Thelicham

ഏലിയന്‍

ഉറക്കത്തിലെപ്പഴോ ആണ് അനുരൂപ് മരിച്ചത്. മരിക്കുമ്പോള്‍ അവന് 36 വയസ്സ്.തികച്ചും ശാന്തവും അനായാസവുമായ മരണം. ഒത്തിരി തവണ വിളിച്ചിട്ടും ഫോണെടുക്കാതായപ്പോള്‍ ദീപിക നേരെ അവന്റെ താമസസ്ഥലത്തേക്ക് ചെല്ലുകയായിരുന്നു. ഘുംഘുരുവിന്റെ മകളുടെ പിറന്നാളിന് ഒരുമിച്ച് പോകാമെന്ന് അവന്‍ ദീപികയ്ക്ക് വാക്കുകൊടുത്തിരുന്നു. ദീപിക അപ്പോള്‍ ചെന്നില്ലായിരുന്നെങ്കില്‍ അഴുകിയതിന് ശേഷമായിരിക്കും ആ മരണം നാലാളറിയുന്നത്. അങ്ങനെയെങ്കില്‍ അനുരൂപ് ആത്മവിശ്വാസത്തോടെ പറഞ്ഞു വെച്ച സ്വന്തം മരണമുദ്രകള്‍ ദീപികയ്ക്ക് വായിച്ചെടുക്കാന്‍ പാടുപെടേണ്ടി വന്നേനെ.


മരിച്ചു കിടക്കുമ്പോള്‍ അവന്റെ ചെവിയില്‍ ഇയര്‍ബഡ്സ് ഉണ്ടായിരുന്നു. അതപ്പോഴും പാടുകയാണെന്ന് ദീപികയ്ക്ക് മനസ്സിലായി. അവന്‍ ഉറക്കത്തിലാണെന്ന് കരുതി ദീപിക ചെവിയില്‍ നിന്ന് അതെടുത്തു മാറ്റി. ഏ ആര്‍ റഹ്‌മാന്റെ Pray for me brother എന്ന പാട്ടാണ് അപ്പോഴതില്‍ പാടിക്കൊണ്ടിരുന്നത്.


ഏറെനേരം കുലുക്കി വിളിച്ചിട്ടും അനുരൂപ് ഉണരാത്തതു കണ്ട് ദീപികയ്ക്ക് ജീവിതത്തില്‍ അതുവരെയും തോന്നാത്തൊരു ഉള്‍ക്കിടിലമുണ്ടായി. സംഭ്രമത്തോടെ, ജാള്യതയോടെ അവള്‍ അനുരൂപിന്റെ മൂക്കത്ത് വിരല്‍ വെച്ചു. അങ്ങേയറ്റം വേദനയോടെ അവളാ മരണം സ്ഥിരീകരിച്ചു. സങ്കല്പങ്ങള്‍ക്കതീതനായ അവളുടെ ഒരേയൊരു സുഹൃത്ത് ഇതാ മരിച്ചു കിടക്കുന്നു.

‘നീ നോക്കിക്കോ, മരിച്ചു കിടക്കുമ്പോള്‍ എന്റെ മുഖത്ത് വേദനയോ, നിരാശയോ നഷ്ടബോധമോ ഒന്നും ഉണ്ടാകില്ല,തികഞ്ഞ ശാന്തത മാത്രമായിരിക്കും എന്റെ മുഖത്ത്.’അതായിരുന്നു അവന്റെ ആത്മവിശ്വാസം.ദീപിക ഒരിക്കല്‍ കൂടി അവന്റെ മുഖത്തേക്ക് നോക്കി. ഇത്രയും മനോഹരമായി ഒരാള്‍ക്കും മരിക്കാനാവില്ലെന്ന് അവള്‍ക്കു തോന്നി. സ്വന്തം മരണത്തില്‍ നിര്‍വൃതി കൊള്ളുമ്പോലെയായിരുന്നു ആ മുഖത്തെ മുദ്രകള്‍.

