ദക്ഷിണേഷ്യയിലെ, പ്രത്യേകിച്ചും പതിനേഴു മുതല്‍ ഇരുപത് നൂറ്റാണ്ടുകളിലെ, മുസ്‌ലിം ധൈഷണിക ചരിത്രമെഴുത്തിലേക്ക് രീതിശാസ്ത്രപരമായി ഉപയോഗിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തില്‍ സുപ്രധാനമായൊരു ഇടപെടല്‍ നടത്തുന്ന ഗ്രന്ഥമാണ് 2025 ഏപ്രിലില്‍ പുറത്തിറങ്ങിയ ‘ഇസ്‌ലാമിക് ലോ ഓണ്‍ ട്രയല്‍: കണ്ടസ്റ്റിംഗ് കൊളോണിയല്‍ പവര്‍ ഇന്‍ ബ്രിട്ടീഷ് ഇന്ത്യ’ (2025). ജോര്‍ജ്ടൗണ്‍ യൂണിവേര്‍സിറ്റി ഖത്തറില്‍ പ്രഫസറും അല്‍മുജാദില സെന്റര്‍ ആന്റ് മോസ്‌ക്ക് ഫോര്‍ വുമണിന്റെ ഡയറക്ടറുമായ സൊഹൈറാ സിദ്ദീഖിയാണ് പ്രസ്തുത പുസ്തകത്തിന്റെ രചയിതാവ്.
1764-65 ലുണ്ടായ ബുക്സര്‍ യുദ്ധത്തിന്റെയും അതോടനുബന്ധിച്ച് മുഗള്‍-ഈസ്റ്റ് ഇന്ത്യാ കമ്പനി അധികാരികള്‍ തമ്മില്‍ ഒപ്പുവച്ച അലഹാബാദ് കരാറിന്റെയും അടിസ്ഥാനത്തിലാണ് ദക്ഷിണേഷ്യയിലെ നിയമസംവിധാനങ്ങളുടെ കോളനിവല്‍കരണത്തിന്റെ ചരിത്രമാരംഭിക്കുന്നത്. രാജശാസനകള്‍, ആചാരനിയമങ്ങള്‍ (customary laws), മതനിയമങ്ങള്‍, പ്രാദേശിക നിയമങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മാനദണ്ഡങ്ങളുടെയും മൂല്യങ്ങളുടെയും (normatives) അടിസ്ഥാനത്തില്‍ ക്രോഡീകരിക്കപ്പെട്ട നിയമപാരമ്പര്യങ്ങളുടെ സംഗമഭൂമിയായിരുന്നു ദക്ഷിണേഷ്യ അതുവരേക്കും (തുടര്‍ന്നും). വിവിധ മൂല്യങ്ങള്‍ പരസ്പരം കലഹിച്ചും പൂരകങ്ങളായും രൂപപ്പെടുത്തിയ നിയമസംവിധാനത്തെ യൂറോപ്യന്‍ നിയമപാരമ്പര്യങ്ങളുടെ യുക്തിയില്‍ ‘പരിഷ്‌കരിച്ചെടുക്കുകയും’ അവക്ക് ഏകമാനമായ സ്വഭാവം കൊണ്ടുവരികയും ചെയ്യുക എന്നുള്ളതായിരുന്നു ബ്രിട്ടീഷ് അധികാരികളുടെ നിയമപരിഷ്‌കാരങ്ങള്‍ക്കുപിന്നിലെ ബാഹ്യചോദന. കോളനിവല്‍കൃതര്‍ സ്വന്തത്തെയും തങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്തെയും വ്യവഹരിക്കുന്ന യുക്തിയെ നിഷേധിക്കുകയും അതിനുമേല്‍ സ്വയാധികാരമുള്ള ഒരു മനുഷ്യമനസ്സിനെ (autonomous human self) സങ്കല്‍പിക്കുകയും ചെയ്യുക; അതിലൂടെ യൂറോപ്പിന്റെ ജ്ഞാനാധികാരത്തെ അവര്‍ക്കുമേല്‍ സ്ഥാപിച്ചെടുക്കുക തുടങ്ങിയ സങ്കീര്‍ണമായ രാഷ്ട്രീയവും അതിനകത്തുണ്ട്. മേല്‍സൂചിപ്പിച്ച രാഷ്ട്രീയവികാസങ്ങള്‍ ഇസ്‌ലാമിക നിയമത്തെ എപ്രകാരമാണ് സൃഷ്ടിച്ചെടുത്തതെന്നതാണ് സിദ്ദീഖിയുടെ അന്വേഷണം.
