ഭൂമിയുടെ മുക്കുമൂലകളില്‍ നിന്നും മനുഷ്യര്‍ മക്കയിലേക്ക് പുറപ്പെട്ടു തുടങ്ങിയ ഈ ദിവസങ്ങളില്‍, ഓര്‍മ്മിക്കത്തക്ക ഒരു ദിവസമായിരുന്നു മെയ് പത്തൊമ്പത്. നൂറു വര്‍ഷം മുന്നേ ആ ദിവസമാണ് മാല്‍കം എക്സ് ജനിച്ചത്. ജീവിച്ചു എന്ന ഒറ്റക്കാരണത്താല്‍ മനുഷ്യ ചരിത്രം എന്നേക്കും ഓര്‍ക്കുന്ന മനുഷ്യരുണ്ട്. മരിച്ചു പതിറ്റാണ്ടുകള്‍ പിന്നിട്ടാലും മനസ്സിന്റെ അടിത്തട്ടില്‍ ഒരു വിറ ബാക്കി വെക്കുന്നവര്‍. മാല്‍കം എക്സ് എന്ന പേരുള്ള മനുഷ്യന്റെ ജീവിതം ഒരു വായിച്ച പുസ്തകമായിരുന്നില്ല, ഭൂമിയില്‍ ആവിഷ്‌കൃതമായൊരു സന്ദേശത്തിന്റെ മൂര്‍ത്തീകരണമായിരുന്നു. മനുഷ്യന്‍ വിധിയോട് എങ്ങനെ പോരാടണം, അതിന് തീക്ഷ്ണതയും ആത്മവേദനയും എങ്ങനെ ചേര്‍ക്കാമെന്ന് പഠിപ്പിച്ച ഒരു ഹാജി. ഹജ്ജ് ജീവിതത്തിലെ വലിയ വഴിത്തിരിവിന്റെ കാരണമായ തീപ്പൊരി മനുഷ്യന്‍.
അലക്സ് ഹാലിയുടെ മാല്‍കം എക്സിന്റെ ആത്മകഥ, ആദ്യമായി വായിച്ചത് കൗമാരക്കാരനായിരിക്കുമ്പോഴാണ്. അന്നതൊരു ആക്ഷന്‍ സിനിമ പോലെ തോന്നിച്ച, വിപ്ലവകാരിയായ മനുഷ്യന്റെ പോരുകഥ. എന്നാല്‍, 2025-ല്‍, ഈ പുസ്തകം വീണ്ടും വായിച്ചപ്പോള്‍, പരിണാമദശകളിലൂടെ വളരുന്ന ആയുസ്സിന്റെ അര്‍ത്ഥമായത് ഹൃദയത്തെ തൊട്ടു. ഓരോ പേജും, ഓരോ വാചകവും ഇതല്ല ഇതല്ലെന്നു തെരഞ്ഞു തെരഞ്ഞു ശരിയുടെ ഏറ്റവും അടുത്ത സ്ഥാനത്തേക്കു പോകുന്ന യാത്രയായി അനുഭവിച്ചു. ജയില്‍ ജീവിത ഭാഗങ്ങളും ഹജ്ജും ഇപ്പോള്‍ ഏറ്റവും സ്വാധീനിച്ചു. എങ്ങനെയാണൊരു മനുഷ്യന്‍ ഒരു പുസ്തകത്തിന്റെ ശക്തിവിശേഷം വഴി സ്വന്തം മനസ്സിനെ മോചിപ്പിച്ചതെന്ന വിവരണം എന്റെ പുനര്‍വായനയെ കൂടി സാധൂകരിക്കുന്നതായി.
മാല്‍കം എക്സ്, അഥവാ അല്‍ഹാജ് മാലിക് അല്‍ഷഹബാസ് 1925ല്‍ നെബ്രാസ്‌കയില്‍ ജനിച്ചു. കുട്ടിക്കാലം തന്നെ കുടുംബം വെളുപ്പുമോല്‍ക്കോയ്മാ വാദികളുടെ അക്രമത്തിനിരയായി. പിതാവിന്റെ കൊലപാതകവും അമ്മയുടെ മാനസികാരോഗ്യപ്രശ്നങ്ങളും ജീവിതത്തിന്റെ കനിവില്ലാത്ത ഇടുക്കുകളിലേക്കാണാ കുഞ്ഞിനെ തള്ളിയത്. തുടര്‍ച്ചയായ കുറ്റകൃത്യങ്ങളില്‍ ഹരം കണ്ടെത്തിയ കൗമാരത്തില്‍, നിയമപാലകരാല്‍ പിടിക്കപ്പെട്ട് ജയിലിലെത്തി. ജയില്‍ രൂപാന്തരത്തിന്റെ വസതിയായി. മാല്‍കം, തന്റെ ജയില്‍ ജീവിതത്തെ ”എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്” എന്ന് വിശേഷിപ്പിക്കുന്നു. ജയില്‍ ജീവിതത്തില്‍ അദ്ദേഹം ‘നേഷന്‍ ഓഫ് ഇസ്ലാം’ എന്ന കറുത്തവരുടെ ആത്മബോധത്തെ ഉയര്‍ത്തിയ വിശ്വാസതത്വത്തിലേക്ക് ചാഞ്ഞു. ‘ലിറ്റില്‍’ എന്ന സ്വന്തം തലപ്പേരു ഉപേക്ഷിച്ചു; അടിമകള്‍ക്ക് ഉടമസ്ഥര്‍ ചാര്‍ത്തുന്ന പേരിനു പകരം ‘എക്സ്’ എന്നു ചേര്‍ത്തു.
