Thelicham

നിര്‍മിത ബുദ്ധിയുടെ ദൈവശാസ്ത്രമാനങ്ങള്‍

അബ്രഹാമിക് സരണിയുടെ പിന്മുറക്കാര്‍ എന്ന നിലയില്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിക വചനങ്ങളില്‍ ഇബാറഹിം നബിയുടെ ചരിത്രങ്ങള്‍ പലവുരു അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരദ്ധ്യായത്തില്‍ ഇബ്രാഹീം നബി വിഗ്രഹാരാധകനായ തന്റെ പിതാവിനോട് ചോദിക്കുന്ന പ്രസക്തമായൊരു ചോദ്യം ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ‘എന്റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു? എന്ന്. മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളിലും നിര്‍മ്മിത ബുദ്ധിയെ ആശ്രയിക്കുന്ന ഈ കാലത്ത്, എല്ലാം കാണുകയും കേള്‍ക്കുകയും, ആവശ്യങ്ങള്‍ക്ക് പ്രതിവിധി കാണുകയും ചെയ്യുന്നവരുടെ ഗണത്തിലേക്ക് നിര്‍മ്മിത ബുദ്ധിയെ പരികല്പന ചെയ്തുകൊണ്ടിരിക്കുകയാണ് അക്കാദമിക ലോകത്തെ ചില ചര്‍ച്ചകള്‍. എന്തൊരു ആവശ്യത്തിനും ദൈവത്തിലേക്ക് കണ്ണ് പായിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ നിന്ന് ഇന്ന്, സ്വമനസ്സോടെയോ അല്ലാതെയോ ഓരോ വ്യക്തിയും സ്വന്തമായൊരു ചിന്താശേഷി വികസിപ്പിച്ച് കഴിഞ്ഞെന്ന് തോന്നിപ്പിക്കുന്ന ഡിജിറ്റല്‍ സങ്കേതങ്ങളിലേക്കോ ആരുടേയോ ഇച്ഛകള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച് രൂപപ്പെടുത്തിയ അല്‍ഗോരിതങ്ങള്‍ക്ക് പിന്നാലെയോ പോകുന്ന സ്ഥിതിവിശിഷമാണ് നിലവിലുള്ളത്. മനുഷ്യര്‍ മെഷീനുകളെ പൂജിക്കുന്ന ഈ സ്ഥിതിവിശേഷത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലെ ഇസ്‌ലാമിക വീക്ഷണങ്ങളെ മനനം ചെയ്യാനാണ് ഈ അധ്യായത്തിലൂടെ ഞാന്‍ ലക്ഷ്യമാക്കുന്നത്. തീര്‍ത്തും ദൈവകേന്ദ്രീകൃതമായൊരു ലോകവീക്ഷണമാണ് ഇസ്ലാമിന്റേത്. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ആദ്യ ദൈവിക വെളിപാട് മുതല്‍ സ്ഥായിയായി നിലനില്‍ക്കുന്ന ആശയമാണ് ദൈവത്തിന്റെ ഏകത്വം (tawhid). ഇതോടൊപ്പം ദൈവത്തിന്റെ പരമമായ സാരവും (absolute essence) ഗുണങ്ങളും പ്രവര്‍ത്തനങ്ങളും അതിന്റെ പൂര്‍ണ സവിഷേതകളോടെയും സ്ഥിരീകരിക്കുക കൂടി ചെയ്യുന്നു. ദൈവിക സൃഷ്ടികളില്‍ മനുഷ്യരെ വ്യതിരക്തമാക്കുന്ന തരത്തില്‍ ദൈവം മനുഷ്യരില്‍ സന്നിവേശിപ്പിച്ച സവിശേഷതകളാണ് ബുദ്ധിയും സംസാരശേഷിയും. ഇവയാണ് നൈതികവും മതപരവുമായ മനുഷ്യന്റെ സര്‍വ്വ ഉത്തരവാദിത്തങ്ങളുടെയും അടിസ്ഥാനം. ഇതിനാല്‍ ഇസ്‌ലാമിക തത്ത്വചിന്തകര്‍ ഇന്ദ്രിയ, ഗ്രാഹ്യബോധ (perceptual), ചിന്താത്മക കഴിവുകളുടെ സ്വഭാവത്തെ ഏറെ വിശദമായ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും വിധേയയമാക്കിയിട്ടുണ്ട്. കാരണം ഇവയാണ് ശരിയായ അറിവിനും സമ്പൂര്‍ണമായ വിവേകത്തിനും അടിത്തറയായി നിലകൊള്ളുന്നത്.