കോളനീവല്‍കൃത ദക്ഷിണേഷ്യയിലെ ഇസ്‌ലാമിക നിയമവുമായി ബന്ധപ്പെട്ട് വാഇല്‍ ഹല്ലാഖ്, ഖാസിം സമാന്‍, ശേര്‍ അലി തരീന്‍, എലിസബത് ലോസ്റ്റ്, ജൂലിയ സ്റ്റീഫന്‍സ് തുടങ്ങിയവരടങ്ങളുന്ന മികച്ചൊരുപറ്റം ചരിത്രപണ്ഡിതരുടെ എഴുത്തുകളുണ്ട്. അവര്‍ മുന്നോട്ടുവക്കുന്ന ചരിത്രാന്വേഷണങ്ങളോട് സംവദിക്കുമ്പോള്‍തന്നെ ഇസ്‌ലാമിക നിയമങ്ങളുടെ വികാസപരിണാമത്തിന്റെ ഭൂതകാലത്തെ അവരില്‍നിന്ന് വേറിട്ടാണ് സിദ്ദീഖി നോക്കിക്കാണുന്നത്. അഥവാ, ദക്ഷിണേഷ്യയിലെ ഇസ്‌ലാമിക നിയമത്തിന്റെ ഭൂതകാലത്തെ ചരിത്രപണ്ഡിതര്‍ പ്രധാനമായും രണ്ടു രീതികളിലാണ് സമീപിച്ചിട്ടുള്ളത്. കോടതി, വഖ്ഫ്, രാജകൊട്ടാരം, ഖാദി തുടങ്ങി ഇസ്‌ലാമിക നിയമങ്ങള്‍ സജീവമായി വ്യവഹരിക്കപ്പെട്ടിട്ടും, സ്ഥാപനങ്ങള്‍ക്ക്(institutions) കോളനിവല്‍കരണത്തോടെ ഗണ്യമായ രീതിയില്‍ പരിമാറ്റം സംഭവിച്ചെന്നും അത് ഇസ്‌ലാമിക നിയമത്തിന്റെ സുഗമമായ വ്യവഹാരത്തെ ക്രമേണ ഇല്ലാതാക്കിയെന്നുമാണ് ഒരു പറ്റം ചരിത്രാന്വേഷണങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മേല്‍സൂചിപ്പിച്ച സ്ഥാപനങ്ങളെയും അവ എങ്ങനെ ദേശരാഷ്ട്രങ്ങളുടെ കീഴിലുള്ളവയായി പരിണമിച്ചുവെന്നുമാണ് അവര്‍ അന്വേഷിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്കപ്പുറത്തുനിന്നുകൊണ്ട് മുസ്‌ലിംപണ്ഡിതര്‍, ഇസ്‌ലാമിക ഉന്നതവിദ്യഭ്യാസ കേന്ദ്രങ്ങള്‍, പത്രമാസികകള്‍, കത്തുകള്‍, ഫത്വ തുടങ്ങിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ബ്രിട്ടീഷ് നിയമാധികാരത്തോട് സമാന്തരമായി കോളനീകൃത ഇന്ത്യയില്‍
ഇസ്‌ലാമിക നിയമം വ്യവഹരിക്കപ്പെട്ടിരുന്നുവെന്നും അഭിപ്രായപ്പെടലാണ് മറ്റൊരുപറ്റം ചരിത്രാന്വേഷണങ്ങളുടെ കാതല്‍. എന്നാല്‍, സ്ഥാപനങ്ങളില്‍തന്നെ കേന്ദ്രീകരിക്കുകയും കോളനിവല്‍കരണം ഇസ്‌ലാമിക നിയമത്തിന്റെ വ്യവഹാരത്തെ എപ്രകാരം ഇല്ലാതാക്കി എന്നതില്‍നിന്ന് മാറി, അതിനെ എങ്ങനെയെല്ലാം പുനര്‍രൂപീകരണം ചെയ്തു എന്നാണ് സിദ്ദീഖി അന്വേഷിക്കുന്നത്. അല്‍പംകൂടെ വ്യക്തമാക്കിയാല്‍, മറ്റുള്ളവരെപ്പോലെ സിദ്ദീഖിയെ സംബന്ധിച്ചിട്ടത്തോളം ഇസ്‌ലാമിക നിയമത്തിന്റെ കോളനിവല്‍കരണം ഒരു ചരിത്രസംഭവമല്ല, മറിച്ചൊരു പ്രക്രിയയാണ് (process). ബ്രിട്ടീഷ് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍തന്നെ, മുസ്‌ലിം ജഡ്ജ്, പണ്ഡിതര്‍, വക്കീല്‍, സഹായികള്‍ (ഇസ്‌ലാമിക നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജഡ്ജിമാര്‍ക്ക് ആവശ്യമായ വിദഗ്ദോപദേശം നല്‍കിയിരുന്നവര്‍) തുടങ്ങിയവരിലൂടെ ഇസ്‌ലാമിക നിയമം വ്യവഹരിക്കപ്പെടുന്ന ഇടങ്ങള്‍കൂടിയായിരുന്നു മേല്‍പ്രസ്താവിച്ച സ്ഥാപനങ്ങള്‍, പ്രത്യേകിച്ചും കോടതികള്‍, എന്നാണ് സിദ്ദീഖി വാദിക്കുന്നത്. അഥവാ, കോളനിവല്‍കരണം ഇസ്‌ലാമിക നിയമത്തിന്റെ വ്യവഹാരത്തെ പാടെ തടസ്സപ്പെടുത്തി എന്ന ആഖ്യാനത്തെ സങ്കീര്‍ണമാക്കുന്നതോടൊപ്പം അപ്രകാരം പ്രവര്‍ത്തിച്ചിരുന്നു എന്ന് കരുതപ്പെടുന്ന സ്ഥാപനങ്ങളുടെ ചരിത്രത്തെ പുനരാലോചിക്കുകകൂടി ചെയ്യുന്നുണ്ട് സിദ്ദീഖിയുടെ പുസ്തകം.