പക്ഷേ, പ്രശ്നമതല്ല. അനുരൂപിന്റെ മരണം ഇപ്പോള്‍ അവള്‍ മാത്രമാണറിഞ്ഞത്. അത് പുറംലോകമറിയണം. ദീപിക അതിനു വേണ്ട നടപടിക്രമങ്ങളെ പറ്റി അവന്റെയരികിലിരുന്ന് ആലോചന തുടങ്ങി.അവള്‍ ഒന്നുരണ്ട് ഫോണ്‍കോള്‍സ് ചെയ്തു. പോലീസ്സ്റ്റേഷന്‍, അടുത്ത സുഹൃത്തുക്കള്‍…പിന്നീടവള്‍ അനുരൂപിന്റെ ബന്ധുക്കളെ പറ്റി ആലോചിച്ചു.ഒരേട്ടനും അനിയത്തിയും നാട്ടിലുണ്ട്. അമ്മയും അച്ഛനും എന്നോ മരിച്ചു പോയി.


പിന്നെയും ഒന്നുരണ്ട് ഫോണ്‍കോള്‍സിലൂടെ ദീപിക ഏട്ടന്റെ നമ്പര്‍ സംഘടിപ്പിച്ചു.’അവന്‍ എക്കാലത്തും ജീവനോടെയിരിക്കുമെന്ന് കരുതിയോടീ നീ. അഹങ്കാരികള്‍ക്ക് അല്പായുസാണ്. ചത്തപ്പഴാണോ ഞങ്ങളെ ഓര്‍മ്മ വന്നത്? അവനു വേണ്ടി കര്‍മ്മം ചെയ്യാന്‍ ഇവിടുന്നാരും വരില്ല.’സീമയാണെന്ന് കരുതിയിട്ടാവും അയാള്‍ അങ്ങനെ പറഞ്ഞതെന്ന് ദീപികയ്ക്ക് മനസ്സിലായി.


‘വിവാഹക്കാര്യത്തില്‍ എനിക്ക് മൂന്ന് ആഗ്രഹങ്ങളുണ്ടായിരുന്നെടോ. ഒന്ന് എന്നേക്കാള്‍ പ്രായം കൂടിയ ഒരു പെണ്ണ്. രണ്ട്, ഒരു ട്രാന്‍സ്വുമണ്‍. മൂന്നാമത്തേത് കാസര്‍ഗോഡു നിന്ന് ഒരു മുസ്ലീം പെണ്‍കുട്ടി. പക്ഷേ, അതൊന്നും സാധിച്ചില്ല. സാധാരണ പോലെ അതങ്ങ് നടന്നു.’
‘നിങ്ങള്‍ വിചാരിക്കുന്ന ആളല്ല ഞാന്‍. ഞാന്‍ അനുരൂപിന്റെ സുഹൃത്ത് മാത്രമാണ്. നിങ്ങള്‍ വിചാരിച്ച പെണ്‍കുട്ടി ഇപ്പോഴിവിടെയില്ല. അമേരിക്കയിലാണ്. അനുരൂപ് പറഞ്ഞ അറിവ് വെച്ച് രണ്ടു വര്‍ഷം അവര്‍ ഒരുമിച്ച് ജീവിച്ചു; സന്തോഷത്തോടെ. ആ പെണ്‍കുട്ടിക്ക് നല്ലൊരു ഭാവി തെളിഞ്ഞു വന്നപ്പോള്‍ അവര്‍ തന്നെ ഡിസ്‌കസ് ചെയ്താണ് ഡിവോഴ്സായത്. പിന്നെ എന്നെ കേറി അങ്ങനെ എടീന്നൊന്നും വിളിക്കല്ലേ, നിങ്ങളേക്കാള്‍ പ്രായമുണ്ടെനിക്ക്.’
ദീപികയ്ക്ക് വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ തോന്നി.