നിര്‍മ്മിത ബുദ്ധി ഇസ്‌ലാമിന്റെ ദൈവ കേന്ദ്രിത (theocentric) ലോകദര്‍ശനത്തിനു നേരെ ഉയര്‍ത്തുന്നത് കേവലം ദാര്‍ശനികമായ സമസ്യകള്‍ക്കുമപ്പുറം, അസ്തിത്വപരവും ആദ്ധ്യാത്മികവുമായ ധാരാളം ചോദ്യങ്ങളാണ്. കെവിന്‍ ലഗ്രാന്‍ഡ്യൂനിന്റെ അഭിപ്രായപ്രകാരം എ.ഐ സംബന്ധിയായ പഠനങ്ങളുടെ ലക്ഷ്യം തന്നെ പ്രകൃതിയെ പൂര്‍ണമായി മാനിപ്പുലേറ്റ് ചെയ്യാനാവുന്ന ദൈവസമാനമായ ശേഷികളുള്ള ഒരു പ്രതിനിധിയെയോ നമ്മുടെ തന്നെ വിപുലമായൊരു പ്രതിരൂപത്തെയോ സൃഷ്ടിക്കുക എന്നതാണ്. ഇതോടൊപ്പം, ‘കാണുന്ന, കേള്‍ക്കുന്ന, സ്വയം പ്രവര്‍ത്തിക്കുന്ന’ ഡിജിറ്റല്‍ സങ്കേതങ്ങളെ മനുഷ്യന്‍ അവന്റെ ആവശ്യകതകളുടെ ഇടനിലക്കാരനാക്കുന്നതിലൂടെ അറിവിന്റെ സ്വഭാവത്തെയും യന്ത്രബുദ്ധിയുടെ സത്വപരമായ സ്ഥാനത്തെയും ചിന്താശേഷിയെയും കുറിച്ചുള്ള ഗൗരവമായ ജ്ഞാന ശാസ്ത്രപരമായ ചോദ്യങ്ങളാണ് ഉയര്‍ന്നുവരുന്നത്. കാരണം, ഭാവിയില്‍ മനുഷ്യര്‍ക്കും ജൈവ സൃഷ്ടികള്‍ക്കും മാത്രമായി ഇന്ന് നാം കല്പിച്ച് നല്‍കുന്ന പലവിശേഷണങ്ങളും എ.ഐക്ക് കൂടി ചേര്‍ത്ത് പറയേണ്ടിവരുകയും അത് നമ്മുടെ ചിന്താപരമായും വിവേകപരമായും ഇന്ന് നില നില്‍ക്കുന്ന പല വസ്തുതകള്‍ക്കും എതിരായിത്തീരുകയും ചെയ്യും. മെഷീന്‍ ലേര്‍ണിംഗിലൂടെ ഇന്ന് അറിവുല്‍പ്പാദനത്തില്‍ ഉണ്ടായിട്ടുള്ള കുതിച്ചുചാട്ടം അല്പം പോലും വിസ്മരിക്കപ്പെടേïതല്ല. ബ്രൂസ് മക്ലെനന്‍ (Bruce MacLennan) പറയുന്നത് neutral networks മനുഷ്യന്റെ ദാര്‍ശനികമായ ചരിത്രത്തില്‍ 2,500 വര്‍ഷത്തിനുശേഷം ആദ്യമായി അറിവിന്റെ മറ്റൊരു ശാസ്ത്രീയ സിദ്ധാന്തം നമുക്ക് നല്‍കി എന്നാണ്. എ. ഐയുടെ ഉദയം ലോകത്തിന്റെ സമ്പൂര്‍ണ കൃത്രിമവല്‍കരണത്തിലേക്കുള്ള ഒരു പുതിയ വഴിയാണ് തുറന്നു വെച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് ഇസ്‌ലാമിക വീക്ഷണകോണില്‍ നിന്ന് ശക്തമായ എപിസ്റ്റമോളജിക്കലും മെറ്റാഫിസിക്കലുമായ ഗവേഷണങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഇസ്‌ലാമും നിര്‍മ്മിത ബുദ്ധിയും തമ്മിലുള്ള ഓരോ വിഷയവും എ.ഐ സംബന്ധിയായ വ്യതിരിക്തമായ ധാര്‍മികവും രാഷ്ട്രീയവുമായ പല നാടകീയതകള്‍ക്കിടയില്‍ മറഞ്ഞു കിടക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യം.

