Thelicham

വിയോജിപ്പ്: സമവായത്തിന്റെ ഇസ്ലാമിക സാധ്യതകൾ

സംശയങ്ങൾ പ്രകടിപ്പിക്കുകയും അവക്കുള്ള ഉത്തരങ്ങൾ കണ്ടെത്തലുമൊക്കെയാണ് ഇസ്‌ലാമിക ജ്ഞാന സമ്പാദനത്തിന്റെ ഏറ്റവും മഹിതമായ ഭാഗമെന്ന് ഞാൻ കരുതുന്നു. ആദ്യവിശ്വാസികളായ സ്വഹാബികൾ തങ്ങളുടെ സംശയങ്ങൾ മുഹമ്മദ് നബിയോട് ചോദിക്കുകയും ഉത്തരം കണ്ടെത്തുകയുമായിരുന്നു ചെയ്തിരുന്നത്. വിശുദ്ധ ഖുർആനിന്റെ വലിയൊരളവോളവും, ഹദീസുകളുടെ വലിയ ഭാഗവും അവരുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങളടങ്ങിയതായിരുന്നു. മുഹമ്മദ് നബിയുടെ വഫാത്തിനു ശേഷം സ്വഹാബികൾ തങ്ങളിൽ നിന്ന് ഏറ്റവും അറിവുള്ള പ്രമുഖരായ സ്വഹാബികളെ സമീപിക്കുകയും അവരുടെ സമീപനങ്ങൾ ആരായുകയും ചെയ്തിരുന്നു. പിന്നീട് വന്ന സമൂഹം അവരിൽ നിന്ന് പാണ്ഡിത്യമുള്ളവരുമായി തങ്ങളുടെ സംശയങ്ങൾ പങ്കുവെച്ചു.


മൂന്ന് കുഴപ്പിക്കുന്ന ചോദ്യങ്ങൾ

എന്നെ കുഴപ്പിച്ച മൂന്ന് ചോദ്യങ്ങളാണ് ഈ ലേഖനത്തിൽ ഞാൻ അഭിമുഖീകരിക്കുന്നത്. മൂന്നും ഇസ്‌ലാമിക സമൂഹത്തിലെ വിയോജിപ്പുകളുടെയും, അന്വേഷണാത്മക ചോദ്യങ്ങളുടെയും പ്രസക്തിയെ അന്വേഷിക്കുന്നതാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന സവിശേഷതയുമായി ബന്ധപ്പെട്ടു കിടക്കുന്ന വിയോജിപ്പുകളോടുള്ള സഹനഭാവത്തെ വിശദീകരിക്കുന്ന പുതിയ കാലത്ത് ഈ ചോദ്യങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്.

  1. ഖുർആൻ, ഹദീസ്, കർമ്മശാസ്ത്ര സരണികൾ തുടങ്ങി ഒരൊറ്റ ശരി മാത്രമുണ്ടാകുമെന്ന് കരുതപ്പെടുന്ന വിഷയങ്ങളിൽ എന്തുകൊണ്ടാണ് മുസ്‌ലിം പണ്ഡിതന്മാർ വൈവിധ്യപൂർണ്ണമായ വീക്ഷണങ്ങളെ സ്വാഗതം ചെയ്തത്.
  2. ഉളളടക്കത്തേക്കാൾ വ്യാഖ്യാനങ്ങൾക്ക് പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതിക്ക് എന്തുകൊണ്ടാണ് മുസ്‌ലിം പണ്ഡിതർ പ്രാധാന്യം നൽകിയത്.
  3. മധ്യ കാലഘട്ടത്തിൽ മതത്തിനും സമൂഹത്തിനുമിടയിൽ വിജയകരമായ ഒരു അഭിപ്രായസമന്വയം രൂപപ്പെടുത്തുമ്പോൾ തന്നെ എന്തുകൊണ്ട് പുതിയ കാലത്ത് അത്തരമൊരു സമവായം സാധ്യമാകുന്നില്ല.

ഖലീഫ ഉസ്മാൻ(റ)വിന്റെ വധത്തോടെയാണ് ഇസ്‌ലാമിക ലോകത്തെ വലിയ പ്രതിസന്ധികൾ രൂപമെടുത്തത്. പ്രവാചകർക്കു ശേഷം ആരാണ് നേതൃത്വമേറ്റെടുക്കേണ്ടത് എന്നതു പോലെയുള്ള നിരവധി വിഷയങ്ങളിൽ മുസ്‌ലിം സമൂഹം വലിയ രീതിയിലുള്ള സംഘട്ടനത്തിലേർപ്പെട്ടു. പലപ്പോഴും അധികാരവടംവലികളായിരുന്നുവെങ്കിൽ അതിനോട് കൂടെ തന്നെ ഇസ്‌ലാമിക വൈജ്ഞാനിക മേഖലകളിലേക്കുമായി അവ വഴിമാറി. ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഇസ്‌ലാമിക നിയമങ്ങളുടെ രീതിശാസ്ത്രത്തെക്കുറിച്ചും, അവയുടെ സ്വഭാവത്തെക്കുറിച്ചും അടിസ്ഥാന ആശയരൂപീകരണത്തെ സംബന്ധിച്ചും, ഹദീസുകളിൽ സ്വീകരണനിരാകരണ മാർഗങ്ങളുടെ മാനദണ്ഡം സംബന്ധിച്ചുമെല്ലാമായി വലിയ രീതിയിലുള്ള തർക്കങ്ങളാണ് നടന്നത്.

പിന്നീട് ഏതാനും നൂറ്റാണ്ടുകൾക്കുള്ളിൽ തന്നെ ഇത്തരം തർക്കങ്ങൾക്കെല്ലാമുള്ള പരിഹാരം നിർദേശിക്കാൻ പണ്ഡിതന്മാർക്ക് സാധിച്ചു. കൃത്യമായി പറയുകയാണെങ്കിൽ ഇമാം ഗസ്സാലിയുടെ കാലത്തോടെ ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം ഒരു പൊതു സമവായം രൂപപ്പെട്ടുവന്നു. മതത്തിൽ ഒരൊറ്റ സത്യത്തെ മാത്രം സ്വീകരിക്കുന്നതിനു പകരം സമാനമായ നിരവധി സത്യങ്ങളെ സ്വീകരിക്കാൻ അവർ തയ്യാറായി.

പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ച മുസ്‌ലിം പണ്ഡിതനായിരുന്നു നിസാമുദ്ദീൻ അൽ സിഹാലവി. ദക്ഷിണേഷ്യയിലെ പ്രശസ്തമായ ദർസേ നിസാമിയുടെ സ്ഥാപകനായ അദ്ദേഹം ദ്വന്ദ്വാത്മക വൈദഗ്ദ്ധ്യത്തിലൂന്നിയ (Dialectical skill) പാഠ്യപദ്ധതിയായിരുന്നു മുന്നോട്ടു വെച്ചത്. പതിമൂന്നാം നൂറ്റാണ്ടിൽ മുസ്‌ലിം പണ്ഡിതർ സ്വീകരിച്ച അതേ ശൈലി പിന്തുടർന്ന നിസാമുദ്ദീൻ കരിക്കുലം ഖുർആനിലും, ഹദീസിലുമെല്ലാമൂന്നിയ പാരമ്പര്യ വിദ്യാഭ്യാസ വ്യവസ്ഥയിൽ നിന്നുമാറി അറബി വ്യാകരണത്തിലും തർക്കശാസ്ത്രത്തിലും പദങ്ങളുടെ സൗന്ദര്യശാസ്ത്രത്തിലുമൂന്നിയ പാഠ്യപദ്ധതിയായിരുന്നു മുന്നോട്ടു വെച്ചത്. ക്ലാസിക്കൽ ടെക്‌സറ്റുകളിലെ സങ്കീർണ്ണമായ ചർച്ചകൾക്കായി ആഴത്തിലുള്ള സംവാദങ്ങൾ അവർ നടത്തി. വിദ്യാർഥികളും അധ്യാപകരും ഒരുപോലെ ഇത്തരം സങ്കീർണ്ണമായ സംവാദങ്ങളെ വിശദമായി ചർച്ചചെയ്യുകയും പരിഹാരങ്ങളിലേക്കെത്തുകയും ചെയ്തു.

മധ്യകാലഘട്ട യൂറോപ്യൻ സർവ്വകലാശാലകളോട് ചേർത്തുനിർത്താൻ കഴിയുന്ന വിദ്യാഭ്യാസ സംവിധാനമാണ് ഇവിടെ നിലനിന്നത്. ഖുർആൻ, ഹദീസ് പോലുള്ള പാരമ്പര്യ പഠനത്തേക്കാളുപരിയായി ഇത്തരം തർക്കശാസ്ത്രസംബന്ധിയായ പഠനങ്ങൾക്ക് പ്രാമുഖ്യം കൊടുത്തതിനാൽ തന്നെ പിൽകാലത്ത് അവ വിമർശനവിധേയമാകുകയും, ദയൂബന്ദി വിദ്യാഭ്യാസ പദ്ധതി പോലെ തർക്കശാസ്ത്രത്തേക്കാൾ ഇസ്‌ലാമിക ക്ലാസിക്കൽ ടെക്‌സ്റ്റുകൾക്ക് പ്രാധാന്യം നൽകുന്ന കരിക്കുലമായി രൂപകൽപന ചെയ്യപ്പെടുകയും ചെയ്തു.

ഇത്തരമൊരു കരിക്കുലം സ്വീകരിക്കുകയെന്നത് മുസ്‌ലിങ്ങളെ സംബന്ധിച്ച് പുതിയ കാര്യമൊന്നുമല്ല. ഇസ്‌ലാമിക ലോകത്തുടനീളം നിലനിന്നിരുന്ന, ഇന്നും ഇറാനിലെ ഖോമിലടക്കം നിലനിൽക്കുന്ന വിദ്യാഭ്യാസ വ്യവസ്ഥ തന്നെയാണ്. ചുരുക്കത്തിൽ ഇത്തരം ദർസേ നിസാമിയടക്കമുള്ള സംവിധാനങ്ങൾ ടെക്‌സ്റ്റുകളെ യുക്തിയുടെയും, പദസൗന്ദര്യശാസ്ത്രത്തിന്റെയും, തർക്കശാസ്ത്രത്തിന്റെയുമെല്ലാം വഴികളിലൂടെ ആഴത്തിലുള്ള പഠനത്തിനാണ് അവർ സൗകര്യമൊരുക്കിയത്. വിദ്യാഭ്യാസത്തിന്റെ ഒരു പാൻ ഇസ്‌ലാമിക് മോഡലായിരുന്നു ദർസേ നിസാമി എന്നു വിശദീകരിക്കാം.

ആധുനികതയിലെ സമവായങ്ങളുടെ പരാജയം

മധ്യകാലഘട്ടത്തിൽ, ഇസ്ലാമിക സമൂഹത്തിന്റെ ഘടനയെയും പ്രവർത്തനത്തെയും കുറിച്ചുള്ള പൊതു സമവായത്തിന്റെ പശ്ചാത്തലത്തിലാണ് വിയോജിപ്പുകൾക്ക് കാര്യമായ രീതിയിൽ ഇസ്ലാമിൽ സ്വീകാര്യത വരുന്നത്. സമകാലിക ഇസ്‌ലാമിക ലോകത്ത് വിയോജിപ്പുകളുടെ വ്യാപ്തി വിശാലമാണ്, എത്രത്തോളമെന്നാൽ വിയോജിപ്പുകളെ എങ്ങനെ ഉൾകൊള്ളണമെന്നതിൽ പോലും യോജിപ്പില്ലാത്ത വിധം ഇസ്‌ലാം വളർന്നു. യോജിപ്പിന്റെ നേരിയ സാധ്യതയെപ്പോലും പുതിയ കാലം തിരിച്ചറിയുന്നില്ലന്നതാണ് നേര്.