അവള്‍ അനുരൂപിന്റെ ഇയര്‍ ബഡ്സ് എടുത്ത് ചെവിയില്‍ കുത്തി. അതേ പാട്ട് തന്നെ. അനുരൂപ് ഫേവറിറ്റ് ലിസ്റ്റില്‍ പത്തു പാട്ടുകള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. അതങ്ങനെ ഓട്ടോമാറ്റിക്കിലി റിപ്പീറ്റ് ചെയ്തു കേള്‍ക്കുന്നത് അവന്റെ പതിവാണ്. അനുരൂപിന്റെ മരണം ദീപിക അവറിഞ്ഞ സമയം കഴിഞ്ഞിട്ട് ഒരു റൗണ്ട് ആ പാട്ടുകള്‍ കറങ്ങിത്തിരിഞ്ഞു വന്നു; Pray for me brother, Pray for me sister.


ജീവന്‍ വിട്ടു പോകാന്‍ നേരത്ത് ഏതു പാട്ടായിരിക്കും അവന്റെ ചെവിയില്‍ മുഴങ്ങിയിട്ടുണ്ടാകുക എന്ന് ദീപിക ആലോചിച്ചു. പത്തിലേതുമാവാം. അജ്ഞാതമായ ആ പാട്ടിനോട് പൊടുന്നനെ അവള്‍ക്ക് അനുരാഗം തോന്നി.

പിന്നീട് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മരണസമയം കൃത്യമായി കണക്കാക്കിയതിനു ശേഷം ദീപിക അവന്റെ അവസാനത്തെ പാട്ട് ഏതെന്ന് കണ്ടുപിടിച്ചു. മരണസമയവും അവള്‍ ഇയര്‍ബഡ് ചെവിയില്‍ കുത്തിയ സമയവും പാട്ടുകളുടെ ദൈര്‍ഘ്യവും അവയുടെ ഓര്‍ഡറുമൊക്കെ മനസിലാക്കി ഒരു ഗണിതശാസ്ത്രജ്ഞന്റെ സഹായത്തോടെയാണ് അവളത് സാധിച്ചത്. രാരീ രാരീരം രാരോ. അതായിരുന്നു പാട്ട്.

ഒരു താരാട്ടിന്റെ അകമ്പടിയോടെ അനുരൂപ് ഭൂലോകത്തെ ഉപേക്ഷിച്ചു.
ദീപിക ആദ്യമായി സീമയുടെ, ഇപ്പോഴത്തെ സീമ ഭരദ്വാജിന്റെ മെസഞ്ചറില്‍ കയറി.
‘ഞാന്‍ അനുരൂപിന്റെ സുഹൃത്താണ്. അവന്‍ മരിച്ചു.’
മാസങ്ങള്‍ക്കു ശേഷമാണ് സീമയുടെ റിപ്ലൈ വന്നത്.
‘സോറി. ഇപ്പഴാ മെസ്സേജ് കണ്ടത്. എനിക്ക് വേദനയുണ്ട്.’
ദീപികയ്ക്ക് ക്ഷീണം തോന്നി. അവള്‍ അനുരൂപിനടുത്തായി കിടന്നു. ജീവിതത്തിലൊരിക്കലും ഇങ്ങനെയൊരു സീന്‍ അവള്‍ സങ്കല്പിച്ചിട്ടു കൂടിയേ ഇല്ല. പരിചയപ്പെട്ട് മൂന്നാംനാള്‍ തന്നെ കിടക്കയിലേക്ക് ക്ഷണിക്കുന്ന ആണ്‍സുഹൃത്തുക്കളില്‍ നിന്ന് എത്രയോ വ്യത്യസ്തനാണ് അനുരൂപെന്ന് അവള്‍ ഓര്‍ത്തു.

അവനോട് ചേര്‍ന്നങ്ങനെ കിടക്കുമ്പോള്‍ പോലീസ് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളെ പറ്റി ദീപിക ബോധവതിയായി.
‘നിങ്ങള്‍ എങ്ങനെയാ അനുരൂപുമായി ബന്ധം?’
‘എന്റെ സുഹൃത്താണ് സര്‍.’
‘എങ്ങനെയാണ് നിങ്ങള്‍ പരിചയപ്പെട്ടത്?’
മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ് ഒപിയിലേക്ക് ഒരു പെണ്‍കുട്ടിയുടെ കൈ പിടിച് അനുരൂപ് കടന്നു വന്നത് ദീപിക ഓര്‍ത്തെടുത്തു. നായ മാന്തിയതാണത്രേ. ഭയം കൊണ്ടും വേദന കൊണ്ടും പെണ്‍കുട്ടി വിതുമ്പുണ്ടായിന്നു. അനുരൂപ് അവളെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. ദീപികയ്ക്ക് അച്ഛനെ ഓര്‍മ്മ വന്നു. മുന്നില്‍ നില്‍ക്കുന്ന ചെറുപ്പക്കാരനോടും പെണ്‍കുട്ടിയോടും അവള്‍ക്ക് വല്ലാത്ത അലിവ് തോന്നി.