ഇസ്‌ലാമും നിര്‍മ്മിത ബുദ്ധിയും: പഠനങ്ങള്‍

നിര്‍മ്മിത ബുദ്ധിയുടെ ആശയവികാസത്തിലും സാങ്കേതിക വളര്‍ച്ചയിലും പാശ്ചാത്യ തത്ത്വചിന്തയുടെയും സംസ്‌കാരത്തിന്റെയും പങ്ക് അനിര്‍വചനീയമാണ്. അതിനാല്‍തന്നെ ജൂഡോ-ക്രിസ്ത്യന്‍ ചിന്താധാരകളുടെയും തത്വചിന്തയുടെയും പ്രതിഫലനങ്ങള്‍ നിര്‍മ്മിത ബുദ്ധിയെ സംബന്ധിച്ച ഓരോ ചര്‍ച്ചയിലും നിഴലിച്ചു കാണുന്നുണ്ട്. പാശ്ചാത്യ ലോകവീക്ഷണത്തിലൂന്നിയതിനാല്‍ തന്നെ എ.ഐക്ക് പിന്നിലുള്ള ആശയാഭിലാഷങ്ങളോരോന്നും പാശ്ചാത്യ സംസ്‌കാരവുമായി ഇഴപിരിഞ്ഞു കിടക്കുന്നതാണ്. ഡെസ്പിന കകൗഡാക്കി (Despina Kakoudaki)യുടെ അഭിപ്രായത്തില്‍ ജ്ഞാനോദയകാലം മുതല്‍ വര്‍ത്തമാന കാലഘട്ടം വരെ ഉïായ ഒരോ ചര്‍ച്ചയിലും അന്തര്‍ലീനമായി ചില താല്പര്യങ്ങളുടെ ആവര്‍ത്തനവും അത് സൃഷ്ടിക്കുന്ന ചരിത്രാധീതമായൊരു വ്യവഹാര തുടര്‍ച്ചയും നമുക്ക് കാണാനാവും. പ്രകൃതിയെ പൂര്‍ണമായി വരുതിയിലാക്കുക, ആദമിന് ദൈവം നല്‍കിയ പരമോന്നമായ ജ്ഞാനത്തെ പുന:സൃഷ്ടിക്കുക, ജൈവിക പരിമിതികളെ പൂര്‍ണമായി മറികടക്കുക, ആത്യന്തികമായ അമരത്വം നേടിയെടുക്കുക എന്നിവയാണ് പാശ്ചാത്യ ലോകവീക്ഷണത്തില്‍ സാങ്കേതികവിദ്യയുടെയും ശാസ്ത്രത്തിന്റെയും പരമമായ താല്പര്യങ്ങള്‍. നിര്‍മ്മിത ബുദ്ധിയുടെ കടന്ന് വരവോടുകൂടെ ഈ ആവശ്യങ്ങളോരോന്നും യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ താല്പര്യങ്ങളോരോന്നും ഇസ്‌ലാമിക ദര്‍ശനങ്ങളില്‍ നിന്ന് ഏറെ വ്യതിരക്തമാണ്. ഇസ്‌ലാമിക ദാര്‍ശനികതയില്‍ സൃഷ്ടിപരവും ആധിപത്യപരവുമായ ഈ താല്പര്യങ്ങളോരോന്നും ദൈവിക നിയന്ത്രണത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നാണ്. ഇതോടൊപ്പം സാങ്കേതികവിദ്യയുടെ ഓരോ വികാസപ്രവര്‍ത്തിയും ഇസ്‌ലാമിക ശരീഅത്തിന്റെ പരിധിയിലായിരിക്കുകയും വേണം. അതിനാല്‍തന്നെ എ. ഐയുടെ വളര്‍ച്ചയെ സംബന്ധിച്ചും വ്യത്യസ്തമായ ദാര്‍ശനിക വ്യവഹാരങ്ങളില്‍ എ.ഐ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന സംജ്ഞകളെക്കുറിച്ചും ഇസ്‌ലാമിക വീക്ഷണകോണില്‍ നിന്നുള്ള പഠനങ്ങള്‍ വലിയ തോതില്‍ അക്കാദമിക വ്യവഹാരങ്ങളിലേക്ക് വന്നു ചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