1948-ല്‍, മാല്‍കമിന്റെ സഹോദരന്മാരായ റെജിനാള്‍ഡും ഫില്‍ബര്‍ട്ടും, നേഷന്‍ ഓഫ് ഇസ്ലാമിന്റെ പ്രബോധനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് കത്തുകള്‍ അയച്ചു. എലിജാ മുഹമ്മദിന്റെ നേതൃത്വത്തില്‍, കറുത്ത വര്‍ഗക്കാരുടെ മേല്‍ക്കോയ്മ, വെളുത്തവര്‍ക്കെതിരായ എതിര്‍പ്പ്, ഇസ്ലാമിന്റെ ഒരു വ്യത്യസ്ത വ്യാഖ്യാനം എന്നിവ പ്രബോധനം ചെയ്ത റെജിനാള്‍ഡിന്റെ ജയിലിലേക്കു ചെന്ന കത്തുകളിലൂടെ വെളുത്ത മനുഷ്യന്‍ പിശാചാണെന്ന എന്‍.ഐ.ഒയുടെ വാദം വംശീയ അനീതികള്‍ അളവറ്റ് അനുഭവിച്ച ഒരു കറുത്ത അമേരിക്കക്കാരന്റെ അനുഭവങ്ങളുമായി സമന്വയിച്ചു. മാല്‍കം, നാഷന്‍ ഓഫ് ഇസ്ലാമിന്റെ ബോധനങ്ങള്‍ പഠിക്കാന്‍ തുടങ്ങി. എലിജാ മുഹമ്മദിന്റെ ”സന്ദേശങ്ങള്‍” വായിച്ച അദ്ദേഹം, കറുത്തവര്‍ ഏഷ്യാറ്റിക് ജനതയുടെ ഭാഗമാണെന്നും വെളുത്തവര്‍ അവരെ അടിമത്തത്തിലാക്കിയവരാണെന്നും മനസ്സിലാക്കി. ഈ പാഠം മാല്‍കമിന്റെ ആത്മാഭിമാനത്തെ പുനര്‍നിര്‍മ്മിച്ചു: ‘ഞാന്‍ എന്റെ ചരിത്രം പഠിച്ചു. ഞാന്‍ ഒരു കുറ്റവാളിയല്ല, ഒരു മനുഷ്യനാണ്, ഒരു കറുത്ത മനുഷ്യനാണ്, എന്റെ പൂര്‍വ്വികര്‍ ഒരു മഹത്തായ ജനതയാണ്. മാല്‍കം എക്സിന്റെ ജീവിതത്തിന്റെ ഏറ്റവും ആകര്‍ഷകമായ വശം, അദ്ദേഹം സ്വന്തം ഉള്ളിലെ ദൗര്‍ബല്യങ്ങളെ അതിജീവിച്ചതാണ്. മാല്‍കമിന്റെ ഈ യാത്ര അവനവന്‍ ശരി വാദികളായ മനുഷ്യര്‍ക്കെല്ലാം ഒരു വെളിപാടാണ്. അവനവന്റെ ഉള്ളിലെ ഭയങ്ങളും സംശയങ്ങളും അതിജീവിക്കുക എന്നത് ഏറ്റവും വലിയ വിജയമാണ്. ശത്രു പുറത്തല്ല, ഉള്ളിലാണ്; ആദ്യം അവനെ ജയിക്കുക എന്നതാണത്. ജീവിതം കരുപ്പിടിച്ച ആദര്‍ശങ്ങളുടെ പാപ്പരത്തം തിരിച്ചറിയുമ്പോള്‍ അത് ഉപേക്ഷിക്കാനുള്ള ആര്‍ജ്ജവമാണത്.