മേല്‍സൂചിപ്പിച്ച വാദത്തെ അല്‍പംകൂടെ വ്യക്തമാക്കാം. ബ്രിട്ടീഷ് കോളനിവല്‍കരണത്തിനുമുമ്പ് മുസ്‌ലിംങ്ങള്‍ക്കുണ്ടായിരുന്ന നിയമസ്വാതന്ത്ര്യം (legal autonomy) യൂറോപ്യന്‍ നിയമവ്യവസ്ഥയിലേക്ക് മാറിയതു മുതല്‍ നഷ്ടപ്പെട്ടെങ്കിലും ജഡ്ജ്, വക്കീല്‍, കോടതികളില്‍ സേവനം ചെയ്തിരുന്ന മുഫ്തിമാര്‍ തുടങ്ങിയ മുസ്‌ലിം പ്രതിനിധികളിലൂടെ ഇസ്‌ലാമിക നിയമം പൂര്‍വാധുനിക കാലങ്ങളില്‍നിന്ന് വ്യത്യസ്തമായിട്ടാണെങ്കിലും ദക്ഷിണേഷ്യയില്‍ സജീവമായി വ്യവഹരിക്കപ്പെട്ടിരുന്നു എന്ന് വാദിക്കലാണ് ഇസ്‌ലാമിക് ലോ ഓണ്‍ ട്രയലിന്റെ അടിസ്ഥാന ലക്ഷ്യം. പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ രൂപപ്പെട്ട പ്രസ്തുത നിയമസാഹചര്യത്തെ സൂചിപ്പിക്കാന്‍ ‘കൊളോണിയല്‍ ലീഗല്‍ ടെറൈന്‍’ എന്നാണ് സിദ്ദീഖി ഉപയോഗിക്കുന്നത്. ബ്രിട്ടീഷ് അധികാരികള്‍ ദക്ഷിണേഷ്യയിലെ ഇസ്‌ലാമിക നിയമത്തെ സവിശേഷമായും നിയമപാരമ്പര്യങ്ങളെ പൊതുവിലും നിയന്ത്രിക്കാനായി സ്ഥാപിക്കുകയും പരിഷ്‌കരിക്കുകയും ചെയ്ത സ്ഥാപനങ്ങള്‍, അധികാരവിനിയോഗ കേന്ദ്രങ്ങള്‍ (administrative apparutus), നിയമഗ്രന്ഥങ്ങള്‍ എന്നിവ ചേര്‍ന്ന് രൂപപ്പെടുത്തിയ സവിശേഷ കോളനീകൃത നിയമസ്ഥാപനം എന്നതാണ് കൊളോണിയല്‍ ലീഗല്‍ ടെറൈന്‍ എന്നതിന്റെ വിവക്ഷ. ഇപ്പറയപ്പെട്ട നിയമഗ്രന്ഥങ്ങളും സ്ഥാപനങ്ങളും കൊളോണിയല്‍ പദ്ധതിയെ സുഗമമായി സംവിധാനിക്കാന്‍ രൂപപ്പെട്ടവയാണെങ്കിലും, അവയെ സേവിക്കുകയോ അവയോട് ഇടപെടുകയോ ചെയ്ത മുസ്ലിംകള്‍ ഇസ്ലാമിക നിയമപാരമ്പര്യത്തെ മുഖ്യധാരയിലെത്തിക്കുന്നതില്‍ പലപ്പോഴും വിജയം കണ്ടിരുന്നു എന്നാണ് സിദ്ദീഖി അഭിപ്രായപ്പെടുന്നത്. ഏകശിലാത്മകവും ഒരൊറ്റ കേന്ദ്രത്തില്‍നിന്ന് നിയന്ത്രിക്കപ്പെടുന്നതുമായ ഒരു നിയമസംവിധാനം എന്നുള്ളതില്‍നിന്ന് മാറി നിറഞ്ഞ ഉള്‍കലഹങ്ങളുള്ള, ഒന്നിലധികം മൂല്യങ്ങളാലും അധികാരങ്ങളാലും രൂപപ്പെട്ട ഒരു നിയമചരിത്രമായിരുന്നു കോളനീകൃത ദക്ഷിണേഷ്യയുടേതെന്ന് ഇപ്രകാരം സിദ്ദീഖി സ്ഥാപിക്കുന്നു.