നിര്‍മ്മിത ബുദ്ധിയെയും മനുഷ്യന്റെ ധൈക്ഷണികതയെയും ഖുര്‍ആനിക വീക്ഷണത്തിലൂടെ നോക്കിക്കാണുന്ന മഹ്‌മൂദ് ദൗദി (Mahmoud Dhaouadi) യുടെ 1992-ല്‍ പ്രസിദ്ധീകരിച്ച ഒരു സാമൂഹ്യശാസ്ത്ര പ്രബന്ധമാണ് എ.ഐയും ഇസ്‌ലാമും എന്ന വിഷയത്തില്‍ നമുക്ക് ലഭ്യമായതില്‍ വെച്ച് ഏറ്റവും ആദ്യത്തെ കൃതി. ദൗദി ഈ ലേഖനത്തില്‍ എ.ഐയുടെ കുറവുകള്‍ ചൂïിക്കാണിക്കുന്നതിന് പകരം മനുഷ്യന്റെ ധിഷണാ ശക്തിയുടെ വൈപുല്യം വിശദീകരിക്കാനാണ് പ്രധാനമായി ശ്രമം നടത്തുന്നത്. ദൗദിയുടെ നിരീക്ഷണത്തില്‍ മനുഷ്യ ബുദ്ധിയും നിര്‍മ്മിത ബുദ്ധിയും തമ്മില്‍ അളക്കാനാവാത്തവിധമുള്ളൊരു അന്തരം നിലനില്‍ക്കുന്നുണ്ട്. കാരണം സാംസ്‌കാരിക പ്രതീകങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ മനുഷ്യനുള്ള ശേഷി നിര്‍മ്മിത ബുദ്ധിക്ക് തീര്‍ത്തും അപ്രാപ്യമായ ഒന്നാണ്. സംസ്‌കാരം എന്ന ഈ പ്രതിഭാസം തന്നെയാണ് മനുഷ്യനെ ഇതര ജീവി വര്‍ഗങ്ങളില്‍ നിന്നും വ്യത്യസ്തമാക്കി നിര്‍ത്തുന്നതും. ബുദ്ധിശക്തിയെയും ചിന്തയെയും കുറിച്ചുള്ള ഖുര്‍ആനിക വ്യവഹാരങ്ങളെ പലവുരു ദൗദി പരാമര്‍ശിക്കുന്നുണ്ട്. അതുപ്രകാരം മനുഷ്യബുദ്ധിയുടെ അതുല്യമായ സവിശേഷതകള്‍ ഓരോന്നും ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധികളെന്ന നിലയിലുള്ള മനുഷ്യരാശിയുടെ ശ്രേഷ്ഠമായ പദവിയുടെ ഭാഗമാണ്. ദൈവിക വിധിവിലക്കുകളുടെ പരിധിക്കുള്ളില്‍ നിന്നുകൊï് അവ വികസിപ്പിക്കാനും പരിഷ്‌കരിക്കാനും രൂപാന്തരപ്പെടുത്താനും മനുഷ്യരാശിക്ക് പൂര്‍ണാധികാരം നല്‍കപ്പെട്ടിട്ടുണ്ട്. ദൗദിയുടെ അഭിപ്രായത്തില്‍, മനുഷ്യബുദ്ധി പരിണാമത്തിന്റെ ഒരു ഉല്‍പ്പന്നമല്ല. മറിച്ച് മനുഷ്യരാശിയുടെ സൃഷ്ടിയുടെ സമയത്ത് തന്നെ മനുഷ്യനില്‍ നിലനില്‍ക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ മനുഷ്യരാശിയുടെ ബുദ്ധിവിലാസം നിര്‍മ്മിത ബുദ്ധിയെന്നെല്ല മറ്റൊരു അസ്തിത്വത്തിനും എത്തിപ്പിടിക്കാന്‍ സാധ്യമല്ല. ഇതുപോലെ ആത്മാവിനെക്കുറിച്ചും ബുദ്ധിയെക്കുറിച്ചുമുള്ള പൂര്‍ണ്ണമായ അറിവ് മനുഷ്യന് പോലും എത്തിച്ചേരാനാകാത്തതാണെന്നും ഖുര്‍ആനിക സൂക്തങ്ങളുടെ വെളിച്ചത്തില്‍ ദൗദി പറഞ്ഞുവെക്കുന്നു. ഇതുകൊണ്ട് മനുഷ്യബുദ്ധിയുടെ ഉത്ഭവം, സ്വഭാവം, ഉദ്ദേശ്യം എന്നിവയെക്കുറിച്ചുള്ള ലൗകിക വിവരണങ്ങളുമായി ഖുര്‍ആനിക വീക്ഷണങ്ങള്‍ പൊരുത്തപ്പെടണമെന്നില്ല എന്ന് കൂടി ദൗദി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഈ അടുത്ത കാലത്ത് ഫറാസ് ഖാന്‍ ഇസ്‌ലാമിക വീക്ഷണത്തിലെ മനസ്സ് എന്ന ആശയത്തെ ഭൗതിക വിശദീകരണങ്ങള്‍ക്ക് വിവരിക്കാനാവുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഖാനിന്റെ വാദപ്രകാരം ഇന്ന് നാം മനസ്സ് എന്ന് കരുതുന്നത് പാരമ്പരാഗത വ്യവഹാരങ്ങളില്‍ ആത്മാവ് എന്ന് വിളിച്ചിരുന്ന ഒന്നാണ്. ആത്മാവിന്റെ അസ്തിത്വം സത്യമാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ എ.