പാക്കിസ്ഥാൻ തന്നെ നോക്കാം, വിശാലമായ ഇസ്‌ലാമിക പാരമ്പര്യത്തെ തന്നെ റദ്ദു ചെയ്യുന്ന രീതിയിൽ സമവായത്തിന്റെ നേരിയ സാധ്യതയെ വരെ ചോദ്യം ചെയ്യുന്ന പ്രവർത്തനങ്ങളാണ് അവിടെ നിലനിൽക്കുന്നത്.
ഇസ്‌ലാമിക ലോകത്ത് നിലവിലുണ്ടായിരുന്ന വിയോജിപ്പുകളുടെ പൊതുസ്വഭാവം മനസ്സിലാക്കിത്തരുന്നത് ഈ വിയോജിപ്പുകളുടെ ഉണ്മയെപ്രതിയുള്ള ആലോചനയാണ്. അവ സംസ്‌കാരിക കൈമാറ്റത്തിന്റെ ഭാഗമായിട്ടായിരുന്നു നിലവിൽ വന്നത്, ക്ലാസിക്കൽ ഗ്രന്ഥങ്ങളുടെ ഭാഗമായായിരുന്നില്ല. പാശ്ചാത്യതയുടെയോ ആഗോള സംസ്‌കാരത്തിന്റെയോ ഉണർച്ചയോടെ സംഭവിച്ച വെല്ലുവിളികളെക്കുറിച്ചല്ല ഞാൻ പ്രതിപാദിക്കുന്നത്. മറിച്ച്, ഇസ്‌ലാമിക ലോകത്തെ പ്രാദേശിക സംസ്‌കാരത്തിന്റെ ഭാഗമായി രൂപപ്പെട്ട വിയോജിപ്പുകളെയാണ് ഇവിടെ വിശദീകരിക്കുന്നത്.

പന്ത്രണ്ടോളം നൂറ്റാണ്ടുകളിലായി വ്യത്യസ്തമായ രണ്ടു സംസ്‌കാരങ്ങൾ നിലനിന്ന ഇറാൻ തന്നെയാണ് ഇതിനുള്ള മികച്ച ഉദാഹരണം. മതത്തിന്റെ ഭാഗമായി നിലവിൽ വന്ന ഇസ്‌ലാമിക സംസ്‌കാരവും, പേർഷ്യൻ ഭാഷയുടെയും, ഇറാനിയൻ രാജവാഴ്ചയുടെയും ഭാഗമായി രൂപപ്പെട്ട പേർഷ്യൻ സംസ്‌കാരവും ഇറാനിൽ ഒരു പോലെ നിലനിന്നു. ഒരേ സമയം തന്നെ രണ്ടു സംസ്‌കാരവും നിലനിൽക്കുമ്പോൾ തന്നെ അവ പലപ്പോഴും സഹവർത്തിത്തത്തോടെ മുന്നോട്ടു പോവുകയും, ചിലപ്പോഴൊക്കെ സംഘട്ടനത്തിലേർപ്പെടുകയും ചെയ്തതായി കാണാം.

ഇറാനിൽ മാത്രമല്ല ഇത്തരം സംഘട്ടനങ്ങൾ/തർക്കങ്ങൾ നിലവിലുണ്ടായിരുന്നത്. മറിച്ച് ഇതര ഇസ്‌ലാമിക രാഷ്ട്രങ്ങളിലും ഇതിന്റെ പ്രതിഫലനങ്ങൾ കാണാം. ചിലയിടങ്ങളിൽ ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലാത്ത ആചാരങ്ങൾ പോലും ഇത്തരം ഇസ്‌ലാമിക രാഷ്ട്രങ്ങളിൽ നിലവിലുണ്ടായിരുന്നു. ഇതിനൊരുദാഹരണമാണ് ബസന്തിലെ പ്രസിദ്ധമായ ലാഹോരി പതങ്ങ് ബാസി. ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമായി നിലവിൽ വന്ന ഈ ഉത്സവം മതപരമായ കാരണങ്ങൾ കൊണ്ട് ഭക്തജനങ്ങൾക്കും ഇതര കാരണം കൊണ്ട് സ്റ്റേറ്റിനും ഒരുപോലെ പ്രശ്നമായിരുന്നു.

ചിലയിടങ്ങളിൽ പ്രാദേശികസംസ്‌കാരങ്ങൾക്ക് മതപരമായ രൂപം ചാർത്തപ്പെടുകപോലും ചെയ്യുന്നുണ്ട്. പഞ്ചാബിലെ സൂഫി ദർഗസംസ്‌കാരവും, സിന്ധിലും, ബലൂചിസ്ഥാനിലും, അഫ്ഗാനിസ്ഥാനിലെ ചില ഗോത്രപാരമ്പര്യങ്ങളിലും കണ്ടുവരുന്ന സ്ത്രീകളോടുള്ള കർശനമായ വേർതിരിവുകളുമെല്ലാം ഇത്തരത്തിൽ മതത്തിന്റെ രൂപം പ്രാപിച്ച സംസ്‌കാരങ്ങളാണ്.


പാരമ്പര്യ ഇസ്‌ലാമിലെ വിയോജിപ്പിന്റെ മാനങ്ങൾ

ഒരുപോലെ ഐക്യത്തിന്റെയും, നിയമത്തിന്റെയും മതമാണ് ഇസ്‌ലാം. ഐക്യത്തെ ശക്തിപ്പെടുത്തുന്ന നയങ്ങൾ ഇസ് ലാമിക സംസ്‌കാരത്തിൽ വലിയ രീതിയിൽ കാണാം. ഇവിടെ പ്രധാനമായും എങ്ങനെയാണ് മധ്യകാലഘട്ടത്തിൽ മുസ്‌ലിം പണ്ഡിതന്മാർ വിയോജിപ്പുകളുമായി രമ്യതയിലെത്തിയത്, ഇത്തരം സമവായ ചർച്ചകൾ ഏതുരൂപത്തിലാണ് ഇസ്‌ലാമിക വിദ്യാഭ്യാസ പാരമ്പര്യത്തിനകത്ത് മാറ്റം സാധ്യമാക്കിയത്, പിന്നീട് എങ്ങനെയാണ് നിലവിലെ (ഇസ്‌ലാമിനകത്തെ) പ്രശ്‌നങ്ങളെ പരിഹരിക്കാൻ മധ്യകാലഘട്ടത്തിലെ ഈ വിയോജിപ്പുകളുടെ തിരിച്ചറിവിനെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നെല്ലാമാണ് ചർച്ച ചെയ്യുന്നത്.