ആമുഖം, ഉപസംഹാരം എന്നിവക്കുപുറമെ ഏഴ് പാഠങ്ങളായി ക്രമീകരിക്കപ്പെട്ട പുസ്തകത്തിന്റെ ഓരോ ഭാഗവും പ്രസ്തുതവാദത്തെ പലവിധത്തില്‍ ശക്തിപ്പെടുത്തുന്നവയാണ്. ആദ്യത്തെ മൂന്ന് പാഠങ്ങള്‍ ഈസ്റ്റ് ഇന്ത്യ കമ്പനി 1608 ല്‍ ഇന്ത്യയിലെത്തിയതുമുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധം വരേക്കുള്ള നിയമവികാസങ്ങളുടെ (പ്രത്യേകിച്ചും ഇസ്ലാമിക നിയമങ്ങളുടെ) ചരിത്രം വിശകലനം ചെയ്യുന്നവയാണ്. 1600 മുതല്‍ 1781 വരെയുള്ള സമയപരിധിക്കുള്ളില്‍ ഈസ്റ്റിന്ത്യാ കമ്പനി ഇസ്ലാമിക നിയമപാരമ്പര്യങ്ങളോട് സംവദിക്കുന്നതും, കൊളോണിയല്‍ ലീഗല്‍ ടെറൈന്‍ രൂപപ്പെടുത്തുന്നതും, തുടര്‍ന്ന് ആംഗ്ലോ-മുഗള്‍ നിയമവ്യവസ്ഥയുടെ ആവിര്‍ഭാവവുമടങ്ങുന്ന സങ്കീര്‍ണമായ ചരിത്രമാണ് ആദ്യഭാഗത്ത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. രണ്ടാം ഭാഗം 1781 മുതല്‍ 1857, അഥവാ ഈസ്റ്റിന്ത്യാ കമ്പനിയില്‍നിന്ന് മാറി ബ്രിട്ടീഷ് സാമ്രാജ്യം നേരിട്ട് ഭരിക്കുന്നതുവരേക്കുള്ള സമയപരിധിയെ കേന്ദ്രീകരിക്കുന്നു. കമ്പനി തങ്ങളുടെ അധികാരപരിധി വ്യാപിപ്പിച്ച്, കൂടുതല്‍ നിയമപരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചത് എങ്ങനെയാണെന്നാണതില്‍ പ്രധാനമായും ചര്‍ച്ചക്കെടുക്കുന്നത്. സവിശേഷമായ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ തിരഞ്ഞെടുത്ത് വിവര്‍ത്തനം ചെയ്യുകയും ബ്രിട്ടീഷ് കോടതികളിലവ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ മുസ്ലിം നിയമവ്യാഖ്യാതാക്കളുടെ സാമൂഹികസ്ഥാനത്തെ ചോദ്യചെയ്യാനും ബ്രിട്ടീഷ് അധികാരികള്‍ക്കായി എന്ന് സിദ്ദീഖി ചൂണ്ടിക്കാണിക്കുന്നു. ഒപ്പം, ചില ഗ്രന്ഥങ്ങളെ മാത്രം തിരഞ്ഞെടുത്ത് നിയമവ്യാഖ്യാനം അവയില്‍ കേന്ദ്രീകരിക്കുന്നത് നിറഞ്ഞ പെരുപ്പമുള്ള ഒരു നിയമസംവിധാനത്തെ ചില ഗ്രന്ഥങ്ങളിലേക്കും യൂറോപ്യന്‍ നിയമഭാവനകളുടെ അടിസ്ഥാനത്തിലുള്ള അവയുടെ വ്യാഖ്യാനങ്ങളിലേക്കും ചുരുക്കുകയാണുണ്ടായതെന്നും അവര്‍ അഭിപ്രായപ്പെടുന്നു. മൂന്നാം ഭാഗം 1857 ന് ശേഷമുള്ള കാലത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. വ്യക്തമായ അധികാരവികേന്ദ്രീകരണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കൊളോണിയല്‍ കോടതികളും ക്രോഡീകൃതമായ നിയമങ്ങളും അടിസ്ഥാനനിയമരൂപങ്ങളും (judicial precedents) ചേര്‍ന്ന് ശക്തിപ്പെട്ട കോളനീകൃത നിയമത്തിന്റെ ചരിത്രത്തിന്റെ തുടര്‍ച്ചയാണ് മൂന്നാം ഭാഗത്തും. മുമ്പ് കോടതിവ്യവഹാരങ്ങളില്‍ ബ്രിട്ടീഷ് ജഡ്ജുമാരുടെ സഹായികളായും മറ്റും വര്‍ത്തിച്ചിരുന്ന മുസ്‌ലിം ജഡ്ജുമാരെയും മുഫ്തിമാരെയും അയോഗ്യരാക്കി മുസ്‌ലിം പ്രാതിനിത്യം പരമാവതി ചുരുക്കപ്പെട്ടതെങ്ങനെയെന്ന് മൂന്നാം ഭാഗം വരച്ചുകാട്ടുന്നു.