മാല്‍കമിന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ വഴിത്തിരിവ്, അദ്ദേഹം ഇസ്ലാമിന്റെ ആഗോള ദര്‍ശനത്തിലേക്ക് കടന്നുവന്നതാണ്. ”ഹജ്ജിന്റെ ആത്മീയ അനുഭവം എന്റെ മനസ്സിന്റെ കണ്ണുകള്‍ തുറന്നു. ഞാന്‍ വെളുത്തവരെയും കറുത്തവരെയും, എല്ലാ നിറത്തിലുള്ള മനുഷ്യരെയും ഒരേ ദൈവത്തിന്റെ സൃഷ്ടികളായി കണ്ടു. അര്‍ദ്ധസഹോദരിയായ എല്ല ലിറ്റില്‍ കോളിന്‍സിന്റെ സാമ്പത്തിക സഹായത്തോടെയാണ് മാല്‍കം ജിദ്ദയിലേക്ക് തിരിച്ചത്. അമേരിക്കന്‍ പൗരത്വവും അറബി ഭാഷ വശമില്ലാത്തും കാരണം ജിദ്ദയില്‍ അദ്ദേഹത്തിന്റെ ഇസ്ലാമികത ചോദ്യം ചെയ്യപ്പെട്ടു. അബ്ദുല്‍ റഹ്‌മാന്‍ ഹസന്‍ അസ്സാമിന്റെ ഠവല ഋലേൃിമഹ ങലമൈഴല ീള ങൗവമാാമറ വായിച്ചിരുന്ന മാല്‍കം അസ്സാമിന്റെ മകനുമായി ബന്ധപ്പെട്ടു. അസ്സാമിന്റെ മകന്‍, മാല്‍കമിനെ കൂടെക്കൂട്ടുകയും തന്റെ പാര്‍പ്പിടത്തില്‍ താമസിപ്പിക്കുകയും ചെയ്തു. അപ്പോഴത്തെ സൗദി രാജകുമാരന്‍ ഫൈസല്‍ മാല്‍കമിനെ രാജ്യത്തിന്റെ അതിഥിയായി പ്രഖ്യാപിക്കുയും ഹജ്ജ് പൂര്‍ത്തിയാക്കാനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. ഹജ്ജ് വംശീയതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും ഇസ്ലാമിനെക്കുറിച്ചുള്ള മനസ്സിലാക്കലിനെയും പൂര്‍ണമായി മാറ്റിമറിച്ചു. ‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആത്മീയ അനുഭവം’ എന്ന് മക്കയിലെ കാഴ്ചകളെ മാല്‍കം വിശേഷിപ്പിക്കുന്നു. ഹജ്ജിന്റെ ദിനങ്ങള്‍, മനുഷ്യരാശിയുടെ ഐക്യത്തിന്റെ ദൃശ്യവും ആത്മീയവുമായ പ്രകടനമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് മുസ്ലിംകള്‍, വംശം, ഭാഷ, സംസ്‌കാരം എന്നിവയ്ക്കപ്പുറം, ഒരേ വെളുത്ത വസ്ത്രമണിഞ്ഞ്, ഒരേ ദൈവത്തിന്റെ മുന്നില്‍ ഒന്നായി നിന്നവര്‍. മാല്‍കമിനെ ഏറ്റവും അത്ഭുതപ്പെടുത്തിയത്, വെളുത്തനിറമുള്ള മുസ്ലിംകളുമായുള്ള സഹവര്‍ത്തിത്വമാണ്. മക്കയില്‍, വെളുത്തവരും കറുത്തവരും, ഏഷ്യക്കാരും ആഫ്രിക്കക്കാരും, ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നതും, ഒരേ മേശയില്‍ ഭക്ഷണം പങ്കിടുന്നതും, സഹോദരതുല്യമായി പെരുമാറുന്നതും അദ്ദേഹം കണ്ടു. ”ഞാന്‍ വെളുത്തനിറമുള്ള മനുഷ്യരെ, എന്റെ ജീവിതത്തില്‍ ആദ്യമായി, സഹോദരന്മാരായി കണ്ടു. അവരുടെ കണ്ണുകളില്‍ വംശീയതയല്ല, സ്നേഹവും ബഹുമാനവുമാണ് ഞാന്‍ കണ്ടതെന്ന് മാല്‍കം എഴുതി. ഹജ്ജ്, മാല്‍കമിന് ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം മനസ്സിലാക്കാന്‍ സഹായിച്ചു, ‘അമേരിക്കയില്‍, വെളുത്തവര്‍ എന്നെ ‘നീഗ്രോ’ എന്ന് വിളിച്ചു. മക്കയില്‍, ഞാന്‍ ഒരു മനുഷ്യനായിരുന്നു, ഒരു മുസ്ലിമായിരുന്നു,” എന്നദ്ദേഹം എഴുതി.
മക്കയില്‍ നിന്നും സഹോദരിക്കെഴുതിയ കത്തിന്റെ ഉള്ളടക്കം മാല്‍കമിനു കൈവന്ന പുതിയ ദര്‍ശനത്തെ പ്രതിഫലിപ്പിക്കുന്നു: ”അമേരിക്ക, ഇസ്ലാമിനെ മനസ്സിലാക്കേണ്ടതുണ്ട്, കാരണം, വംശീയ പ്രശ്നങ്ങളെ സമൂഹത്തില്‍ നിന്ന് ഇല്ലാതാക്കുന്ന ഒരേയൊരു മതം ഇതാണ്.” ഈ കത്ത്, അദ്ദേഹത്തിന്റെ ‘ഘേേലലൃ െളൃീാ അയൃീമറ’ എന്ന പേരില്‍ പിന്നീട് പ്രസിദ്ധമായി. തിരിച്ചെത്തിയ മാല്‍കം ഛൃഴമിശ്വമശേീി ീള അളൃീഅാലൃശരമി ഡിശ്യേ (ഛഅഅഡ) സ്ഥാപിച്ചു, ആഗോള മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി സഹകരിക്കാന്‍ തുടങ്ങി. 1964 സെപ്റ്റംബറില്‍ അദ്ദേഹം ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്ന ഗാസ സന്ദര്‍ശിച്ചു. ഈ യാത്രയില്‍, അദ്ദേഹം ഖാന്‍ യൂനിസ് അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ചു, പലസ്തീന്‍ കവി ഹാറൂന്‍ ഹാഷിം റഷീദിനെ കണ്ടുമുട്ടി, 1948-ലെ നക്ബയുടെയും 1956-ലെ ഖാന്‍ യൂനിസ് കൂട്ടക്കൊലയുടെയും ഫലങ്ങള്‍ നേരിട്ട് കണ്ടു. ആഫ്രിക്കയിലൂടെ യാത്ര ചെയ്തു. ഈ അനുഭവങ്ങള്‍ സയണിസത്തെ യൂറോപ്യന്‍ സാമ്രാജ്യത്വത്തിന് സമാനമായ ഒരു കൊളോണിയലിസമായി കാണുന്ന ചരിത്രപാഠമായി തിരിച്ചറിയാന്‍ മാല്‍കമിനെ സഹായിച്ചു.