‘ഇഞ്ചക്ഷന്‍ എടുക്കുന്നതിനു മുന്‍പ് ഒരു പേപ്പറില്‍ സൈന്‍ ചെയ്ത് തരണം.’
അനുരൂപ് ഒന്നു മടിച്ചു
‘കുഴപ്പമില്ല. ഇത് സാധാരണ പ്രൊസീജിയര്‍ മാത്രമാണ്. നിങ്ങളുടെ മകള്‍ക്കൊന്നും സംഭവിക്കില്ല.’ – ദീപിക ധൈര്യം കൊടുത്തു.
‘അതല്ല പ്രശ്നം.’
‘പിന്നെ?’
‘അമേരിക്കയില്‍ ചെന്ന് എത്രയോ കഴിഞ്ഞാണ് കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്നത് എത്ര നന്നായെന്ന് സീമ മെസേജിട്ടത്. എനിക്കും അത് ശരിയാണെന്ന് തോന്നി.’

ദീപിക അത്ഭുതപ്പെട്ടു. ഇതെന്തൊരു ചെറുപ്പക്കാരന്‍! വേദനയ്ക്ക് പകരം നിസ്സംഗത. എന്നാലോ മറ്റാരേയും വേദനിക്കാന്‍ അനുവദിക്കുന്നുമില്ല.
‘നീ ഒരു ഏലിയനാണ് അനുരൂപ്.’ – ദീപിക അവന്റെ നെറ്റിയിലെ മുടിയിഴകള്‍ കോതി വെച്ചു.
‘ഇപ്പോള്‍ നീ ഏതു ഗ്രഹത്തിലാണ്?’
മ്യൂസിക് പ്ലെയറില്‍ അവന്റെ ഇഷ്ടഗാനങ്ങള്‍ മറ്റൊരു ഭ്രമണം കൂടി പൂര്‍ത്തിയാക്കി. അനുരൂപിന്റെ വിരല്‍ വെച്ച് ഫിംഗര്‍പ്രിന്റ് ലോക്ക് തുറന്ന് പാട്ട് നിര്‍ത്തിവെക്കാന്‍ അവള്‍ ആലോചിച്ചതാണ്. പക്ഷേ, അവന്റെ സ്വകാര്യത തകര്‍ക്കാന്‍ തോന്നിയില്ല. ഇയര്‍ ബഡ്സുകള്‍ അവള്‍ മേശപ്പുറത്ത് ഫോണിനടുത്തായി വെച്ചു.

പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് ബോഡി ഏറ്റുവാങ്ങുമ്പോള്‍ ദീപികയോടൊപ്പം അനുരൂപിന്റെ കുറച്ച് സുഹൃത്തുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ പോകാനുള്ള തിരക്കിലുമായിരുന്നു.
സൗഹൃദങ്ങളില്‍ എന്തു സമ്പന്നനായിരുന്നു അനുരൂപ്. കൊമ്പത്തുള്ളവര്‍ മുതല്‍ ചേരിയിലുളളവര്‍ വരെ അവന്റെ ഫ്രണ്ട്ലിസ്റ്റിലുണ്ടായിരുന്നു. ഇപ്പോള്‍ വിരലിലെണ്ണാനുള്ളവര്‍ പോലുമില്ല. പലരും അറിഞ്ഞിട്ടുണ്ടാവില്ല.
‘മാം, പുതിയ സിനിമയുടെ ഷൂട്ടിംഗ് ഇന്ന് തുടങ്ങുകയാണ്. ഞാനങ്ങോട്ട്…’
‘ഓഫീസിലെത്താന്‍ ലേറ്റായി.’