തുടര്‍ന്നുള്ള ഏഴു ഭാഗങ്ങള്‍, ഇപ്രകാരം കൊളോണിയല്‍ അധികാരികള്‍ യൂറോപ്യന്‍ നിയമവ്യവസ്ഥ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍തന്നെ വിവിധ അധികാരസ്ഥാനങ്ങളിലിരുന്ന മുസ്‌ലിംകളതിനെ എപ്രകാരം പുന:ക്രമീകരിച്ചു എന്ന് വരച്ചുകാട്ടുന്നു. നാലാം ഭാഗത്തില്‍, അഹ്ലേ ഹദീസ്, ദയൂബന്ദി, ബറേല്‍വി, ഫറങ്കിമഹല്‍ തുടങ്ങിയ വിവിധ ധാരകളുടെ ഭാഗമായിരുന്ന മുസ്‌ലിം പണ്ഡിതര്‍ പുറപ്പെടുവിച്ച ഫത്വകള്‍ പരിശോധനക്കെടുക്കുകയും കൊളോണിയല്‍ അധികാരം ഇസ്‌ലാമിക നിയമവ്യവസ്ഥയുടെ പരമാധികാരത്തെ പരിമിതപ്പെടുത്തിയതിനോടും അത്തരം നിയമവ്യവഹാരങ്ങളുമായി മുസ്‌ലിംകള്‍ സഹകരിക്കുന്നതിനോടും അവര്‍ എപ്രകാരം പ്രതികരിച്ചുവെന്നും പരിശോധിക്കുന്നു. അഞ്ചാം ഭാഗം മൗലവി മുഹമ്മദ് യൂസൂഫ് എന്ന കൊല്‍കത്ത ഹൈകോടതിയിലെ വക്കീലിനെയും അദ്ദേഹത്തിന്റെ കോടതിജീവിതത്തെയും കേന്ദ്രീകരിച്ചാണുള്ളത്. വിദേശത്തുനിന്ന് നിയമവിദ്യാഭ്യാസം നേടിയ മുഹമ്മദ് യൂസുഫ് കൊളോണിയല്‍ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോടതിയില്‍ ഇസ്‌ലാമിക നിയമങ്ങളെ ആധാരമാക്കി വാദിക്കുകയും ഖണ്ഡിക്കുകയും ചെയ്തതിന്റെ നീണ്ട വിവരണങ്ങളാണതിലുള്ളത്. മുഹമ്മദ് യൂസുഫ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിം വക്കീലുമാരുടെ ഒരു ഉദാഹരണമാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിം വക്കീലുമാരുടെ നിയമവൃത്തിയെ ‘മുസ്‌ലിം ലോയറിംഗ്’ എന്നാണ് താന്‍ വിശേഷിപ്പിക്കുന്നതെന്നും സിദ്ദീഖി സൂചിപ്പിക്കുന്നുണ്ട്. വക്കീലുമാരില്‍നിന്ന് മാറി മുസ്‌ലിം ജഡ്ജുമാരിലാണ് ആറാം ഭാഗം കേന്ദ്രീകരിക്കുന്നത്. ജില്ലാ കോടതിയില്‍ ന്യായാധിപനായിരുന്ന മൗലവി സമീഉല്ലാഹ്, സുപ്രീംകോടതിയില്‍ സേവനം ചെയ്തിരുന്ന സയ്യിദ് മഹ്‌മൂദ്, സയ്യിദ് അമീര്‍, സര്‍ സുലൈമാന്‍ എന്നീ നാലുവ്യക്തികളാണ് പ്രസ്തുക ഭാഗത്തിലെ അന്വേഷണങ്ങളുടെ കേന്ദ്രം. ബ്രിട്ടീഷ് കോടതികളില്‍ യൂറോപ്യന്‍ നിയമപാരമ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട നിയമസംവിധാനങ്ങളോടൊപ്പംതന്നെ ഇസ്‌ലാമിക മൂല്യങ്ങളും നിയമപാരമ്പര്യവും ചേര്‍ന്ന,് സങ്കീര്‍ണവും സവിശേഷമായ ഒരു ഏകതാന നിയമരൂപത്തിലേക്ക് ചുരുക്കാനാവാത്തതായിരുന്നു അവരുടെ നിയമവ്യഖ്യാനങ്ങള്‍ എന്ന് സിദ്ദീഖി പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏഴാം ഭാഗം ആംഗ്ലോ-മുഹമ്മദന്‍ നിയമവുമായി ബന്ധപ്പെട്ട് മുസ്‌ലിം പണ്ഡിതര്‍ നടത്തിയിട്ടുള്ള എഴുത്തുകളും വിമര്‍ശനങ്ങളും അവ എപ്രകാരം ആംഗ്ലോ-മുഹമ്മദന്‍ നിയമത്തെ രൂപപ്പെടുത്തി എന്നുമുള്ള അന്വേഷണത്തിലാണ് കേന്ദ്രീകരിക്കുന്നത്. ആംഗ്ലോ-മുഹമ്മദന്‍ നിയമത്തെ ഒരൊറ്റ ചരിത്രസാഹചര്യത്തില്‍ രൂപപ്പെട്ട ഒന്നായി കാണുന്നതിനുപകരം വിവിധങ്ങളായ മുസ്‌ലിം ്രപതികരണങ്ങളോടും നിയമസാഹചര്യങ്ങളോടും സംവദിച്ചും കലഹിച്ചും രൂപപ്പെട്ട ഒന്നായാണ് സിദ്ദീഖി കാണുന്നത്.
ഇസ്ലാമിക നിയമപാരമ്പര്യവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ കൊളോണിയല്‍ ലീഗല്‍ ടെറൈനില്‍ സജീവമാക്കി നിലനിര്‍ത്തുകയും യൂറോപ്യന്‍ നിയമപാരമ്പര്യത്തിന്റെ കേന്ദ്രീകൃതസ്ഥാനത്തെ വ്യംഗ്യമായും പരോക്ഷമായും വെല്ലുവിളിക്കുകയും ചെയ്യുന്ന മുകളില്‍ പരാമര്‍ശിച്ച നാല് പാഠങ്ങളിലെയും ഉദാഹരണങ്ങള്‍ക്കായിട്ടുണ്ടെന്ന് കാണിക്കുന്നതില്‍ സിദ്ദീഖി വിജയിച്ചിട്ടുണ്ട്. സ്വാഭാവികമായും, അവസാനത്തെ നാലുപാഠങ്ങളും കൊളോണിയല്‍ ലീഗല്‍ ടെറൈന്‍ യൂറോപ്യന്‍ നിയമവ്യവസ്ഥയെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതല്ലെന്നും വ്യത്യസ്തങ്ങളായ നിയമപാരമ്പര്യങ്ങള്‍ അതിനോട് കലഹിച്ച് നിരന്തരം രൂപപ്പെട്ടുകൊണ്ടിരുന്ന ഒന്നാണെന്നുമുള്ള വാദത്തെ അവ ശക്തിപ്പെടുത്തുന്നു.
ദക്ഷിണേഷ്യയെ കേന്ദ്രീകരിച്ച് ഗവേഷണം ചെയ്യുന്ന ചരിത്രപണ്ഡിതരെ സംബന്ധിച്ചിടത്തോളം മുകളിലെ നാലുപാഠങ്ങളിലായി കൊളോണിയല്‍ ലീഗല്‍ ടെറൈനെ കേന്ദ്രീകരിച്ച് സിദ്ദീഖി നടത്തിയ ചരിത്രാഖ്യാനം രീതിശാസ്ത്രപരമായി വേറിട്ടുനില്‍ക്കുകയും തുടര്‍ന്നുള്ള ചരിത്രമെഴുത്തുകള്‍ക്ക് പ്രചോദനമാവുകയും ചെയ്യുമെന്നതില്‍ സംശയമില്ല.