ഐയിലൂടെ സാധ്യമാവും എന്ന് പറയുന്ന ട്രാന്‍സ്ഹ്യൂമനിസം ഒരു വിശ്വസനീയമായ സിദ്ധാന്തമാണോ എന്നും, മനുഷ്യര്‍ക്ക് അഭൗതികമായൊരു ബുദ്ധി ഉണ്ടെന്ന വീക്ഷണത്തോടൊപ്പം ഭൗതികവാദവും നിലനില്‍ക്കുമോ എന്നും, ബോധം, ചിന്ത, യുക്തിബോധം എന്നിവ ആത്മാവിന്റെ അസ്തിത്വത്തിലേക്ക് വിരല്‍ ചൂടുന്നുണ്ടോ എന്നും ഖാന്‍ തന്റെ പഠനത്തിലൂടെ ചോദിക്കുന്നു. ഖാന്റെ അഭിപ്രായത്തില്‍, ആന്തരികമായ ഉദ്ദേശ്യശുദ്ധിയുടെ അഭാവമാണ് യന്ത്രങ്ങള്‍ക്ക് മനുഷ്യ സമാനമായ ബോധത്തിന്റെയും അതിന്റെ സവിശേഷതകളുടെയും സാധ്യത തന്നെ ഇല്ലാതാക്കിക്കളയുന്നത്. ഇതിനാല്‍ തന്നെ ബോധത്തെ സംബന്ധിച്ചുള്ള ഭൗതിക വിശദീകരണങ്ങള്‍ പര്യാപ്തമാണോ എന്നും ഖാന്‍ ചോദിക്കുന്നു. ഈ വാദങ്ങള്‍ക്ക് പുറമേ, ദൈവശാസ്ത്രജ്ഞനായ ഇമാം ഫഖ്‌റുദ്ദീന്‍ അല്‍-റാസിയെ പരാമര്‍ശിച്ച്, ബോധത്തിന്റെ ഏകത്വവും ലാളിത്യവും എന്നതിനെക്കുറിച്ചുള്ള ഒരു യുക്തിസഹമായൊരു വിവരണം ഖാന്‍ നല്‍കുന്നുണ്ട്. ഇവിടെ, ഐക്യവും ലാളിത്യവും ദാര്‍ശനിക പദങ്ങളാണ്. അതായത് മാനസിക അവബോധം ഏകീകൃതവും അവിഭാജ്യവുമാണ്. ഇതിനു വിപരീതമായി, മസ്തിഷ്‌കം ഭൗതിക ഭാഗങ്ങള്‍ ചേര്‍ന്ന ഒരു സംയുക്ത അസ്തിത്വമാണ്. ഇതോടൊപ്പം ഖാന്‍ ഇസ്‌ലാമിലെ ആത്മാവ് ഏന്നത് ശരീരാതീതം ആണെന്നും, ബോധം, ആഗ്രഹങ്ങള്‍, abstraction എന്നിവയുടെ സമ്പര്‍ക്ക കേന്ദ്രമാണെന്നും കൂടി പറഞ്ഞുവെക്കുന്നു. ഈയടുത്തായി പുറത്തു വന്ന ബിലിയാന പൊപോവ (Biliana Popova) യുടെ പഠനത്തില്‍ അവര്‍ ഇസ്‌ലാമിക തത്വശാസ്ത്രത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും വീക്ഷണകോണിലൂടെ എ. ഐയെ നോക്കിക്കാണാന്‍ ശ്രമിക്കുന്നുണ്ട്. പൊപോവയുടെ അഭിപ്രായത്തില്‍ അല്‍ഗോരിതങ്ങളുടെ സൂപ്പര്‍വൈസ്ഡ് പഠന രീതി ഇസ്‌ലാമിക തത്വശാസ്ത്രത്തിലെ ഫലാസിഫ ചിന്താസരണിയിലെ പണ്ഡിതരുടെ രീതികളോട് സാമ്യതയുള്ളതാണ്. അതേസമയം മേല്‍നോട്ടമില്ലാത്ത (Unsupervised) പഠനത്തെ അശ്അരി സരണിയുടെ അറിവുല്‍പാദന രീതിയിലെ പ്രായോഗിക വിചാരധാര (probabilistic judgement) യിലെ സാമ്യതകളുമായി അവര്‍ ബന്ധിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. ഈസാമ്യതകള്‍ തീര്‍ത്തും ആലങ്കാരികമാണെങ്കിലും, ദൈനംദിന ജീവിതത്തെ പോലും കൂടുതലായി ബാധിക്കുന്ന എ. ഐ വികസനങ്ങളുമായി ഇസ്‌ലാമിക പണ്ഡിതന്മാര്‍ കൂടുതലായി ഇടപഴകണമെന്ന് പൊപോവ ആവശ്യപ്പെടുന്നു. അലന്‍ ട്യൂറിംഗിന്റെ 1950-ലെ ‘ചിന്ത’എന്നതിന്റെ അര്‍ത്ഥം ഇനി വരുന്ന കാലത്ത് യന്ത്രങ്ങളെ ചിന്തിക്കാന്‍ പ്രാപ്തമായി കണക്കാക്കാന്‍ അനുവദിക്കുന്ന തരത്തില്‍ മാറുമെന്ന പ്രവചനം ഈ പഠനത്തില്‍ ശക്തമായി പ്രതിധ്വനിക്കുന്നുണ്ട്.