ഓരോരുത്തരും ഒഴിവുകഴിവുകള്‍ നിരത്താന്‍ തുടങ്ങി. ദീപികയ്ക്ക് മടുപ്പു തോന്നി.
‘അനുരൂപിന്റെ ബന്ധുക്കളാരും വന്നില്ലേ?’
‘ഞാന്‍. ഞാന്‍ മാത്രമേയുള്ളൂ.’
‘ഞാന്‍ ആദ്യമായും അവസാനമായും കലഹിച്ചത് അമ്മയോടും അച്ഛനോടും മാത്രമാണ്. അവരെ വേദനിപ്പിച്ചതിന് സോറി പറയാന്‍ ഒരുപാട് ശ്രമിച്ചു. അവര്‍ കേള്‍ക്കാന്‍ പോലും തയ്യാറായില്ല.’
ചിലപ്പോഴൊക്കെ അനുരൂപ് ദീപികയോട് മനസ് തുറന്നു.
തെരുവിലെ പെണ്‍കുട്ടിക്ക് അവസാനത്തെ ഡോസ് ആന്റി റാബിസ് കുത്തിവെച്ചപ്പോഴേക്കും ദീപികയുടെ ഫ്രണ്ട്ലിസ്റ്റില്‍ നിന്ന് പഴയ പലരും റിമൂവ് ചെയ്യപ്പെട്ടു. അവിടേക്ക് പുതിയൊരാളെ ദീപിക നേടിയെടുത്തു. അനുരൂപ്. അശ്ലീലവാലും കറപ്ഷന്റെ ഭാരം പേറുന്ന ഇനീഷ്യലുകളും മുറിച്ചിട്ടവന്‍.

എപ്പോള്‍ വേണമെങ്കിലും അവന്റെ കോള്‍ പ്രതീക്ഷിക്കാമായിരുന്നു. സ്വസ്ഥമായി ഇരിക്കുന്ന സമയങ്ങളില്‍ പോലും അസമയത്തെ കോളുകളോട് തനിക്ക് ഒരനിഷ്ടവും തോന്നിയിരുന്നില്ലെന്ന് ദീപിക അത്ഭുതത്തോടെ ഓര്‍ത്തു.
‘എന്തിനാ അത്യാവശ്യമായി കാണണമെന്നു പറഞ്ഞത്?’
‘കേറ്.’- അനുരൂപ് ആംബുലന്‍സിലേക്ക് ദീപികയെ ക്ഷണിച്ചു.
വേദന കൊണ്ട് പുളയുന്നൊരു പെണ്ണിനെ ദീപിക കണ്ടു.
‘ഇതും അന്നത്തെ പോലെ വഴിയില്‍ നിന്നു കിട്ടിയതാണോ?’
അനുരൂപ് ചിരിച്ചു.

‘പരിചയമുള്ള പെണ്‍കുട്ടിയാണ്. ഘുംഘുരു. ഇവളുടെ ഭര്‍ത്താവിനെ വിവരമറിയിച്ചിട്ടുണ്ട്. അയാള്‍ ബീഹാറിലാണ്. രണ്ടു ദിവസം പിടിക്കും എത്താന്‍. നീ കൂടെയുണ്ടെങ്കില്‍ ധൈര്യമാണ്. അതാ വിളിച്ചത്. ബുദ്ധിമുട്ടായോ?’
ഓര്‍മ്മകളില്‍ ദീപിക നനഞ്ഞു.
‘നീയെനിക്ക് ആരാണ് അനുരൂപ് ? ഏതു ചരടിനാലാണ് നമ്മള്‍ ബന്ധിക്കപ്പെട്ടത്?’
പെണ്ണിന്റെ വേദന താല്‍ക്കാലികമായി ശമിച്ചപ്പോള്‍ ദീപിക ചോദിച്ചു:
‘എപ്പോഴെങ്കിലും ഖേദം തോന്നിയിട്ടുണ്ടോ അനുരൂപ്?’
‘എന്തിന്?’
‘നല്ലൊരു ഫ്യൂച്ചര്‍ വേസ്റ്റ് ചെയ്തതിന്. ഇങ്ങനെ കൂലിപ്പണിയും മറ്റുമായി തെരുവിലലയുന്നതിന്?’
‘എന്നെ കാണുമ്പോള്‍ അങ്ങനെ തോന്നുന്നുണ്ടോ?’
‘ഇല്ല, എന്നാലും ഉള്ളിലെവിടെയെങ്കിലും?’
‘ഒരിക്കലുമില്ല.’
അത്ര ആത്മവിശ്വാസത്തോടെ അവന് പറയാന്‍ കഴിയുന്നതില്‍ അത്ഭുതം തോന്നി ദീപികയ്ക്ക്.