കൂട്ടത്തില്‍ രീതിശാസ്ത്രപരമായി ഇസ്ലാമിക നിയമചരിത്രത്തിലും കീഴാളചരിത്രമെഴുത്തിലും (subaltern history) സിദ്ദീഖിയുടെ ചരിത്രാഖ്യാനം നടത്തുന്ന ഇടപെടല്‍ എടുത്തുപറയേണ്ടതാണ്. പ്രമുഖ കീഴാള ചരിത്രകാരനായ രണജിത് ഗുഹക്കുശേഷം കോളനീകൃത സമൂഹങ്ങളുടെ കര്‍തൃത്വത്തെ (agency) കേന്ദ്രീകരിച്ചുള്ള ചരിത്രമെഴുത്തുകള്‍ അനവധിയാണല്ലോ. കോളനീകൃത സമൂഹങ്ങള്‍ ബ്രിട്ടീഷ് അധികാരത്തെ വിവിധങ്ങളായ രൂപത്തില്‍ ചെറുത്തുനിന്നതിന്റെ ചരിത്രത്തെ അവഗണിക്കുന്നതിലൂടെ ബ്രിട്ടീഷ് അധികാരത്തെ വീണ്ടും ദൃഢപ്പെടുത്തുകയാണെന്ന് അഭിപ്രായപ്പെട്ട അത്തരം ഉദ്യമങ്ങളിലൂടെ ഒരു അധികാരകേന്ദ്രത്തിനകത്തുനിന്നുകൊണ്ട് കീഴാളസമൂഹങ്ങള്‍ എങ്ങനെ തങ്ങളുടെ കര്‍തൃത്വത്തെ പ്രകടിപ്പിക്കുന്നു എന്നന്വേഷിക്കുന്നുണ്ട്. എങ്കിലും, ഗുഹ കീഴാളസമൂഹങ്ങളുടെ കര്‍തൃത്വത്തെ നേരത്തെ കൂട്ടമായി രൂപപ്പെട്ടതും കൊളോണിയല്‍ അധികാരത്തോട് പ്രതികരിക്കുന്ന വേളയില്‍ പ്രകടിപ്പിക്കപ്പെട്ട ഒന്നായിട്ടുമാണ് വിഭാവനം ചെയ്യുന്നത്. ഉദാഹരണമായി, മലബാറിലെ മാപ്പിളമാര്‍ ബ്രിട്ടീഷ് അധികാരത്തോട് പ്രതികരിക്കുന്നത് ചരിത്രപരമായി അവര്‍ക്കുള്ളില്‍ മുമ്പേ രൂപപ്പെട്ട സ്വത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഗുഹയെ സംബന്ധിച്ചിടത്തോളം. ജോണ്‍ വില്‍സണെ സംബന്ധിച്ചിടത്തോളം കര്‍തൃത്വത്തെ സംബന്ധിച്ച ഈ എസ്സന്‍ഷ്യലിസ്റ്റ് ആഖ്യാനം, കൊളോണിയല്‍ അധികാരവും അതു രൂപപ്പെടുത്തുന്ന ചരിത്രസാഹചര്യങ്ങളും കീഴാള സമൂഹങ്ങളുടെ കര്‍തൃത്വത്തെ എപ്രകാരമെല്ലാം സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കുന്നതില്‍ പരാജയപ്പെടുന്നു. എന്നു മാത്രമല്ല, ഒരേ സ്വത്വബോധം പരസ്പരം പങ്കുവക്കുന്ന വ്യക്തികള്‍ തന്നെ വിവിധ സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായാണ് തങ്ങളുടെ കര്‍തൃത്വത്തെ പ്രകടിപ്പിക്കാറുള്ളത്. നേരത്തേ സൂചിപ്പിച്ച ഉദാഹരണം തന്നെ എടുക്കാം. മലബാറിലെ ബ്രിട്ടീഷ് അധികാരവും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഘടനയിലും സാമൂഹിക വ്യവസ്ഥയിലുമുണ്ടായ മാറ്റങ്ങള്‍ മലബാറിലെ മാപ്പിളമാരുടെ കര്‍തൃത്വപ്രകാശനത്തില്‍ ഇവിടെ ഏറ്റവും പ്രധാനപ്പെട്ടവയായി മാറുന്നു. എന്നുമാത്രമല്ല, ഇത്തരത്തില്‍ കര്‍തൃത്വത്തെ മനസ്സിലാക്കുമ്പോള്‍ ഒരേ വ്യക്തി തന്നെ ഒരുപക്ഷേ ഒരു സാഹചര്യത്തില്‍ ബ്രിട്ടീഷ് അധികാരത്തെ എതിര്‍ക്കുകയും മറ്റൊരു സാഹചര്യത്തില്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ടാവാം. അങ്ങനെ വരുമ്പോള്‍ ദക്ഷിണേഷ്യയിലെ കൊളോണിയല്‍ ചരിത്രാഖ്യാനവുമായി ബന്ധപ്പെട്ട് പരമ്പരാഗതമായി കണ്ടുവരുന്ന ആഖ്യാനത്തിന്റെ അപര്യാപ്തത സുതരാം വ്യക്തമാവുന്നു. അഥവാ, കോളനീകൃത സമൂഹങ്ങള്‍ വ്യത്യസ്ത ചരിത്രസാഹചര്യങ്ങള്‍ക്കനുസരിച്ച് വിവിധ രീതിയിലാണ് തങ്ങളുടെ കര്‍തൃത്വത്തെ പ്രകാശിപ്പിച്ചതെങ്കില്‍ അധികാരത്തെ പിന്തുണക്കുന്നവരോ എതിര്‍ക്കുന്നവരോ എന്ന ദ്വന്ദത്തിലേക്കവരെ ചുരുക്കാനാവില്ല. അത്തരമൊരു ചരിത്രാഖ്യാനം വ്യത്യസ്ത ഭാവങ്ങളുള്ള, കീഴാള സമൂഹങ്ങളുടെ കര്‍തൃത്വ പ്രകാശനത്തെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. സിദ്ദീഖിയുടെ ചരിത്രാഖ്യാനത്തിന്റെ പ്രസക്തിയും ഇവിടെയാണ്. കൊളോണിയല്‍ ലീഗല്‍ ടെറൈനിലെ മുസ്ലിം ഇടപെടലുകളെ ഈ ദ്വന്ദത്തില്‍ നിന്നല്ല സിദ്ദീഖി അവതരിപ്പിക്കുന്നത്. കൊളോണിയല്‍ കോടതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജഡ്ജിന്, സിദ്ദീഖിയെ സംബന്ധിച്ചിടത്തോളം, ഒരു സന്ദര്‍ഭത്തില്‍ ബ്രിട്ടീഷ് അധികാരത്തെ ദൃഢപ്പെടുത്താനും മറ്റൊരു സന്ദര്‍ഭത്തില്‍ പ്രസ്തുത അധികാരം ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ഇസ്ലാമിക നിയമവ്യവസ്ഥയെ ശക്തിപ്പെടുത്താനുമാവും.
