മനസ്സിലാക്കണമെന്നായിരുന്നു ശഹാബ് അഹ്‌മദ് അഭിപ്രായപ്പെട്ടത്. അറബ് ദേശത്ത് മാത്രം കേന്ദ്രീകരിച്ച മുസ്‌ലിം പഠനങ്ങള്‍ ഇന്ത്യയിലും ഇറാനിലും തുടങ്ങിയ ദേശങ്ങളിലെ മുസ്‌ലിം സംഭാവനകളെ വേണ്ട വിധം പരിഗണക്കെടുത്തിട്ടില്ലെന്നതില്‍ അദ്ദേഹം കടുത്ത അമര്‍ഷം രേഖപ്പെടുത്തുന്നുണ്ട്.
ചുരുക്കത്തില്‍, മധ്യപൗരസ്ത്യ ദേശങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുകയും പ്രാമാണിക ഗ്രന്ഥങ്ങളെ മാത്രം ആധാരമാക്കുകയും ചെയ്തിരുന്ന ഇസ്‌ലാം പഠനങ്ങള്‍ ഇന്ന് രാഷ്ട്രീയവും ചരിത്രപരവുമായ പല കാരണങ്ങളാലും വലിയ വികാസങ്ങള്‍ പ്രാപിച്ചിരിക്കുകയാണ്. ഇതര ദേശങ്ങളിലെ പൊതുജനങ്ങളുടെ ഇസ്‌ലാമുമായ ഇടപാടുകളെ വിലയിരുത്തിക്കൊണ്ടും മുസ്‌ലിം നിത്യജീവിതത്തിലെ വിവിധ സങ്കല്‍പനങ്ങളെ സൈദ്ധാന്തികവല്‍കരിച്ചുകൊണ്ടും ഇന്ത്യന്‍ മഹാസമുദ്രം വഴി രൂപപ്പെട്ട ഗ്രന്ഥങ്ങളുടെയും ആശയങ്ങളുടെയും കൈമാറ്റങ്ങളെ കണ്ടെത്തിക്കൊണ്ടും അതിന്ന് പുതിയ ദിശകളിലെത്തിച്ചേര്‍ന്നിട്ടുണ്ട്. നിരവധി വൈവിധ്യങ്ങള്‍ നിറഞ്ഞ ഇസ്‌ലാം എന്ന പ്രതിഭാസങ്ങളെ ചേര്‍ത്തുനിര്‍ത്തി എങ്ങനെ മനസ്സിലാക്കുമെന്നതില്‍ വിവിധങ്ങളായ അഭിപ്രായങ്ങള്‍ ഇന്ന് നിലവിലുണ്ട്.
Add comment