പലസ്ഥീന്‍ വിചാരങ്ങള്‍
മാല്‍ക്കം എക്സ് സയണിസം ഒരു പുതിയ തരം കൊളോണിയലിസമാണെന്ന് വാദിച്ചു, പുതുതായി സ്വാതന്ത്ര്യം നേടിയ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ക്ക് സാമ്പത്തിക സഹായവും സാങ്കേതിക സഹകരണവും നല്‍കി നടത്തുന്ന ഉദാരതയുടെ മറവില്‍ ഇസ്രയേല്‍ നടത്തുന്ന കോളനീകരണം മാല്‍കം അന്നേ ലോകത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. പലസ്തീനു മേലുള്ള സയണിസ്റ്റ് അവകാശവാദത്തെ അദ്ദേഹം വിമര്‍ശിച്ചു, ജൂതന്മാരുടെ ”വാഗ്ദത്ത ഭൂമി”യെക്കുറിച്ചുള്ള പുരാതനവും മതപരവുമായ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ അറബികളെ പുറന്തള്ളുന്നതിന്റെ ധാര്‍മികവും നിയമപരവുമായ അടിസ്ഥാനമെന്തെന്ന ചോദ്യം ഉയര്‍ത്തി. സയണിസ്റ്റുകള്‍ക്ക് അറബ് പലസ്തീനില്‍ അധിനിവേശം നടത്താനും അറബ് പൗരന്മാരെ അവരുടെ വീടുകളില്‍ നിന്ന് പുറന്തള്ളാനും എല്ലാ അറബ് സ്വത്തുക്കളും സ്വന്തമാക്കാനും, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരുടെ പൂര്‍വ്വികര്‍ അവിടെ ജീവിച്ചിരുന്നു എന്ന ‘മതപരമായ’ അവകാശവാദത്തിന്റെ അടിസ്ഥാനത്തില്‍ നിയമപരമോ ധാര്‍മികമോ ആയ അവകാശം എങ്ങനെ ലഭിക്കുന്നു, മുസ്ലിംകള്‍ മുമ്പുണ്ടായിരുന്ന സ്പെയിന്‍ അവകാശപ്പെടുന്നതിനോ ഐറിഷുകാര്‍ അയര്‍ലന്‍ഡ് തിരിച്ചുപിടിക്കുന്നതിനോ ഉള്ള അവകാശം പ്രഖ്യാപിക്കുന്നതുപോലെ ഒരസംബന്ധമായി അതിനെ താരതമ്യം ചെയ്തു.
ഇസ്രായേലിന്റെ പലസ്തീന്‍ അധിനിവേശം മൂലം അറബ് വിഭവങ്ങളെ ആയുധത്തിനു വേണ്ടി വിനിയോഗിക്കപ്പെടുന്നത്, അത് രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തെ തടസ്സപ്പെടുത്തുന്നത്, അറബ് നേതാക്കള്‍ അസമര്‍ത്ഥരാണെന്ന് ചിത്രീകരിക്കുന്ന സയണിസ്റ്റ് പ്രചാരണത്തെ ശക്തിപ്പെടുത്തുകയും, അതുവഴി ആഫ്രിക്കന്‍ രാഷ്ട്രങ്ങളെ ഇസ്രായേലിന്റെ സഹായത്തിലേക്ക് തിരിയാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഉള്‍പ്പടെ മാല്‍കം അന്നേ ഉന്നയിച്ച വിഷമ പ്രശ്നങ്ങളെല്ലാം ഒരുക്കിയ പ്രതിസന്ധിയുടെ ആഴം ഇന്ന് നമുക്കറിയാം. മാല്‍കം ഡോളറിസം എന്ന് വിശേഷിപ്പിച്ച, രാഷ്ട്രങ്ങളില്‍ സ്വാധീനം നിലനിര്‍ത്താന്‍ ”ബലവും ഭയവും” എന്ന പഴയ യൂറോപ്യന്‍ കൊളോണിയല്‍ തന്ത്രത്തിനു പകരം വന്ന പുത്തന്‍ സാമ്രാജ്യത്വ സൂത്രങ്ങളെ വരച്ചുകാട്ടിയും അറബ് ലോകത്തെ വിഭജിക്കാനും ആഫ്രിക്കക്കാരും ഏഷ്യക്കാരും തമ്മില്‍ ഭിന്നത വിതയ്ക്കാനും യൂറോപ്യന്‍ ശക്തികള്‍ ഇസ്രായേലിനെ തന്ത്രപരമായി സ്ഥാപിച്ചതായി ചൂണ്ടിക്കാട്ടിയുമാണ് മാല്‍കം മടങ്ങിയത്. പ്രസ്തുത വിമര്‍ശനം, പലസ്തീന്‍ സമരത്തെ ആഗോളതലത്തിലുള്ള കറുത്തവര്‍ഗ്ഗക്കാരുടെ വിമോചനവുമായി ബന്ധിപ്പിക്കുന്ന, വിശാലമായ സാമ്രാജ്യത്വ വിരുദ്ധ നിലപാടില്‍ വേരൂന്നിയ ഒന്നായി കണ്ടു. സയണിസം പലസ്തീനികള്‍ക്ക് മാത്രമല്ല, മുഴുവന്‍ മൂന്നാം ലോകത്തിനും ഭീഷണിയാണെന്ന് മാല്‍കം പലവുരു പറഞ്ഞു. ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലുമുള്ള യാത്രകളിലും, ഈജിപ്തില്‍ ജമാല്‍ അബ്ദുല്‍ നാസറിനെപ്പോലുള്ള നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും വികസിപ്പിച്ചെടുത്ത ഈ വീക്ഷണം, അദ്ദേഹത്തിന്റെ വളര്‍ന്നുവരുന്ന അന്താരാഷ്ട്രവാദ ദര്‍ശനത്തെ പ്രതിഫലിപ്പിച്ചു. 1965 ഫെബ്രുവരിയില്‍ മാല്‍കം കൊല്ലപ്പെടുന്നതിന് അഞ്ച് മാസം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനം ചേര്‍ത്തുണ്ടാക്കിയ ഒരു പുസ്തകം കൂടിയുണ്ട് ഇപ്പോള്‍ മലയാളത്തില്‍.