അപ്രകാരം തന്നെ, ഇസ്ലാമിക നിയമത്തെ സംബന്ധിച്ച ആധുനിക ചരിത്രവികാസങ്ങള്‍ റപ്ച്ചര്‍ (ആധുനികതയുടെ കടന്നുവരവോടെ ഇസ്ലാമിക നിയമവ്യവസ്ഥയുടെ വ്യവഹാരം തടസ്സപ്പെട്ടു), കണ്ടിന്യുറ്റി (വ്യവഹാരം തടസ്സപ്പെട്ടെങ്കിലും മറ്റു പലരീതികളില്‍ അവ തുടര്‍ന്നു) എന്നീ ദ്വന്ദങ്ങളെ കേന്ദ്രീകരിച്ചാണുള്ളത്. സിദ്ദീഖിയുടെ ചരിത്രാഖ്യാനം ഈ ദ്വന്ദങ്ങളില്‍ പരിമിതപ്പെടുത്താവുന്നതല്ല. കൊളോണിയല്‍ കോടതിയില്‍ ഒരേ സമയം ഇസ്ലാമിക നിയമവ്യവസ്ഥയുടെ വ്യവഹാരം തടസ്സപ്പെടുകയും മുസ്ലിം പ്രതിനിധികളതിന് സൗകര്യമൊരുക്കുകയും ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ചാണ് അവരെഴുതുന്നത്. ഏതെങ്കിലുമൊന്നില്‍ കേന്ദ്രീകരിക്കുമ്പോള്‍ കീഴാള സമൂഹങ്ങള്‍ തങ്ങളുടെ കര്‍തൃത്വത്തെ വിവിധങ്ങളായ രീതിയില്‍ പ്രകാശിപ്പിച്ചെതങ്ങനെയെന്ന് പരിഗണിക്കുന്നതില്‍ നാം പരാജയപ്പെട്ടുപോകുന്നു.
ചുരുക്കത്തില്‍, ദക്ഷിണേഷ്യയിലെ മുസ്ലിംകളുടെ സാമൂഹിക-ധൈഷണിക ചരിത്രത്തില്‍ സുപ്രധാനമായൊരു ഇടപെടലാണ് സിദ്ദീഖി നടത്തുന്നത്. രീതിശാസ്ത്രപരമായും അതടിസ്ഥാനത്തില്‍ മുന്നോട്ടുവക്കുന്ന വാദങ്ങളിലും സിദ്ദീഖിയുടെ പുസ്തകം തുടര്‍ന്നുള്ള നിയമചരിത്രാന്വേഷണങ്ങള്‍ക്ക് പ്രചോദനമേകുന്നതാണ്. റപ്ചര്‍/കണ്ടിന്യുറ്റി, അനുകൂലി/പ്രതികൂലി തുടങ്ങിയ ദ്വന്ദങ്ങള്‍ക്കപ്പുറത്തുനിന്നുകൊണ്ട് എങ്ങനെ ചരിത്രമെഴുതാമെന്നും തദടിസ്ഥാനത്തില്‍ നിയമരേഖകളെ കൂടുതല്‍ ആഴത്തില്‍ എപ്രകാരം ഉപയോഗിക്കാമെന്നും ഉള്ളതിലേക്കുള്ള വിശാലമായ ഉള്‍കാഴ്ചകള്‍ ‘ഇസ്ലാമിക ലോ ഓണ്‍ ട്രയല്‍’ മുന്നോട്ട്വെക്കുന്നുണ്ട്.