മരണമറിഞ്ഞ് വന്നവരെല്ലാം അനുശോചനങ്ങളറിയിച്ച് പോയി. മോര്‍ച്ചറിയുടെ മുന്നില്‍ ദീപികയും അനുരൂപും മാത്രമായി. ഒരു ചെറുപ്പക്കാരന്‍ പരിഭ്രമത്തോടെ ദീപികയുടെ അരികിലേക്കു വന്നു.
‘ഡോക്റ്ററേ ന്റെ പേര് വിജീഷ്. അനുരൂപ് ന്റെ കമ്പനിക്കാരനാ. മരിച്ചത് ഞാനിപ്പളാ അറിഞ്ഞത്.’
‘വിജീഷിനെന്താ ജോലി?’
‘പെയിന്റ് പണിയാ.’
‘ഇന്നു പോയില്ലേ?’
‘പണിസ്ഥലത്ത്ന്നാ അറിഞ്ഞത്. അപ്പത്തന്നെ ഇങ്ങട്ട് പോന്നു.’
‘ഞാന്‍ മരിച്ചു കിടക്കുമ്പോള്‍ എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കണം.’
‘എന്തിന്?’
‘നീ ചോദിച്ചില്ലേ എനിക്ക് ഖേദമുണ്ടോന്ന്. ദാ, ഇതുപോലിരിക്കും അപ്പോള്‍ എന്റെ മുഖം.’
അനുരൂപ് ഘുംഘുരുവിന്റെ ഉറങ്ങുന്ന പെണ്‍കുഞ്ഞിനെ ചൂണ്ടിക്കാട്ടി.
ദീപികയും വിജീഷും അനുരൂപിനൊപ്പം ആംബുലന്‍സിലേക്ക് കയറി. ആംബുലന്‍സില്‍ അനുരൂപിനോടൊപ്പം ഇത് എത്രാമത്തെ തവണയാണെന്ന ദീപികയുടെ കണക്കുകള്‍ തെറ്റി. വിജീഷ് മറ്റേതോ ലോകത്തിലെന്ന പോലെ നിസ്സംഗതയോടെ തല കുനിച്ചിരിന്നു. അപ്രതീക്ഷിതമായ ലീവ് അവന്റെ കുടുംബത്തിന്റെ ഇന്നത്തെ സമൃദ്ധിയില്‍ ഇടപെട്ടേക്കാം. ദീപിക അലസതയോടെ പുറംകാഴ്ചകളിലേക്ക് കണ്ണോടിച്ചു.
‘ഒരു ഖേദമേ ഉള്ളൂ വിജീഷ്, അവന്‍ മരണശേഷം ബോഡി മെഡിക്കല്‍ കോളേജിന് ദാനം ചെയ്തിരുന്നു. പോസ്റ്റ്മോര്‍ട്ടം ചെയ്തതുകൊണ്ട് ഇനി അവരത് സ്വീകരിക്കില്ല.’