അനുരാഗത്തിന്റെ ദിനങ്ങള്‍
തിരുവള്ളൂരില്‍ പണ്ട്, പണ്ടെന്നു പറഞ്ഞാല്‍ എന്റെ അനിയന്‍ മൊയ്തു ബഹറൈനിലേക്കു പോകുന്നതിനു മുമ്പുള്ള കാലത്ത്; അങ്ങാടിയില്‍ ഉണ്ടായിരുന്ന ഒരു ഓട്ടോറിക്ഷയുടെ പേരായിരുന്നു മാല്‍കം എക്‌സ്. തിരുള്ളൂര്‍ക്കാര്‍ അവര്‍ക്കു പരിചയമുള്ള ഒരു നാടന്‍ നാമത്തിലേക്ക് അതിനെ പേരുമാറ്റം ചെയ്തു.
‘മാക്കം’. പുസ്തകങ്ങളുമായി ഇടപഴക്കമുള്ള ഒരു നാട്ടുകാരനെ ആദ്യമായി കണ്ടെത്തിയ കാലത്താണ് മാല്‍കം എക്‌സിനെ പറ്റി കേള്‍ക്കുന്നത്. ആ സംഭവവികാസങ്ങള്‍ ഏതാണ്ടിങ്ങനെയാണ്. ഞങ്ങളുടെ അങ്ങാടിയിലുള്ള ഒരേയൊരു ടെലഫേണ്‍ ബൂത്താണ് മിറാഷ്. ഞാന്‍ അവിടെ നിന്നും മണിപ്പാലിലെ കസ്തൂര്‍ബാ മെഡിക്കല്‍ കോളജിലേക്ക് ഒരു ഡോക്ടറെ അന്വേഷിച്ചു വിളിക്കുന്നു. എസ്.ടി.ഡി കോളിന്റെ ദൈര്‍ഘ്യം കൂടുംതോറും ചുവന്ന ബില്ലിലെ സംഖ്യ കൂടുന്നു, എന്റെ നില പരുങ്ങലിലാവുന്നു. എനിക്കു സംസാരിക്കേണ്ട ഡോക്ടറുടെ ഡിപാര്‍ട്‌മെന്റിലേക്കുള്ള നമ്പറേ എന്റെ കൈവശമുള്ളൂ. കൗണ്ടറിലിരിക്കുന്ന രയരോത്തെ റഷീദ് എന്നോട് അനുതാപത്തോടെ സംസാരിക്കുന്നു. ഡോക്ടറുടെ വീട്ടിലെ നമ്പര്‍ സംഘടിപ്പിക്കുകയേ നിവൃത്തിയുള്ളൂ, അല്ലാതെ ഇങ്ങനെ എസ്.ടി.ഡി വിളിച്ചാല്‍ ആളെ കിട്ടുകയുമില്ല, കാശും പോകുമെന്ന് ഉപദേശിക്കുന്നു.
മിറാഷിന്റെ അകത്തിരുന്ന് ഒരു പ്രിന്റെടുത്ത പുസ്തകം വായിക്കുന്ന ഈശാന്‍ താടിയായ ഒരു മനുഷ്യന്‍ അന്നേരം ഞങ്ങളുടെ സംസാരത്തില്‍ ഇടപെടുന്നു. ആളൊരു ‘ഇടപെട്ടളയും’ ജീവിയാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. എന്റെ ജീവിതത്തിലാകെ ഇടപെട്ടു കളഞ്ഞു അയാള്‍. അന്ന് അദ്ദേഹത്തിന്റെ മുമ്പാകെ മണിപ്പാലില്‍ നിന്നും എനിക്കു വന്ന ഒരു കത്ത് കാണിച്ചുകൊണ്ട് ഞാനെന്റെ അവസ്ഥ വിശദീകരിക്കുന്നു, ഇതൊക്കെ അല്‍പം ഗര്‍വോടെയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. നമ്മുടെ നാടന്‍ ബുള്‍ഗാന്‍ താടി ആ കത്തെഴുതിയ ആളുടെ പേര് വായിച്ച്, ഇത് ഡോക്ടര്‍ ഔസാഫല്ലേ, അദ്ദേഹത്തിന്റെ നമ്പര്‍ ഞാന്‍ സംഘടിപ്പിച്ചുതരാം എന്നു പറയുന്നു. ഞാന്‍ അല്‍ഭുത പരതന്ത്രനാവുന്നു. എന്റെ സാഹസങ്ങളെ എത്രയോ കാലം മുന്നേ മറികടന്ന മറ്റൊരാള്‍ എന്റെ നാട്ടില്‍ തന്നെയുണ്ട്. അയാള്‍ക്കു കൈകൊടുക്കുക തന്നെ ബുദ്ധി..!