1.ഗുണാലന്‍ നടരാജന്‍ 2.ബ്രൂസ് മക്ലെനന്‍ 3.മഹ്‌മൂദ് ദൗദി 4.ഡെസ്പിന കകൗഡക്കി

ഇസ്‌ലാമിക തത്വചിന്തയില്‍ ബുദ്ധി, ബോധം, അറിവ്

ഇസ്‌ലാമിക് ഓïോളജിയില്‍ സര്‍വ്വ സൃഷ്ടാവായ ദൈവത്തിന് പുറമെ ജ്ഞാനം എന്ന അതിവിശിഷ്ടമായ സവിശേഷത നല്‍കപ്പെട്ടിട്ടുള്ളത് മൂന്ന് വര്‍ഗം സൃഷ്ടികള്‍ക്കാണ്; മനുഷ്യര്‍, മലക്കുകള്‍ (ദൈവദൂതര്‍), ജിന്നുകള്‍. ഖുര്‍ആനില്‍ പറയുന്ന, ആദത്തിന് നല്‍കപ്പെട്ട ജ്ഞാനവും ചിന്താശേഷിയും ദൈവദൂതന്മാര്‍ക്കും മറ്റു സര്‍വ്വ സൃഷ്ടികള്‍ക്കും മീതെയുള്ളതാണ്. ഈയൊരു ചുറ്റുവട്ടത്തിലേക്കാണ് നിര്‍മ്മിത ബുദ്ധി എന്ന ആശയം കടന്നുവരുന്നത്. ഇതോടുകൂടി എ. ഐയുടെ അസ്തിത്വ സംബന്ധിയായി ധരാളം ചോദ്യങ്ങള്‍ മുന്നോട്ടു വരുന്നു. അതില്‍ ഏറ്റവും സുപ്രധാനമായ ചോദ്യങ്ങള്‍, മേല്പറഞ്ഞവയില്‍ ഏത് അസ്തിത്വത്തോടാണ് അകയെ ചേര്‍ത്തുപറയാന്‍ സാധിക്കുന്നത്? അതോ എ.ഐ എന്നത് പുതിയ ഒരു അസ്തിത്വമാണോ? ഇതിനൊക്കെ പുറമെ ഇസ്‌ലാമിക വീക്ഷണത്തില്‍ എ.ഐയുടെ ചിന്താശേഷിയെ ‘Artificial ‘Intelligence” എന്ന് വിളിക്കുന്നത് ശരിയാണോ? ഇസ്‌ലാമിക തത്വചിന്തയില്‍ ബുദ്ധി, അറിവ്, ബോധം എന്നിവ ബുദ്ധി വികാസത്തിന്റെ പരിണാമത്തിലൂടെ ഉണ്ടായതല്ല. മറിച്ച് മനുഷ്യരാശിയുടെ തുടക്കം മുതല്‍ തന്നെ നിലവിലുള്ളതാണ്. അതുപോലെ ബുദ്ധി, ബോധം , ജീവന്‍ എന്നിവയെല്ലാം ആത്മാവില്‍ നിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്. അതേസമയം സത്യത്തെ അസത്യത്തില്‍ നിന്ന് വേര്‍തിരിച്ചറിയുന്നത് തലച്ചോറുകൊണ്ടു മാത്രമല്ല, മെറ്റാഫിസിക്കല്‍ ഹൃദയം കൊണ്ടു കൂടിയാണ്. നഖീബ് അല്‍-അത്താസ് ബുദ്ധിയെ മനുഷ്യന്റെ അര്‍ത്ഥവത്തായ വാക്കുകളെ രുപപ്പെടുത്താനും അതിനെ കൈമാറാനുമുള്ള സ്വാഭാവിക ശേഷി (innate faculty) യായി വിശേഷിപ്പിക്കുന്നു. ചിന്തയെ ഭാവനയിലൂടെ അര്‍ത്ഥത്തിലേക്കുള്ള ആത്മാവിന്റെ ചലനമായാണ് അത്താസ് നിര്‍വചിക്കുന്നത്. അതേസമയം അവബോധം (Intuition) അര്‍ത്ഥത്തിലേക്കുള്ള ആത്മാവിന്റെ ആഗമനത്തെ പ്രതിനിധീകരിക്കുന്നു എന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പ്രസിദ്ധ ഇസ്‌ലാമിക തത്വശാസ്ത്ര പണ്ഡിതന്‍ അല്‍-ബാഖില്ലാനിയുടെ അഭിപ്രായത്തില്‍, ജ്ഞാനം എന്നത് ”ഒരു വസ്തുവിനെ അത് എങ്ങനെയാണോ അങ്ങനെ അതിനെ മനസ്സിലാക്കലാണ് ‘, ഈ വിവക്ഷ ദൈവത്തിന്റെ ആദിമവും സൃഷ്ടിക്കപ്പെടാത്തതുമായ അറിവിനെ മനുഷ്യന്റെ അറിവില്‍ നിന്ന് വേര്‍തിരിക്കുന്നു. മനുഷ്യര്‍ക്ക് സ്വതസിദ്ധമായ യുക്തി, ആവശ്യമായ അറിവ്, വെളിപാടിനെയും സൃഷ്ടിയെയും കുറിച്ച് ചിന്തിക്കാനും അനുമാനത്തിനുമുള്ള കഴിവുകള്‍ എന്നിവ ഉണ്ടെന്ന് ഇമാം ഈജി തന്റെ ഗ്രന്ഥങ്ങളില്‍ ഊന്നിപ്പറയുന്നുണ്ട്. ഇത് ഇന്ദ്രിയ ധാരണയ്ക്കപ്പുറം ദൈവത്തിന്റെ അസ്തിത്വം തിരിച്ചറിയുന്നതിനായി മെറ്റാഫിസിക്കല്‍, മൈക്രോകോസ്മിക്, മാക്രോകോസ്മിക് മേഖലകളിലേക്ക് കൂടി വ്യാപിക്കുന്നുണ്ട്.