‘ഏട്ടനും അനിയത്തിയും നാട്ടിലുണ്ട്. അവരോടൊന്ന്….’
‘ഞാന്‍ വിളിച്ചിരുന്നു. അവര്‍ വരില്ല. അവന് ഇനി ബന്ധുക്കളായി നമ്മള്‍ രണ്ടാളും മാത്രമേയുള്ളൂ.’
‘എന്നാല്‍ ന്റെ കോളനീക്ക് കൊണ്ടോവാ. അവിടെ ശ്മശാനണ്ട്. അല്ലെങ്കി വേണ്ട. ന്റെ മുറ്റത്ത് ഇത്തിരി സലണ്ട്.’
‘എനിക്കും സ്ഥലമുണ്ട് വിജീഷ്. നമുക്ക് ടോസ് ചെയ്യാം.’
‘അന്ന് അമ്മയെ കാണാന്‍ ഓഫീസിലേക്ക് ചെന്നതായിരുന്നു ഞാന്‍.’
എന്നോ ഒരിക്കല്‍ അനുരൂപ് പറഞ്ഞു തുടങ്ങി:
‘ഒരു സ്ത്രീ കരഞ്ഞു കൊണ്ട് ഓഫീസിനകത്തു നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടു. ചോദിച്ചപ്പോള്‍ അവര്‍ പറയുവാ,
ഞാന്‍ ഇന്റെ മോളെ മൂക്കുത്തി വിറ്റിട്ടാ അവര്‍ക്കുള്ള കാശൊപ്പിച്ചത്. അത് പോരാന്നാ പറയുന്നത്. പൈസക്ക് ആവശ്യംണ്ടെങ്കില്‍ അവര്‍ക്കെ മറ്റേ പണിക്ക് പൊയ്ക്കൂടെ. അല്ലാതെ ന്റെ കുട്ടിന്റെ കടലാസ് തടഞ്ഞു വെക്കണാ?
എന്റെ അമ്മയെ പറ്റിയായിരുന്നെടോ അവര്‍ കണ്ണീരൊലിപ്പിച്ച് പറഞ്ഞത്. ഞാനന്ന് രാത്രി അമ്മയോടത് ചോദിച്ചു.’
‘അമ്മ എന്തു പറഞ്ഞു?’

‘അതേടാ, ഞങ്ങളൊക്കെ കൈക്കൂലിക്കാരും അഴിമതിക്കാരുമാണ്. നീയും നിന്റെ ചേട്ടനും ചേച്ചിയുമൊക്കെ ഇട്ടുടുത്ത് നടക്കുന്നത് ആ കാശുകൊണ്ടാടാ. വേണ്ടെങ്കില്‍ കളഞ്ഞിട്ടു പോ. ഒരു ഹരിശ്ചന്ദ്രന്‍ വന്നിരിക്കുന്നു.’
അച്ഛനാണോ അമ്മയാണോ പറഞ്ഞതെന്ന് നിശ്ചയമില്ല. രണ്ടാള്‍ക്കും ഒരേ ശബ്ദം. ഒരേ വീറും വാശിയും.
‘ദേഹത്ത് കേറിപ്പറ്റിയ അന്യന്റെ മുതല്‍ ചര്‍ദ്ദിച്ചു കളയുകയായിരുന്നെടോ ഞാനിത്രയും നാള്‍. എനിക്കൊരു ഖേദവുമില്ല. ഞാന്‍ തൃപ്തനാണ്. എല്ലാം കൊണ്ടും.’
ദീപിക ഒരിക്കല്‍ കൂടി അനുരൂപിനെ തലോടി. പിന്നെ ചുംബിച്ചു; ആദ്യമായും അവസാനമായും.

ഇതുപോലെ മുപ്പത്താറ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് അനുരൂപിന് ആദ്യമായി നെറ്റിയിലെ തലോടലും ചുംബനവുമേല്‍ക്കുന്നത്. കടന്നുപോകാനുള്ള വഴികളെ പറ്റിയോ വരുംവരായ്കകളെപ്പറ്റിയോ ഒന്നുമറിയാതെ അധികാരത്തുവീട്ടില്‍ മാധവന്റെയും രാധാമണിയുടേയും ഓമനമകനായി അന്നാണ് അനുരൂപ് ജനിച്ചത്.

സുഭാഷ് ഒട്ടുംപുറം

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Categories count color

Most popular

Most discussed