പ്രവാചകരുടെ കാലത്തും മുസ്‌ലിങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള വിയോജിപ്പുകൾ നിലവിലുണ്ടായിരുന്നു, വിയോജിപ്പ് ഒരു മനുഷ്യസഹജമായ ഒരു പ്രതികരണമായിരിക്കെത്തന്നെ അവർ ഇത്തരം വിയോജിപ്പുകളെ പ്രവാചകരുടെ അടുത്തേക്ക് നീക്കിവെക്കുകയും ഉടനെ തന്നെ തീർപ്പു കൽപ്പിക്കുകയും ചെയ്തു. പ്രവാചകരുടെ വഫാത്തിന് ശേഷം ഏകദേശം രണ്ടു നൂറ്റാണ്ടു പിന്നിട്ടപ്പോഴാണ് മദ്ഹബുകൾ രൂപപ്പെടുന്നതും കാര്യമായ രീതിയിൽ വിയോജിപ്പ് വലിയ രീതിയിൽ ഒരു വൈജ്ഞാനിക പ്രശ്‌നമായി ഉയരുന്നതും. അവ പണ്ഡിതന്മാരെ സത്യസന്ധമായ വിയോജിപ്പുകളുടെ അനിവാര്യതയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു.

നബിയുടെ ഹദീസുകളിലും ഇത്തരമൊരു സഹവർത്തിത്തത്തിന്റെ ഉന്നതമായ പ്രതിഫലനം കാണാം. ഇത്തരം ഹദീസുകളുടെ വെളിച്ചത്തിൽ നിന്നാണ് നാല് മദ്ഹബുകളും ഒരേ സമയം വ്യത്യസ്തത പുലർത്തുമ്പോൾ തന്നെ അവ നിയമത്തിന്റെ പിമ്പലത്താൽ സ്വീകരിക്കപ്പെടുന്ന ആശയധാരയായി നിലനിൽക്കുക കൂടി ചെയ്തു. മദ്ഹബുകൾക്കിടയിൽ പൊതുവായൊരു സമത്വം രൂപപ്പെടുകയും ഒരു മദ്ഹബിലെ പണ്ഡിതർ മറ്റൊരു മദ്ഹബിലെ ആശയങ്ങളെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നു. മാത്രവുമല്ല, അവർക്കിടയിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളെ അംഗീകരിക്കുന്ന ഇത്തരം സമീപനങ്ങൾ പിന്നീട് ഇതര മേഖലകളിലേക്കു കൂടി വ്യാപിച്ചിരുന്നു.

വൈവിധ്യങ്ങളോടുള്ള സഹവർത്തിത്ത സ്വഭാവം രൂപപ്പെടുത്തുന്നതിന് പിന്നിൽ പ്രധാനമായും രണ്ടു ഘടകങ്ങൾ പ്രവർത്തിക്കുന്നതായി കാണാം. അതിൽ ആദ്യത്തേത് മുസ്‌ലിംകളുടെ ഐക്യത്തെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാട് തന്നെയാണ്. വ്യത്യസ്ത സമൂഹവിചാരങ്ങളായിരിക്കെത്തന്നെ ഒരു ഉമ്മത്ത് എന്ന വിശേഷണത്തിൽ ഉറച്ചുനിൽക്കാൻ മുസ്‌ലിംകൾക്കായി, സമൂഹത്തിലെ ഛിദ്രതക്കെതിരെ അവർ ശക്തിയുക്തം നിലകൊണ്ടു. രാഷ്ട്രീയപരമായി മുസ്‌ലിങ്ങൾ ഒരു നൂറ്റാണ്ടു മാത്രമേ കൃത്യമായി ഏകീകരിക്കപ്പെട്ടിരുന്നുള്ളൂവെങ്കിലും ആ ഐക്യം പുനസ്ഥാപിക്കുന്നതിനുളള ശ്രമങ്ങൾക്ക് ഇപ്പോഴും രാഷ്ട്രീയ പ്രാധാന്യമുണ്ട്. തർക്കപരിഹാരങ്ങൾക്കായി ഭിന്നതയെ മുസ്‌ലിം പണ്ഡിതന്മാർ ഉപയോഗിച്ചില്ലെന്നത് ഏറെ പ്രാധാന്യമുള്ളതു തന്നെയാണ്.

രണ്ടാമത്തെ കാര്യം ഇസ്‌ലാമിന്റെ പ്രകൃതം തന്നെ വിയോജിപ്പിനെ ജീവിത സത്യമായി മനസ്സിലാക്കി എന്നതാണ്. വ്യവസ്ഥക്ക് വലിയ രീതിയിൽ പ്രാധാന്യം കൊടുത്ത മതമാണ് ഇസ്‌ലാം. പ്രവാചകരുടെ വഫാത്തിന് ശേഷം നിയമങ്ങളുടെ രഹസ്യബോധനം(വഹ്‌യ്) നിലച്ചതിന് ശേഷം, മനുഷ്യന്റെ ബുദ്ധിയെ കൂടെ പരിഗണിക്കുന്നതായിരുന്നു ഇസ്‌ലാമിക നിയമങ്ങൾ. ഇത്തരമൊരു സാഹചര്യത്തിൽ സത്യസന്ധമായ വിയോജിപ്പ് യാഥാർഥ്യത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പായി നിലകൊണ്ടു. പ്രവാചകകാലത്ത് നിലവിലില്ലാതിരുന്ന വ്യവസ്ഥയെ പ്രതിപാദിക്കുന്ന കാര്യങ്ങളിലായിരുന്നു ഇത്തരമൊരു വിയോജിപ്പ് ആവശ്യമായി വന്നത്. എന്നിരുന്നാലും, ചില വിയോജിപ്പുകൾ എതിരാളിയുടെ ആദർശവ്യതിയാനത്തെ പ്രതി ആലോചിക്കാൻ പ്രേരിപ്പിച്ചെങ്കിലും ആത്യന്തികമായി അവരെ അവിശ്വാസിയായി പ്രഖ്യാപിക്കാൻ ഇസ്‌ലാമിക പാരമ്പര്യം അനുവദിച്ചില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് അനുരഞ്ജനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് സജീവമായൊരു രൂപമാകുന്നത്.