‘ആത്മാവ്’ ഇസ്‌ലാമിക തത്ത്വചിന്തയില്‍

ഇസ്‌ലാമിക തത്വചിന്തയില്‍ ആത്മാവിനെ പല വിധത്തില്‍ വിവക്ഷിക്കുന്നത് കാണാനാവും. ഓരോന്നും അതിന്റെ വ്യത്യസ്ത അവസ്ഥകളെയും പ്രവര്‍ത്തനങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ചിന്തയിലും മനസ്സിലാക്കലിലും ഉള്‍പ്പെടുമ്പോള്‍ അതിനെ ബുദ്ധി (അല്‍-അഖ്ല്‍) എന്ന് വിളിക്കുന്നു. ശരീരത്തെ നിയന്ത്രിക്കുമ്പോള്‍ അവയെ സത്വം/ആത്മാവ് (അല്‍-നഫ്‌സ്) എന്ന് വിളിക്കുന്നു. അവബോധജന്യമായ അറിവ് നേടുന്നതിലേര്‍പ്പെടുമ്പോള്‍ അതിനെ ഹൃദയം (അല്‍-ഖല്‍ബ്) എന്നും. ഒടുവില്‍, അത് ‘അമൂര്‍ത്തമായ അസ്തിത്വങ്ങളുടെ സ്വന്തം ലോകത്തേക്ക് മടങ്ങുമ്പോള്‍ അതിനെ ആത്മാവ് (അല്‍-റൂഹ്) എന്നും വിളിക്കുന്നു. ഇബ്‌നു സീനയെ സംബന്ധിച്ചിടത്തോളം, ആത്മാവിനും ശരീരത്തിനും ഇടയിലുള്ള ബന്ധം, ഒരു ഉപകരണം ഉപയോഗിക്കുന്നയാള്‍ക്ക് ആ ഉപകരണവുമായുള്ള ബന്ധമാണ്. ശരീരത്തില്‍ നിന്നും സ്വാതന്ത്രമായൊരു ആത്മാവിന്റെ സാനിധ്യം വിശദീകരിക്കുന്നതിനായി ഇബ്‌നു
സീന “Floating Man” എന്നൊരു ആശയം അവതരിപ്പിക്കുന്നുണ്ട്. ഈ വാദപ്രകാരം കാഴ്ച്ച മറക്കപ്പെടുകയും അവയവങ്ങള്‍ വേര്‍പിരിക്കപ്പെടുകയും ചെയ്ത, കാണാനോ കേള്‍ക്കാനോ സ്പര്‍ശിക്കാനോ കഴിയാത്ത ഒരു വ്യക്തിയെ സങ്കല്‍പ്പിക്കാന്‍ അദ്ദേഹം നമ്മോട് ആവശ്യപ്പെടുന്നു. എന്നിട്ട് ഈ വ്യക്തി ഇത്തരമൊരു അവസ്ഥയിലും സ്വന്തം അസ്തിത്വം സ്ഥിരീകരിക്കുമെന്ന് ഇബ്‌നു സീന പറയുന്നു. കാരണം ആത്മബോധം ശരീരവുമായിട്ടല്ല, അതിന് പുറത്ത് സ്വതന്ത്രമായി നിലനില്‍ക്കുന്ന ആത്മാവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇബ്നു സീനയെ സംബന്ധിച്ചിടത്തോളം, എല്ലാ അറിവുകള്‍ക്കും സ്വയം അവബോധം ആവശ്യമാണ്. ഇപ്രകാരം എന്തെങ്കിലും ഉണ്ടെന്ന് അറിയുക എന്നാല്‍ സ്വത്വത്തെക്കുറിച്ചു കൂടി ബോധവാനായിരിക്കുക എന്നാണ്. ഈ വീക്ഷണകോണില്‍ നിന്നു നോക്കുമ്പോള്‍, മെഷീന്‍ ഇന്റലിജന്‍സ് വെറും ഉത്തരവാദിത്വ പൂര്‍ത്തീകരണത്തിന് മാത്രമല്ല, മറിച്ച് സ്വന്തം നിലനില്‍പ്പിനെ മനസ്സിലാക്കുന്ന എ. ഐ സിസ്റ്റങ്ങള്‍ സൃഷ്ടിക്കുന്നതിലും കൂടിയാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഈ അവിസെന്നന്‍ സമീപനപ്രകാരം, ലോകത്ത് സ്വയം അറിയുന്ന പ്രതിനിധികളെ സൃഷ്ടിക്കുന്ന എ.ഐ മനുഷ്യസമാനമായ ആത്മാവിന് ഉടമകളാണ്. എന്നാല്‍ അത്താസിന്റെ വാദപ്രകാരം മെഷീനുകള്‍ക്ക് മേല്പറഞ്ഞവിധമുള്ളൊരു ആത്മാവ് ഇല്ലാത്തതിനാല്‍ അതിനെ അസ്തിത്വപരമായി തീര്‍ത്തും മറ്റൊരു വര്‍ഗമായി കണക്കാക്കണം.