ഏതാനും മാസം മുമ്പേ ഭാഷാപോഷിണിയില്‍ അജയ് പി. മങ്ങാട് എഴുതിയ ഗെയില്‍ ഓംവെത്തിനെയും ജ്യോതിബാ ഫൂലെയെയും കുറിച്ചുള്ള ദീര്‍ഘമായ പഠനം വായിച്ച് ഞാനൊരു കത്തെഴുതിയിരുന്നു. എങ്ങനെയെങ്കിലും പേര് അച്ചടിച്ചുവരിക എന്നതിലാണ് അന്നത്തെ ഹരം. പിറ്റേ മാസം നോക്കുമ്പോള്‍ എന്റെ കത്ത് വന്നിട്ടില്ല, എന്നാല്‍ ഒരു ഡോക്ടര്‍ ഔസാഫ് അഹ്‌സന്‍ എഴുതിയ കത്ത് വന്നിട്ടുമുണ്ട്. ഭാഷാപോഷിണിയില്‍ വിളിച്ച് അജയ് മനോരമയുടെ കൊച്ചി എഡിഷനില്‍ ജോലി ചെയ്യുന്ന ഒരാളാണെന്നു മനസ്സിലാക്കുകയും അജയിനു കത്തയക്കുകയും ചെയ്തു. സുഹൃത്തുക്കളെ പിടിക്കാന്‍ അക്കാലത്ത് എടുത്തു വീശുന്ന ഏറ്റവും ചെലവു കുറഞ്ഞ വലകളാണ് കത്തുകള്‍. അജയിനെ അങ്ങനെ പിടികൂടി. കോഴിക്കോട്ടെ ഇസ്ലാമിക യൂത്ത് സെന്റില്‍ പോയപ്പോള്‍ പി. കോയാ സാഹിബാണ് ഡോക്ടര്‍ ഔസാഫിന്റെ അഡ്രസ്സ് തന്നത്. അങ്ങനെയാണെനിക്ക് മണിപ്പാലില്‍ നിന്നും ആ മറുപടിക്കത്ത് വന്നത്. കത്തെഴുതി മറുപടിക്ക് കാത്തിരിക്കാന്‍ സാവകാശമില്ലാത്ത ഒരു കാര്യത്തിനാണ് ഞാനപ്പോള്‍ ഡോകടറെ എസ്.ടി.ഡി വിളിച്ചുകൊണ്ടിരിക്കുന്നത്. ആ വിളി പൈങ്ങ എന്നു തിരുവള്ളൂര്‍ക്കാര്‍ വിളിക്കുന്ന അഹ്‌മദ്ക്കയെ കൂടി പരിചയപ്പെടാന്‍ നിമിത്തമായി. അഹ്‌മദ്ക്ക് അപ്പോള്‍ വായിച്ചുകൊണ്ടിരുന്നത് പുറത്തിറങ്ങാനിരിക്കുന്ന വളരെ പ്രശസ്തമായ ഒരു പുസ്തകത്തിന്റെ പ്രൂഫ് കോപ്പിയാണെന്നു കൂടി അറിഞ്ഞതോടെ ഞാനൊന്നു വിനീതനായി, താമസിയാതെ മൂപ്പരുടെ അന്നത്തെയാ നീല കൈനറ്റിക് ഹോണ്ടയുടെ പിന്‍സീറ്റ് എനിക്കു കൂടി അവകാശപ്പെട്ടതായി.