കഴിഞ്ഞ ആയിരം വർഷങ്ങൾക്കിടയിൽ ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിൽ വലിയ മാറ്റമൊന്നുമില്ലെങ്കിലും, പതിമൂന്ന് പതിനാല് നൂറ്റാണ്ടിൽ രണ്ടു പ്രധാന സ്വാധീനങ്ങൾ കാണാം. ഫോർമൽ ലോജികും, ഇബ്‌നു അറബിയുടെ വഹ്ദതുൽ വുജൂദുമാണ് ഈ പ്രധാന സ്വാധീനങ്ങൾ. ഫോർമൽ ലോജികായിരുന്നു ദർസേ നിസാമിയയടക്കമുള്ള വലിയൊരളവോളം ഇസ്‌ലാമിക സ്ഥാപനങ്ങളുടെ കരിക്കുലങ്ങളിൽ നിലവിലുണ്ടായിരുന്നത്. ഗ്രീക്ക് ലോജികും, ഫിലോസഫിയും ഇസ്‌ലാമിക ലോകത്ത് വൈകിയാണ് കടന്നുവന്നതെങ്കിലും അവ വലിയ രീതിയിലുള്ള സംവാദങ്ങൾ തീർത്തിരുന്നു. ഇമാം ഗസാലിയാണ് ഇത്തരമൊരു രീതിശാസ്ത്രത്തെ പ്രതി ആദ്യമായി ലീഗൽ തിയറിയിലേക്ക് ലോജികിനെ സംയോജിപ്പിച്ചത്. മാത്രവുമല്ല, ഉസൂലുൽ ഫിഖ്ഹിന്റെ മുഖദ്ദിമയിൽ ലോജികിന്റെ പ്രാധാന്യത്തെ പറ്റി ഒരു സംക്ഷിപ്തം നൽകുക പോലും ചെയ്തു.

ഇസ്‌ലാമിക ഫിലോസഫിയുടെ നിയതലക്ഷ്യങ്ങളെ പുനപരിശോധിക്കുകയായിരുന്നു ഇസ്‌ലാമിന്റെ മതകീയ കരിക്കുലത്തിന്റെ ഭാഗമായി ലോജിക് ചെയ്തത്. ഇൽമുൽ കലാമിലാണ് ഇത്തരത്തിൽ ലോജികിന്റെ വലിയ സ്വാധീനം കാണാനാവുക. വിധിയെക്കുറിച്ചും, സ്വാതന്ത്ര്യത്തെക്കുറിച്ചും, ഇമാമേറ്റിനെക്കുറിച്ചുമൊക്കെയുള്ള നിരവധി വിഷയങ്ങളിൽ വാദപ്രതിവാദങ്ങൾ നിരത്താൻ അവരുപയോഗിച്ച ശൈലിയായിരുന്നു ഇൽമുൽ കലാം. ക്ലാസിക്കൽ ഗ്രന്ഥങ്ങളിൽ രചയിതാക്കൾ ഇസ്‌ലാമിക തത്വചിന്തയുടെ തർക്കപ്രശ്‌നങ്ങളിൽ നിരവധി വാദങ്ങൾ നിരത്തുകയും അവയിൽ തന്റെ ഭാഗത്തെ ശക്തിപ്പെടുത്തുന്ന വാദങ്ങൾ ഖുർആനിന്റെയും ഹദീസിന്റെയും വെളിച്ചത്തിൽ സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് പൊതുവെ പിന്തുടരുന്നത്. അതിനാൽ തന്നെ വ്യത്യസ്ത സംവാദങ്ങളുടെ രേഖയായി ഇത്തരം ഗ്രന്ഥങ്ങൾ അവശേഷിച്ചു.

പിന്നീട് ഏകദേശം 1300 കളിലാണ് കലാമിന്റെ ശൈലി മാറുന്നത്. അതു വരെ മതവിശ്വാസത്തിന്റെ ഭാഗമായി മനസ്സിലാക്കപ്പെട്ടിരുന്ന ഈയൊരു ശാസ്ത്രശാഖ മതവിശ്വാസത്തിനു പകരം മതവിശ്വാസത്തെ മനസ്സിലാക്കാനുള്ള മാർഗമായി കരുതപ്പെടാൻ തുടങ്ങി. ദൈവശാസ്ത്ര പണ്ഡിതർ ലോജികിനെയും, എപിസ്റ്റമോളജിയെയും, മെറ്റാഫിസിക്‌സിനെയുമെല്ലാം സമം ചേർത്തുള്ള ചർച്ചകളിലേക്ക് വഴിമാറുന്നതും ഇക്കാലത്താണ്. മതകീയ വിശ്വാസ സംബന്ധിയായ കാര്യങ്ങൾ കലാമിന്റെ ഭാഗമായി തന്നെയുള്ള സംഇയ്യാത്തിനു കീഴിലായി വായിക്കപ്പെടാൻ തുടങ്ങി. അതുപ്രകാരം ദൈവശാസ്ത്രത്തിന്റെ പ്രധാന പാഠ്യവിഷയം ദൈവശാസ്ത്രത്തിനു പകരം ദൈവശാസ്ത്രത്തിന്റെ മെത്തഡോളജിയായി മാറുകയും ചെയ്തു.

ഇതേ പ്രതിഭാസം ഉസൂലുൽ ഫിഖ്ഹ് പോലുള്ള ഇതര ശാസ്ത്ര മേഖലകളിലും സംഭവിക്കുന്നുണ്ട്. എനിക്കറിയാവുന്നിടത്തോളം ഇസ്‌ലാമിക പണ്ഡിതന്മാർ ഇത്തരമൊരു മാറ്റത്തിനുള്ള കാരണം കൃത്യമായി വിവരിക്കുന്നില്ല. ഇതേ കാര്യം തന്നെ യൂറോപ്പിലും തദാ സംഭവിക്കുന്നുണ്ട് താനും. ഇത്തരമൊരു മാറ്റത്തിലേക്ക് വഴി നടത്തിയ കാരണമെന്തുതന്നെയായാലും അത്തരമൊരു മാറ്റം ഇസ്‌ലാമിനെ സംബന്ധിച്ച് പ്രധാനമായിരുന്നു. കർമ്മശാസ്ത്രം, ഭാഷ, യുക്തി, മുൻകാല പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങൾ തുടങ്ങി ആഴമേറിയ പഠനങ്ങളുടെ നീണ്ട പാരസ്പര്യബന്ധങ്ങളുടെ കൂടെ ഭാഗമാണ് ഫിഖ്ഹ്. യുക്തിയും, ഭാഷാശാസ്ത്രത്തെയും സംയോജിപ്പിച്ചു കൊണ്ടുള്ള ഈ സമീപനം വിദ്യാർഥികളുടെ അറിവുകളെ ആഴത്തിൽ സ്വാധീനിക്കുകയാണ് ചെയ്തത്. അതു കൊണ്ടു തന്നെ ആത്മാർഥമായ വിയോജിപ്പുകൾ അത്യാവശ്യമായിരുന്നു. അവ തങ്ങൾ ദൈവത്തിന്റെ ദാസന്മാരാണെന്നും ഉപദേഷ്ടാക്കളല്ലെന്നും വ്യക്തമാക്കിത്തരുന്നു.