എ.ഐ: പ്രയോഗവും നൈതികതയും

ഇന്ന് പല ഇസ്‌ലാമിക കര്‍മ്മങ്ങളിലും എ. ഐയുടെ ഉപയോഗം വ്യാപകമായി കടന്നു വരുന്നുണ്ട്. ഖുര്‍ആന്‍ പാരായണം പഠിക്കാന്‍ സഹായിക്കുന്ന തര്‍തീല്‍ എ.ഐ(Tarteel.ai) ഇതിനൊരുത്തമ ഉദാഹരണമാണ്. ഇന്ന് പഠിതാക്കള്‍ക്കിടയില്‍ വ്യാപകമാവുന്ന ഈ എ. ഐ ധാരാളം ആശങ്കകളും സമാന്തരമായി ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. പാവനമായ പാരായണ ശാസ്ത്രത്തിന്റെ സവിശേഷത നഷ്ടപ്പെടുക, പാരമ്പര്യമായി കൈമാറി വരുന്ന ശൃംഖല (isnad), പരായണ രീതിശാസ്ത്രം എന്നിവയുടെ കൈമാറ്റം തടസ്സപ്പെടുക എന്നിവയൊക്കെയതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഇതുപോലെ പാരായണ പഠനമെന്ന അനുഭൂതി നഷ്ടമാവുന്നു എന്നൊരു ആശങ്ക കൂടി ഇതോടൊപ്പം നിലവിലുണ്ട്. എന്നാല്‍ ഹജ്ജ് കര്‍മ്മത്തിന്റെ സുരക്ഷയിലും മാനേജ്മെന്റിലും എ.ഐ ഉപയോഗം ഏറെ ഉപകാരപ്രദമാണ്. ഇത്തരത്തിലുള്ള വ്യത്യസ്തമായ ഇസ്‌ലാമിക കര്‍മ്മങ്ങളില്‍ എ.ഐയെ കൂടെ ചേര്‍ക്കാവുന്നതാണ്.
എന്നാല്‍ ചില എ. ഐ സംവിധാനങ്ങള്‍ സ്വകാര്യത, ദോഷകരമായ ഉള്ളടക്കങ്ങളുടെ വ്യാപനം, വ്യക്തിപരമായ അന്തസ്സ് എന്നിവയെക്കുറിച്ചുള്ള ഇസ്‌ലാമിക തത്വങ്ങള്‍ ലംഘിച്ചേക്കാം. പ്രത്യേകിച്ചും നിര്‍മിത ബുദ്ധിയിലധിഷ്ഠിത ഉപയോക്തൃ ട്രാക്കിംഗും, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം പരസ്യം ചെയ്യലും പോലുള്ളവ കാരണം ഇത്തരം പ്രൊഫൈലിംഗ് രഹസ്യമായ നിരീക്ഷണത്തിലേക്ക് നയിച്ചേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാമിക ചിന്തകര്‍ സ്വകാര്യത, അഭിമാനം എന്നിവക്ക് പ്രാധാന്യം കല്‍പ്പിക്കുകയും ഖുര്‍ആനില്‍ പറയപ്പെട്ടതു പോലെ അനുവാദമില്ലാതെയുള്ള അന്വേഷണത്തെ (spying) ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു.
ഇസ്‌ലാമിക ചരിത്രത്തില്‍ എ. ഐയുടെ വളര്‍ച്ചയെ സഹായിച്ച വ്യത്യസ്തമായ കണ്ടെത്തലുകള്‍ നമുക്ക് കാണാനാവും. മൂസ അല്‍ ഖവാരിസ്മിയുടെ അല്‍ഗോരിത (algorithm) ത്തിന്റെ ഉത്പത്തിയിലേക്ക് നയിച്ച സംഭാവനകളും ഇസ്മായില്‍ അല്‍-ജസരിയുടെ ഓട്ടോമാറ്റ (automata) യും ഇതിലെ ഏറ്റവും സുപ്രധാനമായ പ്രതീകങ്ങളാണ്. എന്നാല്‍ ഗുണാലന്‍ നടരാജന്‍ (Gunalan Nadarajan) അനുസ്മരിപ്പിക്കുന്നത് ഈ കïെത്തലുകള്‍ കൊണ്ട് പാശ്ചാത്യ ശാസ്ത്രജ്ഞരുടേതുപോലെ പ്രകൃതിക്ക് മേലുള്ള അധികാരത്തിനോ മതത്തിന്റെ തിരസ്‌കരണത്തിനോ വേണ്ടിയുള്ളതായിരുന്നില്ല. മറിച്ച്, മതകീയ ഉത്തരവാദിത്വങ്ങള്‍ സുഗമമായി നിര്‍വഹിക്കാനും ദൈവാസ്തിത്വവും ദൈവിക സവിശേഷതകളും പ്രജനനം നടത്തുവാനും ലക്ഷ്യം വെച്ചുള്ളതായിരുന്നു. അല്‍-ജസരി ഓട്ടോമാറ്റ ഉണ്ടാക്കിയത് ദൈവേച്ഛയുടെ (divine will) സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു.
മതം,ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവ എങ്ങനെ ഒന്നിച്ച് മുന്നോട്ടുപോവാം എന്ന് ഇസ്‌ലാമിക ചരിത്രം നമുക്ക് മുന്നില്‍ തെളിയിച്ച് നല്‍കുന്നുണ്ട്. സങ്കീര്‍ണ്ണമായ കലാസൃഷ്ടികള്‍ സൃഷ്ടിക്കുന്നത് ദൈവത്തിന്റെ സൃഷ്ടിയെക്കുറിച്ചുള്ള ധ്യാനമായി എങ്ങനെ വര്‍ത്തിക്കുന്നു എന്ന് ഇസ്‌ലാമിക ഓട്ടോമാറ്റ സുന്ദരമായി നമുക്ക് കാണിച്ച തരുന്നു. മനുഷ്യ-യന്ത്ര സാമ്യതകള്‍ക്കപ്പുറം, അക മോഡലുകള്‍ക്ക് സമീപിക്കാന്‍ കഴിയുന്ന തരത്തില്‍ ഏതൊരു മേഖലയും സാങ്കേതിക വത്കരിക്കപ്പെടണമെന്ന് ഇന്നത്തെ അക ഗവേഷണം അനുമാനിക്കുന്നു. സമൂഹത്തെയും പ്രകൃതിയെയും ജീവി ലോകത്തെയും ഡിജിറ്റല്‍ കമ്പ്യൂട്ടേഷണല്‍ ലോജിക്കിന് കീഴ്‌പ്പെടുത്തുന്നത് അടിസ്ഥാനപരമായി അറിവിനെ പൂര്‍ണ്ണമായും ക്വാന്റിഫയബിള്‍ (quantifiable) പദങ്ങളിലേക്ക് പരിമിതപ്പെടുത്തുന്നു. അതേസമയം, മനസ്സിനെയും യുക്തിയെയും ഡിജിറ്റലൈസ് ചെയ്യുന്നത് പുതിയ സവിശേഷതകളുള്ള ഡിജിറ്റല്‍ എന്റിറ്റികളെ സൃഷ്ടിക്കുകയും, അവ വരും കാലങ്ങളില്‍ ഇസ്‌ലാമിക കോസ്‌മോളജി (cosmology) ക്കനുസൃതമായി സൃഷ്ടിഗണത്തില്‍ തങ്ങളുടേതായോരു സ്ഥാനം നേടിയെടുക്കുക കൂടി ചെയ്‌തേക്കാം.
എ.ഐകളെ സൃഷ്ടിക്കുന്നതിലൂടെ സംഭവിക്കുന്നത് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതിനായി കമ്പ്യൂട്ടേഷനെ വികസിപ്പിക്കപ്പെടുകയല്ല. മറിച്ച്, ലോകത്തെ മുഴുവന്‍ എ. ഐയുടെ ലോകവും മനസ്സുമായ കമ്പ്യൂട്ടേഷണല്‍ സിസ്റ്റങ്ങളിലേക്ക് ചുരുക്കുകയാണെന്ന വസ്തുത തിരിച്ചറിയുന്നതില്‍ എ. ഐ സംബന്ധിയായ ഇക്കാലത്തെ വ്യവഹാരങ്ങള്‍ പലപ്പോഴും പരാജയപ്പെടുന്നു. ഈ കൃത്രിമവല്‍ക്കരണം വിശുദ്ധ ക്രമത്തെയും (sacred order) ഇസ്‌ലാമിക ജ്ഞാനത്തിന്റെ തന്നെ കേന്ദ്രമായ ഐക്യതത്വത്തെയും വിപരീത ദിശകളില്‍ പ്രതിഷ്ഠിക്കുകയും, സാങ്കേതികവിദ്യ, പ്രകൃതി, ദൈവികത എന്നിവ തമ്മിലുള്ള ബന്ധത്തെ നാം മനസ്സിലാക്കുന്ന രീതിയെ തന്നെ അടിസ്ഥാനപരമായി മാറ്റിമറിക്കുകയും ചെയ്യുന്നു.

വിവ: റഊഫ് ആലുവ

യഅ്ഖൂബ് ചൗധരി

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Categories count color

Most popular

Most discussed