മറ്റൊരു മസാന്ത അവധിക്ക് വീണ്ടും കണ്ട സന്ദര്‍ഭത്തില്‍ പി.എ സെയ്തു മഹമ്മദിന്റെ ചരിത്ര പുസ്തകങ്ങള്‍ കൈവശമുണ്ടെന്നു പറഞ്ഞപ്പോഴാണ് ആദ്യമായി അഹ്‌മദക്കയുടെ വീട്ടില്‍ പോകുന്നത്. ഒരു പഴയ വീട്ടില്‍ അടുക്കും ചിട്ടയുമില്ലാതെ വലിച്ചിട്ട പുസ്തകങ്ങള്‍ക്കിടയില്‍ തിരയുമ്പോള്‍ എനിക്കൊരു ഇംഗ്ലീഷ് പുസ്തകം കൂടി ലഭിച്ചു. റൂട്ട്‌സ്. അത് മറിച്ചുനോക്കുന്ന എന്നോട് അതെടുത്തോളാന്‍ പറഞ്ഞ അഹ്‌മദ്ക്ക അതെഴുതിയ അലക്‌സ് ഹാലിയെയും അദ്ദേഹത്തിന്റെ അതിനു മുമ്പുള്ള പുസ്‌കത്തെയും പറ്റി സംസാരിച്ചു. മാല്‍കം എക്സ് എന്ന പേര് ഞാനാദ്യമായി കേട്ടു. മാല്‍കം എക്‌സിന്റെ അലക്‌സ് ഹാലി എഴുതിയ ആത്മകഥ മലയാളത്തില്‍ ഐ.പി.എ.എച്ച് പ്രസിദ്ധീകരിക്കാന്‍ പോകുന്ന കാര്യവും അഹ്‌മദ്ക്ക ആവേശത്തോടെ പറഞ്ഞു. 1997ലോ 1998ലോ ആണിതെല്ലാം സംഭവിക്കുന്നത്. 1998ല്‍ ഞങ്ങള്‍ ദാറുല്‍ ഹുദായില്‍ നിന്നും തെളിച്ചം എന്ന പേരില്‍ ഒരു മാസിക ആരംഭിച്ചു. അതിന്റെ പിന്നിലും താളിലുമെല്ലാമുള്ള ഒരാളെന്ന നിലക്ക് എന്റെ സൗഹൃദവലയ വികാസ പദ്ധതികള്‍ക്ക് അപ്പോളൊരു മേല്‍വിലാസം കൂടിയായി. 1999ല്‍ മാല്‍കം എക്‌സിന്റെ മലയാളം പതിപ്പ് പുറത്തിറങ്ങി, വിവര്‍ത്തനം എ.പി കുഞ്ഞാമു. മികവുറ്റ മലയാള വിവര്‍ത്തന മാതൃകകളില്‍ ഒന്നാണിതെന്ന് വിവരമുള്ള പലരും പറഞ്ഞിട്ടുണ്ട്. കുഞ്ഞാമുക്ക അത് നിഷേധിക്കുമെങ്കിലും..!
പതിനൊന്ന് പന്ത്രണ്ട് വയസ്സില്‍ കുട്ടിക്കാലം അവസാനിക്കുകയും ജീവിതം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യുന്ന കൗമാരത്തിലാണ് വീരാരാധനയും താരാരാധനയും നമ്മളില്‍ കലശലാകുന്ന പ്രായം. ഹോര്‍മാണ്‍ പരിണാമങ്ങളും സ്വത്വരൂപീകരണ(identity formation)വുമെല്ലാം ഈ പ്രായത്തിന്റെ പ്രത്യേകതകളാണ്. പതിനാറിലും പതിനേഴിലും നമ്മള്‍ നമ്മുടെ ഹീറോയെ മാത്രമല്ല, റോള്‍ മോഡലുകളെ തന്നെ കണ്ടെത്തും എന്നെക്കെയാണ് പല ആത്മപരിപോഷണ(self-enrichment ) കൃതികളിലും വായിച്ചിട്ടുള്ളത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്കങ്ങനെ ഒരാള്‍ ഉണ്ടായിട്ടുള്ളത് മാല്‍കം എക്‌സ് മാത്രമാണെന്നു തോന്നുന്നു. മക്കയിലേക്കുള്ള പാതയും മാല്‍കം എക്‌സുമാണ് ഞാനേറ്റവും കൂടുതല്‍ ആവര്‍ത്തിച്ചു വായിച്ച രണ്ടു പുസ്തകങ്ങള്‍. അന്നുമിന്നും ഓരോ പുതിയ കാര്യവും അറിയുമ്പോഴുള്ള കൗതുകം അല്‍പമെങ്കിലും ശമിക്കുക അതാരോടെങ്കിലും പറയുകയോ എഴുതുകയോ ചെയ്യുമ്പോഴാണെനിക്ക്. മുമ്പ് അതിനുള്ള മാര്‍ഗമായി കത്തുകളെഴുതി, ഇപ്പോള്‍ പോസ്റ്റുകളെഴുതുന്നു. മാല്‍കം എക്‌സിനെ ആദ്യമായി അറിയുന്ന കാലത്ത് കേള്‍ക്കുന്നത് ആരെന്നു നോക്കാതെ ഞാനദ്ദേഹത്തെ പറ്റി പറഞ്ഞുകൊണ്ടിരുന്നു. അതാണ് തിരുവള്ളൂരങ്ങാടിയില്‍ അനിയന്‍ മെയ്തുവിന്റെ മാല്‍കം എക്‌സ് എന്നു പേരുള്ള ഓട്ടോറിക്ഷ ഓടാന്‍ കാരണമായത്. വേറെയുമുണ്ട് എന്റെ മാല്‍കം എക്‌സ് ബാധയുടെ ദൃഷ്ടാന്തങ്ങള്‍.