വിയോജിപ്പിന്റെ കൂടുതൽ സമൂലമായ വ്യാഖ്യാനം ഇസ്ലാമിക ലോകത്തെ ഒരേ സമയം സ്വാധീനിച്ചു എന്നത് ശ്രദ്ധിക്കേണ്ടതാണ്, ഇബ്‌നു അറബിയുടെ വഹ്ദതുൽ വുജൂദ് തന്നെ ഉദാഹരണം. ഏതൊരു ജീവജാലങ്ങളിലും ദൈവത്തിൻറെ ചില വശങ്ങളെക്കുറിച്ചുള്ള പ്രകടനങ്ങൾ കാണാമെന്ന ഇബ്‌നു അറബി വാദിച്ചു. മനുഷ്യർക്ക്, മറ്റു സൃഷ്ടികളിൽ നിന്ന് വ്യത്യസ്തമായി ദൈവത്തിലേക്ക് പുരോഗമിക്കാൻ സാധിക്കും. പക്ഷേ, എല്ലാവരുടെയും ദൈവീക വീക്ഷണം ഒരുപോലെയായിരിക്കില്ലെന്ന് മാത്രം. ഇതൊരിക്കലും ആത്യന്തികമായി ഒരു ശരി എന്ന തത്വത്തിൽ നിന്നും മാറിയുള്ളതാണെങ്കിലും സൂഫികൾ ഇത്തരമൊരു വൈവിധ്യ ദർശനങ്ങളെ സ്വീകരിക്കുകയായിരുന്നു ചെയ്തത്. ചുരുക്കത്തിൽ, മധ്യകാല ഇസ്‌ലാമിക ജ്ഞാനപാരമ്പര്യത്തിന് മതപരമായ ഏകതാനത സൃഷ്ടിക്കാൻ സാധിച്ചിരുന്നു. സഹിഷ്ണുതയോടെയുള്ള ഇത്തരം വിയോജിപ്പുകൾ വ്യാഖ്യാനങ്ങളുടെ വ്യത്യസ്ത മാനങ്ങളെ ഉൾകൊള്ളിക്കാൻ പ്രാപ്തമായിരുന്നു. ക്രമേണ, ഇസ്‌ലാമിക കരിക്കുലത്തിൽ പ്രധാന ഭാഗധേയം നിർവഹിക്കാൻ അവക്കായി. പ്രാദേശിക സംസ്‌കാരത്തെ ഉൾകൊള്ളാനും അവയോട് സഹജസ്വഭാവം പ്രകടിപ്പിക്കാനും മുസ്ലിം പണ്ഡിതർ മുന്നോട്ടു വന്നു.


വിയോജിപ്പ് : സമകാലിക ഇസ്‌ലാമിൽ

കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകളിലായി മധ്യകാല സമീപനങ്ങൾക്ക് സമൂലമായ മാറ്റം വന്നതായി കാണാം. പുതിയ രൂപത്തിൽ പഴയകാല തർക്കങ്ങൾ അതീവ പ്രാധാന്യത്തോടെ തന്നെ തിരിച്ചുവരികയാണ്. ഇതിനെ പലരീതിയിൽ വിശകലന വിധേയമാക്കാം.

അതിലൊന്നാണ് പരമ്പരാഗത വിദ്യാഭ്യാസത്തിനേറ്റ തകർച്ച. കൊളോണിയലിസവും, ആധുനികവത്കരണവും, സെക്യുലറിസവുമെല്ലാം വലിയ തോതിൽ ഇസ്‌ലാമിക പാരമ്പര്യ വിദ്യാഭ്യാസ സംവിധാനത്തെ ക്ഷയിപ്പിച്ചിട്ടുണ്ട്. ആധുനിക ദേശരാഷ്ട്രങ്ങളുടെയും കൊളോണിയൽ അധിനിവേശങ്ങളുടെയും ദ്രംഷ്ടയിൽ പാരമ്പര്യ ഇസ്‌ലാമിക വിദ്യഭ്യാസമാനങ്ങൾക്ക് കാര്യമായ ക്ഷതമാണ് സംഭവിച്ചത്. മതപണ്ഡിതന്മാരേകേണ്ട പ്രഗൽഭരായ വിദ്യാർത്ഥികൾ ലാഭകരമായ കരിയറുകൾ തേടി ആധുനികമായ യൂണിവേഴ്‌സിറ്റികളിലേക്കും ഇതര സംവിധാനങ്ങളിലേക്കും മുന്നിടുകയാണ് ചെയ്യുന്നത്. ചിലയിടങ്ങളിൽ പാരമ്പര്യ മദ്രസാ സംവിധാനം തന്നെ താറുമാറാകുകയോ, സാമൂഹികമായ ഇതര വ്യവസ്ഥകൾക്ക് കീഴ്‌പ്പെടുകയോ ആണ് ചെയ്തത്.

ഇന്ത്യനേഷ്യ ഇതിനൊരുദാഹരണമാണ്. സർക്കാർ ചെലവിൽ പ്രവർത്തിക്കുന്ന ഇസ്‌ലാമിക സംവിധാനങ്ങളിലൂടെ അറബിയെക്കാൾ സർക്കാർ ഐഡിയോളജി അറിയുന്ന മതകാര്യ ഉദ്യോഗസ്ഥരെ നിർമ്മിക്കാനാണ് അവർ ശ്രമിച്ചത്. എനിക്കറിയാവുന്നിടത്തോളം ഇന്ത്യ, ഇറാൻ, ഇറാഖ്, ഈജിപ്ത് തുടങ്ങി ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമാണ് പാരമ്പര്യ ഇസ്‌ലാമിക രീതി ശാസ്ത്രം പിന്തുടർന്ന് ഇന്നും അധ്യാപനം നിലനിൽക്കുന്നത്.

ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ സാക്ഷരത വർധിക്കുകയും, പ്രധാന ഇസ്‌ലാമിക സ്രോതസ്സുകളെല്ലാം കുറഞ്ഞ വിലയിൽ എല്ലാ ഇസ് ലാമിക, യൂറോപ്യൻ ഭാഷകളിലും ലഭ്യമാകുകയും ചെയ്തിരിക്കുകയാണ്. അതിന്റെ ഫലമെന്നോണം പുതിയ സംശയങ്ങളും ചോദ്യങ്ങളും അധികരിക്കുകയും ചെയ്തു. അതുപോലെ തന്നെ നഗരങ്ങളും രാഷ്ട്രങ്ങളും തമ്മിലുളള ദൂരം കുറഞ്ഞുകുറഞ്ഞു വന്നു. ഇരുനൂറ് വർഷങ്ങൾക്കു മുമ്പ് മുൾത്താനും ടെഹ്‌റാനും തമ്മിലുള്ളതിനേക്കാൾ ദൂരം കുറവാണ് ഇന്ന് മലേഷ്യക്കും നൈജീരിയക്കുമിടയിൽ എന്നു കൂടി ചേർത്തുവായിക്കണം. അതുകൊണ്ടു തന്നെ സ്വന്തം ആചാരാനുഷ്ടാനങ്ങളെ മുസ്‌ലിംകൾ തങ്ങളുടെ മതത്തിന്റെ അടിസ്ഥാന തത്വങ്ങളോട് അന്വയിച്ചുവായിച്ചുവെന്നതിൽ ഇതര മുസ്ലിങ്ങൾ സമൂഹങ്ങൾക്ക് അത്ഭുതപ്പെടാനൊന്നുമില്ല.


നിയോ ഹമ്പലിസത്തിന്റെ ഉദയം

കർക്കശവും, വിരസവുമായ ഇസ്‌ലാം ഇസ്‌ലാമിക ലോകത്തെ പിടിമുറുക്കാൻ തുടങ്ങിയത് അടുത്തകാലത്താണ്. ഹമ്പലി, വഹാബി പാരമ്പര്യത്തിൽ നിന്നു കൊണ്ട് രൂപപ്പെട്ട ഈയൊരു ഇസ്‌ലാം വളരെ വേഗം പടരാൻ തുടങ്ങി. ക്ലാസിക്കൽ ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ പദാനുപദ വ്യാഖ്യാനങ്ങളിലൂടെയും ഇതര-ഗ്രന്ഥ/ശൈലീ നിരാസത്തിലൂടെയും ദ്രുതഗതി പ്രാപിച്ച നിയോ ഹമ്പലിസം ഇതര മദ്ഹബുകൾക്കും സംസ്‌കാരങ്ങൾക്കുമെതിരിൽ അസഹിഷ്ണുത പുലർത്തുകയും അവയെ നിരസിക്കുകയുമാണ് ചെയ്തത്. ഹമ്പലി ധാര പ്രാഥമികമായി തന്നെ യുക്തിയെ മാറ്റിനിർത്തിയിരുന്നതായി കാണാം. അതുകൊണ്ടുതന്നെയായിരിക്കണം ഈയൊരു ധാരക്ക് അധികം അനുയായികൾ ഇല്ലാതിരുന്നത്. സൗദി പോലൊരു ഹമ്പലി സരണി പിന്തുടരുന്ന രാജ്യം വളരെ വേഗം ഇത്തരമൊരു വഹാബി പ്രസ്ഥാനത്തോട് ചേർന്നുനിന്നത്.

എന്തുകൊണ്ട് നിയോഹമ്പലികൾ ലോകത്ത് പ്രബലമായി എന്നതിന് മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്. പദാർഥ വ്യാഖ്യാതാക്കളായത് കാരണത്താൽ തന്നെ ഒരു കാര്യം ചെയ്യണം, അല്ലെങ്കിൽ ചെയ്യരുത് എന്നു വിശദീകരിക്കാൻ ഹദീസിന്റെയോ ഖുർആനിന്റെയോ പ്രത്യക്ഷ രീതിശാസ്ത്രം തന്നെ നിയോ ഹമ്പലികൾക്ക് മതിയായിരുന്നു. ഖുർആനും ഹദീസും മാത്രമാണ് ദീനിന്റെ അടിസ്ഥാന മൂല്യങ്ങൾ എന്നും അവക്കപ്പുറത്തുള്ളത് ചെയ്യരുത് എന്ന വാദവും ശ്രദ്ധയാകർഷിച്ചതാണ്. എന്നിരുന്നാലും നിയോ ഹമ്പലികളുടെ അടിസ്ഥാനത്തെ പ്രതിയുള്ള ചർച്ചകൾ അത്ര എളുപ്പമല്ല, മധ്യകാല ബൗദ്ധിക പൈതൃകത്തിലേക്കിറങ്ങിയുള്ള ആഴമുള്ള വായനകൾ അതിനാവശ്യമാണ്.


ചില പ്രതിഫലനങ്ങൾ

ഒരു അമുസ്‌ലിമായത് കൊണ്ടു തന്നെ മുസ്‌ലിംകൾ തങ്ങളുടെ സാമൂഹിക ഐക്യത്തിനായി എന്താണ് നന്മ എന്താണ് തിന്മ എന്ന് വിശദീകരിക്കാൻ ഞാൻ അർഹനല്ല. പക്ഷേ, ഈയൊരു പ്രതിസന്ധിമറികടക്കാൻ രണ്ടു വ്യത്യസ്തമായ അവലംബങ്ങളെ നിർദേശിച്ചു കൊണ്ട് ഇത് അവസാനിപ്പിക്കാം.

ഒന്ന്, ഇസ്‌ലാമിക ജ്ഞാനപാരമ്പര്യം ഒരിക്കലും അവമതിക്കാൻ കഴിയില്ല. പാരമ്പര്യ ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തെ പ്രതി അക്ഷമരാവാൻ എളുപ്പമാണ്. ഇസ്‌ലാമിക ജ്ഞാനപാരമ്പര്യത്തെ പഴഞ്ചനും, കുടുസ്സും പുതിയ കാലപ്രശ്‌നങ്ങളോട് വളരെ മന്ദഗതിയിൽ സമീപിക്കുന്നതായും അനുഭവപ്പെട്ടേക്കാം. മാത്രമല്ല, പരമ്പരാഗതമായ ഈ രീതി ശാസ്ത്രത്തിനു കീഴിൽ ഉത്ഭവിച്ച കുഞ്ഞുകുഞ്ഞു കാര്യങ്ങളിലെ വലിയ ചർച്ചകൾ മുസ്‌ലിംകൾക്ക് നിസ്സാരവും, അനർഥവുമായും തോന്നിയേക്കാം. മുസ്‌ലിം ആധുനിക വാദികളും, മൗലിക വാദികളും ഈയൊരു ജ്ഞാനപാരമ്പര്യത്തെ എതിർക്കാനാണ് പലപ്പോഴും ശ്രമിക്കാറ്.

ഈജിപ്തിലേക്ക് തന്നെ നോക്കാം, സെക്ക്യുലറിസ്റ്റുകളും, ഇസ്‌ലാമിക് വിപ്ലവമുന്നേറ്റ പാർട്ടികളും ഒരുപോലെ അൽ-അസ്ഹർ പണ്ഡിതന്മാരെ എതിർക്കുന്നതായും അവരുടെ ജ്ഞാന ശാസ്ത്രശ്രേണിയെ നിരാകരിക്കുന്നതായും കാണാം. യഥാർഥത്തിൽ, ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തെ എതിർക്കപ്പെടണമെന്ന് ഞാനൊരിക്കലും വിശ്വസിക്കുന്നില്ല. മറിച്ച്, മധ്യകാല പണ്ഡിതന്മാർക്ക് തങ്ങൾക്ക് നിലവിലുള്ള സ്രോതസ്സുകളിൽ നിന്ന് എങ്ങനെ ഒരു തീർപ്പിലെത്താമെന്ന് നന്നായി അറിയാമായിരുന്നു. അവരുടെ യുക്തിയുടെ പരിമിതികളെക്കുറിച്ചും, എന്താണ് തങ്ങളുടെ സരണിയെന്നും വ്യക്തമായി അറിവുള്ളവരായിരുന്നു അവർ. അവർ ഉത്തരവാദിത്വബോധമുള്ളവരും, വ്യാഖ്യാനങ്ങളുടെ ആവശ്യകതയെ തിരിച്ചറിഞ്ഞവരുമായിരുന്നു.

മതമൗലികവാദികളും, മോഡേണിസ്റ്റുകളും ട്രഡീഷണൽ പണ്ഡിതന്മാർക്കെതിരെ ഒരുപോലെ എതിരായത്, ടെക്സ്റ്റുകളെ അധിക വ്യാഖ്യാനപരതയൊന്നുമില്ലാതെ സമീപിക്കാനായിരുന്നു. ഖുർആനിന്റെയും ഹദീസിന്റെയും പ്രത്യക്ഷവായനക്കപ്പുറത്തുള്ള വിഷയങ്ങളിലായിരുന്നു വിയോജിപ്പുകൾ പ്രകടമായിരുന്നത്. അത്തരം വായനകൾ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമായിരുന്നു ചെയ്തത്. ഇന്ത്യോനേഷ്യയിൽ തന്നെ സർക്കാർ മതസ്ഥാപനങ്ങളിൽ ഇജ്തിഹാദിനെ സാമാന്യവത്കരിക്കാനുള്ള ശ്രമം ഇത്തരമൊരു സമീപനത്തിന്റെ ഭാഗമായിരുന്നു. അങ്ങനെ, സർക്കാർ നയങ്ങളെ വെള്ളപൂശുന്ന നിലയിലുള്ള ആഖ്യാനനിർമ്മിതിക്കാണ് ശ്രമിച്ചത്. ഇങ്ങനെയൊരു പാരമ്പര്യ രീതി ഇസ്‌ലാമിന് ഇല്ലായിരുന്നുവെങ്കിൽ ഖുർആനും ഹദീസും തങ്ങളുടെ മുൻവിധികളും, മുൻധാരണകളും പ്രകടിപ്പിക്കാവുന്ന ഒരു സ്‌ക്രീൻ് മാത്രമായി ചുരുങ്ങിപ്പോകുമായിരുന്നു.

രണ്ട്, ഞാൻ തിരിച്ചറിയുന്നിടത്തോളം, പാശ്ചാത്യ നാടുകളിൽ ജീവിക്കുന്ന മുസ്‌ലിംകളാണ് പുതിയ കാലത്ത് ഇത്തരം സമവായങ്ങൾക്ക് ഇസ്‌ലാമിക ലോകത്ത് ചുക്കാൻ പിടിക്കുന്നത്. എണ്ണത്തിൽ കുറവാണെങ്കിലും, അവർ വിജയകരമായ ഒരു സമൂഹമായി മാറി എന്നതിൽ തർക്കമില്ല. തീർത്തും പുതിയൊരു സംസ്‌കാരത്തിലെ ന്യൂനപക്ഷ ജനവിഭാഗമായതു കൊണ്ടു തന്നെ അവർ ഇസ്‌ലാമിക ജ്ഞാനപൈതൃകത്തെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങളോടും ആശയങ്ങളോടും മല്ലിട്ടുകൊണ്ടിരിക്കുകയാണ്.
പള്ളികൾക്ക് വൈവിധ്യങ്ങളുടെയും, സാംസ്‌കാരിക വ്യത്യസ്തതകളുടെയും, ആധുനികതയുടെയും, സഹവർത്തിത്തത്തിന്റെയും സ്ത്രീ ഉന്നമനത്തിന്റെയും പ്രശ്‌നങ്ങളെ ഇതര മതവിശ്വാസികളുടെ സ്വീകാര്യതക്കായി പുതിയ രീതിയിൽ വ്യാഖ്യാനിക്കേണ്ടിവന്നു. അങ്ങനെ പണ്ഡിതന്മാർക്ക് ഇത്തരം പ്രശ്‌നങ്ങളെയെല്ലാം അഭിമുഖീകരിക്കാൻ പുതിയ വഴികൾ സ്വീകരിക്കേണ്ടതായി വന്നു. വൈവിധ്യപൂർണ്ണമായ ഈ സഹവർത്തിത്തിൽ നിന്നും മുസ്‌ലിംകൾ പുതിയൊരു രീതിശാസ്ത്രം മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു.

വിവ: അഫ്സൽ മേൽമുറി

ജോൺ വാൽബ്രിജ്

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.