അമ്മാവന്റെ മകന്‍ സഈദാണ് കുടുംബത്തില്‍ തന്നെയുള്ള എന്റെ പാര്‍ട്ണര്‍ ഇന്‍ ക്രൈം. അവന്‍ നന്നായി പാട്ടുപാടും. എന്റെ ദാറുല്‍ഹുദ സുഹൃത്തുക്കള്‍ വീട്ടിലെത്തുന്ന രാത്രികളില്‍ അവര്‍ക്കു വേണ്ടി അവന്റെ ‘കച്ചേരി’യുണ്ടാവും. ചില്ലറപ്പൈസ പ്രതിഫലമായി സ്വീകരിച്ചാണതവന്‍ നിറുത്തുക. എന്റെ വാലുമ്മക്കെട്ടി എന്ന് അമ്മായി പറയും. കരുത്തംകെട്ടവന്‍ എന്ന പേര് സമ്പാദിക്കാനുള്ള പല പരിപാടികളും അവനുണ്ടായിരുന്നു. ഒറ്റക്ക് ബസ്സിന് കല്ലെറിഞ്ഞു പ്രതിഷേധിച്ച് പിടിക്കപ്പെട്ടിട്ടുണ്ടവന്‍. അവനെപ്പോലുള്ള പൊട്ടിത്തെറികള്‍ക്ക് നല്ല മരുന്നാണ് മാല്‍കം എക്സ് എന്നത് പറയേണ്ട കാര്യമില്ല. കുരുത്തം കെട്ട കുട്ടികളാവുക എന്നതായിരുന്നു അക്കാലത്ത് എന്റെ പ്രമാണം. അവരെക്കൊണ്ടേ ഈ ലോകം അല്പമെങ്കിലും നന്നാക്കാനാവൂ എന്നാണ് വിശ്വാസം. മുമ്പൊരിക്കല്‍ കടമേരി റഹ്‌മാനിയ്യ അറബിക് കോളജില്‍ അവിടത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ എന്നെ വിളിച്ചു പ്രസംഗിപ്പിച്ചപ്പോള്‍ ഇതായിരുന്നു എന്റെ സംസാര വിഷയം. പിന്നീട് അവരെന്നെ വിളിച്ചിട്ടില്ല….!
ഒരുവട്ടം സഈദിന്റെ ഉപ്പ, എന്റെ വലിയേക്ക ബഹറൈനില്‍ നിന്നും വന്നപ്പോള്‍ അവനൊരു പുതിയ സൈക്കിള്‍ വാങ്ങിക്കൊടുത്തു. അവനതിലാണ് സ്‌കൂളില്‍ പോകാറ്. ഒരു ദിവസം സൈക്കിള്‍ കാണാതായി, ആരോ കട്ടുകൊണ്ടു പോയതാണ്. ഒരുപാട് തെരഞ്ഞുനടന്നെങ്കിലും അത് കിട്ടിയില്ല. ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞപ്പോള്‍ കണ്ടാല്‍ തന്റെതെന്നു തോന്നുന്ന ഒരു സൈക്കിള്‍ അവന്‍ അങ്ങാടിയില്‍ കണ്ടെത്തി. നിറവും രൂപവും മാറ്റി അതൊന്ന് പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. സൈക്കിളില്‍ വന്ന കുട്ടിയെ കണ്ടെത്തി സഈദ് അവകാശവാദമുന്നയിച്ചു. ആ കുട്ടി അതിശക്തമായി നിഷേധിച്ചു. അവരു തമ്മില്‍ വഴക്കായി. രണ്ടു ചെറിയ കുട്ടികളുടെ വഴക്കില്‍ അങ്ങാടിയിലെ മുതിര്‍ന്ന പൗരന്മാന്‍ ഇടപെട്ടു. സൈക്കിള്‍ പരിശോധിച്ച സഈദ് അതവന്റേതെന്ന് ഉറപ്പാക്കിക്കഴിഞ്ഞിരുന്നു. പക്ഷേ, മറ്റേ കുട്ടി അതവന്റേതെന്നു തറപ്പിച്ചുപറയുന്നു. രണ്ടു കുട്ടികളുടെയും വീട്ടുകാര്‍ വരട്ടേ, അതുവരേ സൈക്കിള്‍ പിടിച്ചുവെക്കാമെന്ന ഉപായത്തില്‍ സ്ഥലത്തെ മധ്യസ്ഥരെത്തിയപ്പോള്‍, അവരിലെ മുതിര്‍ന്ന ഒരാളോട് സഈദ് ഒരു രഹസ്യം പറഞ്ഞു. സൈക്കിളിന്റെ മഡ്ഗാഡിനടിയില്‍ ഒരു പേര് എഴുതിവച്ചിട്ടുണ്ട്. അതാണ് സൈക്കിള്‍ തന്റേതാണെന്നതിനുള്ള മായ്ക്കാനാവാത്ത തെളിവ്. ആ എഴുതിവെച്ച പേര് മൂലം അവനവന്റെ നഷ്ടപ്പെട്ട സൈക്കിള്‍ തിരികെ കിട്ടി, മാല്‍കം എക്‌സ് എന്നായിരുന്നു അത്. ഇങ്ങനെ ഒരാകര്‍ഷണവലയം തന്നെ സൃഷ്ടിച്ചിരുന്നു എന്റെ ഹീറോ..!
1965ല്‍, നാല്‍പത് വയസ്സാവും മുമ്പേ വധിക്കപ്പെട്ട മാല്‍കം ഇന്നും ജീവിക്കുന്നു. ഒരു മുസ്ലിമിന് പ്രസ്തുത ജീവിതം വിവേചനത്തിനെതിരായ പോരാട്ടത്തിന്റെയും സ്വയം വിമോചനത്തിന്റെയും മാതൃകയാണ്. അറിവിന്റെ ശക്തിയും, സത്യത്തിന്റെ പാതയും, മനുഷ്യന്റെ അന്തസ്സിന്റെ പ്രാധാന്യവും അദ്ദേഹം പഠിപ്പിച്ചു. മാല്‍കമില്‍ വ്യക്തി ഒരാശയമായി മരണാന്തരവും വിലസുന്നത് കാണാം. സ്വന്തം ശബ്ദം നഷ്ടപ്പെടുത്തരുത്, സ്വന്തം അന്തസ്സിനെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്ന് തിരയടിക്കുന്നുണ്ടതെപ്പോഴും.






